Showing posts with label കല-സാഹിത്യം. Show all posts
Showing posts with label കല-സാഹിത്യം. Show all posts

Thursday, June 18, 2015

അക്ഷരപെരുമ: പെരുമ്പാവൂര്‍ നഗരസഭയില്‍ വായനാ വാരാഘോഷം നാളെ തുടങ്ങും

പെരുമ്പാവൂര്‍: നഗരസഭയില്‍ വായനാവാരാഘോഷം നാളെ തുടങ്ങും. മുനിസിപ്പല്‍ ലൈബ്രറിയില്‍ രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
പ്രമുഖ സാഹിത്യ നിരൂപകന്‍ എം.കെ ഹരികുമാര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌ക്കരന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍ സാക്ഷരത പ്രവര്‍ത്തകരെ ആദരിക്കും. പ്രതിപക്ഷ നേതാവ് ജി സുനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. 
വൈകിട്ട് 4.30 ന് കവി പി മധുസൂദനന്‍ എം.പി നാരായണപിള്ള അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ യോഗം വൈസ് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്യും. ഷാജി സലിം അദ്ധ്യക്ഷത വഹിക്കും. 
20 ന് രാവിലെ 9.30 ന് പുസ്തക സമര്‍പ്പണവും പ്രദര്‍ശനവും മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ ഹരി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4.30 ന് സര്‍ഗ സായാഹ്നം കവി ജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. സുരേഷ് കീഴില്ലം മുഖ്യ പ്രഭാഷണം നടത്തും. ആബിദ പരീത് അദ്ധ്യക്ഷത വഹിക്കും. 
21 ന് രാവിലെ 9.30 മുതല്‍ മുഴുദിന ചലച്ചിത്രമേള നടക്കും. വിധേയന്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍), കലാമണ്ഡലം ഗോപി (ഷാജി എന്‍ കരുണ്‍), ചിദംബരം (അരവിന്ദന്‍), ഒരു ചെറുപുഞ്ചിരി (എം.ടി വാസുദേവന്‍ നായര്‍), സൂചിയും നൂലും (എ.എം മണി) എന്നി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ചലച്ചിത്ര ചര്‍ച്ച ഹൃസ്വചിത്രസംവിധായകന്‍ എ.എം മണി ഉദ്ഘാടനം ചെയ്യും. ജി സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
22 ന് വൈകിട്ട് 4.30 ന് ഉറൂബ് അനുസ്മരണം കവി വേണു വി.ദേശം ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. 23 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ പരിപാടികള്‍ രാവിലെ 9.30 ന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിക്കും. 
24 ന് വൈകിട്ട് 4.30 ന് ഗ്രന്ഥശാല സംഘം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം മൂലമ്പിള്ളി ഭാസ്‌ക്കരന്‍ ചര്‍ച്ചസായാഹ്നം ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ആര്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഷൈല ഷറഫ് അദ്ധ്യക്ഷത വഹിക്കും.
സമാപനസമ്മേളനം 25 ന് രാവിലെ 10.30 ന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സാഹിത്യകാരന്‍ കെ.ഐന്‍ ഷാജി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, കവി ബിജു പി നടുമുറ്റം തുടങ്ങിയവര്‍ പങ്കെടുക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, കണ്‍വീനര്‍ എന്‍.എ ലുക്ക് മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 18.06.2015

Friday, June 12, 2015

പുതിയ ചെറുകഥകളില്‍ ലൈംഗികത ഏറുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: മലയാളത്തിലെ പുതിയ കഥകളില്‍ ലൈംഗികത ഏറുന്നുവെന്ന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ചെറുകഥകള്‍ പലതും ചെറുകഥകളല്ലെന്നും പത്രാധിപന്‍മാരുടെ താത്പര്യാര്‍ത്ഥം അനാവശ്യമായി വലിച്ചുനീട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫരീത് ജാസിന്റെ സ്‌നേഹപുഷ്പങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവ കഥാകൃത്ത് സുരേഷ്‌കീഴില്ലം ആദ്യപ്രതി ഏറ്റുവാങ്ങി.
വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം അബ്ദുള്‍ കരീം അദ്ധ്യക്ഷത വഹിച്ചു.
കവി ലൂയീസ് പീറ്റര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് അബ്ദുള്‍ റഹ്മാന്‍, അഡ്വ. പുഷ്പാദാസ്, പ്രസ് ക്ലബ് സെക്രട്ടറി യു.യു മുഹമ്മദ്കുഞ്ഞ്, യെസ് മലയാളം എക്‌സിക്യുട്ടീവ് എഡിറ്റര്‍ ശാരി രാജീവ്, എ.എം ബഷീര്‍, പി.എസ് സുധീര്‍, കെ.എം നാസര്‍, ഐഷാ അബൂബക്കര്‍,  ഫരീത് ജാസ് തുടങ്ങിയവര്‍ സംസാരിച്ചു.

മംഗളം 12.06.2015

Wednesday, June 10, 2015

പുസ്തക പ്രകാശനം ഇന്ന്

പെരുമ്പാവൂര്‍: ഫരീദ് ജാസിന്റെ കഥാസമാഹാരം സ്‌നേഹപുഷ്പങ്ങള്‍ വാഴക്കുളം സഹകരണ ബാങ്ക് ഹാളില്‍ ഇന്ന് വൈകിട്ട് 4.30 ന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പ്രകാശനം ചെയ്യും. സുരേഷ് കീഴില്ലം ഏറ്റുവാങ്ങും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഷെമീര്‍ അദ്ധ്യക്ഷത വഹിക്കും.
നൗഷാദ് അബ്ദുള്‍ റഹ്മാന്‍, സി.എം അബ്ദുള്‍ കരീം, ഐഷാ അബൂബക്കര്‍, ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പി.എസ് സുധീര്‍, യു.യു മുഹമ്മദ്കുഞ്ഞ്, എ.എം ബഷീര്‍, മനോജ് വെങ്ങോല, കെ.എം നാസര്‍, അഡ്വ. പുഷ്പാ ദാസ്, എം.എം മുജീബ് റഹ്മാന്‍, അഹമ്മദ് തോട്ടത്തില്‍, എം.എം ഗോപി, ഫരീദ് ജാസ് എന്നിവര്‍ പ്രസംഗിക്കും.

10.06.2015

Thursday, June 4, 2015

മരത്തിന്റെ തല മുറിച്ചു; ശില്‍പത്തിന്റെ തല പോയി

പെരുമ്പാവൂര്‍: കേരള ലളിത കലാ അക്കാദമി കലാഗ്രാമമായിരുന്ന ഇരിങ്ങോള്‍ നാഗഞ്ചേരി മനയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ശില്‍പം മരം വീണ് തകര്‍ന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നഗരസഭയും ചേര്‍ന്ന് ഒരുക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോഴാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പം തകര്‍ന്നത്. മരം വീണ് ശില്‍പത്തിന്റെ തലയറ്റു. ഉടല്‍ തകരുകയും ചെയ്തു. ശില്‍പം ഇപ്പോള്‍ കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
കോട്ടയം സ്വദേശി പി.എസ് ശെല്‍വരാജ് നിര്‍മ്മിച്ച ഡിസ്‌ക്ലോസ് സെല്‍ഫ് എന്ന പേരിലുള്ള ശില്‍പമാണ് ശ്രദ്ധക്കുറവുകൊണ്ട് തകര്‍ന്നു വീണത്. ഇതിന് ഇരുപതു വര്‍ഷം പഴക്കമുണ്ട്. 1995 ല്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദേശീയ ശില്‍പകലാ ശിബിരത്തിലാണ് ഈ ശില്‍പത്തിന്റെ നിര്‍മ്മാണം. ഇറ്റാലിയന്‍ ശില്‍പികളായ പൗലോ ലെനിയാഗി, ഇന്ത്യയിലെ പ്രശസ്ത ശില്‍പികളായ റിംസണ്‍, അശോകന്‍ പൊതുവാള്‍, പി.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ക്യാമ്പ് ആയിരുന്നു അത്.
പിന്നീട് കലാഗ്രാമം പദ്ധതിയില്‍ നിന്ന് ലളിത കലാ അക്കാദമി പിന്‍മാറി. നാഗഞ്ചേരി മനയും പരിസരവും നഗരസഭ ഏറ്റെടുത്തു. കലാഗ്രാമത്തില്‍ തീര്‍ത്ത ശില്‍പ പാര്‍ക്കിലെ കലാസൃഷ്ടികള്‍ വര്‍ഷങ്ങളോളം അനാഥമായി കിടന്നു.
ഈ ശില്‍പങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി, ഒരു കോടി രൂപയോളം മുടക്കി ടൂറിസം സ്‌പോട്ട് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പ്രവേശനകവാടത്തിലെ ശില്‍പത്തിന്റെ തകര്‍ച്ച.

മംഗളം 4.06.2015

Sunday, May 17, 2015

പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന് നാളെ ശിലയിടും

പെരുമ്പാവൂര്‍: നിവാസികളുടെ ചിരകാല ആവശ്യങ്ങളിലൊന്നായ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് നാളെ ശിലയിടുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരുങ്കുളം പുഞ്ചയില്‍ രാവിലെ 10 ന് മന്ത്രി മഞ്ഞളാംകുഴി അലി ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യും. 
നാലു കോടി രൂപ മുടക്കി 18000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം 35 ലക്ഷം രൂപ മുടക്കി 250 പേര്‍ക്ക് ഇരിക്കാവുന്ന ഏ.സി കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.75 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം.
വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങുന്ന വയോമിത്രം പദ്ധതിയില്‍ 65 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരും ഉപഭോക്താക്കളായിരിക്കും. വൈദ്യ സഹായം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഒരു ഡോക്ടറും സ്റ്റാഫ് നഴ്‌സും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, ഡോ. കെ.എ  ഭാസ്‌ക്കരന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, ഷാജി സലിം, ആബിദ പരീത്, ഷൈല ഷറഫ്, ഡോ.ടി.പി അഷറഫ്, വി.പി ഖാദര്‍, രഘു പി.എസ്, സെക്രട്ടറി ടി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

17.05.2015-മംഗളം

Wednesday, July 2, 2014

അഡ്വ.ടി.എന്‍ അരുണ്‍ കുമാര്‍ ഫാസ് പ്രസിഡന്റ്


അഡ്വ.ടി.എന്‍ അരുണ്‍കുമാര്‍
പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി (ഫാസ്) പ്രസിഡന്റായി അഡ്വ.ടി.എന്‍ അരുണ്‍കുമാറിനെ തെരഞ്ഞെടുത്തു. 
ഷാജി സരിഗ 
ഷാജി സരിഗ (സെക്രട്ടറി), അഡ്വ.വി അജിത് കുമാര്‍, എം.ബി വേണു (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ പ്രതാപ ചന്ദ്രന്‍ നായര്‍, എം അനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മോഹനന്‍ കെ (ട്രഷറര്‍), ഐമുറി വേണു, ബാബു ചൈത്രം, ടി.കെ മോഹനന്‍, എം.ആര്‍ ശശി, അഡ്വ.എം.ജി ജയചന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, പി.കെ കൊച്ചുണ്ണി മാസ്റ്റര്‍, സണ്ണി തുരുത്തിയില്‍, എം.എം അജിമോന്‍, ആര്‍ട്ടിസ്റ്റ് കെ.കെ കൃഷ്ണന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മംഗളം

Friday, June 20, 2014

ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയം: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: ചലചിത്രതാരവും എം.പിയുമായ ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ തിരുകികയറ്റിയതിനു പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയമെന്ന് പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
പാഠപുസ്തകത്തിന്റെ അച്ചടിജോലികള്‍ പോലും പൂര്‍ത്തിയായ ശേഷമാണ്, തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്നസെന്റിന്റെ പുസ്തകത്തിലെ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എ.കെ.ജിയുടേയോ ഇ.എം.എസിന്റേയോ ആത്മകഥാ ഭാഗമാണെങ്കില്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. ഇത് ഇന്നസെന്റിനു വേണ്ടി  മറ്റൊരാള്‍ എഴുതിക്കൊടുത്ത ആത്മകഥകൂടിയാണ് എന്ന് വരുമ്പോള്‍ അത് അങ്ങേയറ്റം അപലപനീയമാകുന്നു. ഇതൊക്കെ സഹിക്കേണ്ടത് നമ്മുടെ കുട്ടികളാണെന്നും വടക്കേടത്ത് ചൂണ്ടിക്കാട്ടി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന വായനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വടക്കേടത്ത്. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ബേസില്‍ സജീവ് കോശിക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡോ.കെ.എ ഭാസ്‌കരന്‍ ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ.ഹരി, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, പോള്‍ പാത്തിക്കല്‍, എന്‍. എ ലുക്മാന്‍, പി.സി ജനിലാല്‍, അഡ്വ.എം.എന്‍ കനകലത, നഗരസഭ സെക്രട്ടറി പി.ജി ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 20.06.2014

Saturday, May 17, 2014

മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ കബളിപ്പിക്കുന്നു: നോവിലിസ്റ്റ് നാരായന്‍

പെരുമ്പാവൂര്‍: മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ നിരന്തരം കബളിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ആദിവാസി നോവലിസ്റ്റുമായ നാരായന്‍. ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൊച്ചേരേത്തി എന്ന തന്റെ നോവലിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകനുമായി താന്‍ നിയമ യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രായമംഗലം ജയകൃഷ്ണന്റെ എന്റെ തീപ്പെട്ടി പടങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആദ്യ പ്രതി ഏറ്റുവാങ്ങി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബി രഘുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക മുരളി, സുരേഷ് കീഴില്ലം, ബി മണി, അഡ്വ. സതീഷ്, ബാബു ഇരുമല, അഡ്വ. ഗോകുലം മുരളി, രായമംഗലം ജയകൃഷ്ണന്‍, കെ.ജി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 17.05.2014

Tuesday, March 18, 2014

അരുണ്‍ രാമകൃഷ്ണനും അശ്വതി നാരായണനും ആശാന്‍ സാഹിത്യവേദി സാഹിത്യ പുരസ്‌കാരം

പെരുമ്പാവൂര്‍: നാലു ദശാബ്ദക്കാലമായി പ്രവര്‍ത്തിക്കുന്ന ആശാന്‍ സ്മാരക സാഹിത്യവേദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് അരുണ്‍ രാമകൃഷ്ണനും അശ്വതി നാരായണനും അര്‍ഹരായി.
'ചീട്ടുരാജ്യം' എന്ന അരുണ്‍ രാമകൃഷ്ണന്റെ കഥയ്ക്കും 'എനിയ്ക്ക് പ്രണയിക്കണം' എന്ന അശ്വതിയുടെ കവിതയ്ക്കുമാണ് പുരസ്‌കാരം. കഥാ വിഭാഗത്തില്‍ ബാബു ഇരുമല രണ്ടാം സ്ഥാനവും കടാതി ഷാജി മൂന്നാം സ്ഥാനവും നേടി. കവിതാ വിഭാഗത്തില്‍ പി.പി രാജേന്ദ്രന്‍ രണ്ടാം സ്ഥാനവും കാരുകുളം ശിവശങ്കരന്‍ മൂന്നാം സ്ഥാനവും നേടി.
ഡോ.കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഡോ.ജെ.കെ.എസ് വീട്ടൂര്‍, സന്തോഷ് കോടനാട് എന്നിവരായിരുന്നു കവിതകള്‍ വിലയിരുത്തിയത്. ഇന്ദുചൂഡന്‍ കിഴക്കേടം, ഡോ.സരസ്വതി ശര്‍മ്മ, മനോജ് വെങ്ങോല എന്നിവര്‍ കഥകള്‍ വിലയിരുത്തി.
വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ ആറിന് കുന്നത്തുനാട് എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സെക്രട്ടറി സുരേഷ് കീഴില്ലം എന്നിവര്‍ അറിയിച്ചു.  


മംഗളം 4.03.2014


Wednesday, February 26, 2014

ഫാസ് സുവര്‍ണ്ണ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ  സുവര്‍ണജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാട
നം ചെയ്തു. ഫാസ് പ്രസിഡന്റ് ടി.എന്‍ അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
യോഗത്തില്‍ ഡോ. കെ.എ ഭാസ്‌കരന്‍, വി.പി ഖാദര്‍, ജി സുനില്‍ കുമാര്‍, പോള്‍ പാത്തിയ്ക്കല്‍, സന്തോഷ് ഗോപാലകൃഷ്ണന്‍, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി (രക്ഷാധികാരികള്‍), ടി.എന്‍ അശോക് കുമാര്‍ (ചെയര്‍മാന്‍), സന്തോഷ് ഗോപാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മംഗളം 26.02.2014

Saturday, February 22, 2014

വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ തുറക്കും

പെരുമ്പാവൂര്‍: വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ തുറക്കും. വൈകിട്ട് 4 ന് പ്രൊഫ. എം.കെ സാനു മന്ദിരോദ്ഘാടനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ഡോ. ജീവന്‍ ജോബ് തോമസ്, ഇ.വി നാരായണന്‍, ഡോ. ഫാ. എ.പി ജോര്‍ജ്, ഡോ. ഷാജി എസ്, മനോജ് വെങ്ങോല, ഡോ. കെ.ആര്‍ രമേശന്‍, അഡ്വ. കെ.ഒ ജോയി, ടി.ആര്‍ അനില്‍കുമാര്‍, ടി.യു കുമാരന്‍ എന്നി എഴുത്തുകാരെ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ ആദരിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്തംഗം എം.പി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 
പൊതുസമ്മേളനത്തിന് മുന്നോടിയായി രാവിലെ 11 ന് നടക്കുന്ന അഖില കേരള വടംവലി മത്സരം ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 
അതിനുപുറമെ ഇന്ന് രാവിലെ 10 ന് ചിത്രരചന മത്സരവും 11 ന് സാഹിത്യ രചനാമത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് വെങ്ങോല കവലയില്‍ നിന്നും മാരത്തോണും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

മംഗളം 22.02.2014

Friday, January 3, 2014

പ്രകൃതി സ്‌നേഹത്തിന്റെ സന്ദേശവുമായി ഇലകളും പൂക്കളും

 പെരുമ്പാവൂര്‍: പുഴയോരത്തെ മുത്തശ്ശന്‍ മാവിനെ സംരക്ഷിക്കാനുള്ള പിഞ്ചുകുട്ടികളുടെ പരിശ്രമത്തിന്റെ കഥ. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പതിനേഴ് കുട്ടികളെ അഭിനേതാക്കളാക്കി നെല്ലിമോളം കളിക്കൂട്ടം തയ്യാറാക്കിയ ഇലകളും പൂക്കളും ശ്രദ്ധേയമാവുന്നു.
വീഡിയോ ദൃശ്യങ്ങള്‍ ഇഴചേര്‍ത്ത് ഒരുക്കിയ നാടകം മൂന്നുമാസത്തെ പരീശീലനത്തിനുശേഷമാണ് അരങ്ങേറിയത്. കീഴില്ലം പണിക്കരമ്പലം ശിവക്ഷേത്രത്തിലായിരുന്നു 50 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ ആദ്യാവതരണം.
റോഡു വികസനത്തിനായി പഞ്ചായത്ത് മരം വെട്ടിനീക്കുന്നതില്‍ പ്രതിഷേധിച്ച് എത്തുന്ന കുട്ടികളാണ് നാടകത്തിന്റെ ആകര്‍ഷണം. കുരുന്നുകളുടെ പ്രതിഷേധം അവഗണിച്ച് പഞ്ചായത്ത് മരം മുറിച്ച് നീക്കുന്നു. എന്നാല്‍ അതിന് പകരമായി കുട്ടികള്‍ നാടാകെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്. 
അഭിമന്യു, അദിത്ത്, ഹരിഹരന്‍, ഹരിത, പാര്‍വ്വതി, ശിവപ്രിയ, അഭിജിത്ത്, അനന്തു, അതുല്‍, ഹരിഗോവിന്ദ്, വിഷ്ണുദേവ്, ആര്യ, ദേവിക, മാളവിക, മീനാക്ഷി, നിധിന്‍ എന്നിവരാണ് കഥാപാത്രങ്ങളായത്. പത്രപ്രവര്‍ത്തകനായ വി.ടി കൃഷ്ണകുമാറാണ് പകൃതി സ്‌നേഹത്തിന്റെ സന്ദേശം നാടകമായി അരങ്ങിലെത്തിച്ചത്. 

മംഗളം 3.1.2013

Thursday, November 28, 2013

അക്ഷയപുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും

പെരുമ്പാവൂര്‍: മികച്ച മറുനാടന്‍ മലയാളി സമാജത്തിനുള്ള അക്ഷയ ദേശീയ പുരസ്‌കാര സമര്‍പ്പണവും പ്രൊഫ.എം.പി മന്മഥന്റെ ശതാബ്ദി പ്രഭാഷണവും ബാംഗ്ലൂര്‍ ഹെബ്ബാള്‍ കെമ്പാപുര സിന്ധി സേവാ സമിതി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിന് നടക്കും. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും.
പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്, കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് മുഖ്യാതിഥികള്‍. കര്‍ണ്ണാടക എന്‍.എസ്.എസ് പ്രസിഡന്റ് രാമചന്ദ്രന്‍ പലേരി അദ്ധ്യക്ഷത വഹിക്കും.
എം ലോകനാഥന്‍, ഡോ.എം വിശ്വനാഥന്‍ വെന്നിയില്‍, എം വിജയകുമാര്‍, ബാബു പണിക്കര്‍, എം രാധാകൃഷ്ണന്‍, പി കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മംഗളം 28.11.2013

Wednesday, November 27, 2013

പി.ജി അനുസ്മരണവും പിണറായി വിജയന് സ്വീകരണവും

പെരുമ്പാവൂര്‍: സി.പി.എം ഏരിയാ കമ്മിറ്റിയുടേയും പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണ സമ്മേളനവും പിണറായി വിജയന് സ്വീകരണവും സംഘടിപ്പിക്കും.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ 30 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പി.ജി അനുസ്മരണവും പി.ആര്‍ ശിവന്‍ നാടകോത്സവ സാംസ്‌കാരിക പതിപ്പിന്റെ പ്രകാശനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും യു.ഡി.എഫ് കെട്ടിപ്പൊക്കിയ ലാവലിന്‍ കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനായി  പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിണറായി വിജയന് സ്വീകരണം നല്‍കുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ എന്‍.സി മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജോസഫ് ഓടയ്ക്കാലി രചിച്ച സൂസന്ന എന്ന നോവല്‍ ഇതേ വേദിയില്‍ പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എം ദിനേശ്മണി, പി രാജീവ് എം.പി, വി.പി ശശീന്ദ്രന്‍, സാജുപോള്‍ എം.എല്‍.എ, പി.കെ സോമന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എം.ഐ ബീരാസ്, കെ.ഇ നൗഷാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മംഗളം 27.11.2013

പെരുമ്പാവൂര്‍ ഉപജില്ലാകലോത്സവം ചേരാനല്ലൂരില്‍

പെരുമ്പാവൂര്‍: ഉപജില്ലാ സ്‌കൂള്‍ കലോത്സവം ചേരാനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് സാജുപോള്‍ എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 2 ന് വൈകിട്ട് 3 ന് മന്ത്രി കെ ബാബു കലാമേള ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന്‍ എം.പി, എം.എല്‍എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍,  മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന  സമ്മേളനം ഡിസംബര്‍ 5 ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. 
നഗരസഭാ അതിര്‍ത്തിയില്‍ നിന്നും സമീപത്തുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 83 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കും.  9 വേദികളിലായി 276 മത്സര ഇനങ്ങളുണ്ട്. അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. 
കലാമേളയുടെ നടത്തിപ്പിനായി സാജുപോള്‍ എം.എല്‍.എ മുഖ്യ രക്ഷാധികാരിയായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ലോട്ടറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് (ചെയര്‍മാന്‍), ചേരാനല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചിന്നമ്മ എ.കെ (ജനറല്‍ കണ്‍വീനര്‍), ഹെഡ്മിസ്ട്രസ് എം.എം ഷീല (ജോ. കണ്‍വീനര്‍) എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികള്‍.

മംഗളം 27.11.2013

Tuesday, November 5, 2013

പുസ്തക പ്രകാശനവും ഭാഷാ ചര്‍ച്ചയും

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും ശ്രേഷ്ഠ മലയാള ഭാഷയെ മുന്‍നിര്‍ത്തി പ്രഭാഷണവും നടന്നു.
മുസ്തഫ പോഞ്ഞാശ്ശേരി എഴുതിയ അമ്മ കരയുന്നു എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം കാരുകുളം ശിവശങ്കരന് നല്‍കി ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പ്രകാശനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ സാഹിത്യവേദി വൈസ് പ്രസിഡന്റ് എം.എം ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്തഫ പോഞ്ഞാശ്ശേരി മറുപടി പ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് കീഴില്ലം സ്വാഗതവും മുഹമ്മദ് പുതുശ്ശേരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സാഹിത്യസംഗമത്തില്‍ ടി.ഐ നാരായണന്‍ മോഡറേറ്ററായി. വേലായുധന്‍ വടവുകോട്, രാജേന്ദ്രന്‍ പി.പി, നിഷ മോഹന്‍, ജോസഫ് ഓടക്കാലി, സത്യന്‍ താന്നിപ്പുഴ, വൈകുണ്ഠദാസ്, തങ്കമണി ഞറളക്കാട് തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു. കടാതി ഷാജി രചനാവലോകനം നടത്തി.

5.11.2013

Saturday, August 3, 2013

പുസ്തക പ്രകാശനവും സാഹിത്യ സംഗമവും

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും നാളെ എസ്.എന്‍ ഹാളില്‍ നടക്കും. കവി ഡോ. കൈപ്പിള്ളി കേശവന്‍ നമ്പൂതിരി ഉച്ചകഴിഞ്ഞ് 3 ന് സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിക്കും.
കടാതി ഷാജിയുടെ ചെറുകഥാ സമാഹാരം 'അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്' പ്രമുഖ സാഹിത്യ നിരൂപകന്‍ ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയുടെ സ്വാമി വിവേകാനന്ദന്‍ കഥകള്‍ എന്ന പുസ്തകം വേലായുധന്‍ വടവുകോട് പരിചയപ്പെടുത്തും.
പിന്നീട് നടക്കുന്ന സര്‍ഗസംഗമത്തില്‍ കവി കാരുകുളം ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. ഇതിനുപുറമെ അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരശ്ലോക സദസും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സുരേഷ് കീഴില്ലം അറിയിച്ചു.

മംഗളം 3.08.2013

Wednesday, July 17, 2013

കഥാസമാഹാരം പ്രകാശനം ചെയ്തു

പെരുമ്പാവൂര്‍: പി.എസ് ദേവദത്തിന്റെ കാലം എന്നോടു പറഞ്ഞത് എന്ന കഥാസമാഹാരം പി രാജീവ് എം.പി പ്രകാശനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നാടക നടന്‍ കരകുളം ചന്ദ്രന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. അഡ്വ. എന്‍.സി മോഹനന്‍ പുസ്തകം പരിചയപ്പെടുത്തി.
കുന്നത്തുനാട്ടിലെ മുതിര്‍ന്ന എഴുത്തുകാരന്‍ സത്യന്‍ താന്നിപ്പുഴയെ കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ ആദരിച്ചു. 
സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ജേതാവ് മുരുകേശ് കാക്കൂരിനെ കരകുളം ചന്ദ്രനും എം.ജി യൂണിവേഴ്‌സിറ്റി നാടകത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത രഹ്ന മന്‍സൂറിനെ കലാമണ്ഡലം സുമതിയും സംസ്ഥാന ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ അഭിജിത് മോഹനനെ മുന്‍ ജില്ലാ  സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രനും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഡോ. കെ.എ ഭാസ്‌കരന്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, ആര്‍.എം രാമചന്ദ്രന്‍, എം.കെ കൃഷ്ണന്‍ നമ്പൂതിരി, മോഹനന്‍ കെ, ഇ.വി നാരായണന്‍ മാസ്റ്റര്‍, വി.പി ഖാദര്‍, ഷാജി സരിഗ, പി.എസ് ദേവദത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 17.07.2013

Saturday, July 6, 2013

ആശാന്‍ കവിതകളെ പറ്റി പ്രഭാഷണം നാളെ

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുമാരനാശാന്റെ വീണപൂവിനെ മുന്‍നിര്‍ത്തി നാളെ പ്രഭാഷണവും ചര്‍ച്ചയും നടക്കും. എസ്.എന്‍ ഹാളില്‍ വൈകിട്ട് മൂന്നിന് പ്രശസ്ത കവി പി മധുസൂദനന്‍ വിഷയം അവതരിപ്പിയ്ക്കും. സാഹിത്യവേദി പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിയ്ക്കും.
യുവകഥാകാരി മിനി പി.സിയുടെ എന്റെ കഥകള്‍ എന്ന പുസ്തകത്തെ നൗഷാദ് അബ്ദുള്‍ റഹിമാന്‍ പരിചയപ്പെടുത്തും. ഇതിനു പുറമെ അക്ഷര ശ്ലോക സദസ്, സര്‍ഗ്ഗരചനകളുടെ അവതരണം എന്നിവയും ഉണ്ടായിരിയ്ക്കുമെന്ന് സെക്രട്ടറി സുരേഷ് കീഴില്ലം അറിയിച്ചു.

മംഗളം 6.07.2013

Wednesday, July 3, 2013

കഥാസമാഹാരം പ്രകാശനം ചെയ്തു

പെരുമ്പാവൂര്‍: മിനി പി.സിയുടെ എന്റെ കഥകള്‍ എന്ന പേരിലുള്ള പ്രഥമ ചെറുകഥാ സമാഹാരം സാജുപോള്‍ എം.എല്‍.എ കവി ജയകുമാര്‍ ചെങ്ങമനാടിന് നല്‍കി പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു. 
ഡോ.നിരഞ്ജന്‍ കല്യാണി പുസ്തകം പരിചയപ്പെടുത്തി. സുരേഷ് കീഴില്ലം, യേശുദാസ് വരാപ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി പൗലോസ്, ബിജുപോള്‍, മിനി പി.സി എന്നിവര്‍ സംസാരിച്ചു.

മംഗളം 3.07.2013