പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, June 30, 2013

അറയ്ക്കപ്പടി-മംഗലത്തുനട റോഡ് നിര്‍മ്മാണത്തിലെ അഴിമതി; വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പെരുമ്പാവൂര്‍: അറയ്ക്കപ്പടി-മംഗലത്തുനട റോഡ് നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ പി.പി റോഡില്‍ അറയ്ക്കപ്പടിയില്‍ നിന്നും ആരംഭിക്കുന്ന മംഗലത്തുനട റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ വന്‍ അപാകതകളും അഴിമതികളും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്ക് അകംതന്നെ റോഡ് താറുമാറായി. റോഡിന്റെ അവസ്ഥ കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പ്
തന്നെ മോശമായത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും യാതൊരുവിധ അന്വേഷണമോ മേല്‍നടപടിയൊ ഉണ്ടായില്ല. 
ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന റോഡ് ഇപ്പോള്‍ സഞ്ചാരയോഗ്യമല്ലാതായി. പതിനഞ്ചോളം സ്‌കൂള്‍ ബസുകളാണ് ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നത്. അംഗന്‍വാടി, പോസ്റ്റോഫീസ്, ആരാധനാലയങ്ങള്‍, റേഷന്‍കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഇതുവഴി വേണം പോകാന്‍. റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുവാന്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റിയാസ്, മണ്ഡലം ഭാരവാഹികളായ യു.എം ഷെമീര്‍, ബേസില്‍ ജേക്കബ്, പി.എ ശിഹാബ്, കെ.കെ ഷെമീര്‍, ഭാരവാഹികളായ എമില്‍ ഏലിയാസ്, ജിജു പോള്‍, ഓര്‍ണ അന്‍വര്‍, അന്‍സല്‍, മുനീര്‍, മനു എന്നിവര്‍ പ്രസംഗിച്ചു.

 മംഗളം 30.06.2013

Saturday, June 29, 2013

മുടക്കുഴ കാവ്-ചര്‍ച്ച് റോഡ് കുണ്ടും കുഴിയുമായി; നാട്ടുകാര്‍ റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കാവ്-ചര്‍ച്ച് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴനട്ടു.
പത്താം വാര്‍ഡില്‍പ്പെട്ട ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഡ.വൈ.എഫ്.ഐ ആനകല്ല് യൂണിറ്റ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റോഡിന് നടുവില്‍ വാഴനട്ട് പ്രതിഷേധിച്ചത്. കെ.കെ ബേബി, അരുണ്‍ രാജ്, സുജിത് പി.എസ്, ശ്യാം, ബിനീഷ് എം.ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഴനടല്‍.

മംഗളം 29.06.2013

             

കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ വാര്‍ഷികവും ശതാഭിഷേക സമ്മേളനവും നാളെ

പെരുമ്പാവൂര്‍: പുല്ലാക്കുടിയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ അമ്പത്തിയെട്ടാം പൗരോഹിത്യ വാര്‍ഷികവും ശതാഭിഷേക സമ്മേളനവും നാളെ നടക്കും.
ക്രാരിയേലി മര്‍ത്തമറിയം പള്ളിയില്‍ രാവിലെ 10 ന് ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. 
കെ.പി ധനപാലന്‍ എം.പിയും സാജുപോള്‍ എം.എല്‍.എ യും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ സുവനീര്‍ പ്രകാശനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും.
ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഗീവറുഗീസ് കോര്‍ എപ്പിസ്‌കോപ്പ, വി.പി വറുഗീസ് കോര്‍ എപ്പിസ്‌കോപ്പ, പ്രസന്നകുമാരി വാസു, റെജി ഇട്ടൂപ്പ്, ടി.ജി പൗലോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
1930 ല്‍ പാണ്ടിക്കാട് പൈലിയുടേയും അന്നമ്മയുടേയും മകനായി ജനിച്ച കുര്യാക്കോസ് സണ്ടേ സ്‌കൂള്‍ അദ്ധ്യാപകനായാണ് ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1951 ല്‍ സ്‌കൂള്‍ അദ്ധ്യാപകനായ ഇദ്ദേഹത്തിന് 55 ല്‍ കശീശപട്ടം ലഭിച്ചു. എം.ജെ.എസ്.എസ്.എ വൈസ് പ്രസിഡന്റും അങ്കമാലി ഭദ്രാസന ഡയറക്ടറുമായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
ക്രാരിയേലി, അരുവാപ്പാറ, പാണിയേലി തുടങ്ങിയ പള്ളികളില്‍ വികാരിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം സണ്ടേ സ്‌കൂള്‍ രംഗത്ത് ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച വൈദികനെന്ന ബഹുമതിക്കും അര്‍ഹത നേടി. നിരവധി ദേവാലയങ്ങളുടെ നിര്‍മ്മാണ ചുമതലയും ഏറ്റെടുക്കുകയുണ്ടായി. ഇതിനുപുറമെ സുവിശേഷ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. 

മംഗളം 29.06.2013
ഏകാധിപത്യത്തിന് തിരിച്ചടി; ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍

പെരുമ്പാവൂര്‍: ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തിയ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സ്വന്തം കക്ഷിയിലെ അംഗങ്ങളില്‍ നിന്ന് തിരിച്ചടി. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും  വിപ്പിന്റെ ചുമതലയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മിനി ഷാജു ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.കെ മുഹമ്മദ്കുഞ്ഞിനേയും വിപ്പായി ടി.ജി ബാബുവിനേയും തെരഞ്ഞെടുത്തു. മിനി ഷാജു സെക്രട്ടറി സ്ഥാനത്ത് തുടരും. യോഗത്തില്‍ കോണ്‍ഗ്രസിന്റെ പന്ത്രണ്ട് മെമ്പര്‍മാരില്‍ ഏഴു പേരും പങ്കെടുത്തിരുന്നു. മിനി ഷാജു, പി.കെ മുഹമ്മദ്കുഞ്ഞ്, ടി.ജി ബാബു, എം.വി ബെന്നി, കെ.പി പൈലി, എന്‍.ഒ ജോര്‍ജ്, ദീപ അനില്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തന്നെ പുതിയ നേതാവിനേയും വിപ്പിനേയും തെരഞ്ഞെടുത്ത വിവരം ഇവര്‍  പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.  
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സെക്രട്ടറി മുന്‍കയ്യെടുത്ത് മീറ്റിംഗ് വിളിച്ചുകൂട്ടിയത്. യോഗം വിളിയ്ക്കാന്‍ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടപ്പോഴാകട്ടെ, പ്രസിഡന്റ് കത്ത് വാങ്ങി കീറി ദൂരെ എറിയുകയും ചെയ്തു.  
പതിനാറംഗ ഭരണ സമിതിയില്‍  യു.ഡി.എഫിന്  പതിമൂന്ന് മെമ്പര്‍മാരാണ് ഉള്ളത്. ഇതില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം ഉള്‍പ്പെടുന്നു. ബാക്കിയുള്ള പന്ത്രണ്ട് കോണ്‍ഗ്രസ് മെമ്പര്‍മാരില്‍ ഏഴു പേരും പ്രസിഡന്റിന് എതിരാണ്. പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും വാര്‍ഡ് മെമ്പര്‍മാരെ പരസ്യമായി അവഹേളിക്കുന്നതുമാണ് എതിര്‍പ്പിന് കാരണം. 
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും മാര്‍ച്ചില്‍ ഡി.സി.സി പ്രസിഡന്റിനും ഇവര്‍ പരാതി നല്‍കിയിരുന്നു.  പ്രസിഡന്റു സ്ഥാനത്തുനിന്ന് അന്‍വര്‍ മുണ്ടേത്തിനെ മാറ്റണമെന്നതായിരുന്നു മെമ്പര്‍മാരുടെ ആവശ്യം.
എന്നാല്‍, ഭൂരിപക്ഷം മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും നേതൃത്വം യാതൊരു നടപടികളും കൈക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നതും നേതാവിന്റെ ചുമതലയില്‍ നിന്ന് അന്‍വര്‍ മുണ്ടേത്തിനെ പുറത്താക്കിയതും. ഇനിയും നേതൃത്വം ഇതേ നിലപാടാണ് തുടരുന്നതെങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം.

മംഗളം 29.06.2013

കോട്ടപ്പാറ വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു

പെരുമ്പാവൂര്‍: കോട്ടപ്പാറ വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കാട്ടാനകളെ തടയാന്‍ തയ്യാറാക്കിയ സൗരോര്‍ജ്ജ വേലിയുടെ നിര്‍മ്മാണം പാതി വഴിയില്‍. 
കണ്ണക്കട, കൈതപ്പാറ, കുറുബാനപ്പാറ, കയറ്റുവ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. രാവും പകലും ഭേതമില്ലാതെ ഇറങ്ങുന്ന കാട്ടാനകള്‍ തെങ്ങ്, കവുങ്ങ്, റബര്‍, വാഴ തുടങ്ങിയവ പിഴുതെറിയുകയാണ്. കുന്നത്തു വീട്ടില്‍ തങ്കപ്പന്‍, രവി, രാഘവന്‍, ശിവന്‍ എന്നിവരുടെ കൃഷികളാണ് നശിച്ചതിലേറെയും.
കാട്ടില്‍ നിന്ന് പുഴ കടന്നാണ് കാട്ടാനക്കൂട്ടങ്ങളുടെ വരവ്, അക്വേഷ്യ പ്ലാന്റേഷനിലെ മരങ്ങളുടെ മധുരമുള്ള തൊലിയാണ് ഇവയുടെ പ്രധാന ആകര്‍ഷണം. നാട്ടുപ്ലാവുകളിലെ പഴുത്ത ചക്കകളും ഇവ ലക്ഷ്യം വയ്ക്കുന്നു.  ഉറക്കെ ഒച്ചയെടുത്തും പാട്ടകള്‍ കൊട്ടിയുമാണ് നാട്ടുകാര്‍ ആനകളെ തുരത്താന്‍ ശ്രമിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വ്യാപകമായിരുന്നു. കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍  പോകുംവഴി പാടത്തി വീട്ടില്‍ അമ്മിണിക്കും സ്‌കൂളില്‍ പോയ പുത്തന്‍പുര വീട്ടില്‍ ലെനിനെന്ന വിദ്യാര്‍ത്ഥിക്കും കാട്ടാനകളുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു
ഇതേ തുടര്‍ന്നാണ് സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനാതിര്‍ത്തിയില്‍ സൗരോജ്ജ വേലി തീര്‍ക്കാന്‍ തീരുമാനമായത്. വനം വകുപ്പ് അഞ്ചു ലക്ഷം രൂപ മുടക്കി നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ സോളാര്‍ വേലി നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇനിയും നാലുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൂടി സോളാര്‍വേലി കെട്ടിയാലെ കാട്ടാനകളുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയൂ എന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം വനം വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും ഇതിനു വേണ്ടി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് രണ്ടു ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും കോടനാട് ഡി.എഫ്.ഒ നാഗരാജന്‍ മംഗളത്തോട് പറഞ്ഞു.

മംഗളം 29.06.2013

Friday, June 28, 2013

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും അന്‍വര്‍ മുണ്ടേത്തിനെ ഇന്ന് മാറ്റിയേക്കും

ഒക്കല്‍ ഗ്രാമപഞ്ചായത്ത്
  
പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും വിപ്പിന്റെ ചുമതലയില്‍ നിന്നും ഇന്ന് നീക്കിയേക്കും.
നാളുകളായി പാര്‍ലമെന്ററി  പാര്‍ട്ടി യോഗം വിളിച്ചുകൂട്ടുകയൊ സ്വന്തം പാര്‍ട്ടി അംഗങ്ങളായ മെമ്പര്‍മാരുടെ അഭിപ്രായം ആരായുകയോ ചെയ്യാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന അന്‍വര്‍ മുണ്ടേത്തിനെ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സഹമെമ്പര്‍മാര്‍ക്കുള്ളത്. പാര്‍ലമെന്ററി  പാര്‍ട്ടി സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി ഷാജു ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചിരിക്കുകയാണ്. താന്നിപ്പുഴ വൈ.എം.സി.എ ഹാളില്‍ രാവിലെ 10.30 ന് ചേരുന്ന യോഗത്തിന്റെ ഏക അജണ്ട അന്‍വര്‍ മുണ്ടേത്തിനെ സ്ഥാനത്തുനിന്നും മാറ്റുക എന്നതാണ്. 
പാര്‍ലമെന്ററി  പാര്‍ട്ടിയോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നല്‍കിയ കത്ത് വലിച്ചു കീറി ദൂരെ എറിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തങ്ങള്‍ക്കിനി  വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ പി.കെ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ടി.ജി ബാബു, മെമ്പര്‍മാരായ എം.വി ബെന്നി, കെ.പി പൈലി, എന്‍.ഒ ജോര്‍ജ്, ദീപ അനില്‍ എന്നിവര്‍ പ്രസിഡന്റിനെതിരെ ശക്തമായ നിലപാടാണ്  കൈക്കൊണ്ടിട്ടുള്ളത്. 
പ്രസിഡന്റിന്റെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരായി നാലുമാസം മുമ്പ് ഇവര്‍ യു.ഡി.എഫ് കണ്‍വീനര്‍ക്കും ഡി.സി.സി പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ല. അതോടെ ഈ ഏഴുപേരും പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് എതിരു നില്‍ക്കുന്നത് പതിവായി. പ്രസിഡന്റിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വോട്ടിനിട്ട് പരാജയപ്പടുത്തുന്നതും സ്ഥിരം സംഭവമായി. 
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ അന്‍വര്‍ മുണ്ടേത്തിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. പതിനാറംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളുണ്ടെങ്കിലും ഇതില്‍ ഏഴുപേരും പ്രസിഡന്റിനെതിരാണ്. ഇന്ന് ചേരുന്ന യോഗത്തില്‍ അതുകൊണ്ടുതന്നെ അന്‍വര്‍ മുണ്ടേത്തിനെതിരെയുള്ള നീക്കം യാഥാര്‍ത്ഥ്യമാകാനാണ് സാദ്ധ്യത. എന്നിട്ടും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെങ്കില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നാണ് ഈ മെമ്പര്‍മാര്‍ നല്‍കുന്ന സൂചന.

മംഗളം 28.06.2013

തോരാമഴ: കൂവപ്പടി പഞ്ചായത്തില്‍ ഒമ്പതു കോടിയുടെ കൃഷിനാശം

പെരുമ്പാവൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഏകദേശം 9 കോടിയില്‍പരം രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്ന് പ്രസിഡന്റ് പി.വൈ പൗലോസ് അറിയിച്ചു.
മുങ്കുഴി, ചേരാനല്ലൂര്‍, എടത്തന, പാണ്ടോല, തോട്ടുവ, അമേയ്പാടം, കുറിച്ചിലക്കോട്, ചെട്ടിനട, ആലാട്ടുചിറ, മദ്രാസ് കവല, ഐമുറി, വാച്ചാല്‍, കിഴക്കേ ഐമുറി, കയ്യുത്തിയാല്‍, പടിയ്ക്കലപ്പാറ, തൊടാപ്പറമ്പ് എന്നിവിടങ്ങളിലാണ് കൃഷികള്‍ നശിക്കുന്നത്. കുലച്ചതും കുലയ്ക്കാറായതുമായ ആയിരക്കണക്കിന് വാഴകള്‍ കടപുഴകി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.
വെള്ളക്കെട്ട് മൂലം വാഴ, ജാതി, കപ്പ, എന്നിവ വേര് ചീഞ്ഞ് കടപുഴകി വീഴുന്നു.  നെല്‍കൃഷി  മുളപൊട്ടിയ വിത്തുകള്‍ ഒഴുകിപ്പോയ അവസ്ഥയിലാണ്. കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ്പയെടുത്തിട്ടാണ് കൃഷികള്‍ ഇറക്കിയിരിക്കുന്നത് 
കൃഷി നശിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, കൃഷി ഓഫീസര്‍ പ്രദീപ് എന്നിവര്‍ സന്ദര്‍ശിച്ചു. കൃഷി നശിച്ചവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് ഗവണ്‍മെന്റിനോടും ജില്ലാ കളക്ടറോടും പ്രസിഡന്റ് പി.വൈ പൗലോസ് ആവശ്യപ്പെട്ടു.

മംഗളം 28.06.2013

Thursday, June 27, 2013

ജോസ് തെറ്റയല്‍ എം.എല്‍.എയ്‌ക്കെതിരെ ഹൈക്കോടതിയില്‍ യുവജനത നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി

പെരുമ്പാവൂര്‍: മാനഭംഗക്കേസില്‍പ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് എതിരെ ജനതാ പാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു.
യുവജനത സംസ്ഥാന  പ്രസിഡന്റ് വറുഗീസ് പി ചെറിയാനാണ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് ഹര്‍ജി നല്‍കുന്നത്. അങ്കമാലി സ്വദേശിനിയായ യുവതിയെ എം.എല്‍.എയും മകനും മാനഭംഗപ്പെടുത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹര്‍ജി. സ്പീഡ് പോസ്റ്റിലാണ് ഹര്‍ജി അയച്ചിരിയ്ക്കുന്നത്.
മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന വാഗ്ദാനം നല്‍കിയായിരുന്നു എം.എല്‍.എയുടെ ആഭാസകരമായ പ്രവര്‍ത്തിയെന്ന് ഹര്‍ജിയില്‍ വിശദീകരിയ്ക്കുന്നു. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതി തെളിവായി പോലീസിന് നല്‍കിയതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതു പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വന്‍ തോതില്‍ മാനഹാനി ഉണ്ടാക്കിയ തെറ്റയില്‍ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരോടും ജനങ്ങളോയും വലിയ അപരാധമാണ് ചെയ്തത്. എന്നിട്ടും എം.എല്‍.എ സ്ഥാനം രാജി വക്കാതെ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനാണ് തെറ്റയിലിന്റെ ശ്രമം. 
ഈ സാഹചര്യത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ ക്കെതിരെ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വറുഗീസ് പി ചെറിയാന്റെ ഹര്‍ജി. ഹര്‍ജിയ്ക്ക് ഒപ്പം ഈ സംഭവവുമായി ബന്ധപ്പെട്ട നിരവധി പത്രവാര്‍ത്തകളും കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട.്

 27.06.2013

വായ്ക്കരയിലെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ ബഹുജന മാര്‍ച്ച്

പെരുമ്പാവൂര്‍: വായ്ക്കരയില്‍ തുടങ്ങാന്‍ പോകുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
വായ്ക്കര പാണ്ടക്കാട്ടുപാറയില്‍ ഗവ. യു.പി സ്‌കൂള്‍, ലൈബ്രറി, അംഗന്‍വാടി എന്നിവക്ക് സമീപമാണ് പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ നീക്കം നടക്കുന്നത്. നിര്‍ദ്ദിഷ്ട കമ്പനിയോട് ചേര്‍ന്നാണ് വായ്ക്കര ലിഫിറ്റ് ഇറിഗേഷന്റെ മിനി വാട്ടര്‍ ടാങ്ക്. ഇതിനുപുറമെ നിരവധി വീടുകളും ഈ ഭാഗത്തുണ്ട്.
വന്‍തോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള കമ്പനിക്ക് അനുമതി. നല്‍കരുതെന്നാവശ്യപ്പെട്ട് വായ്ക്കര റസിഡന്റ്‌സ് അസോസിയേഷന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സി.വി പൈലി, ബേബി ഉതുപ്പ്, എം.ആര്‍ കൃഷ്ണന്‍കുട്ടി, എ വി  രാജു, രമണി കുമാരന്‍, പി.എസ് ബേബി, ലീലാ കുട്ടപ്പന്‍, എ.പി പൗലോസ്, അഡ്വ. ആര്‍ അജന്തകുമാര്‍, എം.പി ജോയി, എം.ജി നാരായണന്‍ നായര്‍, ബെന്നി വറുഗീസ്, കെ.കെ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മംഗളം 27.06.2013

വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക്

പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂള്‍ കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക്. 
സ്‌കൂള്‍ പി.ടി.എയും വി.എന്‍ കേശവപിള്ള വായനശാലയും സംയുക്തമായി ആവിഷ്‌ക്കരിച്ച പദ്ധതി അനുസരിച്ച് കെ. വിജയകുമാര്‍ സ്മാരക കുട്ടികളുടെ വായനശാലയിലെ 6000 ബാലസാഹിത്യ കൃതികള്‍ സ്‌കൂളിലെ വായനക്കൂട്ടത്തെ തേടി എത്തും. എല്ലാ ആഴ്ചയും സ്‌കൂളില്‍ എത്തുന്ന സഞ്ചരിക്കുന്ന വായനശാലയില്‍ നിന്നും അംഗത്വമുള്ളവര്‍ക്ക് ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാം. വായനാക്കുറിപ്പ് എഴുതുന്നതിനായി വായനാ ഡയറിയും കുട്ടികള്‍ക്ക് നല്‍കും. വര്‍ഷാവസാനം ഏറ്റവും മികച്ച വായനാക്കാര്‍ക്ക് വായനശാല പാരിതോഷികം നല്‍കും. 
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ അദ്ധ്യക്ഷത വഹിച്ചു.
ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ മുഖ്യപ്രഭാഷണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍ രഘു അംഗത്വ വിതരണവും നിര്‍വ്വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന രാധാകൃഷ്ണന്‍ വായനാ ഡയറി വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജിത ഷാജി, കുട്ടികളുടെ കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്റ് ജി ശശിധരന്‍ സംസാരിച്ചു.

മംഗളം 27.06.2013

കുന്നത്തുനാട് എന്‍.എസ്.എസ് യൂണിയന് അമ്പതു ലക്ഷത്തിന്റെ ബജറ്റ്

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം 50 ലക്ഷം രൂപയുടെ ബജറ്റ് പാസാക്കി. യൂണിയന്‍ സെക്രട്ടറി പി.ജി രാജഗോപാലാണ് ബജറ്റ് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.എസ്.സി പരീക്ഷ പരിശീലനം, വിവാഹ ബ്യൂറോ, എംപ്ലോയ്‌മെന്റ് ബ്യൂറോ, സൗജന്യ ക്യാന്‍സര്‍ പരിശോധന കേന്ദ്രം, ചികിത്സാസഹായം, വിവാഹ ധനസഹായം എന്നി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്‍.എസ്.എസ് ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് വേണ്ടിയും തുക മാറ്റി വച്ചിട്ടുണ്ട്.

മംഗളം 27.06.2013

Wednesday, June 26, 2013

പ്ലൈവുഡ് കമ്പനി കാന നികത്തി; വൃദ്ധയുടെ പൊട്ടയ്ക്കല്‍ചിറ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി

പെരുമ്പാവൂര്‍: നഗരസഭ ഇരുപത്തഞ്ചാം വാര്‍ഡിലെ പാറപ്പുറം-സൗത്ത് വല്ലം റോഡരികിലുള്ള പൊട്ടയ്ക്കല്‍ചിറ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി. 
തുടര്‍ച്ചയായ മഴയില്‍ വെള്ളം നിറഞ്ഞ ചിറയിലെ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞതോടെ പരിസരവാസികള്‍ക്ക് സഹിക്കാനാവാത്ത ദുര്‍ഗന്ധമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ തള്ളിയിരുന്നു. 
ഇരുപത്തിയാറാം വാര്‍ഡില്‍ മുസ്ലിം പള്ളിക്ക് സമീപം കഴിഞ്ഞ വര്‍ഷം തുടങ്ങിയ ചപ്പാത്തിന്റെ ദിശ കൃത്യമായി നിര്‍ണയിക്കാത്തതിനാല്‍ റോഡില്‍ കനത്ത വെള്ളക്കെട്ടാണ്. നഗരസഭ അധികൃതര്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സമൂഹ്യ പ്രവര്‍ത്തകനായ എം.ബി ഹംസ നിവേദനം നല്‍കിയിട്ടുണ്ട്. 

മംഗളം 26.06.2013

പ്ലൈവുഡ് കമ്പനി കാന നികത്തി; വൃദ്ധയുടെ വീടിനകത്ത് വെള്ളം കയറി

പെരുമ്പാവൂര്‍: വട്ടയ്ക്കാട്ടുപടിയില്‍ പ്ലൈവുഡ് കമ്പനി കാന നികത്തിയതിനെ തുടര്‍ന്ന് വയോവൃദ്ധ താമസിയ്ക്കുന്ന വീടിനകത്ത് വെള്ളം കയറി.
രായമംഗലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പെട്ട കാഞ്ഞിരമുക്ക് ഭാഗത്ത് എരുമക്കാട്ടുകുടി കമലാക്ഷി (85) യുടെ വീടിനകത്താണ് വെള്ളം കയറിയത്. കമലാക്ഷിയും മകളും പേരക്കിടാവ് ഏഴുവയസുകാരി ഐശ്വര്യയുമാണ് ഈ വീട്ടില്‍ താമസിയ്ക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ വീട്ടിലൂടെ നടക്കാന്‍പോലുമാവാത്ത സ്ഥിതിയാണ്.
കാന മണ്ണിട്ടു നികത്തിയതിനെതിരെ പഞ്ചായത്ത് മെമ്പറോടും മറ്റ് പഞ്ചായത്ത് അധികൃതരോടും പലവട്ടം പരാതി പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് അവഗണിയ്ക്കപ്പെട്ടു. 

മംഗളം 26.06.2013

പെരിയാറ്റിലെ മുങ്ങിമരണം: കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പെരുമ്പാവൂര്‍: ഒക്കല്‍ തുരുത്ത് പാറക്കടവില്‍ മുങ്ങിമരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
മീന്‍ പിടിക്കുന്നതിനിടയില്‍ ചെറുവഞ്ചി മുങ്ങി മരിച്ച പെരുമറ്റം മാടപ്പുറം അനിലി (40) നും  വെള്ളിമറ്റം ഷാജിയുടെ മകന്‍ ഹരികൃഷ്ണ (14) നുമാണ്  ഇന്നലെ ഒക്കല്‍ നിവാസികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ പത്തുമണിയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ എസ്.എന്‍.ഡി.പി ഗുരുമണ്ഡപത്തിന് സമീപം പൊതു ദര്‍ശനത്തിന് വച്ചു. പിന്നീട് മൃതദേഹങ്ങള്‍  വീടുകളിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. അതിനുശേഷം ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് വഞ്ചിമറഞ്ഞ് അപകടമുണ്ടായത്. അനില്‍ നീന്തി കരക്കടുത്തതാണ്. നീന്തലറിയാത്ത ഹരികൃഷ്ണനെ രക്ഷിക്കാന്‍ തിരിച്ച് നീന്തുമ്പോഴാണ് മരണത്തിന്റെ പിടിയില്‍പ്പെട്ടത്. വഞ്ചിയിലുണ്ടായിരുന്ന തേനൂരാന്‍ അശോകന്റെ മകന്‍ ശ്രീരാജ് കരക്ക് നീന്തി കയറി നാട്ടുകാരോട് അപകട വിവരം അറിയിക്കുകയായിരുന്നു. ഫയല്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അനിലിനേയും ഹരികൃഷ്ണനേയും രക്ഷിക്കാനായില്ല.
ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്റെ മരണത്തെതുടര്‍ന്ന് ഇന്നലെ സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല. ഇതിനുപുറമെ  സംസ്‌കാര സമയമായ രണ്ടുമുതല്‍ നാലുവരെ ഒക്കല്‍ മേഖലയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു

മംഗളം 26.06.2013

നോവലിസ്റ്റ് ജോസ് മണ്ഡപത്തില്‍ നിര്യാതനായി

പെരുമ്പാവൂര്‍: നോവലിസ്റ്റും ബാലസാഹിത്യകാരനുമായ മുടിക്കരായി മണ്ഡപത്തില്‍ വീട്ടില്‍ ജോസ് മണ്ഡപത്തില്‍ (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുടിക്കരായി സെന്റ് പീറ്റര്‍ ആന്റ് സെന്റ്‌പോള്‍ പള്ളിയില്‍. 
കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന ഇദ്ദേഹത്തിന് 2010-ലെ കുടുംബദീപം അവാര്‍ഡ് ലഭിച്ചിരുന്നു. കുട്ടികളുടെ അല്‍ഫോണ്‍സാമ്മ, കുട്ടികളുടെ ചെറുപുഷ്പം, പപ്പാ പ്രിയപ്പെട്ട പപ്പാ, തീരമണിഞ്ഞ തോണി എന്നി ബാലസാഹിത്യകൃതികളും സുന്ദരിയായ ഭ്രാന്തി, എന്നും മാറോടണയ്ക്കാന്‍, ശ്വാശതമൊന്നേ ദുഖം, സ്‌നേഹതീരം തുടങ്ങിയ നോവലുകളും ജോസിന്റേതായുണ്ട്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ് ഡിവിഷണല്‍ എഞ്ചിനീയറായിരുന്നു.
ഭാര്യ: സ്റ്റെല്ലാ ജോസ്. മകള്‍: ദിവ്യാ ജോസ് (ഓസ്‌ട്രേലിയ). മരുമകന്‍: ജോഷി ജോര്‍ജ് (ഓസ്‌ട്രേലിയ)

മംഗളം 26.06.2013

സ്വകാര്യവ്യക്തികള്‍ തോടുനികത്തി; കണ്ടന്തറയില്‍ വെള്ളക്കെട്ട്

പെരുമ്പാവൂര്‍: സ്വകാര്യ വ്യക്തികള്‍ പൊതുതോട് നികത്തിയതിനെ തുടര്‍ന്ന് കണ്ടന്തറയില്‍ വെള്ളക്കെട്ട്.
വെങ്ങോല ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കണ്ടന്തറ യു.പി സ്‌കൂളിന് പിന്നിലൂടെ കടന്നുപോകുന്ന തോടാണ് ചിലര്‍ നികത്തിയത്. ഇവിടെ കൃഷിവിളകള്‍ വച്ചുപിടിപ്പിയ്ക്കുകയും മതില്‍ കെട്ടി സ്വന്തം സ്ഥലത്തോട് ചേര്‍ക്കുകയും ചെയ്തു. അതോടെ മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതായി.
വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശത്തെ നാല്‍പതോളം വീട്ടുകാര്‍ ബുദ്ധിമുട്ടിലായി. ഒഴുകിയെത്തുന്ന മലിനജലം പ്രദേശത്തെ കിണറുകളിലേയ്ക്കാണ് ഇപ്പോള്‍ ഒഴുകുന്നത്. മലിനജലം തളംകെട്ടി കൊതുകും ഈച്ചയും പെരുകി. കുട്ടികള്‍ക്ക് സ്‌കൂളിലേയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. 
തോട് അടിയന്തിരമായി പുനര്‍ നിര്‍മ്മിയ്ക്കാതെ ഇവിടെ വെള്ളക്കെട്ടിന് പരിഹാരമാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്, വില്ലേജ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

മംഗളം 26.06.2013

Tuesday, June 25, 2013

പെരിയാറ്റില്‍ ചെറുവഞ്ചി മുങ്ങി രണ്ടുപേര്‍ മരിച്ചു


പെരുമ്പാവൂര്‍: പെരിയാറ്റില്‍ മീന്‍പിടിയ്ക്കാന്‍ പോയ രണ്ടുപേര്‍ ചെറുവഞ്ചി മുങ്ങി  മരിച്ചു.
ഒക്കല്‍ പെരുമറ്റം മാടപ്പുറം നളന്റെ മകന്‍ അനില്‍ (40),  വെള്ളിമറ്റം ഷാജിയുടെ മകന്‍ ഹരികൃഷ്ണന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് ഒക്കല്‍ തുരുത്ത് പാറക്കടവിലാണ് സംഭവം. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന തേനൂരാന്‍ വീട്ടില്‍ അശോകന്റെ മകന്‍ ശ്രീരാജ് നീന്തിരക്ഷപ്പെട്ടു. അനില്‍ നീന്തികരയ്ക്കടുത്തിരുന്നുവെങ്കിലും മുങ്ങിത്താഴുകയായിരുന്ന ഹരികൃഷ്ണനെ രക്ഷിയ്ക്കാന്‍ തിരിച്ചുനീന്തിയപ്പോഴാണ് മരണത്തിന്റെ പിടിയില്‍പ്പെട്ടത്.
മീന്‍ പിടിയ്ക്കാന്‍ പോയ സംഘത്തിന്റെ വഞ്ചി  പുഴയില്‍ കെട്ടിയിരുന്ന വലയില്‍ തട്ടി മറിഞ്ഞതാണെന്നും തുഴക്കോല്‍ ചെളിയില്‍ താണ് നിയന്ത്രം വിട്ടതാണെന്നും അപകടകാരണങ്ങളായി പറയുന്നുണ്ട്. 
ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഞ്ചുമണിയോടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മണല്‍ത്തൊഴിലാളിയായ ചേലാമറ്റം ഞെഴുങ്ങന്‍ വീട്ടില്‍ സ്റ്റീഫനാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.
മരിച്ച അനില്‍ മണല്‍ത്തൊഴിലാളിയാണ്. അമ്മ: സുമതി. ഭാര്യ: സുനിത. ഏകമകള്‍ രണ്ടര വയസു പ്രായമുള്ള ഗൗരി.
ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരികൃഷ്ണന്‍. അമ്മ: പ്രിയ. സഹോദരി: ഹരിത (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി)
ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പതിനൊന്നിന് ഒക്കല്‍ ഗുരുമണ്ഡപത്തിന് സമീപം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരുവരുടേയും വീടുകളിലേയ്ക്ക് കൊണ്ടുപോയി മരണനാന്തര ചടങ്ങുകള്‍ നിര്‍വ്വഹിച്ച ശേഷം ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്‌കരിയ്ക്കും.

മംഗളം 25.06.2013

ഐരാറ്റുപാടശേഖരത്തില്‍ നട്ട മാവുകള്‍ പറിച്ചു നീക്കാന്‍ കളക്ടറുടെ ഉത്തരവ്

പെരുമ്പാവൂര്‍: നഗരസഭ അതിര്‍ത്തിയിലുള്ള ഐരാറ്റുപാടശേഖരത്തില്‍ നട്ട മാവുകള്‍ പറിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തണ്ണീര്‍ത്തട നിയമം കാറ്റില്‍പ്പറത്തി നെല്‍വയലില്‍ വലിയ കൂനകള്‍ കൂട്ടി ഇവിടെ സ്വകാര്യ വ്യക്തികള്‍ മാവ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാടശേഖര സമിതി അംഗങ്ങള്‍ തുടര്‍ച്ചയായി കൃഷി ഇറക്കുന്നതിന് തൊട്ടുചേര്‍ന്നുള്ള കൃഷി നിലത്തിലായിരുന്നു ഇത്. ക്രമേണ നിലം നികത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിനെതിരെ പാടശേഖര സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ഒടുവില്‍ ആര്‍.ഡി.ഒ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ മാവു നട്ടവര്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. പക്ഷേ ആര്‍.ഡി.ഒ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടി. അതേതുടര്‍ന്നാണ് പാടശേഖര സമിതി ജില്ലാ കളക്ടറെ സമീപിച്ചത്. 
പരാതിക്കാരേയും നിലം ഉടമകളേയും വില്ലേജ്, കൃഷി ഓഫീസര്‍മാരേയും വിചാരണ ചെയ്തതിനുശേഷമാണ് പരിവര്‍ത്തനം ചെയ്യപ്പെട്ട നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഈ നിലങ്ങള്‍ കളക്ടറുടെ അനുമതിയില്ലാതെ തുടര്‍ന്ന് ക്രയവിക്രയം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.

മംഗളം 25.06.2013

മഴ തോരുന്നില്ല; മുടക്കുഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍

പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും മുടക്കുഴ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍.
മുടക്കുഴ മുറിയ്ക്കല്‍ സൈമണ്‍പോള്‍, ഇടയത്ത് വിജയന്‍, എന്‍.വി രാജപ്പന്‍, പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കൊമ്പനാട് സ്വദേശി കെ.ജി വിജയന്‍ എന്നിവരുടെ വാഴകള്‍ കാറ്റില്‍ വീണു. ആലിയാട്ടുകുടി എ.ജി ജോയിയുടെ റബര്‍ മരങ്ങള്‍ കാറ്റില്‍ മറിഞ്ഞു വീണു. ഇതിനുപുറമെ ജാതി, കൊക്കൊ, മരച്ചീനി തുടങ്ങിയ വിളകളും നശിച്ചു പോയിട്ടുണ്ട്.
മുടക്കുഴ വലിയ തോട് ദിവസങ്ങളായി കവിഞ്ഞൊഴുകുകയാണ് ഇതേ തുടര്‍ന്ന് തുരുത്തി, കടവുങ്കല്‍, മുപ്പത്തി, മുടക്കുഴ പാടശേഖരങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിയതാണ് ഇത്ര ശക്തമായ വെള്ളക്കെട്ടിന് കാരണമെന്ന് കൃഷിവികസന സമിതിയംഗം ടി.കെ സണ്ണി ചൂണ്ടിക്കാട്ടി. തോടിന്റെ വീതി കുറവും മറ്റൊരു കാരണമാണ്. 
കഴിഞ്ഞദിവസം ബ്രാങ്കോട്ടില്‍ പ്രസാദിന്റെ വീടിനും കാറിനും മേല്‍ മരം വീണിരുന്നു. 
കൃഷി നശിച്ചവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും ടി.കെ സണ്ണി ആവശ്യപ്പെട്ടു.

മംഗളം 25.06.2013

Sunday, June 23, 2013

പേരാലിന്റെ വേരിറങ്ങി പാലായിക്കുന്നില്‍ ബസ് കാത്തിരുപ്പുകേന്ദ്രം തകര്‍ന്നു

പെരുമ്പാവൂര്‍: പേരാലിന്റെ വേര് മുകളില്‍ പതിഞ്ഞ് വളര്‍ന്നതിനെതുടര്‍ന്ന് പാലായിക്കുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു. 
വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡാണ് തകര്‍ന്നത്. ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികളും വിദ്യാര്‍ത്ഥികളും  ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇതോടെ  ബസ് കാത്തു നില്‍ക്കാന്‍ ഇടമില്ലാതായി. 
വെയ്റ്റിഗ് ഷെഡിന് മുകളിലേക്ക് പതിച്ച് വളരുന്ന പേരാല്‍ വേര് വെട്ടിമാറ്റണമെന്ന്  പ്രദേശ വാസികള്‍ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് അധികൃതര്‍ അലംഭാവമാണ് പുലര്‍ത്തിയത്. എത്രയും വേഗം ഇവിടെ വെയ്റ്റിഗ്‌ഷെഡ് പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മംഗളം 23.06.2013

അറയ്ക്കപ്പടി-മംഗലത്തുനട റോഡ് തകര്‍ന്നു

പുനര്‍നിര്‍മ്മിച്ചിട്ട് മൂന്നുമാസം മാത്രം

പെരുമ്പാവൂര്‍: മൂന്നുമാസം മുമ്പ് ടാര്‍ ചെയ്ത അറയ്ക്കപ്പടി മംഗലത്തുനട റോഡ് തകര്‍ന്നു. നാല്‍പതു ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മ്മിച്ച ഈ റോഡ് ഇപ്പോള്‍ പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായി. 
മഴക്കാലം തുടങ്ങിയതോടെ അറയ്ക്കപ്പടി, പെരുമാനി ഭാഗത്തുള്ള ജനത്തിന് യാത്ര ക്ലേശം രൂക്ഷമായി. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ നിരന്തരം അപകടത്തില്‍പ്പെടുന്നു. കാല്‍നട യാത്ര തീര്‍ത്തും അസാധ്യമാണ്. 
ടാറിംഗ് തുടങ്ങിയപ്പോള്‍ത്തന്നെ പണിയുടെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്ത് മെമ്പര്‍ കെ.വി വാസുദേവനും അപാകതകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊതുമരാമത്തുവകുപ്പ് എന്‍ജിനീയറും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയോടെ പണി പൂര്‍ത്തീകരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 
അപാകതകളില്ലാതെ റോഡ് അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്നും നിര്‍മ്മാണത്തില്‍ വീഴ്ച  വരുത്തിയ കരാറുകരാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബേസില്‍ കുര്യാക്കോസും സെക്രട്ടറി എ.എച്ച് ഷിഹാബും അറിയിച്ചു.

മംഗളം 23.06.2013Saturday, June 22, 2013

വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ; പട്ടിക ജാതിക്കാര്‍ക്കുള്ള കുടിവെള്ള പദ്ധതി സ്തംഭിച്ചു

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥമൂലം പട്ടികജാതിക്കാര്‍ക്കായി ആവിഷ്‌ക്കരിച്ച കുടിവെള്ള പദ്ധതി മുടങ്ങി. 
2011-12 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായി പാതി വഴിയില്‍ സ്തംഭിച്ചത്. പദ്ധതിക്ക്  വേണ്ടി ഫണ്ട് അനുവദിക്കുകയും 2011 ജൂണ്‍ മാസത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം തികയാറായിട്ടും ഓരാള്‍ക്ക് പോലും കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ പഞ്ചായത്തിനായില്ല.
പഞ്ചായത്തിലെ നെടുമല, കൊള്ളിമുകള്‍, ഓട്ടത്താണി, ഓണംവേലി, അറയ്ക്കപ്പടി, വാരിക്കാട്, വളയന്‍ചിറങ്ങര തുടങ്ങിയ പട്ടികജാതി കോളനികളിലെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയായിരുന്നു ഇത്. പട്ടികജാതി കോളനികളില്‍ വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നിട്ടും പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതി നടപ്പാക്കുന്നതില്‍ കാണിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ദളിത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കുമാരന്‍ ചൂണ്ടിക്കാട്ടി.
ഈ കുടിവെള്ളപദ്ധതി അടിയന്തിരമായി പുനരുജ്ജീവിപ്പിക്കുന്നില്ലെങ്കില്‍ ശക്തമായി സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് കോളനി നിവാസികളുടെ തീരുമാനം.

മംഗളം 22.06.2013

Friday, June 21, 2013

തപാലിലൂടെ തട്ടിപ്പ്: മുത്തുമാലകള്‍ നല്‍കി 999 തട്ടിയെടുത്തു

പെരുമ്പാവൂര്‍: പത്തു രൂപ വിലയുള്ള മുത്തുമാലകള്‍ തപാല്‍ വഴി അയച്ച് വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത് 999 രൂപ.
സംസ്ഥാനത്ത് വ്യാപകമായ ഈ തട്ടിപ്പിന് അവസാനം ഇരയായത് കീഴില്ലം അറുന്നൂറ്റിയാറ് അമ്മാനത്ത് വീട്ടില്‍ ദിലീപിന്റെ ഭാര്യ സ്‌നേഹയാണ്. 
ഒരു മാസം മുമ്പാണ് 8885016469 എന്ന നമ്പറില്‍ നിന്ന് സ്‌നേഹയ്ക്ക് ഒരു കോള്‍ വന്നത്. പ്രമുഖ മൊബൈല്‍ കമ്പനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉപഭോക്താക്കള്‍ക്കായി ഒരു നറുക്കെടുപ്പ് നടത്തിയെന്നും എറണാകുളം ജില്ലയില്‍ 25000 രൂപയുടെ സമ്മാനത്തിന് സ്‌നേഹ അര്‍ഹത നേടിയെന്നുമായിരുന്നു സന്ദേശം. സമ്മാനം തപാലില്‍ അയച്ചിട്ടുണ്ടെന്നും ഫോണിലൂടെ സ്‌നേഹയെ വിളിച്ച പെണ്‍കുട്ടി അറിയിച്ചു.
കഴിഞ്ഞ ദിവസം പോസ്റ്റ്മാന്‍ സമ്മാനവുമായി വീട്ടിലെത്തി. സമ്മാനം കൈമാറാന്‍ വി.പി.പി തുകയായ 999 രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ പണം വീട്ടിലില്ലാത്തതിനാല്‍ പാര്‍സല്‍ കൈപ്പറ്റിയില്ല. പിറ്റേന്ന് പോസ്റ്റ് ഓഫീസില്‍ ചെന്ന് പണം നല്‍കി പാര്‍സല്‍ വാങ്ങി. മികച്ച രീതിയില്‍ പാക്ക് ചെയ്ത പാര്‍സലിന് അകത്ത് ഉണ്ടായിരുന്നതാകട്ടെ, കേവലം രണ്ടു മുത്തുമാലകള്‍ മാത്രം.
സൈക്കന്ത്രബാദിലുള്ള എസ്.കെ എന്റര്‍പ്രൈസസില്‍ നിന്നാണ് പാര്‍സല്‍ അയച്ചിട്ടുള്ളത്. വിശദമായ വിലാസവും ഫോണ്‍ നമ്പറും കവറിന് പുറത്ത് പ്രിന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ നമ്പറില്‍ വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് മറുപടി. വീട്ടമ്മ പോലീസില്‍ പരാതി കൊടുക്കാനുള്ള തീരുമാനത്തിലാണ്

മംഗളം 21.06.2013

കളിപ്പാട്ടം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പെരുമ്പാവൂര്‍: കളിപ്പാട്ടം തൊണ്ടയില്‍കുരുങ്ങി 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങോള്‍ പട്ടശ്ശേരി മനയ്ക്കപ്പടി മാലിക്കുടി വീട്ടില്‍ ബെന്നിയുടെ മകന്‍ റയാന്‍ ആണ് മരിച്ചത്. അമ്മ ലിനി ബാത്ത് റൂമില്‍ പോയ സമയം കുഞ്ഞ് ഏതോ കളിപ്പാട്ടം എടുത്ത് വായിലിടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്‌കാരം നടത്തി. ഏക സഹോദരി സൂസന്‍ ലൂക്ക് പബ്ലിക് സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്.

മംഗളം 21.06.2013

Thursday, June 20, 2013

കാലടിപ്പാലത്തില്‍ ഗതാഗതക്കുരുക്ക്; സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

പെരുമ്പാവൂര്‍: എം.സി റോഡിലെ കാലടി ശ്രീശങ്കരപ്പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മുതലാണ് പണിമുടക്ക് തുടങ്ങിയത്. അതോടെ കോരിച്ചൊരിയുന്ന മഴയില്‍ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. 
പാലത്തില്‍ രൂപംകൊണ്ടിട്ടുള്ള കുണ്ടുംകുഴിയും വെള്ളക്കെട്ടുമാണ് ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിയ്ക്കുന്നത്. പാലത്തില്‍ വാഹനങ്ങള്‍ മണിക്കൂറുകളാണ് കുരുങ്ങുന്നത്. വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം വല്ലം വരെ നീളുന്ന സ്ഥിതിയായി. സ്വകാര്യ ബസുകളുടെ ട്രിപ്പുകള്‍ കഴിഞ്ഞ മൂന്നു ദിവസമായി പലതും മുടങ്ങി.
ഇതിനിടെ വാഹനഗതാഗതം നിയന്ത്രിയ്ക്കാന്‍ പ്രദേശവാസികളായ യുവാക്കള്‍ നിരത്തിലിറങ്ങിയതും വിവാദമായി. ടിപ്പറുകളേയും മറ്റും കടന്നുപോകാന്‍ അനുവദിയ്ക്കുന്ന യുവാക്കള്‍ സ്വകാര്യബസുകള്‍ അനാവശ്യമായി പിടിച്ചിടുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതാണ് സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി മിന്നല്‍ പണിമുടക്ക് തുടങ്ങാനുള്ള സാഹചര്യം. ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലാണ് ബസ് തൊഴിലാളി യൂണിയനുകള്‍.
റോഡിലെ കുഴികള്‍ നികത്തി അടിയന്തിരമായി ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വറുഗീസ് ഇതിനിടെ പാലത്തില്‍ ക്കുത്തിയിരിയ്ക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി പോള്‍സണ്‍ കുടിയിരുപ്പില്‍, പി.കെ മോഹന്‍ദാസ്, ഫ്രാന്‍സിസ് ആനിപ്പറമ്പില്‍, ബിജു താടിക്കാരന്‍ തുടങ്ങിയവരും പോള്‍ വറുഗീസിന് ഒപ്പമുണ്ടായിരുന്നു.
പാലത്തിന്റെ കൈവരികള്‍ പുതുക്കുന്ന ജോലികള്‍ രണ്ടുമാസം മുമ്പാണ് പൂര്‍ത്തിയായത്. പാലത്തിന് താഴെ ലക്ഷങ്ങള്‍ മുടക്കി തടയണ തീര്‍ത്തിട്ടുമുണ്ട്. എന്നാല്‍, പാലത്തില്‍  ടാറിങ്ങ് നടത്തി വാഹനഗതാഗതം സുഗമമാക്കുകയെന്ന അടിസ്ഥാന ആവശ്യം അധികൃതര്‍ അവഗണിയ്ക്കുകയാണെന്ന് പോള്‍ വറുഗീസ് പറയുന്നു.

മംഗളം 20.06.2013

സമൂഹത്തില്‍ വില്ലത്തിമാര്‍ ഏറുന്നു: നാടകകൃത്ത് സേവ്യര്‍ പുല്‍പ്പാട്ട്

പെരുമ്പാവൂര്‍: സമൂഹത്തില്‍ ഇപ്പോള്‍ വില്ലന്മാരേക്കാള്‍ വില്ലത്തികളാണ് ഉള്ളതെന്ന് പ്രശസ്ത നാടകകൃത്ത് സേവ്യര്‍ പുല്‍പ്പാട്ട് അഭിപ്രായപ്പെട്ടു. ഏത് കുറ്റകൃത്യങ്ങള്‍ക്ക് മുന്നിലും ഈയിടയായി സ്ത്രീകളുണ്ട്. സ്ത്രീ പീഡനങ്ങള്‍ക്ക് പിന്നില്‍ പോലും പലപ്പോഴും സ്ത്രീകളാണ് പ്രധാന കുറ്റവാളികള്‍. ടെലിവിഷന്‍ സീരിയലുകളിലും ഇപ്പോള്‍ വില്ലന്മാരേക്കാള്‍ വില്ലത്തികളാണുള്ളതെന്നും സേവ്യര്‍ പുല്‍പ്പാട്ട് നിരീക്ഷിച്ചു. പത്തുവയസുകാരിയായ വില്ലത്തികള്‍ വരെ ഇപ്പോള്‍ സീരിയലുകളിലുണ്ട്. ഇത്തരം സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
നഗരസഭ പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  അക്ഷരപ്പെരുമ എന്ന പേരില്‍ സംഘടിപ്പിച്ച വായനാവാരം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയുടേയും തകഴിയുടേയും വി.ടി ഭട്ടതിരിപ്പാടിന്റേയുമൊക്ക സാഹിത്യം സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതിനെ പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ലൈബ്രറിയിലേക്ക് വാങ്ങിയ ആയിരത്തിലധികം പുസ്തകങ്ങള്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌ക്കരന്‍ വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഹരി, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, എം.എ ലുഖ്മാന്‍, മുനിസിപ്പല്‍ സെക്രട്ടറി അരുണ്‍ രങ്കന്‍, ലൈബ്രറി കൗണ്‍സില്‍ അംഗം കെ.പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വായനാവാരത്തിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, സിനിമ-ഡോക്യുമെന്ററി പ്രദര്‍ശനം, നാടകം, ചര്‍ച്ചാവേദി. വിവിധ മത്സരങ്ങള്‍ എന്നിവയുണ്ടായിരിക്കുമെന്ന് സംഘാടസമിതി ഭാരവാഹികളായ പോള്‍ പാത്തിക്കല്‍, ജി സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

മംഗളം 20.06.2013

Wednesday, June 19, 2013

മഴ: എ.എം റോഡിലെ മുടിക്കരായി കുളമായി

പെരുമ്പാവൂര്‍: കാലവര്‍ഷം കനത്തതോടെ ആലുവ-മൂന്നാര്‍ റോഡിലെ മുടിക്കരായി ഭാഗം കുളമായി.
സെന്റ് റീത്താസ് എല്‍.പി സ്‌കൂളിന് മുന്നിലാണ് കനത്ത വെള്ളക്കെട്ട്. ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ട് മൂലം എല്‍.പി സ്‌കൂളിലും നഴ്‌സറിയിലുമായി പഠിയ്ക്കുന്ന നാനൂറോളം കുട്ടികള്‍ക്ക് ദുരിതമാണ്. ഇതിനു പുറമെ ഈ വഴിയ്ക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി.
രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ മുളപ്പന്‍ചിറയിലേയ്ക്കാണ് റോഡിലെ കലക്കവെള്ളം അപ്പാടെ ഒഴുകിയെത്തുന്നത്. ഇവിടെയുള്ള പമ്പ് ഹൗസില്‍ നിന്ന് അടിച്ചുകയറ്റുന്ന ചെളിവെള്ളം കുടിയ്‌ക്കേണ്ട ഗതികേടിലാണ് വലിയൊരു വിഭാഗം മനുഷ്യര്‍.
റോഡിന് ചേര്‍ന്ന് ഉണ്ടായിരുന്ന കാന ഒരു സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്ത് മൂടിയതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് പുതിയ കാന ഇവിടെ നിര്‍മ്മിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല.
വെള്ളക്കെട്ട് അടിയന്തിരമായി ഒഴിവാക്കി  റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.എം മുടിക്കരായി ബ്രാഞ്ച് സെക്രട്ടറി ടി.ടി ബേബി  ആവശ്യപ്പെട്ടു.

മംഗളം 19.06.2013


Tuesday, June 18, 2013

സരിത എസ് നായര്‍ക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പു രാജകുമാരി സരിത എസ് നായര്‍ക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സരിതയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ജി രാജേഷ് സരിതയെ അടുത്ത മാസം ഒന്നു വരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് റിമാന്റ് ചെയ്തു. 
ഇതിനിടെ സരിതയുമായി സംസാരിയ്ക്കാനുള്ള അവസരം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജില്ലാ ജയില്‍ സൂപ്രണ്ടിനെ കണ്ട് അനുമതി വാങ്ങാനായിരുന്നു മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം. പക്ഷെ, അമ്പലപ്പുഴ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സരിതയെ പിന്നീട് അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി.
സരിതയെ കൊണ്ടു വന്നത് അറിഞ്ഞ് തിങ്ങിക്കൂടിയ ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ പോലീസ് ഏറെ ശ്രമപ്പെട്ടാണ് ഇവരെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടുപോയതും. കോടതിയ്ക്ക് പിന്നിലൂടെ സരിതയെ കൊണ്ടുവരുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയ ശേഷം മുന്നിലൂടെ ഇവരെ കൊണ്ടുവരികയായിരുന്നു. അതുകൊണ്ടുതന്നെ  സരിതയെ പുറത്തിറക്കുന്നത് പ്രതീക്ഷിച്ച് കോടതിയ്ക്ക് മുന്നിലും പിന്നിലുമായി മാധ്യമപ്പട കാത്തുനിന്നു.
എന്നാല്‍, കോടതിയോട് ചേര്‍ന്ന് നിര്‍ത്തിയ ജീപ്പിലേയ്ക്ക് പോലീസ് കനത്ത സുരക്ഷാവലയം തീര്‍ത്ത് സരിതയെ കയറ്റുകയായിരുന്നു.


ഭരണ സ്തംഭനം: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്നു

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം  പദ്ധതി വിവാദമായതിനെ തുടര്‍ന്നുണ്ടായ  ഭരണ സ്തംഭനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍  കുത്തിയിരിപ്പ് നടത്തി. 
കെ.എം അന്‍വര്‍ അലി, കെ.വി ഗോപാലകൃഷ്ണന്‍, അജിത ഷാജി, കെ.വി വാസുദേവന്‍, സുജ വിജയന്‍, ഷൈലജ ഷാജി, അന്നമ്മ ജോര്‍ജ് എന്നിവരാണ് ഇന്നലെ പ്ലേക്കാര്‍ഡുകളുമായി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നത്. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യ പ്രകടനങ്ങള്‍ നടന്നു. പ്രകടനത്തിന് പി.എം സലിം, എം.ഐ ബീരാസ്, എന്‍.ആര്‍ വിജയന്‍, ഷീല റെജി, സി.എം നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിര്‍ധന രോഗികള്‍ക്കുള്ള സഹായ വിതരണത്തിന് വേണ്ടി തയ്യാറാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് പഞ്ചായത്തില്‍ ഭരണ സ്തംഭനം ഉണ്ടാക്കിയത്. സംഭവത്തെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പഞ്ചായത്തിന്റെ മറവില്‍ അനധികൃത പണപ്പിരിവ് നടത്തിയ പ്രസിഡന്റ് എം.എം അവറാന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലെന്ന് സെക്രട്ടറി വെളിപ്പെടുത്തിയതിനെതുടര്‍ന്ന് ഹൃദയതാളം ഇതിന്റെ നടത്തിപ്പിന് വേണ്ടി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരുന്നു. ഭരണ പക്ഷ അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്. പദ്ധതി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്ക് നീങ്ങിയതോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ മെര്‍ലി റോയി അടക്കം അഞ്ചു ഭരണ പക്ഷ അംഗങ്ങളാണ് സൊസൈറ്റിയില്‍ നിന്ന് രാജി വച്ചത്. ഇതില്‍ ഉപതെരഞ്ഞെടുപ്പിലൂടെ മെമ്പറായ കോണ്‍ഗ്രസ് അംഗവും  പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഫിയ ഇബ്രാഹിം ഉള്‍പ്പടെയുള്ള മുസ്ലിം ലീഗ് അംഗങ്ങളും ഉണ്ട്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ് ഇവിടെ മുസ്ലിം ലീഗ്.
പദ്ധതി നടത്തിപ്പിലെ അപാകതകളെ ചൊല്ലി പ്രതിഷേധം ശക്തിപ്പെട്ടതിനെതുടര്‍ന്ന് രണ്ട് വട്ടം പഞ്ചായത്ത് ഭരണ സമിതി യോഗങ്ങള്‍ മുടങ്ങി. പഞ്ചായത്തില്‍ ദൈനംദിന കാര്യങ്ങള്‍ വരെ അവതാളത്തിലായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുന്നത്.

മംഗളം 18.06.2013

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ ഉതുപ്പ് രാജിവച്ചു. മുന്‍ധാരണ പ്രകാരം ഇന്നലെ വൈകിട്ടായിരുന്നു രാജി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റു കൂടിയായ പോള്‍ ഉതുപ്പ് ഇന്നലെ വൈകിട്ട് 4.50-നാണ് ബി.ഡി.ഒ വിജയകുമാറിന് രാജിക്കത്ത് നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ചേര്‍ന്ന യോഗ തീരുമാന പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച് മറ്റു രണ്ടുപേര്‍ക്ക് അവസരം നല്‍കണമെന്ന് ധാരണയുണ്ടായിരുന്നു. രണ്ടര വര്‍ഷം പൂര്‍ത്തിയായ മെയ് ഏഴിന്  തന്നെ വൈസ് പ്രസിഡന്റ് മേരി ഗീത പൗലോസ് രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍, പോള്‍ ഉതുപ്പ് തയ്യാറായില്ല.
കഴിഞ്ഞ മെയ് 31-ന് ചേര്‍ന്ന ഡി.സി.സി യോഗത്തിലും മുന്‍ധാരണ നടപ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഒടുവില്‍ ജൂണ്‍ 15-നകം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത തീയതിയില്‍ വൈസ് പ്രസിഡന്റ് രാജി വച്ചെങ്കിലും പ്രസിഡന്റ് രാജിവയ്ക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. രാവിലെ ചേര്‍ന്ന യോഗത്തില്‍ പോള്‍ ഉതുപ്പ് തന്റെ രാജി പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തി ദിവസത്തിന്റെ അവസാന നിമിഷങ്ങളില്‍ നാടകീയമായിട്ടായിരുന്നു രാജി.
ധാരണ പ്രകാരം അടുത്ത പ്രസിഡന്റ് റെജി ഇട്ടൂപ്പും വൈസ്പ്രസിഡന്റ് വനജ ബാലകൃഷ്ണനുമാണ്.മംഗളം 

18.06.2013

വൃക്കകള്‍ പ്രവര്‍ത്തന രഹിതം; ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു

പെരുമ്പാവൂര്‍: വൃക്കകള്‍ രണ്ടും പ്രവര്‍ത്തനരഹിതമായ ഗൃഥനാഥന്‍ ചികിത്സാ സഹായം തേടുന്നു. കൊമ്പനാട് തോട്ടുംങ്കര (കുന്നത്തുകുടി) വീട്ടില്‍ ടി.വി ബേബി (50) ആണ് സഹായം തേടുന്നത്. ആഴ്ചയില്‍ രണ്ടുവട്ടം ഡയാലിസിസ് നടത്തിയാണ് ഇദ്ദേഹം ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. തുടര്‍ ചികിത്സക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വലിയ തുക ആവശ്യമാണ്. കൂലിവേലക്കാരനായ ഇദ്ദേഹത്തിന് ഈ തുക സമാഹരിക്കാനാവില്ല. ഭാര്യയും രണ്ടുമക്കളുമുള്ള നിര്‍ധന കുടുംബമാണ് ബേബിയുടേത്.
ബേബിക്കുള്ള ചികിത്സാ സഹായ ഫണ്ട് ശേഖരിക്കുന്നതിന് സാജുപോള്‍ എം.എല്‍.എ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാസു, ബ്ലോക്ക് പഞ്ചായത്തംഗം റെജി ഇട്ടൂപ്പ്, ഫാ. ആന്റണി പുലിമലില്‍ എന്നിവര്‍ രക്ഷാധികാരികളായി 21 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായ സമിതി ഫെഡറല്‍ ബാങ്കിന്റെ  കൊമ്പനാട് ശാഖയില്‍ 12920100081301 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാമെന്ന് കണ്‍വീനര്‍ കെ.കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

മംഗളം 18.06.2013

അക്ഷരപെരുമ: പെരുമ്പാവൂരില്‍ വായനാദിനാഘോഷം നാളെ തുടങ്ങും

പെരുമ്പാവൂര്‍: നഗരസഭയുടേയും മുനിസിപ്പല്‍ ലൈബ്രറിയുടേയും ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാ വാരാഘോഷവും അക്ഷരപെരുമ എന്ന പേരില്‍ നാളെ തുടങ്ങും.
മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നാളെ രാവിലെ 10.30 ന് മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്‍ സേവ്യര്‍പുല്‍പ്പാട് പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിക്കും.
വൈസ് ചെയര്‍മാന്‍ റോസിലി വറുഗീസ്, ജി സുനില്‍കുമാര്‍, എം.എന്‍ കനകലത, പോള്‍ പാത്തിക്കല്‍, എന്‍.എ ലുക്ക്മാന്‍, കെ.പി മുഹമ്മദ്, അരുണ്‍ രംഗന്‍, എന്‍.പി മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
11 ന് പുസ്തക സമര്‍പ്പണവും പ്രകാശനവും മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.എ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററികളുടേയും സിനിമകളുടേയും പ്രദര്‍ശനം വൈകിട്ട് 5 ന് ബിജു ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ജനിലാല്‍ അദ്ധ്യക്ഷത വഹിക്കും. 
20 ന് വൈകിട്ട് 5 ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഹരി മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യും. 22 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്യും.
23 ന് എസ്.കെ പൊറ്റക്കാട് അനുസ്മരണം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി സലീം ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.ആര്‍ ഹരികുമാര്‍ പൊറ്റക്കാട് അനുസ്മരണ പ്രഭാഷണവും പി മധുസൂദനന്‍ ഒരു ദേശത്തിന്റെ കഥയുടെ വായനാ അനുഭവവും അവതരിപ്പിക്കും. 24 ന് മലയാളം ശ്രേഷ്ഠ ഭാഷ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കവി പി മധുസൂദനന്‍, സുരേഷ് കീഴില്ലം, ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നയിക്കും. 
29 ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയിലെ മുതിര്‍ന്ന വായനക്കാരെ ആദരിക്കും.
എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള കുമരനെല്ലൂരിലെ കുളങ്ങള്‍, ബഷീറിനെക്കുറിച്ചുള്ള ഒരു മനുഷ്യന്‍, പി. കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള കവിയുടെ കാല്‍പ്പാടുകള്‍ തേടി, മാധവിക്കുട്ടിയെക്കുറിച്ചുള്ള എന്റെ കഥ, ചെങ്ങമ്പുഴയെക്കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം തുടങ്ങിയ ഡോക്യുമെന്ററികളും ഭാര്‍ഗവീ നിലയം, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, പഞ്ചവടിപ്പാലം, വാഴ്‌വെ മായം, സൂഫി പറഞ്ഞ കഥ, ഒരു പാതിരക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 നാണ് പ്രദര്‍ശനം.

മംഗളം 18.06.2013


Monday, June 17, 2013

തന്ത്രിയെ മുറിയിലിട്ടു പൂട്ടി ക്ഷേത്രത്തില്‍ കവര്‍ച്ച

 കവര്‍ച്ച നടന്നത്  പോഞ്ഞാശ്ശേരി പൂക്കുളം സുബ്രഹ്മണ്യക്ഷേത്രത്തില്‍

പെരുമ്പാവൂര്‍: ക്ഷേത്രം തന്ത്രിയെ മുറിയിലിട്ടു പൂട്ടിയ ശേഷം പോഞ്ഞാശ്ശേരി പൂക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഏഴു ഭണ്ഡാരങ്ങളല്‍ നിന്നായി പതിനായിരത്തിലേറെ പണം കവര്‍ന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍.
ശനിയാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്. തന്ത്രി രാമന്‍ എമ്പ്രാന്തിരിയെ മുറിയ്ക്ക് പുറമെനിന്ന് പൂട്ടിയശേഷമായിരുന്നു ഇത്. 
കമ്പിപ്പാരയും കോടാലിയും ഉപയോഗിച്ചാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്തത്. ഇവ തകര്‍ത്ത ഭണ്ഡാരങ്ങളോട് ചേര്‍ത്ത് ചാരിവച്ചിട്ടുണ്ട്. തിടപ്പിള്ളിയുടെ വാതില്‍ തകര്‍ത്ത്,  പൂജാരിയ്ക്ക് ദക്ഷിണ കിട്ടിയ പണവും എടുത്തു. ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയ്ക്കുള്ളില്‍ വഴിപാട് വകയില്‍ ലഭിച്ച അയ്യായിരത്തോളം രൂപയും സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ശ്രീകോവില്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായില്ല.
ശനിയാഴ്ച ഷഷ്ടിയായതിനാല്‍ ഇവിടെ നല്ല തിരക്കുണ്ടായിരുന്നു. സുബ്രഹ്മണ്യന് തുല്യ പ്രാധാന്യത്തോടെ ശാസ്താവിന്റെ പ്രതിഷ്ഠയും മറ്റ് നാല് ഉപദേവ പ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്. ശാസ്താവിന് ശനിയാഴ്ച പ്രാധാന്യമുള്ളതായതിനാല്‍ ആ നിലയ്ക്കും മലയാള മാസം ഒന്നാം തീയതി എന്ന നിലയ്ക്കും  ക്ഷേത്രത്തില്‍ അഭൂത പൂര്‍വ്വമായ തിരക്കായിരുന്നു. പ്രധാന ദിവസങ്ങളില്‍ വൈകുന്നേരം തന്നെ ഭണ്ഡാരത്തില്‍ നിന്ന് തുക മാറ്റാറുണ്ടെങ്കിലും കനത്ത മഴയായതിനാല്‍ ശനിയാഴ്ച അതിനായിരുന്നില്ലെന്ന് സെക്രട്ടറി അജി കെ.എം മംഗളത്തോട് പറഞ്ഞു. 
പുലര്‍ച്ചെ റെക്കോര്‍ഡ് വയ്ക്കാന്‍ തന്ത്രി എഴുന്നേറ്റപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയ വിവരം ശ്രദ്ധയില്‍ പെട്ടത്. പിന്നിലെ വാതിലിലൂടെ അദ്ദേഹം പുറത്തുകടന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി. 

മംഗളം 16.06.2013


സി.പി.എം നേതാവിനെതിരെയുള്ള ലൈംഗികാരോപണം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും

പെരുമ്പാവൂര്‍: സി.പി.എം നേതാവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ  ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും  ആരോപണം നേരിടുന്ന നേതാവ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണെന്നതിനാലാണ് വിഷയം ജില്ലാകമ്മിറ്റിയ്ക്ക് കൈമാറിയത്.
പാര്‍ട്ടിയുടെ പട്ടണത്തിലെ പ്രധാന ചുമതല വഹിയ്ക്കുന്ന നേതാവിന് പാര്‍ട്ടിയംഗമായ ഒരാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അടുത്തിടെ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്നത്. ജില്ലാ സെക്രട്ടറി ദിനേശ് മണിയും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ ചില ഏരിയാകമ്മിറ്റി അംഗങ്ങള്‍ ശക്തമായി രംഗത്ത് വന്നെങ്കിലും നേതാവ് ആരോപണം പൂര്‍ണ്ണമായി നിഷേധിച്ചു. രാവിലെ പത്തിന് തുടങ്ങിയ യോഗം വൈകിട്ട് ഏഴിനാണ് അവസാനിച്ചത്.
പാര്‍ട്ടിയുടെ വനിതാ സാംസ്‌കാരിക സംഘടനയുടെ ജില്ലാ പ്രസിഡന്റായ ഒരു കോളജ് അദ്ധ്യാപികയുമായി ബന്ധപ്പെട്ടാണ് ആരോപണം. നാളുകളായി ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു വരികയാണെന്നാണ് ആരോപണം. 
ഒരു പൊതുമേഖല സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ ഇവരുടെ ഭര്‍ത്താവ് അറിയാതെ അദ്ധ്യാപിക തന്റെ കാര്‍ 2011-ല്‍ വിറ്റതും പാര്‍ട്ടി നേതാവും അദ്ധ്യാപികയും ഒരേ കമ്പനിയുടെ കാറുകള്‍ വാങ്ങിയതുമാണ് ഭര്‍ത്താവിന്  സംശയമുണ്ടാക്കിയതത്രേ. ഇതേതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നിരീക്ഷിയ്ക്കന്‍ തുടങ്ങി. രാത്രി വൈകിയും ഭാര്യയുടെ മൊബൈലിലേയ്ക്ക് കോളുകള്‍ വരുന്നതും മദ്രാസില്‍ ബി.ടെകിന് പഠിയ്ക്കുന്ന മകളെ കാണാന്‍ പോകുമ്പോള്‍ നേതാവ് വീട്ടില്‍ വരാറുള്ളതും ഇദ്ദേഹം മനസിലാക്കി. 
ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ അദ്ധ്യാപിക യു.ജി.സി പരിശീലനത്തിനായി ഡല്‍ഹിയിലേയ്ക്ക് പോയപ്പോള്‍ നേതാവും ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് ബോംബേയിലേയ്‌ക്കെന്നും ജോലി സ്ഥലത്ത് കോയമ്പത്തൂര്‍ക്കെന്നുമായിരുന്നു പറഞ്ഞത്. ഇതിനിടെ ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു അദ്ധ്യാപികയുടെ നമ്പറില്‍ ഭര്‍ത്താവ് ബന്ധപ്പെട്ടപ്പോള്‍ ടീച്ചര്‍ ഭര്‍ത്താവിനൊപ്പം പോയെന്നായിരുന്നു മറുപടി.
ഇതോടെ, ഭര്‍ത്താവ് അന്നത്തെ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനോട് ഇതു സംബന്ധിച്ച പരാതി അറിയിച്ചു. നടപടിയെടുക്കാമെന്ന് ആദ്യം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഭര്‍ത്താവിനോട് വിഷയം വിട്ടുകളയാനാണെത്രേ സെക്രട്ടറി ഉപദേശിച്ചത്. നേതാവിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇനി ഇത് ആവര്‍ത്തിയ്ക്കില്ലെന്നും ഉറപ്പു നല്‍കി. 
എന്നാല്‍ വീണ്ടും ബന്ധം തുടര്‍ന്നതോടെ ഏപ്രില്‍ മാസം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഭര്‍ത്താവ് രേഖാമൂലം പരാതി നല്‍കി. മൂന്നു സിമ്മുകളില്‍ നിന്നായി തന്റെ ഭാര്യക്ക്  വന്ന ഫോണ്‍ നമ്പറുകളുടെ വിശദാംശം സഹിതമായിരുന്നു ഇത്. ആര്‍ക്കും സംശയം തോന്നാതിരിയ്ക്കാനായി മൂന്നു നമ്പറുകളും തന്റെ പേരിലോ ഭാര്യയുടെ പേരിലോ സംഘടിപ്പിച്ചതാണെന്നും പറയുന്നു. പ്രതിദിനം നാപതുകോളുകള്‍ വരെ ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്നും അവ പലപ്പോഴും പാതിരാത്രിയിലാണെന്നും പരാതിയിലുണ്ടായിരുന്നു. പിണറായി പരാതി ജില്ലാകമ്മിറ്റിയ്ക്ക് ഫോര്‍വേഡ് ചെയ്തു. എന്നാല്‍, പി ശശിയുടേയും ഗോപി കോട്ടമുറിയ്ക്കലിന്റേയും വിഷയങ്ങള്‍ക്ക് പിന്നാലെ ഒരു ലൈംഗികാപവാദം കൂടി പാര്‍ട്ടിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അപ്പോഴേയ്ക്ക് ജില്ലാ സെക്രട്ടറിയായി വന്ന ദിനേശ് മണിയുടേത്. ആരോപണ വിധേയനായ നേതാവിനെ ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കരുതെന്നും അദ്ദേഹം ഉപദേശിച്ചുവെന്നാണ് അറിയുന്നത്. ഇത് പിണറായി പക്ഷത്തുള്ള ശക്തനായ ഒരു എം.പിയുടെ സമ്മര്‍ദ്ദഫലമാണെന്നും കേള്‍ക്കുന്നു.
ഇതിനിടെ, പാര്‍ട്ടിയില്‍ നേതാവിനോട് എതിര്‍പ്പുള്ള വിഭാഗം സംഭവം ഏറ്റെടുത്തിരുന്നു. അവിഹിത ബന്ധം സംബന്ധിച്ച ഊമക്കത്തുകള്‍ വ്യാപകമായി പ്രചരിയ്ക്കപ്പെട്ടു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തു. 
ഈ സാഹചര്യത്തിലാണ് ഇന്നലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നത്. ശക്തമായ വാദപ്രതിവാദങ്ങള്‍ കമ്മിറ്റിയിലുണ്ടായെന്നാണ് സൂചന. ഒടുവില്‍ ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.

മംഗളം 16.06.2013
Sunday, June 16, 2013

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പെരുമ്പാവൂര്‍:  വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പനിച്ചയം തെക്കുംചേരി മാരാത്ത് വേണുഗോപാലിന്റെ മകന്‍ പ്രശോഭ് (25) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18 ന് കലൂരായിരുന്നു അപകടം. വൈപ്പിന്‍കര മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രശോഭ് അമ്പലത്തിലേയ്ക്കുള്ള മാല വാങ്ങാന്‍ ബൈക്കില്‍ വരുമ്പോള്‍ ഒരു ഇന്നോവ കാറുമായി കൂട്ടിമുട്ടുകയായിരുന്നു. മൂന്നുമാസം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ഇന്നലെ മരിച്ചു.. സംസ്‌കാരം നടത്തി. അവിവാഹിതനാണ്. അമ്മ: ആനന്ദവല്ലി. സഹോദരന്‍: പ്രശാന്ത്.


മംഗളം 16.06.2013

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു@ രാജി മുന്‍ധാരണ പ്രകാരം
@ കൂവപ്പടിയില്‍ വൈസ് പ്രസിഡന്റ് മാത്രം
@ പ്രസിഡന്റ് നാളെ രാജിവയ്ക്കും

പെരുമ്പാവൂര്‍: മുന്‍ധാരണ പ്രകാരം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചു. എന്നാല്‍, കൂവപ്പടിയില്‍ രാജിവച്ചത് വൈസ് പ്രസിഡന്റ് മാത്രം. പ്രസിഡന്റിന്റെ രാജി നാളെ.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണന്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മേരി ഗീത പൗലോസ് എന്നിവരാണ് രാജി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 ന് വാഴക്കുളം ബി.ഡി.ഒ എ.ജെ മത്തായിക്കാണ് കുഞ്ഞുമുഹമ്മദും പ്രസന്ന രാധാകൃഷ്ണനും രാജിക്കത്ത് നല്‍കിയത്. കൂവപ്പടി ബി.ഡി.ഒ പി.ആര്‍ വിജയകുമാറിന് വൈസ് പ്രസിഡന്റ് മേരിഗീത പൗലോസ്  രാജിക്കത്ത് നല്‍കി. പ്രസിഡന്റ് പോള്‍ ഉതുപ്പ് നാളെ രാജി വയ്ക്കുമെന്ന് മംഗളത്തോട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്നാണ് ഇരു ബ്ലോക്ക് പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം എന്ന് നിശ്ചയിച്ചത്. ഇതനുസരിച്ച് മെയ് 7 ന് ഇരു ബ്ലോക്കുകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ മേരി ഗീത പൗലോസ് മാത്രമാണ് അതിന് തയ്യാറാണെന്ന് കാണിച്ച് യഥാ സമയം കത്ത് നല്‍കിയത്.
പാര്‍ട്ടിയിലെ ഗ്രൂപ്പ് ചേരിപ്പോരിന്റെ ഭാഗമായി രാജിക്കാര്യം പുനപ്പരിശോധിക്കുമെന്ന നിലപാടിലായിരുന്നു കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ ഉതുപ്പ്.. കേരള യാത്രക്ക് ശേഷം നേതാക്കളുടെ നിര്‍ദ്ദേശം വന്നതിന് ശേഷം മാത്രമേ രാജിക്കാര്യത്തെപ്പറ്റി ആലോചിക്കുകയൊള്ളുവെന്ന് അദ്ദേഹം മംഗളത്തോട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മെയ് 31 ന് ചേര്‍ന്ന ഡി.സി.സി യോഗം ഇവരുടെ രാജിക്കാര്യം ഓര്‍മ്മിപ്പിച്ചു. എന്നിട്ടും രാജിക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ ഇരു ബ്ലോക്കിലേയുംപ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ക്ക് ഡി.സി.സി പ്രസിഡന്റ് വി,ജെ പൗലോസ് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. അതിനുവദിച്ചിരുന്ന അവസാന ദിവസം ഇന്നലെയായിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ ഇന്നലെ രാജിക്ക് തയ്യാറായത്. 
അതേസമയം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ വൈകുന്നേരവും രാജിയ്ക്ക് തയ്യാറായില്ല. അവസാന നിമിഷമാണ് തിങ്കളാഴ്ച രാജി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു വേണ്ടി പ്രസിഡന്റ് പ്രത്യേക ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരോട് ഇതുവരെയുള്ള സഹകരണത്തിന് നന്ദി പറയാനും തുടങ്ങിവച്ച പദ്ധതികള്‍ സംബന്ധിച്ച ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനുമാണ് യോഗം വിളിച്ചതെന്ന് പോള്‍ ഉതുപ്പ് അറിയിച്ചു.
മുന്‍ധാരണ അനുസരിച്ച് കൂവപ്പടിയില്‍ റെജി ഇട്ടൂപ്പ് ആണ് അടുത്ത പ്രസിഡന്റ്. വൈസ് പ്രസിഡന്റ് വനജ ബാലകൃഷ്ണനായിരിയ്ക്കും. എന്നാല്‍, കേരള കോണ്‍ഗ്രസി (എം)ന്റെ പോള്‍ വറുഗീസ് പ്രസിഡന്റ് സ്ഥാനത്തിന് ഇവിടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
വാഴക്കുളത്ത് ധാരണപ്രകാരം രഹന്‍രാജ് പ്രസിഡന്റും ലിസി സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റുമാകും. പക്ഷെ, ഈ സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വരുമെന്ന് സൂചനയുണ്ട്. 

മംഗളം 16.06.2013

Saturday, June 15, 2013

സോളാര്‍ തട്ടിപ്പ് കേസ്: സരിത.എസ്.നായര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍  അറസ്റ്റിലായ സരിത എസ്. നായര്‍ക്ക്  കോടതി ജാമ്യം നിഷേധിച്ചു.
സംസ്ഥാനതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന കേസില്‍ പിടിയ്ക്കപ്പെട്ട സരിതയ്ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിയ്ക്കാനും ഒളിവില്‍പോകാനും സാദ്ധ്യതയുണ്ടെന്ന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രമുഖര്‍ ബന്ധപ്പെട്ട കേസായതിനാല്‍ മറ്റു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചേക്കാം. ഈ സാഹചര്യത്തിലായിരുന്നു ജാമ്യനിഷേധം.
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് ഈ മാസം മൂന്നിന് പുലര്‍ച്ചെ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇവരെ കഴിഞ്ഞ ആറിന് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധിയ്ക്ക് ശേഷം പതിമൂന്നിന് പോലീസ് ഇവരെ കോടതിയില്‍ തിരിച്ചേല്‍പ്പിച്ചു.  കോടതി ഇവരെ കാക്കനാടുള്ള ജില്ലാ ജയിലിലേയ്ക്ക്  റിമാന്റ് ചെയ്തു. ഇതേ തുര്‍ന്നാണ് സരിത ഇന്നലെ ജാമ്യത്തിന് ശ്രമിച്ചത്. 
അതേസമയം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയും തെളിവെടുക്കുന്നതിന് വേണ്ടിയും മറ്റു പോലീസ് സ്റ്റേഷനുകളിലേയ്ക്ക് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. കാരണം സംസ്ഥാനത്ത് പല സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഓരോ കേസുകള്‍ സംബന്ധിച്ചും തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണ്. എന്നാല്‍, ഇതിനു വേണ്ടി അതത് പോലീസ് സ്റ്റേഷനുകള്‍ പ്രദേശത്തുള്ള കോടതികളില്‍ നിന്നുള്ള പ്രൊഡക്ഷന്‍ വാറണ്ട് ജില്ലാ ജയിലില്‍ ഹാജരാക്കേണ്ടതുണ്ട്. 

മംഗളം 15.06.2013

പെരുമ്പാവൂര്‍ പട്ടണം ക്യാമറ കണ്ണുകള്‍ക്ക് കീഴിലാവുന്നു

പെരുമ്പാവൂര്‍: അനുദിനം കുറ്റകൃത്യങ്ങളും അനിഷ്ട സംഭവങ്ങളും ഏറുന്ന സാഹചര്യത്തില്‍ പട്ടണം മുഴുവന്‍സമയ ക്യാമറാ നിരീക്ഷണത്തിലാവുന്നു. ഇതിനു വേണ്ടി പത്തുലക്ഷം രൂപയോളം മുതല്‍ മുടക്കും.
ടൗണിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടണത്തില്‍ ഇരുപത്തിയഞ്ചോളം ക്യാമറകള്‍ സ്ഥാപിയ്ക്കാനാണ് തീരുമാനം. നിലവില്‍ കാലടി കവലയില്‍ മാത്രമാണ് ക്യാമറകള്‍ ഉള്ളത്. ഔഷധി ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, കോലഞ്ചേരിക്കവല, പാലക്കാട്ടുതാഴം, ആശുപത്രി ജംഗ്ഷന്‍ എന്നിങ്ങനെ പട്ടണത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിയ്ക്കുന്നുണ്ട്. ചിലയിടത്ത് രണ്ടും മൂന്നും ക്യാമറകള്‍ ഉണ്ടാവും. 
ഇവ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഡിവൈ.എസ്.പി ഓഫീസിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം സദാ നിരീക്ഷിയ്ക്കും. അതുവഴി, കുറ്റകൃത്യങ്ങള്‍ ഗണ്യമായി നിയന്ത്രിയ്ക്കാന്‍ കഴിയും. കാലടി കവലയില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ പ്രധാനമായും ഗതാഗത നിയമങ്ങളുടെ ലംഘനങ്ങള്‍ പരിശോധിയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പട്ടണം മുഴുവന്‍ ക്യാമറാ നിരീക്ഷണത്തിലാവുന്നതോടെ എല്ലാത്തരം നിയമലംഘനവും പോലീസിന്റെ കണ്ണില്‍പ്പെടും.
ടൗണിലെ വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെയാണ് ക്യാമറകള്‍ സ്ഥാപിയ്ക്കുന്നത്. ഇതിനു പുറമെ ഇവരെ ഉള്‍പ്പെടുത്തി പ്രത്യേക സെക്യൂരിറ്റി ഫോറത്തിനും രൂപം നല്‍കിയിട്ടുണ്ട്. നിശ്ചിത എണ്ണം കടകള്‍ക്ക് ഒരു സെക്യൂരിറ്റി എന്ന നിലയില്‍ നിയമിയ്ക്കാനും ധാരണയുണ്ട്.
പട്രോളിങ്ങിന് പോലീസിനെ സഹായിയ്ക്കുന്നത് ഉള്‍പ്പടെ നിരവധി ചുമതലകളാണ് ഫോറം അംഗങ്ങള്‍ക്കുള്ളത്. ജി ജയപാല്‍, എം.കെ രാധാകൃഷ്ണന്‍, ജിജി, അനില്‍ സി.എസ്, വിജയന്‍ പി.എം, കെ.ഇ നൗഷാദ്, അനില്‍ കുമാര്‍ എന്‍ തുടങ്ങിയവരാണ് സെക്യൂരിറ്റി ഫോറം അംഗങ്ങള്‍.
ക്യാമറകള്‍ സ്ഥാപിയ്ക്കുന്ന ഏജന്‍സികളില്‍ നിന്ന് ഉടന്‍ ക്വട്ടേഷന്‍ വിളിച്ച് ഇവ വാങ്ങുമെന്നും യോഗത്തില്‍ തീരുമാനമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

മംഗളം 15.06.2013

കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ വിദേശത്തേയ്ക്ക് അയച്ച എം.ബി.എ വിദ്യാര്‍ത്ഥിനിയ്ക്ക് ജാമ്യം

പെരുമ്പാവൂര്‍: ഹോസ്റ്റലില്‍ ഒന്നിച്ച് താമസിയ്ക്കുന്ന കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തി വിദേശത്തേയ്ക്ക് അയച്ചുകൊടുത്ത എം.ബി.എ വിദ്യാര്‍ത്ഥിനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മാറമ്പിള്ളി എം.ഇ.എസ് കോളജിന്റെ എ.ഐ.എം.എ.ടി കാമ്പസില്‍ പഠിയ്ക്കുന്ന പുനലൂര്‍ ഇളമ്പാല്‍ പ്ലാത്തറ വീട്ടില്‍ നിമിഷ ജോസഫി (22) നാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ലണ്ടനില്‍ എം.ബി.എ പഠിയ്ക്കുന്ന കാമുകനാണ് ചിത്രങ്ങള്‍ കൈമാറിയത്. 
താന്‍ ഒരു ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും രക്ഷപ്പെടണമെങ്കില്‍ പത്തുലക്ഷം രൂപയോ   മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളോ നല്‍കണമെന്ന സുജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പകര്‍ത്തിയതും അയച്ചുകൊടുത്തതും. 
സംഭവത്തെ കുറിച്ച് അറിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളാണ് വിവരം പോലീസില്‍ അറിയിച്ചത്.പെണ്‍കുട്ടിയ്ക്ക് എതിരെ പോലീസ് ഐ.ടി നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.

മംഗളം 14.06.2013

സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായരെ കോടതിയില്‍ ഹാജരാക്കി

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍  കസ്റ്റഡിയില്‍ വാങ്ങിയ സരിത എസ്. നായരെ പോലീസ് കോടതിയ്ക്ക് കൈമാറി.
ചോദ്യം ചെയ്യുന്നതിന് വേണ്ടിയും തെളിവെടുക്കുന്നതിന് വേണ്ടിയും കഴിഞ്ഞ ആറു മുതല്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന യുവതിയെ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പോലീസ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. 
മുന്തിരി നിറമുള്ള സാരിയുടുത്ത് സ്റ്റേഷനില്‍ നിന്ന് പുറത്തുവന്ന സരിത ക്യാമറകള്‍ക്ക് മുന്നില്‍ മുഖം മറയ്ക്കാന്‍ ശ്രമിച്ചില്ല. തടിച്ചുകൂടിയ നാട്ടുകാരെ ശ്രദ്ധിയ്ക്കാതെ അനായാസം കോടതിയിലേയ്ക്ക് നടന്നു. ഇവരെ കോടതി കാക്കനാടുള്ള ജില്ലാ ജയിലിലേയ്ക്ക്  റിമാന്റ് ചെയ്തു.
ഈ മാസം മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്നായിരുന്നു സരിതയെ അറസ്റ്റ് ചെയ്തത്.

മംഗളം 14.06.2013

ജില്ലാ ലോട്ടറി ഓഫീസര്‍ തെളിവെടുപ്പ് നടത്തി

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിന് ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ  സ്ഥാനപ്പേര്‍ ദുരുപയോഗം ചെയ്തത് സംബന്ധിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. 
ജില്ലാ ലോട്ടറി ഓഫീസര്‍ ഗീതാദേവി, ലോട്ടറി വെല്‍ഫയര്‍ ഓഫീസര്‍ വി മുരളീധരന്‍ എന്നിവരാണ് ഇന്നലെ വെങ്ങോല ഗ്രാമപഞ്ചായത്തിലെത്തി തെളിവെടുത്തത്. ഹൃദയതാളം പദ്ധതിയ്ക്ക് വേണ്ടി തയ്യാറാക്കിയ അപേക്ഷാ ഫോറത്തില്‍ ജില്ലാ ലോട്ടറി ഓഫീസറുടെ പേര് അനധികൃതമായി ഉപയോഗിച്ചിരുന്നു. ഇത് നോട്ടപ്പിശകുകൊണ്ട് സംഭവിച്ചതാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ ലോട്ടറി ഓഫീസറുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേതുടര്‍ന്നായിരുന്നു അന്വേഷണം. 

മംഗളം 14.06.2013

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണ സമിതിയോഗം അലങ്കോലപ്പെട്ടുകാരുണ്യ ഹൃദയതാളം പദ്ധതി

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതിയുടെ നടത്തിപ്പിലെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളംവച്ചതിനെതുടര്‍ന്ന് വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണ സമിതിയോഗം അലങ്കോലപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 14 ന് ചേര്‍ന്ന യോഗവും തീരുമാനങ്ങള്‍ എടുക്കാതെ പിരിഞ്ഞിരുന്നു.
ഹൃദയതാളം പദ്ധതിക്ക് വേണ്ടി പിരിച്ച തുകയുടെ വിവരങ്ങള്‍ ഭരണസമിതി യോഗത്തിന് മുന്നില്‍ വയ്ക്കണമെന്ന നിര്‍ദ്ദേശം പ്രസിഡന്റ് തള്ളിയതിനെതുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ഇതിനിടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇറങ്ങിപ്പോവുകയായിരുന്നു. 
കഴിഞ്ഞ മാസം നടന്ന യോഗത്തിലും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്. എന്നാല്‍ യോഗം ചേരാതെ തന്നെ  നിരവധി തീരുമാനങ്ങള്‍ എടുത്തതായി മിനിട്‌സില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസിഡന്റിനെതിരെ പഞ്ചായത്തില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. 
അതിനിടെ, വിവാദമായ കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിനു വേണ്ടി രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ഒരു ഭരണ സമിതി അംഗംകൂടി രാജിവച്ചു. 
ഉപതെരഞ്ഞെടുപ്പിലൂടെ ഭരണ സമിതിയിലേക്ക് എത്തിയ 20-ാം വാര്‍ഡ് മെമ്പര്‍ കെ.ഇ കുഞ്ഞുമുഹമ്മദാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന് രാജികത്ത് സമര്‍പ്പിച്ചത്. ഭരണപക്ഷത്തുനിന്ന് രാജി വെക്കുന്ന അഞ്ചാമത്തെ അംഗമാണിത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ കോണ്‍ഗ്രസിന്റെ മെര്‍ളി റോയിയേയാണ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് ആദ്യം രാജിവയ്ക്കുന്നത്. അനധികൃത പണപ്പിരിവിന്റെ പേരില്‍ പദ്ധതി വിവാദമായതിനെതുടര്‍ന്ന് കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരം നിയമകുരുക്കില്‍പെടാതിരിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു രാജി. 
തൊട്ടുപിന്നാലെ  പ്രധാന ഘടകകക്ഷി ആയ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും സൊസൈറ്റിയില്‍ നിന്ന് രാജി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ലീഗ് പഞ്ചായത്തുകമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇവരുടെ രാജി. റാഫിയ ഇബ്രാഹിം, നസീമ റഹിം, കെ.പി അബ്ദുല്‍ ജലാല്‍ എന്നിവരായിരുന്നു രാജിവച്ചത്. ഇതില്‍ റാഫിയ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റാണ്. 
കുഞ്ഞുമുഹമ്മദുകൂടി രാജി വച്ചതോടെ പദ്ധി നടത്തിപ്പില്‍ ഭരണ പക്ഷത്തുതന്നെ തീവ്രമായ എതിര്‍പ്പാണെന്ന് വ്യക്തമായി. 23 അംഗങ്ങളുള്ള ഭരണ സമിതിയില്‍ യു.ഡി.എഫിന് 16 സീറ്റുകളും പ്രതിപക്ഷമായ എല്‍.ഡി.എഫിന് 7 സീറ്റുകളുമാണ് ഉള്ളത്. ഭരണ പക്ഷത്തുള്ളവരുടെ എതിര്‍പ്പുകൂടിയാവുമ്പോള്‍ പദ്ധതി നടത്തിപ്പില്‍ നിന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്നോട്ട് പേകേണ്ടിവരും.
കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ ആണ് ആദ്യം രംഗത്ത് വന്നത്. ഒരേ ക്രമ നമ്പറുകളില്‍ കൂപ്പണുകള്‍ അടിച്ചും കൗണ്ടര്‍ ഫോയിലില്ലാതെ ഇവ വ്യാപകമായി വിറ്റും ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നായിരുന്നു ആരോപണം. പ്ലൈവുഡ് കമ്പനികള്‍, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവായിരുന്നു. പദ്ധതിയുടെ വിശ്വാസ്യത കൂട്ടാന്‍ അപേക്ഷ ഫോറത്തില്‍ ഭാഗ്യക്കുറി ഓഫീസറുടെ സ്ഥാനം വരെ ദുരുപയോഗം ചെയ്തു. ഇതിനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവം വിവാദമായപ്പോള്‍ തന്നെ ഈ പദ്ധതി പഞ്ചായത്തിന്റേതല്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അതോടെ പദ്ധതിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി. ഇവര്‍ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായി തുടരുമ്പോഴാണ് ഭരണ പക്ഷത്തുള്ളവരും പദ്ധതിക്കെതിരെ രംഗത്ത് വരുന്നത്. ഭരണ പക്ഷ അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ഓരോരുത്തരായി പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ഭരണ സമിതിയിലെ പ്രമുഖരായ ചിലരുടെ രാജി തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് സൂചന. 

മംഗളം 14.06.2013

ഇരുചക്രവാഹനത്തിന്റെ എഞ്ചിന്‍; മാരുതി 800 കാറിന്റെ പവര്‍

പെരുമ്പാവൂര്‍: ഇരുചക്രവാഹനത്തിന്റെ എഞ്ചിന്‍ ഉപയോഗിച്ച് ഒരു കാര്‍. ഇത് സാധ്യമാണെന്നാണ് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ തെളിയിക്കുന്നത്.
150 സി.സി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് മാരുതി കാറിന് സമാനമായ ചെറുകാര്‍ നിര്‍മ്മിച്ചത്. നാലുസിലണ്ടര്‍ എഞ്ചിനുള്ള വാഹനത്തില്‍ കയറ്റാവുന്ന ലോഡ് ഈ കാര്‍ വഹിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശവാദം. ഒരു ലിറ്റര്‍ പെട്രോളുകൊണ്ട് 20 കിലോമീറ്ററിനു മുകളില്‍ മൈലേജ് ലഭിക്കുന്നവിധമാണ് കാറിന്റെ രൂപകല്‍പ്പനയെന്നും ഇവര്‍ പറയുന്നു. 
നാല്‍പതിനായിരം രൂപ മുതല്‍ മുടക്കി 800 സിസി വാഹനത്തിന്റെ പാര്‍ട്ട്‌സ് ഉപയോഗിച്ച് വളയന്‍ചിറങ്ങര എന്‍.എസ്. പ്രൈവറ്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ്  വാഹനം തയ്യാറാക്കിയത്. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ പി അനീഷിന്റെ മേല്‍നോട്ടത്തില്‍ സാനു എ.എസ്, രോഹിത് വി.ആര്‍, അരുണ്‍ രാമകൃഷ്ണന്‍, അഖില്‍ പി.എസ്, മുഹമ്മദ് ഇജാസ്, ഷജാസ് ഷംസുദ്ദീന്‍, ശ്യാം രാജ്, സൂരജ് രാജു, സിജു പി.കെ എന്നി വിദ്യാര്‍ത്ഥികളാണ് വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍.
  

മംഗളം 13.06.2013

കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ വിദേശത്തേയ്ക്ക് അയച്ച എം.ബി.എ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

പെരുമ്പാവൂര്‍: ഹോസ്റ്റലില്‍ ഒന്നിച്ച് താമസിയ്ക്കുന്ന കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തി വിദേശത്തു പഠിയ്ക്കുന്ന സുഹൃത്തിന് അയച്ചുകൊടുത്ത എം.ബി.എ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.
മാറമ്പിള്ളി എം.ഇ.എസ് കോളജിന്റെ എ.ഐ.എം.എ.ടി കാമ്പസില്‍ പഠിയ്ക്കുന്ന പുനലൂര്‍ ഇളമ്പാല്‍ പ്ലാത്തറ വീട്ടില്‍ നിമിഷ ജോസഫ് (22) ആണ് പിടിയിലായത്. ലണ്ടനില്‍ എം.ബി.എ പഠിയ്ക്കുന്ന കോഴഞ്ചേരി സ്വദേശിയായ സുജിത് കുമാറിനാണ് ചിത്രങ്ങള്‍ കൈമാറിയത്. സുജിത്തും നിമിഷയും മുമ്പ് ഒന്നിച്ചുപഠിച്ചവരാണെന്നും സൂചനയുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഈ മാസം ഒന്നു മുതല്‍ എട്ടുവരെ നിമിഷ സുജിത്തുമായി ഫെയ്‌സ് ബുക്കിലൂടെ നടത്തിയ ചാറ്റിങ്ങ് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടതാണ് സംഭവം പുറത്താവാനുള്ള കാരണം. ഗൂഡല്ലൂര്‍ക്ക് കോളജില്‍ നിന്നും പോയ വിനോദയാത്രയ്ക്കിടയില്‍ നിമിഷയുടെ ലാപ്‌ടോപ്പില്‍ നിന്നാണ് ചാറ്റ് ഹിസ്റ്ററി കണ്ടത്.
താന്‍ ഒരു ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും രക്ഷപ്പെടണമെങ്കില്‍ പത്തുലക്ഷം രൂപ നല്‍കണമെന്നും സുജിത് ചാറ്റിലൂടെ നിമിഷയെ അറിയിച്ചു. അതിനാവില്ലെങ്കില്‍ മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രം നല്‍കിയാലും മതി. അതിനായി ഇയാളുടെ  നിര്‍ദ്ദേശപ്രകാരം കോഴഞ്ചേരിയിലുള്ള സുജിത്തിന്റെ വീട്ടില്‍ നിന്നാണ് നിമിഷ വീഡിയോ ക്യാമറ കൊണ്ടുവന്നത്. പിന്നിട് ഒരു പെട്ടിയ്ക്കുള്ളില്‍ ക്യാമറ വച്ച് ഒപ്പമുള്ള കൂട്ടുകാരികളുടെ നഗ്നത പകര്‍ത്തി. കുളിമുറിയില്‍ വച്ചും വസ്ത്രം മാറുന്ന മുറിയില്‍ വച്ചുമായിരുന്നു ഇത്.
ചില ചിത്രങ്ങള്‍ നിമിഷ വിദേശത്തേയ്ക്ക് അയച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവ അവ്യക്തമാണെന്ന് പോലീസ് പറയുന്നു. ഇതില്‍ ഒരു ചിത്രം മായ്ചു കളഞ്ഞിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ ഇത് വീണ്ടെടുക്കാന്‍ കഴിയും. പെണ്‍കുട്ടിയുടെ ലാപ് ടോപ്പ് പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍, സംഭവം പുറത്തായെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ വീഡിയോ ക്യാമറ നിമിഷ ഉപേഷിച്ചു. 
സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളാണ് വിവരം പോലീസില്‍ അറിയിച്ചത്.
  
മംഗളം 13.06.2013

കോടനാട് എസ്.എന്‍.ഡി.പി എല്‍.പി സ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: കോടനാട് എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള എല്‍.പി സ്‌കൂള്‍ സുവര്‍ണ ജൂബിലിയിലേക്ക്. 
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ 15 ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.പി അശോകന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  മന്ത്രി കെ ബാബു മുഖ്യ പ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ.കെ കര്‍ണന്‍ അദ്ധ്യക്ഷത വഹിക്കും. 
കെ.പി ധനപാലന്‍ എം.പി മുന്‍ അദ്ധ്യാപകരേയും സാജുപോള്‍ എം.എല്‍.എ മുന്‍ മാനേജര്‍മാരേയും ആദരിക്കും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ സ്‌കൂളിന്റെ ആദ്യബാച്ച് വിദ്യാര്‍ത്ഥികളെ ആദരിക്കും.
എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എ.ബി ജയപ്രകാശ്, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, സജിത് നാരായണന്‍, പി.എന്‍ സദാശിവന്‍, വനജ ബാലകൃഷ്ണന്‍, മായ കൃഷ്ണകുമാര്‍, ഡോ. ബോസ് മാത്യു കല്ലുങ്കല്‍, അഹമ്മദുകുട്ടി ടി., പി ശിവന്‍, എന്‍ രാധാമണിയമ്മ, കെ സദാനന്ദന്‍, എം.എസ് സുകുമാരന്‍, വി.എം ഷാജി, അജിത ദിവാകരന്‍, അന്നക്കുട്ടി പൗലോസ്, ദീപ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകിട്ട് 7 ന് നൃത്തസന്ധ്യയും തുടര്‍ന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും നാടകവും ഉണ്ടായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത എം.എസ് സുകുമാരന്‍, സിബി പി സുകുമാര്‍, ടി.ആര്‍ ഷാജി, ടി.എസ് അജിത്കുമാര്‍ എന്നിവര്‍ വിശദീകരിച്ചു.

മംഗളം 12.06.2013

കോടികളുടെ തട്ടിപ്പ്: ഭര്‍ത്താവിന് പ്രമുഖ ചലചിത്ര നടിയുമായി ബന്ധമെന്ന് അറസ്റ്റിലായ യുവതി

പെരുമ്പാവൂര്‍: സംസ്ഥാന വ്യാപകമായി വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് തട്ടിയെടുത്ത കോടികള്‍ ഭര്‍ത്താവ് ഒരു ചലചിത്രനടിയ്ക്ക് നല്‍കിയെന്ന് അറസ്റ്റിലായ യുവതി. തട്ടിപ്പില്‍ തനിയ്ക്ക് പങ്കില്ലെന്നും ഭര്‍ത്താവും സിനിമാതാരവും ചേര്‍ന്ന് തന്നെ വെട്ടിലാക്കുകയായിരുന്നുവന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.
ചങ്ങനാശ്ശേരി വൈ.എം.സി.എ യ്ക്ക് സമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍ വീട്ടില്‍ സോമരാജന്റെ മകള്‍ സരിത എസ് നായരാണ് ഈ മാസം മൂന്നിന് പോലീസ് പിടിയിലായത്. തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്നും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ കൊട്ടാരക്കര സ്വദേശി  ആര്‍.ബി നായരെന്ന ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സരിതയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ എത്തിച്ച് പോലീസ് തെളിവെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഭര്‍ത്താവുമായി താന്‍ പിരിഞ്ഞ് താമസിയ്ക്കുകയാണെന്നും ബിജു രാധാകൃഷ്ണന് ഒരു ചലചിത്ര താരവുമായി ബന്ധമുണ്ടെന്നും സരിത വെളിപ്പെടുത്തിയത്. ഈ ചലചിത്രനടി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. 
സോളാര്‍ പവര്‍ പ്ലാന്റുകളും ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി പ്ലാന്റുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള വിന്റ് മില്‍ ഫാമുകളും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം ചിറ്റൂര്‍ റോഡില്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം രണ്ടു മാസം മുമ്പ് അടച്ചുപൂട്ടി പ്രതികള്‍ മുങ്ങുകയായിരുന്നു.
2012-ല്‍ മുടിക്കലുള്ള കുറ്റപ്പാലില്‍ സജാതിന് വിന്റ് മില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 4050000 രൂപ കബളിപ്പിച്ചിരുന്നു. ഈ കേസില്‍ നടന്ന അന്വേഷണമാണ് സരിതയുടെ അറസ്റ്റില്‍ എത്തിച്ചത്.
തിരുവനന്തപും കവടിയാര്‍ ഭാഗത്ത് ക്രഡിറ്റ് ഇന്ത്യ എന്ന പേരില്‍ നടത്തിയ തട്ടിപ്പ് സ്ഥാപനത്തിന്റെ പേരില്‍ ബിജുവും സരിതയും 2010-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ആര്‍.ബി നായര്‍, ലക്ഷ്മി നായര്‍ എന്നി പേരുകളില്‍ ഇവര്‍ കൊച്ചിയില്‍ പുതിയ സ്ഥാപനം തുടങ്ങിയത്. ഇവരുടെ തട്ടിപ്പു സംബന്ധിച്ച് കേരള മുഖ്യ മന്ത്രി, റേഞ്ച് ഐ.ജി എന്നിവര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. 
സരിതയെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടത്തിയ നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. സരിതയുടെ കസ്റ്റഡി കാലാവധി നാളെ തീരും.

മംഗളം 12.06.2013

വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രം പ്രൈമറി ഹെല്‍ത്ത് സെന്ററായി തരംതാഴ്ത്താന്‍ നീക്കം

പെരുമ്പാവൂര്‍: ദേശീയ പൊതുജനാരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തിയ വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തെ പ്ലൈമറി ഹെല്‍ത്ത് സെന്ററായി തരം താഴ്ത്താന്‍ ഗൂഢനീക്കം. ഇതിനെതിരെ ഇന്ന് മാനവദീപ്തി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തും.
1978 ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ച ഈ ആതുരാലയത്തെ നിയോജകമണ്ഡലത്തിലെ മാതൃക ആശുപത്രിയായി ഉയര്‍ത്തിയിരുന്നു. പട്ടികജാതിക്കാര്‍ക്കുള്ള പ്രത്യേക ഘടക പദ്ധതിയില്‍പ്പെടുത്തി ഒരു കോടിയോളം ചെലവഴിച്ച് നാല് നിലകളിലായി നിര്‍മ്മിച്ച നാല്‍പത് കിടക്കകളുള്ള ആശുപത്രിയാണിത്. ഓപ്പറേഷന്‍ തീയറ്റര്‍, എക്‌സ് റേ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ വിശാലമായ കെട്ടിട സമുച്ചയമാണ് ഇവിടെയുള്ളത്. 
എന്നാല്‍ പിന്നീട് ആശുപത്രിക്ക് നേരെയുള്ള പരിഗണന കുറഞ്ഞു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവന്‍ കദളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ പുതിയ നിയമനങ്ങള്‍ നടത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആശുപത്രിക്ക് ആംബുലന്‍സും അനുവദിച്ചു.
എങ്കിലും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആശുപത്രിയില്‍ അഞ്ച് സ്‌പെഷിലിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും വേണമെന്ന നിബന്ധന ഇതു വരെ പാലിച്ചില്ല. ഇത് സംബന്ധിച്ച് ഡി.എം.ഒ നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കൂടാതെ ആശുപത്രിയെ തരംതാഴ്ത്താനുള്ള നീക്കവും തുടങ്ങി. 
ഈ സാഹചര്യത്തിലാണ് മാനവദീപ്തിയുടെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രിക്ക് മുന്നുല്‍ കൂട്ടധര്‍ണ നടത്തുന്നത്. ധര്‍ണ മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി നിര്‍വ്വഹിയ്ക്കുമെന്ന് മേഖല കണ്‍വീനര്‍ എം.പി എല്‍ദോ അറിയിച്ചു.

മംഗളം 12.06.2013

Tuesday, June 11, 2013

പെരുമ്പാവൂരില്‍ വീണ്ടും അഗ്നിബാധ

പട്ടാപ്പകല്‍ കത്തി നശിച്ചത് മൂന്നു കടമുറികള്‍  

പെരുമ്പാവൂര്‍: പട്ടണത്തില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നു കടമുറികള്‍ കത്തി നശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ടൗണിലുണ്ടാകുന്ന നാലാമത്തെ അഗ്നിബാധയാണ് ഇത്.
ആലുവ-മൂന്നാര്‍ റോഡില്‍ ഫെഡറല്‍ ബാങ്കിനും വോഡ ഫോണ്‍ സ്റ്റോറിനും മദ്ധ്യത്തിലുള്ള പഴയ ഇരുനിലകെട്ടിടത്തിന്റെ മുകളിലുള്ള ഓടുമേഞ്ഞ മൂന്നു മുറികളാണ് ഇന്നലെ കത്തിനശിച്ചത്. ലക്ഷ്മി ജ്വവല്ലറി ഉടമകളായ കോതമംഗലം ഇരമല്ലൂര്‍ ലക്ഷ്മി വീട്ടില്‍ പ്രജേഷ് കൃഷ്ണന്‍, ഇരമല്ലൂര്‍ സരസ്വതി വിലാസത്തില്‍ പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടു മുറികളും ബാബൂസ് കമ്മ്യൂണിക്കേഷന്‍സ് ഉടമ പെരുമ്പാവൂര്‍ വീച്ചാട്ടുമഠം രാജേഷ് വി.എസിന്റെ ഉടമസ്ഥതയിലുള്ള ഒരു മുറിയിലുമാണ് അഗ്നിബാധ ഉണ്ടായത്. നഷ്ടം കണക്കാക്കിയിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തിയെങ്കിലും അഗ്നി നിയന്ത്രാണാതീതമായിരുന്നു. ഇതേതുടര്‍ന്ന് കോതമംഗലത്തു നിന്ന് രണ്ടു യൂണിറ്റുകളും ആലുവ, അങ്കമാലി ഫയര്‍ ഓഫീസുകളില്‍ നിന്ന് ഓരോ യൂണിറ്റുകളും എത്തിയാണ് തീയണച്ചത്. ഫയര്‍ ഓഫീസര്‍ എന്‍.ജെ ബേബിയുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പെരുമ്പാവൂര്‍, കുറുപ്പംപടി സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. കത്തിനശിച്ച ഒരു മുറിയില്‍ വാച്ചുകളുടേയും മൊബൈല്‍ ഫോണുകളുടേയും സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ഉപയോഗിച്ചിരുന്ന ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീപടര്‍ന്നത് എന്നും കരുതുന്നുണ്ട്.
കൈതാരന്‍ ഗ്ലാസ് ഹൗസ്, മൂലന്‍സ് ഫാമിലി മാര്‍ട്ട്, പെരുമ്പാവൂര്‍ പെയിന്റ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് ആന്റ് സാനിറ്ററി എന്നി സ്ഥാപനങ്ങള്‍ക്കാണ് മുമ്പ് അഗ്നിബാധയുണ്ടായത്.

മംഗളം 11.06.2013