സുരേഷ് കീഴില്ലം
പെരുമ്പാവൂറ്‍: ബസ് യാത്രയ്ക്കിടയില്‍ പോക്കറ്റടിച്ചെന്ന് ആരോപിച്ച് രഘു എന്ന യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
സതീശന് |
സന്തോഷ് |
ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു പുറമെ ആവശ്യത്തിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെയും പോലീസ് അന്വേഷണം ഇരുട്ടില്‍ തപ്പുന്നു. മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്, കെ.സുധാകരന് എം.പിയുടെ ഗണ്മാന് നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന് എന്നിവരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രാവിലെ പതിനൊന്നു മണിയോടെ പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്ന ഇവരെ മൂന്നു ദിവസം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. പോലീസ് തങ്ങളെ മര്‍ദ്ദിച്ചുവെന്ന പ്രതികളുടെ ആരോപണത്തെ തുടര്‍ന്ന് കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ മെഡിയ്ക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ഇവരെ തുടരന്വേഷണത്തിന് കൈമാറിയത്.
ഇന്നലെ പെരുമ്പാവൂരിലെത്തിയ എസ്.പി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.റോയിയില്‍ നിന്നും ഡിവൈ.എസ്.പി കെ ഹരികൃഷ്ണന് കൈമാറി.
എന്നാല്‍ ആദ്യം മുതല്‍ ഈ കേസില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത പോലീസ് ഇപ്പോഴും തുടരുകയാണ്. പ്രതികളുടെ ഫോട്ടോ എടുക്കുന്നത് അനുവദിയ്ക്കാനോ കേസു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തയ്യാറല്ല. അതിനിടെ സുധകരണ്റ്റെ ഗണ്‍മാനെ സാക്ഷിയാക്കി മാറ്റി കേസ് അട്ടിമറിച്ചേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ല.
രഘു പോക്കറ്റടിച്ചുവെന്ന പോലീസ് ആദ്യം പുറത്തുവിട്ട കഥ ഇപ്പോള്‍ ഏതാണ്ട് വിഴുങ്ങിയ മട്ടാണ്. സന്തോഷിണ്റ്റെ മൊബൈല്‍ ഫോണ്‍ കാണാതായതു സംബന്ധിച്ച് ഉണ്ടായ തര്‍ക്കം മാത്രമെ ബസിലുണ്ടായുള്ളുവെന്ന കണ്ടക്ടറുടെ മൊഴിയാണ് ഇതിനു വഴിത്തിരിവായത്. മാത്രവുമല്ല, രഘുവിണ്റ്റെ മൃതദേഹത്തില്‍ നിന്നും പോലീസ് കണ്ടെടുത്തത് കേവലം ഏഴായിരം രൂപ മാത്രമാണ്. അതേസമയം, മോതിരം പണയംവച്ചതും ശമ്പളവും കൂട്ടുകാരണ്റ്റെ കയ്യില്‍ നിന്ന് കടം വാങ്ങിയതുമായി രഘുവിണ്റ്റെ കയ്യില്‍ മുപ്പതിനായിരം രൂപയോളം ഉണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്കി. അപ്പോള്‍ ബാക്കി തുക എവിടെ പോയെന്നത് പോലീസ് വിശദീകരിയ്ക്കേണ്ടി വരും.
രഘുവിനെ മര്‍ദ്ദിച്ച സന്തോഷിണ്റ്റെ കയ്യില്‍ നിന്ന് പതിനേഴായിരം രൂപയോളം കണ്ടെടുത്തിട്ടുണ്ട്. ഈ തുക തൃശൂരിലെ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന് വാങ്ങിയതാണെന്നാണ് സന്തോഷിണ്റ്റെ മൊഴി. എന്നാല്‍ വര്‍ഷങ്ങളായി സ്വര്‍ണ്ണപ്പണി നിര്‍ത്തിയ ഇയാള്‍ക്ക് സ്വര്‍ണ്ണവ്യാപാരി പണം കൊടുത്തതിണ്റ്റെ സാംഗത്യവും അന്വേഷണവിഷയമാണ്. മുമ്പ് വിശ്വാസ വഞ്ചനക്കുറ്റത്തിന് കേസുള്ള സന്തോഷ് രഘുവിണ്റ്റെ പണം തട്ടിയെടുക്കാന്‍ കെട്ടിച്ചമച്ച നാടകമായി പോക്കറ്റടി കഥയെ കാണുന്നവരുണ്ട്.
സന്തോഷിണ്റ്റെ സുഹൃത്താണ് രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനെന്നും ഇയാള്‍ പണവുമായി കടന്നുകളഞ്ഞെന്നും അഭ്യൂഹമുണ്ട്. ഈ മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കെ.സുധാകരന് എം.പിയെ നെടുമ്പാശ്ശേരിയില്‍ വിട്ടശേഷം ഗണ്മാന് സന്തോഷ് അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയതെന്ന് അറിയുന്നു. അങ്ങനെയാണെങ്കില്‍, ചാലക്കുടിയില്‍ വച്ചുനടന്നുവെന്നു പറയുന്ന പോക്കറ്റടി കേസില്‍ ഇയാള്‍ എന്തിന് ഇടപെട്ടുവെന്നും പെരുമ്പാവൂരില്‍ ബസിറങ്ങി രഘുവിനെ മൃഗീയമായി തല്ലിച്ചതച്ചുവെന്നും കണ്ടെത്തേണ്ടി വരും.
മംഗളം 14.10.11
No comments:
Post a Comment