Wednesday, November 13, 2013

മഞ്ഞപ്പെട്ടിയിലെ കുടിവെള്ള കമ്പനിക്കെതിരെ പ്രക്ഷോഭം

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ മഞ്ഞപ്പെട്ടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ മിനറല്‍സ് ആന്റ് അക്വാ പ്രൊഡക്ട്‌സ് എന്ന കുടിവെള്ള നിര്‍മ്മാണ കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് കമ്പനി അമിതമായി ജലചൂഷണം നടത്തുകയാണെന്നാണ് പരാതി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലീമസമാവുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
കമ്പനിക്കെതിരെ പരാതി നല്‍കുന്നവരെ ഉടമ കള്ളക്കേസില്‍ കുടുക്കുന്ന സാഹചര്യത്തില്‍ സമര പരിപാടികള്‍ കൂടുതല്‍  ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കമ്പനിയില്‍ നിന്നും കുടിവെള്ളവുമായി വരുന്ന വാഹനങ്ങള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷീബ പരീതുപിള്ള, കെ.കെ ഷാജഹാന്‍, റസി. അസോസിയേഷന്‍ ഭാരവാഹികളായ അലിയാര്‍ ചേരിക്കുടി, റഹീം കൂത്തുപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിറാജ് ചേലപ്പിള്ളി, നസീര്‍ കാക്കനാട്ടില്‍, ഷമീര്‍ വടക്കനേത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 13.11.2013


No comments: