Sunday, December 1, 2013

പുതിയ ആരോപണങ്ങള്‍ പ്ലീനം സ്‌പെഷ്യലെന്ന് പിണറായി

ദേശാഭിമാനിക്ക് പിണറായിയുടെ 'പരസ്യ' പിന്തുണ

പെരുമ്പാവൂര്‍: സി.പി.എമ്മിന് എതിരെ പുതിയതായി പൊടിതട്ടിയെടുത്തിരിക്കുന്ന പുതിയ ആരോപണങ്ങള്‍ പ്ലീനം സ്‌പെഷ്യലാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്ടെ ഖനന വിവാദവും ദേശാഭിമാനിയില്‍ വന്ന പരസ്യത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളും പാര്‍ട്ടിയെ നന്നാക്കാനല്ല, തകര്‍ക്കാനുള്ളതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പി.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ജീര്‍ണതയില്‍ നിന്ന് പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും മോചിപ്പിക്കാനുള്ള സംഘടനാ ശുദ്ധീകരണമാണ് പ്ലീനം ലക്ഷ്യമിട്ടത്. പ്ലീനം എല്ലാ അര്‍ത്ഥത്തിലും പുത്തന്‍ സന്ദേശങ്ങളാണ് നല്‍കിയത്. അത് പാര്‍ട്ടിയിലേക്ക് പുതിയ ജനവിഭാഗത്തെ ആകര്‍ഷിക്കുമെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠനകേന്ദ്രം തയ്യാറാക്കിയ സാംസ്‌കാരിക പതിപ്പിന്റെ പ്രകാശനവും പിണറായി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. 
.പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച റോസന്ന എന്ന നോവല്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ ദിനേശ്മണി  പ്രകാശനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, സാജുപോള്‍ എം.എല്‍.എ സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍ മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ സോമന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, കെ.ഡി ഷാജി, പി.എം സലീം, ലോക്കല്‍ സെക്രട്ടറി കെ.ഇ നൗഷാദ്, ഡോ. കെ.എ ഭാസ്‌കരന്‍, ഡോ. വിജയന്‍ നങ്ങേലില്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം 1.12.2013

അമ്പതുലക്ഷത്തിന്റെ പാമ്പിന്‍ വിഷവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്തര്‍ദേശീയ വിപണിയില്‍ അമ്പതു ലക്ഷം രൂപ വിലയുള്ള പാമ്പിന്‍ വിഷവുമായി രണ്ട് യുവാക്കള്‍ വനപാലകരുടെ പിടിയിലായി.
തൃശൂര്‍ തലപ്പിള്ളി വടക്കാഞ്ചേരി തെക്കുംകര ചേന്നോത്തുപറമ്പില്‍ നവാബ്ജാന്റെ മകന്‍ ഷേക്ക് അന്‍സാദ് (30) പുത്തന്‍ പുരയില്‍ രാജന്റെ മകന്‍ വിഷ്ണുരാജ് (23) എന്നിവരാണ് പിടിയിലായത്. ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ എന്‍ രാജേഷിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നാണ് യുവാക്കളെ പിടികൂടിയത്. അംബേദ്കര്‍ സ്റ്റേഡിയത്തിനടുത്ത് നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്ക് റെയ്ഞ്ച് ഓഫീസര്‍ ഒ.എന്‍ സദാശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 
യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനകത്ത് കാസറോളില്‍ സൂക്ഷിച്ചിരുന്ന കുപ്പിയിലായിരുന്നു പാമ്പിന്‍ വിഷം. അര ലിറ്ററോളം വരുന്ന പാമ്പിന്‍വിഷം ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്.
മലപ്പുറം സ്വദേശി ഷെബി എന്ന ആളാണ് പാമ്പിന്‍ വിഷം കൈമാറിയതെന്ന് യുവാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. നാല്‍പ്പതു ലക്ഷം രൂപക്ക് ഇത് വിറ്റുകൊടുക്കണമെന്നായിരുന്നു യുവാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഷെബിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.  ഈയാളെ കൂടി കിട്ടിയാലെ പാമ്പിന്‍ വിഷം എവിടെ നിന്നാണ് ലഭിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. പി.എ കരീം , സനല്‍കുമാര്‍, ബിജു തുടങ്ങിയവരടങ്ങുന്ന വനപാലക സംഘമാണ് യുവാക്കളെ പിടികൂടിയത്. ഇവരെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.

മംഗളം 1.12.2013

രായമംഗലം സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിലയിരുത്തലിന് ശേഷമാണ് രായമംഗലത്തിന് ഈ സ്ഥാനം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 11 ന് സംഘടിപ്പിക്കുന്ന വിപുലമായ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അറിയിച്ചു.
ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.  

മംഗളം 1.12.2013