Monday, June 29, 2015

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിവന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു സ്ത്രീകള്‍ അടക്കം ആറുപേര്‍ പിടിയില്‍.
ബംഗാള്‍ കല്‍ക്കട്ട സ്വദേശി രാജീവ് ശേഖ് (28), അസം സ്വദേശി മുനസില്‍ (21), ഒറീസ സ്വദേശി അഞ്ജന്‍ നായക് (22) എന്നിവരും കല്‍ക്കട്ട സ്വദേശിനി മുര്‍ഷിദ (22), ലൈല (25), അസം സ്വദേശിനി ബോസോമി (20) എന്നിവരുമാണ് പിടിയിലായത്. ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വടയ്ക്കാട്ടുപടി തോമ്പ്രയില്‍ പോളിന്റെ വാടകവീട് കേന്ദ്രമാക്കിയായിരുന്നു അനാശാസ്യം. പിടിയിലായ ലൈലയും ഭര്‍ത്താവ് ആലുംഗീറും ചേര്‍ന്ന് വര്‍ഷങ്ങളായി ഈ സ്ഥാപനം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്നുപോകാറുണ്ട്.
അസമയങ്ങളില്‍ പോലും നിരവധിപേര്‍ ഇവിടെ വന്നുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. ജൂനിയര്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ ബെന്നി കുര്യാക്കോസ്, രാജീവ്, ജബ്ബാര്‍, സിപിഒ മാരായ രാജേഷ്, രതീഷ്‌കുമാര്‍, അജിത, ശ്രീജ എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

മംഗളം 29.06.2015

Wednesday, June 24, 2015

ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ റോഡ് റോഡ് ഉപരോധിച്ചു

പെരുമ്പാവൂര്‍: ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ടിപ്പറുകളും ടോറസുകളും നിരന്തരം ഓടുന്നതിനാല്‍ ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസ്സഹമാണ് വഴിയുടെ ആലാട്ടുചിറ മുതല്‍ ചൂരമുടി എം.എല്‍.എ റോഡു വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഭാരവാഹനങ്ങളുടെ ഗതാഗതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു എം.ആര്‍,  പൗരസമിതി കണ്‍വീനര്‍ എല്‍ദോ പി ഏല്യാസ്, പി.സി ചെല്ലപ്പന്‍, ലിജു എം. കോര, കെ.ജെ വറുഗീസ് എന്നിവരുടെ നേതൃത്വത്തിലിലായിരുന്നു ഉപരോധം.

മംഗളം 24.06.2015

പാണംകുഴി വനമേഖലയില്‍ നിന്നും നാനൂറ് ലിറ്റര്‍ വാഷ് പിടിച്ചു

പെരുമ്പാവൂര്‍: പാണംകുഴി വനമേഖലയില്‍ നിന്ന് എക്‌സൈസ് സംഘം 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം കാസിമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. പാണംകുഴിയിലെ നെടുതോടിന്റെ കരയില്‍ പ്രദേശവാസികള്‍ക്ക് വാറ്റി വില്‍പ്പന നടത്തുന്നതിനായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. വാഷ് സൂക്ഷിച്ചിരുന്ന തകര ഡ്രമ്മുകളും കന്നാസുകളും പിടിച്ചെടുത്തിട്ടുണ്ട്. 
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ തോമസ്, പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍ നൈസാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗിരീഷ് കൃഷ്ണന്‍, ജിമ്മി, ഷിജീവ്, അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റൈഡ് നടത്തിയത്.

മംഗളം 24.06.2015

ഇരിങ്ങോളില്‍ നിലം നികത്താന്‍ ശ്രമം

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവു റോഡിനോടു ചേര്‍ന്ന് നിലം നികത്താന്‍ നീക്കം. 
ഇന്ദ്രധനുസ് ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള പാടശേഖരമാണ് നികത്താന്‍ ശ്രമിക്കുന്നത്. ഈ പാടശേഖരം നികത്തിയാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിങ്ങോള്‍ സ്‌കൂളിലേക്കും കാവിലേക്കുമുള്ള വഴികള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാവുമെന്നും ആസങ്കകളുണ്ട്.
അധികാരികളെ തെറ്റിദ്ധരിപ്പിച്ച് നിലം നികത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാരെന്ന് നീലംകുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മംഗളം 24.06.2015

മൗലൂദ്പുര ഹസന്‍പടി റോഡ് പുഴയായി

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൗലൂദ്പുര ഹസന്‍പടി റോഡ് മഴപെയ്തതോടെ പുഴയായി.
മൗലൂദ്പുരയില്‍ നിന്ന് ചിറയന്‍പാടം വഴി മുടിക്കല്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്കും മാവിന്‍ചുവട് വഴി പെരുമ്പാവൂരിലേക്കും എളുപ്പം ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. റോഡിന്റെ ഇരുവശവും താഴ്ചയില്‍ ഉണ്ടായിരുന്ന ഭൂമി മണ്ണിട്ട് നികത്തിയതോടെയാണ് ഈ ദുരവസ്ഥ. റോഡിന്റെ അശാസ്ത്രീയമായ ടാറിംഗും മറ്റൊരു കാരണമാണ്.
പുലര്‍ച്ചെ മുതല്‍ പള്ളിയിലേക്ക് വിശ്വാസികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും അടുത്തുള്ള വീടുകളിലൂടെ കയറിയിറങ്ങിയോ മുട്ടോളം വെള്ളത്തില്‍ നനഞ്ഞോ പോകേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരികിലെ വീടുകളിലേക്ക് വെള്ളം തെറിക്കുന്നതും പതിവു കാഴ്ചയാണ്.
വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വാര്‍ഡു മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. നടപടി ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 24.06.2015

Tuesday, June 23, 2015

മണ്ണിരയെ തിരയുന്ന കുട്ടി; ഒരു മണ്ണാഴം ജീവന്‍ പ്രദര്‍ശിപ്പിച്ചു

പെരുമ്പാവൂര്‍: രാസവളങ്ങളുടേയും കീടനാശികളുടേയും അമിതമായ ഉപയോഗത്തിന്റെ കാലത്ത് മണ്ണിന്റെ ജൈവ സമ്പത്തിന്റെ പ്രതീകമായ മണ്ണിരയെ തിരയുന്ന കുട്ടി. നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കുള്ള ആഴമുള്ള അന്വേഷണമാണ് ഒരു മണ്ണാഴം ജീവന്‍ എന്ന ഹ്രസ്വചിത്രം.
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രകൃതി വിനാശത്തിനെതിരെയുള്ള പ്രതികരണവുമായി രംഗത്ത് എത്തുന്നത്. അദ്ധ്യാപകനായ വിനോദ് പാനേത്ത് കണ്ണന്റെ നേതൃത്വത്തില്‍ സിനിമയുടെ എല്ലാ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചതും വിദ്യാര്‍ത്ഥികള്‍ തന്നെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ വീണ ശശിയാണ് ചിത്രത്തിന്റെ  സംവിധായക. വിദ്യാര്‍ത്ഥികളായ ആദിത്യ കൃഷ്ണന്‍, അഭയ് മനോജ്, വരുണ്‍ സുരേന്ദ്രന്‍ എന്നിവരും സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കണ്ണനും ജീവനക്കാരനായ ഐസകും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സോന ജോയ്, അഞ്ജന സാജു എന്നീ വിദ്യാര്‍ത്ഥികളായിരുന്നു സഹസംവിധായകര്‍. സാന്ദ്ര ബിജു ലൊക്കേഷന്‍ മാനേജരായി.
ലെന്‍സ്മാന്‍ മൂവിമേക്കേഴ്‌സും മിനര്‍വ ഐക്കണ്‍ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകന്‍  ശ്രീമൂലനഗരം പൊന്നന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. ഷാഫി പ്രസാദ്, എസ് കര്‍പ്പഗം, സ്‌കൂള്‍ മാനേജര്‍ ജിജി കുര്യന്‍, പി.ടി.എ പ്രസിഡന്റ് സാജു സി മാത്യൂ, പ്രധാന അദ്ധ്യാപിക ഷീബ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

മംഗളം 23.06.2015

കാറ്റിലും മഴയിലും വീട് തകര്‍ന്നു

പെരുമ്പാവൂര്‍: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു, കൃഷി നശിച്ചു.
മൗലൂദ്പുര കൂറക്കാടന്‍ ഇബ്രാഹിംകുട്ടിയുടെ വീടിന് മേലാണ് മരം വീണത്. മേല്‍ക്കുരയും ഭിത്തിയും ഭാഗീകമായി തകര്‍ന്നു. കൂടാതെ പറമ്പില്‍ കൃഷി ചെയ്തിരുന്ന കുലച്ചു തുടങ്ങിയ 120 ഏത്തവാഴകളും 35-ഓളം പൂവന്‍വാഴകളും നശിച്ചു. 15 വര്‍ഷം പ്രായമുള്ള കായ്ച്ചുതുടങ്ങിയ ജാതിമരങ്ങളും രണ്ട് അടയ്ക്കാമരങ്ങളും കാറ്റില്‍ കടപുഴകി വീണു.
മാറംപള്ളി വില്ലേജ് ഓഫീസറും വാഴക്കുളം കൃഷി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 

മംഗളം 23.06.2015

Monday, June 22, 2015

തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ

പെരുമ്പാവൂര്‍: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ.
തുരുത്തി പുള്ളോര്‍കുടി വീട്ടില്‍ ജിസ്‌ന വറുഗീസി (18)നെ സഹായിക്കാനായി കോട്ടപ്പടി വഴി കോതമംഗലം ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമയും ജീവനക്കാരുമാണ് മുന്നിട്ടിറങ്ങിയത്. കണ്ടന്തറ കോക്കാടന്‍ വീട്ടില്‍ സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ള യാത്രാസ് ബസിലെ യാത്രക്കാരില്‍ നിന്നാണ് തുക സമാഹരിച്ചത്. ടിക്കറ്റ് നല്‍കാതെ നടത്തിയ സര്‍വ്വീസില്‍ യാത്രക്കാര്‍ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം സ്റ്റാന്റില്‍ നിന്നും പിരിവു നടത്തി.
വേങ്ങൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ ജിസ്‌നയ്ക്ക് ചികിത്സയ്ക്കായി വേണ്ടത് പത്തുലക്ഷം രൂപയാണ്. 

മംഗളം 22.06.2015

Saturday, June 20, 2015

കൂവപ്പടിയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു.
മാവേലിപ്പടി, പാപ്പന്‍പടി, കൊല്ലന്‍പടി, ആയത്തുപടി  പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ നിരവധി ആളുകള്‍ ചികിത്സയിലാണ്. രോഗം പടര്‍ന്നുപിടിച്ചിട്ടും പഞ്ചായത്തോ, പ്രാഥമിക ആരോഗ്യകേന്ദ്രമോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സമീപ പ്രദേശത്തെ റൈസ് മില്ലില്‍ നിന്ന് ഒഴുകിയെത്തുന്ന മലിന ജലമാണ് രോഗകാരണമെന്ന് കരുതുന്നു. റൈസ്മില്ലില്‍ നിന്നുള്ള മലിന ജലം പ്രദേശത്തെ പ്രധാന ജലസ്രോതസായ അണുക്കോലിതുറയിലേക്ക് തുറന്നു വിടുന്നതിനെതിരെ നാളുകളായുള്ള പരാതി നിലവിലുണ്ട്. ഇതിനെതിരെ പൗരസമിതി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
ഡെങ്കിപ്പനിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍  ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.  

മംഗളം 19.06.2016

ചേലാമറ്റത്ത് റോഡ് കുളമായി; വെങ്ങോലയില്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചേലാമറ്റം ഭാഗത്തേക്കുള്ള റോഡ് കുളമായി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ റോഡ്പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്.
ഒക്കല്‍ കവലയില്‍ നിന്നും ചേലാമറ്റം ഭാഗത്തേക്കുള്ള പഞ്ചായത്ത്  റോഡാണ് കുളമായത്. 15-ാം വാര്‍ഡിലുള്ള ഈ റോഡിലൂടെ ഒക്കല്‍ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നതാണ്. റോഡിന്റെ പല ഭാഗങ്ങളിലും മുട്ടോളം വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പറോടും പഞ്ചായത്ത് ഓഫീസിലും  പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  
വെങ്ങോല പഞ്ചായത്തില്‍ പൂമല അറയ്ക്കപ്പടി വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന അറയ്ക്കപ്പടി മസ്ജിദ്-പ്ലാവിന്‍ചുവട് റോഡിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. യാതൊരു കുഴപ്പവുമില്ലാതിരുന്ന റോഡിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ 817264 രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച്  പ്രദേശവാസിയായ എം.പി സുരേഷ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.  

മംഗളം 19.06.2016

വേങ്ങൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു

പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അരുവപ്പാറ, പാണേലി, മുനിപ്പാറ, ക്രാരിയേലി, കൈപ്പിള്ളി തുടങ്ങിയ മേഖലകളില്‍ ഡെങ്കിപ്പനി പടന്നു പിടിക്കുന്നു.
കോതമംഗലം, കോലഞ്ചേരി, എറണാകുളം എന്നി ആശുപത്രികളില്‍ നിരവധി പേര്‍ തീവ്രപരിചരണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.  അടിയന്തിരമായി പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ് സുബ്രഹ്മണ്യന്‍  ആവശ്യപ്പെട്ടു.

മംഗളം 19.06.2016

Thursday, June 18, 2015

അക്ഷരപെരുമ: പെരുമ്പാവൂര്‍ നഗരസഭയില്‍ വായനാ വാരാഘോഷം നാളെ തുടങ്ങും

പെരുമ്പാവൂര്‍: നഗരസഭയില്‍ വായനാവാരാഘോഷം നാളെ തുടങ്ങും. മുനിസിപ്പല്‍ ലൈബ്രറിയില്‍ രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
പ്രമുഖ സാഹിത്യ നിരൂപകന്‍ എം.കെ ഹരികുമാര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌ക്കരന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍ സാക്ഷരത പ്രവര്‍ത്തകരെ ആദരിക്കും. പ്രതിപക്ഷ നേതാവ് ജി സുനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. 
വൈകിട്ട് 4.30 ന് കവി പി മധുസൂദനന്‍ എം.പി നാരായണപിള്ള അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ യോഗം വൈസ് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്യും. ഷാജി സലിം അദ്ധ്യക്ഷത വഹിക്കും. 
20 ന് രാവിലെ 9.30 ന് പുസ്തക സമര്‍പ്പണവും പ്രദര്‍ശനവും മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ ഹരി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4.30 ന് സര്‍ഗ സായാഹ്നം കവി ജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. സുരേഷ് കീഴില്ലം മുഖ്യ പ്രഭാഷണം നടത്തും. ആബിദ പരീത് അദ്ധ്യക്ഷത വഹിക്കും. 
21 ന് രാവിലെ 9.30 മുതല്‍ മുഴുദിന ചലച്ചിത്രമേള നടക്കും. വിധേയന്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍), കലാമണ്ഡലം ഗോപി (ഷാജി എന്‍ കരുണ്‍), ചിദംബരം (അരവിന്ദന്‍), ഒരു ചെറുപുഞ്ചിരി (എം.ടി വാസുദേവന്‍ നായര്‍), സൂചിയും നൂലും (എ.എം മണി) എന്നി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ചലച്ചിത്ര ചര്‍ച്ച ഹൃസ്വചിത്രസംവിധായകന്‍ എ.എം മണി ഉദ്ഘാടനം ചെയ്യും. ജി സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
22 ന് വൈകിട്ട് 4.30 ന് ഉറൂബ് അനുസ്മരണം കവി വേണു വി.ദേശം ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. 23 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ പരിപാടികള്‍ രാവിലെ 9.30 ന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിക്കും. 
24 ന് വൈകിട്ട് 4.30 ന് ഗ്രന്ഥശാല സംഘം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം മൂലമ്പിള്ളി ഭാസ്‌ക്കരന്‍ ചര്‍ച്ചസായാഹ്നം ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ആര്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഷൈല ഷറഫ് അദ്ധ്യക്ഷത വഹിക്കും.
സമാപനസമ്മേളനം 25 ന് രാവിലെ 10.30 ന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സാഹിത്യകാരന്‍ കെ.ഐന്‍ ഷാജി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, കവി ബിജു പി നടുമുറ്റം തുടങ്ങിയവര്‍ പങ്കെടുക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, കണ്‍വീനര്‍ എന്‍.എ ലുക്ക് മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 18.06.2015

കെ.എസ്.ആര്‍.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതയാത്ര; റോഡ് മുറിച്ചുകടക്കലും ദുഷ്‌ക്കരം

പെരുമ്പാവൂര്‍:  ആലുവ-പെരുമ്പാവൂര്‍ ദേശസാല്‍കൃത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിത യാത്ര. ഈ റൂട്ടില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കലും ദുഷ്‌ക്കരം.
അഞ്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും 17 ഓര്‍ഡിനറി ബസ് സര്‍വ്വീസുകളുമുള്ള റൂട്ടാണിത്. എം.ഇ.എസ് കോളജ്, നുസ്രത്തുല്‍ ഇസ്ലാം സ്‌കൂള്‍, ക്യൂന്‍ മേരി പബ്ലിക് സ്‌കൂള്‍, അല്‍ മുബാറക് സ്‌കൂള്‍, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, പുല്ലുഴി ജയകേരളം, കുറുപ്പംപടി എം.ജി.എം, പെരുമ്പാവൂര്‍ പോളി ടെക്‌നിക് തുടങ്ങിയ നിരവധി വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളാണ് ഈ വഴിക്ക് യാത്ര ചെയ്യുന്നത്. മുന്‍പ് ഈ വഴിക്ക് സ്റ്റുഡന്റ്‌സ് ഒണ്‍ലി സര്‍വ്വീസ് ഉണ്ടായിരുന്നു. ഇപ്പോഴില്ല. 
മൂന്ന് ടൗണുകള്‍ ചുറ്റി എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൃത്യസമയം പാലിക്കാത്തതാണ് പ്രധാന പ്രതിസന്ധി. രാവിലെ ബസുകാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പലപ്പോഴും ബസ് കിട്ടാത്തതിനാല്‍ വിദ്യാലയങ്ങളിലെത്തുന്നത് വൈകിയാണ്. ജനറോം-ഏ.സി ലോ ഫ്‌ളോര്‍ ബസുകളില്‍ കുട്ടികള്‍ക്ക് യാത്ര നിരക്കില്‍ ഇളവില്ലാത്തതിനാല്‍ ഇത്തരം സര്‍വ്വീസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടാറില്ല.
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയാണ് രംഗത്തു വന്നിരിക്കുന്നത്. ശാശ്വതമായ പരിഹാരമുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുമെന്ന് ലോക്കല്‍ സെക്രട്ടറി എ.കെ നന്ദകുമാര്‍ മുന്നറിയിപ്പു നല്‍കി.
മുടിക്കല്‍ ഹൈസ്‌കൂളിനും വഞ്ചിനാട് സ്റ്റോപ്പിനും ഇടക്കാണ് ഈ റൂട്ടില്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഇവിടെ ക്രോസ് ലൈനോ, ബാരിക്കേഡുകളോ, സമീപത്ത് സ്‌കൂളുണ്ട് എന്നറിയിക്കുന്ന ബോര്‍ഡോ  ഇല്ല.
എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള അറുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഷറഫിയ യു.പി സ്‌കൂളിലെയും സമീപത്തെ മദ്രസയിലേയും ബാലവാടിയിലേയും കുട്ടികള്‍ക്കാണ് റോഡ് മുറിച്ചു കടക്കല്‍ ഏറ്റവും ദുസഹമായിട്ടുള്ളതെന്ന് പൊതുപ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് മുനീര്‍ പരാതി നല്‍കിയിട്ടുണ്ട്

മംഗളം 18.06.2015

Wednesday, June 17, 2015

റോഡിന്റെ ശോചനീയാവസ്ഥ: കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

പെരുമ്പാവൂര്‍: കൂവപ്പടി ചൈതന്യ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസിനെ ഉപരോധിച്ചു. തൊടാപ്പറമ്പ്-പിഷാരിക്കല്‍-പടിക്കലപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. 
രണ്ട് ബസ് സര്‍വ്വീസടക്കം സ്‌കൂള്‍ ബസുകളും മറ്റ് ധാരാളം വാഹനങ്ങളും ഈ റോഡില്‍കൂടി ദിനം പ്രതി സഞ്ചരിക്കുന്നതാണ്. കാല്‍നടയാത്രക്കാര്‍ക്കുപോലും യാത്ര ദുസഹമായിരിക്കുകയാണ്. എത്രയും വേഗം  ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രസിഡന്റ് പി.വൈ പൗലോസിന്റെ ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ബാബു ഉപരോധത്തിന് നേതൃത്വം വഹിച്ചു.

മംഗളം 17.06.2015


Tuesday, June 16, 2015

തലച്ചോറില്‍ ട്യൂമര്‍: വിദ്യാര്‍ത്ഥിനി ചികിത്സാ സഹായം തേടുന്നു

പെരുമ്പാവൂര്‍: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനി ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹയം തേടുന്നു.
തുരുത്തി പുള്ളോര്‍കുടി വറുഗീസിന്റെ മകള്‍ ജിസ്‌ന വറുഗീസ് (18) ആണ് മാരക രോഗം ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നെടുങ്ങപ്ര ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജിസ്‌ന.
ചികിത്സക്ക് ഏകദേശം 5 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത്രവലിയ തുക സമാഹരിക്കാന്‍ ഈ നിര്‍ധന കുടുംബത്തിന് ശേഷിയില്ല. 
ഈ സാഹചര്യത്തില്‍ മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചന്‍ രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമി വറുഗീസ് ചെയര്‍മാനും തുരുത്തി മേഖല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഒ ജോര്‍ജ്ജ് കണ്‍വീനറുമായി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി  സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനായി തുരുത്തി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 17620100029301. ഐ.എഫ്.എസ്.സി കോഡ് 001762, ഫോണ്‍: 9446867680

മംഗളം 16.06.2016

Sunday, June 14, 2015

ഭൂമി, വാഹനത്തട്ടിപ്പുകേസുകളിലെ പ്രതി പോലീസ് പിടിയിലായി

പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി, വാഹന തട്ടിപ്പുകേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിലായി.
കുറുപ്പംപടി പാറ ജംങ്ങ്ഷനില്‍ അതിരമ്പുഴ വീട്ടില്‍ ജയ്ബി കുര്യാക്കോസ് (38) ആണ് പിടിയിലായത്. കുറുപ്പംപടി പാലക്കാട്ടുകുടി വീട്ടില്‍ അരുണിന്റെ മഹീന്ദ്ര വെരിറ്റോ കാര്‍ തട്ടിയെടുത്ത് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വിറ്റ കേസിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കട്ടപ്പന കെ.എസ്.ഇ.ബിയ്ക്ക് ഓടിക്കാന്‍ കൊടുത്ത് വലിയ വാടക വാങ്ങിക്കൊടുക്കാം എന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ കാര്‍ തട്ടിയെടുത്തത്.
കപ്രശ്ശേരി കൃഷ്ണകുമാറിന്റെ ഭാര്യ ജയശ്രീയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലം തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ ചെങ്ങമനാട് സ്റ്റേഷനിലും മലപ്പുറം ജില്ലയില്‍ ഹസീന മുഹമ്മദ് എന്ന സ്ത്രീയുടെ ഒരേക്കറോളം ഭൂമി തട്ടിയെടുത്ത കേസില്‍ പട്ടാമ്പി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ജയശ്രീയുടെ സ്ഥലം ചെറിയ തുക അഡ്വാന്‍സ് മാത്രം കൊടുത്ത് ആധാരം ചെയ്‌തെടുത്ത ശേഷം ഇയാള്‍ മറിച്ചു വില്‍ക്കുകയായിരുന്നു. ഹസീനയുടെ സ്ഥലത്തിന് പകരം ഭൂമി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്ലോട്ടുകളായി തിരിച്ച് വില്‍പന നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അഞ്ച് ഭൂമി തട്ടിപ്പ് കേസുകളാണ് ഉള്ളത്. 
പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഭൂമി തട്ടിപ്പുകള്‍ക്ക് പുറമെ ഇയാള്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
കുറുപ്പംപടി എസ്.ഐ സുഗതന്‍, എസ്.ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സെയ്ദ്, അഷറഫ്, അനസ്, വിനോദ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറയസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

മംഗളം 14.06.2015

വെങ്ങോലയില്‍ ബസ് മതിലില്‍ ഇടിച്ചു; 17 പേര്‍ക്ക് പരുക്ക്

പെരുമ്പാവൂര്‍:  വെങ്ങോലയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. ആര്‍ക്കും സാരമായ പരുക്കുകളില്ല.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പി.പി റോഡില്‍ വെങ്ങോലയ്ക്കടുത്ത് മലയാംപുറത്തുപടിയിലാണ് സംഭവം. എണാകുളം-പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന യാത്ര എന്ന ബസാണ് അപകടത്തില്‍ പെട്ടത്. മലയാംപുറത്ത്പടി പള്ളിയ്ക്ക് എതിര്‍വശമുള്ള അറക്കമില്ലിന്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്.
പരുക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാധമിക സുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.

മംഗളം 14.06.2015

Saturday, June 13, 2015

മുടക്കുഴയില്‍ ഒരു യുവതി ഉള്‍പ്പടെ നാലു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

പെരുമ്പാവൂര്‍: മുടക്കുഴയില്‍ ഒരു യുവതിയ്ക്കും രണ്ടു വൃദ്ധര്‍ക്കും  ഉള്‍പ്പടെ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.
ഐ.ടി കമ്പനി ജീവനക്കാരിയായ ആനകല്ല് സ്വദേശിനി കരണ്യ (21), പെയിന്റിങ്ങ് തൊഴിലാളി പുളിയാമ്പിള്ളി രതീഷ് (32), ആലിയാട്ടുകുടി ജോര്‍ജ് (60), ചക്കാലയ്ക്കല്‍ മത്തായി (80) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ കരണ്യ. രതീഷ്, മത്തായി എന്നിവര്‍ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് കരണ്യക്കും രതീഷിനും പട്ടികടിയേറ്റത്. ഉച്ചകഴിഞ്ഞ് ജോര്‍ജിനേയും മത്തായിയേയും നായ ആക്രമിച്ചു. മത്തായിയുടെ വീടിന്റെ വാര്‍ക്ക നടക്കുന്നതിനിടയിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. വാര്‍ക്കപ്പണിക്കാരില്‍ ചിലര്‍ക്കു നേരെയും നായയുടെ ആക്രമണമുണ്ടായി. പണിക്കാരും നാട്ടുകാരും ചേര്‍ന്ന് പേ ബാധിച്ച നായയെ അടിച്ചുകൊന്നു. നായയുടെ ജഡം പഞ്ചായത്ത് അധികൃതര്‍ മറവു ചെയ്തുവെന്ന് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷാജി കീച്ചേരി അറിയിച്ചു.

മംഗളം 13.06.2015

Friday, June 12, 2015

പുതിയ ചെറുകഥകളില്‍ ലൈംഗികത ഏറുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: മലയാളത്തിലെ പുതിയ കഥകളില്‍ ലൈംഗികത ഏറുന്നുവെന്ന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ചെറുകഥകള്‍ പലതും ചെറുകഥകളല്ലെന്നും പത്രാധിപന്‍മാരുടെ താത്പര്യാര്‍ത്ഥം അനാവശ്യമായി വലിച്ചുനീട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫരീത് ജാസിന്റെ സ്‌നേഹപുഷ്പങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവ കഥാകൃത്ത് സുരേഷ്‌കീഴില്ലം ആദ്യപ്രതി ഏറ്റുവാങ്ങി.
വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം അബ്ദുള്‍ കരീം അദ്ധ്യക്ഷത വഹിച്ചു.
കവി ലൂയീസ് പീറ്റര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് അബ്ദുള്‍ റഹ്മാന്‍, അഡ്വ. പുഷ്പാദാസ്, പ്രസ് ക്ലബ് സെക്രട്ടറി യു.യു മുഹമ്മദ്കുഞ്ഞ്, യെസ് മലയാളം എക്‌സിക്യുട്ടീവ് എഡിറ്റര്‍ ശാരി രാജീവ്, എ.എം ബഷീര്‍, പി.എസ് സുധീര്‍, കെ.എം നാസര്‍, ഐഷാ അബൂബക്കര്‍,  ഫരീത് ജാസ് തുടങ്ങിയവര്‍ സംസാരിച്ചു.

മംഗളം 12.06.2015

Thursday, June 11, 2015

മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്ള തേക്കുകള്‍ ഇനി മുടിക്കല്‍ തടി ഡിപ്പോയിലേക്ക്

പെരുമ്പാവൂര്‍: തടി എത്താത്തതിനാല്‍ പ്രതിസന്ധിയിലായ മുടിക്കല്‍ ഡിപ്പോയിലേക്ക് മലയാറ്റൂര്‍ ഡിവിഷനില്‍ വെട്ടുന്ന തേക്കുകള്‍ എത്തിക്കാന്‍ വനംവകുപ്പ് ഉത്തരവായി. 
2015-16 സാമ്പത്തിക വര്‍ഷം മലയാറ്റൂര്‍ ഡിവിഷനില്‍ അടച്ചുമുറി നടത്തുന്ന തേക്കുതോട്ടത്തില്‍ നിന്നുള്ള അധിക ഭാഗം തടിയും മുടിക്കലിലേക്ക് അയക്കാനാണ് തീരുമാനമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.  മുടിക്കല്‍ ഡിപ്പോയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് മറുപടി. 
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരുന്ന ഡിപ്പോ നാളുകളായി കാലിയായി കിടക്കുകയായിരുന്നു. 2500 മീറ്റര്‍ തടി ഇറക്കാന്‍ സൗകര്യമുള്ള 3.50 ഹെക്ടര്‍ സ്ഥലവും കെട്ടിടവും ഇവിടുണ്ട്. 2012-13 കാലയളവിലാണ് വിവിധ കൂപ്പുകളില്‍ നിന്ന് അവസാനമായി ഇവിടേക്ക് തടിയെത്തിയത്.
തടി എത്താതായതോടെ ഡിപ്പോയിലെ മുപ്പത്തിരണ്ടോളം കയറ്റിറക്ക് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു. ഇതേതുടര്‍ന്നാണ് മുനീര്‍ വകുപ്പു മന്ത്രിക്ക് പരാതി നല്‍കിയത്.
ചാലക്കുടി ഡിവിഷനില്‍ നിന്ന് 850 എം 3 തടി നിലവില്‍ എത്തിതുടങ്ങിയിട്ടുണ്ട്. മലയാറ്റൂരില്‍ നിന്നുള്ള തടികൂടി എത്തുന്നതോടെ മുടിക്കല്‍ ഡിപ്പോ വീണ്ടും സജീവമാകും.

മംഗളം 11.06.2016

Wednesday, June 10, 2015

ആരേയും ഭയക്കാതെ രാപ്പാര്‍ക്കാം; വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ റെഡി

പെരുമ്പാവൂര്‍: ഒറിജിനലിനെ വെല്ലുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ പത്തു മിനിട്ടിനുള്ളില്‍ റെഡി. ഏതു മറുനാടന്‍ ക്രിമിനലുകള്‍ക്കും പെരുമ്പാവൂര്‍ പട്ടണത്തില്‍ രാപ്പാര്‍ക്കാം; ആരേയും ഭയക്കാതെ.
നല്ല കൂലിയുള്ള വേലതേടി വരുന്നവരുടെ മറവിലെത്തുന്ന തീവ്രവാദികള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി നല്‍കുന്ന ലോബികള്‍ പെരുമ്പാവൂരില്‍ ധാരാളം. ചില സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചാണ്  വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. 
ഫോട്ടോ മാത്രം കൊടുത്താല്‍ പത്തു മിനിട്ടിനകം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കും. കമ്പ്യൂട്ടറിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ മാതൃകയിലേക്ക് ഫോട്ടോ പേസ്റ്റ് ചെയ്താണ് കാര്‍ഡ് നിര്‍മ്മാണം. കാര്‍ഡില്‍ ഫോട്ടോ ഒഴിച്ചുള്ള മറ്റുവിവരങ്ങളെല്ലാം മറ്റേതോ വ്യക്തിയുടേതായിരിക്കുമെന്ന് ചുരുക്കം. 
പ്ലൈവുഡ് കമ്പനികളില്‍ ജോലിക്കായാണ് മറുനാടന്‍  തൊഴിലാളികള്‍ വന്നു തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് വ്യവസായമുള്ളതാകട്ടെ, പെരുമ്പാവൂരിലും. എത്തുന്ന ആര്‍ക്കും ജോലി കിട്ടുമെന്നതിനാല്‍ തൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചു. കെട്ടിടനിര്‍മ്മാണ മേഖല മുതല്‍ മണല്‍ക്കടവുകളില്‍ വരെ അവസരങ്ങളായി. 
അന്നം തേടിയെത്തുന്ന ഈ തൊഴിലാളികളുടെ മറവില്‍ ക്രിമനിലുകളും ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശികളും ഇവിടേക്ക് ഒഴുകുകയാണ്.  2008 ല്‍ വിവിധ പ്ലൈവുഡ് കമ്പനികളില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 27 തൊഴിലാളികളില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നവര്‍ കേവലം മൂന്നുപേര്‍.  റെയ്ഡ് നടന്നാല്‍ എല്ലാവരുടേയും കൈവശം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കും.  പലതും വ്യാജമാണെന്ന് മാത്രം.
തൊഴിലാളികള്‍ അവരുടെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിലാസം സാക്ഷ്യപ്പെടുത്തിയ രേഖകളുമായിട്ടാണ് വരേണ്ടത്. അതു പരിശോധിച്ച ശേഷം തൊഴില്‍ സ്ഥാപനം പ്രത്യേകം ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യണം. പെരുമ്പാവൂരില്‍ സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കാര്‍ഡുകള്‍ നല്‍കിയത്. പ്ലൈവുഡ് മേഖല വ്യവസായ മുരടിപ്പിലേക്ക് നീങ്ങിയതോടെ തൊഴിലാളികള്‍ മറ്റു മേഖലകളിലേക്ക് ചേക്കേറാന്‍ തുടങ്ങി. തൊഴിലാളികള്‍ എവിടെ നിന്ന് വരുന്നുവെന്നോ ആരാണെന്നോ ഉള്ള അന്വേഷണങ്ങള്‍ തീരെയില്ലാതെയായി. ആരെങ്കിലും ചോദിച്ചാല്‍ കാണിക്കാനാണ്  വ്യാജന്‍ വാങ്ങുന്നത്. 
കാശ്മീരില്‍ കലാപമുണ്ടാക്കിയതിന്റെ പേരില്‍ ഹൈദരാബാദില്‍ നിന്ന് പിടികൂടിയ അബ്ദുള്‍ ജബ്ബാര്‍ ദീര്‍ഘകാലം ഒളിവില്‍ താമസിച്ചത് പെരുമ്പാവൂരിലായിരുന്നു. അനൂപ് എന്ന പേരിലാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കണ്ടെത്തി. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും കാമുകിയും ഒളിച്ചുപാര്‍ത്തതും പെരുമ്പാവൂരില്‍. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ  പെരുമ്പാവൂരില്‍ രഹസ്യമായി എത്തിച്ച് തെളിവ് എടുത്തിരുന്നു. 
കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ വരവും പ്രധാനമായും അന്യദേശക്കാര്‍ വഴിയാണ്. ബംഗ്ലാദേശില്‍ നിന്ന് വിലക്കുറവില്‍ കിട്ടുന്ന കഞ്ചാവും ബ്രൗണ്‍ ഷുഗറും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള തൊഴിലാളികളാണ് എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം ഭാര്യയേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി കടന്നുകളഞ്ഞ അന്യദേശക്കാരനെ കണ്ടെത്താനായിട്ടില്ല. മരിച്ച യുവതി അസം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞതും
വല്ലത്തിന് അടുത്ത് ബീഹാര്‍ ദേശ്പൂര്‍ സ്വദേശി മുകേഷ് എന്ന യുവാവിനെ മുഖത്ത് കല്ലിനിടിച്ച് കൊന്ന പ്രതിയെ കണ്ടെത്തിയതും പൂനൂരിലെ താറാവു ഫാമില്‍ കൊലപാതകം നടത്തിയ ആളെ പിടികൂടിയതും മാസങ്ങള്‍ കഴിഞ്ഞാണ്.

(മംഗളം 10.06.2015)



ഷാപ്പുകളില്‍ റെയ്ഡ്: വ്യാജ കള്ള് പിടിച്ചു

പെരുമ്പാവൂര്‍: കള്ളുഷാപ്പുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന വ്യാജ കള്ള് പിടിച്ചു. 
ടൗണ്‍ കള്ള് ഷാപ്പ്, വട്ടക്കാട്ടുപടി ഷാപ്പ്, ഓള്‍ഡ്-മൂവാറ്റുപുഴ റോഡിലുള്ള ഷാപ്പ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന കള്ള് കൃത്രിമമായി ഉണ്ടാക്കി വില്‍പ്പന നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത കള്ള് കാക്കനാടുള്ള ഫോറന്‍സിക് ലാബിലേക്ക് രാസപരിശോധനയ്ക്കായി അയച്ചു. 
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പള്‍ എസ്.ഐ ഹണി കെ ദാസ്, സീനിയര്‍ സി.പി.ഒ എന്‍.പി ശശി, സി.പി.ഒമാരായ സജീവിന്‍, രാജേഷ്, പി,.കെ രഘു, രതീഷ് കുമാര്‍, ഷാജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

മംഗളം 10.06.2015

പുസ്തക പ്രകാശനം ഇന്ന്

പെരുമ്പാവൂര്‍: ഫരീദ് ജാസിന്റെ കഥാസമാഹാരം സ്‌നേഹപുഷ്പങ്ങള്‍ വാഴക്കുളം സഹകരണ ബാങ്ക് ഹാളില്‍ ഇന്ന് വൈകിട്ട് 4.30 ന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പ്രകാശനം ചെയ്യും. സുരേഷ് കീഴില്ലം ഏറ്റുവാങ്ങും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഷെമീര്‍ അദ്ധ്യക്ഷത വഹിക്കും.
നൗഷാദ് അബ്ദുള്‍ റഹ്മാന്‍, സി.എം അബ്ദുള്‍ കരീം, ഐഷാ അബൂബക്കര്‍, ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പി.എസ് സുധീര്‍, യു.യു മുഹമ്മദ്കുഞ്ഞ്, എ.എം ബഷീര്‍, മനോജ് വെങ്ങോല, കെ.എം നാസര്‍, അഡ്വ. പുഷ്പാ ദാസ്, എം.എം മുജീബ് റഹ്മാന്‍, അഹമ്മദ് തോട്ടത്തില്‍, എം.എം ഗോപി, ഫരീദ് ജാസ് എന്നിവര്‍ പ്രസംഗിക്കും.

10.06.2015

Tuesday, June 9, 2015

പെരുമ്പാവൂര്‍ ബൈപാസ്: വിശദമായ പുതിയ പ്രൊജക്ട് അവതരിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായ പെരുമ്പാവൂര്‍ ബൈപാസ് സംബന്ധിച്ച വിശദമായ പുതിയ  പ്രൊജക്ട് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി കേരള സ്റ്റേറ്റ് കണ്‍ഷ്ട്രക്ഷന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതും നിര്‍മ്മാണം തുടങ്ങുന്നതും സംബന്ധിച്ച് സാജുപോള്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബൈപാസിന്റെ അലൈന്‍മെന്റ് അംഗീകരിക്കുകയും കണ്‍ഷ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തി നിര്‍ണ്ണയിക്കല്‍ തുടങ്ങുകയും ചെയ്തിരുന്നു. വാസഗൃഹങ്ങള്‍ ഒഴിവാക്കി, പരമാവധി തരിശായ ഭൂമിയിലൂടെയായിരുന്നു ബൈപാസിന്റെ ദിശനിര്‍ണ്ണയം. എന്നാല്‍, ഇതിനെതിരെ പെരുമ്പാവൂര്‍ ജനല്‍ മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ നിലച്ചു. 2013 മാര്‍ച്ചില്‍ അലൈന്‍മെന്റ് പുതുക്കി നടപടി ക്രമങ്ങള്‍ പുനരാംഭിച്ചു. എന്നാല്‍, അതിനെതിരെ അബ്ദുള്‍ അസീസ്, മുഹമ്മദ് അഷറഫ് എന്നിവര്‍ കോടതിയെ സമീപിച്ചു. ഇതിനിടെ നടപടി ക്രമങ്ങളുടെ കാലതാമസം മൂലം 2014 മാര്‍ച്ചില്‍ ഭരണാനുമതിയുടെ കാലാവധി പൂര്‍ത്തിയായി. എന്നാല്‍ ജനപ്രതിനിധികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പുതിയ പ്രൊജക്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
നിലവിലുള്ള അലൈന്‍മെന്റ് സംബന്ധിച്ചും തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇത് പരിഹരിക്കാനാണ് കണ്‍ഷ്ട്രക്ഷന്‍ ബോര്‍ഡിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ബൈപാസിന് വേണ്ടി കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍, രായമംഗലം, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളില്‍ നിന്ന് 10.02 ഹെക്ടര്‍ ഭൂമി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ട്. സ്ഥലം വാങ്ങുന്നതിനും റോഡ് നിര്‍മ്മിക്കുന്നതിനും ആവശ്യമായ തുക ഉള്‍ക്കൊള്ളിച്ച് പ്രൊജക്ട് തയ്യാറാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 
അതിനു മുമ്പ് ബൈപാസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒരു ഉന്നതതല യോഗം ചേരുമെന്നും സാജുപോള്‍ എം.എല്‍.എ അറിയിച്ചു 


(മംഗളം 9.06.2015)

പരിസ്ഥിതിദിനത്തില്‍ നേതാക്കള്‍ക്കായി വൃക്ഷങ്ങള്‍; ഒപ്പം ഫ്‌ളക്‌സ് വേലിയും

പെരുമ്പാവൂര്‍: പി.കെ.വി സ്മാരക മന്ദിരത്തില്‍ പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകള്‍ക്കു ചുറ്റും പരിസ്ഥിതി വിനാശകാരിയായ ഫ്‌ളക്‌സ് വേലി കെട്ടിയത് വിവാദമാകുന്നു.
എ.ഐ.ടി.യു.സി സംസ്ഥാന തലത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വമാണ് പുല്ലുവഴിയിലെ പി.കെ.വി സ്മാരകത്തിനു മുന്നില്‍ വൃക്ഷ തൈകള്‍ നട്ടത്. അന്തരിച്ച സി.പി.ഐ നേതാക്കളായ ആര്‍ സുഗതന്‍, വെളിയം ഭാര്‍ഗവന്‍, സി.കെ ചന്ദ്രപ്പന്‍ തുടങ്ങിയവരുടെ ഓര്‍മ്മക്കായാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍, വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ചുറ്റും കെട്ടിയ വേലിക്ക് പുറത്ത് ആളുകള്‍ ശ്രദ്ധിക്കത്തക്ക വലുപ്പത്തില്‍ ഫ്‌ളക്‌സുകള്‍ കൂടി സ്ഥാപിച്ചതാണ് വിവാദമായത്. 
പരിസ്ഥിതിക്ക് ഹാനികരമായ ഫ്‌ളക്‌സുകള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വലിയതോതില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ഇവിടെ വൃക്ഷത്തൈകള്‍ക്ക് ചുറ്റും ഫ്‌ളക്‌സ് സ്ഥാപിച്ചത്. പരിസ്ഥിതി ദിവസത്തില്‍ തന്നെയായി ഈ വിരോധാഭാസം എന്നതിനെതിരെയാണ് ഏറെ ആക്ഷേപം.

(മംഗളം 9.06.2015)

Monday, June 8, 2015

സിമന്റ് കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: കേരളത്തിലങ്ങോളമിങ്ങോളമുള്ള സിമന്റ് കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന അന്തര്‍ജില്ലാ മോഷ്ടാവ് പോലീസ് വലയിലായി.
ആലപ്പുഴ പള്ളിപ്പാട് നരയിഞ്ചി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സന്ധ്യാഭവന്‍ രാജുവിന്റെ മകന്‍ സന്ദീപ് (36) ആണ് പിടിയിലായത്. ഹരിപ്പാട് സ്റ്റേഷനില്‍ കൊലപാതക ശ്രമവും മോഷണവും ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ഇയാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മാന്നാര്‍, മാവേലിക്കര സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകളുണ്ട്.
കെട്ടിടം പണി നടക്കുന്ന ഇടങ്ങളില്‍ സിമന്റ് കമ്പനിയുടെ റെപ്രസെന്റേറ്റീവ് എന്ന വ്യാജേനെ എത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് സൈറ്റില്‍ എത്തിച്ച് തരാം എന്ന വാഗ്ദാനം നല്‍കുകയാണ് പതിവ്.
ഇയാള്‍ കഴിഞ്ഞ മാസം 23 ന് കുറുപ്പംപടിയിലുള്ള പിട്ടാപ്പിള്ളില്‍ സിമന്റ് സ്റ്റോഴ്‌സില്‍ നിന്ന് അറുപത് ചാക്ക് സിമന്റ് വാങ്ങി. കടയുടമയെക്കൊണ്ടു തന്നെ വാഹനം വാടകയ്ക്ക് വിളിപ്പിച്ചു. ഈ വാഹനത്തിനൊപ്പം ഇരു ചക്ര വാഹനത്തില്‍ ഇയാളും സിമന്റ് ഇറക്കാനുള്ള സൈറ്റിലേക്ക് പോയി. ചേലക്കുളം ഭാഗത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ അമ്പത് ചാക്ക് സിമന്റ് ഇറക്കി. ബാക്കിയുള്ള പത്തു ചാക്ക് മാറ്റൊരിടത്താണ് ഇറക്കേണ്ടത് എന്ന് വിശ്വസിപ്പിച്ച് ലോഡ് കൊണ്ടു വന്ന വാഹനത്തെ അവിടേക്ക് അയച്ചു. ഇതിനിടെ ചേലക്കുളത്തെ വീട്ടില്‍ നിന്ന് അമ്പതു ചാക്ക് സിമന്റിന്റെ വിലയും വാങ്ങി മുങ്ങി. 
കുറുപ്പംപടി പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ കടയില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ ഒരു ആസാം സ്വദേശിയുടെ ആയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍, വ്യാജ വിലാസത്തില്‍ ഇയാള്‍ പത്തോളം സിം കാര്‍ഡുകളും പതിനഞ്ചോളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മുഴുവന്‍ ഫോണുകളും സിംകാര്‍ഡുകളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതി ചോറ്റാനിക്കര ഭാഗത്തുണ്ടെന്ന് കണ്ടെത്തി.
കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ റൗഫ്, വിനോദ്, അനസ് എന്നിവര്‍ ചേര്‍ന്നാണ് സന്ദീപിനെ തിരുവാങ്കുളം കണിച്ചിറ കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ ഭാഗത്ത് മാത്രം അഞ്ച് സിമന്റ് കടകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആലുവ, മുളന്തുരത്തി, ചോറ്റാനിക്കര ഭാഗങ്ങളില്‍ രണ്ടു വീതം കടകളിലും പിറവം, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ ഭാഗത്തെ കടകളിലും ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി തെളിഞ്ഞു. ഒരിടത്തും ഇയാള്‍ ആറുമാസത്തില്‍ കൂടുതല്‍ താമസിക്കാറില്ല. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

മംഗളം 08.06.2015

പാമ്പല്ല, മണ്ണിരയല്ല..അധികൃതര്‍ക്ക് ഉത്തരവുമില്ല; ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടിയത് മിച്ചം

പെരുമ്പാവൂര്‍:  കിണറ്റില്‍ കണ്ടെത്തിയ ചെറു പാമ്പുകളുമായോ മണ്ണിരകളുമായോ സാദൃശ്യമുള്ള  ആയിരക്കണക്കിന് ജീവികളെ പറ്റി ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉത്തരമില്ല. പരിഹാരമായി അമിത അളവില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടി.
പുല്ലുവഴി ഉദാലക്കോടന്‍ ഷാജി പോളിന്റെ കുടുംബമാണ് വെട്ടിലായത്. കഴിഞ്ഞ  മൂന്നിനാണ് കിണര്‍ വെള്ളത്തില്‍ കൂത്താടികള്‍ പോലുള്ള ചെറുജീവികളെ ഇവര്‍ കണ്ടത്. ഇതേ തുടര്‍ന്ന് കിണര്‍ വറ്റിച്ചു. അപ്പോള്‍ കിണറിന്റെ താഴെ നിന്നും പാമ്പുകളുമായി സാദൃശ്യമുള്ള ജീവികളെ കാണുകയായിരുന്നു. ഇവയ്ക്ക് ഒന്നരയടിയോളം നീളമുണ്ട്. കറുത്ത നിറമാണ്. 
അപ്പോള്‍ തന്നെ വിവരം രായമംഗലം പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. കൃത്യമായ ഉത്തരമോ പ്രതിവിധിയോ കിട്ടാത്തതിനെ തുടര്‍ന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. അവര്‍ക്കും ഈ ജീവികള തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാക്കനാട് സര്‍ക്കാര്‍ ലബോറട്ടറിയില്‍ വെള്ളത്തിന്റെ സാമ്പിള്‍ നല്‍കിയെങ്കിലും ബ്ലീച്ചിങ്ങ് പൗഡറിന്റെ സാന്നിദ്ധ്യം കണ്ടതിനാല്‍ പരിശോധന നടന്നില്ല. 
ഈ സാഹചര്യത്തിലാണ് പഞ്ചായത്തുമായി ബന്ധപ്പെട്ട ചിലര്‍ കിണറ്റില്‍ വീണ്ടും ബ്ലീച്ചിങ്ങ് പൗഡര്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് മൂന്നു കിലോയോളം ബ്ലിച്ചിങ്ങ് പൗഡറാണ് കിണറ്റില്‍ നിക്ഷേപിച്ചത്. അതോടെ വിചിത്ര ജീവികളെ കാണാതായി. പക്ഷെ, ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഈ കിണറിലെ വെളളം കുടിക്കാന്‍ കഴിയില്ലത്രെ. കാരണം, ആയിരം ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മാത്രം നിക്ഷേപിക്കേണ്ട സ്ഥാനത്തായിരുന്നു ബ്ലീച്ചിങ്ങ് പൗഡറിന്റെ അമിത നിക്ഷേപം.

(മംഗളം 08.06.2015)

Friday, June 5, 2015

പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷന്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും: രമേശ് ചെന്നിത്തല

പെരുമ്പാവൂര്‍: നഗരത്തില്‍ ട്രാഫിക് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തില്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നഗരസഭ  പണി തീര്‍ത്ത മുനിസിപ്പല്‍മാള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഫയര്‍ സ്റ്റേഷനിലേക്ക് ആധുനിക വാട്ടര്‍ ട്രങ്ക് അടുത്ത മാസം അനുവദിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായ കൂട്ടുകെട്ടാണ് പെരുമ്പാവൂരിലുള്ളതെന്നും അതാണ് നഗരവികസനത്തിന് ഗുണകരമാകുന്നതെന്നും മന്ത്രി നിരീക്ഷിച്ചു.  ഉദ്ഘാടന സമ്മേളനത്തില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. 
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ മാള്‍ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച ചീഫ് ആര്‍ക്കിടെക്റ്റ് ബോണി അലക്‌സിനേയും റോയല്‍ കണ്‍സ്ട്രക്ഷന്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ എന്‍.എസ് ഹസനേയും ആദരിച്ചു. 
നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, ഡോ. കെ.എ ഭാസ്‌ക്കരന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ലോട്ടറി  ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, കെ ഹരി, ഷാജി സലിം, ആബിദ പരീത്, ഷൈല ഷറഫ്, വി.പി ഖാദര്‍, ജി സുനില്‍കുമാര്‍, ബാബു കൂനക്കാടന്‍, പി.ആര്‍ സജികുമാര്‍, പി.എ പയസ്, ടി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
ശോചനീയാവസ്ഥയിലായ ഫിഷ് മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയാണ് 3.60  കോടി രൂപ മുടക്കി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ പൂര്‍ണമായും ഒഴിവാക്കി നഗരസഭയുടെ വിവിധ സ്രോതസുകളില്‍ നിന്നും പുനരധിവാസ പാക്കേജ് വഴിയുമാണ് കെട്ടിട സമുച്ചയ നിര്‍മ്മാണത്തിനുള്ള തുക സമാഹരിച്ചത്.

മംഗളം 5.06.2015

Thursday, June 4, 2015

മരത്തിന്റെ തല മുറിച്ചു; ശില്‍പത്തിന്റെ തല പോയി

പെരുമ്പാവൂര്‍: കേരള ലളിത കലാ അക്കാദമി കലാഗ്രാമമായിരുന്ന ഇരിങ്ങോള്‍ നാഗഞ്ചേരി മനയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ശില്‍പം മരം വീണ് തകര്‍ന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നഗരസഭയും ചേര്‍ന്ന് ഒരുക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോഴാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പം തകര്‍ന്നത്. മരം വീണ് ശില്‍പത്തിന്റെ തലയറ്റു. ഉടല്‍ തകരുകയും ചെയ്തു. ശില്‍പം ഇപ്പോള്‍ കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
കോട്ടയം സ്വദേശി പി.എസ് ശെല്‍വരാജ് നിര്‍മ്മിച്ച ഡിസ്‌ക്ലോസ് സെല്‍ഫ് എന്ന പേരിലുള്ള ശില്‍പമാണ് ശ്രദ്ധക്കുറവുകൊണ്ട് തകര്‍ന്നു വീണത്. ഇതിന് ഇരുപതു വര്‍ഷം പഴക്കമുണ്ട്. 1995 ല്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദേശീയ ശില്‍പകലാ ശിബിരത്തിലാണ് ഈ ശില്‍പത്തിന്റെ നിര്‍മ്മാണം. ഇറ്റാലിയന്‍ ശില്‍പികളായ പൗലോ ലെനിയാഗി, ഇന്ത്യയിലെ പ്രശസ്ത ശില്‍പികളായ റിംസണ്‍, അശോകന്‍ പൊതുവാള്‍, പി.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ക്യാമ്പ് ആയിരുന്നു അത്.
പിന്നീട് കലാഗ്രാമം പദ്ധതിയില്‍ നിന്ന് ലളിത കലാ അക്കാദമി പിന്‍മാറി. നാഗഞ്ചേരി മനയും പരിസരവും നഗരസഭ ഏറ്റെടുത്തു. കലാഗ്രാമത്തില്‍ തീര്‍ത്ത ശില്‍പ പാര്‍ക്കിലെ കലാസൃഷ്ടികള്‍ വര്‍ഷങ്ങളോളം അനാഥമായി കിടന്നു.
ഈ ശില്‍പങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി, ഒരു കോടി രൂപയോളം മുടക്കി ടൂറിസം സ്‌പോട്ട് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പ്രവേശനകവാടത്തിലെ ശില്‍പത്തിന്റെ തകര്‍ച്ച.

മംഗളം 4.06.2015

Tuesday, June 2, 2015

ഹോളോബ്രിക്‌സ് യൂണിറ്റ് ഉടമയെ കബളിപ്പിച്ച ഗുജറാത്തി വ്യവസായി അറസ്റ്റില്‍

പെരുമ്പാവൂര്‍: ഹോളോബ്രിക്‌സ് യൂണിറ്റ് ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഗുജറാത്തി വ്യവസായി അറസ്റ്റില്‍.
ഗുജറാത്ത് നവസാരി സ്വദേശി മെഹുല്‍ പഞ്ചാല്‍ (40) ആണ് അറസ്റ്റിലായത്. ഹിറ്റ്പ് ബ്രിക്‌സ് ആന്റ് ടൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ മണ്ണൂര്‍ ഓലപ്പുരയില്‍ വീട്ടില്‍ ഗീവറുഗീസ് എന്നയാള്‍ക്ക് ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് മെഷ്യന്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഗീവറുഗീസില്‍ നിന്നും മുപ്പത്തിയേഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
കുന്നത്തുനാട് എസ്.ഐ ടി.വി ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മെഹുല്‍ പഞ്ചാലിനെ കോടതി റിമാന്റ് ചെയ്തു.

മംഗളം 1.06.2015

Monday, June 1, 2015

മന്ത്രവാദത്തിന്റെ പേരില്‍ ദമ്പതിമാരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന ഉമ്മയും മകനും പിടിയില്‍

പെരുമ്പാവൂര്‍:  മന്ത്ര വാദത്തിലൂടെ ഗര്‍ഭിണിയാക്കാമെന്ന് വാഗ്ദാനം നല്‍കി ദമ്പതിമാരില്‍ നിന്നും പണം തട്ടിയ കേസില്‍ മാതാവും മകനും പിടിയിലായി. പള്ളിപ്രം കമ്പനിപ്പടി പുതിയ വീട്ടില്‍ സലിമിന്റെ മകന്‍ നിസാര്‍ (26) ഇയാളുടെ മാതാവ് ഇബ്രാഹിമ (46) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിനിരയായത്. 
വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷമായിട്ടും ഗര്‍ഭിണിയാകാതിരുന്ന ദമ്പതിമാരെയാണ് പ്രലോഭിപ്പിച്ച് പണം തട്ടിയത്.  വെള്ളം, എണ്ണ, പാല്‍ എന്നിവ മന്ത്രിച്ച് നല്‍കിയായിരുന്നു  തട്ടിപ്പ്. ദമ്പതിമാരില്‍ നിന്നും പലപ്പോഴായി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്. 
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നിര്‍ദേശാനുസരണം സി.ഐ. മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പാള്‍ എസ്.ഐ ഹണി കെ. ദാസ്, ജൂനിയര്‍ എസ്.ഐ. ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശി, സിദ്ധാര്‍ഥന്‍, സജീവന്‍, രതീഷ്‌കുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മംഗളം 1.05.2015

Sunday, May 31, 2015

അറയ്ക്കപ്പടി ഗ്രാമപഞ്ചായത്ത്: കരട് വാര്‍ഡ് വിഭജന പട്ടികയായി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വിഭജനത്തെ തുടര്‍ന്ന് രൂപീകരിക്കുന്ന അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ് വിഭജന പട്ടികയായി. 
മരോട്ടിച്ചോട്, ശാലേം, ഓണംകുളം, പിറക്കാട്, മേപ്രത്തുപടി, ടാങ്ക് സിറ്റി, ദര്‍ശിനിപുരം, അയ്യന്‍ചിറങ്ങര, പെരുമാനി, അറയ്ക്കപ്പടി, പൂമല, വലിയകുളം, മുണ്ടങ്കരപ്പുറം, മിനിക്കവല എന്നിങ്ങനെ 14 വാര്‍ഡുകളാണ് പുതിയ പഞ്ചായത്തിലുണ്ടാവുക. വാര്‍ഡ് വിഭജനത്തില്‍ ആക്ഷേപമുള്ളവര്‍ അടുത്ത മാസം പതിനഞ്ചിനകം അറിയിക്കണം.
വടക്ക് ജാമിയ ജംഗ്ഷന്‍-പോഞ്ഞാശ്ശേരി കവല, കിഴക്ക്  പോഞ്ഞാശ്ശേരി-മരോട്ടിച്ചോട്, തെക്ക് തോണാപ്പിച്ചാല്‍-മരോട്ടിച്ചോട്, പടിഞ്ഞാറ് തോണാപ്പിച്ചാല്‍-ചള്ളിയേലിപ്പാടം-ജാമിയ ജംഗ്ഷന്‍ എന്നിങ്ങനെ അതിരുകളായാണ് ഒന്നാം വാര്‍ഡായ മരോട്ടിച്ചുവട്. ഇവിടെ 1385 ആണ്  ജനസംഖ്യ. 
പോഞ്ഞാശ്ശേരി-കനാല്‍പ്പാലം-പുളിയാമ്പിള്ളി കനാല്‍ വടക്കും പുളിയാമ്പിള്ളി- ആംഗ്ലോ ഇന്ത്യന്‍ കോളനി- ആലിന്‍ചുവട് ശാലേം റോഡ് കിഴക്കും ആലിന്‍ചുവട്-കുരിശിന്‍തൊട്ടി-മരോട്ടിച്ചുവട് തെക്കും മരോട്ടിച്ചുവട്-പോഞ്ഞാശ്ശേരികവല പടിഞ്ഞാറുമായുള്ള രണ്ടാംവാര്‍ഡ് ശാലേമില്‍ 1358 ആണ് ജനസംഖ്യ. 
ശാലേം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-പുതുപ്പാറ (വടക്ക്), ശാലേം റോഡ്-ഓണംകുളം (കിഴക്ക്), ഓണംകുളം-നീലാങ്ങല്‍ത്താഴം- പുതുപ്പാറ ക്ഷേത്രം (തെക്ക്), പുതുപ്പാറ ക്ഷേത്രം-വലിയതോടുവഴി ശാലേം കലുങ്ക് (പടിഞ്ഞാറ്) എന്നിങ്ങനെയാണ് മൂന്നാം വാര്‍ഡ് ഓണംകുളത്തിന്റെ അതിരുകള്‍. ജനസംഖ്യ 1295.
പിറക്കാട് വാര്‍ഡ്: പുതുപ്പാറ ക്ഷേത്രം നീലാങ്ങല്‍ത്താഴം-വലിയതോട് പിരിയന്‍കുളം (വടക്ക്), പിരിയന്‍കുളം കനാല്‍ക്കവല (കിഴക്ക്), പെരുമാനി കനാല്‍ക്കവല, അറയ്ക്കപ്പടി-പ്ലാവിന്‍ചോട് (തെക്ക്), പ്ലാവിന്‍ചോട് മുക്രക്കുടി റോഡ്-പുതുപ്പാറ ക്ഷേത്രം (പടിഞ്ഞാറ്). ജനസംഖ്യ 1261
മേപ്രത്തുപടി: ഓണംകുളം പള്ളി -ബഥനി (വടക്ക്), ബഥനി ഹൈലെവല്‍ ബ്രാഞ്ച് കനാല്‍, തേക്കമലത്താഴം (കിഴക്ക്), തേക്കമലത്താഴം-കവളയ്ക്കല്‍ (തെക്ക്), നീലാങ്ങല്‍ത്താഴം മേപ്രത്തുപടി-ഓണംകുളം (പടിഞ്ഞാറ്), ജനസംഖ്യ 1344
ടാങ്ക്‌സിറ്റി: ബഥനി കനാല്‍-ടാങ്ക്‌സിറ്റി, മെയിന്‍കനാല്‍ (വടക്ക്), മെയിന്‍കനാല്‍ ദര്‍ശനിപുരം പാടം-ഒളിമ്പിയപ്പാടം (കിഴക്ക്) ഒളിമ്പിയപ്പാടം, തെക്കമലത്താഴം (തെക്ക്), തേക്കമലത്താഴം ഹൈലെവല്‍ കനാല്‍ ബഥനി(പടിഞ്ഞാറ്)ജനസംഖ്യ 1368
ദര്‍ശനിപുരം: പെരിയാര്‍വാലി കനാല്‍-വളയന്‍ചിറങ്ങര എല്‍.പി.എസ് (വടക്ക്), വളയന്‍ചിറങ്ങര എല്‍.പി.എസ്-വിമ്മല തോട്, വട്ടമുകള്‍ (കിഴക്ക്), വട്ടമുകള്‍-എടത്താക്കര-പെരുമാനി കനാല്‍ (തെക്ക്), പെരുമാനി കനാല്‍-കണ്ണയത്തുപാടം മെയിന്‍ കനാല്‍ (പടിഞ്ഞാറ്) ജനസംഖ്യ 1251
അയ്യന്‍ചിറങ്ങര: തേക്കമലത്താഴം കണ്ണോത്തുപാടം (വടക്ക്), കണ്ണോത്തുപാടം പെരുമാനി കനാല്‍ (കിഴക്ക്), പെരുമാനി കനാല്‍ക്കവല-എടത്താക്കര, പിരിയന്‍കുളം (തെക്ക്), പിരിയന്‍കുളം, കാവളയ്ക്കല്‍ ക്ഷേത്രം തേക്കമലത്താഴം (പടിഞ്ഞാറ്), 
പെരുമാനി: പെരുമാനി കനാല്‍ക്കവല-പള്ളിത്താഴം-എടത്താക്കര (വടക്ക്), എടത്താക്കര-  ഓട്ടത്താണി (കിഴക്ക്), ഓട്ടത്താണി കിഴക്കമ്പാടം-കുമ്മനോട് കനാല്‍ (തെക്ക്) കുമ്മനോട്-പെരുമാനി കനാല്‍ക്കവല (പടിഞ്ഞാറ്) ജനസംഖ്യ 1387
അറയ്ക്കപ്പടി: അറയ്ക്കപ്പടി-പെരുമാനി-കനാല്‍പ്പാലം (വടക്ക്), കുമ്മനോട് കനാല്‍-പെരുമാനി കനാല്‍ക്കവല (കിഴക്ക്) കുമ്മനോട് കനാല്‍ മുതല്‍ ചെറുപാറ കലങ്കുവരെ (തെക്ക്), ചെറുപാറകലുങ്ക്-വട്ടത്തറപ്പടി-പ്ലാവിന്‍ചുവട്-അറയ്ക്കപ്പടി (പടിഞ്ഞാറ്) ജനസംഖ്യ 1372
പൂമല: പൂമല-പൊഴിവെട്ടിനടപ്പാത-മുക്രക്കുടി (വടക്ക്), മുക്രക്കുടി-പ്ലാവിന്‍ചോട്-വട്ടത്തറപ്പടി- പി.പി റോഡ്-ചെറുപാറ കലുങ്ക് (കിഴക്ക്), ചെറുപാറ കലുങ്ക്-ഓണംവേലിപാടം-പൂമല തോട്-ഊട്ടിമറ്റം (തെക്ക്), ഊട്ടിമറ്റം-വലിയകുളം-പൂമല (പടിഞ്ഞാറ്) ജനസംഖ്യ 1338
വലിയകുളം: മങ്കുഴി ശാലേം വലിയതോട് (വടക്ക്), ശാലേം കലുങ്ക്-വലിയതോട്-പുതുപ്പാറ ക്ഷേത്രം (കിഴക്ക്), പൊഴവെട്ടി നടപ്പാത- പൂമല വലിയകുളം- ഊട്ടിമറ്റം (തെക്ക്), ഊട്ടിമറ്റം-മങ്കുഴി (പടിഞ്ഞാറ്) ജനസംഖ്യ 1424.
മുണ്ടങ്കരപ്പുറം: മരങ്ങാട്ടുപള്ളി-നെടുമല ചിറ (തെക്ക്)മരോട്ടിച്ചോട്-ബസേലിയോസ് കുരിശ് (കിഴക്ക്), ശാലേം കലുങ്ക് -വലിയതോട്-മങ്കുഴി (തെക്ക്), മങ്കുഴി-മാങ്ങാട്ടുപള്ളി (പടിഞ്ഞാറ്) ജനസംഖ്യാ 1344
മിനിക്കവല: തോണാപ്പിച്ചാല്‍-മരോട്ടിച്ചോട് (വടക്ക്), പുളിഞ്ചുവട്-മിനിക്കവല-മരോട്ടിച്ചോട് (കിഴക്ക്), മരങ്ങാട്ടുപള്ളി-നെടുങ്ങാലച്ചിറ പുളിഞ്ചുവട് (തെക്ക്), മരങ്ങാട്ടുപള്ളി- തേര്‍മല ശബരിപാടം-തോണാപ്പിച്ചാല്‍ (പടിഞ്ഞാറ്) ജനസംഖ്യ 1485.

മംഗളം 31.05.2015

പെരുമ്പാവൂര്‍ ഉപജില്ല പ്രവേശനോത്സവം പുല്ലുവഴി ഗവ. എല്‍.പി സ്‌കൂളില്‍

നാളെ സ്‌കൂള്‍ തുറക്കും

പെരുമ്പാവൂര്‍: മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് നാളെ വീണ്ടും സ്‌കൂളുകള്‍ തുറക്കും. നവാഗത വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ വിദ്യാലയവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസ ഉപജില്ലാതല-കൂവപ്പടി ബി.ആര്‍.സിതല പ്രവേശനോത്സവം നാളെ പുല്ലുവഴി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. സാജുപോള്‍ എം.എല്‍.എ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടില്‍ അദ്ധ്യക്ഷത വഹിക്കും. 
പാചകപ്പുര, എച്ച്.എം റൂം, ടൈല്‍സ് വിരിച്ച അസംബ്ലി ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒന്നാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുല്ലുവഴി പി.കെ.വി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണം ചെയര്‍മാന്‍ എസ് ശിവശങ്കരപ്പിള്ള നിര്‍വ്വഹിക്കും. റെജി ഇട്ടൂപ്പ്, ചിന്നമ്മ വറുഗീസ്, ബീന ദിവാകരന്‍, സിസിലി തോമസ്, ജോയി പൂണേലി, അംബികാ മുരളിധരന്‍, ബേയ്‌സ് പോള്‍ തുടങ്ങിയര്‍ പ്രസംഗിക്കും. വാഗ്ഭടാചാര്യ അവാര്‍ഡ് ജേതാവ് ഡോ. വിജയന്‍ നങ്ങേലിയെ സമ്മേളനത്തില്‍ ആദരിക്കും.
എ.ഇ.ഒ എം.വി മുരളീധരന്‍, ബി.പി.ഒ ശോശാമ്മ എ.എം, പ്രധാന അദ്ധ്യാപിക ഇ. സാജിത, രാജപ്പന്‍ എസ് തെയ്യാരത്ത്, ജോണി വറുഗീസ്, ടി.എസ് അനു, മിനി ചെല്ലപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അറിവിന്റെ ആദ്യപാഠങ്ങള്‍ തേടി അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ എതിരേല്‍ക്കാന്‍ പെരുമ്പാവൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഒരുങ്ങി. ഗാന്ധി ചിത്രങ്ങളും സന്ദേശങ്ങളും വിജയ മന്ത്രങ്ങളും അടങ്ങിയ കാര്‍ഡുകള്‍ ആയിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാനായി തയ്യാറായി.
വിവിധ രാഷ്ട്രീയ, സാമൂഹിക., സാംസ്‌കാരിക നേതാക്കള്‍ പങ്കെടക്കുന്ന ബി.ആര്‍.ടി തല പ്രവേശനോത്സവത്തിനായി പെരുമ്പാവൂര്‍ ഗേള്‍സ് എല്‍.പി സ്‌കൂളും പരിസരവും ഒരുങ്ങികഴിഞ്ഞതായി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ നിറവില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് ഇവിടെ 265 പുതിയ കുട്ടികളാണ് പുതിയതായി വരുന്നത്. ആകെ 620 കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി മാറിക്കൊണ്ടാണ് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ നവാഗതരെ വരവേല്‍ക്കുന്നത്.

മംഗളം 31.05.2015

കീഴില്ലം-മാനാറി റോഡ് തകര്‍ന്നു; നാട്ടുകാര്‍ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞു

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-മാനാറി റോഡ് താറുമാറായി. ഈ റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നാട്ടുകാര്‍ തടഞ്ഞു. മൂന്നു ദിവസമായി ഈ വഴിക്ക് ഭാരവണ്ടികളില്ല.
എട്ടാം വാര്‍ഡില്‍പ്പെട്ട ഈ റോഡിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. 15 ഓളം വര്‍ഷങ്ങള്‍ക്കുമുമ്പാണ് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.  ഈ കാലയളവിനുള്ളില്‍ പലപ്പോഴായി 12600000 രൂപയോളം പല ഘട്ടങ്ങളിലായി മുടക്കി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. നാലു കിലോമീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള റോഡിനു വേണ്ടി ഓരോ തവണയും വന്‍തുകകള്‍ മുടക്കുന്നുണ്ടെങ്കിലും ഈ വഴിക്കുള്ള സഞ്ചാരം നാട്ടുകാര്‍ക്കെന്നും ദുരിതമാണ്. 
നിര്‍മ്മാണ ഘട്ടത്തിലെ ക്രമക്കേടുകള്‍ മൂലം റോഡ് അടിക്കടി തകരും. മാത്രവുമല്ല 30-40 ടണ്‍ ഭാരമുള്ള ടോറസു പോലുള്ള ഭാരവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. സമീപ പഞ്ചായത്തുകളായ അശമന്നൂര്‍, പായിപ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പാറമടകളിലേക്കും രണ്ട് ക്രഷര്‍ യൂണിറ്റുകളിലേക്കും മൂന്ന് പ്ലൈവുഡ് കമ്പനികളിലേക്കും ഇതു വഴിയാണ് ഗതാഗതം. നൂറുകണക്കിന് ലോറികള്‍ പ്രതിദിനം ഈ  വഴിക്ക് ശരാശരി അഞ്ച് ട്രിപ്പ് വീതം സര്‍വ്വീസ് നടത്തുന്നു. 
റോഡില്‍ കുഴികളുണ്ടാവുമ്പോള്‍ പാറമട ഉടമകള്‍ ഇവിടെ തള്ളുന്ന  പാറപ്പൊടി പരിസരവാസികള്‍ക്ക് പലപ്പോഴും അലോസരമുണ്ടാക്കുന്നു. കരിങ്കല്‍ ലോറികളില്‍ നിന്ന് റോഡിലേക്ക് വീഴുന്ന കൂറ്റന്‍ കരിങ്കല്ലുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഭീഷണിയാണ്. 
2008 ല്‍ ത്രിവേണി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനേതുടര്‍ന്ന് കീഴില്ലം-മാനാറി റോഡില്‍ ക്രഷര്‍- മെറ്റല്‍-പാറമട ഉടമകളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കരാറുണ്ടാക്കിയിരുന്നു. അമിത ലോഡുള്ള വാഹനങ്ങള്‍ക്കെതിരേയും ഡ്രൈവര്‍മാരുടെ സഭ്യമല്ലാത്ത പെരുമാറ്റത്തിനെതിരേയും കരാറുണ്ടാക്കിയിരുന്നെങ്കിലും അതൊന്നും പരിഹരിക്കാനായില്ല. 
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഈ വഴിക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞത്. അടിയന്തിരമായി ആധുനിക സംവിധാനങ്ങളുപയോഗിച്ച് റോഡ്  പുതുക്കിപ്പണിയണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

മംഗളം 31.05.2015

Thursday, May 28, 2015

പെരുമ്പാവൂര്‍ ബൈപാസിനു വേണ്ടി സി.പി.എമ്മിന്റെ മനുഷ്യബൈപാസ്

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിക്കപ്പെട്ട ബൈപാസ് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മനുഷ്യ ബൈപാസ് തീര്‍ത്തു. തുടര്‍ന്ന് സംഘടിപ്പിച്ച പൊതുയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, സി.എം.പി ജില്ലാ സെക്രട്ടറി വി.എന്‍ രാജന്‍, ഡോ.കെ.എ ഭാസ്‌കരന്‍, ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, പി.എം സലിം, കെ.ഇ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 28.05.2015

Wednesday, May 27, 2015

പെരുമ്പാവൂര്‍ ബൈപാസിനൊപ്പം അനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായി; മറ്റുള്ളവയുടെ നിര്‍മ്മാണം പുരോഗതിയില്‍

ഭരണം തീരാന്‍ നേരം അപഹാസ്യ സമരങ്ങള്‍, 
പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 



സാജുപോള്‍ എം.എല്‍.എ

പി പി തങ്കച്ചന്‍
പെരുമ്പാവൂര്‍: പട്ടണത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിച്ച ബൈപാസ് പദ്ധതി ഒരിഞ്ച് മുന്നോട്ടു പോകാതെ നില്‍ക്കുമ്പോള്‍, ഇതിനൊപ്പം ഭരണാനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഒപ്പമുള്ള മറ്റു പദ്ധതികളും നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ സമയം ബൈപാസിനു വേണ്ടി നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാവുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ 2012 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ അനുസരിച്ച് പെരുമ്പാവൂര്‍ ബൈപാസിന് പുറമെ മറ്റു ചില പദ്ധതികള്‍ക്കു കൂടി ഭരണാനുമതി ലഭിച്ചിരുന്നു. അതില്‍ കുമരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. നിരവധി കടകള്‍ പൊളിച്ചു നീക്കിയും സ്ഥലം ഏറ്റെടുത്തുമായിരുന്നു ഇതിന്റെ നിര്‍മ്മാണം. തറക്കല്ലിട്ട് മൂന്നു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സ്ഥലം എം.എല്‍.എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബൈപാസ്, തിരുനാവായ പാലം, കൊല്ലം ജില്ലയിലെ പെരുമണ്‍ പാലം, തൃശൂര്‍ ജില്ലയിലെ അഴിമാവ് കടവ് പാലം തുടങ്ങിയ പദ്ധതികളും നിര്‍മ്മാണ പുരോഗതിയിലാണ്.
എന്നാല്‍, ഇവയോടൊപ്പം തന്നെ പെരുമ്പാവൂര്‍ ബൈപാസിനും ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. 
ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തിനടുത്ത് നിന്ന് തുടങ്ങി പി.പി റോഡും എം.സി റോഡും കടന്ന് എ.എം റോഡിലെ മരുതുകവല ജങ്ങ്ഷനില്‍ അവസാനിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ്. റോഡിന്റെ ദൈര്‍ഘ്യം 3.768 കിലോ മീറ്റര്‍. ഇതിനു വേണ്ടി ഏറ്റെടുക്കേണ്ട സ്ഥലം 1002.46 സ്ഥലം. റോഡിന് വേണ്ടി ആരാധാനാലയങ്ങളോ സ്‌കൂളുകളോ മറ്റു പൊതു സ്ഥാപനങ്ങളോ എന്നു മാത്രമല്ല, വീടുകള്‍ പോലും പൊളിച്ചു മാറ്റേണ്ടതില്ല. ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും ബൈപാസിന്റെ നിര്‍മ്മാണം തുടങ്ങാനായില്ല.
ഒടുവില്‍, പതിന്നാലു വര്‍ഷം ഭരണം നടത്തിയ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബൈപാസിനു വേണ്ടി സമരം തുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള യു.ഡി.എഫ് കണ്‍വീനറും അടിക്കടി പ്രസ്താവനകള്‍ ഇറക്കുകയല്ലാതെ ബൈപാസിനു വേണ്ടി ഒന്നും ചെയ്തില്ല. ബൈപാസ് യാഥാര്‍ത്ഥ്യമാകാത്തതില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് തുറന്നു സമ്മതിച്ച ചെയര്‍മാനും നേരംതെറ്റിയ നേരം സമരത്തിനിറങ്ങാം എന്നാണ് പറയുന്നത്. 
വാഹനക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തെ സമരം കൊണ്ടു കൂടി ശ്വാസം മുട്ടിക്കാനാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കം.

പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗത പ്രതിസന്ധി അനുദിനം രൂക്ഷമാവുമ്പോള്‍ പരസ്പരം പഴിചാരലുകളും സമരമുറകളും തുടരുന്നു. ഇന്ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യ ബൈപാസ്. 
തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് മനസുതുറന്ന് എടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്ന് വൈകിട്ട് 4.30 ന് പാര്‍ട്ടി മനുഷ്യബൈപാസ് സംഘടിപ്പിക്കുന്നത്. പാലക്കാട്ടുതാഴം പാലം മുതല്‍ നിര്‍ദ്ദിഷ്ഠ ബൈപാസ് ആലുവ മൂന്നാര്‍  റോഡില്‍ സംഗമിക്കുന്ന മരുത് കവല വരെ ആയിരങ്ങള്‍ അണി നിരന്നുകൊണ്ടാണ് മനുഷ്യബൈപാസ്. കൈകള്‍ കോര്‍ത്ത് വൈകിട്ട് 5 ന് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് മാര്‍ക്കറ്റ് കവലയില്‍ പ്രതിഷേധ യോഗവും ചേരും.

ബൈപാസ് ഇരിങ്ങോളില്‍ 
നിന്ന് തുടങ്ങണമെന്ന്

പെരുമ്പാവൂര്‍: നിര്‍ദ്ദിഷ്ട ബൈപാസ് ഇരിങ്ങോള്‍ ഭാഗത്തു നിന്നു തുടങ്ങി എം.സി റോഡും പി.പി റോഡും കടന്ന് പാലക്കാട്ടുതാഴത്ത് അവസാനിപ്പിക്കണമെന്ന് ജനകീയ വികസന സമിതി മേഖലാ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി കൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.ബി സുരേന്ദ്രന്‍, ഡോ. ബേബി പി സ്‌കറിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, പി.എന്‍ രാഘവന്‍, ഗിരിജ ശ്രീധര്‍, സി.ജെ റെയ്ച്ചല്‍, എന്‍.ആര്‍ ശ്രീധരന്‍, അഡ്വ. സി.കെ സെയ്തു മുഹമ്മദലി, എന്‍ രാമചന്ദ്രന്‍, ടി.എം സാദിഖലി, പി.എം വറുഗീസ്, സി.കെ അബ്ദുള്ള, എ.ജി പ്രസാദ്, ഇ.എം സുബ്രഹ്മണ്യന്‍, അഷറഫ്, എം.എസ് സുനില്‍, എസ് വൈദ്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബൈപാസ്: സര്‍ക്കാര്‍ അവഗണന 
അവസാനിപ്പിക്കണമെന്ന് ജനതാദള്‍

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്ത ബൈപാസിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (എസ്) വെങ്ങോല പഞ്ചായത്ത്  പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പദ്ധതി വിഭാവനം ചെയ്ത ഘട്ടത്തില്‍ കേവലം 28 കോടി രൂപ ഉപയോഗിച്ച്  ബൈപാസ് യാഥാര്‍ത്ഥ്യമാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈപാസിന് 120 കോടി രൂപ വേണം. കാലതാമസം ഉണ്ടാകുന്തോറും പദ്ധതി ചെലവ് ഗണ്യമായി  വര്‍ദ്ധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. 
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ചെങ്ങഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ തച്ചയില്‍ ഉദ്ഘാടനം ചെയ്തു. സലിം കെ. എടത്തല, സലിം വാണിയക്കാടന്‍, എ.സി പാപ്പുക്കുഞ്ഞ്, എ.ജി ചന്ദ്രശേഖരന്‍, ഷിനാജ് പൂവത്തുങ്ങല്‍, സുഹൈല്‍ പാറേക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

(മംഗളം 27.05.2015)



Tuesday, May 26, 2015

അസം യുവതിയുടേയും പിഞ്ചുകുഞ്ഞിന്റേയും കൊലപാതകം; യുവതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂര്‍:  മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ഒപ്പം അല്ലപ്രയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട  യുവതിയെ തിരിച്ചറിഞ്ഞു. അസം സ്വദേശി മുഹര്‍ അലിയുടെ മകള്‍ മക്മൂദ (20) യും പിഞ്ചുകുഞ്ഞുമാണ് കൊലചെയ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ യുവതിയേയും കുഞ്ഞിനേയും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്. ഒരു മാസം മുമ്പ് കണ്ടന്തറയിലെ വാടക വീട്ടില്‍ താമസമാക്കിയ ഈ കുടുംബത്തെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു.
വ്യാഴാഴ്ച രാത്രി നാട്ടിലേക്കെന്നും പറഞ്ഞാണ് ഇവര്‍ വാടക വീട് വിട്ടത്. പിറ്റേന്ന് യുവതിയുടേയും കുഞ്ഞിന്റേയും ജഡങ്ങളാണ് കണ്ടത്. ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തു. അതോടെയാണ്  ഭര്‍ത്താവില്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. ഇയാളുടെ സുഹൃത്തായ അന്യദേശ തൊഴിലാളിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേര് ഹാഷിം ഹുസൈന്‍ എന്നാണെന്ന് വ്യക്തമായി. ഇയാളുടെ വീട് അറിയാവുന്ന സുഹൃത്തുമൊത്ത് പോലീസ് അസമിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ കമല്‍ ഹുസൈന്‍ ചെമ്പറക്കിയിലെ ഒരു ഇരുമ്പുരുക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന സൂചന ലഭിച്ചത്. കമല്‍ ഹുസൈന്റെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് മക്മൂദ. തിരിച്ചറിയാത്തതിനാല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചരിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ കമല്‍ ഏറ്റുവാങ്ങി. പിന്നീട് കണ്ടന്തറ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.
ഹാഷിം ഹുസൈനും മക്മൂദയും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേരളത്തിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കൊല ചെയ്തത് ആരാണെന്നോ അതിനുളള കാരണമെന്തെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ഹാഷിം ഹുസൈനെ കേന്ദ്രീകരിച്ചുതന്നെയാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ഹാഷിം അസമിലേക്ക് ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുകയാണെന്ന് വ്യക്തമായിട്ടുണ്ട്.

(മംഗളം 26.05.2015)

പെരിയാര്‍ നദീതട മേഖലയില്‍ നിന്ന് ശിലായുഗ സംസ്‌കൃതിയുടെ കൂടുതല്‍ അടയാളങ്ങള്‍

പെരുമ്പാവൂര്‍: പെരിയാര്‍ നദീതട മേഖലയില്‍ നിന്നും ചരിത്രാതീത കാലഘട്ടത്തിലെ ശിലായുഗ സംസ്‌കൃതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അടയാളങ്ങളും തെളിവുകളും ലഭിച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഫീല്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള എസ്‌കവേഷന്‍ അസിസ്റ്റന്റ് ബി മോഹനചന്ദ്രന്റേയും എം.എസ് റിമയുടേയും  ഡോ. മിഥുന്‍ സി ശേഖറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ കണ്ടെടുത്തത്. ആലാട്ടുചിറ, കപ്രിക്കാട് തുണ്ടം, കോട്ടപ്പാറ, പൊങ്ങന്‍ചുവട് വനമേഖലകളിലും മുളംങ്കുഴി, പുലയണിപ്പാറ, തൃക്കാരിയൂര്‍ എന്നിവിടങ്ങളിലുമായിരുന്നു പര്യവേഷണം. 
കേരളത്തിലെ പൂര്‍വ്വ മധ്യകാല  സംസ്‌കൃതി മുതല്‍ പുറകോട്ട് ശിലായുഗസംസ്‌കൃതി വരെയുള്ള കാലഘട്ടം തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രമമായി രൂപപ്പെടുത്താന്‍, ഇപ്പോള്‍ ലഭിച്ചിട്ടുള്ള അടയാളങ്ങള്‍ പര്യാപ്തമാണെന്ന് സംഘം അവകാശപ്പെടുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍ പിന്നോട്ടുള്ള മഹാശിലായുഗ-നവീന ശിലായുഗ കാലഘട്ടങ്ങളില്‍പ്പെട്ട അത്യപൂര്‍വ്വമായ വസ്തുതകള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പുരാവസ്തു പുരാവശിഷ്ട സങ്കേതങ്ങള്‍ക്കായി ഇവിടെ ഉത്ഖനനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
മുമ്പ് പ്രമുഖ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്‍ ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്ന് ശിലായുധങ്ങള്‍ കണ്ടെത്തിയിരുന്നു. 2007 ല്‍ കാലടി ഭാഗത്തുനിന്നും ഏ.കെ അലി എന്നയാള്‍ കണ്ടെത്തിയ ശിലായുധങ്ങളില്‍ ചിലത് പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കപ്രിക്കാട് വനമേഖലയില്‍ നിന്നും 2013 ല്‍ ചില എന്‍.ജി.ഒ പ്രവര്‍ത്തകരും ശിലായുധങ്ങള്‍ കണ്ടെടുത്തിരുന്നു. 
ഈ സാഹചര്യത്തിലാണ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പെരിയാര്‍ നദീതട മേഖലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ക്കായി ബി മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയത്. അതേ തുടര്‍ന്നാണ് പാല സെന്റ് തോമസ്, കൊടുങ്ങല്ലൂര്‍, കെ.കെ.ടി.എം കോളജുകളില്‍ നിന്നുള്ള പുരാവസ്തു പ ഠനവിദ്യാര്‍ത്ഥികളേയും എന്‍.ജി.ഒ അംഗങ്ങളേയും ചേര്‍ത്ത് കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ ഇവിടെ പര്യവേഷണം തുടങ്ങിയത്.
ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കിയോളജി വകുപ്പ് തലവന്‍ ഡോ. കൃഷ്ണന്‍, ഡക്കാണ്‍ കോളജിലെ ഡോ. മൊഹന്തി, ഡോ. ഷീല മിശ്ര, ഡോ.  ജോഗ ലേക്കര്‍, അലഹാബാദ് യൂണിയവേഴ്‌സിറ്റിയിലെ ഡോ. പ്രകാശ് സിന്‍ഹ എന്നിവരടങ്ങുന്ന പാനലിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തുടര്‍ച്ചയായ മൂന്ന് സീസനുകളില്‍ ഇവിടെ ഉത്ഖനനം നടത്താനാണ് പദ്ധതി. 

(മംഗളം 26.05.2015)

Monday, May 25, 2015

ചേരാനല്ലൂരിലെ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന്

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചേരാനല്ലൂര്‍ പ്രദേശത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം. 
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2, 3 വാര്‍ഡുകളിലെ റോഡുകള്‍ നിര്‍മ്മിച്ചതിലാണ് അപാകത. അതുകൊണ്ടു തന്നെ നാളുകള്‍ക്കുള്ളില്‍ തന്നെ ഈ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. 
രണ്ടാം വാര്‍ഡിലെ സെന്റ് ജോസഫ് കപ്പേളക്ക് പടിഞ്ഞാറുവശത്തുള്ള മൈനര്‍ ഇറിഗേഷന്‍  കനാല്‍ റോഡ് മൂന്നാം വാര്‍ഡിലെ മുണ്ടുപാലം തോട്ടുവ റോഡ് എന്നിവയാണ് തകര്‍ന്നത്. റോഡുകള്‍ക്കുവേണ്ടി അനുവദിച്ച ഫണ്ടിന്റെ പകുതി തുകപോലും അനുവദിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിരവധി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെങ്കില്‍
ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചേരാനല്ലൂര്‍ പൗരസമിതി പ്രസിഡന്റ് ഷൈജന്‍ വര്‍ക്കി തോട്ടങ്കര, സെക്രട്ടറി സെബാസ്റ്റ്യന്‍ മണവാളന്‍ എന്നിവര്‍ മുന്നറിയിപ്പു നല്‍കി. 

മംഗളം 25.05.2015

Sunday, May 24, 2015

കോടനാട് ആനക്കളരിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റേഞ്ച് ഓഫീസറെ ഉപരോധിച്ചു

പെരുമ്പാവൂര്‍: കോടനാട് ആന പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഉപരോധിച്ചു.
പ്രതിദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ആന പരിശീലന കേന്ദ്രത്തില്‍ സുരക്ഷിതമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക, കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുക, ആന പരിശീലിപ്പിക്കുന്നത് കാണാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈമോള്‍ ഷൈജന്‍, സാബു പാത്തിക്കല്‍, ദേവച്ചന്‍ പടയാട്ടില്‍, ജോഷി സി പോള്‍, ബാബു വറുഗീസ്, അനില്‍ ജോസ്, എന്‍.ബി പ്രദീപ്, സുന്ദരന്‍ ചെട്ടിയാര്‍, ഷൈന്‍ സേവ്യര്‍, തോമസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.

മംഗളം 24.05.2015

Saturday, May 23, 2015

അന്യസംസ്ഥാന യുവതിയും പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന യുവതിയും  പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍.
ആസാം സ്വദേശിനിയായ യുവതിയും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ പേര് ലഭ്യമായിട്ടില്ല.
അല്ലപ്ര-കുറ്റിപ്പാടം റോഡിനരികില്‍ ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ ഇന്നലെ രാവിലെ റബര്‍വെട്ടു തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്.  ചുറ്റും റബര്‍ തോട്ടങ്ങളുള്ള, അടുത്തൊന്നും വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലമാണ് ഇത്.
കൃഷിചെയ്യാത്ത ഭാഗത്തെ ചേമ്പിന്‍കാട്ടില്‍ പാതി കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുഞ്ഞിന്റെ പാല്‍ക്കുപ്പിയും മറ്റും അടുത്തുണ്ടായിരുന്നു.
ഒരു മാസം മുമ്പാണ് കണ്ടന്തറയിലെ വാടകവീട്ടില്‍ യുവതിയും കുടുംബവും എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ വാടക വീട് ഒഴിയുകയും ചെയ്തു. അതുകൊണ്ടു തന്നെ വീട് വാടകയ്ക്ക് നല്‍കിയവര്‍ക്കും ഈ കുടുംബത്തെ പറ്റി കൂടുതലൊന്നുമറിയില്ല.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെ ഹാഷിം ഹുസൈന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്ന് വ്യക്തമായിട്ടുണ്ട്. 
ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

മംഗളം 23.05.2015

പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു

പെരുമ്പാവൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍  പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. 
പുല്ലുവഴി ഗിരികോളനിക്കും പരിസരപ്രദേശങ്ങളിലെ മറ്റു വീട്ടികാര്‍ക്കും ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളിലും പുല്ലുവഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനും കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി തുടങ്ങിയ പദ്ധതിയാണ് മാസങ്ങളായി നിശ്ചലാവസ്ഥയിലായത്. പദ്ധതി പ്രദേശം പൂര്‍ണമായി കാടുകയറി. മോട്ടോര്‍ പമ്പുകള്‍ തുരുമ്പിച്ച് ഉപയോഗശൂന്യമായി. 
എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച്, രായമംഗലം ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ 2013 ലാണ് ഈ പദ്ധതിയുടെ തുടക്കം. ജലസമൃദ്ധമായ മുടത്തോടിന് സമീപം ആഴത്തില്‍ കുളം താഴ്ത്തിയാണ് പദ്ധതി തുടങ്ങിയത്. കുളത്തിന് കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. 20 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കാനായി പമ്പു ഹൗസും നിര്‍മ്മിച്ചു. ഇതിനു പുറമെ 70000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും ഒരു കിലോമീറ്ററോളം ദൂരത്തില്‍ പുരയിടങ്ങളിലേക്കുള്ള പൈപ്പു ലൈനുകളും അടങ്ങുന്നതാണ് പദ്ധതി.
അമ്പതു ലക്ഷത്തിലേറെ തുക ചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി നിലച്ചതോടെ സമീപവാസികള്‍ക്ക് വീണ്ടും കുടിവെള്ളക്ഷാമം വന്നു. പഞ്ചായത്തിന് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റിയോ ഇറിഗേഷന്‍ വകുപ്പോ ഇതേറ്റെടുക്കണമെന്നും പമ്പ് ഓപ്പറേറ്ററെ നിയമിച്ച് ജലസേചനം കാര്യക്ഷമമാക്കണമെന്നും മോഹന്‍ദാസ് ഗാന്ധി കര്‍മ്മവേദി യോഗം ആവശ്യപ്പെട്ടു. കര്‍മ്മവേദി ചെയര്‍മാന്‍ ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.സുധാകരന്‍, ടി.പി പൈലി, നാരായണന്‍കുട്ടി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.


മംഗളം 23.05.2015

ചരിത്രപ്പെരുമയുള്ള പെരുമ്പാവൂര്‍ കോടതിയുടെ കെട്ടിടം ഗൃഹാതുരമായ ഓര്‍മ്മയായി മാറും

കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്


പെരുമ്പാവൂര്‍: ആധുനികമായ കോടതി കെട്ടിട സമുച്ചയത്തിന് ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിടും. താമസിയാതെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപെരുമകള്‍ പേറുന്ന പുരാതനമായ കോടതി കെട്ടിടം പൊളിച്ചുമാറ്റും.
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്റെ പേഷ്‌കാര്‍മാര്‍ ക്യാമ്പ് സിറ്റിംഗ് നടത്തിയതിനുശേഷം 1912 ല്‍ തുടങ്ങിയ മുന്‍സീഫ് കോടതിക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെ 1938 ല്‍ സര്‍ക്കാര്‍ നിരോധിച്ചതിനേതുടര്‍ന്ന് അറസ്റ്റിലായ നേതാക്കള്‍ക്ക് വേണ്ടി ഏ.കെ.ജി നേരിട്ട് ഹാജരായി കേസ് നടത്തിയ കോടതിയാണിത്. എ.കെ.ജി പാവങ്ങളുടെ വക്കീലെന്ന് വിശേഷിപ്പിച്ച കെ.എന്‍.ജി കര്‍ത്തയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എം പരീത്പിള്ളയും മുന്‍ എം.എല്‍.സി ജി നാരായണ അയ്യരും മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്തയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഫെഡറല്‍ ബാങ്ക് സ്ഥാപക ചെയര്‍മാന്‍ കെ.പി ഹോര്‍മിസും പ്രമുഖ നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ പ്രാക്ടീസ് ചെയ്ത കോടതിയും ഇതു തന്നെ.
1915 ലാണ് ഇവിടെ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ചത്. 1976 ല്‍ അത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി. 1990 ല്‍ എം.എ.സി.റ്റി കോടതിയും 2007 ല്‍ സബ്‌കോടതിയും തുടങ്ങി.
കുന്നത്തുനാട്-ആലുവ താലൂക്കുകള്‍ ഈ മുന്‍സീഫ് കോടതിയുടെ അധികാര പരിധിയിലായിരുന്നു. ആലുവ, കോലഞ്ചേരി മേഖലകളില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ വന്നതോടെ പെരുമ്പാവൂര്‍ കോടതിയുടെ പ്രതാപം കുറഞ്ഞു. പിന്നീട് ഇപ്പോള്‍ കുറുപ്പംപടി, കാലടി, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിലൊക്കെ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഒമ്പത് പോലീസ് സ്റ്റേഷനുകളുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന പെരുമ്പാവൂര്‍ കോടതിക്ക് കീഴില്‍ ഇപ്പോഴുള്ളത് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ മാത്രം. 
ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത് അനാവശ്യമാണെന്ന് വിചാരിക്കുന്നവര്‍ ഏറെയുണ്ട്. പറവൂര്‍, തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ തുടങ്ങിയ പഴയകാല കോടതികള്‍ പുനരുദ്ധരിച്ച് പഴമ കളയാതെ നിലനിര്‍ത്തിയതുപോലെ പെരുമ്പാവൂര്‍ കോടതിയും സംരക്ഷിക്കപ്പെടുകയായിരുന്നു അഭികാമ്യമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറികൂടിയായ അഡ്വ. സതീഷ് എം കുമാര്‍ പറയുന്നു.

മംഗളം 23.05.2015

Friday, May 22, 2015

പെരുമ്പാവൂര്‍ കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണോദ്‌ഘാടനം നാളെ


പെരുമ്പാവൂര്‍: കോടതി കെട്ടിട നിര്‍മ്മാണ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാവിലെ 9.15 ന്‌ നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്‌ജി കെ.ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. 
മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌, ഹൈക്കോടതി ജഡ്‌ജി സി.കെ അബ്‌ദുള്‍ റഹീം, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭാ സ്‌പീക്കര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, എം.പി അബ്‌ദുള്‍ ഖാദര്‍, ബാബു ജോസഫ്‌, വി.പി ഖാദര്‍, എ.ബി ശശിധരന്‍പിള്ള, എസ്‌ മോഹന്‍ദാസ്‌, എം. പെണ്ണമ്മ, അഡ്വ. കെ.എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മംഗളം 22.05.2015