പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പൊതുവഴി കയ്യേറി നിര്‍മ്മിച്ച പ്ലൈവുഡ് കമ്പനിയില്‍ മെഷ്യനറികള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ ഗുണ്ടാ ആക്രമണം നടത്തിയെന്ന് പരാതി. സമരത്തിന്റെ മറവില്‍ കമ്പനിയില്‍ കയറി ഒരുപറ്റം ആളുകള്‍ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്ന് കമ്പനിയുടമ.
പീച്ചനാംമുഗളിലെ മൂണ്‍ ടിമ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിലായിരുന്നു സംഘര്‍ഷം. കമ്പനി വളപ്പിനോട് ചേര്‍ന്ന് താമസിക്കുന്ന പട്ടിക വിഭാഗത്തില്‍പ്പെട്ട വിധവ പുത്തന്‍പുരയില്‍ കാര്‍ത്ത്യായനി (55), മാലിക്കുടിയില്‍ ജിസ് എം കോരത് (38), തടിച്ചകുടിയില്‍ മാത്യു (42), തൃശമംഗലം രാജു (46), എന്നിവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനി തൊഴിലാളികളായ വെങ്ങോല സ്വദേശി ഫസീര്‍ (28), കണ്ടന്തറ സ്വദേശി സുല്‍ഫിക്കര്‍ (25), കമ്പനി ഉടമസ്ഥരില്‍പ്പെട്ട മുടിക്കല്‍ സ്വദേശി മൈതീന്‍കുഞ്ഞ് (55), അന്യസംസ്ഥാന തൊഴിലാളികളായ ബാബു, അമില്‍, അലി, റാഷിദ് എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കെ, ഇന്നലെ രാവിലെയാണ് അനധികൃതമായി നിര്‍മ്മിച്ച കമ്പനിയില്‍ മെഷ്യനറി സ്ഥാപിക്കാനുള്ള നീക്കം നടന്നത്. പരിസരവാസികള്‍ അത് തടഞ്ഞു. അതോടെ കമ്പനി വളപ്പിലുണ്ടായിരുന്ന നൂറോളം വരുന്ന സംഘം നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
മെഷ്യന്‍ സ്ഥാപിക്കുന്നതിന് എത്തിയ ക്രെയിന്‍ രാവിലെ തിരിച്ചു കൊണ്ടുപോയെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും മടങ്ങിയെത്തി. വിവരം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിക്ക് സമീപം റോഡില്‍ ക്രെയിന്‍ തടഞ്ഞ നാട്ടുകാര്‍ക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായി. സംഭവം അറിഞ്ഞ് കുറുപ്പംപടി പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
മെഷ്യനറി സ്ഥാപിക്കല്‍ പോലീസ് നിര്‍ത്തി വയ്പ്പിച്ചെങ്കിലും കമ്പനി വളപ്പില്‍ മാരകായുധങ്ങളുമായി തമ്പടിച്ച ഗുണ്ടാ സംഘത്തെ കസ്റ്റഡിയില്‍ എടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഒടുവില്‍ പോലീസ് തന്നെ ഇവരെ പുറത്തെത്തിച്ചു.
തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിന്‍ബലം ഉപയോഗിച്ച് നാട്ടുകാരെ തല്ലിച്ചതച്ച് അനധികൃത കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാമെന്ന് കമ്പനി ഉടമ വ്യാമോഹിക്കണ്ടെന്ന് പീച്ചനാംമുകളില്‍ ചേര്‍ന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധയോഗം മുന്നറിയിപ്പു നല്‍കി. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതെന്നും മത സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും യോഗം ചൂണ്ടിക്കാട്ടി.
കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. പി രാമചന്ദ്രന്‍ നായര്‍, ബെന്നി വറുഗീസ്, കെ.ഡി രാജേഷ്, കെ.പി അനീഷ്, കെ.കെ വര്‍ക്കി, കെ.ആര്‍ നാരായണ പിള്ള, കെ.ഇ പൗലോസ്, എം.വി ജോണി, പി.വി ചെറിയാന്‍, ബിനു പി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം, കമ്പനി എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സ്ഥാപിക്കുന്നതെന്നും പരിസരവാസികളായ ചിലര്‍ ഗണ്ടായിസം കാട്ടി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും സ്ഥാപന ഉടമ മുജ്ജീബ് പറയുന്നു.
മംഗളം 5.11.2013
No comments:
Post a Comment