Saturday, February 26, 2011

പെരുമ്പാവൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു



പെരുമ്പാവൂറ്‍: പട്ടണത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിയ്ക്കുന്നതിന്‌ പണിതീര്‍ത്ത മിനി സിവില്‍ സ്റ്റേഷന്‍ കെ പി ധനപാലന്‍ എം പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എം എം മോനായി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.

താക്കോല്‍ ദാനം പി രാജീവ്‌ എം പിയും പട്ടയ വിതരണം മുന്‍ നിയമസഭാ സ്പീക്കര്‍ പി പി തങ്കച്ചനും നിര്‍വ്വഹിച്ചു. സാജുപോള്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, വി പി ശശീന്ദ്രന്‍, എന്‍ സി മോഹനന്‍, ടി പി ഹസ്സന്‍, ഡോ. കെ എ ഭാസ്കരന്‍, ബാബു ജോസഫ്‌, പോള്‍ ഉതുപ്പ്‌, കെ കുഞ്ഞുമുഹമ്മദ്‌, എം എം അവറാന്‍, വി വൈ പൌലോസ്‌, ജോയി പൂണേലി, അന്‍വര്‍ മുണ്ടേത്ത്‌, പ്രസന്നകുമാരി വാസു, ടി എ സനുമോള്‍, കെ എസ്‌ സൌദാ ബീവി, എം പി രാജന്‍, ചിന്നമ്മ വര്‍ഗീസ്‌, അബ്ദുള്‍ മുത്തലിബ്‌, റോസ്ളി വര്‍ഗീസ്‌, ബിജു ജോണ്‍ ജേക്കബ്‌, ഷാജി സലിം, എം എന്‍ കനകലത, ബീവി അബൂബക്കര്‍, കെ ഹരി, പോള്‍ പാത്തിയ്ക്കല്‍, ജി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മിനി സിവില്‍ സ്റ്റേഷനിലെ താഴ്നിലയില്‍ സബ്‌ ട്രഷറി, സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌, ലീഗല്‍ മെട്രോളജി ഓഫീസുകളും ഒന്നാം നിലയില്‍ താലൂക്ക്‌ ഓഫീസ്‌, താലൂക്ക്‌ സപ്ളൈ ഓഫീസ്‌, ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസ്‌ എന്നിവയും പ്രവര്‍ത്തിയ്ക്കും. രണ്ടാം നിലയില്‍ ലേബര്‍ ഓഫീസ്‌, കൃഷി അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ ഓഫീസ്‌, വ്യവസായ ഓഫീസ്‌, എംപ്ളോയ്മെണ്റ്റ്‌ എക്സ്ചേഞ്ച്‌, വാണിജ്യ നികുതി ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തിയ്ക്കും.

Friday, February 25, 2011

മുന്‍ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗത്തിണ്റ്റെ മക്കള്‍ പെരുവഴിയിലേയ്ക്ക്‌


അമ്മയ്ക്ക്‌ മനോരോഗം; അച്ഛന്‌ പുതുജീവിതം


മംഗളം 25.2.2011


പെരുമ്പാവൂറ്‍: ഷീജ പെറ്റമ്മയെ തേടി അലയുകയാണ്‌.

ലോണ്‍ കുടിശികയുടെ പേരില്‍ ഉള്ള കിടപ്പാടം ജപ്തിചെയ്യാനുള്ള ബാങ്ക്‌ നോട്ടീസോ, അനുജണ്റ്റെ പഠനമോ, തണ്റ്റെ ഭാവിയോ ഒന്നുമല്ല, ഇപ്പോള്‍ ഈ പെണ്‍കുട്ടിയെ അലട്ടുന്നത്‌.

രണ്ടുമാസമായി കാണാതായ മനോരോഗിണിയായ അമ്മ എവിടെപ്പോയെന്ന്‌ നിശ്ചയമില്ലാത്തതാണ്‌.

അവര്‍ ഭ്രാന്തിയായി തെരുവിലൂടെ അലയുകയാണോ?

അതോ സ്വന്തം അച്ഛന്‍ അമ്മയെ... ?

വേങ്ങൂറ്‍ ചൂരത്തോട്‌ ഭാഗത്ത്‌ പ്ളാസ്റ്റിക്‌ ഷീറ്റ്‌ വലിച്ചുകെട്ടിയ വീട്ടില്‍ ഇരുപത്തിനാലുകാരിയായ ഷീജയും ഒമ്പതാം ക്ളാസ്‌ വിദ്യാര്‍ത്ഥിയായ അനുജന്‍ ഷാജുവും പ്രായത്തിനു താങ്ങാനാവാത്ത പ്രതിസന്ധികളെയാണ്‌ അഭിമുഖീകരിയ്ക്കുന്നത്‌.

കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവും സി പി എം നേതാവുമായിരുന്ന അച്ഛന്‍ രണ്ടുവര്‍ഷം മുമ്പ്‌ രണ്ടുകുട്ടികളുള്ള ഒരു സ്ത്രീയ്ക്ക്‌ ഒപ്പം താമസം മാറ്റിയതോടെയാണ്‌ ഇവരുടെ ജീവിതത്തിണ്റ്റെ താളം തെറ്റിയത്‌. മുമ്പേ മനോരോഗത്തിന്‌ ചികിത്സയിലായിരുന്ന അമ്മയ്ക്ക്‌ രോഗം മൂര്‍ച്ഛിച്ചു. ഹോമിയോ ക്ളിനിക്കിലെ ചെറിയ ഒരു ജോലികൊണ്ടാണ്‌ ഷീജ അമ്മയേയും അനുജനേയും സംരക്ഷിച്ചത്‌.

ഇതിനിടയിലാണ്‌ അമ്മയെ കാണാതാവുന്നത്‌. അച്ഛനെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന്‌ കുട്ടികള്‍ പറയുന്നു. എടുത്താല്‍ തന്നെ മോശമായ പ്രതികരണമായിരിയ്ക്കും. പുതുജീവിതം തുടങ്ങും മുമ്പുതന്നെ അമിതമായി മദ്യപിച്ചെത്തുന്ന പിതാവ്‌ തങ്ങളേയും അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.

ഇതിനിടെ പുരയിടത്തിലുണ്ടായിരുന്ന മഹാഗണിയുള്‍പ്പടെയുള്ള മരങ്ങള്‍ മുഴുവന്‍ അച്ഛന്‍ വിറ്റു. അറുപതിനായിരത്തോളം രൂപ കിട്ടിയെങ്കിലും ഒരു രൂപ പോലും കുട്ടികള്‍ക്ക്്‌ നല്‍കാന്‍ സന്‍മനസുകാട്ടിയില്ല.

എം എല്‍ എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുമായി ബന്ധപ്പെട്ടെങ്കിലും കാരുണ്യപൂര്‍വ്വമുള്ള പ്രതികരണം ലഭിച്ചില്ലെന്നും കുട്ടികള്‍ പറയുന്നു. അമ്മയെ കാണാത്തതു സംബന്ധിച്ച്‌ കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതിയിലും നടപടികളൊന്നുമില്ല. ഇവര്‍ സഹായമഭ്യര്‍ത്ഥിയാക്കാത്തവരായി നാട്ടിലാരുമുണ്ടാകില്ല.

2006-ല്‍ വായ്പ എടുത്ത അമ്പതിനായിരം രൂപ പിഴപ്പലിശ ഉള്‍പ്പടെ 88550രൂപയായി മടക്കി അടയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രാരിയേലി സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ നിന്ന്‌ നോട്ടീസ്‌ വന്നിരിയ്ക്കുകയാണ്‌ ഇപ്പോള്‍. ബാങ്ക്‌ ജപ്തിയെ തുടര്‍ന്ന്‌ കിടപ്പാടം കൂടി നഷ്ടപ്പെട്ടാല്‍ ഇവര്‍ക്ക്‌ പിന്നെ പെരുവഴിമാത്രമാണ്‌ ആശ്രയം.