പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, November 29, 2013

ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കും

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

പെരുമ്പാവൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്കും എ.ഐ.സി.സിക്കും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കും. 
കുളത്തുങ്ങമാലി പട്ടികജാതി കോളനിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനിക്ക് എതിരെ സമരം നയിക്കുന്ന വി.എസ് ഷൈബുവിനെയാണ് ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അന്‍വര്‍ മുണ്ടേത്ത് വല്ലം പശനിര്‍മ്മാണ കമ്പനി ഉടമകളില്‍ നിന്ന് പണവാങ്ങിയെന്ന് ധ്വനിപ്പിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലെ ചിത്രങ്ങള്‍ തയ്യാറാക്കിയെന്നാരോപിച്ചാണ് ഷൈബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പോലീസ് ഷൈബുവിനെ ബലമായി പിടികൂടി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.
വല്ലം പശനിര്‍മ്മാണ കമ്പനിക്കെതിരെ നടക്കുന്ന സമരവുമായി കുളത്തുങ്ങമാലി കര്‍മ്മ സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമിതി പ്രസിഡന്റ് ബിനു കുളത്തുങ്ങമാലി പറയുന്നു. വല്ലം സമര സമിതി സ്ഥാപിച്ച ബോര്‍ഡുകളുടെ പേരില്‍ പട്ടികജാതിക്കാരനായ ഷൈബുവിനെ പ്രതിയാക്കുന്നത് ദുരുദ്ദേശപരമാണെന്നു കാട്ടിയാണ് പരാതി നല്‍കുന്നത്. 
ആക്‌സണ്‍ കമ്പനി ഉടമകള്‍ കുളത്തുങ്ങമാലി പട്ടികജാതി കോളനിയില്‍ രണ്ടു വട്ടം സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിട്ടും ചെറുവിരല്‍പോലും അനക്കാന്‍ തയ്യാറാകാത്ത പോലീസ് സമര സമിതി നേതാവിനെതിരെ കള്ളക്കേസ് ചുമത്താന്‍ കൂട്ടു നില്‍ക്കുകയാണെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 
ഇതിനെതിരെ ചേര്‍ന്ന പ്രതിഷേധയോഗം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. ബിനു കുളത്തുങ്ങമാലി അദ്ധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായ സി.കെ പ്രസന്നന്‍, എം.കെ ശശിധരന്‍ പിള്ള, കെ.ജി സദാനന്ദന്‍, പി.എസ് ഷൈബു, കെ.കെ സുധീഷ്, കെ.എ ബിജു, ലളിത നാരായണന്‍, ദീപ ഷൈബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 29.11.2013

ഒക്കല്‍ മേഖലയിലും കുളമ്പുരോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍

 പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് മേഖലയിലും കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നു. രായമംഗലം, വാഴക്കുളം ഗ്രാമപഞ്ചായത്തുകളിലും കിഴക്കമ്പലം മേഖലയിലും ഇതിനോടകം കുളമ്പരോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്.
ഈസ്റ്റ് ഒക്കല്‍ കരോട്ടപ്പുറം കെ.ഒ ജോണിയുടെ ഫാമിലെ 22 പശുക്കളില്‍ 4 എണ്ണവും രോഗം ബാധിച്ച് ചത്തു. ഇടവൂര്‍ ചിറ്റൂപ്പറമ്പന്‍ സി.ജെ ബാബുവിന്റെ 20 കന്നുകാലികളില്‍ 2 എണ്ണവും താന്നിപ്പുഴ മാണിക്കത്താന്‍ എം.എം ജേക്കബിന്റെ 8 പശുക്കളില്‍ ഒരെണ്ണവും കാരിക്കോട് ഇടത്തലവീട്ടില്‍ ഇ.ടി ഷാജന്റെ 30 പശുക്കളില്‍ 2 എണ്ണവും ചത്തിട്ടുണ്ട്. ഈസ്റ്റ് ഒക്കല്‍ തോലാലില്‍ വീട്ടില്‍ അരുണിന്റെ ഫാമിലെ അമ്പതോളം പശുക്കള്‍ക്കാണ് രോഗബാധ.
കുളമ്പുരോഗം അതിവേഗം പടര്‍ന്നുപിടിച്ചിട്ടും മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാരും സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് ക്ഷീര കര്‍ഷകര്‍ ആരോപിച്ചു. ഈ മേഖലയില്‍ മാത്രം നൂറോളം ക്ഷീര കര്‍ഷകര്‍ പി.ഡി.ഡി.പി പാല്‍ സൊസൈറ്റിയില്‍ പാല്‍ അളക്കുന്നുണ്ട്. എന്നാല്‍ പി.ഡി.ഡി.പി സെന്‍ട്രല്‍ സൊസൈറ്റി ഭാരവാഹികളും കുളമ്പുരോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ക്ഷീര കര്‍ഷകര്‍ കുറ്റപ്പെടുത്തി.
കുളമ്പുരോഗം വ്യാപകമായതോടെ ക്ഷീര കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. വായ്പയെടുത്തും മറ്റും വാങ്ങിയ കന്നുകാലികള്‍ക്ക് കൂട്ടം മരണം സംഭവിച്ചതോടെ കര്‍ഷകര്‍ പലരും  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കന്നുകാലി വളര്‍ത്തല്‍ ഇതിനോടകംതന്നെ പലരും പൂര്‍ണ്ണമായും അവസാനിപ്പിച്ചു.
ഈ മേഖലയില്‍ രണ്ടുമാസമായി കുളമ്പുരോഗം കണ്ടുതുടങ്ങിയിട്ട്. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ് നല്‍കിയ കന്നുകാലികളിലാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് ക്ഷീര കര്‍ഷകര്‍ ആരോപിക്കുന്നു. വേണ്ടരീതിയില്‍ സൂക്ഷിക്കാതെ കൊണ്ടുവന്ന മരുന്ന് മൃഗങ്ങളില്‍ ഉപയോഗിച്ചതാണ് രോഗബാധക്ക് കാരണമെന്ന് ഇവര്‍ പറയുന്നു.
രോഗം ബാധിച്ച് കന്നുകാലികള്‍ക്കുള്ള ഫലപ്രദമായ ചികിത്സ സ്ഥലത്തെ മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രോഗം പടര്‍ന്നു പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടി കൈക്കൊള്ളണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.

മംഗളം 29.11.2013

Thursday, November 28, 2013

വിദേശത്തുനിന്നെത്തുന്ന മകളെ സ്വീകരിക്കാന്‍ പോയ മാതാവ് വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍: വിദേശത്തു നിന്ന് എത്തുന്ന മകളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് മാതാവ് മരിച്ചു.
കീഴില്ലം 606 മാറാച്ചേരി (ചേലാട്ട്) വീട്ടില്‍ എബ്രഹാമിന്റെ ഭാര്യ സൈനു (65) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.45 ന് കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമായിരുന്നു അപകടം. സൈനു സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ എബ്രഹാമിനെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനുവിന്റെ സംസ്‌കാരം പിന്നീട്.
ദുബൈയിലുള്ള ഇളയമകള്‍ സോണിയെ കൊണ്ടുവരാനാണ് എബ്രഹാമും ഭാര്യയും പോയത്. സോണിയുടെ ഭര്‍ത്താവിന്റെ പിതാവിനെ ഒപ്പം കൂട്ടാന്‍ കുന്നക്കുരടിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. വഴി ചോദിക്കാനായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച മാരുതി 800 കാര്‍ നിശ്ശേഷം തകര്‍ന്നു.
മറ്റു മക്കള്‍: ആഷ (വനിത സഹകരണ ബാങ്ക്, തൃക്കളത്തൂര്‍), നിഷ (സൗദി). മരുമക്കള്‍: മാത്യൂസ് വര്‍ക്കി (പ്രസിഡന്റ്, പായിപ്ര ഗ്രാമപഞ്ചായത്ത്), ഷൈബു (സൗദി അറേബ്യ), എല്‍ദോസ് (ദുബൈ).

മംഗളം 28.11.2013

നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ബഹുനില കെട്ടിടം അപകടക്കെണിയായെന്ന് പരാതി

പെരുമ്പാവൂര്‍: വന്‍തുക നഷ്ടപരിഹാരം മുന്നില്‍ കണ്ട് ആലുവ-മൂന്നാര്‍ റോഡില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ബഹുനില കെട്ടിടം അപകടക്കെണിയൊരുക്കുന്നതായി പരാതി.
ടൗണില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ മാറി ചീയംകുളം ഭാഗത്താണ് കെട്ടിടം. ദേശീയ പാതയുടെ വികസനത്തിനായി അളന്നു തിരിച്ചിട്ടിരിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ ഇത് അനധികൃതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. പില്ലറുകള്‍ വാര്‍ക്കാതെയും ആവശ്യത്തിന് സിമന്റും മണലും ചേര്‍ക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം റോഡ് വികസന ഘട്ടത്തില്‍ പൊളിച്ചു നീക്കുമ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി നേടിയെടുക്കുകയാണ് കെട്ടിടം ഉടമയുടെ ലക്ഷ്യമെന്ന് പരാതിയിലുണ്ട്.
റോഡിന് ഏറെ വീതി കുറവുള്ള ഇവിടെ അനധികൃത നിര്‍മ്മാണം നടന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ തുടര്‍ക്കഥയായതായും നാട്ടുകാര്‍ പറയുന്നു. ഈ കെട്ടിടത്തിന് മുന്നില്‍ വില്‍പനയ്ക്കായി ഇട്ടിരിക്കുന്ന സെപ്ടിക് ടാങ്കും ടയര്‍ റീട്രേഡിങ്ങ് സ്ഥാപനത്തിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ടയറുകളും എതിര്‍വശത്തുള്ള ആക്രിക്കടയ്ക്ക് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പലവിധ സാധനങ്ങളും ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. ഇതും അപകടസാദ്ധ്യത കൂട്ടുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കണമെന്നും കെട്ടിടത്തിന് നമ്പറിട്ടു കൊടുക്കാനുള്ള രായമംഗലം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നീക്കം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 
ദൂരപരിധി നിയമങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തി നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 28.11.2013


അക്ഷയപുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും

പെരുമ്പാവൂര്‍: മികച്ച മറുനാടന്‍ മലയാളി സമാജത്തിനുള്ള അക്ഷയ ദേശീയ പുരസ്‌കാര സമര്‍പ്പണവും പ്രൊഫ.എം.പി മന്മഥന്റെ ശതാബ്ദി പ്രഭാഷണവും ബാംഗ്ലൂര്‍ ഹെബ്ബാള്‍ കെമ്പാപുര സിന്ധി സേവാ സമിതി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിന് നടക്കും. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും.
പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്, കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് മുഖ്യാതിഥികള്‍. കര്‍ണ്ണാടക എന്‍.എസ്.എസ് പ്രസിഡന്റ് രാമചന്ദ്രന്‍ പലേരി അദ്ധ്യക്ഷത വഹിക്കും.
എം ലോകനാഥന്‍, ഡോ.എം വിശ്വനാഥന്‍ വെന്നിയില്‍, എം വിജയകുമാര്‍, ബാബു പണിക്കര്‍, എം രാധാകൃഷ്ണന്‍, പി കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മംഗളം 28.11.2013

Wednesday, November 27, 2013

പി.ജി അനുസ്മരണവും പിണറായി വിജയന് സ്വീകരണവും

പെരുമ്പാവൂര്‍: സി.പി.എം ഏരിയാ കമ്മിറ്റിയുടേയും പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണ സമ്മേളനവും പിണറായി വിജയന് സ്വീകരണവും സംഘടിപ്പിക്കും.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ 30 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പി.ജി അനുസ്മരണവും പി.ആര്‍ ശിവന്‍ നാടകോത്സവ സാംസ്‌കാരിക പതിപ്പിന്റെ പ്രകാശനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും യു.ഡി.എഫ് കെട്ടിപ്പൊക്കിയ ലാവലിന്‍ കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനായി  പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിണറായി വിജയന് സ്വീകരണം നല്‍കുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ എന്‍.സി മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജോസഫ് ഓടയ്ക്കാലി രചിച്ച സൂസന്ന എന്ന നോവല്‍ ഇതേ വേദിയില്‍ പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എം ദിനേശ്മണി, പി രാജീവ് എം.പി, വി.പി ശശീന്ദ്രന്‍, സാജുപോള്‍ എം.എല്‍.എ, പി.കെ സോമന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എം.ഐ ബീരാസ്, കെ.ഇ നൗഷാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മംഗളം 27.11.2013

പെരുമ്പാവൂര്‍ ഉപജില്ലാകലോത്സവം ചേരാനല്ലൂരില്‍

പെരുമ്പാവൂര്‍: ഉപജില്ലാ സ്‌കൂള്‍ കലോത്സവം ചേരാനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് സാജുപോള്‍ എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 2 ന് വൈകിട്ട് 3 ന് മന്ത്രി കെ ബാബു കലാമേള ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന്‍ എം.പി, എം.എല്‍എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍,  മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന  സമ്മേളനം ഡിസംബര്‍ 5 ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. 
നഗരസഭാ അതിര്‍ത്തിയില്‍ നിന്നും സമീപത്തുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 83 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കും.  9 വേദികളിലായി 276 മത്സര ഇനങ്ങളുണ്ട്. അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. 
കലാമേളയുടെ നടത്തിപ്പിനായി സാജുപോള്‍ എം.എല്‍.എ മുഖ്യ രക്ഷാധികാരിയായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ലോട്ടറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് (ചെയര്‍മാന്‍), ചേരാനല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചിന്നമ്മ എ.കെ (ജനറല്‍ കണ്‍വീനര്‍), ഹെഡ്മിസ്ട്രസ് എം.എം ഷീല (ജോ. കണ്‍വീനര്‍) എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികള്‍.

മംഗളം 27.11.2013

പ്ലാസ്റ്റിക് കമ്പനിയ്‌ക്കെതിരെ തണ്ടേക്കാട് ഏകദിന ഉപവാസം നടത്തി

 പെരുമ്പാവൂര്‍: തണ്ടേക്കാട് പ്ലാസ്റ്റിക് കമ്പനി നടത്തുന്നതിന് നല്‍കിയ അനുവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസം സംഘടിപ്പിച്ചു. 
ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് കമ്പനിയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് വെങ്ങോല പഞ്ചായത്ത് അധികൃത നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഏകദിന ഉപവാസസമരം നടത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
കമ്പനി പ്രവര്‍ത്തിക്കുന്നതുമൂലം  പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെയാണ് കമ്പനിക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്നും പൊതുജന സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക്  വിരുദ്ധമായി പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. സമീപവാസികളുടെ പരാതി പരിഗണിക്കണമെന്ന ഹൈക്കോടി നിര്‍ദ്ദേശം പോലും തള്ളിക്കളഞ്ഞ് കമ്പനിക്കനുകൂലമായി തീരുമാനമെടുത്ത പഞ്ചായത്ത് അധികൃതര്‍ നടപടി പുനപരിശോധിക്കാനും അനുമതി റദ്ദ് ചെയ്യാനും തയ്യാറാവണമെന്നും വറുഗീസ് പുല്ലുവഴി ആവശ്യപ്പെട്ടു.
കമ്പനിയുടെ അനുമതി പിന്‍വലിക്കുന്നതുവരെ ജനകീയ സമരവുമായി മുന്നോട്ടുപോകാനാണ് കര്‍മ്മസമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് മുഹമ്മദലി ഷിഹാബും സെക്രട്ടറി രഞ്ചുവും അറിയിച്ചു.
കര്‍മ്മസമതി പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രസന്നന്‍, എം.കെ ശശിധരന്‍പിള്ള, ടി.എ വറുഗീസ്, പി രഞ്ചു, പി ശ്രീജിത്, ജിതിന്‍ ഷാജി, രഞ്ജിനി ഷാജി, ഇന്ദിര പുരുഷോത്തമന്‍, കൃഷ്ണകുമാര്‍, നിധിന്‍ ഷാജി, അഖില്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 27.11.2013

Tuesday, November 26, 2013

അശമന്നൂര്‍ ഞണ്ടാടിപ്പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന തണ്ണീര്‍തടമായ ഞണ്ടാടിപ്പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു.
അശമന്നൂര്‍  പാണാട്ട് ജെയ്‌സണ്‍, കണിയത്ത് മടലാരി മെജിസണ്‍ എന്നിവരുടെ എന്നിവരുടെ മൂന്ന് പൂ നെല്‍കൃഷി ചെയ്തിരുന്ന ഒന്നര ഏക്കര്‍ പാടശേഖരമാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. ഇതിന് പ്രാരംഭമായി ഹിറ്റാച്ചി ഉപയോഗിച്ച് ആറടി താഴ്ചയില്‍ മണ്ണുകോരി തിട്ട പിടിപ്പിച്ചു. നിലവില്‍ കപ്പകൃഷി ചെയ്തിരുന്ന ഇടമായിരുന്നു ഇത്.
ശനിയാഴ്ച രാവിലെ നിലം നികത്താന്‍ തുടങ്ങിയെങ്കിലും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍.എന്‍ കുഞ്ഞ് , പി.പി മോഹന്‍ദാസ്, പി.ഒ ജെയിംസ് എന്‌നിവരുടെ ഇടപെടലിനെതുടര്‍ന്ന് വില്ലേജ് അധികൃതര്‍ പണി നിര്‍ത്തിവയ്പ്പിച്ചു. എന്നാല്‍ അന്ന് രാത്രി പത്തുമണിയോടെ തന്നെ വീണ്ടും നിലം നികത്തല്‍ പുനരാരംഭിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ നികത്തല്‍ തടഞ്ഞു.
കഴിഞ്ഞവര്‍ഷം ഈ സ്ഥലം നികത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്ന് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പാടശേഖര ഉടമകളില്‍ ഒരാളായ മെജിസന്റെ പിതാവ് മുന്‍ വാര്‍ഡ് മെമ്പറും നെടുങ്ങപ്ര സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ  സ്വാധീനം ഉപയോഗപ്പെടുത്തിയാണ് നിലം നികത്തലെന്ന് നാട്ടുകാര്‍ പറയുന്നു. നിലം നികത്തല്‍ നടക്കുന്ന സ്ഥലം കര്‍ഷകതൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് ആര്‍.എം രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.

മംഗളം 26.11.2013

കളിസ്ഥലം നിര്‍മ്മിക്കാനായി മേതലയില്‍ പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്നുവെന്നു പരാതി

പെരുമ്പാവൂര്‍: കല്ലില്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കളി സ്ഥലം നിര്‍മ്മിക്കാനായി മേതല വില്ലാര്‍പതി പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്നതായി പരാതി. 
പെരിയാര്‍വാലി അധികൃതര്‍ വിട്ടുനല്‍കുന്ന മൂന്നര ഏക്കറോളം ഭൂമിയില്‍ സാജുപോള്‍ എം.എല്‍.എയുടെ  വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം മുടക്കിയാണ് കളിസ്ഥലത്തിന്റെ നിര്‍മ്മാണം. ഇതിനുവേണ്ടി ഈ പ്രദേശത്തുള്ള പതിനൊന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ മൂന്ന് വീടുകളാണ് പൊളിച്ചുമാറ്റുന്നത്. ഇതില്‍ ഒരു വീട് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ചതാണ്. 
കൈവശാവകാശ രേഖയുള്ള ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള പുലയന്‍ മഹാസഭ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം കെ.ജി ശശി, കെ.പി.വൈ.എം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി ശിവന്‍, കെ.പി രാമചന്ദ്രന്‍, കാര്‍ത്തിക രാമചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ കെട്ടിടങ്ങള്‍ പൊളിയ്ക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.

മംഗളം 26.11.2013

Saturday, November 23, 2013

മണല്‍ തൊഴിലാളികള്‍ എം.സി റോഡ് ഉപരോധിച്ചു

പെരുമ്പാവൂര്‍: ജില്ലയിലെ മണല്‍ കടവുകള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ല മണല്‍ തൊഴിലാളി യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡും കോലഞ്ചേരിയില്‍ ദേശീയ പാതയും ഉപരോധിച്ചു.
പെരുമ്പാവൂരില്‍  നടന്ന ഉപരോധം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ പേരു പറഞ്ഞ് ജില്ലിയില്‍ അടച്ചിട്ടിരിക്കുന്ന അംഗീകൃത മണല്‍കടവുകള്‍ സര്‍ക്കാര്‍ ഇടപെട്ട് എത്രയും  വേഗം തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോട്ടറി ക്ഷമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ എം.എല്‍.എ, സി.ഐ.ടി.യു നേതാക്കളായ അഡ്വ. എന്‍.സി മോഹനന്‍, എം.ഐ ബീരാസ്, കെ.ഡി ഷാജി, ടി.ഐ ശശി, എം.കെ കുഞ്ചു, സി.കെ സലീം കുമാര്‍, ബി.എം.എസ് നേതാക്കളായ എം.എ ഷാജി, ടി.എ അശോകന്‍, പി.എച്ച് ബാബു, എം.ജി ശശി, എ.ഐ.ടി.യു.സി നേതാക്കളായ സി.വി ശശി, എം.ആര്‍ ശശി, പി.ടി പ്രസാദ്, ഇ.ടി പൗലോസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ ഡേവിഡ് തോപ്പിലാന്‍, പി.പി അല്‍ഫോന്‍സ് മാഷ്, വി.ഇ റഹീം, ഷിജു, ജോസ് വറുഗീസ്, എം.ഐ ദേവസിക്കുട്ടി, ടി.പി ചെറിയാന്‍, കെ.ടി.യു.സി നേതാക്കളായ പോള്‍ വറുഗീസ്, കെ.പി ബാബു, വിന്‍സെന്റ് റാഫേല്‍, ഷിജു പൂണോളി, ടി.ഡി സ്റ്റീഫന്‍, ആന്റണി കിടങ്ങേന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മംഗളം 23.11.2013

പാചകവാതക കണക്ഷന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിയ്ക്കല്‍; ഗ്യാസ് ഏജന്‍സികളും ബാങ്ക് പ്രതിനിധികളും എത്തിയില്ല

ജനം നിരാശരായി മടങ്ങി

പെരുമ്പാവൂര്‍: നഗരസഭയിലും കുന്നത്തുനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും പാചകവാതക കണക്ഷനുകള്‍ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി എത്തിയ ഉപഭോക്താക്കള്‍ നിരാശരായി മടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി സംഘടിപ്പിച്ച ക്യാമ്പില്‍ ബാങ്ക് പ്രതിനിധികളും ഗ്യാസ് ഏജന്‍സി അധികൃതരും എത്താത്തതിനാലാണ് ഇത്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്യാസ് ഏജന്‍സി അധികൃതര്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം. പാചകവാതക കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താനുള്ള അവസരം കേവലം ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും വലിയ വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല. അത് ചെയ്യാത്തവര്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് കണക്ഷനുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കാന്‍ സൗകര്യമൊരുക്കി ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ കുന്നത്തുനാട് താലൂക്കില്‍ ക്യാമ്പ് സംഘടിപ്പിയ്ക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ക്യാമ്പിന് സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്യാസ് ഏജന്‍സികള്‍ക്കും ബാങ്ക് അധികൃതര്‍ക്കും വിവരം നല്‍കി. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ ചുരുങ്ങിയ പക്ഷം അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ നിക്ഷേപിക്കാന്‍ ഒരു ബോക്‌സെങ്കിലും സ്ഥാപിയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ക്യാമ്പ് സംബന്ധിച്ച അറിയിപ്പുകള്‍ പ്രമുഖ പത്രങ്ങളിലൂടെയും ലോക്കല്‍ ചാനലുകളിലൂടെയും നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ഇന്നലെ നഗരസഭ ഓഫീസിലും പഞ്ചായത്ത് ഓഫീസുകളിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. പലരും ലീവെടുത്തും മറ്റുമായിരുന്നു ഇതിനു വേണ്ടി സമയം കണ്ടെത്തിയത്.
കളക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് ക്യാമ്പില്‍ നിന്ന് വിട്ടു നിന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ മംഗളത്തോട് പറഞ്ഞു. 


മംഗളം 23.11.2013

Friday, November 22, 2013

സേവ് രായമംഗലം: രണ്ടാംഘട്ട സമര പരിപാടികളുടെ ഭാഗമായി സായാഹ്ന ധര്‍ണകള്‍ തുടങ്ങി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറിലധികം  വരുന്ന പ്ലൈവുഡ്/പ്ലാസ്റ്റിക് കമ്പനികളുടെ മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി തുടങ്ങിയ സമരം രണ്ടാം ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലേയും പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണകള്‍ തുടങ്ങി. 
പുല്ലുവഴി തായ്ക്കരചിറങ്ങരയില്‍ നടന്ന ധര്‍ണ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു.
ക്യാന്‍സര്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ പഞ്ചായത്തില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കമ്പനികളുടെ നിരോധിക്കപ്പെട്ട രാത്രികാല പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തലാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലേബര്‍ ക്യാമ്പില്‍ നിന്നും പുറംതള്ളുന്ന സെപ്റ്റിക് മാലിന്യങ്ങളും കമ്പനികള്‍ ഒഴുക്കുന്ന രാസമാലിന്യങ്ങളും കലര്‍ന്ന് ഒരേക്കറോളം വിസ്തൃതിയുള്ള തായ്ക്കരച്ചിറ നാശത്തിന്റെ വക്കിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. 
കര്‍മ്മസമിതി ഭാരവാഹികളായ എം.കെ ശശിധരന്‍ പിള്ള, കെ.ജി സദാനന്ദന്‍, കെ.കെ വര്‍ക്കി, പി രാമചന്ദ്രന്‍ നായര്‍, ജിസ് എം കോരത്, പി.ആര്‍ ബിനു, കെ.ഡി രാജേഷ്‌കുമാര്‍, എ.ആര്‍ ജീവരാജന്‍, കെ.വി ചെറിയാന്‍, ജി മനോജ്, കെ.ഇ പൗലോസ്, അഡ്വ. ജോയി വെള്ളാഞ്ഞി, എം.വി ജോണി എന്നിവര്‍ പ്രസംഗിച്ചു.
സാജു തര്യന്‍, സി.വി വറുഗീസ്, ബെന്നി മുകുളത്ത്, ബാബു കിളിയാറ, നിഷാദ് കെ.എസ്, സുരേഷ് ചാമക്കാല, അനന്തു കെ.വി, മോഹനന്‍ എം.ടി, വറുഗീസ് മാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മംഗളം 22.11.2013

കപ്രിക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പ്രതിസന്ധിയില്‍; ചെളിയും മണ്ണും അടിഞ്ഞതിനാല്‍ പമ്പിങ്ങ് മുടങ്ങും

പെരുമ്പാവൂര്‍: പുഴയില്‍ അടിഞ്ഞ മണ്ണും ചെളിയും മാറ്റാത്തതിനാല്‍ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കപ്രക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രതിസന്ധിയില്‍. യഥാവിധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തിനാല്‍ ഈ വര്‍ഷവും പമ്പിങ്ങ് തടസ്സപ്പെടുമെന്ന് സൂചന.
അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കുവേണ്ടി 35 ലക്ഷം രൂപയോളം അനുവദിച്ചെങ്കിലും തുക ഇവിടെ ചെലവഴിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലീഡിങ്ങ് ചാനല്‍ താഴ്ത്തി സൈഡ് കെട്ടി ശരിയാക്കുന്നതിന് ഏഴു ലക്ഷം രൂപ അനുവദിച്ചെങ്കിലും അതും ഉപയോഗിച്ചിട്ടില്ല. നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം ലീഡിംഗ് ചാനലിലെ മണ്ണും ചെളിയും നീക്കിയത്. പതിനേഴായിരം രൂപ മുടക്കിയതിനുശേഷമാണ് മുടങ്ങിയ പമ്പിംഗ് പുനരാംഭിക്കാന്‍ കഴിഞ്ഞത്. 
ഈ വര്‍ഷവും ഏകദേശം പത്തടിയോളം ഉയരത്തില്‍ മണ്ണു ചെളിയും അടിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വര്‍ഷവും പമ്പിംഗ് മുടങ്ങും. അതോടെ കുടിവെള്ള ക്ഷാമവും കൃഷിനാശവും വ്യാപകമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
അമ്പതു വര്‍ഷം മുമ്പു തുടങ്ങിയ ഈ പദ്ധതിയുടെ ദുരവസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ലീഡിംഗ് ചാനലില്‍ നിന്ന് ചെളിമാറ്റിയും മോട്ടോര്‍പുരയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ചും പദ്ധതി കാര്യക്ഷമമാക്കുന്നില്ലെങ്കില്‍ കര്‍ശനമായ സ മരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 22.11.2013

ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തുള്ള ചിന്തകള്‍ നൂറ്റാണ്ടിന് ആവശ്യം: കേന്ദ്ര സഹമന്ത്രി ശശി തരൂര്‍

പെരുമ്പാവൂര്‍: ചട്ടക്കൂടുകള്‍ പൊളിച്ചുമാറ്റുന്ന നൂതന ചിന്തകള്‍ നൂറ്റാണ്ടിനാവശ്യമുണ്ടെന്ന് കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ.ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പി.ജി അനുസ്മരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ഗോവിന്ദപ്പിള്ള കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെങ്കിലും സ്വന്തം ആശയങ്ങളും ചിന്താഗതികളും ഒരുകാലത്തും കൈമോശപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യസ്‌നേഹവും അറിവു നേടാനുള്ള ദാഹവും സമന്വയിച്ച വ്യക്തിത്വമായിരുന്നു ഗോവിന്ദപ്പിള്ളയുടേതെന്ന് പ്രൊഫ.എം.കെ സാനു അനുസ്മരിച്ചു. കെ.പി ധനപാലന്‍ എം.പി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആധുനിക സിദ്ധാന്തങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ വ്യാഖ്യാനിക്കാന്‍ പി.ജിയ്ക്ക് ഉണ്ടായിരുന്ന കഴിവ് അസൂയപ്പെടുത്തുന്നതായിരുന്നുവെന്നും സാനുമാഷ് അഭിപ്രായപ്പെട്ടു. 
ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡോ.വി സനല്‍കുമാറിന് ശശിതരൂര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഡോ സനല്‍കുമാര്‍ തയ്യാറാക്കിയ ചരിത്ര-പുരാവസ്തു ചിത്ര പ്രദര്‍ശനവും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. പി.ജി സ്മരണിക പ്രൊഫ.എം.കെ സാനു പ്രകാശനം ചെയ്തു.
സാജുപോള്‍ എം.എല്‍.എ, അഡ്വ.എന്‍.സി മോഹനന്‍, എം.ജി രാധാകൃഷ്ണന്‍, എസ് ശിവശങ്കരപ്പിള്ള, കെ ഇന്ദിരാവതിയമ്മ, കെ.കെ മാത്തുക്കുഞ്ഞ്, സിസിലി തോമസ്, കെ.എം മത്തായി, ടി.എന്‍ മുരുകേശന്‍, എസ് ജ്യോതിഷ് കുമാര്‍, എന്‍.എസ് ലത, മോളി എബ്രഹാം, കെ.സി സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 22.11.2013

Thursday, November 21, 2013

കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയ്ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതെന്ന് ഭരണസമിതി

പെരുമ്പാവൂര്‍: കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയ്ക്ക് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അന്വേഷണ റിപ്പോര്‍ട്ടും വരാന്‍ പോകുന്ന സംഘം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് ഭരണ സമിതി. റിപ്പോര്‍ട്ട് തയ്യാറാക്കിയ  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വേണം മനസിലാക്കാനെന്നും സൊസൈറ്റി പ്രസിഡന്റ് കെ.ടി ബോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2011-12 സാമ്പത്തിക വര്‍ഷം കല്ലട ട്രേഡേഴ്‌സിന് ബാങ്ക് ചെക്കിന്റെ ഈടില്‍ റബര്‍ നല്‍കിയ വകയില്‍ 5040028 രൂപ കിട്ടാതെ പോയതുമായി ബന്ധപ്പെട്ടാണ് സൊസൈറ്റിയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും. ഇതു ബാങ്കിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും അതിനു കാരണം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണെന്നുമാണ് ജോയിന്റ് രജിസ്ട്രാര്‍ തയ്യാറാക്കിയ നോട്ടീസിലുള്ളത്. അതിനാല്‍ നിലവിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും നോട്ടീസിലുണ്ട്.
എന്നാല്‍, സൊസൈറ്റി കല്ലട ട്രേഡേഴ്‌സുമായുള്ള വ്യാപാരബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണെന്നും കോടികളുടെ വ്യാപാരം ഇതിനോടകം നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് വിശദീകരിച്ചു. ഏറ്റവും കൂടിയ വിലയ്ക്കായിരുന്നു എല്ലാ ഇടപാടുകളും. എന്നാല്‍ അവസാനവട്ടം കല്ലട ട്രേഡേഴ്‌സ് നടത്തിയ ഇടപാടില്‍ ചെക്കു മടങ്ങി. സ്ഥാപന നടത്തിപ്പുകാരന്‍ മുങ്ങുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സൊസൈറ്റി, കല്ലട ട്രേഡേഴ്‌സിനെതിരെ സിവിലും ക്രിമിനലുമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുങ്ങിയ ഇടപാടുകാരനെ പോലീസില്‍ പരാതി നല്‍കി കണ്ടെത്തി. അയാള്‍ നല്‍കാനുള്ള തുക ഈടാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
ഈ സമയത്ത്, രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ടി.എച്ച് മുസ്തഫ പറയുന്നു. ഭരണസമിതിയെ സസ്‌പെന്റ് ചെയ്താല്‍ താനുള്‍പ്പടെയുള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. അങ്ങനെ തങ്ങളെ ഇല്ലാതാക്കുകയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍, കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ആരോപണങ്ങളുമായി വരുന്നവര്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നവരാണെന്നും അവരുടെ ആഗ്രഹങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും മുസ്തഫ പറഞ്ഞു. സൊസൈറ്റിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗങ്ങളായി ചേര്‍ന്ന വര്‍ഷം ഇതാണെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

മംഗളം 21.11.2013

Wednesday, November 20, 2013

പോലീസിനെ ആക്രമിച്ച കേസ്; രായമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി

പെരുമ്പാവൂര്‍: വ്യാജസന്ദേശം നല്‍കി പോലീസിനെ വിളിച്ചു വരുത്തിയ ശേഷം ദേഹോപദ്രവം ഏല്‍പ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി.
രായമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വായ്ക്കര പുതുശ്ശേരി വീട്ടില്‍ ബെയ്‌സ് പോള്‍, കല്ലറയ്ക്കല്‍ വീട്ടില്‍ മധു,  മലയിടയില്‍ വീട്ടില്‍ ജിന്‍സ്, കാവനാക്കുടി വീട്ടില്‍ ലൈജു, നീലംവേലില്‍ വീട്ടില്‍ രജീഷ് കുമാര്‍, കുറുന്നനാക്കുടി വീട്ടില്‍ ഷാജി, ഒറോടിയില്‍ വീട്ടില്‍ രാജേഷ്, ചിറയേലിക്കുടി വീട്ടില്‍ വിനോദ്, തൊഴുത്തുങ്ങപ്പറമ്പില്‍ വീട്ടില്‍ ജോസി ജോസഫ്, ഇടത്തേക്കില്‍ വീട്ടില്‍ എബിസണ്‍, മാക്കൂട്ടത്തില്‍ വീട്ടില്‍ ബിനു, വാഴയില്‍ വീട്ടില്‍ രതീഷ്, ഓലിക്കായത്ത് വീട്ടില്‍ അഖില്‍ കണ്ണന്‍ ശിവറാം, മഞ്ഞളി വീട്ടില്‍ ദിനേശ് കുമാര്‍, അപ്പക്കുടംവീട്ടില്‍ വിജയന്‍, മുതിയേലില്‍ വീട്ടില്‍ എല്‍ദോസ്, കക്കാടന്‍ വീട്ടില്‍ എല്‍ദോ, കൊല്ലേലി വീട്ടില്‍ ജോയി മാത്യു, മരങ്ങാട്ട് വീട്ടില്‍ സിജു, വെള്ളാങ്കനിരപ്പില്‍ സണ്ണി, പാലക്കാപ്പിള്ളി വീട്ടില്‍ ഷിനു, മാങ്കുടി വീട്ടില്‍ ഷിജു, നീലംവേലില്‍ വീട്ടില്‍ ദിലീപ് കുമാര്‍ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്..
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വായ്ക്കര ഭാഗത്ത് ചിലര്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി കുറുപ്പംപടി പോലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. പോലീസ് എത്താന്‍ വൈകിയപ്പോള്‍ മെമ്പര്‍ എസ്.ഐയെ നേരിട്ട് വിളിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘത്തെ മെമ്പറുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ ആക്രമിച്ചവര്‍ ഒളിവില്‍ പോയി. പിന്നീട് ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. പോലീസിന് കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെത്തി പ്രതികള്‍ അറസ്റ്റ് വരിക്കുകയായിരുന്നു. കോടതി ഇവര്‍ക്ക് ജാമ്യം നല്‍കി.

മംഗളം 20.11.2013

വല്ലത്ത് സമരപന്തല്‍ തകര്‍ത്തു; സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരുക്ക്

ഇന്ന് വല്ലം കവലയില്‍ ഹര്‍ത്താല്‍

പെരുമ്പാവൂര്‍: പശനിര്‍മ്മാണ കമ്പനിയ്‌ക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള വല്ലം പൗരസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. കമ്പനിയുടമകള്‍ സമരസമിതി പ്രവര്‍ത്തകരെ അടിച്ചോടിച്ച് സമര പന്തല്‍ തകര്‍ത്തുവെന്ന് പരാതി. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വല്ലം കവലയില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താല്‍.
സമരാനുകൂലികളായ ചെന്താര വീട്ടില്‍ സുധീര്‍ (35), പള്ളത്തുകുടി വീട്ടില്‍ സലിം (43), ഞാറ്റുകാല വീട്ടില്‍ അസീസ് (52), മല്ലശ്ശേരി വീട്ടില്‍ സഫീന റഹിം (30), തോട്ടത്തിക്കുളം വീട്ടില്‍ നസീറ ഇസ്ഹാക്ക് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സുധീര്‍ സമരസമിതി സെക്രട്ടറിയും സലിം ട്രഷററുമാണ്. ഇരുവര്‍ക്കും കമ്പിവടിക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പശനിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട് പൗരസമിതി പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന സൂചനയെ തുടര്‍ന്ന് സമരപന്തലില്‍ ഒത്തുകൂടിയ നാട്ടുകാര്‍ക്കെതിരെ യാതൊരു പ്രകോപനവും കൂടാതെയായിരുനനു ആക്രമണമെന്ന് സമരക്കാര്‍ പറയുന്നു. സമീപത്തെ വീടുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്.
കമ്പനി ഉടമകളായ അമ്പാടന്‍ വീട്ടില്‍ സലാം, സഹോദരങ്ങളായ സക്കീര്‍, റഫീഖ് എന്നിവരും സിയാദ്, ഷംസാദ്, ബിനൂപ് എന്നിവരും കണ്ടാറിയാലുന്ന ഏഴോളം പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൗരസമിതി പ്രസിഡന്റ് കെ.എം മൊയ്തീന്‍ ആരോപിച്ചു.

മംഗളം 20.11.2013

പി.ജി അനുസ്മരണവും അനുമോദനസമ്മേളനവും നാളെ

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ മാനേജരും എഴുത്തുകാരനുമായിരുന്ന പി.ജി ഗോവിന്ദ പിള്ളയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നാളെ നടക്കും. ഇതോടൊപ്പം ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ജേതാവ് ഡോ. സനല്‍കുമാറിനെ ആദരിക്കുകയും ചെയ്യും.
സ്‌കൂള്‍ ഹാളില്‍ ഉച്ചയ്ക്ക് 2 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര മാനവശേഷി വികസന മന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നിരൂപകനും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ പ്രൊഫ. എന്‍.കെ സാനു പി.ജി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡോ. സനല്‍കുമാറിനെ ശശി തരൂര്‍ ആദരിക്കും. കൂടാതെ ശ്രേഷ്ഠാ ഭാഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി മലയാള വിഭാഗം തയ്യാറാക്കിയ പി.ജി സ്മരണിക പ്രൊഫ. എം.കെ സാനു പ്രകാശനം ചെയ്യും. യോഗത്തില്‍ കെ.പി ധനപാലന്‍ എം.പി അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍, എം.എല്‍.എമാരായ സാജുപോള്‍, വി ശിവന്‍കുട്ടി, സ്‌കൂള്‍ മാനേജര്‍ എം.ജി രാധാകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, റിട്ട. പ്രിന്‍സിപ്പാള്‍ കെ ഇന്ദിരാവതി അമ്മ, രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് സി.വി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ സിസിലി തോമസ്, പ്രിന്‍സിപ്പാള്‍, എസ് ജ്യോതിഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എസ് ലത, അലുമിനി പ്രസിഡന്റ് കെ.എം മത്തായി, ജയകേരള റസി. അസോ. പ്രസിഡന്റ് ടി.എന്‍ മുരുകേശന്‍,  പ്രോഗ്രാം കണ്‍വീനര്‍ കെ.സി സജീവന്‍ എന്നിവര്‍ പ്രസംഗിക്കും.

മംഗളം 20.11.2013

കീഴില്ലത്ത് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ നാളെ

പെരുമ്പാവൂര്‍: കീഴില്ലം -മൂന്നാര്‍ സെന്റര്‍ വടക്കന്‍ തിരുവിതാംകൂര്‍ മാര്‍ത്തോമ്മായുടെ നൂറ്റിയൊന്നാമത്  കണ്‍വെന്‍ഷനും കുടുംബസംഗമവും  നാളെ നടക്കും. കീഴില്ലം സെന്റ് തോമസ് എച്ച്.എസ്.എസ് കാമ്പസില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ നേതൃത്വം വഹിക്കും.
എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷ, 7 ന് മദ്ധ്യസ്ഥ  പ്രാര്‍ത്ഥന, 7.20 ന് പ്രാരംഭയോഗം, പ്രസംഗം, 8.50 ന് പ്രാര്‍ത്ഥന, ആശീര്‍വാദം. 22 ന് രാവിലെ 10 മുതല്‍ സേവികാ സംഘം മേഖലാ സമ്മേളനം, 12.45 ന്  ഉച്ചഭക്ഷണം. 
23 ന് രാവിലെ 10 മുതല്‍ ബാലസംഗമം, നൈനുചാണ്ടിയുടെ നേതൃത്വത്തില്‍ സംഗീത പരിശീലനം, ഉച്ചയ്ക്ക് 1 ന് ഉച്ചഭക്ഷണം, 2.30 ന് യുവജനസമ്മേളനം. 24 ന് രാവിലെ 8.30 ന് ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ വി. കുര്‍ബാന, 11 ന് സമാപനയോഗവും കുടുംബസംഗമവും, 12 45 ന് സമാപനം എന്നിവ നടക്കും.
പി.ജി സജി തിരുവല്ല, ഡോ. വി.എസ് വറുഗീസ് കോട്ടയം, ബാബുക്കുട്ടി വറുഗീസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.

മംഗളം 20.11.2013

Tuesday, November 19, 2013

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ഐമുറിയില്‍ നിലം നികത്തല്‍

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കളക്ടറുടെ ഉത്തരവു ലംഘിച്ച് നിലം നികത്തുന്നതായി ആക്ഷേപം.
കൂവപ്പടി വില്ലേജ് ബ്ലോക്ക് ഒമ്പതില്‍ സര്‍വ്വേ നമ്പര്‍ 175/19/1 ഐമുറി ഹരിശ്രീയില്‍ ഭാസ്‌കരന്റെ മകന്‍ മോഹനന്റെ തണ്ടപ്പേര്‍ പ്രകാരം കരം തീര്‍ത്തിട്ടുള്ള നിലം എന്ന തരത്തില്‍പ്പെട്ട വസ്തുവിലാണ് മണ്ണിട്ട് നികത്തല്‍. മുമ്പ് ഇവിടെ നിലം നികത്താനുള്ള ശ്രമം നടന്നപ്പോള്‍ സമീപവാസികള്‍ തഹസീല്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തഹസീല്‍ദാര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ നിരോധിക്കുകയും ചെയ്തിരുന്നു.
ഇവിടെ മണ്ണിട്ട് നികത്തിയാല്‍ നിരവധി പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിനും സാധ്യതയുണ്ട്.
എന്നാല്‍ ഗുണ്ടാമാഫിയ സംഘങ്ങളെ ഉപയോഗിച്ച് സമീപവാസികളെ ഭീഷണിപ്പെടുത്തിയാണ് ഇവിടെ നിലം നികത്തുന്നതെന്നാണ് ആരോപണം. ഉദ്യോഗസ്ഥ ഒത്താശയും നിലം നികത്തലിന് പിന്നിലുണ്ട്. അടിയന്തിരമായി നിലം നികത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും മണ്ണിട്ട പ്രദേശത്തുനിന്നും അത് നീക്കം ചെയ്ത് പ്രദേശം നിലമായിത്തന്നെ നിലനിര്‍ത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ വില്ലേജ് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും സമീപവാസികള്‍ പറയുന്നു.

മംഗളം 19.11.2013

വേങ്ങൂരില്‍ സ്മാരകശിലകള്‍ കണ്ടെത്തി

പെരുമ്പാവൂര്‍.  വേങ്ങൂര്‍ പഞ്ചായത്ത് കണ്ണംപറമ്പിലെ മുഴങ്ങാഞ്ചേരിപാടത്തിനു സമീപമുള്ള ഇരുമ്പനത്ത് കടമ്പാടന്റെ റബര്‍തോട്ടത്തില്‍ നിന്നും  സ്മാരകശിലകള്‍ കണ്ടെത്തി. 
ചെങ്കല്ലില്‍ തീര്‍ത്ത ഒന്നിലധികം സ്മാരക ശിലകള്‍, ഇവയ്ക്ക് ചുറ്റിലുമായി ചെങ്കല്ലുകൊണ്ടുള്ള മൂന്ന് കല്ലറകള്‍, മരണമടഞ്ഞവരുടെ അവശിഷ്ടങ്ങള്‍ അടക്കിയിരുന്ന നന്നങ്ങാടികള്‍, സ്മാരകങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന പാറകൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള തൊപ്പിക്കല്ല് എന്നിവയാണ് കണ്ടെത്തിയത്. 
പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്ററിലെ ജീവനക്കാരിയായ കണ്ണംപറമ്പ് സ്വദേശിനി കണ്ണാടന്‍ സിനു സാജു വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ ഡയറക്ടര്‍ ഇസ്മായില്‍ പള്ളിപ്രമാണ് ഇവ മഹാശില സ്മാരകങ്ങളാണെന്നും രണ്ടായിരം വര്‍ഷത്തിലേറെ ഇവയ്ക്ക് പഴക്കമുണ്ടെന്നും പറയുന്നു.  വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കുറുപ്പുംപടിയില്‍ സര്‍ക്കാര്‍ പൗള്‍ട്രിഫാമിലും  ഇരവിച്ചിറ ക്ഷേത്രത്തിനു പിന്നിലും മുമ്പ് സ്മാരകശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത്  ഇരുമ്പ് അയിര്‍ ഉരുക്കുന്നതിന് വേണ്ടി പാറതുരന്നു നിര്‍മ്മിച്ച ഇരുമ്പുരക്കു ശാലകള്‍ അടുത്ത കാലത്ത് ആലാട്ടുചിറ മുണ്ടന്‍തുരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

മംഗളം 19.11.2013

സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ്

ഡോ.സനല്‍ കുമാര്‍


പെരുമ്പാവൂര്‍: ദേശീയോദ്ഗ്രഥനത്തിനായി സാംസ്‌കാരിക പൈതൃക അവബോധം ഉണര്‍ത്താന്‍ ചരിത്ര പുരാവസ്തു കണ്ടെത്തലുകളുടെ നേര്‍ക്കാഴ്ചകളുമായി ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ്.
ഹയര്‍ സെക്കന്ററി തലത്തിലുള്ള പ്രഥമ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ഡോ. വി സനല്‍കുമാറാണ് പാലക്കാട് ജില്ലയില്‍ നടത്തിയ ഗവേഷണങ്ങളോട് അനുബന്ധിച്ച് പകര്‍ത്തിയ അഞ്ഞൂറോളം അപൂര്‍വ്വ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.  പാലിയോ ലിത്തിക്, മെസോലിത്തിക്, നിയോലിത്തിക്, മെഗാലിത്തിക് എന്നിങ്ങനെയുള്ള പ്രാചീന ചരിത്ര കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇവ.  പ്രാചീനകാല ഗുഹാ സങ്കേതങ്ങള്‍, ശിലാ ലിഖിതങ്ങള്‍, തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍, ടെറാക്കോട്ട-കരിങ്കല്‍ ശില്‍പങ്ങള്‍, നാണയങ്ങള്‍ എന്നിങ്ങനെ പഴയകാല കാഴ്ചകള്‍ പ്രദര്‍ശനത്തിനുണ്ടാവും.
പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റ മികച്ച അദ്ധ്യാപകനുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഭൂമി ശാസ്ത്ര സംബന്ധിയായ നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം പാലക്കാട് കൊല്ലങ്ങോട് നെന്മേനി സ്വദേശിയാണ്. 
ഡോ.സനല്‍കുമാറിനെ അനുമോദിക്കാന്‍ 21 ന് ജയകേരളം സ്‌കൂളില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

മംഗളം 19.11.2013

Friday, November 15, 2013

കുറുപ്പംപടിയില്‍ 12 കോടി മുടക്കി വ്യാപാരസമുച്ചയം


രായമംഗലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ്‌കെ.കെ മാത്തുകുഞ്ഞ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം തന്നെ 12 കോടി രൂപ മുടക്കി കുറുപ്പംപടി ബസ് സ്റ്റാന്റില്‍ വിഭാവനം ചെയ്യുന്ന വ്യാപാരസമുച്ചയത്തിന്റെ 
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ  പെന്‍ഷന്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി വാര്‍ഡ് തലത്തില്‍ സമഗ്രമായ സര്‍വ്വെ നടത്തി അര്‍ഹരായ മുഴുവന്‍ പേരുടേയും അപേക്ഷകള്‍ സമാഹരിക്കും.  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും ഇത്.
പത്തുവര്‍ഷം കൃഷി വേല ചെയ്ത 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും പഞ്ചായത്തിലെ 60 പിന്നിട്ടവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും നല്‍കാന്‍ പദ്ധതിയുണ്ട്. 40 ശതമാനമെങ്കിലും ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. അവിവാഹിതരായ 50 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കും വിധവകള്‍ക്കും പെന്‍ഷന് അപേക്ഷിക്കാം. 60 പൂര്‍ത്തിയായ കര്‍ഷകര്‍ക്കും പെന്‍ഷന്‍ കിട്ടും.
റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്,  ഫോട്ടോ എന്നിവ എല്ലാ അപേക്ഷകരും സമര്‍പ്പിക്കണം. ഇതിനു പുറമെ ഓരോ പെന്‍ഷനുകള്‍ക്കും പ്രത്യേകം സാക്ഷ്യ പത്രങ്ങളും ഹാജരാക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്ക്   വാര്‍ഡു മെമ്പര്‍മാരുമായി ബന്ധപ്പെട്ടാല്‍ മതിയാവുമെന്ന് പ്രസിഡന്റ് വിശദീകരിച്ചു.
വ്യാപാര സമുച്ചയത്തിന് വേണ്ടി ആദ്യഘട്ടത്തില്‍ ആറു കോടിയാണ് മുടക്കുക. ഇതിനുള്ള തുക ഗ്രാമവികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയായി ലഭിക്കും. നൂറു കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന അണ്ടര്‍ ഗ്രൗണ്ട് നില ഉള്‍പ്പടെ ആദ്യം മൂന്നു നിലകള്‍ നിര്‍മ്മിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ കെട്ടിട നിര്‍മ്മാണം തുടങ്ങും.
എ.എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഷോപ്പ് അവിടെ നിന്ന് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതിയുടെ പ്രവര്‍ത്തനം കുറുപ്പംപടിയില്‍ വൈകാതെ തുടങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. രണ്ടാഴ്ച പിന്നിട്ട പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം അനാവശ്യമാണെന്നും തങ്ങള്‍ പുതിയ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്നും കെ.കെ മാത്തുക്കുഞ്ഞ് കൂട്ടി ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് അംബികാ മുരളീധരന്‍, മെമ്പര്‍ സജി പടയാട്ടില്‍ എന്നിവരും പങ്കെടുത്തു.

മംഗളം 15.11.2013

Thursday, November 14, 2013

പുല്ലുവഴി പള്ളിയില്‍ മോഷണശ്രമം

പെരുമ്പാവൂര്‍: പുല്ലുവഴി സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ മോഷണ ശ്രമം.
ഇന്നലെ പുലര്‍ച്ചെ പള്ളിയുടെ പിന്നിലുള്ള വാതിലിന്റെ പാളി കുത്തിപ്പൊളിച്ച ശേഷമാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പിന്നിട് അള്‍ത്താരയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഭണ്ഡാരം എടുത്ത് പുറത്തേക്ക് മാറ്റിയ ശേഷം തകര്‍ക്കാന്‍ ശ്രമിച്ചു. പള്ളിയില്‍ നിന്ന് അപ്രതീക്ഷിതമായ ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പുറത്തെ വെയ്ബ്രിഡ്ജിലുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.
മോഷണ സംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടാകുമെന്നാണ് അനുമാനം. കാരണം വലിയ ഭണ്ഡാരം പുറത്തേക്ക് എടുക്കണമെങ്കില്‍ കൂടുതല്‍ പേര്‍ കൂടിയേ കഴിയൂ.
കുറുപ്പംപടി പോലീസ് സ്ഥലത്ത് എത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഇന്നലെ പള്ളിയിലെത്തിയിരുന്നു.

മംഗളം 14.11.2013പഞ്ചായത്തിനു മുന്നിലെ സമരം രണ്ടാഴ്ച പിന്നിട്ടു; ഇനി സമരം കമ്പനികളുടെ മുന്നിലേയ്ക്ക്

സേവ് രായമംഗലം 
  
പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ പടിയ്ക്കല്‍ നടത്തിവരുന്ന സമരപരിപാടികള്‍ രണ്ടാഴ്ച പിന്നിട്ടു. ഇനി സമരം കമ്പനികള്‍ക്ക് മുന്നിലേക്കും വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, പഞ്ചയാത്ത് കമ്മിറ്റി ഭാരവാഹികളായ പി രാമചന്ദ്രന്‍ നായര്‍, ജിസ് എം. കോരത് എന്നിവര്‍ അറിയിച്ചു.
സര്‍ക്കാര്‍തല ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പുതുതായി അനുമതി നല്‍കിയിട്ടുള്ളതും നിരോധിക്കപ്പെട്ടിട്ടുള്ള രാത്രികാല പ്രവര്‍ത്തനം തുടരുന്നതുമായ കമ്പനികള്‍ക്ക് എതിരെയാണ്  സമരം ആരംഭിക്കുക.  പുതിയതായി നല്‍കിയ പ്ലൈവുഡ് നിര്‍മ്മാണ യുണിറ്റുകളുടെ അനുമതി പിന്‍വലിക്കുകയും രാത്രികാല പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുംവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 20 കേന്ദ്രങ്ങളില്‍ പ്രതിക്ഷേധ ധര്‍ണകള്‍ സംഘടിപ്പിക്കും. 17 ന് പുല്ലുവഴി തായ്ക്കരചിറയില്‍ ധര്‍ണ സമരത്തിന് തുടക്കം കുറിക്കും.
പ്ലാസ്റ്റിക് വ്യവസായം കൂടി പഞ്ചായത്തില്‍ പേരുറപ്പിച്ചതോടെ മലിനീകരണം പെട്ടെന്ന് നിയന്ത്രണാതീതമാകുമെന്നതുകൊണ്ടാണ് ഇത്തരം വ്യവസായം തുടങ്ങാന്‍ അനുവദിക്കരുതെന്ന് കര്‍മ്മ സമിതി ആവശ്യപ്പെടുന്നത്.

മംഗളം 14.11.2013ആധാരമെഴുത്ത് കമ്പ്യൂട്ടര്‍വല്‍ക്കരിച്ച രാജലക്ഷ്മി അവഗണന

ശ്രേഷ്ഠ മലയാള വര്‍ഷാചരണം

പെരുമ്പാവൂര്‍: ശ്രേഷ്ഠ മലയാള വര്‍ഷാചരണം നടക്കുമ്പോഴും ആധാരങ്ങള്‍ ആദ്യമായി മലയാളം ഡി.ടി.പി ചെയ്ത വനിതക്ക് അംഗീകാരങ്ങളില്ല. 
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് കൃഷ്ണ ഡി.ടി.പി സെന്റര്‍ നടത്തുന്ന വളയന്‍ചിറങ്ങര
വിജയവിലാസം  ബാലകൃഷ്ണന്റെ ഭാര്യ എ വി രാജലക്ഷ്മി (49) യാണ് അംഗീകാരങ്ങളൊന്നുമില്ലാതെ തൊഴില്‍ രംഗത്ത് ഇപ്പോഴും തുടരുന്നത്. മലയാളഭാഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലൈസന്‍സിനുവേണ്ടി രാജലക്ഷ്മി മുട്ടാത്ത വാതിലുകളില്ല.
മലയാള ഭാഷയെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതില്‍ തന്റേതായ പങ്കുവഹിച്ച ഇവര്‍ ആധാരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ജനന/മരണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമുള്ള അനുമതിക്കും വേണ്ടിയാണ് ശ്രമങ്ങള്‍ നടത്തിയത്. മുന്‍കൂര്‍ പരിചയവും പ്രശംസനീയമായ വിധം ജോലി ചെയ്യുന്ന വ്യക്തിയുമായതിനാല്‍ ഇത് ഒരു പ്രത്യേക കേസായി കണക്കാക്കി അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 
വെണ്ടറായ ബാലകൃഷ്ണനെ 1983-ല്‍ വിവാഹം ചെയ്യുന്നതോടെയാണ് രാജലക്ഷ്മി ആധാരങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. പ്രീഡിഗ്രിയായിരുന്നു വിദ്യാഭ്യാസ യോഗ്യത. ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് 1985 ല്‍ കൈപ്പട പരീക്ഷയെഴുതി ഡോക്യുമെന്റേഷന്‍ മേഖലയിലെത്തിയ രാജലക്ഷ്മി 94-ല്‍ കമ്പ്യൂട്ടര്‍ പഠനം തുടങ്ങി. അതോടെ ആധാരമെഴുത്ത് കമ്പ്യൂട്ടറിലായാലോ എന്നായി ചിന്ത. അന്ന് കമ്പ്യൂട്ടര്‍ നാട്ടില്‍ കിട്ടാന്‍ എളുപ്പമല്ല. ഗോവയില്‍ നിന്നാണ് തന്റെ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ എത്തിച്ചത്. മൂന്നാഴ്ചയോാളം ചെക്‌പോസ്റ്റില്‍ തടഞ്ഞിട്ടശേഷമാണ് രാജലക്ഷ്മിക്ക് കമ്പ്യൂട്ടര്‍ ലഭിക്കുന്നത്. 
തന്റെ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ സ്ഥാപിച്ച ഈ  സ്ത്രീ പത്രിക  എന്ന മലയാളം സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ആധാരമെഴുത്തിനെ കീബോര്‍ഡിലേക്ക് എത്തിച്ചത്. 
വ്യവസായ വകുപ്പിന്റെ ലൈസന്‍സും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈപ്പട ലൈസന്‍സും ഒരുമിച്ച് അറ്റാച്ച് ചെയ്ത് നേടിയ രാജലക്ഷ്മിയെ തേടി ഹിന്ദി പ്രചാരക് സമിതിയുടെ കര്‍മ്മസേവ പുരസ്‌കാരം എത്തിയെങ്കിലും മലയാളം അവഗണിക്കുകയായിരുന്നു. 
രോഗബാധിതനായിരുന്ന മകന്‍ പ്രജേഷ് അടുത്തിടെയാണ് മരിച്ചത്. അനുപമയാണ് മകള്‍. ശ്രേഷ്ഠ മലയാള വര്‍ഷാചരണം പൂര്‍ത്തിയാകും മുമ്പെങ്കിലും മാതൃഭാഷയുടെ പേരിലുള്ള എന്തെങ്കിലും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

മംഗളം 14.11.2013

Wednesday, November 13, 2013

മഞ്ഞപ്പെട്ടിയിലെ കുടിവെള്ള കമ്പനിക്കെതിരെ പ്രക്ഷോഭം

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ മഞ്ഞപ്പെട്ടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ മിനറല്‍സ് ആന്റ് അക്വാ പ്രൊഡക്ട്‌സ് എന്ന കുടിവെള്ള നിര്‍മ്മാണ കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് കമ്പനി അമിതമായി ജലചൂഷണം നടത്തുകയാണെന്നാണ് പരാതി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലീമസമാവുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
കമ്പനിക്കെതിരെ പരാതി നല്‍കുന്നവരെ ഉടമ കള്ളക്കേസില്‍ കുടുക്കുന്ന സാഹചര്യത്തില്‍ സമര പരിപാടികള്‍ കൂടുതല്‍  ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കമ്പനിയില്‍ നിന്നും കുടിവെള്ളവുമായി വരുന്ന വാഹനങ്ങള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷീബ പരീതുപിള്ള, കെ.കെ ഷാജഹാന്‍, റസി. അസോസിയേഷന്‍ ഭാരവാഹികളായ അലിയാര്‍ ചേരിക്കുടി, റഹീം കൂത്തുപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിറാജ് ചേലപ്പിള്ളി, നസീര്‍ കാക്കനാട്ടില്‍, ഷമീര്‍ വടക്കനേത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 13.11.2013


കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരും: മന്ത്രി അബ്ദു റബ്ബ്

പെരുമ്പാവൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും അണ്‍ എക്കണോമിക് ആയ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് പറഞ്ഞു. കല്ലില്‍ സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടി അമ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
ഇതോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
പത്തു വര്‍ഷത്തെ സേവനത്തിന് ശേഷം പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവായ എന്‍.എന്‍ കുഞ്ഞിനും പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് വക നാല് ഏക്കര്‍ സ്ഥലം സ്‌കൂളിന് വേണ്ടി വിട്ടു നല്‍കാന്‍ നടപടി സ്വീകരിച്ച മുന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ മുഹമ്മദ് ബഷീറിനും സ്‌കൂളിന്റെ ഉപഹാരം വകുപ്പ് മന്ത്രി സമ്മാനിച്ചു. പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പി.ടി.എ ഫണ്ടിലേക്ക് നല്‍കിയ സംഭാവന 50000 രൂപ ഓടക്കാലി അസോസിയേഷന്‍ സെക്രട്ടറി ജമീര്‍ മുടിക്കലില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഡെയ്‌സി തോമസ്, കെ.കെ മാത്തുക്കുഞ്ഞ്, സ്പിന്നിങ്ങ് മില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഖാദര്‍, ചിന്നമ്മ വറുഗീസ്, വി.എന്‍ രാജന്‍, പി.കെ സോമന്‍, ശോഭന ബാലകൃഷ്ണന്‍, എന്‍.എം സലിം, ലളിത കുമാരി മോഹന്‍, ബിന്ദു നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 13.11.2013


വല്ലത്തെ പശനിര്‍മ്മാണ കമ്പനിക്കെതിരെ പ്രതിഷേധ സമ്മേളനം 17 ന്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എ.പി.കെ പോളിമേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെ വല്ലം ചൂണ്ടി പൗരസമിതിയുടെ നേതൃത്വത്തില്‍ 17 ന് പ്രതിഷേധ സമ്മേളനം നടത്തും.
ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെ നാളുകളായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നു വരികയാണ്. ഇതിനിടയില്‍ അതീവ രഹസ്യമായി കോഴ കൊടുത്ത് സംഘടിപ്പിച്ച സമ്മതപത്രങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി അധികൃതര്‍ അനുകൂലമായ ഹൈക്കോടതി വിധി സമ്പാദിക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് 2012 ഒക്‌ടോബറില്‍ പഞ്ചായത്തു കമ്മിറ്റി ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കമ്പനിക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നും സമരസമിതി പ്രസിഡന്റ് കെ.എസ്.എം മൊയ്തീന്‍, സെക്രട്ടറി സി.കെ സുധീര്‍, പി.എസ് അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പറയുന്നു.

മംഗളം 13.11.2013

പെരുമ്പാവൂര്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിനെട്ടോളം പശനിര്‍മ്മാണക്കമ്പനികള്‍

പെരുമ്പാവൂര്‍: മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പതിനെട്ടോളം പശ നിര്‍മ്മാണ കമ്പനികള്‍. അങ്കമാലി, ഇടയാര്‍ വ്യവസായ മേഖലകളിലും ആലങ്ങാട്, മാള, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ തുടങ്ങിയ ഇടങ്ങളിലുമായി പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം കൂടി എടുത്താല്‍ ഇത് ഇരുപത്തിനാലെണ്ണമാകും.
വല്ലം ചൂണ്ടി പൗരസമിതി നടത്തുന്ന പരിസ്ഥിതി സമരത്തിനെതിരെ എ.പി.കെ പോളിമേഴ്‌സ് നടത്തിപ്പുകാര്‍ പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാഞ്ഞിരക്കാട്, ഇളമ്പകപ്പിള്ളി, വട്ടക്കാട്ടുപടി, ഇരിങ്ങോള്‍, മാറംപിള്ളി, വാഴക്കുളം, കീഴില്ലം, വളയന്‍ചിറങ്ങര, ഓടയ്ക്കാലി എന്നിവിടങ്ങളിലാണ് പശനിര്‍മ്മാണ കമ്പനികള്‍ ഉള്ളത്. ഇതിനുപുറമെ മുടിക്കല്ലില്‍ അഞ്ച് കമ്പനികളും പുല്ലുവഴിയില്‍ മൂന്ന് കമ്പനികളും ഉണ്ട്. പെരുമ്പാവൂരിലെ മുന്നൂറോളം പ്ലൈവുഡ് കമ്പനികളില്‍ പ്ലൈവുഡ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്നത് ഈ കമ്പനികളില്‍ നിന്നുള്ള പശയാണ്. 
മറ്റു പശനിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ഒന്നും അതത് പ്രദേശങ്ങളിലെ ആളുകള്‍ സമരം നടത്തുന്നില്ലെന്നും തങ്ങള്‍ക്കെതിരെ മാത്രം ചിലര്‍ നടത്തുന്ന പ്രക്ഷോഭം ദുരുദ്ദേശപരമാണെന്നുമാണ് കമ്പനി ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരങ്ങളും കോടതിയുടെ അനുമതിയും കിട്ടിയ സാഹചര്യത്തില്‍ കമ്പനി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും കമ്പനി ഉടമസ്ഥരായ അബ്ദുള്‍ സലാം, എ.എ റഫീക്, എ.എ സക്കീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മംഗളം 13.11.2013

Tuesday, November 12, 2013

ഒരു ദശാബ്ദക്കാലത്തെ സേവനം; കല്ലില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍.എന്‍ കുഞ്ഞിന് ഇന്ന് യാത്രയയപ്പ്

പെരുമ്പാവൂര്‍: പത്തു വര്‍ഷത്തെ സേവനത്തിന് ശേഷം പി.ടി.എ.പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചുമതല ഒഴിയുന്ന      എന്‍.എന്‍.കുഞ്ഞിന് കല്ലില്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഇന്ന് യാത്രയയപ്പ് നല്‍കും വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബില്‍നിന്നും ഇദ്ദേഹം പി.ടി.ഐ.യുടെ സ്‌നേഹോപഹാരം ഏറ്റുവാങ്ങും. പെരിയാര്‍വാലി അധികൃതര്‍ വിട്ടു നല്‍കിയ നാല് ഏക്കര്‍ ഭൂമിയില്‍ കളിസ്ഥലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഇത്.
ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം ഉച്ചയ്ക്ക് 12.30-ന്  
കെ.പി. ധനപാലന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ. അധ്യക്ഷനാകും. പി.പി.തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും. അഡീഷണല്‍ സ്‌കീല്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കും.
പിന്നോക്ക അവികസിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌ക്കൂള്‍ ഇന്ന് കോതമംഗലം വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌ക്കൂളായി വളര്‍ത്തുന്നതില്‍ പി.ടി.എ.യും അതിന്റെ പ്രസിഡന്റ് എന്‍.എന്‍.കുഞ്ഞും വഹിച്ച പങ്ക് അനിഷേധ്യമാണ്.
ഏഴു വര്‍ഷം തുടര്‍ച്ചയായി എസ്.എസ്.എല്‍.സിക്ക് 100% വിജയം നേടുന്ന ഈ സ്‌ക്കൂളില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ 900 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. 
2005 ല്‍ കോതമംഗലം വിദ്യാഭ്യാസജില്ലയിലെ മികച്ച പി.ടി.ഐ.ക്കുള്ള അവാര്‍ഡും നേടിയിരുന്നു. പെരിയാര്‍വാലി നല്‍കിയ ഈ സ്ഥലത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗം മാറ്റുവാനും പദ്ധതിയുണ്ട്. കെട്ടിടം പണിക്ക് 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. 1 കോടിരൂപ ലഭിച്ചാലേ ഇത് യാഥാര്‍ത്ഥ്യമാക്കാനാവൂ.
സാജുപോള്‍ എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്. ഇവിടെ നെല്‍കൃഷി ഔഷധസസ്യ ഉദ്യാനം നീന്തല്‍ പരിശീലനത്തിനുള്ള കുളം എന്നിവ പി.ടി.എ ലക്ഷ്യമിടുന്നുണ്ട്. 

Monday, November 11, 2013

കോടനാട് ആനക്കളരിയില്‍ ഒരു ആനക്കുട്ടി കൂടി രോഗാവസ്ഥയില്‍

പെരുമ്പാവൂര്‍: നിരവധി ആനക്കുട്ടികളുടെ മരണത്തിന് സാക്ഷ്യം വഹിച്ച കോടനാട് ആനക്കളരിയില്‍ വീണ്ടും ഒരു ആനക്കുട്ടി കൂടി രോഗാവസ്ഥയില്‍. ഇതിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഒമ്പതു വയസ്സു പ്രായമുള്ള അഞ്ജനയെന്ന ആനക്കുട്ടിയ്ക്കാണ് രോഗബാധ. എരട്ടകെട്ട് അഥവ പിണ്ഡക്കെട്ട് എന്ന രോഗം ബാധിച്ചിട്ട് ഇതിനോടകം ഒരാഴ്ച പിന്നിട്ടു .രോഗത്തിന് ശമനമില്ല.
2007 ല്‍ വേട്ടാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നാണ് അഞ്ജനയെ വനം വകുപ്പിന് ലഭിക്കുന്നത്. അന്ന് ഒന്നര വയസ്സായിരുന്നു പ്രായം.
ഒരു കാലത്ത് 22 ആനകള്‍ വരെയുണ്ടായിരുന്ന കോടനാട് ഇതിനോടകം എട്ട് ആനക്കുട്ടികള്‍ ചരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്നത് സുനിത, ആശ, പാര്‍വ്വതി, അഞ്ജന എന്നി പിടിയാനകളും ഹരിപ്രസാദ്, നീലകണ്ഠന്‍ എന്നി കൊമ്പനാനകളുമാണ്. ഇതില്‍ അഞ്ജനയ്ക്കാണ് ഇപ്പോള്‍ രോഗബാധ.

മംഗളം 11.10.2013
Sunday, November 10, 2013

നിരോധന ഉത്തരവിന് പുല്ലുവില: അനധികൃത പാറമടകള്‍ സജീവം

പെരുമ്പാവൂര്‍: നിരോധനം കാറ്റില്‍പറത്തി അനധികൃത പാറമടകളുടെ പ്രവര്‍ത്തനം നാടെങ്ങും സജീവം. വന്‍ പാറമട ദുരന്തത്തിന് സാക്ഷ്യം വഹിച്ച വെങ്ങോലയിലും പെരിയാറിന്റെ തീരത്ത് വനാതിര്‍ത്തികളിലും അംഗീകാരമില്ലാത്ത പറമടകള്‍ ഉദ്യോഗസ്ഥ ഒത്താശയോടെ പ്രവര്‍ത്തിക്കുകയാണ്.
അറയ്ക്കപ്പടി വില്ലേജില്‍ മൈനിംഗ് ലൈസന്‍സോ പഞ്ചായത്ത് അനുമതിയോ പാറഖനനത്തിന് വേണ്ട രേഖകളോ ഇല്ലാതെയാണ് പാറമടകളുടെ പ്രവര്‍ത്തനം. വെടിയുപ്പും ഇലക്ട്രിക് ഡിറ്റണേറ്റുകളും ഉപയോഗിച്ച് നൂറുകണക്കിന് സ്‌ഫോടനങ്ങളാണ് പ്രതിദിനം ഇവിടെ നടക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും സ്ഥാപനങ്ങളും പാറമട ഭീഷണിയുടെ നിഴലിലാണ്. ഭിത്തികള്‍പൊട്ടിയും മേല്‍ക്കൂരകള്‍ തകര്‍ന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ പതിവാണ്.
റോഡുകളെല്ലാം പറമടകള്‍ മൂലം തകര്‍ന്നു. മുപ്പതും നാല്പതും ടണ്‍ഭാരമുള്ള ടോറസ് വാഹനങ്ങളുടെ പാറകയറ്റിപ്പായല്‍ മൂലമാണിത്. 45 ലക്ഷം രൂപ മുടക്കി അറയ്ക്കപ്പടി മുതല്‍ റബര്‍പാര്‍ക്ക് വരെ നിര്‍മ്മിച്ച റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. 
പാറമടയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മൂലം നാട്ടുകാര്‍ക്ക് ശ്വാസം മുട്ടലും അലര്‍ജി രോഗങ്ങളുമാണ്.
നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പാറമടകളുടെ പ്രവര്‍ത്തനത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് കെ.ഇ റഷീദും ഭാരവാഹികളായ എം.എം സുധീര്‍, സി.വൈ അന്‍സാര്‍ എന്നിവരും അറിയിച്ചു.
സര്‍ക്കാരിന്റെ മര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പാണംകുഴിയില്‍ പെരിയാറിന്റെ തീരത്ത് വന അതിര്‍ത്തിയിലാണ് പാറ ഖനനം. ഗുണ്ടാ മഫിയകളുടെ ഒത്താശയോടെയാണിത്.
യാതൊരു മുന്‍കരുതലുകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടയുടെ ലൈസന്‍സ് പഞ്ചായത്തുകമ്മിറ്റി റദ്ദു ചെയ്തിരുന്നു. എന്നിട്ടും പാറമടയുടെ പ്രവര്‍ത്തനം തുടര്‍ന്നു. 
ജനജീവിതം ദുരിതമയമാക്കുന്ന ഈ പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജനകീയ സമരവുമായി മുന്നോട്ടുപോകാനാണ് പരിപാടിയെന്ന് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അശ്വരാജ് പോള്‍, തങ്കച്ചന്‍ ആലിയാട്ടുകുടി,  പ്രിന്‍സ് മാത്യു, അഡ്വ. അരുണ്‍ ബേസില്‍, രഞ്ജിത് മത്തായി, ദിലീപ് ജോര്‍ജ്, അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

മംഗളം 10.11.2013

Saturday, November 9, 2013

മുടക്കുഴയിലെ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്നു; വന്‍ദുരന്തം ഒഴിവായി

പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്ത് തൃക്കേപ്പാറ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നു. നാട്ടുകാരും ജീവനക്കാരും സന്ദര്‍ഭോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.
പതിനൊന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടാവുന്നത്. തീ ആളിയതോടെ അംഗന്‍വാടി വര്‍ക്കര്‍ സുലോജനയും ഹെല്‍പ്പര്‍ സുനിതയും ചേര്‍ന്ന് കുട്ടികളെ ധൃതഗതിയില്‍ പുറത്തേക്ക് മാറ്റി. അംഗന്‍വാടിക്ക് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും തീകെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരിലൊരാള്‍ സാഹസികതയോടെ റെഗുലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും അതിനു മുമ്പ് നാട്ടുകാര്‍ തീയണച്ചിരുന്നു.
പതിമൂന്ന് വര്‍ഷമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്ത ഈ അംഗന്‍വാടി 12-ാം വാര്‍ഡിലാണ്. വാര്‍ഡ് പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റ് ടി.എ സുനുമോളാണ്. എന്നാല്‍, ഇവിടേക്ക് ഇതേവരെ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ പോലും എടുത്തിട്ടില്ല. തീ പടര്‍ന്നപ്പോള്‍ അതു കെടുത്താന്‍ വെള്ളത്തിനു വേണ്ടി നാട്ടുകാര്‍ക്ക് പരക്കംപായേണ്ടി വന്നു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്.
ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടാവാനിടയായ സാഹചര്യം കണ്ടെത്തണമെന്നും അംഗന്‍വാടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മംഗളം 9.11.2013

Friday, November 8, 2013

പോലീസിനെ കയ്യേറ്റം ചെയ്യല്‍: നാലുപേര്‍ അറസ്റ്റില്‍; ഒന്നാം പ്രതിയായ പഞ്ചായത്ത് മെമ്പര്‍ ഒളിവില്‍

പെരുമ്പാവൂര്‍: പോലീസിനെ രാത്രി വിളിച്ചുവരുത്തി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതിയായ പഞ്ചായത്ത് മെമ്പര്‍ ഒളിവില്‍.
നെല്ലിമോളം താനാലില്‍ വീട്ടില്‍ എല്‍ദോസ് (25), കണ്ണാപ്പറമ്പില്‍ റെനി കുര്യാക്കോസ് (38), വായ്ക്കര കൊല്ലേലി വീട്ടില്‍ ജോബി (30), രായമംഗലം കക്കാടന്‍ വീട്ടില്‍ എബി (27) എന്നിവരെയാണ് കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു.
രായമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബേയ്‌സ് പോള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്കെതിരെയാണ് കേസുള്ളത്. ഇതില്‍ ബേയ്‌സ് ഉള്‍പ്പടെയുള്ള 26 പേരും ഒളിവിലാണെന്ന് പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വായ്ക്കര മേഖലയില്‍ ചീട്ടുകളിയും മദ്യപിച്ച് ബഹളമുണ്ടാക്കലും നടക്കുന്നുവെന്ന തെറ്റായ സന്ദേശം നല്‍കി പോലീസ് സംഘത്തെ വായ്ക്കരയിലെത്തിക്കുകയായിരുന്നു. മെമ്പര്‍ ബേയ്‌സ് പോള്‍ തന്നെ ഈ വിവരം എസ്.ഐ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് അംഗ പോലീസ് സംഘത്തെ സ്റ്റേഷനില്‍ നിന്ന് അയക്കുന്നത്. ഇവരെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേര്‍ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.
ചീട്ടുകളി സംഘങ്ങളെ പിടികൂടാന്‍ പോലീസ് ഈ ഭാഗത്ത് തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയതാണ് തങ്ങള്‍ക്ക്  നേരെയുണ്ടായ കയ്യേറ്റത്തിനുള്ള കാരണമെന്ന് പോലീസ് പറയുന്നു.

മംഗളം 8.11.2013


അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച താമസസ്ഥലം ഒരുക്കുന്നവര്‍ക്ക് ഉപഹാരം

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച താമസസ്ഥലം ഒരുക്കുന്നവര്‍ക്ക് ഉപഹാരം നല്‍കാന്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വകുപ്പ് സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനിച്ചു.
വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, കീഴ്മാട്, എടത്തല, ചൂര്‍ണ്ണിക്കര പഞ്ചായത്തുകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തും. മോശം ചുറ്റുപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കെട്ടിട ഉടമസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ ബാബു സെയ്താലി അറിയിച്ചു. 
ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി-മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍, ചിക്കന്‍ ഫാമുകള്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
യോഗത്തില്‍ സുറുമി അലി, നബീസ സിദ്ധിഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില കുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയി ജോസഫ്, സുമ കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു. ബാബു സെയ്താലി അദ്ധ്യക്ഷത വഹിച്ചു. 

മംഗളം 8.11.2013


Thursday, November 7, 2013

മദ്യപിച്ച് പോലീസിനെ ആക്രമിച്ചയാള്‍ റിമാന്റില്‍

പെരുമ്പാവൂര്‍: മദ്യപിച്ച് പോലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചയാളെ കോടതി റിമാന്റ് ചെയ്തു.
ഇടപ്പിള്ളി പാലയ്ക്കല്‍ വീട്ടില്‍ കുഞ്ചെറിയായുടെ മകന്‍ ജോസ് (31) ആണ് റിമാന്റിലായത്.
ചൊവ്വാഴ്ച രാത്രി 8.45-നാണ് ജോസുള്‍പ്പടെയുള്ള എട്ടംഗ മദ്യപ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ ജോസ് എസ്.ഐയെ തള്ളി മാറ്റുകയും കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇന്നലെ റിമാന്റ് ചെയ്തു.

മംഗളം 7.11.2013

ബുദ്ധി മാന്ദ്യമുള്ള ബാലനെ പീഡിപ്പിച്ച അറുപത്തിമൂന്നുകാരന്‍ പിടിയില്‍

പെരുമ്പാവൂര്‍: ബുദ്ധിമാന്ദ്യമുള്ള പത്തുവയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിനാലു വയസ്സുകാരന്‍ പോലീസ് പിടിയിലായി.
വേങ്ങൂര്‍ പണ്ടിക്കുടി പത്രോസ് (63) വിനെയാണ് ഇന്നലെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. 
തയ്ക്കാന്‍ കൊടുത്തത് വാങ്ങാന്‍ അയല്‍വീട്ടിലേയ്ക്ക് പോയ കുട്ടിയെ പത്രോസ് തന്റെ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വളരെ നേരം കഴിഞ്ഞും കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചു പോയ പിതാവാണ് സംഭവം നേരിട്ടു കാണുന്നത്. പത്രോസിന്റെ വീടിന്റെ മുന്നില്‍ കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
പത്രോസ് വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. ഇയാള്‍ക്ക് പേരക്കുട്ടികളും ഉണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

മംഗളം 7.11.2013

കീഴില്ലം-കുറിച്ചിലക്കോട് റോഡ് തകര്‍ന്നു

പെരുമ്പാവൂര്‍: കീഴില്ലം-കുറിച്ചിലക്കോട് റോഡ് തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായി. 
കുറിച്ചിലക്കോട് കവല, പള്ളിക്ക് സമീപം, മയൂരപുരം റോഡിന് സമീപം, എസ്.ഡി കോണ്‍വെന്റിന് സമീപം, അകനാട് പള്ളുപ്പട്ടക്കവല, കൂട്ടുപുറം ക്ഷേത്രത്തിനു സമീപം, എല്‍.പി സ്‌കൂള്‍, ചുണ്ടക്കുഴി വളവ്, തൃക്കേപ്പടി, കുറുപ്പംപടി ബസ് സ്റ്റാന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതല്‍ മാവിന്‍ചുവട് വരെയുള്ള ഭാഗം, തട്ടാംപുറംപടി, രായമംഗലം വായനശാലപ്പടി എന്നിവിടങ്ങളിലാണ് റോഡ് ഏറെ തകര്‍ന്നിട്ടുള്ളത്. റോഡിന്റെ പല ഭാഗങ്ങളിലും വന്‍കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ മുപ്പതോളം ബസ് സര്‍വ്വീസുകളും സ്‌കൂള്‍ ബസുകളും മറ്റ് അനവധി വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന റോഡാണ് ഇത്. 
യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാലും മുപ്പതു ടണ്ണിലേറെ ഭാരം കയറ്റിയുള്ള ടോറസ്, ടിപ്പര്‍ വാഹനങ്ങളുടെ നിരന്തര ഗതാഗതവുമാണ് റോഡ് ഈ അവസ്ഥയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റോഡിനോട് അധികൃതര്‍ അലംഭാവം പുലര്‍ത്തുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമാണുള്ളത്.

മംഗളം 7.11.2013

പെരുമ്പാവൂര്‍ മേഖലയില്‍ കുളമ്പ് രോഗം പടര്‍ന്ന് കന്നുകാലികള്‍ ചത്തുവീഴുന്നു

ക്ഷീരകര്‍ഷകര്‍ ജപ്തി ഭീഷണിയില്‍


കുളമ്പുരോഗം ബാധിച്ച മൃഗങ്ങളുള്ള വീടുകള്‍ കന്നത്തുനാട്
 എം.എല്‍.എ വി.പി സജീന്ദ്രനും സംഘവും സന്ദര്‍ശിച്ചപ്പോള്‍      

പെരുമ്പാവൂര്‍: മേഖലയില്‍ കുളമ്പ് രോഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് കന്നുകാലികള്‍ ചത്തുവീഴുന്നു. ഇതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത ആശങ്കയിലായി.
വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ചെമ്പറക്കി പള്ളത്തുകുടി മുഹമ്മദ് സിയാദിന്റെ വീട്ടിലെ ഏഴ് പശുക്കിടാക്കളും 20 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവും കുളമ്പുരോഗം ബാധിച്ച് ചത്തു. രായമംഗലം ഗ്രാമപഞ്ചായത്തില്‍ നെല്ലിമോളം പാറയ്ക്കല്‍ വി ശശിധരന്റെ  അഞ്ച് കന്നുകുട്ടികള്‍ രണ്ടു  ദിവസംകൊണ്ട്  വീണ് മരിച്ചിരുന്നു. ഒരു വയസില്‍ താഴെയുള്ളവയാണ് ഇവയെല്ലാം. എഴ് ദിവസം മാത്രം പ്രായമുള്ള പശുക്കിടാവും ഇതില്‍പ്പെടും. ഇതിനുപുറമെ രായമംഗലം തൊഴുത്തുങ്കല്‍പ്പറമ്പില്‍ രവിയുടേയും ഇതേ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും കന്നുകാലി ചത്തിട്ടുള്ളതായി അറിയുന്നു.
വാഴക്കുളം ചിറയത്ത് സിദ്ധിഖിന്റെ വീട്ടിലേയും വാടകക്ക് താമസിക്കുന്ന വറുഗീസിന്റെ വീട്ടിലേയും പശുക്കള്‍ക്കും രോഗബാധയുണ്ട്. ഇതിനുപുറമെ പുല്ലുവഴി ജയകേരളം ഭാഗത്തും കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നതായാണ് സൂചന.
പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ സിയാദിന്റെ ഫാമിലെ 20 പശുക്കള്‍ക്കും രോഗബാധയുണ്ട്. ക്ഷീരവൃദ്ധിയാണ് സിയാദിന്റെ ഏക വരുമാനമാര്‍ഗം. വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും നാലു ലക്ഷം രൂപയും കാത്തലിക് സിറിയന്‍ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തു തുടങ്ങിയതാണ് സിയാദിന്റെ ഫാം. കുളമ്പുരോഗ ബാധയെ തുടര്‍ന്ന് ഈ കര്‍ഷകന്‍ ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുകയാണ്. 
ശശിധരന്റെ കന്നുകാലി ഫാമിലെ പതിനെട്ട് പശുക്കളില്‍ അഞ്ചെണ്ണമാണ് ചത്തത്. അവശേഷിക്കുന്നവയ്ക്കും രോഗബാധയുണ്ട്.  സുനന്ദിനി, എച്ച്.എസ്, ജേഴ്‌സി തുടങ്ങിയ മുന്തിയ ഇനം കന്നുകാലികളാണ് ഈ ഫാമിലുള്ളത്. പ്രതിദിനം രാവിലെ എണ്‍പതോളം ലിറ്ററും ഉച്ചകഴിഞ്ഞ് നാല്‍പ്പതോളം ലിറ്ററും പാല്‍ ലഭിച്ചിരുന്നതാണ്. 
രോഗബാധയുണ്ടായപ്പോള്‍ത്തന്നെ വളയന്‍ചിറങ്ങര മൃഗാശുപത്രിയില്‍ അറിയിച്ചിരുന്നു. അവിടെ നിന്നും ഡോ. വീണാ മേരി എബ്രഹാമും തുടര്‍ന്ന് കാഞ്ഞൂര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ സജീവ് കുമാറും എത്തി ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളം വെറ്റിനറി മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്ത സാമ്പിളുകള്‍ എടുത്തിരുന്നു.
വാഴക്കുളം പഞ്ചായത്തില്‍ കുളമ്പുരോഗം ബാധിച്ച മൃഗങ്ങളുള്ള വീടുകള്‍ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍, വൈസ് പ്രസിഡന്റ് ഐഷ അബൂബക്കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ദേവസി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് സുധീര്‍, മണ്ഡലം പ്രസിഡന്റ് എ.എസ് നസീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അനില്‍കുമാര്‍, തമ്പി, വാര്‍ഡ് പ്രസിഡന്റ് കെ.ഐ അബ്ദുള്‍ ജബ്ബാര്‍ സന്ദര്‍ശിച്ചു.


മംഗളം 7.11.2013

കൂവപ്പടി കൃഷിഭവന്‍ ഓഫീസില്‍ ജീവനക്കാരില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂര്‍: കൂവപ്പടി കൃഷിഭവന്‍ ഓഫീസില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ഇരുപതു വാര്‍ഡുകളിലെ കര്‍ഷകരാണ് കൃഷി ഓഫീസിലെ ജീവനക്കാരുടെ കുറവുമൂലം കഷ്ടത അനുഭവിക്കുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള നൂറുകണക്കിന് അപേക്ഷകള്‍ ജീവനക്കാരുടെ കുറവുമൂലം കെട്ടിക്കിടക്കുകയാണ്. കര്‍ഷകര്‍ക്കും പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്കും യഥാസമയം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി വ്യാപക പരാതിയാണ് ഉള്ളത്.
കൃഷി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ വേണ്ട സ്ഥലത്ത് ഇപ്പോള്‍ രണ്ട് ജീവനക്കാരാണു ഉള്ളത്. ഇവര്‍ക്ക് ജോലി ഭാരം കൂടുതലുള്ളതുകൊണ്ട് ഓഫീസ് കാര്യങ്ങള്‍ പോലും ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല. കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ കുറവുമൂലം യഥാസമം നല്‍കാന്‍ സാധിക്കുന്നില്ല. 
എത്രയും വേഗം ഇവിടെ ജീവനക്കാരെ നിയമിക്കണമെന്ന്  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി അല്‍ഫോന്‍സ് മാസ്റ്റര്‍, കര്‍ഷക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി എസ്തപ്പാന്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍ സ്റ്റീഫന്‍ എന്നിവര്‍ കൃഷിവകുപ്പു മന്ത്രി, ഡയറക്ടര്‍, യു.ഡി.ഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരോട് ആവശ്യപ്പെട്ടു.
എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

മംഗളം 7.11.2013

പൗരസ്ത്യ സുവിശേഷസമാജത്തിന്റെ നവതി ആഘോഷം തുടങ്ങി

പെരുമ്പാവൂര്‍: പൗരസ്ത്യ സുവിശേഷസമാജത്തിന്റെ നവതി ആഘോഷവും സമാജദിനാഘോഷവും നടത്തി. ഇതോടനുബന്ധിച്ചു ചേര്‍ന്ന പൊതുസമ്മേളനം ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മോര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ആത്തുങ്കല്‍ ഗീ വറുഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ അനുസ്മരണ പ്രഭാഷണവും നടത്തി. നവതി ആഘോഷങ്ങളോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന അഞ്ച് ഭവനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ റോയി കെ വറുഗീസ്, എ.വി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഔസേഫ് പാത്തിക്കല്‍  കോര്‍ എപ്പിസ്‌കോപ്പ, ഗീവറുഗീസ് കോര്‍ എപ്പിസ്‌കോപ്പ മുളയാംകോട്ട്, ഫാ. കുര്യാക്കോസ് കാവണാട്ടേല്‍, ഷെവ. പി.പി പൗലോസ് പടയാട്ടില്‍, എ.സി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 7.11.2013

Wednesday, November 6, 2013

ലിഫ്റ്റ് ഇറിഗേഷന്‍ ലെയ്‌നില്‍ ചെളി വന്നടിഞ്ഞു; കപ്രിക്കാട്, ചേരാനല്ലൂര്‍ മേഖലകളില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂര്‍: ലിഫ്റ്റ് ഇറിഗേഷന്‍ ലെയ്‌നില്‍ വെള്ളപ്പൊക്കത്തേ തുടര്‍ന്ന് ചെളി വന്നടിഞ്ഞതിനാല്‍ പമ്പിംഗ് മുടങ്ങി. ഇതോടെ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കപ്രിക്കാട്, ചേരാനല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. 
കപ്രിക്കാട് ലിഫ്റ്റ് ഇറിഗേഷനിലും ചേരാനല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷനിലുമാണ് ചെളി അടിഞ്ഞതുമൂലം  പമ്പിംഗ് മുടങ്ങിയത്. ഇതോടെ ആയിരക്കണക്കിന് ഏക്കര്‍ മുണ്ടകന്‍ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതി വിശേഷമായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ് ചൂണ്ടിക്കാട്ടുന്നു. 
പമ്പിംഗ് പുനരാംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സംബന്ധിച്ച് സാജുപോള്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് സഭയില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം ആയില്ല. ലെയ്‌നില്‍ നിന്ന് ചെളി മാറ്റി പമ്പിംഗ് പുനരാരംഭിക്കുന്നതിനൊ സമാന്തര ജലസേചന സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊ ഫണ്ട് എവിടെനിന്നു കണ്ടെത്തും എന്നതാണ് പഞ്ചായത്ത് അധികൃതരെ വലയ്ക്കുന്ന പ്രശ്‌നം.
ലെയ്‌നിലെ ചെളി നീക്കം ചെയ്യാന്‍ പുഴയില്‍ ഇറങ്ങേണ്ടി വരും. അതുകൊണ്ടുതന്നെ തൊഴിലുറപ്പു പദ്ധതി പ്രകാരം വനിത തൊഴിലാളികളെ ഉപയോഗിച്ച് ഈ പ്രവര്‍ത്തി നടത്താനാവില്ല. തൊഴിലുറപ്പിന്റെ തുച്ഛമായ കൂലിയില്‍ ജോലി ചെയ്യാന്‍ പുരുഷന്മാരായ തൊഴിലാളികള്‍ക്ക് താല്‍പര്യവുമില്ല.
പഞ്ചായത്ത് ഫണ്ട് ഇതിനുവേണ്ടി ഉപയോഗിക്കണമെങ്കില്‍ ഡി.പി.സിയുടെ  അംഗീകാരം വേണം. അതിന് ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.
ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സത്വര നടപിടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

മംഗളം 06.11.2013


Tuesday, November 5, 2013

പുതിയ വീട്ടില്‍ ഒന്നു തലചായ്ക്കും മുമ്പ് വിജയന് അന്ത്യയാത്രപെരുമ്പാവൂര്‍: പരിചയമുള്ളവരും ഇല്ലാത്തവരുമായി നൂറുകണക്കിനാളുകള്‍ കനിവുകാട്ടിയിട്ടും ദുരിതങ്ങളുടെ തീരാക്കടല്‍ നീന്തിക്കയറാന്‍ വിജയനായില്ല. എന്‍.ജി.ഒ അസോസിയേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് വിജയന് വിധിച്ചത് അന്ത്യയാത്ര.
ഒന്നിന് പിറകെ മറ്റൊന്നായി പിടിമുറുക്കുന്ന ദുരന്തങ്ങളില്‍ വഴിമുട്ടി ഒരു കുടുംബം. വിധിയോട് മല്ലിട്ട് പിടിച്ചു നിന്ന ഗൃഹനാഥന്‍ കൂടി രോഗ കിടക്കയിലായതോടെ പ്രതിസന്ധിയിലായിപ്പോയ ഈ നാലംഗ കുടുംബത്തിന്റെ കഥ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ കീഴില്ലം ചെമ്പകമഠത്തില്‍ വിജയന്‍ (47) ആണ് പാന്‍ക്രിയാസ് തകരാറുമൂലം വീണുപോയത്. മൂന്ന് ലക്ഷം രൂപയോളം ചെലവുവരുന്ന അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. 
ഇത്രവലിയ തുക സമാഹരിക്കാന്‍ നിരന്തരം ദുരിത ജീവിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് കഴിയുമായിരുന്നില്ല. വിജയന്റെ മൂത്ത മകള്‍ ലോലിത (15) ജന്മനാ ചലനവൈകല്യമുള്ള കുട്ടിയാണ്. ഒന്നരവയസായിട്ടും കുഞ്ഞ് നടക്കാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. അന്നുതൊട്ട് ലോലിത ചികിത്സയിലാണ്.  പ്രതിദിനം അഞ്ഞൂറു രൂപയോളം മുടക്കി ഫിസിയോ തെറാപ്പി ചെയ്യണം. 
രണ്ടാമത്തെ കുട്ടി രോഹിണി (9) ക്ക് ബുദ്ധിമാന്ദ്യമുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളില്‍ കുട്ടിയെ ചേര്‍ത്തെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍  ഈ കുട്ടിയെ തൊട്ടുചേര്‍ന്നുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. രോഹിണിയുടെ ചികിത്സക്കും വലിയ തുക വേണം.
ഈ ദുരിതങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്ലൈവുഡ് കമ്പനി ജീവനക്കാരനായ വിജയന് ഒമ്പത് വര്‍ഷം മുമ്പ് ഒരു അപകടം പറ്റുന്നത്. കമ്പനിയിലെ യന്ത്രസാമഗ്രികള്‍ക്കിടയില്‍പ്പെട്ട് ഇയാളുടെ കൈവിരലുകള്‍ അറ്റുപോയി. അതോടെ വിജയന് ജോലിയൊന്നും ചെയ്യാന്‍ കഴിയാതെയായി. പ്ലൈവുഡ് കമ്പനി ഉടമയുടെ ഔദാര്യംകൊണ്ട് അവിടെത്തന്നെ തുടരാന്‍ കഴിഞ്ഞെങ്കിലും ലഭിക്കുന്ന തുച്ഛവരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. അതിനിടയിലാണ് വിജയന്‍ വീണ്ടും രോഗക്കിടക്കയിലായത്.
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഉണ്ടായ ദാരുണാവസ്ഥയില്‍ പകച്ചു പോയി വിജയന്റെ ഭാര്യ ചന്ദ്രിക. കുട്ടികളേയും ഭര്‍ത്താവിനേയും വീട്ടിലിട്ട് ഒരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥ..  കുടുംബത്തിന് യാതൊരു വരുമാനവും ഇല്ല. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ഈ കുടുംബം  ഒരു വാടക വീട്ടിലാണ് കഴിയുന്നത്.
ഈ ഘട്ടത്തിലാണ് നാട്ടുകാര്‍ സഹായവുമായി മുന്നോട്ടു വന്നത്. വിജയന്റ കുടുംബത്തെ സഹായിക്കുന്നതിനായി വാര്‍ഡുമെമ്പര്‍ എ.കെ ഷാജി ചെയര്‍മാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. അതുവഴി അഞ്ചു ലക്ഷം രൂപയോളം ലഭിച്ചതായി സമിതി കണ്‍വീനര്‍ മോഹന്‍ദാസ് അറിയിച്ചു. ഇതിനു പുറമെ എന്‍.ജി.ഒ അസോസിയേഷന്‍ സൗജന്യമായി വീടിന്റെ നിര്‍മ്മാണവും തുടങ്ങി. 
ഇതിനിടെ ശസ്ത്ര ക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വന്ന വിജയന് വയറ്റില്‍ കടുത്ത അള്‍സര്‍ ബാധിക്കുകയായിരുന്നു. വാര്‍ക്ക നടന്ന ഞായറാഴ്ച പാതിരാത്രിയോടെയായിരുന്നു വിജയന്റെ അന്ത്യം. നിരാലംബയായ ഒരു അമ്മയും വൈകല്യങ്ങളുള്ള രണ്ടു പെണ്‍കുട്ടികളും ഇനി ഒറ്റയ്ക്ക്.


മംഗളം 5.11.2013


പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പെരുമ്പാവൂര്‍: പോലീസിനെ രാത്രി വിളിച്ചുവരുത്തി കയ്യേറ്റം ശ്രമിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്.
രായമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബേയ്‌സ് പോളിനെതിരെയാണ് കുറുപ്പംപടി പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. 
വായ്ക്കര മേഖലയില്‍ ചീട്ടുകളിയും മദ്യപിച്ച് ബഹളമുണ്ടാക്കലും നടക്കുന്നുവെന്ന സന്ദേശം എസ്.ഐയുടെ സെല്‍ ഫോണിലേക്ക് പലവട്ടം  എത്തി. തിരിച്ചുവിളിക്കുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരിക്കും. അതിനാല്‍ത്തന്നെ പോലീസ് സംഘം ഇവിടേക്ക് പോകാന്‍ കൂട്ടാക്കിയില്ല. 
ഒടുവില്‍ മെമ്പര്‍ ബേയ്‌സ് പോള്‍ തന്നെ ഈ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് അംഗ പോലീസ് സംഘം ജീപ്പില്‍ വായ്ക്കരയില്‍ എത്തുന്നത്. ഇവരെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേര്‍ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ മടങ്ങിയ പോലീസ് വാര്‍ഡ് മെമ്പറെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. കൃത്യ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കിയതിന്റേയും പൊതുമുതല്‍ നശിപ്പിച്ചതിന്റേയും പേരിലാണ് കേസ്.
ചീട്ടുകളി സംഘങ്ങളെ പിടികൂടാന്‍ പോലീസ് ഈ ഭാഗത്ത് തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയതും പിടിയിലായ ചിലരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മെമ്പര്‍ ഇടപെട്ടത് അവഗണിക്കുകയും ചെയ്തതാണ് പോലീസിനു നേരെയുണ്ടായ കയ്യേറ്റത്തിനുള്ള കാരണമെന്നാണ് സൂചന.

മംഗളം 5.11.2013


രായമംഗലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി കിട്ടിയ ആംബുലന്‍സ് ഓടിക്കാനാളില്ല; പഞ്ചായത്ത് മെമ്പര്‍ ഡ്രൈവറായി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി ലഭിച്ച ആംബുലന്‍സ് ഓടിയ്ക്കാന്‍ ആളില്ലാത്തതിനാല്‍ പഞ്ചായത്ത് മെമ്പര്‍ ഡ്രൈവറായി. മെമ്പര്‍ വണ്ടിയെടുത്തത് തന്നോട് ആലോചിക്കാതെയെന്ന് പ്രസിഡന്റ്.
ഞായറാഴ്ച രാത്രി അങ്കമാലി ആശുപത്രിയില്‍ മരിച്ച കീഴില്ലം ചെമ്പകമഠത്തില്‍ വിജയന്റെ മൃതദേഹം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ആംബുലന്‍സിന്റെ സേവനം തേടിയത്. പുലരും വരെ തുടര്‍ച്ചയായി വിളിച്ചിട്ടും ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കേണ്ട ഡ്രൈവര്‍ ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ എ.കെ ഷാജി പഞ്ചായത്തിലെ ജീപ്പ് ഡ്രൈവറുടെ സഹായത്തോടെ  ആംബുലന്‍സിന്റെ താക്കോല്‍ സംഘടിപ്പിച്ചാണ് വാഹനം എടുത്തത്. 
പ്രമുഖ വ്യവസായി ശശിധരന്‍ കര്‍ത്തയാണ് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് രായമംഗലം ഗ്രാമപഞ്ചായത്തിന് ആംബുലന്‍സ് നല്‍കിയത്. നിര്‍ദ്ധന രോഗികളെ സഹായിക്കാന്‍ അഞ്ചു ലക്ഷം രൂപയും നല്‍കി. ആംബുലന്‍സിന് ഡ്രൈവറെ ഏര്‍പ്പെടുത്തേണ്ട ചുമതല പഞ്ചായത്തിനായിരുന്നു.
പഞ്ചായത്ത് ഒരു ഡ്രൈവറെ ഏര്‍പ്പെടുത്തിയെങ്കിലും ഇതേ വരെ ശമ്പളം നല്‍കിയിട്ടില്ല. രണ്ടു മാസം ശമ്പളം കിട്ടാതെ ജോലിചെയ്ത ഡ്രൈവര്‍ തനിക്കിനി ജോലി തുടരാന്‍ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചിരുന്നു.
ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നിരിക്കെ പഞ്ചായത്ത് മെമ്പര്‍ രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ് ആംബുലന്‍സ് ഓടിക്കാന്‍ സ്വയം തയ്യാറായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് മംഗളത്തോട് പറഞ്ഞു. മെമ്പര്‍ക്ക് പഞ്ചായത്ത് വക വാഹനം എടുക്കാന്‍ അവകാശമില്ലെന്നും അങ്ങനെ ചെയ്യുംമുമ്പ് തന്നോടോ സെക്രട്ടറിയോടോ അനുമതി തേടുക പോലും ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് പറയുന്നു.

മംഗളം 5.11.2013


പീച്ചനാംമുഗള്‍ പ്ലൈവുഡ് കമ്പനിയില്‍ മെഷ്യനറി സ്ഥാപിച്ചത് തടഞ്ഞ നാട്ടുകാര്‍ക്ക് മര്‍ദ്ദനം; തൊഴിലാളികളെ ആക്രമിച്ചെന്ന് കമ്പനിയുടമ


പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പൊതുവഴി കയ്യേറി നിര്‍മ്മിച്ച പ്ലൈവുഡ് കമ്പനിയില്‍ മെഷ്യനറികള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ ഗുണ്ടാ ആക്രമണം നടത്തിയെന്ന് പരാതി. സമരത്തിന്റെ മറവില്‍ കമ്പനിയില്‍ കയറി ഒരുപറ്റം ആളുകള്‍ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്ന് കമ്പനിയുടമ.
പീച്ചനാംമുഗളിലെ മൂണ്‍ ടിമ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിലായിരുന്നു സംഘര്‍ഷം. കമ്പനി വളപ്പിനോട് ചേര്‍ന്ന് താമസിക്കുന്ന പട്ടിക വിഭാഗത്തില്‍പ്പെട്ട വിധവ പുത്തന്‍പുരയില്‍ കാര്‍ത്ത്യായനി (55), മാലിക്കുടിയില്‍ ജിസ് എം കോരത് (38), തടിച്ചകുടിയില്‍ മാത്യു (42), തൃശമംഗലം രാജു (46), എന്നിവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനി തൊഴിലാളികളായ വെങ്ങോല സ്വദേശി ഫസീര്‍ (28), കണ്ടന്തറ സ്വദേശി സുല്‍ഫിക്കര്‍ (25), കമ്പനി ഉടമസ്ഥരില്‍പ്പെട്ട മുടിക്കല്‍ സ്വദേശി മൈതീന്‍കുഞ്ഞ് (55), അന്യസംസ്ഥാന തൊഴിലാളികളായ ബാബു, അമില്‍, അലി, റാഷിദ് എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കെ, ഇന്നലെ രാവിലെയാണ് അനധികൃതമായി നിര്‍മ്മിച്ച കമ്പനിയില്‍ മെഷ്യനറി  സ്ഥാപിക്കാനുള്ള നീക്കം നടന്നത്. പരിസരവാസികള്‍ അത് തടഞ്ഞു. അതോടെ കമ്പനി വളപ്പിലുണ്ടായിരുന്ന നൂറോളം വരുന്ന സംഘം നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 
മെഷ്യന്‍ സ്ഥാപിക്കുന്നതിന് എത്തിയ ക്രെയിന്‍ രാവിലെ തിരിച്ചു കൊണ്ടുപോയെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും മടങ്ങിയെത്തി. വിവരം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിക്ക് സമീപം റോഡില്‍ ക്രെയിന്‍ തടഞ്ഞ നാട്ടുകാര്‍ക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായി. സംഭവം അറിഞ്ഞ് കുറുപ്പംപടി പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
മെഷ്യനറി സ്ഥാപിക്കല്‍ പോലീസ് നിര്‍ത്തി വയ്പ്പിച്ചെങ്കിലും കമ്പനി വളപ്പില്‍ മാരകായുധങ്ങളുമായി തമ്പടിച്ച ഗുണ്ടാ സംഘത്തെ കസ്റ്റഡിയില്‍ എടുക്കാതെ  പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഒടുവില്‍ പോലീസ് തന്നെ ഇവരെ പുറത്തെത്തിച്ചു. 
തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിന്‍ബലം ഉപയോഗിച്ച് നാട്ടുകാരെ തല്ലിച്ചതച്ച് അനധികൃത കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാമെന്ന് കമ്പനി ഉടമ വ്യാമോഹിക്കണ്ടെന്ന് പീച്ചനാംമുകളില്‍ ചേര്‍ന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധയോഗം മുന്നറിയിപ്പു നല്‍കി. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതെന്നും മത സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും യോഗം ചൂണ്ടിക്കാട്ടി.
കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. പി രാമചന്ദ്രന്‍ നായര്‍, ബെന്നി വറുഗീസ്, കെ.ഡി രാജേഷ്, കെ.പി അനീഷ്, കെ.കെ വര്‍ക്കി, കെ.ആര്‍ നാരായണ പിള്ള, കെ.ഇ പൗലോസ്, എം.വി ജോണി, പി.വി ചെറിയാന്‍, ബിനു പി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം, കമ്പനി എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സ്ഥാപിക്കുന്നതെന്നും പരിസരവാസികളായ ചിലര്‍ ഗണ്ടായിസം കാട്ടി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും സ്ഥാപന ഉടമ മുജ്ജീബ് പറയുന്നു.

മംഗളം 5.11.2013


പുസ്തക പ്രകാശനവും ഭാഷാ ചര്‍ച്ചയും

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും ശ്രേഷ്ഠ മലയാള ഭാഷയെ മുന്‍നിര്‍ത്തി പ്രഭാഷണവും നടന്നു.
മുസ്തഫ പോഞ്ഞാശ്ശേരി എഴുതിയ അമ്മ കരയുന്നു എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം കാരുകുളം ശിവശങ്കരന് നല്‍കി ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പ്രകാശനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ സാഹിത്യവേദി വൈസ് പ്രസിഡന്റ് എം.എം ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്തഫ പോഞ്ഞാശ്ശേരി മറുപടി പ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് കീഴില്ലം സ്വാഗതവും മുഹമ്മദ് പുതുശ്ശേരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സാഹിത്യസംഗമത്തില്‍ ടി.ഐ നാരായണന്‍ മോഡറേറ്ററായി. വേലായുധന്‍ വടവുകോട്, രാജേന്ദ്രന്‍ പി.പി, നിഷ മോഹന്‍, ജോസഫ് ഓടക്കാലി, സത്യന്‍ താന്നിപ്പുഴ, വൈകുണ്ഠദാസ്, തങ്കമണി ഞറളക്കാട് തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു. കടാതി ഷാജി രചനാവലോകനം നടത്തി.

5.11.2013

Monday, November 4, 2013

പെരുമ്പാവൂരില്‍ ശൈശവ വിവാഹം തടഞ്ഞു

പെരുമ്പാവൂര്‍: ടൗണിനടുത്ത് ഓര്‍ണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കാനുള്ള നീക്കം തടഞ്ഞു. 
കണ്ടന്തറ മൂത്തേടം വീട്ടില്‍ അഷറഫിന്റെ പതിനാറു വയസുകാരിയായ മകളുടെ വിവാഹമാണ് പോലീസും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്.
ഇന്നലെ രാവിലെ 10.30-നും പതിനൊന്നിനും ഇടയിലായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിക്കാഹ് നടത്താനായി തൊടുപുഴ കാളിയാറില്‍  നിന്നുള്ള വരനും വീട്ടുകാരും സമയത്ത് തന്നെ എത്തിയിരുന്നു.
എന്നാല്‍, പത്തു മണിയോടെ എത്തിയ ഉദ്യോഗസ്ഥസംഘം വിവാഹം നിയമപരമല്ലെന്നും അതുകൊണ്ടു തന്നെ അനുവദിയ്ക്കാനാവില്ലെന്നും അറിയിക്കുകയായിരുന്നു.
വിവാഹം ഒഴിവാക്കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ മടങ്ങി.

4.11.2013

Sunday, November 3, 2013

കൂവപ്പടിയില്‍ പൊതുതോടു കയ്യേറിയും നിലം നികത്തിയും പഞ്ചായത്തംഗം കമ്പനി സ്ഥാപിക്കുന്നതായി പരാതി

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ പൊതു തോടു കയ്യേറിയും നിലം നികത്തിയും ഗ്രാമപഞ്ചായത്തംഗം കമ്പനി സ്ഥാപിക്കുന്നതായി പരാതി. 
മാവേലിപ്പടിക്ക് സമീപം ഒക്കല്‍ ബ്രാഞ്ച് കനാലിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അനധികൃത നിര്‍മ്മാണം. നിലം മണ്ണിട്ട് നികത്തി പഞ്ചായത്ത് മെമ്പറാണ് അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പെരിയാര്‍വാലി കനാലിന്റെ സ്ഥലം കയ്യേറി നിര്‍മ്മിക്കുന്ന കമ്പനിക്കുവേണ്ടി ഇതിനോട് ചേര്‍ന്നുള്ള പാലം പൊളിച്ച് വീതികൂട്ടി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. കമ്പനിയിലേക്ക് വലിയ കണ്ടെയ്‌നറുകളും മറ്റും കൊണ്ടുവരുന്നതിനുവേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വലിയ പാലം നിര്‍മ്മിക്കാനാണ് നീക്കം. പഞ്ചായത്ത് അംഗത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. 

മംഗളം 3.11. 2013