Wednesday, July 24, 2013

വെങ്ങോലയില്‍ പാറമട ഇടിഞ്ഞ് നാല് പേരെ കാണാതായി

പെരുമ്പാവൂര്‍: വെങ്ങോലയില്‍ പാറമട ഇടിഞ്ഞ് നാല് തൊഴിലാളികള്‍ മണ്ണിനടിയിലായി. രണ്ടുപേര്‍ക്ക് പരുക്ക്.
സന്തോഷ്

വളയന്‍ചിറങ്ങര ഈരേത്ത് വീട്ടില്‍ സന്തോഷ് (46), വളയന്‍ചിറങ്ങര ചെറുകരക്കുടി വീട്ടില്‍ വിജയന്‍ (48), വീട്ടൂര്‍ കല്ലറക്കല്‍ മോഹനന്‍ (45), ഒഡീഷ സ്വദേശി റമാ കാന്ത് (റോമ-25) എന്നിവരാണ് പാറക്കല്ലുകള്‍ക്കും മണ്ണിനും അടിയില്‍പ്പെട്ടത്. ഹിറ്റാച്ചി ഡ്രൈവര്‍ പിറവം കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രാജു (32), ഒഡീഷ സ്വദേശി ഷിബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലുകള്‍ക്ക് ഒടിവേറ്റ രാജുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്
റമാ കാന്ത് 
ആശുപത്രിയിലും ഷിബുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെങ്ങോല ഇലവുംകുടി വീട്ടില്‍ ഇ.വി രാജന്റെ ഉടമസ്ഥതയിലുള്ള രാജാ ഗ്രാനൈറ്റ്‌സിലായിരുന്നു അപകടം. രാവിലെ 8 മണിക്കെത്തിയ തൊഴിലാളികള്‍ പാറപൊട്ടിക്കാന്‍ കുഴിയെടുത്തുകൊണ്ടിരിക്കെ എട്ടരയോടെയായിരുന്നു ദുരന്തം. മുകളിലുണ്ടായിരുന്ന ഭീമാകാരമായ പാറക്കല്ല് ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 
പാറക്കല്ലിന്റെ അരിക് തട്ടി മണ്ണെടുത്തുകൊണ്ടിരുന്ന ഹിറ്റാച്ചി മറിഞ്ഞു. ഡ്രൈവര്‍ രാജുവും ഷിബുവും വാഹനത്തിന് അടിയിലായി. മണ്ണ് ലോഡ് ചെയ്തുകൊണ്ടിരുന്ന ടിപ്പറും ഭാഗികമായി മണ്ണിനടിയിലായി. പാറമടയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മറ്റ് നാലു പേരും പാറക്കല്ലിന് അടിയിലും. പാറമടക്ക് മുകളില്‍ നില്‍ക്കുകയായിരുന്ന ടിപ്പര്‍ ഡ്രൈവര്‍ സജി അറിയിച്ചതനുസരിച്ച് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ഹിറ്റാച്ചിക്ക് അടിയില്‍ നിന്ന് രാജുവിനേയും ഷിബുവിനേയും അതിവേഗം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. എന്നാല്‍ പാറക്കടിയില്‍പ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. 
 വിജയന്‍ 
സംഭവം അറിഞ്ഞ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും ആറ് കേന്ദ്രങ്ങളില്‍ നിന്നുള്ള  ഫയര്‍ ആന്റ് റസ്‌ക്യു യൂണിറ്റുകളും സ്ഥലത്ത് എത്തിയെങ്കിലും പാറക്കല്ലും മണ്ണും മാറ്റാനായില്ല. തൊഴിലാളികളുടെ സഹായത്തോടെ പാറക്കല്ലുകള്‍ വെടിവച്ച് തകര്‍ത്താണ് മാറ്റിയത്. കൂറ്റന്‍ പാറക്കല്ല് വലിയ സ്‌ഫോടത്തില്‍ തകര്‍ത്താല്‍ വീണ്ടും മട ഇടിയാനുള്ള സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കുകയായിരുന്നു. രാത്രിയായതോടെ വെളിച്ചത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
പാറമടയിലെ കരാറുകാരനാണ് കാണാതായ സന്തോഷ്. ഭാര്യ: ഷിജി. മക്കള്‍: അനന്തു സന്തോഷ് (പ്ലസ് ടു ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുല്ലുവഴി), അനഘ സന്തോഷ് (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍)
വിജയന്റെ ഭാര്യ ബീന. മക്കള്‍: വിനയ്, വിവേക്. രമണിയാണ് മോഹനന്റെ ഭാര്യ. ഏകമകള്‍ മേഘ.

മംഗളം 24.07.2013

No comments: