Wednesday, September 12, 2012

പെരുമ്പാവൂരില്‍ 532 ലൈംഗിക തൊഴിലാളികളും സ്വവര്‍ഗരതിക്കാരും


പെരുമ്പാവൂര്‍: മേഖലയില്‍ മാത്രം 532 ലൈംഗിക തൊഴിലാളികളും സ്വവര്‍ഗരതിക്കാരായ പുരുഷന്‍മാരും മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും ഉള്ളതായി സ്വരുമ സുരക്ഷ പദ്ധതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇത്തരം 1100 പേരുള്ളതില്‍ പകുതിയിലേറെപ്പേരും പെരുമ്പാവൂരില്‍ നിന്നുള്ളവരാണ്. സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നവരും തെരുവുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നവരും ഉണ്ട്. സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ വിഭാഗത്തിന്റെ ടൗണിലെ പ്രവര്‍ത്തനങ്ങള്‍.
കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വരുമ പദ്ധതി പ്രകാരം ഇത്തരം ആളുകളെ കണ്ടെത്തി ബോധവല്‍ക്കരിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൗണ്‍സിലിങ്ങ്, സൗജന്യ എച്ച്.ഐ.വി പരിശോധന, സൗജന്യ ലൈംഗിക രോഗ ചികിത്സ, ഗര്‍ഭ നിരോധന ഉറകളുടെ സൗജന്യ വിതരണം തുടങ്ങിയവയ്ക്കായി പ്രതിവര്‍ഷം 25 ലക്ഷം രൂപയോളം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രോജക്ട് മാനേജര്‍ സൗമ്യ സുകുമാരന്‍ പറഞ്ഞു.
ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന പദ്ധതി പ്രകാരം സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാര്‍, മയക്കുമരുന്നിന് അടിമയായവര്‍ എന്നിവരില്‍ നിന്ന് തന്നെ പദ്ധതിയുടെ  സേവനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള ആളുകളെ കണ്ടെത്തി പരിശീലിപ്പിയ്ക്കുന്നു. ഇവര്‍ പിയെര്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പെരുമ്പാവൂരില്‍ മാത്രം എട്ട്  പിയെര്‍ എഡ്യൂക്കേറ്റര്‍മാരുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളെപ്പറ്റി ഇവര്‍ വഴി പരിശീലനം നല്‍കുകയും ഓരോ ലൈംഗിക തൊഴിലാളികള്‍ക്കും പ്രതിവാരം അറുപത് ഗര്‍ഭ നിരോധന ഉറകള്‍ വീതം സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ ഈ വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയൂ. പത്തുവര്‍ഷക്കാലം കൊണ്ട് മൂവാറ്റുപുഴ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പദ്ധതിയ്ക്ക് കഴിഞ്ഞതായി പ്രൊജക്ട് ഡയറക്ടര്‍ ഗ്രേസി ജോസ്, ഔട്ട് റീച്ച്  വര്‍ക്കര്‍മാരായ നൈജോ പി.പി, ജിബി ജോയി, ശാരദാ സ്റ്റാന്‍ലി, സിജി ബാബു, രാധ മനോജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മംഗളം 12.09.2012

No comments: