Showing posts with label വിനോദസഞ്ചാരം. Show all posts
Showing posts with label വിനോദസഞ്ചാരം. Show all posts

Thursday, June 4, 2015

മരത്തിന്റെ തല മുറിച്ചു; ശില്‍പത്തിന്റെ തല പോയി

പെരുമ്പാവൂര്‍: കേരള ലളിത കലാ അക്കാദമി കലാഗ്രാമമായിരുന്ന ഇരിങ്ങോള്‍ നാഗഞ്ചേരി മനയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ശില്‍പം മരം വീണ് തകര്‍ന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നഗരസഭയും ചേര്‍ന്ന് ഒരുക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോഴാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പം തകര്‍ന്നത്. മരം വീണ് ശില്‍പത്തിന്റെ തലയറ്റു. ഉടല്‍ തകരുകയും ചെയ്തു. ശില്‍പം ഇപ്പോള്‍ കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
കോട്ടയം സ്വദേശി പി.എസ് ശെല്‍വരാജ് നിര്‍മ്മിച്ച ഡിസ്‌ക്ലോസ് സെല്‍ഫ് എന്ന പേരിലുള്ള ശില്‍പമാണ് ശ്രദ്ധക്കുറവുകൊണ്ട് തകര്‍ന്നു വീണത്. ഇതിന് ഇരുപതു വര്‍ഷം പഴക്കമുണ്ട്. 1995 ല്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദേശീയ ശില്‍പകലാ ശിബിരത്തിലാണ് ഈ ശില്‍പത്തിന്റെ നിര്‍മ്മാണം. ഇറ്റാലിയന്‍ ശില്‍പികളായ പൗലോ ലെനിയാഗി, ഇന്ത്യയിലെ പ്രശസ്ത ശില്‍പികളായ റിംസണ്‍, അശോകന്‍ പൊതുവാള്‍, പി.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ക്യാമ്പ് ആയിരുന്നു അത്.
പിന്നീട് കലാഗ്രാമം പദ്ധതിയില്‍ നിന്ന് ലളിത കലാ അക്കാദമി പിന്‍മാറി. നാഗഞ്ചേരി മനയും പരിസരവും നഗരസഭ ഏറ്റെടുത്തു. കലാഗ്രാമത്തില്‍ തീര്‍ത്ത ശില്‍പ പാര്‍ക്കിലെ കലാസൃഷ്ടികള്‍ വര്‍ഷങ്ങളോളം അനാഥമായി കിടന്നു.
ഈ ശില്‍പങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി, ഒരു കോടി രൂപയോളം മുടക്കി ടൂറിസം സ്‌പോട്ട് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പ്രവേശനകവാടത്തിലെ ശില്‍പത്തിന്റെ തകര്‍ച്ച.

മംഗളം 4.06.2015

Sunday, May 24, 2015

കോടനാട് ആനക്കളരിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റേഞ്ച് ഓഫീസറെ ഉപരോധിച്ചു

പെരുമ്പാവൂര്‍: കോടനാട് ആന പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഉപരോധിച്ചു.
പ്രതിദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ആന പരിശീലന കേന്ദ്രത്തില്‍ സുരക്ഷിതമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക, കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുക, ആന പരിശീലിപ്പിക്കുന്നത് കാണാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈമോള്‍ ഷൈജന്‍, സാബു പാത്തിക്കല്‍, ദേവച്ചന്‍ പടയാട്ടില്‍, ജോഷി സി പോള്‍, ബാബു വറുഗീസ്, അനില്‍ ജോസ്, എന്‍.ബി പ്രദീപ്, സുന്ദരന്‍ ചെട്ടിയാര്‍, ഷൈന്‍ സേവ്യര്‍, തോമസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.

മംഗളം 24.05.2015

Wednesday, March 19, 2014

പാണിയേലി പോര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി

പെരുമ്പാവൂര്‍: രണ്ടു കോളജ് വിദ്യാര്‍ത്ഥികളുടെ ജീവഹാനിയെ തുടര്‍ന്ന് അടച്ച പാണിയേലി പോര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. 
കഴിഞ്ഞ പതിമൂന്നിന് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടു ബിരുദ വിദ്യാര്‍ത്ഥികളാണ് പെരിയാറ്റിലെ പോരില്‍ കാല്‍വഴുതി വീണ് മരിച്ചത്. അതേ തുടര്‍ന്ന്, പെരിയാറിന്റെ വന്യസൗന്ദര്യമുള്ള ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകര്‍ക്ക് മലയാറ്റൂര്‍ ഡി.എഫ്.ഒ സുനില്‍ പാമിടി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
പുറമെ നിന്ന് നോക്കിയാല്‍ ആഴം തോന്നാത്ത പാണിയേലി പോരില്‍ ഇതിനോടകം 93 പേര്‍ മരിച്ചിട്ടുണ്ട്. കുളിക്കാനിറങ്ങുകയോ പുഴയില്‍ അറിയാതെ വീഴുകയോ ചെയ്താല്‍ ചുഴിയിലോ പാറയിടുക്കിലോ കുടുങ്ങിയാണ് ഇവിടെ മരണം സംഭവിക്കുന്നത്.
എന്നാല്‍, 2006 ല്‍ വനസംരക്ഷണ സമിതി രൂപീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു.  സമിതി രൂപീകരണത്തിന് ശേഷം എട്ടു വര്‍ഷത്തിനിടയില്‍ നാലുമരണങ്ങള്‍ മാത്രമാണ് നടന്നത്. സാജുപോള്‍ എം.എല്‍.എയുടെ ശ്രമഫലമായി പോരില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ചവര്‍ക്ക് മാത്രമാണ് പിന്നീട് ഇവിടെ മരണം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ഉള്‍പ്പടെയുള്ള ജന പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. വനം വകുപ്പ് മന്ത്രിയുമായി ഇവര്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന്, ഇന്നലെ വനംവകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
സന്ദര്‍ശന സമയം വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തുക, അതിനു ശേഷവും തങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, സന്ദര്‍ശകര്‍ മദ്യം കൊണ്ടുവരുന്നത് കര്‍ശനമായി തടയുക, പോലീസിന്റേയും വനപാലകരുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്തുക, കൂടുതല്‍ ഗാര്‍ഡുമാരെ നിയമിക്കുക, ജനപ്രതിനിധികള്‍ മിന്നല്‍ പരിശോധന നടത്തുക തുടങ്ങിയ തീരുമാനങ്ങളും ഇന്നലെ ചേര്‍ന്ന യോഗം കൈക്കൊണ്ടു.
ചര്‍ച്ചയില്‍ സാജുപോള്‍ എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി വാസു, ജനപ്രതിനിധികളായ റോയി വറുഗീസ്, ജെസി പൗലോസ്, ഫെമി എല്‍ദോസ്, എം.എം ബിനു, വത്സ ദിവാകരന്‍, പി.പി കോരക്കുഞ്ഞ്, ബൈജു പോള്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പെരുമ്പാവൂര്‍ എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പി ഇ ഷൈബു, വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി മാനാങ്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 19.03.2014

Tuesday, March 18, 2014

പാണിയേലി പോരില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; മരണം തൊണ്ണൂറ്റിമൂന്നായി

പെരുമ്പാവൂര്‍: തൊണ്ണൂറ്റി മൂന്നു പേരുടെ ജീവന്‍ കവര്‍ന്ന പാണിയേലി പോരില്‍ ഇനി സന്ദര്‍ശകര്‍ക്ക് വിലക്ക്. കോളജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് ഇന്നലെയുണ്ടായ ജീവഹാനിയെ തുടര്‍ന്നാണ് ഇത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.
അതേസമയം, പെരിയാറിന്റെ സൗന്ദര്യം ഏറെയുള്ള പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം തടയുന്നത് ശരിയല്ലെന്നും പകരം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി അപകടങ്ങള്‍ തടയുകയാണ് വേണ്ടെതെന്നും സ്ഥലവാസിയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ റെജി ഇട്ടൂപ്പ് മംഗളത്തോട് പറഞ്ഞു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിബന്ധനകള്‍ മറികടന്ന് പെരിയാറിന്റെ മായിക സൗന്ദര്യത്തിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ മുങ്ങി മരിച്ചത്. പുറമെ നിന്ന് നോക്കുമ്പോള്‍ ശാന്തമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴമുള്ള ചുഴികളും പാറയിടുക്കുകളുമാണ് പോരില്‍ അപകടം വരുത്തിവയ്ക്കുന്നത്. പുഴ പരിചയമുള്ള പ്രദേശവാസികള്‍ക്ക് പോലും ഇവിടെ വീണാല്‍ തിരിച്ചുകയറാന്‍ സാദ്ധ്യമല്ല.
ദൂരെ നിന്ന് എത്തുന്നവര്‍ പുഴയില്‍ ഇറങ്ങുന്നതും മരണം സംഭവിക്കുന്നതും ഇവിടെ പതിവായിരുന്നു. 2006-ലാണ് ഇവിടെ വനസംരക്ഷണ സമിതി രൂപീകരിക്കുന്നത്. അതേ തുടര്‍ന്ന് പുഴയോരത്ത് മുന്നറിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. വനസംരക്ഷണ സമിതി പ്രവര്‍ത്തകരായ ഗൈഡുകള്‍ വിനോദയാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവിടുണ്ടാകും. മദ്യപിച്ച് പുഴയില്‍ ഇറങ്ങാന്‍ ആരേയും അനുവദിക്കില്ല. അപകടമേഖലയിലേക്ക് ആരും പോകാതെ ശ്രദ്ധിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥലം എം.എല്‍എയും പ്രദേശവാസിയുമായ സാജുപോളും പ്രത്യേക താത്പര്യമെടുത്തിരുന്നു.
അതുകൊണ്ടു തന്നെ പാണിയേലി പോരിലെ അപകടമരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി വനസംരക്ഷണ സമിതി പ്രസിഡന്റ് എം.ജി ബെന്നി പറയുന്നു. 2006 വരെ ഇവിടെ 89 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, വനസംരക്ഷണ സമിതിയുടെ വരവോടെ മരണനിരക്ക് താണു. 2011-ലും 2013-ലുമാണ് ഇതിനു മുമ്പ് ഇവിടെ മരണം നടന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്, കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടന്നതിനാലാണ് ഇന്നലെയുണ്ടായ അപകടമെന്നും ബെന്നി പറയുന്നു.

മംഗളം 14.03.2014

Thursday, February 27, 2014

നാഗഞ്ചേരി വിനോദ സഞ്ചാര പദ്ധതി നിര്‍മ്മാണം തുടങ്ങി

പെരുമ്പാവൂര്‍: പട്ടണത്തിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷ വഹിച്ചു. 
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌കരന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി പ്രകാശ്, കെ.ഇ.എല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് മത്തായി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ. ഹരി, ആബിദ  പരീത്, ഷാജി സലീം, ഷൈല ഷറഫ്, കൗണ്‍സിലര്‍മാരായ ജി. സുനില്‍കുമാര്‍, ഷീല സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 27.02.2014

Tuesday, February 25, 2014

ഇരിങ്ങോള്‍ നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ഇന്ന്

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതി ഇന്ന് വൈകിട്ട് 5 ന് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ ഡോ. കെ.എ ഭാസ്‌കരന്‍, ടി.പി ഹസ്സന്‍, അഡ്വ. എന്‍.സി മോഹനന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഖാദര്‍, ലോട്ടറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിബു ജോണ്‍ ജേക്കബ്, കെ. ഹരി, ആബിദ പരീത്, ഷാജി സലീം, ഷൈല ഷറഫ്, ഡി.ടി.പി.സി സെക്രട്ടറി ബി രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, ഷീല സതീശന്‍, ഓമന സുബ്രഹ്മണ്യന്‍, കെ.ഇ.എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ഷംസുദ്ദീന്‍, ഇരിങ്ങോള്‍ക്കാവ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.പി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിക്കും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം സ്വാഗതവും സെക്രട്ടറി അരുണ്‍ രംഗന്‍ നന്ദിയും പറയും.
തുടര്‍ന്ന് വൈകിട്ട് 6 ന് ഇടക്കൊച്ചി സലീംകൂമാറും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഉണ്ടാകും.
ഇരിങ്ങോള്‍ കാവിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാഗഞ്ചേരി മനയും പരിസരവും വികസിപ്പിച്ച് കുട്ടികളുടെ പാര്‍ക്ക് ഷട്ടില്‍/വോളിബോള്‍ കോര്‍ട്ടുകള്‍, നീന്തല്‍കുളം, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതാണ് പദ്ധതി.

മംഗളം 25.02.2014

Monday, November 11, 2013

കോടനാട് ആനക്കളരിയില്‍ ഒരു ആനക്കുട്ടി കൂടി രോഗാവസ്ഥയില്‍

പെരുമ്പാവൂര്‍: നിരവധി ആനക്കുട്ടികളുടെ മരണത്തിന് സാക്ഷ്യം വഹിച്ച കോടനാട് ആനക്കളരിയില്‍ വീണ്ടും ഒരു ആനക്കുട്ടി കൂടി രോഗാവസ്ഥയില്‍. ഇതിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഒമ്പതു വയസ്സു പ്രായമുള്ള അഞ്ജനയെന്ന ആനക്കുട്ടിയ്ക്കാണ് രോഗബാധ. എരട്ടകെട്ട് അഥവ പിണ്ഡക്കെട്ട് എന്ന രോഗം ബാധിച്ചിട്ട് ഇതിനോടകം ഒരാഴ്ച പിന്നിട്ടു .രോഗത്തിന് ശമനമില്ല.
2007 ല്‍ വേട്ടാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നാണ് അഞ്ജനയെ വനം വകുപ്പിന് ലഭിക്കുന്നത്. അന്ന് ഒന്നര വയസ്സായിരുന്നു പ്രായം.
ഒരു കാലത്ത് 22 ആനകള്‍ വരെയുണ്ടായിരുന്ന കോടനാട് ഇതിനോടകം എട്ട് ആനക്കുട്ടികള്‍ ചരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്നത് സുനിത, ആശ, പാര്‍വ്വതി, അഞ്ജന എന്നി പിടിയാനകളും ഹരിപ്രസാദ്, നീലകണ്ഠന്‍ എന്നി കൊമ്പനാനകളുമാണ്. ഇതില്‍ അഞ്ജനയ്ക്കാണ് ഇപ്പോള്‍ രോഗബാധ.

മംഗളം 11.10.2013




Wednesday, August 7, 2013

മുളങ്കുഴി-ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

പെരുമ്പാവൂര്‍: പെരിയാറിന് കുറുകെ വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി- ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. 
ഒന്നര വര്‍ഷം മുമ്പ് 48 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലം ആര്‍ക്കും ഉപകാരപ്പെടാതെ ലക്ഷങ്ങള്‍ പാഴായതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രി ബിനോയ് വിശ്വമാണ് മുളങ്കുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് തൂക്കുപാലവും പാണംകുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് റോപ് വേയും അനുവദിച്ചത്. ഇവിടെ വികസിയ്ക്കാന്‍ സാദ്ധ്യതയുള്ള ടൂറിസം സാദ്ധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു ഇത്.
പെരിയാറിലെ കയറ്റുവായില്‍ പുഴ തിരിയുന്ന ഭാഗത്തുള്ള തുരുത്താണ് ബകന്‍പുരം. ഒട്ടേറെ  ഐതീഹ്യങ്ങളുള്ള ഇവിടെ ഒരു  ശിവലിംഗ പ്രതിഷ്ഠയുണ്ട്. വിശ്വാസികള്‍ ഇതിനു മുന്നില്‍ വിളക്കുവയ്ക്കുന്നതും വഴിപാട് സമര്‍പ്പിയ്ക്കുന്നതും പതിവാണ്. ഏക്കറുകള്‍ വിസ്തൃതിയുള്ള ബകന്‍പുരം ഏറെ സാദ്ധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാകുമെന്നായിരുന്നു വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. 
അതുകൊണ്ടുതന്നെ തൂക്കുപാലത്തിന്റെ നിര്‍മ്മാണം മിന്നല്‍ വേഗതയിലാണ് നടന്നത്. ഒരു മീറ്റര്‍ വീതിയില്‍ എണ്‍പതു മീറ്റര്‍ നീളത്തിലായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, റോപ് വേ യാഥാര്‍ത്ഥ്യമായില്ല. തൂക്കുപാലമാകട്ടെ,  ഉദ്ഘാടനം കഴിയാത്തതിനാല്‍ ഒന്നരവര്‍ഷത്തോളമായിട്ടും തുറന്നു കൊടുത്തിരുന്നുമില്ല. അതിനിടയിലാണ് പാലം തകര്‍ന്നത്. ചുരുക്കത്തില്‍ സംഭവിച്ചത് ലക്ഷങ്ങളുടെ അഴിമതി മാത്രം. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരിസരവാസികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മംഗളം 7.04.2013

Sunday, July 28, 2013

ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ 98 ലക്ഷത്തിന്റെ ടൂറിസം പദ്ധതി

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നാഗഞ്ചേരി മനയോടനുബന്ധിച്ച് 98 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതിയായി.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ താത്പര്യ പ്രകാരം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസം മന്ത്രി എ.പി അനില്‍ കുമാറാണ് അറിയച്ചത്.
പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, ഷട്ടില്‍-വോളിബോള്‍ കോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം പറഞ്ഞു. ആറുമാസം കൊണ്ട് പണി പൂര്‍ത്തികരിയ്ക്കാനാണ് ഉദ്ദേശ്ശിയ്ക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഇരിങ്ങോള്‍ നാഗഞ്ചേരി മനയും പരിസരവും മുമ്പ് നഗരസഭ കേരള ലളിത കലാ അക്കാദമിയ്ക്ക് വിട്ടുകൊടുത്തിരുന്നു. അക്കാദമി ഇവിടെ കലാഗ്രാമം സ്ഥാപിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
കലാകാരന്‍മാര്‍ക്ക് വനത്തിന്റെ അന്തരീക്ഷത്തില്‍ സൃഷ്ടി നടത്താനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ഇതിന് വേണ്ടി ദേശീയ അന്തര്‍ദേശീയ ചിത്രകാരന്‍മാരേയും ശില്‍പികളേയും പങ്കെടുപ്പിച്ച് ഇവിടെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രശസ്തരായ കലാകാരന്‍മാര്‍ ഇവിടെ താമസിച്ച് നിര്‍മ്മിച്ച ശില്പങ്ങളും മറ്റു കലാരൂപങ്ങളും പിന്നീട് കാടുകയറി നശിച്ചു.
ഇതേതുടര്‍ന്നാണ് നാഗഞ്ചേരി മന വീണ്ടും നഗരസഭ തിരിച്ചുപിടിയ്ക്കുന്നത്. സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുടങ്ങിയ പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇരിങ്ങോളില്‍  വികസനം പ്രതീക്ഷിച്ചെങ്കിലും അതും വേണ്ട മട്ടില്‍ സഫലമായില്ല. 
ഈ സാഹചര്യത്തിലാണ് നാഗഞ്ചേരി മന വികസനത്തിന് വീണ്ടും തുക അനുവദിച്ചിരിയ്ക്കുന്നത്. പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയില്‍ വലിയ പ്രാധാന്യമുള്ള ഇടങ്ങളാണ് ഇരിങ്ങോള്‍ കാവും നാഗഞ്ചേരി മനയും.
മംഗളം 28.7.2013

Friday, July 26, 2013

കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് കോടനാട്ടെ ആനകളെ മാറ്റാന്‍ നീക്കം

കോടനാട് റേഞ്ച് ഓഫീസില്‍ കുത്തിയിരുപ്പ് സമരം


പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയിലെ ആനകളെ കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം. ഇതിനു പുറമെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിട്ടുമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിലാണ് കോടനാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരുപ്പ് സമരം നടന്നത്. പതിനേഴു വയസ്സുള്ള നീലകണ്ഠന്‍, ഒമ്പതുവയസുകാരി ആശ എന്നി ആനകളെയാണ് കോട്ടൂരിലേയ്ക്ക് മാറ്റുന്നത്. 125 വര്‍ഷം പഴക്കമുള്ള കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നതാണ് വനം വകുപ്പിന്റെ ന്യായീകരണം.
അഞ്ചു കിലോമീറ്റര്‍ ദൂരം പെരിയാര്‍ തീരവും 250 ഏക്കര്‍ സര്‍ക്കാര്‍ വനവും ഉള്ള കോടനാട് അഭയാരണ്യം പദ്ധതി അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ആനകളെ കോട്ടൂര്‍ക്ക് മാറ്റുന്നതെന്ന് ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം എം.പി പ്രകാശ് മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു. ആനകളുടെ പ്രജനനത്തിന് കേരളത്തില്‍ കോട്ടൂരു മാത്രമേ സൗകര്യമുള്ളുവെന്ന വനം വകുപ്പിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ കോടനാട് നിരവധി ആനക്കുട്ടികള്‍ക്കും മാനുകള്‍ ഉള്‍പ്പടെയുള്ള മറ്റു മൃഗങ്ങള്‍ക്കും ജീവഹാനിയുണ്ടായിട്ടും ഇവിടേയ്ക്ക് സ്ഥിരം ഡോക്ടറെ നിയമിയ്ക്കാനും വനം വകുപ്പ് തയ്യാറായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി പരിഗണിയ്ക്കപ്പെടാന്‍ ഇടയുള്ള അഭയാരണ്യത്തിന്റെ സാദ്ധ്യതകള്‍ക്ക് നേരെ വനം വകുപ്പ് അവഗണന പുലര്‍ത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പരാതിയിലുണ്ട്.
റേഞ്ച് ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരുപ്പ് സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മനോജ് മൂത്തേടന്‍, ബേബി തോപ്പിലാന്‍, ആന്റു ഉതുപ്പാന്‍, ജോഷി സി പോള്‍, ദേവച്ചന്‍ പടയാട്ടില്‍, സി.ജെ റാഫേല്‍, സുന്ദരന്‍ ചെട്ടിയാര്‍, എല്‍ദോസ് നടയ്ക്കല്‍ എന്നിവരും പങ്കെടുത്തിരുന്നു.

മംഗളം 26.07.2013



Wednesday, July 17, 2013

ഇത് കുട്ടിയാനകളുടെ'മരണ'ക്കളരി

സുരേഷ് കീഴില്ലം


പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ അണുബാധയെ തുടര്‍ന്ന് രണ്ട് ആനക്കുട്ടികള്‍ ചരിഞ്ഞ സംഭവത്തില്‍ അധികൃതര്‍ക്ക് മൗനം. കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 9 ആനക്കുട്ടികള്‍ക്കാണ് ഇവിടെ ജീവഹാനി ഉണ്ടായത്. 
ഇക്കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് ആനക്കുട്ടികള്‍ ഇവിടെ ചരിഞ്ഞു. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉരുളന്‍തണ്ണിയില്‍ നിന്നു കൊണ്ടുവന്ന മഹാദേവന്‍ എന്ന ഒരു വയസുകാരന്‍ കുട്ടിക്കൊമ്പനും നിലമ്പൂരില്‍ നിന്നു കൊണ്ടുവന്ന രണ്ടേകാല്‍ വയസുകാരി ഗംഗയുമാണ് ചരിഞ്ഞത്. 
ഗുരുതരമായ പരിക്കുകളോടെ കൊണ്ടുവന്ന മഹാദേവന്‍ വന്നകാലം മുതല്‍ ചികിത്സയിലായിരുന്നു. ആനക്കുട്ടി കൂടുതല്‍ അവശതയിലേയ്ക്ക് നീങ്ങുമ്പോഴും വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതില്‍ വനം വകുപ്പ് പുലര്‍ത്തിയത് കടുത്ത അലംഭാവമാണ്. ആരോഗ്യവതിയായിരുന്ന ഗംഗയുടെ ജീവന്‍ അപകടപ്പെടുത്തിയതും കൂടുതല്‍ ഗുരുതരമായ വീഴ്ചയാണ്. ആന കൊട്ടിലിലെ  ഇളകിയ പലകകള്‍ക്കിടയില്‍ കുരുങ്ങിയാണ് ഈ ആനക്കുട്ടിയുടെ കാല്‍ ഒടിയുന്നത്. കാലില്‍ ഇട്ട പ്ലാസ്റ്റര്‍ വെട്ടിയപ്പോഴാണ് നിയന്ത്രാണാതീതമായി പഴുപ്പ് ബാധിച്ചത് ശ്രദ്ധയില്‍ പെട്ടത്. അണുബാധ മൂലം ഗംഗയും ഈ ലോകം വിട്ടു.
നാലു വയസുകാരി പാര്‍വ്വതി 2000 ത്തില്‍ ചരിഞ്ഞതോടെയാണ് ഇവിടെ ആനക്കുട്ടികളുടെ ജീവഹാനി തുടര്‍ക്കഥയാവുന്നത്. 2005 ല്‍ എക്കോ എന്നു പേരുള്ള നാലര വയസുകാരി ചരിഞ്ഞു. തൊട്ടടുത്ത വര്‍ഷം 6 വയസുകാരിയായ മീനുവിനെത്തേടിയാണ് മൃത്യു എത്തിയത്. 2008 ല്‍ രണ്ടര വയസുകാരി ഭാരതിക്കായിരുന്നു ജീവഹാനി. 2010 ല്‍ രണ്ടുവയസുകാരന്‍ നിരഞ്ജനും തൊട്ടടുത്ത ദിവസം 6 മാസം മാത്രം പ്രായമുണ്ടായിരുന്ന അശ്വതിയും ചരിഞ്ഞു. ഭാരതിയും നിരഞ്ജനും അശ്വതിയും വൈറസ് ബാധയെതുടര്‍ന്നാണ് മരിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
നാല് മാസം മുമ്പ് ആലപ്പെട്ടി കൃഷ്ണന്‍ അനുബാധയെ തുടര്‍ന്ന് ചരിഞ്ഞു. ഇപ്പോള്‍ മഹാദേവന്റേയും ഗംഗയുടേയും മരണകാരണം അണുബാധയെന്നാണ് പ്രാഥമിക നിഗമനം.
കാട്ടില്‍ വച്ച് തന്നെ അണുബാധ ഉണ്ടായ കുട്ടിയാനകളെ ചികിത്സിച്ച് രക്ഷിക്കാന്‍ എളുപ്പമല്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാലും എവിടെനിന്ന് ലഭിക്കുന്ന ആനക്കുട്ടികളേയും കോടനാട്ടേയ്ക്ക് തന്നെയാണ് അയക്കുന്നത്. ഇവിടെയാകട്ടെ യഥാസമയം ചികിത്സ നല്‍കാന്‍ സ്ഥിരമായ ഡോക്ടര്‍മാര്‍ പോലും ഇല്ല. ആനകളെ പരിപാലിക്കാന്‍ പ്രാഗത്ഭ്യമള്ള പാപ്പന്മാരും ഇപ്പോള്‍ കോടനാട് കുറവാണ്. അസുഖബാധിതരായ ആനക്കുട്ടികളെ അടക്കം വളര്‍ത്തുന്നത് അത്യന്തം വൃത്തിഹീനമായ ചുറ്റുപാടിലാണ്. 
1940 മുതലാണ് വാരിക്കുഴിയില്‍ വീഴുന്ന കുട്ടിയാനകളെ കോടനാട് എത്തിച്ച് പരിശീലിപ്പിച്ച് തുടങ്ങിയത്. ആ നിലക്ക് കേരളത്തിനകത്തും പുറത്തും കോടനാടിനുള്ള പേരും പെരുമയും വലുതാണ്. എന്നാല്‍ അങ്ങേയറ്റം അവഗണനയിലാണ് ഇപ്പോള്‍ ഈ ആനക്കളരി. അതുകൊണ്ടുതന്നെയാണ് പ്രശസ്തമായ ആന പരിപാലന കേന്ദ്രം ഇപ്പോള്‍ ആനകളുടെ ശവപ്പറമ്പായി മാറുന്നത്.

മംഗളം 17.07.2013

Tuesday, July 16, 2013

മഹാദേവനു പിന്നാലെ ഗംഗയും പോയി


കോടനാട് വീണ്ടും ഒരു ആനക്കുട്ടി കൂടി ചെരിഞ്ഞു

പെരുമ്പാവൂര്‍: മഹാദേവനെന്ന കുട്ടിക്കൊമ്പനു തൊട്ടുപിന്നാലെ ഒരു ആനക്കുട്ടി കൂടി കോടനാട് ആനക്കളരിയില്‍ ചെരിഞ്ഞു.
കാലിന് ഒടിവേറ്റ് ചികിത്സയിലായിരുന്ന രണ്ടേകാല്‍ വയസുകാരി ഗംഗയാണ് ഇന്നലെ വൈകുന്നേരത്തോടെ ചെരിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന ഗംഗയുടെ കാല്‍ ഒടിഞ്ഞത് കഴിഞ്ഞ മെയ് 29 നാണ്. ആനക്കൊട്ടിലിലെ പലകകള്‍ക്കിടയില്‍ കുരുങ്ങിയായിരുന്നു ഇത്.
വനം വകുപ്പ് ഡോക്ടര്‍മാരായ ഡോ.പ്രൊഫ.മുരളീധരന്‍, തൃശൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ.രാജീവ്, കോടനാട് ഫോറസ്റ്റ് വെറ്റിനറി ഡോ. ശശീന്ദ്രദേവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഗംഗയ്ക്ക് ചികിത്സകള്‍ നല്‍കിയിരുന്നതായി ഫോറസ്റ്റ് ഡി.എഫ്.ഒ ബി.എന്‍ നാഗരാജന്‍ പറയുന്നു. ഒടിഞ്ഞ കാലിന്റെ എക്‌സ്‌റേ എടുത്ത ശേഷം പ്ലാസ്റ്റര്‍ ഇട്ടിരിയ്ക്കുകയായിരുന്നു. ഇന്നലെ പ്ലാസ്റ്റര്‍ വെട്ടിയപ്പോഴാണ് കാലില്‍ കടുത്ത പഴുപ്പ് ബാധിച്ചത് ശ്രദ്ധയില്‍ പെട്ടത്.
ആനക്കൊട്ടിലില്‍ ആളുകളുടെ ശ്രദ്ധയില്‍ പെടാതെ പച്ച വലയിട്ട് മറച്ചാണ് ഗംഗയെ പാര്‍പ്പിച്ചിരുന്നത്. ഇതിനു പുറമെ ചാക്കിട്ട് ഈ ആനക്കുട്ടിയെ മൂട്ടിപുതപ്പിച്ചിട്ടുമുണ്ടായിരുന്നു.
കുട്ടമ്പുഴ റേഞ്ചിലെ ഉരുളന്‍ തണ്ണിയില്‍ നിന്ന് കൊണ്ടുവന്ന ഒരു വയസുകാരനായ മഹാദേവന്‍ എന്ന കുട്ടിയാന കഴിഞ്ഞ ശനിയാഴ്ചയാണ് ഇവിടെ ചെരിഞ്ഞത്. കൂട്ടം തെറ്റി കിണറ്റില്‍ വീണുപോയ മഹാദേവനെ ഏപ്രില്‍ എട്ടിനാണ് കോടനാട് എത്തിച്ചത്. നടുവിനും മറ്റും സാരമായി പരുക്കേറ്റ മഹാദേവന്‍ അന്നുതൊട്ടേ ചികിത്സയിലായിരുന്നു. അണുബാധയായിരുന്നു മഹാദേവന്റെ മരണ കാരണം.


മംഗളം 16.07.2013




Monday, July 15, 2013

കുട്ടി മാഹാദേവന്‍ ഇനി ഓര്‍മ്മ

പെരുമ്പാവൂര്‍: കിണറ്റില്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കോടനാട് ആനക്കളരിയില്‍ ചികിത്സയിലായിരുന്ന ആനക്കുട്ടി ചെരിഞ്ഞു.
മഹാദേവന്‍ എന്ന പേരിലുള്ള ഒരു വയസ്സുകാരന്‍ ആനക്കുട്ടിയാണ് ഒടുവില്‍ വിധിയ്ക്ക് കീഴടങ്ങിയത്. ഇന്നലെ രാവിലെ പത്തിനായിരുന്നു അന്ത്യം. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ഇതിനെ സംസ്‌കരിയ്ക്കും. 
കഴിഞ്ഞ ഏപ്രില്‍ എട്ടിന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചില്‍പെട്ട ഉരുളന്‍തണ്ണിയില്‍ നിന്നാണ് ഈ ആനക്കുട്ടിയെ കൊണ്ടുവന്നത്. കൂട്ടംതെറ്റി കിണറ്റില്‍ വീണ ഇതിന്റെ നടുവിന് സാരമായി പരുക്കേല്‍ക്കുകയും കാല്‍ ഒടിയുകയും ചെയ്തിരുന്നു. അവശനിലയില്‍ എത്തിയ ആനക്കുട്ടിയ്ക്ക് കോടനാട് ഡി.എഫ്.ഒ നാഗരാജനാണ് മഹാദേവന്‍ എന്ന പേരിട്ടത്. 
അന്നുതൊട്ട് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ശശീന്ദ്രദേവിന്റെ ചികിത്സയിലായിരുന്നു മഹാദേവന്‍. കുറച്ചുദിവസങ്ങളായി ഇത് മരുന്നുകളോട് പ്രതികരിയ്ക്കാതെയായിരുന്നു.
മരിച്ച മഹാദേവന് പുറമെ കോടനാട് ആനക്കളരിയില്‍ ഇപ്പോള്‍ ഏഴ് ആനകളാണ് ഉള്ളത്. നിയമാനുസൃതമായ പേപ്പറുകള്‍ ഇല്ലാത്തതിനാല്‍ റിമാന്റില്‍ കൊണ്ടുവന്ന ഹരിപ്രസാദും ആനക്കളരിയുടെ പലകയ്ക്ക് ഇടയില്‍  കുരുങ്ങി കാല്‍ ഒടിഞ്ഞ ഗംഗ എന്ന ആന കുട്ടിയും ഇതില്‍പെടും. ഗംഗയുടെ കാല്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍. സുനിത, നീലകണ്ഠന്‍, ആശ, പാര്‍വ്വതി, അഞ്ജന എന്നിവയാണ് മറ്റ് ആനകള്‍.
അതിനിടെ ആനക്കുട്ടിയുടെ മരണം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. മാധ്യമ പ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്താന്‍ ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. സാജുപോള്‍ എം.എല്‍.എ ഇടപെട്ട ശേഷമാണ് ആനക്കുട്ടിയുടെ ജഡം കാണാനും ചിത്രമെടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചത്.

മംഗളം 14.07.2013

Saturday, September 15, 2012

ഒക്കല്‍ തുരുത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം


പെരുമ്പാവൂര്‍: വന്‍ടൂറിസം പദ്ധതി നടപ്പാക്കാനിരിക്കെ ഒക്കല്‍ തുരുത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം. പുഴ മണ്ണിടിച്ച് നികത്തി മണല്‍ മാഫിയായുടെ പിന്‍ബലത്തോടെയാണ് റോഡ് നിര്‍മ്മിയ്ക്കുന്നത്. 
പഴയ കടവ് തുരുത്ത് ചപ്പാത്തില്‍ നിന്ന് തുരുത്തിനോട് ചേര്‍ന്ന് 350 മീറ്റര്‍ റോഡ് നിര്‍മ്മിച്ചു കഴിഞ്ഞു. മണല്‍കൊള്ളക്കാരുടെ സഹായത്തോടെ കരിങ്കല്ലും മെറ്റിലും ഇറക്കിയാണ് ഇത്. ടൂറിസം പദ്ധതി വരുംമുമ്പ് തന്നെ തുരുത്തിനോട് ചേര്‍ന്ന വന്‍ മണല്‍ ശേഖരം കടത്തുകയാണ് ലക്ഷ്യം. 
ടൂറിസം വികസനത്തിനായി കണ്ടെത്തിയ സര്‍ക്കാര്‍ പുറംമ്പോക്കിലൂടെയുള്ള റോഡ് നിര്‍മ്മാണം. അധികൃതരുടെ ഒത്താശയോടെയാണെന്ന് തുരുത്ത് സംരക്ഷണ സമിതി ഭാരവാഹികള്‍ അരോപിയ്ക്കുന്നു. 
പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന 60 ഏക്കര്‍ ഭൂപ്രദേശമാണ് ഒക്കല്‍തുരുത്ത്. ഇവിടെ മുപ്പതോളം വീട്ടുകാര്‍ താമസമുണ്ട്. പതിനഞ്ച് ഏക്കറോളം ഭൂമി ഈ താമസക്കാരുടേതാണ്. ഇവരെ നിലനിര്‍ത്തി ബാക്കിയുള്ള 45 ഏക്കറില്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്. 
പാറക്കടവില്‍ നിന്ന് പുതിയ പാലം നിര്‍മ്മിയ്ക്കുന്നതുള്‍പ്പെടെ നൂറു കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 90 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ബാക്കിയുള്ള 10 കോടി രൂപയും പദ്ധതിയ്ക്കായി ലഭിയ്ക്കും. ഇത് ഉപയോഗിച്ച് തുരുത്തില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിയ്ക്കുന്നതോടൊപ്പം ബോട്ടു ക്ലബ്, സിമ്മിംഗ് പൂള്‍, സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള കോട്ടേജുകള്‍ തുടങ്ങിയവ നിര്‍മ്മിയ്ക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിന് സര്‍വ്വേ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഇവിടെ അനധികൃതമായി റോഡ് നിര്‍മ്മിയ്ക്കുന്നത്. തുരുത്തു നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ടൂറിസം പദ്ധതിയെത്തന്നെ അട്ടിമറിച്ചേക്കാവുന്ന റോഡ് നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് തുരുത്ത് സംരക്ഷണ  സമിതിയുടെ ആവശ്യം. ഇത്  ഗ്രാമപഞ്ചായത്ത് അധികൃതരേയും ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്.

മംഗളം 

Sunday, August 26, 2012

കോടനാട്‌ മൃഗശാല പുനസ്ഥാപിയ്ക്കും: മന്ത്രി ഗണേഷ്‌ കുമാര്‍

ആനക്കൂട്‌ നവീകരിയ്ക്കാന്‍ നിര്‍ദ്ദേശം

 പെരുമ്പാവൂര്‍: കോടനാട്ഗമൃഗശാല പുനസ്ഥാപിയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കുമെന്ന്‌ വനംവകുപ്പ്‌ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ അറിയിച്ചു. സൂ അഥോറിറ്റി ഓഫ്‌ ഇന്ത്യയുടെ ചട്ടങ്ങള്‍ പാലിയ്ക്കാത്തതിനാലാണ്‌ ഇവിടത്തെ മിനി മൃഗശാല അടച്ചുപൂട്ടേണ്ടിവന്നത്‌. നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ മൃഗശാല പുനസ്ഥാപിയ്ക്കാനാണ്‌ പദ്ധതി. കോടനാട്‌ ആനക്കൂട്‌ അടിയന്തിരമായി നവീകരിയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മലയാറ്റൂറ്‍ വനം ഡിവിഷണ്റ്റെ പുതിയ ഓഫീസ്‌ മന്ദിരത്തിണ്റ്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു പ്രസംഗിയ്ക്കുകയായിരുന്നു മന്ത്രി. അഭയാരണ്യം പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ വിശദമായി പഠിയ്ക്കുമെന്നും പദ്ധതിയ്ക്ക്‌ വേണ്ടി അടുത്ത ബഡ്ജറ്റില്‍ പത്തുകോടി രൂപയെങ്കിലും അനുവദിയ്ക്കാന്‍ വേണ്ട നടപടി സ്വീകരിയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ എട്ടേക്കര്‍ ഭൂമിയില്‍ ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമായി ആനപ്പുല്ല്‌ കൃഷി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടനാടുള്ള വനംവകുപ്പിലെ ആനപ്പാപ്പാന്‍മാരെ സ്ഥിരപ്പെടുത്തുമെന്നും ഗണേഷ്‌ കുമാര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
 വനശ്രീ വിപണന കേന്ദ്രം കെ.പി ധനപാലന്‍ എം.പിയും നക്ഷത്രവനം അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. വനശ്രീ ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന ടി.യു കുരുവിള എം.എല്‍.എ നിര്‍വ്വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.വൈ പൌലോസ്‌, പ്രിന്‍സിപ്പാള്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ ആര്‍ രാജരാജവര്‍മ്മ, അഡീഷണല്‍ പ്രിന്‍സിപ്പാള്‍ ചി.ഫ്‌ കണ്‍സര്‍വേറ്റര്‍ എന്‍.വി ത്രിവേദി ബാബു, ചീഫ്‌ കണ്‍സര്‍വേറ്റര്‍മാരായ ജുപ്പിഡി പ്രസാദ്‌, ഡോ. എച്ച്‌ നാഗേഷ്‌ പ്രഭു, മലയാറ്റൂറ്‍ ഡി.എഫ്‌.ഒ ബി.എന്‍ നാഗരാജന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ മേരിഗീത പൌലോസ്‌, ബ്ളോക്ക്‌ മെമ്പര്‍മാരായ വനജ ബാലകൃഷ്ണന്‍, ടി.ബി സന്തോഷ്‌, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജാന്‍സി ജോര്‍ജ്‌, ജനപ്രതിനിധികളായ എം.വി ഡോമിനിങ്കോസ്‌, മായ കൃഷ്ണകുമാര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, അന്നക്കുട്ടി പൌലോസ്‌, അജിതാ ദിവാകരന്‍, വി.ഐം ഷാജി, സിന്ധു അരവിന്ദ്‌, പി.ശിവന്‍, തങ്കപ്പന്‍ ചുങ്കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മംഗളം 26.08.2012