16.11.2008
പോലീസ് ലാത്തി വീശി
പെരുമ്പാവൂറ്‍: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നവവധുവായ യുവതി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയും ആമ്പുലന്‍സും തല്ലി തകര്‍ത്തു.
സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റിയംഗം മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24) ആണ് മരിച്ചത്. ഇതേതുടര്‍ന്ന് സാന്‍ജോ ആശുപത്രിയും ആമ്പുലന്‍സും നാട്ടുകാര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി. രണ്ട് പോലീസുകാര്‍ക്ക്് പരുക്കുണ്ട്.
ശനിയാഴ്ച രാവിലെയാണ് ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനായി സന്ധ്യ സാന്‍ജോയിലെത്തിയത്. ചെറുതായി പനി അനുഭവപ്പെട്ട സന്ധ്യയും ഡോക്ടറെ കണ്ടു. മരുന്ന് കഴിച്ചതോടെ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട സന്ധ്യ ഐ.സി യുവില്‍ പ്രവേശിയ്ക്കപ്പെട്ടു. രാത്രിയായതോടെ നില ഗുരുതരമായി. ഇതിനിടയില്‍ സുരേഷിണ്റ്റെ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സന്ധ്യയെ മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് കൊണ്ടുപോയി. എങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു.
ന്യൂമോണിയ ആണ് മരണകാരണമെന്ന് സാന്‍ജോ ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ സന്ധ്യയ്ക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ലെന്നും മരുന്നുമാറി നല്‍കിയതാണ് ജീവഹാനിയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇതുസംബന്ധിച്ച് പെരുമ്പാവൂറ്‍ പോലീസില്‍ പരാതിയും നല്‍കി. പരാതിയെ തുടര്‍ന്ന് ആലപ്പുഴ മെഡിയ്ക്കല്‍ കോളജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കോലഞ്ചേരിയില്‍ നിന്ന് വരികയായിരുന്ന ആശുപത്രി വക ആമ്പുലന്‍സ് മേപ്രത്തുപടിയില്‍ വച്ചാണ് നാട്ടുകാര്‍ തകര്‍ത്തത്. ടയര്‍ കുത്തിക്കീറുകയും വാഹനം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. രാത്രി ആശുപത്രിയില്‍ തടിച്ചുകൂടിയ ജനാവലി സാന്‍ജോ അടിച്ചുതകര്‍ത്തു. ആലുവ, പെരുമ്പാവൂറ്‍ ഡി.വൈ.എസ്.പി മാരുടെ കീഴിലുള്ള വന്‍പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്. ജനം തിരിച്ച് കല്ലെറിഞ്ഞു. കല്ലേറിലാണ് സുരേന്ദ്രന്‍, പോള്‍ എന്നി രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റത്. നിരവധി ആളുകള്‍ക്കും പരുക്കുണ്ട്.
കൂവപ്പടി സ്വദേശി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം നാട്ടുകാര്‍ ഈ ആശുപത്രിയുടെ ക്യാബിനുകളും മറ്റും തകര്‍ത്തിരുന്നു. അതിനു മുന്‍പ് ഗര്‍ഭിണിയായ യുവതി മരിച്ചതും പുല്ലുവഴി സ്വദേശിയായ യുവാവ് മരിച്ചതും അനാസ്ഥമൂലമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ആശുപത്രിയ്ക്കെതിരെ ആക്രമണം നടത്തിയിരുന്നു. സന്ധ്യയുടെ സംസ്കാരം ഇന്ന് രാവിലെ ഭര്‍തൃഗൃഹത്തില്‍ നടക്കും.
നാലുമാസം മുമ്പായിരുന്നു സന്ധ്യയുടേയും സരേഷിണ്റ്റേയും വിവാഹം. ഇരിങ്ങോള്‍ ചിറയ്ക്കല്‍പറമ്പില്‍ രഘുനാഥന്‍ നമ്പ്യാരുടേയും ശ്യാമളയുടേയും മകളാണ്. കാലടി ശ്രീശങ്കര കോളജില്‍ എം.എസ്.സി ബോട്ടണി വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരങ്ങള്‍ : സിന്ധു, സൌമ്യ.
No comments:
Post a Comment