Tuesday, December 30, 2008

പോത്തു വിരണ്ടോടി; വഴിയാത്രക്കാരന്‌ പരുക്ക്‌

30.12.2008
പെരുമ്പാവൂറ്‍: വിരണ്ടോടിയ പോത്തിണ്റ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന്‌ പരുക്കേറ്റു. വാഴക്കുളം ഗ്രാമപഞ്ചായത്തിലെ കീന്‍പടിയിലാണ്‌ വിരണ്ടോടിയ പോത്ത്‌ ഭീതി പരത്തിയത്‌. ഇന്നലെ രാവിലെ പത്തിനാണ്‌ സംഭവം. പോത്തിണ്റ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരനായ തമിഴ്നാട്‌ സ്വദേശിയ്ക്കാണ്‍്‌ പരുക്കേറ്റത്‌. നാട്ടുകാരിലൊരാള്‍ വെടിവച്ചുവീഴ്ത്തിയ പോത്തിനെ ഉടമയെത്താത്തതിനാല്‍ പരിസരവാസികള്‍ തന്നെ പങ്കിട്ടെടുക്കുകയും ചെയ്തു.

മുടക്കുഴയില്‍ മൊബൈല്‍ ടവറിന്‌ തീപിടിച്ചു

30.12.2008
പെരുമ്പാവൂറ്‍: മുടക്കുഴയില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടവറിന്‌ തീപിടിച്ചു. വന്‍ദുരന്തം ഒഴിവായി. പതിനൊന്നാം വാര്‍ഡില്‍പ്പെട്ട പുളിഞ്ചോട്ടില്‍ ഇന്നലെ രാവിലെ ആറിനാണ്‌ ആണ്‌ സംഭവം. പെരുമ്പാവൂരില്‍ നിന്ന്‌ ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ തീയണച്ചത്‌. ജനറേറ്ററില്‍ നിന്ന്‌ തീപടര്‍ന്നതാണെന്നു കരുതുന്നു. തൊട്ടടുത്ത്‌ വീടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പരിസരങ്ങളിലേയ്ക്ക്‌ പടരുംമുമ്പ്‌ അണയ്ക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Monday, December 29, 2008

കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു

22.12.2008
പെരുമ്പാവൂറ്‍: കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. കുട്ടമശ്ശേരി മനയില്‍ ജോണിണ്റ്റെ മകന്‍ പാട്രിക്‌ (55) ആണ്‌ മരിച്ചത്‌. ശനിയാഴ്ച രാത്രി 7.30-ന്‌ എ.എം റോഡില്‍ മുടിക്കല്ലില്‍ വച്ചാണ്‌ അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ 5-ന്‌ മരിച്ചു.

അജ്ഞാത വാഹനം ഇടിച്ച്‌ വൃദ്ധന്‍ മരിച്ചു



22.12.2008
പെരുമ്പാവൂറ്‍: മകളുടെ വീട്ടില്‍ കെട്ടുനിറയ്ക്ക്‌ പോയ വൃദ്ധന്‍ അജ്ഞാതവാഹനം ഇടിച്ച്‌ മരിച്ചു. ചെറുകുന്നം പൂമല (പൂക്കോട്ടില്‍) വീട്ടില്‍ വള്ളോന്‍ (80) ആണ്‌ മരിച്ചത്‌.

പുന്നയത്തുള്ള മകളുടെ വീട്ടിലെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനാണ്‌ വള്ളോന്‍ ഞായറാഴ്ച രാത്രി പുറപ്പെട്ടത്‌. ചടങ്ങില്‍ കാണാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നു വന്നില്ലെന്നാണ്‌ എല്ലാവരും കരുതിയത്‌. പിറ്റേന്ന്‌ എ.എം റോഡിനരികില്‍ വാഹനം മുട്ടി മരിച്ചനിലയില്‍ കാണുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കാമ്പ. മക്കള്‍: അയ്യപ്പന്‍കുട്ടി (തമ്പി), സുരു,കുട്ടി,പരേതയായ ഓമന. മരുമക്കള്‍: കുമാരി, ശ്രീജ, അയ്യപ്പന്‍, സുകുമാരന്‍.

Sunday, December 28, 2008

നായര്‍ സമുദായം വോട്ടുബാങ്കായി മാറും: പി. കെ നാരായണ പണിയ്ക്കര്‍



21.12.2008

ശക്തിപ്രകടനം അവിസ്മരണീയമായി

പെരുമ്പാവൂറ്‍: സമദൂരസിദ്ധാന്തം വിട്ട്‌ നായര്‍ സമുദായം വോട്ടുബാങ്കായി മാറുമെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിയ്ക്കര്‍ വ്യക്തമാക്കി. എന്‍.എസ്‌.എസ്‌ കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ സമുദായവും വിലപേശി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ കേരളത്തിലെ പ്രബല സമുദായമായ നായര്‍ അവഗണിയ്ക്കപ്പെടുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിലെയര്‍ പരിധി ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ക്ക്‌ അര്‍ഹതയിലേറെ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുമെന്നും പണിയ്ക്കര്‍ പറഞ്ഞു.

യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.എസ്‌ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ പ്രൊഫ. വി.പി ഹരിദാസ്‌, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ എന്‍.വി അയ്യപ്പന്‍ പിള്ള, എം.എം ഗോവിന്ദന്‍ കുട്ടി, യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ അഡ്വ.ടി.എന്‍ ദിലീപ്‌ കുമാര്‍, സെക്രട്ടറി പി.ജി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊതുയോഗത്തിന്‌ മുമ്പ്‌ ഗവ.ബോയ്സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു തുടങ്ങിയ ശക്തി പ്രകടനം പെരുമ്പാവൂറ്‍ പട്ടണത്തിന്‌ അവിസ്മരണീയമായ അനുഭവമായി. താലൂക്കിലെ തൊണ്ണൂറ്റിരണ്ട്‌ കരയോഗങ്ങളില്‍ നിന്നായി ഇരുപത്തിഅയ്യായിരത്തോളം പേരാണ്‌ പ്രകടനത്തില്‍ പങ്കുകൊണ്ടത്‌. കസവുസെറ്റു ചുറ്റിയ വനിതകളും നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയും പ്രകടനത്തിന്‌ ഒരു സാംസ്കാരിക ഘോഷയാത്രയുടെ പകിട്ടേകി. കാളിയമര്‍ദ്ദനം തുടങ്ങിയ പുരാണ കഥാസന്ദര്‍ഭങ്ങളും ജാതിസംവരണത്തിനെതിരെയുള്ള പ്രതിക്ഷേധം അലയടിയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും പുറമെ ചന്ദ്രയാന്‍ തുടങ്ങിയ ശാസ്ത്രനേട്ടങ്ങള്‍ വരെയുള്ള നിശ്ചല ദൃശ്യങ്ങള്‍ പ്രകടനത്തില്‍ അണി നിരന്നു. കൊഴുപ്പുകൂട്ടാന്‍ ചെണ്ടമേളവും കാവടിയും വേറെ. പ്രകടനം ഒരു പോയിണ്റ്റുകടക്കാന്‍ ഏകദേശം രണ്ടര മണിക്കൂറാണെടുത്തത്‌.

ദേവാലയങ്ങളിലുള്‍പ്പടെ നാടെങ്ങും മോഷണം വ്യാപകം; പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം

19.12.2008
കരോള്‍ സംഘം പിടികൂടിയ ആളെ വെറുതെ വിട്ടു
പെരുമ്പാവൂറ്‍: ക്രൈസ്തവ-ഹൈന്ദവ ദേവാലയങ്ങളിലുള്‍പ്പടെ നാട്ടിലെങ്ങും മോഷണം വ്യാപകമായിട്ടും പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം.
മണ്ണൂരില്‍ കരോള്‍ സംഘം ദൂരൂഹസാഹചര്യത്തില്‍ പിടികൂടിയ യുവാവിനെ പോലീസ്‌ വിട്ടയച്ചതിലും പ്രതിഷേധമുണ്ട്‌. മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയിലെ കരോള്‍ സംഘമാണ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ സംശയകരമായ ചുറ്റുപാടില്‍ ഒരാളെ പിടികൂടിയത്‌. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ പറഞ്ഞ ഇയാളുടെ കൈയ്യില്‍ നിന്ന്‌ മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. അപ്പോള്‍ തന്നെ ഇയാളെ പോലീസിന്‌ കൈമാറിയെങ്കിലും മനോരോഗിയോണെന്ന നിഗമനത്തില്‍ കുന്നത്തുനാട്‌ പോലീസ്‌ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
പ്രദേശത്ത്‌ മോഷണം വ്യാപകമായ സാഹചര്യത്തില്‍ പോലീസ്‌ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. കഴിഞ്ഞ 16-ന്‌ മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക്‌ സെറ്റ്‌ മോഷണം പോയിരുന്നു. രാത്രിയാണ്‌ സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്‌, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല.
അന്നേദിവസം തന്നെ കീഴില്ലം സെണ്റ്റ്‌ തോമസ്‌ പള്ളിയിലും മോഷണശ്രമം നടന്നു. കൂടാതെ പട്ടിമറ്റത്ത്‌ ഏഴുവീടുകളിലും മോഷണ ശ്രമം ഉണ്ടായി. മാവേലിമറ്റം അലിയാര്‍, കല്‍പാറ ബിനു, കളപ്പുര അബു എന്നിവരുടെ അടുക്കളവാതില്‍ കത്തിച്ചും മാനസസരോവരം ആര്‍.എസ്‌ നായര്‍, വട്ടപ്പാറ ജബ്ബാര്‍, ഐമനാക്കുടി അലിയാര്‍ എന്നിവരുടെ വീടിണ്റ്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ചും അകത്തുകടക്കാനാണ്‌ മോഷ്ടാക്കള്‍ ശ്രമിച്ചത്‌. വിവരമറിഞ്ഞ വീട്ടുകാര്‍ പുലര്‍ച്ചെ തന്നെ പോലീസിനെ അറിയിച്ചുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
നാളുകള്‍ക്ക്‌ മുമ്പാണ്‌ കൂഴൂറ്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌. ആയിരക്കണക്കിന്‌ രൂപയുടെ ഓട്ടുപാത്രങ്ങളും മറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയി. മാസങ്ങള്‍ക്ക്‌ മുമ്പ്‌ നമ്പ്യാര്‍ വിട്ടില്‍ മോഹനണ്റ്റെ ഭാര്യയുടെ നാലുപവണ്റ്റെ മാലയാണ്‌ നഷ്ടമായത്‌. ഇതിനു പുറമെ മാര്‍ കൂറിലോസ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലും പോലീസ്‌ സ്റ്റേഷണ്റ്റെ നേരെ മുന്നിലുള്ള ഹാര്‍ഡ്‌വെയര്‍ കടയിലും കള്ളന്‍ കയറി. ഒന്നിനു പോലും തുമ്പുണ്ടാക്കാന്‍ പോലീസിനായിട്ടില്ല.

സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ്‌ ഷെഡ്‌ ഭീഷണിയായി




18.12.2008


പെരുമ്പാവൂറ്‍: ആശ്രമം ഹയര്‍ സെക്കണ്റ്ററി സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ്ഷെഡ്‌ ഭീഷണിയായി.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച കോണ്‍ഗ്രീറ്റ്‌ വെയിറ്റിങ്ങ്‌ ഷെഡാണ്‌ ഇത്‌. ഇതിണ്റ്റെ ഒരു തൂണ്‌ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്‌. എല്‍.പി ക്ളാസു മുതല്‍ ഹയര്‍സെക്കണ്റ്ററി ക്ളാസുകള്‍ വരെയുള്ള നൂറുകണക്കിന്‌ കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളിലെ മാത്രമല്ല, തൊട്ടുചേര്‍ന്നുള്ള വനിതാ കോളജിലേയും സെല്‍ഫ്‌ ഫിനാന്‍സ്‌ കോളജിലേയും കുട്ടികളും ആശ്രയിക്കുന്ന ബസ്‌ കാത്തിരുപ്പ്‌ കേന്ദ്രമാണിത്‌. ഇതുകൂടാതെ നിരവധി മറ്റു യാത്രക്കാരും.


വെയിറ്റിങ്ങ്‌ ഷെഡിണ്റ്റെ ശോച്യാവസ്ഥ നാട്ടുകാര്‍ പലവട്ടം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്‌. വെയിറ്റിങ്ങ്ഷെഡ്‌ നിലംപൊത്തിയാലുണ്ടവുന്നത്‌ ചെറിയ ദുരന്തമായിരിയ്ക്കില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.

വ്യാജ മണല്‍പ്പാസുകള്‍ വ്യാപകം; താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസ്‌ വിതരണം നിര്‍ത്തിവച്ചു

18.12.2008

പെരുമ്പാവൂറ്‍: മണല്‍ക്കടവുകളില്‍ വ്യാജ മണല്‍പ്പാസുകള്‍ വ്യാപകമായെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസു വിതരണം താത്കാലികമായി നിര്‍ത്തിവച്ചു.

റൂറല്‍ പോലീസ്‌ സൂപ്രണ്ടിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‌ ഇന്നലെ നടന്ന പരിശോധനയില്‍ വ്യാജപാസുകള്‍ ഉപയോഗിച്ചുള്ള മണല്‍ക്കടത്ത്‌ കണ്ടെത്തി. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുകടവില്‍ നിന്നാണ്‌ വ്യാജപാസ്‌ ഉപയോഗിച്ച്‌ മണല്‍ കടത്തിയത്‌. എസ്‌.പിയുടെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി കാലടി എസ്‌.ഐ ആണ്‌ ഇന്നലെ രാവിലെ 7.30മുതല്‍ 11.30വരെ പരിശോധന നടത്തിയത്‌. ഇരുപതു ലോഡുകള്‍ പരിശോധിച്ചതില്‍ ഒന്ന്‌ വ്യാജപാസ്‌ ഉപയോഗിച്ചുള്ളതാണെന്ന്‌ കണ്ടെത്തി.

തഹസില്‍ദാര്‍, പഞ്ചായത്ത്‌ സെക്രട്ടറി, മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ എന്നിവരുടെ പാസിലുള്ള ഒപ്പുകള്‍ വ്യാജമാണെന്ന്‌ തെളിഞ്ഞു. ഈ വിവരം പോലീസ്‌ തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ പാസു വിതരണം നിര്‍ത്തിവച്ചത്‌. ഇനി പാസുകള്‍ ജില്ലാ വിദഗ്ദ്ധ സമിതി ചേര്‍ന്നശേഷമേ വിതരണം ചെയ്യൂ. കര്‍ശനമായ പരിശോധന നടക്കുന്നുണ്ടെന്ന്‌ അറിഞ്ഞതോടെ പല ലോഡുകളും റോഡരികിലും റോഡരികിലുള്ള പുരയിടങ്ങളിലും തട്ടി ലോറിക്കാര്‍ തടിയൂരുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വ്യാജമണല്‍പ്പാസുകള്‍ ഇന്നലെത്തന്നെ കണ്ടെത്താനാകുമായിരുന്നുവെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 12 മണല്‍ക്കടവുകളാണുള്ളത്‌. എല്ലാകടവുകളില്‍ നിന്നുമായി പ്രതിദിനം 116 ലോഡ്‌ മണല്‍ പോകുന്നുണ്ടെന്നാണ്‌ കണക്ക്‌. ലോഡ്‌ ഒന്നിന്‌ പഞ്ചായത്തിന്‌ 1000 രൂപ വീതം ലഭിയ്ക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കടവുകളില്‍ നിന്ന്‌ കയറിപ്പേകുന്നത്‌ 500-ലധികം ലോഡുകളാണ്‌. ഈ നിലയ്ക്ക്‌ പഞ്ചായത്തിന്‌ ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്‌.

വ്യാജ പാസുകള്‍ക്ക്‌ പിന്നില്‍ പഞ്ചായത്ത്‌ സെക്രട്ടറിയാണെന്നാണ്‌ ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ ഭരണപക്ഷത്തിണ്റ്റെ ആരോപണം. എന്നാല്‍ ഭരണസമിതി അറിയാതെ ഇതു സംഭവിയ്ക്കില്ലെന്നും പഞ്ചായത്ത്‌ സെക്രട്ടറിയെ ബലിയാടാക്കുകയാണെന്നുമാണ്‌ പ്രതിപക്ഷത്തിണ്റ്റെ ആക്ഷേപം.

മണ്ണൂറ്‍ പള്ളിയില്‍ നിന്ന്‌ മൈക്ക്‌ സെറ്റ്‌ മോഷണം പോയി

17.12.2008
പെരുമ്പാവൂറ്‍: മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക്‌ സെറ്റ്‌ മോഷണം പോയി.
ചൊവ്വാഴ്ച രാത്രിയാണ്‌ സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്‌, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല. കീഴില്ലം സെണ്റ്റ്‌ തോമസ്‌ പള്ളിയിലും അന്നു തന്നെ മോഷണശ്രമം നടന്നു. കുന്നത്തുനാട്‌ പോലീസ്‌ കേസെടുത്തു.

എം. സി റോഡരികിലും കനാലിലും കക്കൂസ്‌ മാലിന്യം തള്ളി

17.12.2008
പെരുമ്പാവൂറ്‍: എം.സി റോഡരികിലും പെരിയാര്‍വാലി കനാലിലും കക്കൂസ്‌ മാലിന്യം തള്ളി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ്‌ മാലിന്യമാണ്‌ ഇവിടെ തള്ളിയത്‌. കീഴില്ലം നവജീവന്‍ കവലയിലും പരത്തുവയലില്‍പ്പടിയിലുള്ള പെരിയാര്‍വാലി കനാലിലുമാണ്‌ മാലിന്യം നിക്ഷേപിച്ചത്‌. നവജീവന്‍ കവലയില്‍ പാടം നികത്തിയ സ്ഥലത്ത്‌ തോടരികിലാണ്‌ ഇത്‌. കടുത്തദുര്‍ഗന്ധം മൂലം ഈ പ്രദേശങ്ങളിലെ ആളുകള്‍ വലയുകയാണ്‌. കനാലിലേയും തോട്ടിലേയും വെള്ളം ആളുകള്‍ കുളിയ്ക്കാനും മറ്റും ഉപയോഗിയ്ക്കുന്നതാണ്‌.
കഴിഞ്ഞമാസവും ഈ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആളുകള്‍ അറിഞ്ഞ്‌ എത്തിയപ്പോഴേയ്ക്കും വാഹനം വിട്ടുപോയി. ടാങ്കര്‍ ലോറിയിലാണ്‌ മാലിന്യം കൊണ്ടുവന്ന്‌ തള്ളിയതെന്ന്‌ ദൃക്സാക്ഷികള്‍ പറയുന്നു.

ഹോട്ടല്‍ തകര്‍ത്തു; ആറുപേര്‍ പിടിയില്‍

16.12.2008
പെരുമ്പാവൂറ്‍: ബില്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത ആറുപേര്‍ പോലീസ്‌ പിടിയിലായി. കുറുപ്പംപടിയിലെ റോയല്‍ ഹോട്ടലാണ്‌ ഇന്നലെ വൈകിട്ട്‌ എത്തിയ സംഘം അടിച്ചു തകര്‍ത്തത്‌.
രാവിലെ കടയിലെത്തിയ മുടക്കുഴ തേവര്‍മഠത്തില്‍ ബൈജു വും ഹോട്ടല്‍ ഉടമയായുമായി ബില്‍ സംബന്ധിച്ച്‌ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വൈകിട്ട്‌ ബൈജു തേവര്‍മഠത്തില്‍ വിന്‍സെണ്റ്റ്‌ , ജയാഫി, ഇരിങ്ങോള്‍ പനവിള വീട്ടില്‍ രഞ്ജിത്‌ , സഹോദരന്‍ ശ്രീജിത്‌ , കോട്ടപ്പുറത്തു വീട്ടില്‍ അനൂപ്‌ എന്നിവരുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ഭക്ഷ്യവിഷബാധ: കുറുപ്പംപടി ഡയറ്റിലെ വിദ്യാര്‍ത്ഥിനികളും ടീച്ചറും അടക്കം 13 പേര്‍ ആശുപത്രിയില്‍

16.12.2008
പെരുമ്പാവൂറ്‍: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്‌ കുറുപ്പംപടി ഡയറ്റിലെ ടി.ടി.സി വിദ്യാര്‍ത്ഥിനികളും ടീച്ചറും അടക്കം 13 പേര്‍ ആശുപത്രിയില്‍.
കുറുപ്പംപടി ടൌണിലെ ഒരു പ്രമുഖ ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്ക്‌ കഴിച്ച അദ്ധ്യാപികയായ വൈക്കം കിഴക്കേനട ശ്രീനിലയം വീട്ടില്‍ പി.ഇന്ദു, മകളും ഡയറ്റ്‌ സ്കൂളിലെ ആറാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായ നളിനി റോയ്‌ (11), ടി.ടി.സി വിദ്യാര്‍ത്ഥിനികളായ പറവൂറ്‍ കുഴിപ്പിള്ളി ദിഗന്തത്തില്‍ ഹെമി, കോഴിക്കോട്‌ ബാലുശ്ശേരി ചെറുവാട്ടു വീട്ടില്‍ അഞ്ജന, കട്ടപ്പന പുതിയേടത്തുവീട്ടില്‍ രശ്മി, മലപ്പുറം വണ്ടൂറ്‍ കെ.ഷില്‍ജി, പാലക്കാട്‌ തുമ്പിപ്പള്ളം വീട്ടില്‍ സിന്ധു, നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുജിത, നെയ്യാറ്റിന്‍കര സ്മിത നിവാസില്‍ സിന്‍ജു, ഇടുക്കി തട്ടേക്കണ്ണി നടുപ്പറമ്പില്‍ വീട്ടില്‍ ശില്‍പാ ജോസ്‌, രാജാക്കാട്‌ തുണ്ടിടയില്‍ വീട്ടില്‍ അജന്യ, കോഴിക്കോട്‌ പേരാമ്പ്ര രജിനാ നിവാസില്‍ രജില, മലപ്പുറം വണ്ടൂറ്‍ ശ്രീപാദത്തില്‍ പി അഖില എന്നിവരെയാണ്‌ ഇന്നലെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ഒന്നും രണ്ടും വര്‍ഷ ടി.ടി.സി വിദ്യാര്‍ത്ഥിനികള്‍ തിങ്കളാഴ്ച സംയുക്തമായി സംഘടിപ്പിച്ച ക്രസ്തുമസ്‌ ആഘോഷത്തിന്നിടയില്‍ കഴിച്ച കേക്കാണ്‌ അസ്വസ്ഥതയുണ്ടക്കിയത്‌. രാത്രിയോടെ തന്നെ ഇതു കഴിച്ചവര്‍ക്ക്‌ കടുത്ത തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. പിന്നീട്‌ ഛര്‍ദിയും തുടങ്ങി. അര്‍ദ്ധരാത്രിയോടെ തന്നെ എല്ലാവരേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബേക്കറിയില്‍ ഇന്നലെ തന്നെ രായമംഗലം ആരോഗ്യവകുപ്പ്‌ അധികൃതര്‍ റെയ്ഡ്‌ നടത്തി. അവശേഷിച്ച കേക്ക്‌ പീസുകള്‍ മുഴുവന്‍ പിടിച്ചെടുത്തിട്ടുണ്ട്‌.

ബിനുവിണ്റ്റെ കൊലപാതകം: ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍

16.12.2008
പെരുമ്പാവൂറ്‍: റബര്‍ ടാപ്പിങ്ങ്‌ തൊഴിലാളിയായ യുവാവിണ്റ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍.
കാരുകുളം കൊല്ലംകുടി വീട്ടില്‍ ബിനു (38) വിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ ഭാര്യ ഷീല (36), രഹസ്യകാമുകനായ കണ്ണൂറ്‍ പള്ളിക്കുന്ന്‌ ചാലാട്‌ ക്ളീനക്കണ്ടി വീട്ടില്‍ രവീന്ദ്രണ്റ്റെ മകന്‍ രാജേഷ്‌ (രാഹുല്‍-24) എന്നിവരെയാണ്‌ ഇന്നലെ പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി റിമാണ്റ്റ്‌ ചെയ്തത്‌. ഇക്കഴിഞ്ഞ 14-നാണ്‌ ബിനുവിണ്റ്റെ മൃതദേഹം വീടിന്നടുത്തുള്ള റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്‌. മരണം സ്വാഭാവികമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിണ്റ്റെ ഫലമായാണ്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്‌.
സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഒരു കൂട്ടുകാരന്‍ രാജേഷിണ്റ്റെ സെല്‍ഫോണില്‍ നിന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഷീലയെ വിളിയ്ക്കുന്നു. ഫോണില്‍ കിടന്ന നമ്പറില്‍ രാജേഷ്‌ ഷീലയെ വിളിച്ചുതുടങ്ങിയതോടെ ഒരു പ്രണയബന്ധത്തിന്‌ തുടക്കമായി. ഫോണില്‍ നിരന്തരം വിളിച്ചുസല്ലപിച്ചുപോന്ന ഇവര്‍ പിന്നീട്‌ നേരിട്ട്‌ കാണാന്‍ തുടങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന രാജേഷിനൊപ്പം ഷീല ചെറായി ബീച്ചിലും ആതിരപ്പിള്ളിയിലുമൊക്കെ കറങ്ങി. പലവട്ടം സിനിമയ്ക്കുപോയി. ഇത്‌ ബിനുവിണ്റ്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
13-ന്‌ ഷീല ക്ഷണിച്ചതനുസരിച്ച്‌ രാജേഷ്‌ എത്തുകയായിരുന്നു. ചെമ്പറക്കി കവലയില്‍ കാത്തുനിന്ന ഷീലയക്ക്‌ ഒപ്പം ഓട്ടോറിക്ഷയില്‍ രാജേഷ്‌ കാരുകുളത്തു വന്നു. ചോദിച്ചവരോട്‌ കാട കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ വന്നയാളാണെന്നാണ്‌ പരിചയപ്പെടുത്തിയത്‌. രാവിലെ വന്ന രാജേഷിനെ രാത്രി വരാന്‍ ആവശ്യപ്പെട്ട്‌ ഷീല മടക്കി അയച്ചു. എറണാകുളത്ത്‌ കറങ്ങി നടന്നശേഷം ഇയാള്‍ രാത്രി 9.30-ഓടെ മടങ്ങിയെത്തി. അപ്പോഴേയ്ക്കും ഷീല ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി ഉറക്കിക്കിടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത്‌ താമസിയ്ക്കുന്ന ബിനുവിണ്റ്റെ ചേട്ടന്‍ ബെന്നി വന്നയാളാരാണെന്ന്‌ അന്വേഷിച്ചു. ഭര്‍ത്താവ്‌ പണം കൊടുക്കാനുള്ളത്‌ ചോദിച്ചുവന്നതാണെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന്‌ മടങ്ങിയ രാജേഷ്‌ 11.30വരെ തൊട്ടടുത്ത്‌ ഒളിച്ചിരുന്നു. എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോള്‍ വീട്ടിലെത്തി ഷീലയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
അതിനു ശേഷമാണ്‌ മദ്യപാനിയായ തണ്റ്റെ ഭര്‍ത്താവിനെ വകവരുത്തണമെന്ന്‌ ഷീല യുവാവിനോട്‌ ആവശ്യപ്പെടുന്നത്്‌. രാജേഷ്‌ വിസമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ താനെന്തായാലും ഇന്നുതന്നെ കൊലപ്പെടുത്തുമെന്നും ഒടുവില്‍ പിടിയിലാകാന്‍ പോകുന്നത്‌ രാജേഷ്‌ ആയിരിയ്ക്കുമെന്നും ഷീല ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന്്‌ രാജേഷ്‌ ഒപ്പം നില്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു. ഷീല ഇരുമ്പ്‌ വടിയ്ക്ക്‌ തലയ്ക്ക്‌ അടിച്ചാണ്‌ ബിനുവിനെ വകവരുത്തിയത്‌. അതിനുശേഷം മൃതദേഹം അടുത്തുളള റബര്‍തോട്ടത്തില്‍ കൊണ്ടുചെന്നിട്ടു. രക്തം പുരണ്ട തലയിണയും മറ്റും തീയിട്ടു നശിപ്പിച്ചു. ഇതിനുശേഷം ഒരിയ്ക്കല്‍കൂടി ശാരീരികമായി ബന്ധപ്പെട്ടശേഷമാണ്‌ ഇവര്‍ പിരിയുന്നത്‌. രാത്രി തന്നെ യുവാവ്‌ കണ്ണൂര്‍ക്ക്‌ മടങ്ങി.
റൂറല്‍ എസ്‌.പി പി. വിജയണ്റ്റെയും പെരുമ്പാവൂറ്‍ ഡി.വൈ.എസ്‌.പി ബെന്നി തോമസിണ്റ്റേയും നേതൃത്വത്തില്‍ കുന്നത്തുനാട്‌, പെരുമ്പാവൂറ്‍ സ്റ്റേഷനുകളിലെ സി.ഐ മാരായ കെ.വി പുരുഷന്‍, ഡി.വിജയകുമാര്‍, എസ്‌.ഐ മാരായ ടി.പി സുഗതന്‍, മാത്യു ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. ഷീലയെ വീട്ടില്‍ നിന്നും രാജേഷിനെ തന്ത്രപൂര്‍വ്വം ആലുവായ്ക്ക്‌ വിളിച്ചുവരുത്തിയുമായിരുന്നു അറസ്റ്റ്‌. കൊലപാതകത്തിനു ഉപയോഗിച്ച കമ്പിവടി ബിനുവിണ്റ്റെ വീട്ടിലെ വിറകുപുരയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌

പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന്‌ പി.ഡി. പി

14.12.2008
പെരുമ്പാവൂറ്‍: തെരഞ്ഞെടുപ്പില്‍ സഹായം സ്വീകരിച്ച ശേഷം ഇപ്പോള്‍ തങ്ങളെ തള്ളിപ്പറയുന്ന യു.ഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന്‌ പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി യുടെ പിന്തുണയ്ക്കായി പി.പി തങ്കച്ചന്‍ തങ്ങളുടെ പിന്നാലെ നടക്കുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി ടി.പി ഹസനും തങ്കച്ചനും, താനടക്കമുള്ള പി.ഡി.പി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ മഅദ്നിയുടെ പടമുള്ള പോസ്റ്ററുകള്‍ ഒട്ടിച്ച്‌ തങ്കച്ചന്‍ വോട്ടുതേടിയത്‌ പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ മറന്നിട്ടില്ല. എന്നിട്ടും പി.പി തങ്കച്ചന്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. മഅദനിയുടെ പടമുള്ള പോസ്റ്റര്‍ പ്രചാരണത്തിനെത്തിയത്‌ താനറിഞ്ഞല്ല എന്നാണ്‌ ഇപ്പോള്‍ തങ്കച്ചന്‍ പറയുന്നത്‌. അത്‌ തനിയ്ക്ക്‌ നഷ്ടമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അക്കാലത്ത്‌ തങ്കച്ചണ്റ്റെ പരാജയത്തിണ്റ്റെ പഴിമുഴുവന്‍ കേട്ടത്‌ ടി.എച്ച്‌ മുസ്തഫയാണ്‌. സത്യത്തില്‍ തങ്കച്ചണ്റ്റെ പരാജയത്തിനു വേണ്ടി യത്നിച്ചത്‌ ജില്ലയിലെ മറ്റൊരു കോണ്‍ഗ്രസ്‌ നേതാവാണെന്നും പത്രസമ്മേളനത്തില്‍ സബാഹി ആരോപിച്ചു.
തങ്കച്ചന്‍ പി.ഡി.പിയെ തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ തട്ടകമായ പെരുമ്പാവൂരില്‍ യു.ഡി.എഫ്‌ ഇപ്പോഴും ഭരിയ്ക്കുന്നത്‌ പി.ഡി.പി പിന്തുണയോടെയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടത്തില്‍ ഈ കൌണ്‍സിലര്‍ക്ക്‌ വൈസ്‌ ചെയര്‍മാന്‍ പദവിയാണ്‌ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്‌. ഇതൊക്കെ യു.ഡി.എഫിന്‌ നിഷേധിയ്ക്കാനാവുമോ എന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ മുഹമ്മദ്‌ ഹാജി, മണ്ഡലം പ്രസിഡണ്റ്റ്‌ സലിം, സെക്രട്ടറി ടി.എം ബഷീര്‍, മുനാജ്‌ എന്നിവര്‍ ചോദിയ്ക്കുന്നു.

Thursday, December 25, 2008

ട്രാവന്‍കൂറ്‍ റയോണ്‍സ്‌: രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി

9.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള കോടതി വിധി വന്നതോടെ വിവിധ രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി. കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുന്നതില്‍ മത്സരിച്ച നേതാക്കള്‍, കോടതിവിധിയുടെ പിന്നാലെ പരസ്പരം ചെളിവാരിയെറിയാന്‍ ഗോദായിലിറങ്ങിക്കഴിഞ്ഞു.
ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായി വന്ന കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിണ്റ്റെ ആസ്തിയില്‍ സംശയം രേഖപ്പെടുത്തി മുഖ്യമന്ത്രിയ്ക്ക്‌ റയോണ്‍സ്‌ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കത്തു നല്‍കിയതാണ്‌ പ്രതിസന്ധിയ്ക്ക്‌ കാരണമെന്ന ആരോപണമുയര്‍ത്തി സി.പി.എം മുഖപത്രം കഴിഞ്ഞദിവസം വിവാദങ്ങള്‍ക്ക്‌ തീകൊടുത്തു. റയോണ്‍സ്‌ പുനരുദ്ധാരണത്തിനുള്ള എല്ലാ നീക്കങ്ങളും ഇതോടെ അട്ടിമറിയ്ക്കപ്പെടുകയായിരുന്നുവെന്നും, കത്തു നല്‍കിയതോടെ ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന സങ്കുചിതരാഷ്ട്രീയ അജണ്ട പുറത്തുവന്നുവെന്നും പാര്‍ട്ടിപത്രം എഴുതി.
ഈ പത്രവാര്‍ത്ത രാഷ്ട്രീയ അന്തസിനു നിരക്കുന്നതല്ലെന്ന ഏതിര്‍വാദവുമായി ഇന്നലെ തങ്കച്ചനും രംഗത്തെത്തി. സാജുപോള്‍ എം.എല്‍.എ തൊഴിലാളികളെ പറഞ്ഞുപറ്റിച്ചുവെന്നാണ്‌ തങ്കച്ചന്‍ തുറന്നടിച്ചത്‌. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ യു.ഡി.എഫ്‌ സര്‍ക്കാരിനെ പഴിചാരിയ സാജു പോള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തിട്ടും പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രമാണുണ്ടായതെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പറഞ്ഞു. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഒരു ശ്രമവും നടന്നില്ല.
1946-ല്‍ എം.സി.എം ചിദംബരം ചെട്ട്യാര്‍ സ്ഥാപിച്ച ട്രാവന്‍കൂറ്‍ റയോണ്‍സ്‌ 2001-ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോഴാണ്‌ അടച്ചുപൂട്ടിയത്‌. നേരിട്ടും പരോക്ഷമായും രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക്‌ ഉപജീവനമാര്‍ഗമായിരുന്ന റയോണ്‍സിണ്റ്റെ പ്രതാപകാലം പെരുമ്പാവൂറ്‍ പട്ടണത്തിന്‌ മറക്കാനാവില്ല. പ്രതിമാസം 45ലക്ഷം രൂപയോളമാണ്‌ പെരുമ്പാവൂരിലെ വിവിധ വ്യാപാരമേഖലകളില്‍ ഒഴുകിയെത്തിയിരുന്നത്‌. വൈദ്യുതി ലൈന്‍ വലിയ്ക്കുന്നതിനെന്നപേരില്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനി പിന്നീടങ്ങോട്ട്‌ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ്‌ കാലത്തെ തുരുപ്പ്‌ ചീട്ടായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സാജുപോളും യു.ഡി.എഫിണ്റ്റെ ഷാനിമോള്‍ ഉസ്മാനും റയോണ്‍സ്‌ പുനരുദ്ധാരണമാണ്‌ മുഖ്യവിഷയമാക്കിയത്‌. 2004-ല്‍ ദിനോസര്‍ ഗ്രൂപ്പും 2007-ല്‍ കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പും റയോണ്‍സ്‌ ഏറ്റെടുക്കാന്‍ സന്നദ്ധമായി രംഗത്തുവന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതില്‍ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പ്‌ ഒരു സി.പി.എം നേതാവിണ്റ്റെ ബിനാമിയാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. മുന്നൂറുകോടി രൂപയുടെ പൊതുമേഖലാ സ്ഥാപനം കേവലം അഞ്ചുകോടിയ്ക്ക്‌ ഒരു സ്വകാര്യവ്യക്തിയ്ക്ക്‌ തീറെഴുതിക്കൊടുക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു.
ഇതിന്നിടെ ചുരുങ്ങിയ മുതല്‍മുടക്കില്‍ റയോണ്‍സ്‌ സംരക്ഷിയ്ക്കാന്‍ കഴിയുന്ന പാക്കേജുകള്‍ അവതരിപ്പിച്ച പരിസ്ഥിതി സഘടനകളെ ആരും കണ്ടതായിപ്പോലും നടിച്ചില്ല. അവശേഷിയ്ക്കുന്ന തൊഴിലാളികള്‍ കൂടി പിരിഞ്ഞുപോവുകയും ആനുകൂല്യങ്ങള്‍ ലഭിയ്ക്കേണ്ട നൂറുകണക്കിന്‌ വിരമിച്ച തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്യുന്നതോടെ റയോണ്‍സിന്‌ വേണ്ടിയുള്ള മുറവിളികള്‍ അവസാനിയ്ക്കുമെന്ന്‌ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക്‌ അറിയാം. അതുവരെ പരസ്പരം പഴിചാരാനുള്ള രാഷ്ട്രീയ ഉപകാരണമായി ഈ സ്ഥാപനത്തെ ഉപയോഗിയ്ക്കാമെന്നു കരുതിയിരുന്ന നേതാക്കള്‍ സത്യത്തില്‍ ഹൈക്കോടതി വിധിയോടെ അങ്കലാപ്പിലായെന്നതാണ്‌ സത്യം. റയോണ്‍സ്‌ അടച്ചുപൂട്ടി ആസ്തികള്‍ വിറ്റ്‌ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ്‌ കോടതി വിധി.

കെ.എസ്‌.ആര്‍.ടി. സി ബസ്‌ ലോറിയുടെ പിന്നിലിടിച്ച്‌ മുപ്പതിലേറെ പേര്‍ക്ക്പരുക്ക്‌

6.12.2008
പെരുമ്പാവൂറ്‍: എം.സി റോഡില്‍ കെ.എസ്‌.ആര്‍.ടി.സി ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌ ലോറിയുടെ പിന്നിലിടിച്ച്‌ മുപ്പതിലേറെ പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റവരെ അങ്കമാലി, പെരുമ്പാവൂറ്‍ മേഖലകളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊല്ലം കുന്നേല്‍ വീട്ടില്‍ സജി , അടിമാലി പള്ളിപ്പുറത്താന്‍ വീട്ടില്‍ സപ്ന മുസ്തഫ , തൃശൂറ്‍ കക്കാട്ടുപിള്ളിയില്‍ രവീന്ദ്രന്‍, തൊടുപുഴ സ്വദേശിനികളായ കളത്തില്‍ വീട്ടില്‍ മേരി ജോണ്‍സണ്‍ , വെട്ടിക്കുഴച്ചാലില്‍ മേരി മാത്യു, വടക്കാഞ്ചേരി പഴഞ്ചന്‍പിള്ളി മേരിജോസഫ്‌ , അതിരമ്പുഴ മുക്കാലയില്‍ സിബി ജോര്‍ജ്‌ , പൂവല്ലൂറ്‍ തണ്ടപ്പാറ ഷിഹാബ്‌ , പല്ലാരിമംഗലം ബല്‍ക്കീസ്‌ മരയ്ക്കാര്‍, മുന്നിലവ്‌ പെന്താനത്ത്‌ ജസി ജയിംസ്‌ , ഈരാറ്റുപേട്ട ജയിംസ്‌ പി.ജെ , പെരുമ്പാവൂറ്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ബില്ലു പരീത്‌, തൃശൂറ്‍ സോമരാജ്‌, പത്തനംതിട്ട പൊന്നൂട്ടില്‍ വീട്ടില്‍ ബിനേഷ്‌ എന്നിവരെ സാന്‍ജോ ആശുപത്രിയിലും തങ്കളം പുതിയചോട്ടില്‍ അനസ്‌, കൂത്താട്ടുകുളം രാമനാട്ടുവീട്ടില്‍ ഡെയ്സി , കുറവിലങ്ങാട്‌ എലിച്ചാലില്‍ പെണ്ണമ്മ , വേങ്ങൂറ്‍ പേരൂട്ടില്‍ സ്മിത, തൃശൂറ്‍ കുറുന്തോട്ടില്‍ കോമളവല്ലി , കൊരട്ടി പാന്തോട്ടില്‍ ജോയി , മുണ്ടക്കയം കൊടിമറ്റം കുരുവിള, എന്നിവരെ ലക്ഷ്മി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈസ്റ്റ്‌ വാഴപ്പിള്ളി വടയത്ത്‌ വര്‍ഗീസ്‌ , കോഴിക്കോട്‌ നെടുങ്കണ്ടത്ത്‌ അജികുമാര്‍, കാക്കൂറ്‍ കല്ലേറ്റുകുഴി ജിത്തു എന്നിവരെ വാത്തിയാത്ത്‌ ആശുപത്രിയിലും മറ്റുള്ളവരെ അങ്കമാലി എല്‍.എഫ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കാലടിയ്ക്കടുത്ത്‌ ഒക്കലിലാണ്‌ അപകടം. തൃശൂരു നിന്ന്‌ കോട്ടയത്തേയ്ക്ക്‌ പോവുകയായിരുന്ന ബസിണ്റ്റെ ബ്രേക്കു നഷ്ടമായതാണ്‌ അപകടകാരണമെന്നറിയുന്നു.

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ :കാത്തിരുപ്പിണ്റ്റെ ഏഴാണ്ടുകള്‍; കോടതി വിധി വഴിത്തിരിവായേക്കും

6.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: പ്രതീക്ഷയുടേയും കാത്തിരിപ്പിണ്റ്റേയും ഏഴാണ്ടുകള്‍ പിന്നിടുമ്പോള്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ്‌ വഴിത്തിരിവാകുന്നു. അനിശ്ചിതമായി തുടരുന്ന റയോണ്‍സിണ്റ്റെ സ്ഥിതിഗതികളില്‍ കോടതി ഇടപെടല്‍ മാറ്റമുണ്ടാക്കുമെന്ന്‌ കരുതുന്നവരുണ്ട്‌.
തെരഞ്ഞെടുപ്പുവേളകളില്‍ ഉപയോഗിയ്ക്കാവുന്ന തുരുപ്പ്‌ ചീട്ടായി കൊണ്ടുനടന്ന റയോണ്‍സിണ്റ്റെ കാര്യത്തില്‍ കോടതി ഉത്തരവ്‌ രാഷ്ട്രീക്കാര്‍ക്കും തിരിച്ചടിയായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക്‌ ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്‌. ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡസ്ട്രീസ്‌ ആണ്റ്റ്‌ ഫിനാന്‍ഷ്യല്‍ റീകണ്‍ഷ്ട്രക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്‌. വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീലിനു പോകുമെന്ന്‌ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അറിയിച്ചതായി സാജുപോള്‍ എം.എല്‍.എ മംഗളത്തോട്‌ പറഞ്ഞു.
2001ജൂലായ്‌ 17-ന്‌ വൈദ്യുതി ലൈനിണ്റ്റെ പണികള്‍ക്കെന്ന്‌ തൊഴിലാളികളെ ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനിയാണിത്‌. കടബാധ്യതയും മാനേജ്മെണ്റ്റിണ്റ്റെ കെടുകാര്യസ്ഥതയും മൂലം മുന്നോട്ടുപോകാന്‍ സാധിയ്ക്കാത്ത ഘട്ടത്തിലായിരുന്നു അടച്ചുപൂട്ടല്‍.
കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായസ്ഥാപനം എന്ന നിലയില്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരു കാലത്ത്‌ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായിരുന്നു. പെരുമ്പാവൂറ്‍ പട്ടണത്തിണ്റ്റെ മുഖം മാറ്റിയതും ഈ സ്ഥാപനം തന്നെ. ഇവിടെ ഉത്പാദിപ്പിയ്ക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തുനിന്ന്‌ പട്ടുനൂല്‍ ഇറക്കുമതി തുടങ്ങിയതാണ്‌ റയോണ്‍സിന്‌ വിനയായത്‌. കൃത്രിമ പട്ടുവസ്ത്രങ്ങള്‍ക്ക്‌ ഡിമാണ്റ്റ്‌ കുറയുകയും ചെയ്തു. പട്ടുനൂലിനൊപ്പം ഇവിടെ നിര്‍മ്മിച്ചിരുന്ന സെലോഫൈന്‍ പേപ്പറിണ്റ്റെ സ്വീകാര്യതയ്ക്കും മങ്ങലേറ്റു.
സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ലഭിച്ച വായ്പകള്‍ കൊണ്ടാണ്‌ കമ്പനി അവസാനത്തെ പത്തുവര്‍ഷം പിടിച്ചുനിന്നത്‌. കേരള രാഷ്ട്രീയത്തിലെ ഉന്നതരായ നേതാക്കള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച്‌ നിയമസഭയില്‍ അക്കാലങ്ങളില്‍ ഉണ്ടായതാണ്‌ സര്‍ക്കാരിന്‌ തുണയായത്‌. എന്നാല്‍ ആ വായ്പകള്‍ ഉപയോഗിച്ച രീതിയില്‍ പോരായ്മകളുണ്ടായി. തൊഴിലാളികളുടെ പി.എഫ്‌ കുടിശിക അടയ്ക്കാത്തിണ്റ്റെ പേരില്‍ റയോണ്‍സ്‌ വക വസ്തുവകകള്‍ ജപ്തിചെയ്യപ്പെട്ടു. അതിനിടെ സ്പിന്നിങ്ങ്‌ മെഷിനുകളില്‍ ഉപയോഗിയ്ക്കുന്ന വിലയേറിയ പ്ളാറ്റിനം ജറ്റുകള്‍ ഉള്‍പ്പടെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചാണ്‌ മാനേജ്മെണ്റ്റു ഭരണനൈപുണ്യം കാട്ടിയത്‌. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടത്തെ ഉപകരണങ്ങള്‍ ഉള്‍പ്പടെ സകലതും വ്യാപകമായി മോഷണം പോയി. അവശേഷിച്ച കെട്ടിടവും യന്ത്രസാമിഗ്രികളും തുരമ്പെടുത്തു നശിച്ചു. സര്‍ക്കാരില്‍ നിന്ന്‌ പാട്ടത്തിനെടുത്ത 72ഏക്കര്‍ ഭൂമി കാടുകയറി.
ഇതിന്നിടെയാണ്‌ റയോണ്‍സ്‌ ഏറ്റെടുത്തു നടത്താന്‍ തമിഴ്നാട്ടിലെ എന്‍ഡിഇഇ ഗ്രൂപ്പ്‌ തയ്യാറായി വന്നത്‌. ആദ്യ അഞ്ചുവര്‍ഷം 559കോടി മുടക്കുമെന്നായിരുന്നു വാഗ്ദാനം. ഇതുവഴി 1000പേര്‍ക്ക്‌ നേരിട്ടും 12500 പേര്‍ക്ക്‌ പരോക്ഷമായും തൊഴിലവസരം ലഭിയ്ക്കുമെന്നും റയോണ്‍സിന്‌ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബാദ്ധ്യതകളും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട ആനുകൂല്യങ്ങളും പ്രമോട്ടര്‍ നല്‍കുമെന്നും ധാരണയായി. പകരം വൈദ്യുതി, വാണിജ്യനികുതി തുടങ്ങിയവയില്‍ നിശ്ചിതകാലത്തേയ്ക്ക്‌ സര്‍ക്കാര്‍ ഇളവ്‌ അനുവദിയ്ക്കുമെന്നും മിനി ഹൈഡല്‍ പദ്ധതിയ്ക്കും വുഡ്‌ പള്‍പ്പ്‌ ഉത്പാദനകേന്ദ്രത്തിനും സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന്‌ നല്‍കുമെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. അങ്ങനെയെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ 837 കോടി രൂപകൂടി മുടക്കുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ തൊഴിലാളികള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയ റയോണ്‍സ്‌ ഏറ്റെടുക്കല്‍ ശ്രമങ്ങള്‍ എങ്ങുമെത്താതെ പാഴാവുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അതിനെ തുടര്‍ന്ന്‌ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായിവന്നത്‌ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പാണ്‌. ഇവര്‍ക്ക്‌ വഴിവിട്ടുള്ള വ്യവസ്ഥകളോടെ റയോണ്‍സിണ്റ്റെ ആസ്തി തീറെഴുതി കൊടുക്കാനാണ്‌ സര്‍ക്കാരിണ്റ്റെ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നു. ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിന്‌ റയോണ്‍സ്‌ ഏറ്റെടുക്കാനുള്ള ശേഷിയില്ലെന്നും ഇവര്‍ ഒരു ഇടതുപക്ഷ നേതാവിണ്റ്റെ ബിനാമിയാണെന്നും ആരോപണം ഉയര്‍ന്നു.
എന്തായാലും വിവാദങ്ങളില്‍ വിവാദങ്ങളിലേയ്ക്ക്‌ മാത്രം റയോണ്‍സ്‌ അനുദിനം നീങ്ങുന്ന സാഹചര്യത്തിലാണ്‌ കോടതി വിധി. ഇത്‌ റയോണ്‍സിനെ അനിശ്ചിതാവസ്ഥകളില്‍ നിന്നെങ്കിലും കരകയറ്റിയേക്കും.

റയോണ്‍സ്‌ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്‌

5.12.2008
പെരുമ്പാവൂറ്‍: പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്‌.
2001-ല്‍ ബി.ഐ.എഫ്‌.ആര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ്‌ തോട്ടത്തില്‍ രാധാകൃഷ്ണനാണ്‌ വിധി പ്രസ്താവിച്ചത്‌. പുതിയ പ്രമോട്ടറായ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിനെ റയോണ്‍സ്‌ ഏല്‍പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരുന്നതിന്നിടയിലാണ്‌ കോടതി വിധി. റയോണ്‍സ്‌ പൂട്ടിയതിനെ തുടര്‍ന്ന്‌ ഇവിടെയുണ്ടായിരുന്ന മെഷിനറികള്‍ ഉള്‍പ്പടെ വിലപിടിപ്പുള്ള പലതും മോഷ്ടിയ്ക്കപ്പെട്ടിരുന്നു. കടബാധ്യതകള്‍ പലിശയും കൂട്ടുപലിശയുമായി പെരുകുകയും ചെയ്തു. എന്നിട്ടും റയോണ്‍സ്‌ സംരക്ഷിയ്ക്കുവാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കായിരുന്നില്ല.

തീ കൊടുത്തില്ല ;വ്യാപാരിയുടെ തലയ്ക്ക്‌ കല്ലിനിടിച്ചു

5.12.2008
പെരുമ്പാവൂറ്‍: സിഗരറ്റ്‌ വലിയ്ക്കാന്‍ തീ ആവശ്യപ്പെട്ടിട്ട്‌ കൊടുക്കാത്തതില്‍ ക്ഷുഭിതനായി വ്യാപാരിയെ കല്ലിനിടിച്ചു പരുക്കേല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ മണ്ണൂറ്‍ കവലയില്‍ വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂറ്‍ യൂണിറ്റ്‌ മുന്‍ പ്രസിഡണ്റ്റും നാഗാര്‍ജുന ഔഷധശാല മണ്ണൂറ്‍ ശാഖയുടെ ഉടമയുമായ കുന്നത്തോളി കുന്നത്തുവീട്ടില്‍ കെ.കെ മത്തായി (65) യ്ക്കാണ്‌ പരുക്കേറ്റത്‌. കുന്നത്തോളി പാറേക്കുടി ജോര്‍ജ്‌ (55) ആണ്‌ രാവിലെ തീ ചോദിച്ചെത്തിയത്‌. തീ കൊടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ ജോര്‍ജ്‌ പുറത്തുകിടന്ന കരിങ്കല്ല്‌ എടുത്തുകൊണ്ടുവന്ന്‌ മത്തായിയെ ആക്രമിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വ്യാപാരിയെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുനാട്‌ പോലീസ്‌ കേസെടുത്തു.

തിരിച്ചറിയല്‍ രേഖകളില്ല പെരുമ്പാവൂരില്‍ 27 അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്‌ വിട്ടയച്ചു

5.12.2008
പെരുമ്പാവൂറ്‍: വിവിധ പ്ളൈവുഡ്‌ മില്ലുകളില്‍ നിന്ന്‌ 27 അന്യസംസ്ഥാന തൊഴിലാളികളെ പോലീസ്‌ ഇന്നലെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ മൂന്നുപേര്‍ക്കാണ്‌ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നത്‌. മറ്റുള്ളവരെ സ്ഥാപന ഉടമകളുടെ ജാമ്യത്തിലാണ്‌ വിട്ടയച്ചത്‌.
ഇന്നലെ രാവിലെ കുറ്റിപ്പാടത്തുള്ള നെസ്റ്റ്‌ പ്ളൈവുഡ്‌, ഹൈടെക്‌ പ്ളൈവുഡ്‌, പ്ളൈ പ്ളൈവുഡ്‌ എന്നി സ്ഥാപനങ്ങളിലെ തൊഴിലാളികളെയാണ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. പുതിയ തീവ്രവാദ പശ്ചാത്തലത്തിലായിരുന്നു കസ്റ്റഡിയിലെടുക്കല്‍. ടൌണിനു സമീപമുള്ള പല മില്ലുകളിലും ജോലി ചെയ്യുന്നവര്‍ ബംഗ്ളാദേശികളാണെന്ന സൂചനകളുമുണ്ട്‌. കാശ്മീര്‍ പോരാട്ടത്തെ തുടര്‍ന്ന്‌ ഹൈദ്രബാദില്‍ പിടിയിലായ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂരിനടുത്തുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ അനൂപ്‌ എന്ന പേരില്‍ ജോലി ചെയ്തിരുന്നതായി ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഡിയും ഒളിത്താവളമായി കണ്ടെത്തിയത്‌ പെരുമ്പാവൂറ്‍ തന്നെ.
പ്ളൈവുഡ്‌ കമ്പനികളില്‍ ജോലിയ്ക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലേറെയും ക്രിമിനലുകളോ തീവ്രവാദികളോ ആണെന്ന്‌ ഇതിനോടകം വ്യക്തമായിട്ടുണ്ട്‌. ആരു വന്നാലും ജോലി കൊടുക്കുന്ന സമീപനമാണ്‌ സ്ഥാപനഉടമകളുടേത്‌. അതുകൊണ്ടുതന്നെ ഉടമകളും വിവിധകേസുകളില്‍ പെടാന്‍ സാധ്യതയുണ്ട്‌. തൊഴിലാളികള്‍ക്കു പുറമെ ഇന്നലെ സ്ഥാപന നടത്തിപ്പുകാരേയും പോലീസ്‌ വിളിച്ചുവരുത്തിയിരുന്നു. ഇവരെയെല്ലാം ഇന്നലെ രാത്രിയോടെയാണ്‌ മടങ്ങാന്‍ അനുവദിച്ചത ്‌.

തീവ്രവാദി അബ്ദുള്‍ ജബ്ബാറിനെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

5.12.2008

പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദി അബ്ദുള്‍ ജബ്ബാറിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(28) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (29) എന്നിവരെയാണ്‌ ആണ്റ്റി ടെററിസം സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.
ഇവരെ കഴിഞ്ഞമാസം 30-ന്‌ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) ന്‌ പെരുമ്പാവൂരില്‍ ആവശ്യമായ സഹായങ്ങള്‍ ഇവരാണ്‌ ചെയ്തുകൊടുത്തത്‌. ജബ്ബാര്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.
ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ജബ്ബാറിനെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്ന ദിവസം തന്നെയാണ്‌ യുവാക്കളെ കസ്റ്റഡിയിലെടുത്തത്‌. ഇന്നലെ ഇവരുടെ വീടുകളില്‍ റെയ്ഡ്‌ നടന്നു. പിന്നീട്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.

മലങ്കര വര്‍ഗീസ്‌ വധം :ആള്‍ബലവും സ്വാധീനവും കൊണ്ട്‌ സത്യം മറയ്ക്കാനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌

5.12.2008
പെരുമ്പാവൂറ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ അഭിപ്രായപ്പെട്ടു. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും നിയുക്ത കാതോലിക്ക ആരോപിച്ചു. ആറാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത്‌ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. ഇതേതുര്‍ന്ന്‌ കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്‌. ഈ സാഹചര്യത്തില്‍ ജാതി മത ഭേദമന്യേ നിയമവാഴ്ച ആദരിയ്ക്കുന്നവരെ ഉള്‍പ്പെടുത്തി ഈ മാസം 8-ന്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വച്ച്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിയ്ക്കുമെന്നും തിരുമേനി വ്യക്തമാക്കി.
മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്ന്‌ നിയുക്ത കാതോലിക്ക പറഞ്ഞു. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ്‌ സെമിനാരി പാത്രിയാര്‍ക്കീസ്‌ പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്‌. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം സമാധാനത്തിന്‌ തയ്യാറായി. പക്ഷെ അവര്‍ തന്നെ അത്‌ ലംഘിച്ചു. പിന്നീട്‌ സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്‌. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട്‌ കൂറുകാട്ടുന്ന സമീപനമാണ്‌ പുലര്‍ത്തിപ്പോന്നത്‌. ഇതേ തുടര്‍ന്ന്‌ 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്‌. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും നിയുക്ത കാതോലിക്ക ചൂണ്ടിക്കാട്ടി.
രാവിലെ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ നിയുക്തകാതോലിക്ക മൂന്നിന്‍മേല്‍ കുര്‍ബാന നടത്തി. അനുസ്മരണ ചടങ്ങില്‍ ഫാ.ഏല്യാസ്‌ ചെറുകാട്‌, ഫാ.മത്തായി ഇടയനാല്‍, തോമസ്‌ പോള്‍ റമ്പാന്‍, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, യല്‍ദോ റമ്പാന്‍, ഫാ.ഐസക്‌ ചെനയപ്പിള്ളി കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പങ്കെടുത്തു.

പെരുമ്പാവൂറ്‍ ക്രിമിനലുകളുടെ താവളമാകുന്നു

ജില്ല
കേന്ദ്രഅന്വേഷണ സംഘത്തിണ്റ്റെ
നിരീക്ഷണത്തില്‍
അലി കരക്കുന്നന്‍
മാധ്യമം/4.12.2008
പെരുമ്പാവൂറ്‍: അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂറ്‍ മേഖല തീവ്രവാദികള്‍ക്ക്‌ ഒളിത്താവളമാകുന്നതില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. നിരവധി വ്യവസായസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും കൊണ്ട്‌ അനുഗൃഹീതമായ പ്രദേശം അന്യസംസ്ഥാനക്കാരുടെ ഗള്‍ഫായാണ്‌ അറിയപ്പെടുന്നത്‌. ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ അത്താണിയായ പ്രദേശം ഇന്ന്‌ ക്രിമിനലുകളും കഞ്ചാവ്‌ ലോബികളും കയ്യേറിയിരിയ്ക്കുകയാണ്‌. തടിവ്യവസായ ശാലകളിലും മറ്റ്‌ വ്യവസായമേഖലകളിലുമായി ലക്ഷത്തോളം തൊഴിലാളികളാണ്‌ പെരുമ്പാവൂരില്‍ തമ്പടിച്ചിരിയ്ക്കുന്നത്‌. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ്‌ പലരുടേയും വാസം. പിടിച്ചുപറിക്കാര്‍ മുതല്‍ ക്രിമിനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന്‌ പോലീസ്‌ പറയുന്നു.
മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢി മുതല്‍ കാശ്മീരില്‍ നിന്ന്‌ രക്ഷപ്പെട്ട അബ്ദുള്‍ജബ്ബാര്‍ വരെ ഒളിയ്ക്കാന്‍ ഇടം കണ്ടെത്തിയത്‌ പെരുമ്പാവൂരിലാണ്‌. ഇതോടെ പ്രദേശം കേന്ദീകരിച്ച്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയിലാണ്‌. അന്യസംസ്ഥാനതൊഴിലാളികളാകട്ടെ പോലീസിന്‌ തീരാതലവേദനയായിട്ടുണ്ട്‌. ഇവര്‍ക്ക്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള പോലീസ്‌ തീരുമാനം നടപ്പായിട്ടില്ല. ഒരു വര്‍ഷം മുന്‍പ്‌ എസ്‌.പി പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ ഇതു സംബന്ധിച്ച അടിയന്തിര നടപടി ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢിയും സംഘവും ഒരുമാസത്തിലേറെ തങ്ങിയതും പെരുമ്പാവൂരിലായിരുന്നു. അതും പോലീസ്‌ ക്വാര്‍ട്ടേഴ്സിന്‌ ഒരു വിളിപ്പാടകലെ. ഇതു കണ്ടെത്താന്‍ കേരളാ പോലിസിനു കഴിയാതെ പോയതും നാണക്കേടുണ്ടാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ്‌ വാടക വീടും പാറമടത്തൊഴിലാളികളും തമ്മിലുള്ള ബന്ധവും നിരീക്ഷിച്ചറിഞ്ഞത്‌. ഇപ്പോള്‍ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂര്‍സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചതും ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ അന്വേഷണത്തിനെത്തിയപ്പോഴാണ്‌ പോലീസ്‌ അറിയുനന്ത്‌. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും വേണ്ടത്ര ജാഗ്രതയിലല്ലെന്ന ആക്ഷേപവുമുണ്ട്‌. അബ്ദുള്‍ ജബ്ബാറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലു പെരുമ്പാവൂറ്‍ സ്വദേശികളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കളമശ്ശേരിയില്‍ ബസ്‌ കത്തിച്ച കേസിലെ പ്രതിയാണ്‌.
ഇതിനു പുറമെ, പെരുമ്പാവൂരില്‍ സ്ഫോടക സാമിഗ്രികള്‍ വില്‍ക്കുന്ന ഒരു ഏജന്‍സിയെ തേടിയും കേന്ദ്ര രഹസ്യാന്വേഷണ സംഘം എത്തിയിരുന്നു. കാശ്മീരില്‍ നാലു മലയാളികള്‍ വെടിയേറ്റു മരിച്ചതില്‍ ഒരാളുടെ കയ്യില്‍ ഈ ഏജന്‍സിയുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടായിരുന്നതായാണ്‌ സൂചന. അല്ലപ്ര നിവാസിയായ ഇയാള്‍ക്ക്‌ പാറമടകളില്‍ വെടിമരുന്നു വില്‍ക്കാനുള്ള ലൈസന്‍സുണ്ട്‌. ഇവ സൂക്ഷിയ്ക്കുന്ന രണ്ടു ഗോഡൌണുകള്‍ പുല്ലുവഴിയിലും ഇരിങ്ങോളിലുമുണ്ട്്‌ .സ്ഫോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത്‌ പലവട്ടം പിടിയ്ക്കപ്പെട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവ്‌. പോലീസിണ്റ്റെ ഒത്താശയിലാണിതെന്ന്‌ ആരോപണമുണ്ട്്‌.
രേഖയിലെ റെബികുര്യന്‍ എന്നയാളെ തിരക്കിയാണ്‌ അന്വേഷണ സംഘം എത്തിയത്‌. ഏജന്‍സിയുടമയുടെ അനുജനാണിതെന്നും സംഘം കണ്ടെത്തിയിട്ടുണ്ടെന്നറിയുന്നു. പി.പി റോഡിലെ ഒരു സ്റ്റുഡിയോയിലും സംഘം പരിശോധന നടത്തി. സ്റ്റുഡിയോയുടെ പങ്കാളിയായ റെബികുര്യന്‍ ഒളിവിലാണെന്നാണ്‌ സൂചന. അന്യസംസ്ഥാനക്കാര്‍ പാര്‍ക്കുന്ന ചേരികളാണ്‌ തീവ്രവാദികള്‍ക്ക്‌ ഇടത്താവളമാകുന്നത്‌. അബ്ദുള്‍ ജബ്ബാര്‍ അല്ലപ്രയിലെ ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരുവന്നാലും ജോലി നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളും ഇങ്ങനെ വെട്ടിലാവുകയാണ്‌. അതേസമയം തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിയ്ക്കാനോ നല്‍കാനോ സ്ഥാപനഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ്‌ പോലീസ്‌ ഭാഷ്യം.
ഞായറാഴ്ചകളില്‍ ടൌണില്‍ അന്യസംസ്ഥാനക്കാരുടെ അനിയന്ത്രിത തിരക്കാണ്‌. ഇവര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മൂലം ഗതാഗതം പോലും തടസപ്പെടും. ഇതിനു പുറമെ, അരങ്ങേറുന്ന വഴക്കിനും അടിപിടിയ്ക്കും മുന്നില്‍ പോലീസ്‌ നിസ്സഹായമാകുന്ന കാഴ്ചയാണ്‌ പലപ്പോഴും. അന്യസംസ്ഥാനക്കാരുടെ മറവില്‍ സംസ്ഥാനത്തെ ക്രിമിനലുകളും പ്രദേശത്ത്‌ വിലസുകയാണ്‌. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന്‌, കഞ്ചാവുവില്‍പനയും ഉപയോഗവും എന്നിവയും മേഖലയില്‍ വ്യാപകമായിട്ടുണ്ട്‌. മുമ്പൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരും പരിസരവും വിവിധ രഹസ്യ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നറിയുന്നു

Wednesday, December 3, 2008

പട്ടാല്‍ വ്യവസായമേഖലയാക്കാന്‍ നീക്കം; നാട്ടുകാര്‍ പരാതി നല്‍കി

03.12.2008

മംഗളം

പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതിയില്ല

പെരുമ്പാവൂറ്‍: നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍പെട്ട പട്ടാല്‍ പ്രദേശം വ്യവസായമേഖലയാക്കി മാറ്റാന്‍ നീക്കം. ഇതിണ്റ്റെ മുന്നോടിയായി ഇവിടെ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതി നല്‍കുന്നത്‌ നിര്‍ത്തിവച്ചു. ഇതിനെതിരെ നാട്ടുകാര്‍ മുനിസിപ്പാലിറ്റിയിലെത്തി പരാതി നല്‍കി.

മേലുകാവുമറ്റത്തു നിന്നും ഇവിടെ സ്ഥലം വാങ്ങിയ പനയ്ക്കല്‍ വീട്ടില്‍ ടൈറ്റസ്‌ ഡാനിയേല്‍ വീടുവയ്ക്കാന്‍ നഗരസഭയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പട്ടാല്‍ വ്യവസായ മേഖലായി മാറ്റുന്നതിണ്റ്റെ മുന്നോടിയായി അധികൃതര്‍ വീടുനിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെയാണ്‌ നാട്ടുകാര്‍ പുതിയ നീക്കത്തെ പറ്റി അറിഞ്ഞത്‌. ഇതേതുടര്‍ന്നാണ്‌ ഇന്നലെ പരാതി നല്‍കിയത്‌. മുമ്പ്‌ പത്താം വാര്‍ഡ്‌ ആയിരുന്ന പട്ടാല്‍ വ്യവസായമേഖലയാക്കിമാറ്റാന്‍ 1998-ല്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസിയായ പി.പി തങ്കച്ചന്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അത്‌ നടന്നില്ല. വ്യവസായമേഖല വല്ലം റയോണ്‍പുരം ഭാഗത്തേയ്ക്ക്‌ മാറ്റാന്‍ കൌണ്‍സില്‍ തീരുമാനമെടുത്തു.

എന്നാലിപ്പോള്‍ വല്ലം ഭാഗത്ത്‌ വീടു നിര്‍മ്മിയ്ക്കാന്‍ നഗരസഭ അനുമതി നല്‍കുന്നുണ്ട്‌. പട്ടാലില്‍ അനുവദിയ്ക്കുന്നുമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്ക്‌ വ്യവസായ മേഖലയുടെ പേരില്‍ കെട്ടിടനമ്പറിട്ട്‌ കൊടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന്‌ നാട്ടുകാര്‍ വാര്‍ഡ്‌ കൌണ്‍സിലെറെ സമീപിച്ചപ്പോഴാകട്ടെ, ഇതു സംബന്ധിച്ച്‌ തനിയ്ക്ക്‌ യാതൊന്നുമറിയില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ജനനിബിഡ മേഖലയായ പട്ടാല്‍ വ്യവസായ മേഖലയ്ക്കുന്നതിന്നെതിരെ മിത്രകല ലൈബ്രറി പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനും കൌണ്‍സിലര്‍ തയ്യാറായില്ലെന്ന്‌ ആരോപണം ഉണ്ട്‌.

അതേസമയം പുതിയ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്‌ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കുന്നത്‌ മുനിസിപ്പല്‍ എഞ്ചിനീയര്‍ തടഞ്ഞതെന്ന്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ നാലുമാസങ്ങള്‍ക്ക്‌ മുമ്പ്‌ വന്ന കത്ത്‌ ഉദ്യോഗസ്ഥര്‍ കൌണ്‍സിലര്‍മാരെ കാണിച്ചില്ല. അതാണ്‌ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്‌. അതുകൊണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 9-ന്‌ അടിയന്തിര കൌണ്‍സില്‍ യോഗം ചേരും.

2001 വരെയുള്ള മുഴുവന്‍ കൌണ്‍സില്‍ രേഖകള്‍ പ്രകാരവും വല്ലം തന്നെയാണ്‌ വ്യവസായമേഖല. ഇത്‌ പെട്ടെന്ന്‌ പട്ടാലിലേയ്ക്ക്‌ മാറ്റാന്‍ സാദ്ധ്യമല്ല. മാത്രവുമല്ല, ജനവാസ കേന്ദ്രമായ പട്ടാല്‍ വ്യവസായ മേഖലയാക്കി മാറ്റാനും സാദ്ധ്യമല്ല. 9-ന്‌ കൌണ്‍സില്‍ യോഗം ചേരുന്നതോടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും. ഇക്കാര്യം നാട്ടുകാര്‍ക്ക്‌ കൌണ്‍സിലര്‍ എന്ന നിലയ്ക്ക്‌ താന്‍ ഉറപ്പുകൊടുത്തിട്ടുള്ളതാണെന്നും ആ നിലയ്ക്ക്‌ മുനിസിപാലിറ്റിയ്ക്ക്‌ പ്രത്യേക പരാതി നല്‍കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും രാജശ്രീ പ്രേംകുമാര്‍ പറഞ്ഞു

Tuesday, December 2, 2008

തടിലോറി മറിഞ്ഞു; എ. എം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു


2.12.2008
പെരുമ്പാവൂറ്‍: ആലുവ-മൂന്നാര്‍ റോഡില്‍ തടിലോറി മറിഞ്ഞതിനെ തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു. ആളപകടമില്ല.
ഇന്നലെ വൈകിട്ട്‌ 5.30-ന്‌ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലാണ്‌ തടി കയറ്റിയ മിനി ലോറി മറിഞ്ഞത്‌. വാഹനത്തിലുണ്ടായിരുന്ന രണ്ടപേരും സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും സ്ഥിഗതികള്‍ നിയന്ത്രിച്ചതിനാലും ലോറിയില്‍ നിന്ന്‌ റോഡിലേയ്ക്ക്‌ വീണ തടികള്‍ നാട്ടുകാരുടെ സഹകരണത്തോടെ അരികിലേയ്ക്ക്‌ ഉടനടി മാറ്റുകയും ചെയ്തതിനാല്‍ ഗതാഗത സ്തംഭനമുണ്ടായില്ല. ഏഴുമണിയോടെ വാഹനം റോഡില്‍ നിന്ന്‌ മാറ്റുകയും ചെയ്തു.

Monday, December 1, 2008

കാശ്മിര്‍ തീവ്രവാദിയെ തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ കൊണ്ടുവന്നു


1.12.2008


മൂന്നു പേര്‍ പിടിയിലായി


പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദിയായ മലയാളി യുവാവിനെ ആണ്റ്റി ടെററിസം സ്ക്വാഡ്‌ തെളിവെടുപ്പിനായി ഇന്നലെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇയാളെ സഹായിച്ച മൂന്നു പേരെ കസ്റ്റഡിലെടുക്കുകയും ചെയ്തു.


രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) നെയാണ്‌ ഇന്നലെ വാത്തിയാത്ത്‌ ആശുപത്രിയില്‍ കൊണ്ടുവന്നത്‌. ഇയാള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(29) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (27) എന്നിവരെയാണ്‌ ഇന്നലെ പിടികൂടിയത്്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.


ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അബ്ദുള്‍ ജബ്ബാറിനെ ടൌണില്‍ കൊണ്ടുവന്ന്‌ തെളിവെടുത്തത്‌. ഇയാള്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.


കണ്ടന്തറ സദ്ദാം റോഡിലുള്ള നമസ്കാര പള്ളി, പെരുമ്പാവൂറ്‍ മദീന പള്ളിയ്ക്ക്‌ സമീപമുള്ള ഓഫീസ്‌ എന്നിവിടങ്ങളിലും ഇയാളെ കൊണ്ടുവന്ന്‌ തെളിവെടുത്തു. രാവിലെ 11 എത്തിയ സംഘം ഏറെ വൈകിയാണ്‌ ടൌണില്‍ നിന്ന്‌ മടങ്ങിയത്‌.

ലോക്കല്‍ സമ്മേളനം

1.12.2008

പെരുമ്പാവൂറ്‍:- എ.ഐ.വൈ.എഫ്‌. രായമംഗലം ലോക്കല്‍ സമ്മേളനം ജില്ലാ പ്രസിഡണ്റ്റ്‌ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ. സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മണ്ഡലം സെക്രട്ടറി പി.എസ്‌.അഭിലാഷ്‌ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

രാജപ്പന്‍.എസ്‌.തെയ്യാരത്ത്‌, സി.മനോജ്‌, എ.കെ.നന്ദകുമാര്‍, കെ.എസ്‌.രാജേഷ്കുമാര്‍, എസ്‌. പ്രദീപ്‌, കെ.എ.മൈതീന്‍പിള്ള, പി.സി.ചന്ദ്രന്‍, കെ.സി.ഉണ്ണികൃഷ്ണന്‍, കെ.കെ.സുമേഷ്‌, പി.എസ്‌.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.വൈ.എഫ്‌. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്‌ വാഴക്കുളത്ത്‌ നടക്കുന്ന യുവജനറാലിയില്‍ രായമംഗലത്തു നിന്നും മുന്നൂറോളം യുവതിയുവാക്കള്‍ പങ്കെടുക്കും.

എം.കെ.സുബ്രഹ്മണ്യന്‍ (സെക്രട്ടറി) കെ.ആര്‍.ശ്രീകാന്ത്‌ കെ.എം.സനൂപ്‌ (ജോ.സെക്രട്ടറി) ബേസില്‍ മാത്യു (പ്രസിഡണ്റ്റ്‌) കെ.എസ്‌.രതീഷ്‌ (വൈസ്‌ പ്രസിഡണ്റ്റ്‌) എന്നിവരെ എ.ഐ.വൈ.എഫ്‌.രായമംഗലം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

മീമ്പാറയില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം വ്യാപകം; ആറ്‌ ആടുകളെ കടിച്ചുകൊന്നു

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം വ്യാപകം. സംഘം ചേര്‍ന്നുള്ള നായ്ക്കളുടെ ആക്രമണത്തില്‍ ആറ്‌ ആടുകള്‍ക്ക്‌ ജീവഹാനി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റിട്ടുമുണ്ട്‌.

മീമ്പാറ കീച്ചേരി എല്‍ദോയുടെ മൂന്ന്‌ ആടുകളും പുളിയ്ക്കല്‍ കുഞ്ഞിത്തൊമ്മണ്റ്റെ രണ്ട്‌ ആടുകളും നാളോത്തുകുടി കുമാരണ്റ്റെ ഒരാടുമാണ്‌ ചത്തത്‌. നാലു നായ്ക്കള്‍ സംഘം ചേര്‍ന്ന്‌ ഇവയെ ആക്രമിയ്ക്കുകയായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു. മറ്റ്‌ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കുണ്ട്‌. അലഞ്ഞുതിരിയുന്ന നായ്ക്കളില്‍ പലതിനും പേയുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. നായ്ക്കള്‍ക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ പ്രദേശവാസികള്‍.