Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

Tuesday, April 17, 2012

മല്ലികാര്‍ജ്ജുന റെഡ്ഡി പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ചു താമസിച്ചത്‌ ഒരു വര്‍ഷം

 സുരേഷ്‌ കീഴില്ലം

 പെരുമ്പാവൂര്‍: ആന്ധ്ര സര്‍ക്കാര്‍ തലയ്ക്ക്‌ വില പറഞ്ഞ മാവോയിസ്റ്റ്‌ നേതാവ്‌  പെരുമ്പാവൂര്‍ പട്ടണത്തിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ച്‌ താമസിച്ചത്‌ ഒരു വര്‍ഷം. 
മാവോയിസ്റ്റുകളുടെ ബുദ്ധി കേന്ദ്രവും ആയുധ നിര്‍മ്മാണ വിദഗ്ദ്ധനുമായ മല്ലികാര്‍ജ്ജുന റെഡിയാണ്‌ കാഞ്ഞിരക്കാട്ടുള്ള വാടകവീട്ടില്‍ കാമുകിയുമൊത്ത്‌ താമസിച്ചത്‌. റെഡി ഇവിടെ നിന്ന്‌ ചികിത്സ നടത്തുകയും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തിട്ടും സംസ്ഥാനത്തെ പോലീസോ ഇന്റലിജന്‍സ്‌ വകുപ്പോ ഒന്നുമറിഞ്ഞില്ല. 
നാലുവര്‍ഷം മുന്‍പാണ്‌ പട്ടണത്തിലെ ജനവാസകേന്ദ്രമായ കാഞ്ഞിരക്കാട്‌ റെഡി താമസിച്ചത്‌. മല്ലികാര്‍ജ്ജുന റെഡിയെ ആന്ധ്രയില്‍ നിന്ന്‌ പോലീസെത്തി അങ്കമാലിയില്‍ വച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴാണ്‌ ഇത്രയേറെ ക്രിമിനല്‍ പശ്ചാത്തലമുള്ള മവോയിസ്റ്റ്‌ നേതാവാണ്‌ ആളുകളുടെ തൊട്ടടുത്ത്‌ താമസിച്ചതെന്ന്‌ അയല്‍ക്കാര്‍ പോലും അറിഞ്ഞത്‌. 
റെഡിയെ കാണാന്‍ പലരും വന്നു പോകാറുണ്ടെന്നും രാത്രി വൈകിയും വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും അടുത്തുള്ളവര്‍ പിന്നീട്‌ അറിയിച്ചിരുന്നു. അതേ സമയം റെഡിയും കാമുകിയും അയല്‍വീട്ടുകാരുമായി ഒരകലം സൂക്ഷിച്ചു പോരുകയും ചെയ്തു. തുടര്‍ന്ന്‌ നടന്ന പോലീസ്‌ അന്വേഷണത്തിലും അയല്‍ക്കാര്‍ക്ക്‌ റെഡിയെപ്പറ്റിയോ അവിടെ വന്നു പോയവരെപ്പറ്റിയോ കൂടുതല്‍ എന്തെങ്കിലും സൂചനകള്‍ നല്‍കാനായില്ല.
കുന്നത്തുനാട്‌ താലൂക്കിലെ പാറമടകള്‍ കേന്ദ്രീകരിച്ചായിരുന്നു റെഡിയുടെ പ്രവര്‍ത്തനങ്ങള്‍. പാറമടകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിയ്ക്കുകയായിരുന്നു ഈ നേതാവിന്‍റെ ലക്ഷ്യം. അതിനു പുറമെ അത്യുഗ്രശേഷിയിള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധനായ റെഡിയ്ക്ക്‌ അതിനുള്ള അമോണിയം നൈട്രേറ്റും മറ്റും പാറമടകള്‍ വഴി സംഘടിപ്പിയ്ക്കുന്നതിനും കഴിഞ്ഞിരുന്നു. 
റെഡി പിടിയാലായിതിനെ തുടര്‍ന്ന്‌ കേന്ദ്ര-സംസ്ഥാന ഇന്‍റ്ലിജന്‍റ്സ് വിഭാഗങ്ങള്‍ പെരുമ്പാവൂരില്‍ പലവട്ടം വന്നുപോയി. പക്ഷെ കൂടുതല്‍ വിവിരങ്ങള്‍ ശേഖരിയ്ക്കാനോ പട്ടണത്തിലെ റെഡിയുടെ സഹായികളെ പിടികൂടാനോ ആര്‍ക്കും കഴിഞ്ഞില്ല.

മംഗളം 17.04.2012

Saturday, January 9, 2010

തീവ്രവാദ ബന്ധമുള്ളവരുമായുള്ള സി.പി. എം ചങ്ങാത്തം അപകടകരം

മംഗളം (6.01.10)
പെരുമ്പാവൂറ്‍: തീവ്രവാദ ബന്ധമുള്ളവരുമായി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സി പി എം കൂട്ടുപിടിയ്ക്കുന്നത്‌ കേരളത്തിന്‌ അപകടം ചെയ്യുമെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌ (ഐ) ഒക്കല്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്റ്റ്‌ സി ജെ ബാബു അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍, കെ ജെ ഹരി, ഡോ.ടി എസ്‌ ജോയി എന്നിവര്‍ ക്ളാസുകള്‍ എടുത്തു. സ്വാതന്ത്യ്രസമര സേനാനികളെ കെ പി സി സി സെക്രട്ടറി ടി പി ഹസന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. കെ പി ധനപാലന്‍ എം പി, ഡി സി സി പ്രസിഡണ്റ്റ്‌ വി ജെ പൌലോസ്‌, ഡാനിയേല്‍ മാസ്റ്റര്‍, ഒ ദേവസി, നബീസ അബൂബക്കര്‍, പി കെ മുഹമ്മദ്‌ കുഞ്ഞ്‌, എം പി മത്തായി, ടി എന്‍ സുരേന്ദ്രന്‍, കെ എസ്‌ ഷംസുദ്ദീന്‍, പി ബി മുഹമ്മദലി, സരോജനി സുരേന്ദ്രന്‍, ബേബി തോപ്പിലാന്‍, അന്‍വര്‍ മുണ്ടേത്ത്‌, ടി ആര്‍ പൌലോസ്‌, എ പി കൃഷ്ണന്‍ നായര്‍, പോളി തോമസ്‌, ജോസ്‌ വര്‍ഗ്ഗീസ്‌, സി വി ലാസര്‍, കെ പി പൈലി, കെ എ മുഹമ്മദ്‌, പോളി കോച്ചിലാന്‍, കെ പി ഡേവിസ്‌, ഇ എസ്‌ ഇബ്രാഹിം, എം വി ബെന്നി, എന്‍ ബി അലിക്കുഞ്ഞ്‌, നിക്സണ്‍ വര്‍ഗ്ഗീസ്‌, സിസിലി ഇയ്യോബ്‌, എ ഡി ഷിജു എന്നിവര്‍ പ്രസംഗിച്ചു.

Thursday, December 25, 2008

തീവ്രവാദി അബ്ദുള്‍ ജബ്ബാറിനെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

5.12.2008

പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദി അബ്ദുള്‍ ജബ്ബാറിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(28) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (29) എന്നിവരെയാണ്‌ ആണ്റ്റി ടെററിസം സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.
ഇവരെ കഴിഞ്ഞമാസം 30-ന്‌ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) ന്‌ പെരുമ്പാവൂരില്‍ ആവശ്യമായ സഹായങ്ങള്‍ ഇവരാണ്‌ ചെയ്തുകൊടുത്തത്‌. ജബ്ബാര്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.
ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ജബ്ബാറിനെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്ന ദിവസം തന്നെയാണ്‌ യുവാക്കളെ കസ്റ്റഡിയിലെടുത്തത്‌. ഇന്നലെ ഇവരുടെ വീടുകളില്‍ റെയ്ഡ്‌ നടന്നു. പിന്നീട്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.

പെരുമ്പാവൂറ്‍ ക്രിമിനലുകളുടെ താവളമാകുന്നു

ജില്ല
കേന്ദ്രഅന്വേഷണ സംഘത്തിണ്റ്റെ
നിരീക്ഷണത്തില്‍
അലി കരക്കുന്നന്‍
മാധ്യമം/4.12.2008
പെരുമ്പാവൂറ്‍: അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂറ്‍ മേഖല തീവ്രവാദികള്‍ക്ക്‌ ഒളിത്താവളമാകുന്നതില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. നിരവധി വ്യവസായസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും കൊണ്ട്‌ അനുഗൃഹീതമായ പ്രദേശം അന്യസംസ്ഥാനക്കാരുടെ ഗള്‍ഫായാണ്‌ അറിയപ്പെടുന്നത്‌. ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ അത്താണിയായ പ്രദേശം ഇന്ന്‌ ക്രിമിനലുകളും കഞ്ചാവ്‌ ലോബികളും കയ്യേറിയിരിയ്ക്കുകയാണ്‌. തടിവ്യവസായ ശാലകളിലും മറ്റ്‌ വ്യവസായമേഖലകളിലുമായി ലക്ഷത്തോളം തൊഴിലാളികളാണ്‌ പെരുമ്പാവൂരില്‍ തമ്പടിച്ചിരിയ്ക്കുന്നത്‌. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ്‌ പലരുടേയും വാസം. പിടിച്ചുപറിക്കാര്‍ മുതല്‍ ക്രിമിനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന്‌ പോലീസ്‌ പറയുന്നു.
മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢി മുതല്‍ കാശ്മീരില്‍ നിന്ന്‌ രക്ഷപ്പെട്ട അബ്ദുള്‍ജബ്ബാര്‍ വരെ ഒളിയ്ക്കാന്‍ ഇടം കണ്ടെത്തിയത്‌ പെരുമ്പാവൂരിലാണ്‌. ഇതോടെ പ്രദേശം കേന്ദീകരിച്ച്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയിലാണ്‌. അന്യസംസ്ഥാനതൊഴിലാളികളാകട്ടെ പോലീസിന്‌ തീരാതലവേദനയായിട്ടുണ്ട്‌. ഇവര്‍ക്ക്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള പോലീസ്‌ തീരുമാനം നടപ്പായിട്ടില്ല. ഒരു വര്‍ഷം മുന്‍പ്‌ എസ്‌.പി പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ ഇതു സംബന്ധിച്ച അടിയന്തിര നടപടി ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢിയും സംഘവും ഒരുമാസത്തിലേറെ തങ്ങിയതും പെരുമ്പാവൂരിലായിരുന്നു. അതും പോലീസ്‌ ക്വാര്‍ട്ടേഴ്സിന്‌ ഒരു വിളിപ്പാടകലെ. ഇതു കണ്ടെത്താന്‍ കേരളാ പോലിസിനു കഴിയാതെ പോയതും നാണക്കേടുണ്ടാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ്‌ വാടക വീടും പാറമടത്തൊഴിലാളികളും തമ്മിലുള്ള ബന്ധവും നിരീക്ഷിച്ചറിഞ്ഞത്‌. ഇപ്പോള്‍ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂര്‍സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചതും ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ അന്വേഷണത്തിനെത്തിയപ്പോഴാണ്‌ പോലീസ്‌ അറിയുനന്ത്‌. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും വേണ്ടത്ര ജാഗ്രതയിലല്ലെന്ന ആക്ഷേപവുമുണ്ട്‌. അബ്ദുള്‍ ജബ്ബാറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലു പെരുമ്പാവൂറ്‍ സ്വദേശികളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കളമശ്ശേരിയില്‍ ബസ്‌ കത്തിച്ച കേസിലെ പ്രതിയാണ്‌.
ഇതിനു പുറമെ, പെരുമ്പാവൂരില്‍ സ്ഫോടക സാമിഗ്രികള്‍ വില്‍ക്കുന്ന ഒരു ഏജന്‍സിയെ തേടിയും കേന്ദ്ര രഹസ്യാന്വേഷണ സംഘം എത്തിയിരുന്നു. കാശ്മീരില്‍ നാലു മലയാളികള്‍ വെടിയേറ്റു മരിച്ചതില്‍ ഒരാളുടെ കയ്യില്‍ ഈ ഏജന്‍സിയുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടായിരുന്നതായാണ്‌ സൂചന. അല്ലപ്ര നിവാസിയായ ഇയാള്‍ക്ക്‌ പാറമടകളില്‍ വെടിമരുന്നു വില്‍ക്കാനുള്ള ലൈസന്‍സുണ്ട്‌. ഇവ സൂക്ഷിയ്ക്കുന്ന രണ്ടു ഗോഡൌണുകള്‍ പുല്ലുവഴിയിലും ഇരിങ്ങോളിലുമുണ്ട്്‌ .സ്ഫോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത്‌ പലവട്ടം പിടിയ്ക്കപ്പെട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവ്‌. പോലീസിണ്റ്റെ ഒത്താശയിലാണിതെന്ന്‌ ആരോപണമുണ്ട്്‌.
രേഖയിലെ റെബികുര്യന്‍ എന്നയാളെ തിരക്കിയാണ്‌ അന്വേഷണ സംഘം എത്തിയത്‌. ഏജന്‍സിയുടമയുടെ അനുജനാണിതെന്നും സംഘം കണ്ടെത്തിയിട്ടുണ്ടെന്നറിയുന്നു. പി.പി റോഡിലെ ഒരു സ്റ്റുഡിയോയിലും സംഘം പരിശോധന നടത്തി. സ്റ്റുഡിയോയുടെ പങ്കാളിയായ റെബികുര്യന്‍ ഒളിവിലാണെന്നാണ്‌ സൂചന. അന്യസംസ്ഥാനക്കാര്‍ പാര്‍ക്കുന്ന ചേരികളാണ്‌ തീവ്രവാദികള്‍ക്ക്‌ ഇടത്താവളമാകുന്നത്‌. അബ്ദുള്‍ ജബ്ബാര്‍ അല്ലപ്രയിലെ ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരുവന്നാലും ജോലി നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളും ഇങ്ങനെ വെട്ടിലാവുകയാണ്‌. അതേസമയം തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിയ്ക്കാനോ നല്‍കാനോ സ്ഥാപനഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ്‌ പോലീസ്‌ ഭാഷ്യം.
ഞായറാഴ്ചകളില്‍ ടൌണില്‍ അന്യസംസ്ഥാനക്കാരുടെ അനിയന്ത്രിത തിരക്കാണ്‌. ഇവര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മൂലം ഗതാഗതം പോലും തടസപ്പെടും. ഇതിനു പുറമെ, അരങ്ങേറുന്ന വഴക്കിനും അടിപിടിയ്ക്കും മുന്നില്‍ പോലീസ്‌ നിസ്സഹായമാകുന്ന കാഴ്ചയാണ്‌ പലപ്പോഴും. അന്യസംസ്ഥാനക്കാരുടെ മറവില്‍ സംസ്ഥാനത്തെ ക്രിമിനലുകളും പ്രദേശത്ത്‌ വിലസുകയാണ്‌. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന്‌, കഞ്ചാവുവില്‍പനയും ഉപയോഗവും എന്നിവയും മേഖലയില്‍ വ്യാപകമായിട്ടുണ്ട്‌. മുമ്പൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരും പരിസരവും വിവിധ രഹസ്യ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നറിയുന്നു