14.5.2008
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍ പേഴ്സണ്‍ വി.കെ ഐഷാ ബീവി ടീച്ചര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി കത്തയച്ചയാള്‍ പോലീസ് പിടിയിലായതായി സൂചന.
കൊടകര കനകമല തെക്കേക്കര വീട്ടില്‍ ടി.വി ജോസ് എന്നയാളിനെ പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ നിന്ന് ലോക്കല്‍ പോലീസ് തന്നെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സന്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു ഇത്. മറ്റുചില പ്രമുഖര്‍ക്ക് അയയ്ക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ഭീഷണികത്തുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ മാസം 9-നാണ് ചെയര്‍പേഴ്സണ് കത്തു ലഭിച്ചത്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിയ്ക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇല്ലെങ്കില്‍ ചെയര്‍പേഴ്സണെ വധിയ്ക്കുന്നതിനു പുറമെ നഗരസഭാ കാര്യാലയം ബോംബുവച്ചു തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.
ജോര്‍ജ് ജോസഫ്, പെരിയാര്‍ ചിട്ടി ഫണ്ട്, പി.ഒ ജംഗ്ഷന്‍, മൂവാറ്റുപുഴ എന്ന വിലാസം രേഖപ്പെടുത്തിയ കത്തില്‍ സി.പി.ഐ മാവോയിസ്റ്റ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. കത്ത് അന്നു തന്നെ ചെയര്‍പേഴ്സണ്‍ പോലീസിനു കൈമാറി.
ഈ മാസം 12-ന് മുടക്കുഴ സൂപ്പര്‍ ബോഡി വര്‍ക്കസ് ഉടമ റെജി കുര്യനും മാവോയിസ്റ്റുഭീഷണി ലഭിച്ചിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്നെതിരെയാണ് ഇതും. ഈ കത്തയച്ചതും ജോസ് തന്നെയാണെന്നറിയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുള്ളതാണ്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നേതാവ് മല്ലരാജ റെഡ്ഡി ടൌണിനടുത്ത് താമസിച്ചിരുന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ഭീഷണി പോലീസ് അതീവ ഗൌരവത്തോടെയാണ് അന്വേഷിച്ചത്. എന്നാല്‍ ആരെയെങ്കിലും ഇത് സംബന്ധിച്ച് കസ്റ്റഡിയിലെടുത്തതായി ഇപ്പോഴും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
No comments:
Post a Comment