Thursday, May 14, 2026

പെരുമ്പാവൂര്‍ ബൈപ്പാസ് നിര്‍മ്മാണം വഴിമുട്ടുന്നു




പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിച്ച ബൈപ്പാസ് നിര്‍മ്മാണം വഴിമുട്ടുന്നു. 2024 നവംബറില്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്തംഭിച്ച നിലയിലാണ്. 

ഇടതുസര്‍ക്കാര്‍ അനുവദിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമോ എന്നതാണ് പ്രദേശവാസികള്‍ക്കുള്ള  ആശങ്ക. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നുവെന്നതാണ് വസ്തുത. പത്തുവര്‍ഷം പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയുടെ പിടിപ്പുകേടും ഉദാസീനതയുമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാവാതെ പോയതിന്റെ മുഖ്യകാരണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പദ്ധതിനിര്‍വ്വഹണം സംബന്ധിച്ച് കാലാകാലങ്ങളില്‍ വിലയിരുത്തലുകള്‍ നടത്തുന്നതിലും സ്ഥലം എംഎല്‍എ അമ്പേ പരാജയപ്പെട്ടു.  

ബൈപ്പാസിന് അംഗീകാരം ലഭിച്ചിട്ടും ഏറെ വൈകിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. 2024 ഡിസംബര്‍ 17 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്നുള്ള മുന്നൂറ് കോടി രൂപ ഉപയോഗിച്ച് റോഡ് ആന്റ് ബ്രിഡ്ജ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.  

പെരുമ്പാവൂര്‍, വെങ്ങോല, മാറമ്പിള്ളി  വില്ലേജുകളിലൂടെ കടന്നുപോകുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആലുവ-മൂന്നാര്‍ റോഡിലെ മരുത് കവലയില്‍ നിന്ന് ആരംഭിച്ച് ഓള്‍ഡ് മൂവാറ്റുപുഴ റോഡിലെ കാഞ്ഞിരമുക്ക് പാലത്തിന് സമീപം അവസാനിക്കുന്നതാണ് ആദ്യഘട്ടം. ആദ്യഘട്ട റോഡ് നിര്‍മ്മാണത്തിന് വേണ്ടി 2.74 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വന്നത്. 60 പേരുടെ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. 25 കോടി രൂപയ്ക്കായിരുന്നു  നിര്‍മ്മാണ കരാര്‍. റോഡിന്റെ വീതി 25 മീറ്റര്‍. ടാറിങ്ങ് വീതി പതിനെട്ട് മീറ്ററാണ്.   

1.37 കിലോമീറ്ററില്‍ നാലുവരി പാത ആയിട്ടാണ് ഈ ഘട്ടത്തിലെ നിര്‍മ്മാണം. 25 മീറ്റര്‍ വീതിയിലും 4 മീറ്റര്‍  നീളത്തിലും അഞ്ചു കലുങ്കുകളുടെ നിര്‍മ്മാണമായിരുന്നു ആദ്യം നടന്നത്. പക്ഷെ, നിര്‍മ്മാണം വഴിമുട്ടി. 

നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണിന് മുകളില്‍ നിര്‍മ്മാണം നടത്തുന്നത് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കളിമണ്ണ് ബലപ്പെടുത്താന്‍ 4.5 കോടി രൂപ അധികച്ചെലവ് വേണ്ടി വരുമെന്ന് കണ്ടെത്തിയതോടെ ബൈപ്പാസ് നിര്‍മ്മാണം സ്തംഭിച്ചു. 

ആദ്യഘട്ട നിര്‍മ്മാണം 2026 ലെ  മഴക്കാലത്തിന് മുമ്പെ പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. പാടശേഖരങ്ങളില്‍ കൂടിയാണ് റോഡ് നിര്‍മ്മാണം എന്നതിനാല്‍ മഴക്കാലത്ത് വെള്ളക്കെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും എന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നടപടിക്രമങ്ങള്‍ നിലച്ചു. കൂടാതെ പശ്ചിമബംഗളില്‍ നിന്നും അസമില്‍ നിന്നും മറ്റുമുള്ള തൊഴിലാളികള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവരുടെ നാടുകളിലേക്ക് കൂട്ടത്തോടെ മടങ്ങിയതും കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. കരിങ്കല്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടി കരാര്‍ തുക ഉയര്‍ത്തിക്കൊടുക്കാന്‍ കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ടതും നിര്‍മ്മാണം മുടങ്ങാനുള്ള കാരണങ്ങളിലൊന്നാണ്.  

ഓള്‍ഡ് മൂവാറ്റുപുഴ റോഡില്‍ നിന്ന് പാലക്കാട്ടുതാഴം പാലത്തിന് സമീപത്ത് എത്തിച്ചേരുന്ന രണ്ടാം ഘട്ട റോഡ് നിര്‍മ്മാണത്തിന് 170.53 കോടി രൂപയാണ് നിര്‍മ്മാണച്ചിലവായി കണക്കാക്കിയിരുന്നത്. കാഞ്ഞിരമുക്ക് പാലത്തിന് സമീപത്തുനിന്ന് പാലക്കാട്ടുതാഴം പാലം വരെയുള്ള നാലു കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൂരം. പി പി റോഡില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനും പദ്ധതിയിലുണ്ട്. രാജഗിരി കോളജ് ഓഫ് എഞ്ചിനീയറിങ്ങിനെയാണ് രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനം നിര്‍വ്വഹിക്കുന്നതിനായി നിയോഗിച്ചത്. 

പക്ഷെ, ആദ്യഘട്ടം നിര്‍മ്മാണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണം യുഡിഎഫ് എംഎല്‍എയും സര്‍ക്കാരും ഏറ്റെടുക്കുമോ എന്നത് കണ്ടറിയണം. 


 





No comments: