പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, August 8, 2013

ലഹരി അരിഷ്ടം പിടിച്ചെടുത്തു

പെരുമ്പാവൂര്‍: കടയില്‍ വില്‍പന നടത്തിയിരുന്ന ലഹരി അരിഷ്ടം പോലീസ് പിടിച്ചെടുത്തു.
മൗലൂദ്പുര ചാക്കേരിയില്‍ മൈതീന്‍കുട്ടി (52) നടത്തിയിരുന്ന സി.കെ സ്റ്റോഴ്‌സില്‍ നിന്നാണ് 116 കുപ്പി അരിഷ്ടം കസ്റ്റഡിയിലെടുത്തത്. മൈതീന്‍ കുട്ടിയ്‌ക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

മംഗളം 8.08.2013

Wednesday, August 7, 2013

മുളങ്കുഴി-ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

പെരുമ്പാവൂര്‍: പെരിയാറിന് കുറുകെ വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി- ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. 
ഒന്നര വര്‍ഷം മുമ്പ് 48 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലം ആര്‍ക്കും ഉപകാരപ്പെടാതെ ലക്ഷങ്ങള്‍ പാഴായതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രി ബിനോയ് വിശ്വമാണ് മുളങ്കുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് തൂക്കുപാലവും പാണംകുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് റോപ് വേയും അനുവദിച്ചത്. ഇവിടെ വികസിയ്ക്കാന്‍ സാദ്ധ്യതയുള്ള ടൂറിസം സാദ്ധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു ഇത്.
പെരിയാറിലെ കയറ്റുവായില്‍ പുഴ തിരിയുന്ന ഭാഗത്തുള്ള തുരുത്താണ് ബകന്‍പുരം. ഒട്ടേറെ  ഐതീഹ്യങ്ങളുള്ള ഇവിടെ ഒരു  ശിവലിംഗ പ്രതിഷ്ഠയുണ്ട്. വിശ്വാസികള്‍ ഇതിനു മുന്നില്‍ വിളക്കുവയ്ക്കുന്നതും വഴിപാട് സമര്‍പ്പിയ്ക്കുന്നതും പതിവാണ്. ഏക്കറുകള്‍ വിസ്തൃതിയുള്ള ബകന്‍പുരം ഏറെ സാദ്ധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാകുമെന്നായിരുന്നു വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. 
അതുകൊണ്ടുതന്നെ തൂക്കുപാലത്തിന്റെ നിര്‍മ്മാണം മിന്നല്‍ വേഗതയിലാണ് നടന്നത്. ഒരു മീറ്റര്‍ വീതിയില്‍ എണ്‍പതു മീറ്റര്‍ നീളത്തിലായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, റോപ് വേ യാഥാര്‍ത്ഥ്യമായില്ല. തൂക്കുപാലമാകട്ടെ,  ഉദ്ഘാടനം കഴിയാത്തതിനാല്‍ ഒന്നരവര്‍ഷത്തോളമായിട്ടും തുറന്നു കൊടുത്തിരുന്നുമില്ല. അതിനിടയിലാണ് പാലം തകര്‍ന്നത്. ചുരുക്കത്തില്‍ സംഭവിച്ചത് ലക്ഷങ്ങളുടെ അഴിമതി മാത്രം. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരിസരവാസികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മംഗളം 7.04.2013

വെള്ളം കയറിയിറങ്ങിപ്പോയി; തീരാദുരിതങ്ങള്‍ ബാക്കി

പെരുമ്പാവൂര്‍: അപ്രതീക്ഷിതമായി കയറിയിറങ്ങിപ്പോയ വെള്ളപ്പാച്ചില്‍ ഒരു പറ്റം മനുഷ്യര്‍ക്ക് സമ്മാനിച്ചത് തീരാദുരിതം.
സര്‍ക്കാര്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴും നഷ്ടങ്ങളുടെ കണക്കുകളെ പറ്റി ആര്‍ക്കും യാതൊരു രൂപവുമില്ല. വേങ്ങൂര്‍, പാണിയേലി ഭാഗങ്ങളില്‍ ഞായറാഴ്ച പാതിരാത്രിയിലാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. പലരും ഗാഢ നിദ്രയിലായിരുന്നു. കിടക്ക നനഞ്ഞപ്പോഴാണ് ചിലര്‍ വെള്ളപ്പൊക്കം അറിഞ്ഞത്. മറ്റു ചിലരെ അയല്‍വാസികള്‍ വിളിച്ചുണര്‍ത്തി. പിന്നെ ജീവനും സ്വത്തും സംരക്ഷിയ്ക്കാനുള്ള നെട്ടോട്ടമായി. ഒടുവില്‍ സ്വത്തുക്കള്‍ മുഴുവന്‍ കയ്യൊഴിഞ്ഞ് ജീവനുമായി ആളുകള്‍ പാഞ്ഞു.
1961 ലാണ് ഇത്രയും വലിയ ഒരു വെള്ളപ്പൊക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 72-ല്‍ കാലവര്‍ഷക്കെടുതി സംഭവിച്ചെങ്കിലും ഇത്രത്തോളമുണ്ടായില്ല.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേലേത്ത് അവറാച്ചനും കുടുംബവും 81 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് വീടിനു പുറത്തേയ്ക്ക് ഓടിയത്. വീടിന്റെ അകത്ത് അരയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയ, മുറ്റത്തെ കിണറില്‍ വീഴാതെ രക്ഷാകേന്ദ്രത്തിലെത്തിയത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം.
ഇതേ പഞ്ചായത്തിലെ കരിമ്പിന്‍കാല വര്‍ക്കിയുടെ കോഴിഫാമിലെ മൂവായിരത്തിയഞ്ഞൂറോളം കോഴികളാണ് വെള്ളത്തില്‍ ഒഴുകിപ്പോയത്. പലരുടേയും ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും വെള്ളത്തിലായി. റേഷന്‍കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ എല്ലാം പലര്‍ക്കും നഷ്ടപ്പെട്ടു.
കിണറുകളും വീടുകളും മലിനമായതാണ് ഇതില്‍ ഏറെ ഗുരുതരം. ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് കിണറുകളൊക്കെ വറ്റിയ്‌ക്കേണ്ടി വരും. ഇപ്പോള്‍ കക്കൂസ് കുഴികളില്‍ നിന്നുള്ള മാലിന്യങ്ങളും ചത്ത മൃഗങ്ങളും വരെ കിണറുകളിലുണ്ട്. ഇത് വന്‍ പകര്‍ച്ചവ്യാധിയ്ക്ക് വഴി വച്ചേക്കാം.
പാണിയേലി സര്‍ക്കാര്‍ യു.പി.എസ്, കൊച്ചുപുരയ്ക്കല്‍കടവ് അംഗന്‍വാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍  വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 41 വീട്ടുകാര്‍ തങ്ങുന്നുണ്ട്. ഇത് 149 പേരോളം വരും. ഇതിനു പുറമെ ക്രാരിയേലിയിലെ എട്ടു വീടുകളിലെ മുപ്പത്തിയേഴു പേരോളം ബന്ധുക്കളുടെ വീടുകളിലുണ്ട്. 
മറ്റു പഞ്ചായത്തുകളിലും നഗരസഭയിലുമായി വേറെയും ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. കാഞ്ഞിരക്കാട്, കൂവപ്പടി, കോടനാട്, ഒക്കല്‍, കുറിച്ചിലക്കോട് എല്‍.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. 
റവന്യു, കൃഷി വകുപ്പ് അധികാരികള്‍ ദുരിതമേഖലകളില്‍ ക്യാമ്പ് ചെയ്ത് കണക്കെടുത്താല്‍ മാത്രമേ യഥാര്‍ത്ഥ  നഷ്ടം കണക്കാക്കാന്‍ കഴിയുവെന്ന് ദുരിത മേഖലകള്‍ സന്ദര്‍ശിച്ച കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടുപ്പ് പറയുന്നു. വെള്ളം കയറി കുടിവെള്ളം ലഭ്യമല്ലാതായ മേഖലകളില്‍ അടിയന്തിരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിയ്ക്കണമെന്നും ഒരു മാസത്തേയ്ക്ക് സൗജന്യ റേഷന്‍ വിതരണം നടത്തണമെന്നും റെജി ഇട്ടൂപ്പ് ആവശ്യപ്പെട്ടു.
കൂവപ്പടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍ വിജയകുമാര്‍, ജനപ്രതിനിധികളായ വി.ജി മനോജ്, റോയി വറുഗീസ്, ഫെമി എല്‍ദോസ്, എം.എം ബിനു, പി.പി കോരക്കുഞ്ഞ് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

മംഗളം 7.04.2013

Tuesday, August 6, 2013

ഒന്നര പതിറ്റാണ്ടിനുശേഷമുള്ള പെരുമഴ; പെരുമ്പാവൂര്‍ മേഖലയിലും വെള്ളപ്പാച്ചില്‍

പെരുമ്പാവൂര്‍ തഖ്‌വ പള്ളി വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള്‍


പെരുമ്പാവൂര്‍: ഒന്നരപതിറ്റാണ്ടിനുശേഷം തകര്‍ത്തുപെയ്യുന്ന പെരുമഴയില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും വെള്ളപ്പാച്ചില്‍.
ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ തുറന്നുവിടുക കൂടി ചെയ്തതോടെ ക്രമാതീതമായി ഉയര്‍ന്ന പെരിയാറിലെ ജലനിരപ്പ് പുഴയോടടുത്ത മേഖലകളെ അപകടകരമായ രീതിയിലാണ് ബാധിച്ചത്. കോടനാട് ,ഒക്കല്‍, മാറംപള്ളി, തുടങ്ങിയ മേഖലകളിലൊക്കെ പെരിയാര്‍ കരകവിഞ്ഞു. ക്രാരിയേലി, വേങ്ങൂര്‍, പാണിയേലി ഭാഗങ്ങളിലാണ് ആദ്യം ജലനിരപ്പ് ഉയര്‍ന്നത്. പിന്നെ മറ്റുപ്രദേശങ്ങളിലേയ്ക്കും വെള്ളം ഒഴുകിയെത്തി.
പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്ത് ബസ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍
മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒക്കല്‍ തുരുത്തില്‍ വെള്ളംകയറി, പലരുടേയും വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അകത്തെ വീട്ടുപകരണങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ നിന്നുള്ള നൂറ്റി നാല്‍പതുപേരെ ഒക്കല്‍ എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മുടക്കുഴ ഒന്നാം വാര്‍ഡ് ഇളമ്പകപ്പിള്ളി ത്രിവേണിയില്‍ നിന്ന് പതിനഞ്ച് കുടുംബങ്ങളെ ദുരുതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂവപ്പടി ഗവ. എല്‍.പി സ്‌കൂളിലാണ് ക്യാമ്പ്. മൂവാറ്റുപുഴ ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിരുന്നു.
വീടുകള്‍ക്ക് പുറമെ തുരുത്തി, മുപ്പച്ചത്തി, മുടക്കുഴ, വേങ്ങൂര്‍ പാടശേഖരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. മുടക്കുഴ വലിയ തോടും കരകവിഞ്ഞു.
കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ നൂറ്റിയിരുപത്തിയഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. തോട്ടുവ അംബേദ്കര്‍ കോളനിയില്‍ മാത്രം 27 വീടുകള്‍ വെള്ളത്തിനടിയിലായി. കുമാരപുരം കോളനിയിലും ആലാട്ടുചിറ കോളനിയില്‍ 7 വീടുകള്‍ വീതവും കുറിച്ചിലക്കോട് ഗവ. എല്‍.പി സ്‌കൂളിന് സമീപം 11 വീടുകളും വെള്ളത്തിനടിയിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ് അറിയിച്ചു. ചേരാനല്ലൂര്‍ മുട്ടുത്തറ ഭാഗത്ത് 10 വീടുകള്‍ വെള്ളത്തിനടിയിലുണ്ട്.
പെരുമ്പാവൂര്‍ പാത്തിപ്പാലം ഭാഗം
ഇതിനുപുറമെ റാണി, പ്രിയം റൈസ് മില്ലുകളും വെള്ളത്തിനടിയിലായി. വെള്ളത്തില്‍ വീണ മെട്രോ ക്രഷറിലെ 5 തൊഴിലാളികളെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്.
കൂവപ്പടി, കോടനാട്, കുറിച്ചിലക്കോട്, എല്‍.പി സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും പ്രസിഡന്റ് അറിയിച്ചു. പൂപ്പാനി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൂര്‍ണ്ണമായി മുടങ്ങി.

വെള്ളം കയറിയ തടിമില്ല്‌
പെരുമ്പാവൂര്‍ നഗരസഭയില്‍ വാഴക്കുളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഗാന്ധിനഗര്‍ പാലവും കൊല്ലംകുടി, ഓള്‍ഡ് വല്ലം പാലങ്ങളും വെള്ളത്തിനടിയിലാണ്. ഇതോടെ സൗത്ത് വല്ലം റയോണ്‍പുരം നിവാസികള്‍ക്ക് പട്ടണത്തിലെത്താന്‍ വല്ലംകവലയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടി വരും.
സൗത്ത് വല്ലം മക്കാകടവില്‍ നിന്നും പത്ത് മണല്‍ വഞ്ചികള്‍ ഒഴുകിപ്പോയി. ചത്ത മൃഗങ്ങളും  ഗ്യാസ് സിലണ്ടറുകളും ഗൃഹോപകരണങ്ങളും വെള്ളത്തിലൂടെ ഒഴുകി വരുന്നത് കാണാമായിരുന്നു. ഗാന്ധി നഗര്‍, ഗ്രീന്‍ലാന്റ്, ആയത്തറ കോളനികള്‍ വെള്ളത്തിനിടിയിലാണ്. പാലക്കാട്ടുതാഴം പാലത്തിന് സമീപമുള്ള തഖ്‌വാ പള്ളിയിലും സൗത്ത് വല്ലം, ക്രാരിയേലിപ്പടി, റയോണ്‍പുരം ഭാഗത്തെ നിരവധി വ്യവസായ സ്ഥാാപനങ്ങളിലും വെള്ളം കയറി. പല മില്ലുകളില്‍ നിന്നുമുള്ള തടികളും തടി ഉല്‍പ്പന്നങ്ങളും ഒലിച്ചുപോയി. 
സൗത്ത് വല്ലത്തെ മാലിപ്പാടത്ത് ഏക്കറുകണക്കിന്  കൃഷിഭൂമിയും വെള്ളത്തിനടിയിലായി. ഇവിടെ കൃഷിചെയ്തിരുന്ന കപ്പയും വാഴയും നശിച്ചു തുടങ്ങി. കോടനാട് മംഗലത്ത് പറമ്പില്‍ രഘുവിന്റെ പശുവും മൂരിക്കിടാവും വെള്ളത്തില്‍ മുങ്ങി ചത്തു. 
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിയ്ക്ക് വേണ്ടി സ്ഥാപിച്ച അമ്പതോളം ബലിപ്പുരകള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ഇവിടെ കെട്ടിയ പന്തല്‍ തകര്‍ന്നു വീഴുകയും ചെയ്തു. കുറിച്ചിലക്കോട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ ഭണ്ഡരവും കുത്തുങ്ങല്‍ പള്ളിയുടെ കപ്പേളയും വെള്ളത്തില്‍ മുങ്ങി. 
സാജുപോള്‍ എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്
, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടന്നത്.

മംഗളം 6.08.2013

മകന്‍ നോക്കിനില്‍ക്കെ പിതാവ് മുങ്ങി മരിച്ചു

പെരുമ്പാവൂര്‍: നിസ്സഹായനായി മകന്‍ നോക്കി നില്‍ക്കെ  വൃദ്ധനായ പിതാവ് മുങ്ങിമരിച്ചു.
കോടനാട് വിരുത്തംകണ്ടത്തില്‍ ബാലൃഷ്ണന്‍ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 നാണ് സംഭവം. തലേദിവസം രാത്രി പാടത്ത് കെട്ടിയിരുന്ന പോത്തിനെ വെള്ളം കയറിയതിനാല്‍ അഴിച്ചുവിടാന്‍ മകനൊപ്പം ചെന്നപ്പോഴായിരുന്നു ദുരന്തം. ബാലകൃഷ്ണന്‍ പാടത്ത് നിറഞ്ഞ വെള്ളത്തില്‍ നീന്തിചെല്ലുന്നതിനുനുമ്പ് തന്നെ ആരോ പോത്തിനെ അഴിച്ചു വിട്ടിരുന്നു. തിരിച്ച് നീന്തികയറാന്‍ ശ്രമിക്കുന്നതിനെടെ കൈകാലുകള്‍ കുഴഞ്ഞുപോയ ബാലകൃഷ്ണന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ സജീവന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ ഫോഴ്‌സും കോടനാട് പോലീസും സ്ഥലത്തെത്തി. മുങ്ങല്‍ വിദഗ്ധന്‍ ഒക്കല്‍ ഞെഴുങ്ങന്‍ വീട്ടില്‍ സ്റ്റീഫന്‍ എത്തിയാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെടുത്തത്. സംസ്‌കാരം രാവിലെ 9.30-ന് വീട്ടുവളപ്പില്‍. ഭാര്യ: ലീല. മക്കള്‍: സന്ദീപ്, സജീവ്, സുമി. മരുമക്കള്‍: മരുമക്കള്‍: സിജോയ്, സുമി, അനു.

മംഗളം 6.08.2013

Monday, August 5, 2013

കഞ്ചാവ് വില്‍പന: സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പന നടത്തിയ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പോലീസ് പിടിയിലായി.
പെരുമ്പാവൂര്‍ വട്ടപ്പാറ വീട്ടില്‍ ഐഷാ ബീവി (50), കണ്ടന്തറ പട്ടരുമഠം വീട്ടില്‍ റഷീദ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഐഷാ ബീവിയുടെ വീട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും സംഘടിപ്പിയ്ക്കുന്ന കഞ്ചാവ് റഷീദാണ് ഐഷാ ബീവിയ്ക്ക് എത്തിച്ചുകൊടുത്തിരുന്നത്. അവരത് ചെറിയ പൊതികളാക്കി വില്‍പന നടത്തും. ഇതിനു പുറമെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താനായി ഐഷാ ബീവിയില്‍ നിന്ന് കഞ്ചാവ് വാങ്ങുന്ന ചില്ലറ കച്ചവടക്കാര്‍ വേറെയുമുണ്ടെന്ന് പോലീസ് പറയുന്നു.
ഡിവൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. 
കഴിഞ്ഞ ദിവസം കാഞ്ഞിരക്കാട് സ്വദേശി അഷ്‌റഫ് കഞ്ചാവു കേസില്‍ പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.  

മംഗളം 5.08.2013

Saturday, August 3, 2013

ചേലാമറ്റത്തെ കര്‍ക്കിടകവാവു ബലി പന്തലുകള്‍ വെള്ളത്തിനടിയില്‍

കര കവിഞ്ഞ് പെരിയാര്‍

പെരുമ്പാവൂര്‍: തുടര്‍ച്ചയായ മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ വിശ്വാസപൂര്‍ണ്ണമായ പിതൃപൂജയ്ക്ക് ഒരുങ്ങുന്ന ഹൈന്ദവ വിശ്വസികള്‍ ആശങ്കയില്‍.
കര്‍ക്കിടക വാവു ബലിതര്‍പ്പണത്തിന് ദക്ഷിണകാശിയെന്ന പേരില്‍ പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് പെരിയാര്‍ തീരത്ത് ഒരുക്കിയ അമ്പതില്‍ പരം ബലിപ്പുരകള്‍ വെള്ളത്തിനടിയിലായി. പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഇത്രമാത്രം വെള്ളം കയറുന്നത് ഇക്കൊല്ലമാണ്. ഇന്നലെ രാവിലെ ഭൂതത്താന്‍കെട്ട് ഡാം ഷട്ടറുകള്‍ തുറക്കുകകൂടി ചെയ്തതോടെ മണിക്കൂറുകള്‍ക്കകമാണ് നദി കര കവിഞ്ഞത്.
കിഴക്കു നിന്നും ഉത്ഭവിച്ച പെരിയാര്‍ ഇവിടെയെത്തുമ്പോള്‍ തിരിച്ച് കിഴക്കോട്ട് ഒഴുകുന്ന അപൂര്‍വ്വ പ്രതിഭാസത്തിന്റെ പേരിലാണ് ചേലാമറ്റം ക്ഷേത്രത്തിന്റെ പ്രസിദ്ധി. ചേലെഴുന്ന ഭഗവാന്റെ തിരുമുറ്റത്തെ ചേലചുറ്റിയ പോലെ ഒഴുക്കുന്നതിനാലാണ് ഇവിടം ചേലാമറ്റമായതത്രേ. അതുകൊണ്ടുതന്നെ ചേലാമറ്റത്ത് പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍ ഓരോ വര്‍ഷവും എത്തുന്നത് പതിനായിരങ്ങളാണ്.
ഇരുന്നൂറോളം പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ ഇക്കൊല്ലവും ഇവിടെ ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ക്ഷേത്രഭാരവാഹികളുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് ജലനിരപ്പിന്റെ നില. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രാവശ്യം ഇതേ അവസ്ഥയില്‍ പെരിയാര്‍ തീരത്ത് നിന്ന് ദൂരെമാറി ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കേണ്ടി വന്നിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു.
ബലിതര്‍പ്പണം നടക്കുന്നത് ഈ മാസം ആറിനാണ്. അതിന് രണ്ടു ദിവസം മുമ്പ് ഭൂതത്താന്‍കെട്ട് ഷട്ടര്‍ അടയ്ക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. അങ്ങനെ ചെയ്താല്‍ വലിയ ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പെരിയാര്‍ തീരത്തെ വെള്ളം വറ്റിയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ ഇത് നടക്കാതെ വരും.

മംഗളം 3.08.2013

ചൂരമുടിയില്‍ നിരോധനം ലംഘിച്ച് പാറമടകളുടെ പ്രവര്‍ത്തനം; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തെതുടര്‍ന്ന് അധികൃതര്‍ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ലംഘിച്ച് ചൂരമുടിയില്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെനിന്നും ലോഡുമായി പോയ ടിപ്പര്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയില്‍.
മുടക്കുഴ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കളപ്പാറ മേഖലയിലാണ് പാറമടകളുടെ അനധികൃത പ്രവര്‍ത്തനം. തൊട്ടടുത്തുള്ള കോളനി നിവാസികള്‍ പാറമടകള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭത്തിലാണ്. അതിനിടയിലാണ് നിരോധനകാലത്ത് പാറമടകള്‍ ഇവിടെ പ്രവര്‍ത്തിച്ചത്.
സ്‌കൂള്‍ സമയം പോലും പരിഗണിക്കാതെയായിരുന്നു ഇവിടെ നിന്നു ഭാരവണ്ടികള്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നത്. ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കോടനാട്  പോലീസ് ടിപ്പര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ പാറമടയിലേക്ക് ലോഡ് എടുക്കാനെത്തിക്കൊണ്ടിരുന്ന മറ്റ് വാഹനങ്ങള്‍ പിന്തിരിഞ്ഞു.
നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച പാറമടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മംഗളം 3.08.2013

പുസ്തക പ്രകാശനവും സാഹിത്യ സംഗമവും

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും നാളെ എസ്.എന്‍ ഹാളില്‍ നടക്കും. കവി ഡോ. കൈപ്പിള്ളി കേശവന്‍ നമ്പൂതിരി ഉച്ചകഴിഞ്ഞ് 3 ന് സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിക്കും.
കടാതി ഷാജിയുടെ ചെറുകഥാ സമാഹാരം 'അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്' പ്രമുഖ സാഹിത്യ നിരൂപകന്‍ ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയുടെ സ്വാമി വിവേകാനന്ദന്‍ കഥകള്‍ എന്ന പുസ്തകം വേലായുധന്‍ വടവുകോട് പരിചയപ്പെടുത്തും.
പിന്നീട് നടക്കുന്ന സര്‍ഗസംഗമത്തില്‍ കവി കാരുകുളം ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. ഇതിനുപുറമെ അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരശ്ലോക സദസും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സുരേഷ് കീഴില്ലം അറിയിച്ചു.

മംഗളം 3.08.2013

Friday, August 2, 2013

പ്രളയക്കാട് കാറ്റില്‍ വീട് തകര്‍ന്നു; വന്‍ കൃഷിനാശവും

 ചുഴലിക്കാറ്റ്

പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രളയക്കാട് മേഖലയില്‍ ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഒരു വീടു തകര്‍ന്നു. കൂടാതെ വന്‍ കൃഷിനാശവും സംഭവിച്ചു.
ഇന്നലെ രാവിലെ പത്തിനാണ് അതിശക്തമായി കാറ്റ് വീശിയത്. കാറ്റില്‍ പ്രളയക്കാട് പെരുവിള  ഡി.രാജന്റെ  വീട്ടിലേക്ക് മഹാഗണി മറിഞ്ഞു. ഓടു മേഞ്ഞ വീട് നിശേഷം തകര്‍ന്നു.
തേക്കാനം കുര്യാക്കോസിന്റെ പുരയിടത്തിലെ റബറും ആഞ്ഞിലിയും മറിഞ്ഞുവീണത് 11  കെ.വി ലൈനിലേക്കാണ്. ഇതേ തുടര്‍ന്ന് തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ എല്ലാം മറിഞ്ഞു. വൈദ്യുതി ബന്ധം താറുമാറായി. തൊട്ടടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ കെട്ടിയ കൂടാരത്തിലേയ്ക്കാണ് വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണത്. അവിടെയുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കാരിക്കുടി വൈ വറുഗീസിന്റെ ജാതി മരങ്ങളും എടക്കരവീട്ടില്‍ ബെന്നിയുടെ തേക്കും കാറ്റില്‍ മറിഞ്ഞു. തൃത്താമ്പിള്ളില്‍ ഗോപിയുടെ കുലച്ച 75 ഏത്തവാഴകളാണ് നശിച്ചത്. പുളിയേലി രാജന്റേയും ഗോപിയുടേയും വാഴകളും നശിച്ചു.
കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വാര്‍ഡ് മെമ്പറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ സോജന്‍ പൗലോസ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കരം തീര്‍ത്ത രസീതും ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയുമായി നഷ്ടമുണ്ടായവര്‍ കൃഷി ഓഫീസറുമായി ബന്ധപ്പെടണമെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

മംഗളം 1.08.2013

ശാലുമേനോന് ജാമ്യം ലഭിച്ചു; ജയില്‍ മോചനം വൈകും

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാന്റിലായ ചലചിത്രതാരം ശാലുമേനോന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മറ്റു കേസുകളില്‍ ഇനിയും ജാമ്യം കിട്ടേണ്ടതുള്ളതിനാല്‍ ശാലുവിന്റെ ജയില്‍ മോചനം നീളും. 
ഇന്നലെ രാവിലെയാണ് ശാലുവിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. മുടിയ്ക്കല്‍ സ്വദേശി  സജാതിന്റെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം  പ്രതി ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതായിരുന്നു ശാലുവിനെതിരെയുള്ള കേസ്. ഇതേ കേസില്‍ പെരുമ്പാവൂര്‍  കോടതി ഇവര്‍ക്ക് മുമ്പ് ജാമ്യം നിഷേധിച്ചിരുന്നു
ഇന്നലെ രണ്ട് ആള്‍ ജാമ്യത്തില്‍ ശാലുവിന് ജാമ്യം നല്‍കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ജാമ്യത്തിലെടുക്കാനെത്തിയ ശാലുവിന്റെ ബന്ധുക്കളായ രാധാകൃഷ്ണനും  പ്രദീപിനും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ 50000 രൂപ കെട്ടിവച്ചശേഷമാണ് ശാലുവിന് കോടതി ജാമ്യം നല്‍കിയത്.

മംഗളം 1.08.2013

അനുബേബി, ജിത തോമസ്, നിഷാകുമാരി എന്നിവര്‍ക്ക് സൗജന്യ പഠനത്തിന് അവസരം

മംഗളം-കുമുദ നഴ്‌സിംഗ് പഠന സഹായ പദ്ധതി

 ജിത തോമസ്

അനുബേബി

നിഷാകുമാരി
പെരുമ്പാവൂര്‍: മംഗളം-കുമുദ നഴ്‌സിംഗ് പഠന ശില്‍പശാലയില്‍ നിന്ന് മൂന്ന് പേരെ സൗജന്യ നഴ്‌സിംഗ് പഠനത്തിനു തെരഞ്ഞെടുത്തു. റാന്നി ഐത്തല പാറക്കുമേല്‍ വീട്ടില്‍ ജിത തോമസ്, കിഴക്കമ്പലം പുറമാടം വീട്ടില്‍ അനുബേബി, പത്തനംതിട്ട വെട്ടൂര്‍ ശാസ്താമുണ്ടില്‍ വീട്ടില്‍ നിഷാകുമാരി എന്നിവരെയാണ് സൗജന്യ നഴ്‌സിംഗ് പഠനത്തിനായി മംഗളം ദിനപത്രം തെരഞ്ഞെടുത്തത്. ചങ്ങനാശ്ശേരി, കട്ടപ്പന, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്.
ജീവിതത്തിന്റെ വന്‍ പ്രതിസന്ധികളില്‍പ്പെട്ടുപോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് മംഗളം-കുമുദ പദ്ധതി പ്രകാരം സൗജന്യ പഠനത്തിന് അവസരം കൈവന്നിട്ടുള്ളത്.
കുമുദ ഗ്രൂപ്പിന്റെ വിവിധ നഴ്‌സിങ്ങ് കോളജുകളില്‍ കുറച്ചു സീറ്റുകള്‍ കൂടി ഒഴിവുണ്ടെന്നും താത്പര്യമുള്ളവര്‍ 0484-2590008, 9895933444 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

മംഗളം 1.08.2013


പി.കെ.വി സ്മാരക മന്ദിരത്തിന്റെ താഴത്തെ നില വാടകയ്ക്ക്

ഇന്ത്യന്‍ കോഫീ ഹൗസിന് കൊടുക്കാന്‍ നീക്കം


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രിയും സമാദരണീയനായ സി.പി.ഐ നേതാവുമായിരുന്ന പി.കെ.വിയുടെ ഓര്‍മ്മയ്ക്കായി അടുത്തിടെ പുല്ലുവഴിയില്‍ നിര്‍മ്മിച്ച സ്മാരക മന്ദിരത്തിന്റെ താഴ്‌നില ഇന്ത്യന്‍ കോഫീ ഹൗസിന് വാടകക്ക് നല്‍കാന്‍ നീക്കം. 
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.കെ.വി ട്രസ്റ്റിനുണ്ടായ സാമ്പത്തിക ബാദ്ധ്യത നികത്താനാണ് ഇത്. ഇന്ന് ചേരുന്ന ട്രസ്റ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് അറിയുന്നു. പെരുമ്പാവൂര്‍-മൂവാറ്റുപുഴ എം.സി റോഡില്‍ നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെ വാടക കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍, മറ്റു സ്വകാര്യ ഹോട്ടലുടമകളുമായി ബന്ധപ്പെടാനും ശ്രമങ്ങളുണ്ട്. നിലവില്‍ രണ്ടു ബാര്‍ ഹോട്ടലുകളുടെ നടുക്കാണ്  സ്മാരക മന്ദിരത്തിന്റെ സ്ഥാനം.
സി.പി.ഐ സംസ്ഥാന കമ്മിറ്റിയ്ക്ക് കീഴില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പി.കെ.വി ട്രസ്റ്റാണ് ഒരു കോടി രൂപയോളം മുടക്കി സ്മാരക മന്ദിരം നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 24-നാണ് സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത്.
നാനൂറോളം പേര്‍ക്ക് ഇരിയ്ക്കാവുന്ന ഓഡിറ്റോറിയം, കോണ്‍ഫ്രന്‍സ് ഹാള്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള റഫറന്‍സ് ലൈബ്രറി, റീഡിങ്ങ് റൂം, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം തുടങ്ങിയവയാണ്  ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതോടെ ട്രസ്റ്റ് കനത്ത സാമ്പത്തിക ബാദ്ധ്യതയിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം ഉള്‍പ്പടെ വ്യാപകമായി പിരിവു നടത്തിയാണ് മന്ദിര നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. ഇനിയും സംഭാവന പിരിയ്ക്കല്‍ പ്രായോഗികമല്ലാത്തതിനാലാണത്രേ താഴ്‌നില ഹോട്ടലിന് കൈമാറി, അവരില്‍ നിന്നുള്ള മുന്‍കൂറ് തുക ഉപയോഗിച്ച് നഷ്ടം നികത്തുന്നത്.
എന്നാല്‍, പി.കെ.വി സ്മാരകത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്നതിനെതിരെ പാര്‍ട്ടിയ്ക്ക് അകത്ത് പ്രതിഷേധമുണ്ട്. ഹോട്ടലിന് വേണ്ടി താഴ്‌നില മുഴുവന്‍ കൈമാറുന്നതോടെ, സ്മാരക മന്ദിരത്തില്‍ മുന്‍പ് വിഭാവനം ചെയ്ത പല പദ്ധതികള്‍ക്കും സ്ഥലം തികയാതെ വരും. മാത്രവുമല്ല, ഹോട്ടല്‍ തിരക്കും ബഹളവും പി.കെ.വി സ്മാരകത്തിന്റെ പ്രൗഢമായ അന്തരീക്ഷത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.
സി.പി.ഐ പോലുള്ള ഒരു ദേശീയ പാര്‍ട്ടിയ്ക്ക് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ പി.കെ.വിയുടെ സ്മാരകം കച്ചവടവത്കരിയ്ക്കാതെ സംരക്ഷിയ്ക്കാന്‍ കഴിയില്ലേ എന്നാണ് അണികളുടെ ചോദ്യം.

മംഗളം 1.08.2013

മംഗളം അക്ഷരജ്യോതി കുന്നത്തുനാട് താലൂക്കുതല ഉദ്ഘാടനം പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു

പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്താനുള്ള മംഗളം അക്ഷരജ്യോതി പദ്ധതിയുടെ  കുന്നത്തുനാട് താലൂക്കുതല ഉദ്ഘാടനം ബോയ്‌സ് എച്ച്.എസ്.എസില്‍ നടന്നു. കെ.എല്‍.എം ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍ മംഗളം ദിനപ്പത്രത്തിന്റെ കോപ്പികള്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ രാഹുല്‍ കെ, സിനു കെ ഇസ്മയില്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പാള്‍ നളിനകുമാരി വി അദ്ധ്യക്ഷത വഹിച്ചു. മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍ പോള്‍ മാത്യു പദ്ധതി വിശദീകരണം നടത്തി.
എസ്.എം.സി പ്രസിഡന്റ് ബിജു വറുഗീസ്, കെ.എല്‍.എം ഡിവിഷണല്‍ മാനേജര്‍ ബിജു കാക്കൂരാന്‍, മംഗളം പെരുമ്പാവൂര്‍ ലേഖകന്‍ സുരേഷ് കീഴില്ലം, സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ വി.പി, വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സര്‍ക്കുലേഷന്‍ സൂപ്പര്‍വൈസര്‍ ശ്രീജിത്ത്, അദ്ധ്യാപകരായ ഷാന്റി, സുശില എന്നിവര്‍ പങ്കെടുത്തു.

മംഗളം 1.08.2013

രായമംഗലം ഗ്രാമപഞ്ചായത്ത് പ്രതിഡന്റ് ജോയി പൂണേലി രാജി വച്ചു

പെരുമ്പാവൂര്‍: പാര്‍ട്ടിയ്ക്കുള്ളിലെ മുന്‍ധാരണ പ്രകാരം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി രാജി വച്ചു. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ കെ.കെ മാത്തുക്കുഞ്ഞിനാണ് ഇനി അവസരം.
കോണ്‍ഗ്രസ് ഡി.സി.സി അംഗവും കുറുപ്പംപടി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മാത്തുക്കുഞ്ഞ് ഇരുപത് വര്‍ഷമായി പഞ്ചായത്ത് അംഗമാണ്.
അടുത്തമാസം പകുതിയോടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അതുവരെ വൈസ്പ്രസിഡന്റ് അംബികാ മുരളീധരനാണ് ചുമതല.
ഇരുപത് അംഗ ഭരണസമിതിയില്‍ പന്ത്രണ്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് ഉള്ളത്. എല്ലാവരും ഐ വിഭാഗത്തില്‍ പെട്ടവരാണ്. സി.പി.എമ്മിന് എട്ട് അംഗങ്ങള്‍ ഉണ്ട്. 

മംഗളം 1.08.2013

ആലുവ-മൂന്നാര്‍ റോഡില്‍ വെള്ളക്കെട്ട്; അധികൃതര്‍ക്ക് അവഗണന

പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡില്‍ ആശ്രമം സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ട്  പരിഹരിക്കാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
റോഡിലെ മുന്നൂറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇടുങ്ങിയ കലുങ്കാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഉള്ളളവ് ഏറെ ചെറുതായ ഈ കലുങ്കിനകത്തുകൂടിയാണ് കുടിവെള്ള വിതരണ പൈപ്പുകളും ബി.എസ്.എന്‍.എല്‍-റിലയന്‍സ് ടെലഫോണ്‍ കേബിളുകളും കടന്നു പോകുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, വിവിധ സ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങള്‍ തുടങ്ങിയവ ഇവിടെ തങ്ങി നില്‍ക്കുകകൂടി ചെയ്യുന്നതിനാല്‍ മഴ പെയ്താല്‍ പ്രദേശത്ത് വെള്ളക്കെട്ട് ഉറപ്പാണ്. 
റോഡിനോട് ചേര്‍ന്ന ആശ്രമം സ്‌കൂള്‍-കോളജ് സമുച്ചയങ്ങള്‍, ബസ് സ്റ്റോപ്പ്, ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വീടുകളും വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്നു.
വലിപ്പം കൂട്ടി നീരൊഴുക്ക് സുഗമമാകത്തക്ക രീതിയില്‍ കലുങ്ക് പുനര്‍നിര്‍മ്മിക്കുക മാത്രമാണ് വെള്ളക്കെട്ടിനുള്ള ഏക പരിഹാരം. അതിനുപകരം പലപ്പോഴും ഇടുങ്ങിയ കലുങ്ക് താല്‍ക്കാലികമായി ശുചീകരിക്കുക മാത്രമാണ് പതിവ്. അതിന്റെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എം.സി ഐസക്, പോള്‍ ടി.സി, ജോര്‍ജ് എസ് തുടങ്ങിയവര്‍ ആരോപിക്കുന്നു.

മംഗളം 1.08.2013

മാന്തോട് പാടശേഖരത്തിന്റെ ബണ്ട് തകര്‍ന്നു; കൂവപ്പടിയില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍


പെരുമ്പാവൂര്‍: മാന്തോട് പാടശേഖരത്തിന്റെ  ബണ്ട് തകര്‍ന്ന് കൃഷി ഇറക്കാന്‍ പറ്റാത്ത സ്ഥിതിയിലായി.
കഴിഞ്ഞ സീസണില്‍ നാട്ടുകാരായ ചെറുപ്പക്കാരുടെ ശ്രമഫലമായി നൂറുമേനി വിളവെടുത്ത പാടശേഖരമാണിത്. ബണ്ട് കെട്ടി പാടം സംരക്ഷിക്കണമെങ്കില്‍ ഭീമമായ തുക വേണ്ടിവരുമെന്നുള്ളതുകൊണ്ട് ചെറുപ്പക്കാരായ കൃഷിക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. 
ഇരുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ഈ പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കി കൊടുക്കുവാന്‍ ത്രിതല പഞ്ചായത്തുകളിലെ മുഴുവന്‍ ജനപ്രതിനിധികളും അടിയന്തിരമായി നേതൃത്വം കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി വിന്‍സെന്റ് റാഫേല്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ആയത്തുപടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതിയെക്കുറിച്ച് വിലയിരുത്തുവാന്‍ കൂടിയ നേതൃയോഗത്തില്‍ പാര്‍ട്ടി നേതാക്കളായ സി.ആര്‍ പൗലോസ്, സി.ഒ വറുഗീസ്, തോമസ് പാറപ്പുറം, ഷാന്‍ മൈക്കിള്‍, പി.പി വറുഗീസ്‌കുട്ടി, പി.ഡി സ്റ്റീഫന്‍, ഷിബു ആട്ടുകാരന്‍, ജില്‍സണ്‍ ചുള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 1.08.2013

പൂനൂര്‍ ചേട്ടാക്കുളം റോഡരികില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നു

പെരുമ്പാവൂര്‍: പൂനൂര്‍ ചേട്ടാക്കുളം റോഡരികില്‍ കനാലിനോടു ചേര്‍ന്ന് അറവുമാലിന്യങ്ങള്‍ തള്ളുന്നത് പതിവായി.
കളപ്പുര ജിബുവിന്റെ ഒഴിഞ്ഞ പറമ്പിലേയ്ക്കാണ് പുലര്‍കാലങ്ങളില്‍  മാലിന്യങ്ങള്‍ തള്ളുന്നത്. 
ഇതിന്റെ ദുര്‍ഗന്ധം മൂലം പരിസരത്തു താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. പല ദിവസങ്ങളിലായി വെളുപ്പിന് നാലിനും അഞ്ചിനുമിടയിലുള്ള സമയത്ത് ബൈക്കിലാണ് കന്നുകാലി മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രദേശത്തെ തെരുവുവിളക്കുകള്‍ ഒന്നും കത്താത്തതിനാല്‍ പരിസരം മുഴുവനും ഇരുട്ടായിരിക്കും.  ഇക്കാര്യം പല തവണ പഞ്ചായത്തുമെമ്പറോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് പരിസരവാസികളുടെ ചെലവില്‍ ഇവിടെ തെരുവ് വിളക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ തള്ളുന്നത് നിയന്ത്രിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് വയലോരം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.  

മംഗളം 1.08.2013

സ്ത്രീത്വത്തെ അപമാനിക്കുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

പെരുമ്പാവൂര്‍: സ്ത്രീത്വത്തെ അപമാനിക്കുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം.
സ്വന്തം മുന്നണി അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി ഷാജുവിനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം അപമാനകരവും സ്ത്രീത്വത്തിനെതിരായ കടന്നാക്രമണവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനുമുന്‍പും പ്രസിഡന്റ് സ്ത്രീകളോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. 
പ്രസിഡന്റിന്റെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ കോണ്‍ഗ്രസ്സിലെ പതിമൂന്ന് പഞ്ചായത്തു മെമ്പര്‍മാരില്‍ ഏഴുപേരും  നിരന്തരം പ്രതിക്ഷേധത്തിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച, ഏകാധിപതിയായ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് കെ.ടി.ഷാജി, പി.കെ. ശശി, റെജീന ജലീല്‍ എന്നി പ്രതിപക്ഷ അംഗങ്ങളാണ് ആവശ്യപ്പെട്ടത്.

മംഗളം 1.08.2013