Showing posts with label കോടതി വാര്‍ത്തകള്‍. Show all posts
Showing posts with label കോടതി വാര്‍ത്തകള്‍. Show all posts

Saturday, May 23, 2015

ചരിത്രപ്പെരുമയുള്ള പെരുമ്പാവൂര്‍ കോടതിയുടെ കെട്ടിടം ഗൃഹാതുരമായ ഓര്‍മ്മയായി മാറും

കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്


പെരുമ്പാവൂര്‍: ആധുനികമായ കോടതി കെട്ടിട സമുച്ചയത്തിന് ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിടും. താമസിയാതെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപെരുമകള്‍ പേറുന്ന പുരാതനമായ കോടതി കെട്ടിടം പൊളിച്ചുമാറ്റും.
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്റെ പേഷ്‌കാര്‍മാര്‍ ക്യാമ്പ് സിറ്റിംഗ് നടത്തിയതിനുശേഷം 1912 ല്‍ തുടങ്ങിയ മുന്‍സീഫ് കോടതിക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെ 1938 ല്‍ സര്‍ക്കാര്‍ നിരോധിച്ചതിനേതുടര്‍ന്ന് അറസ്റ്റിലായ നേതാക്കള്‍ക്ക് വേണ്ടി ഏ.കെ.ജി നേരിട്ട് ഹാജരായി കേസ് നടത്തിയ കോടതിയാണിത്. എ.കെ.ജി പാവങ്ങളുടെ വക്കീലെന്ന് വിശേഷിപ്പിച്ച കെ.എന്‍.ജി കര്‍ത്തയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എം പരീത്പിള്ളയും മുന്‍ എം.എല്‍.സി ജി നാരായണ അയ്യരും മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്തയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഫെഡറല്‍ ബാങ്ക് സ്ഥാപക ചെയര്‍മാന്‍ കെ.പി ഹോര്‍മിസും പ്രമുഖ നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ പ്രാക്ടീസ് ചെയ്ത കോടതിയും ഇതു തന്നെ.
1915 ലാണ് ഇവിടെ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ചത്. 1976 ല്‍ അത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി. 1990 ല്‍ എം.എ.സി.റ്റി കോടതിയും 2007 ല്‍ സബ്‌കോടതിയും തുടങ്ങി.
കുന്നത്തുനാട്-ആലുവ താലൂക്കുകള്‍ ഈ മുന്‍സീഫ് കോടതിയുടെ അധികാര പരിധിയിലായിരുന്നു. ആലുവ, കോലഞ്ചേരി മേഖലകളില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ വന്നതോടെ പെരുമ്പാവൂര്‍ കോടതിയുടെ പ്രതാപം കുറഞ്ഞു. പിന്നീട് ഇപ്പോള്‍ കുറുപ്പംപടി, കാലടി, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിലൊക്കെ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഒമ്പത് പോലീസ് സ്റ്റേഷനുകളുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന പെരുമ്പാവൂര്‍ കോടതിക്ക് കീഴില്‍ ഇപ്പോഴുള്ളത് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ മാത്രം. 
ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത് അനാവശ്യമാണെന്ന് വിചാരിക്കുന്നവര്‍ ഏറെയുണ്ട്. പറവൂര്‍, തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ തുടങ്ങിയ പഴയകാല കോടതികള്‍ പുനരുദ്ധരിച്ച് പഴമ കളയാതെ നിലനിര്‍ത്തിയതുപോലെ പെരുമ്പാവൂര്‍ കോടതിയും സംരക്ഷിക്കപ്പെടുകയായിരുന്നു അഭികാമ്യമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറികൂടിയായ അഡ്വ. സതീഷ് എം കുമാര്‍ പറയുന്നു.

മംഗളം 23.05.2015

Friday, May 22, 2015

പെരുമ്പാവൂര്‍ കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണോദ്‌ഘാടനം നാളെ


പെരുമ്പാവൂര്‍: കോടതി കെട്ടിട നിര്‍മ്മാണ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാവിലെ 9.15 ന്‌ നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്‌ജി കെ.ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. 
മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌, ഹൈക്കോടതി ജഡ്‌ജി സി.കെ അബ്‌ദുള്‍ റഹീം, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭാ സ്‌പീക്കര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, എം.പി അബ്‌ദുള്‍ ഖാദര്‍, ബാബു ജോസഫ്‌, വി.പി ഖാദര്‍, എ.ബി ശശിധരന്‍പിള്ള, എസ്‌ മോഹന്‍ദാസ്‌, എം. പെണ്ണമ്മ, അഡ്വ. കെ.എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മംഗളം 22.05.2015

Friday, August 2, 2013

ശാലുമേനോന് ജാമ്യം ലഭിച്ചു; ജയില്‍ മോചനം വൈകും

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാന്റിലായ ചലചിത്രതാരം ശാലുമേനോന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മറ്റു കേസുകളില്‍ ഇനിയും ജാമ്യം കിട്ടേണ്ടതുള്ളതിനാല്‍ ശാലുവിന്റെ ജയില്‍ മോചനം നീളും. 
ഇന്നലെ രാവിലെയാണ് ശാലുവിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. മുടിയ്ക്കല്‍ സ്വദേശി  സജാതിന്റെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം  പ്രതി ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതായിരുന്നു ശാലുവിനെതിരെയുള്ള കേസ്. ഇതേ കേസില്‍ പെരുമ്പാവൂര്‍  കോടതി ഇവര്‍ക്ക് മുമ്പ് ജാമ്യം നിഷേധിച്ചിരുന്നു
ഇന്നലെ രണ്ട് ആള്‍ ജാമ്യത്തില്‍ ശാലുവിന് ജാമ്യം നല്‍കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ജാമ്യത്തിലെടുക്കാനെത്തിയ ശാലുവിന്റെ ബന്ധുക്കളായ രാധാകൃഷ്ണനും  പ്രദീപിനും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ 50000 രൂപ കെട്ടിവച്ചശേഷമാണ് ശാലുവിന് കോടതി ജാമ്യം നല്‍കിയത്.

മംഗളം 1.08.2013

Wednesday, February 10, 2010

കുന്നത്തുനാട്‌ താലൂക്കുതല മെഗാ അദാലത്ത്‌ പെരുമ്പാവൂരില്‍

മംഗളം 8.2.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റിയുടേയും പെരുമ്പാവൂറ്‍, കോലഞ്ചേരി ബാര്‍ അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 13 ന്‌ മെഗാ അദാലത്ത്‌ നടക്കും. രാവിലെ 9 മുതല്‍ 4 വരെ പെരുമ്പാവൂറ്‍ കോടതിയിലാണ്‌ അദാലത്ത്‌.
കോടതികളില്‍ നിലവിലുള്ള സിവില്‍- ക്രിമിനല്‍-വാഹന അപകട നഷ്ടപരിഹാര കേസുകള്‍ അദാലത്തില്‍ പരിഗണിയ്ക്കും. കൂടാതെ കോടതികളില്‍ നിലവിലില്ലാത്തതും പൊതുജനങ്ങള്‍ സര്‍ക്കാരുമായും, വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി , പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, ബാങ്കുകള്‍ തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികളും തര്‍ക്കങ്ങളും മെഗാ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ വെള്ളക്കടലാസില്‍ എഴുതി ഈ മാസം 15 ന്‌ വൈകിട്ട്‌ 5 നു മുമ്പായി പെരുമ്പാവൂറ്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റി ഓഫീസിലോ, അതാത്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, വില്ലേജ്‌ ഓഫീസുകളിലോ നല്‍കണം. പരാതികളില്‍ സ്റ്റാമ്പു പതിപ്പിക്കേണ്ടതില്ല.
മെഗാ അദാലത്തിലെ തീരുമാനങ്ങള്‍ക്കു കോടതി വിധികളുടെ തുല്ല്യമായ സാധുതയുണ്ടെന്നും വിധികള്‍ക്ക്‌ അപ്പീല്‍ ഇല്ലെന്നും ജില്ലാ ജഡ്ജി (എം.എ.സി.റ്റി പെരുമ്പാവൂറ്‍) പി.ഡി സോമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂറ്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി, മുന്‍സിഫ്‌ കെ.പി തങ്കച്ചന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ആര്‍ ഹരിഹരന്‍, സെക്രട്ടറി സി.ഗിരീഷ്‌ കുമാര്‍, പെരുമ്പാവൂറ്‍ ഗവ. പ്ളീഡര്‍ വി.കെ സന്തോഷ്‌, ഡിവൈ.എസ്‌.പി എന്‍. ശിവദാസ്‌, തഹസീല്‍ദാര്‍ വര്‍ഗ്ഗീസ്‌, എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണന്‍കുട്ടി, അഡ്വക്കേറ്റ്‌ ക്ളാര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ശശിധരന്‍ നായര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, January 13, 2009

സ്വീകരണം നല്‍കും

12.1.2009
പെരുമ്പാവൂറ്‍: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ സി.കെ അബ്ദുള്‍ റഹീമിന്‌ നാളെ വൈ.എം.സി.എ ഹാളില്‍ സ്വീകരണം നല്‍കും. വൈകിട്ട്‌ 5-ന്‌ ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ എം.എം പരീതു പിള്ള ഉദ്ഘാടനം ചെയ്യും.