Tuesday, April 16, 2013

വിളക്കണച്ച് കുടുംബപ്രാര്‍ത്ഥന; ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ആയത്തുപടി ബദല്‍


പെരുമ്പാവൂര്‍: എല്ലാ വിളക്കുകളും അണച്ച് അരമണിക്കൂര്‍ നീളുന്ന കുടുംബ പ്രാര്‍ത്ഥന. വൈദ്യുതി പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന സംസ്ഥാനത്തിന് ആയത്തുപടി നിത്യസഹായ മാതാ പള്ളിവക ബദല്‍. 
ഇടവകയിലെ ഇരുപത്തിമൂന്ന് കുടുംബ യൂണിറ്റുകളിലെ ആയിരത്തോളം കുടുംബങ്ങളും മറ്റ് സ്ഥാപനങ്ങളുമാണ് ഇന്നലെ മുതല്‍ സ്വയം പ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയത്. ഇടവക വികാരി ഫാ. ജോണ്‍ പൈനുങ്കലിന്റേയും സഹ വികാരി ഫാ. സെബാസ്റ്റ്യന്‍ തോട്ടപ്പള്ളിയുടേയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍, ഫാമിലി യൂണിറ്റ്, ഇടവക സംഘടനകള്‍ എന്നിവയുടെ സംയുക്തയോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 
രാത്രി എട്ടിനും എട്ടരയ്ക്കും ഇടയിലുള്ള അരമണിക്കൂറില്‍ വിളക്കുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഓഫാക്കി കുടുംബ പ്രാര്‍ത്ഥന ചൊല്ലാനാണ് തീരുമാനം. ഇതിനൊപ്പം നാടിന് വേണ്ടിയും മഴ പെയ്യാന്‍ കൂടി പ്രാര്‍ത്ഥിയ്ക്കും. ഇന്‍വെര്‍ട്ടറുള്ള വീടുകളില്‍ അതും ഓഫു ചെയ്യണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. 
ഈ പദ്ധതിയ്ക്ക് മുന്നോടിയായി എല്ലാ കുടുംബ യൂണിറ്റുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ഒരുമാസം നീണ്ടുനിന്ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ വാഹന പ്രചരണ ജാഥകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രചരണ പരിപാടികളും ഉണ്ട്. 
ഇന്ന് ലൈറ്റ് അണച്ച് നാളേയ്ക്ക് വെട്ടം കരുതാം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ഈ യജ്ഞം മറ്റ് ഇടവകകള്‍ കൂടി ഏറ്റെടുക്കുമെന്നാണ് നിത്യ സഹായ മാതാ പള്ളി അധികൃതരുടെ പ്രതീക്ഷ.

മംഗളം 16.04.2013 

No comments: