Wednesday, November 26, 2008

കോടനാട്‌ ബാങ്കിലെ അഴിമതിയും സെക്രട്ടറിയുടെ ആത്മഹത്യയും നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി

15.6.2008

പെരുമ്പാവൂറ്‍: കോടനാട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗങ്ങള്‍ നടത്തിയ അഴിമതിയും അതേ തുടര്‍ന്ന്‌ ബാങ്ക്‌ സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവവും നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.

ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതികള്‍ അപ്പാടെ തലയില്‍ കെട്ടിവയ്ക്കപ്പെട്ട സെക്രട്ടറി എ.വി ഗോപി മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ആത്മഹത്യ ചെയ്തത്‌. ആത്മഹത്യാ കുറിപ്പില്‍ തിരിമറികളുടെ വിശദാംശങ്ങളും അത്‌ നടത്തിയവരെ പറ്റിയുള്ള വ്യക്തമായ സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച കാര്യക്ഷമമായ അന്വേഷണങ്ങള്‍ നടന്നില്ല. ഈ സാഹചര്യത്തില്‍ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച പ്രതിക്ഷേധ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ജില്ലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പല സഹകരണ സ്ഥാപനങ്ങളും സാമ്പത്തിക ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയിരിയ്ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കോടനാട്‌ ബാങ്കിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുന്നില്ലെങ്കില്‍ നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ഡി.സി.സി ഭാരവാഹികളായ ഒ.ദേവസി, എം.എം അവറാന്‍, കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്റര്‍, പി.പി അല്‍ഫോണ്‍സ്‌ മാസ്റ്റര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, പി.ജെ പീറ്റര്‍, ബേബി തോപ്പിലാന്‍, സാബു പാത്തിയ്ക്കല്‍, ബിനോയ്‌ അരീയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: