Wednesday, July 31, 2013

വെങ്ങോല പാറമട ദുരന്തം: പാറമടകള്‍ക്ക് നിരോധനം; നിര്‍മ്മാണ മേഖല സ്തംഭിച്ചെന്ന്

പെരുമ്പാവൂര്‍: വെങ്ങോലയില്‍ ഉണ്ടായ പാറമട ദുരന്തത്തെ തുടര്‍ന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പ് അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല സ്തംഭിച്ചെന്ന്.
നിരോധന ഉത്തരവ് അനവസരത്തിലാണ് എന്ന ആക്ഷേപവുമായി കേരള ക്വാറി ആന്റ് ക്രഷര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വെങ്ങോല- മഴുവന്നൂര്‍ മേഖല കമ്മിറ്റിയാണ് രംഗത്ത് എത്തിയിട്ടുള്ളത്. ജൂണ്‍ മാസാവസാനം ശക്തിപ്പെട്ട കാലവര്‍ഷക്കെടുതി മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പാറമടകളുടെ പ്രവര്‍ത്തനം നിരോധിച്ചത്. ജൂലൈ 23 ന് വെങ്ങോലയില്‍ ദുരന്തമുണ്ടായതോടെ നിരോധന കാലയളവ് നീട്ടുകയായിരുന്നു.
അതോടെ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നതടക്കമുള്ള ജില്ലയിലെ മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിയന്ത്രിച്ചു. ഇതേ തുടര്‍ന്ന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്രഷര്‍, സിമന്റ് ബ്രിക്‌സ്, പൊതുമരാമത്ത് നിര്‍മ്മാണ ജോലികള്‍, ഫ്‌ളാറ്റ്-കെട്ടിട നിര്‍മ്മാണ മേഖലകളിലെ വ്യവസായങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിസന്ധിയിലായി. ജില്ലയിലെ ഇരുപതിനായിരത്തോളം ടിപ്പര്‍ ലോറികളും നിശ്ചലമായി. ഇതിനുപുറമെ ഈ മേഖലകളിലൊക്കെ ഉള്‍പ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിത പൂര്‍ണമായി. 
പാറമട നിരോധനം അടിയന്തിരമായി പിന്‍വലിക്കണമെന്നും നിരോധനത്തിന്റെ മറവില്‍ റവന്യു പോലീസ് അധികാരികളില്‍ ചിലര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുന്‍ എം.എല്‍.എ എ.എം യൂസഫ്, സെക്രട്ടറി ഇ.എ സുകുമാരന്‍, കെ.ഒ ജോണ്‍സണ്‍, ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് ജില്ലാ സെക്രട്ടറി സി.വി ഐസക് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ നടരാജന്‍ (പ്രസിഡന്റ്), കെ.യു പൗലോസ് (വൈസ് പ്രസിഡന്റ്), ടി.വി എല്‍ദോസ് (സെക്രട്ടറി), അജി പോള്‍ (ജോ. സെക്രട്ടറി), വി.എന്‍ ഭാസ്‌കരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മംഗളം 31.07.2013


Tuesday, July 30, 2013

പ്രസിഡന്റിന്റെ അസഭ്യ വര്‍ഷം; ഒക്കല്‍ പഞ്ചായത്തിന് മുമ്പില്‍ വൈസ് പ്രസിഡന്റിന്റെ പ്രതിഷേധ സമരം

പെരുമ്പാവൂര്‍: മുറിയിലേക്ക് വിളിച്ചു വരുത്തി പ്രസിഡന്റ് അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി.
പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെതിരെ വൈസ് പ്രസിഡന്റ് മിനി ഷാജു നടത്തുന്ന സമരത്തിന് സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ മുഹമ്മദ് കുഞ്ഞ്, ടി.ജി ബാബു, മെമ്പര്‍മാരായ കെ.ഡി .ഷാജി, എം.വി ബെന്നി, കെ.പി പൈലി, ദീപ അനില്‍, എന്‍.ഒ ജോര്‍ജ് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മിനി ഷാജുവിനെ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പ്രസിഡന്റിന്റെ അസഭ്യ വര്‍ഷം. ഭരണ സമിതിക്കകത്തെ ചേരിപ്പോരാണ് ഇതിന് കാരണം. മിനി ഷാജു റൂറല്‍ എസ്.പിക്ക് പ്രസിഡന്റിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

മംഗളം 30.07.2013

കുടിവെള്ളം മുട്ടിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ജനകീയ മാര്‍ച്ച് നടത്തി

പെരുമ്പാവൂര്‍: പുല്ലുവഴിയിലെ ശുദ്ധജല വിതരണം താറുമാറാക്കാന്‍ സാദ്ധ്യതയുള്ള പ്ലൈവുഡ് കന്വനി നിര്‍മ്മാണത്തിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ജനകീയ മാര്‍ച്ച് നടത്തി.
പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
സമിതി വൈസ് ചെയര്‍മാന്‍ എം.എ കുഞ്ഞപ്പന്‍, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. വി.ഒ ജോയി, സെക്രട്ടറി എം.വി വറുഗീസ്, ജയകേരളം നഗര്‍ റസി. അസോസിയേഷന്‍ ഭാരവാഹികളായ ജി കൃഷ്ണകുമാര്‍, മുരുകേശന്‍ പുല്ലുവഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പതിനാറാം വാര്‍ഡില്‍ പുല്ലുവഴി ചങ്ങന്‍ചിറയ്ക്ക് സമീപമാണ് പുതിയ കമ്പനിയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. പെരിയാര്‍വാലി കനാലിനോട് ചേര്‍ന്നാണ് കമ്പനി നിര്‍മ്മാണം. കനാലിലേയും ചങ്ങന്‍ചിറയിലേയും വെള്ളം മലിനമായാല്‍ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടും. ഈ ചിറയില്‍ നിന്നാണ് പ്രധാന ശുദ്ധജല വിതരണം.
ഇതിനു പുറമെ കമ്പനിയുടെ മുന്നൂറു മീറ്റര്‍ പരിധിയിലുള്ള അമ്പതോളം കുടുംബങ്ങളും കമ്പനിയുടെ വരവോടെ ബുദ്ധിമുട്ടിലാകും. ഗവ.എല്‍.പി സ്‌കൂള്‍, നന്‌സറി, സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലങ്ങളും നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് അധികം ദൂരത്തല്ല. 
ഗ്രാമസഭയുമായി കൂടിയാലോചിയ്ക്കാതെയാണ് കമ്പനി സ്ഥാപിയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി കൊടുത്തതെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.

മംഗളം 30.07.2013

കുന്നത്തുനാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റുകള്‍ക്കുള്ള കെട്ടിടസമുച്ചയത്തിന് ശിലയിട്ടു

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പന്ത്രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കെട്ടിട സമുച്ചയത്തിന് സാജുപോള്‍ എം.എല്‍.എ ശിലയിട്ടു.
കാരുണ്യ ഫാര്‍മസി കെട്ടിടത്തിന്റെ ശിലാസ്ഥാപനം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ഡോ. കെ.എ ഭാസ്‌കരന്‍, അഡ്വ. എന്‍.സി മോഹന്‍, ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, ബിജു ജോണ്‍ ജേക്കബ്, കെ. ഹരി, ഷാജി സലിം, ബീവി അബൂബക്കര്‍,  പോള്‍ പാത്തിയ്ക്കല്‍, ജി സുനില്‍കുമാര്‍, അരുണ്‍ രംഗന്‍, ഡോ റോഷിത്, ഡോ.എം.എം ഷാനി എന്നിവര്‍ സംസാരിച്ചു. 
ജീവന്‍ രക്ഷാമരുന്നുകള്‍ എഴുപത് ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്നും ലഭ്യമാകുമെന്നും സാജുപോള്‍ എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍ നിന്നും ഒരുകോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

മംഗളം 30.07.2013

പലിശ മുടങ്ങിയതിനാല്‍ അനാഥ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

പെരുമ്പാവൂര്‍: പലിശ കൊടുക്കാന്‍ വൈകിയതിനാല്‍ അനാഥനായ യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. 
കൂവപ്പടി ഐമുറി തോപ്പില്‍ പരേതനായ രാമന്റെ മകന്‍ രാജേഷി (30) നേയാണ് മര്‍ദ്ദിച്ചത്. പണം പലിശക്കു കൊടുത്ത ആളും അയാളുടെ ജേഷ്ഠനും ഒന്നിച്ചെത്തി രാജേഷിനെ കമ്പി വടിക്ക് തലക്കടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ചതിനേ തുടര്‍ന്ന് യുവാവ് ഒറ്റക്കായിരുന്നു താമസം. കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
രണ്ടു വര്‍ഷം മുമ്പാണ് രാജേഷ് 20000 രൂപ പലിശക്ക് വാങ്ങുന്നത്. പത്തു രൂപയായിരുന്നു പരിശ നിരക്ക്. രണ്ടു വര്‍ഷക്കാലം പ്രതിമാസം 2000 രൂപ വീതം പലിശ കൊടുത്തു പോരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നതിനാല്‍ കഴിഞ്ഞ രണ്ടുമാസം പലിശ മുടങ്ങി. പലിശയും മുതലും മുടങ്ങിയ സാഹചര്യത്തില്‍ വീടും സ്ഥലവും തങ്ങളുടെ പേര്‍ക്ക് എഴുതി കൊടുക്കാന്‍ പലിശക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. കോടനാട് പോലീസ് കേസെടുത്തിട്ടുണ്ട്.

മംഗളം 30.07.2013

പി.പി തങ്കച്ചന് എഴുപത്തിയഞ്ച് തികഞ്ഞു; ആഘോഷങ്ങള്‍ അതി ലളിതം

യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എഴുപത്തിയഞ്ചാം പിറന്നാള്‍
 ദിനത്തില്‍ കൂവപ്പടി അഭയ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ സമ്മാനിക്കുന്നു
പെരുമ്പാവൂര്‍: യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ഇന്നലെ എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞു. പിറന്നാള്‍ ആഘോഷങ്ങള്‍ അതിലളിതം.
ഉച്ചകഴിഞ്ഞ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കേക്കുമുറിക്കല്‍. ആശംസകള്‍ നേരാന്‍ എത്തിയവര്‍ക്ക് ഓരോ ഗ്ലാസ് പായസം. അതിലേറെ പോയില്ല  ജന്മദിന ആഘോഷങ്ങള്‍.
എം.എല്‍.എമാരായ സാജുപോള്‍, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തിയിരുന്നു.
പെരുമ്പാവൂര്‍ നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സ്‌നേഹോപഹാരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം തങ്കച്ചന് സമ്മാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബാബു കൂനക്കാടന്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, കെ ഹരി, ബിജു ജോണ്‍ ജേക്കബ്, പോള്‍ പാത്തിക്കല്‍, പുഷ്പാ വറുഗീസ്, ബീവി അബൂബക്കര്‍, റോയി കെ വറുഗീസ്, രഘു പി.എസ്, അഡ്വ. എം.എന്‍ കനകലത, മിനി രാജന്‍, ബിജി സുജിത്ത് തുടങ്ങിയവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.
പിറന്നാള്‍ ദിവസമായ ഇന്നലെ തങ്കച്ചന്‍ കൂവപ്പടി അഭയഭവന്‍ അന്തേവാസികള്‍ക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചു. അഭയ ഭവനിലെ 250 അന്തേവാസികള്‍ക്ക് തങ്കച്ചന്‍ ബഡ്ഷീറ്റുകള്‍ വിതരണം ചെയ്തു.
കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി അവറാച്ചന്‍ തുടങ്ങിയവരും തങ്കച്ചന് ഒപ്പമുണ്ടായിരുന്നു. അഭയഭവന്‍ മാനേജിംഗ് ഡയറക്ടര്‍ മേരി എസ്തപ്പാനും തങ്കച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മംഗളം 30.07.2013

പരിസരവാസികള്‍ കുടിപ്പാര്‍പ്പ് സമരം തുടങ്ങി; കുളത്തുങ്ങമാലി പ്ലൈവുഡ് കമ്പനി അധികൃതര്‍ താത്കാലികമായി അടച്ചുപൂട്ടി

പെരുമ്പാവൂര്‍: കുളത്തുങ്ങമാലി പട്ടികജാതി കോളനിയിലേതുള്‍പ്പടെയുള്ള പരിസരവാസികള്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ അനിശ്ചിതകാല കുടിപ്പാര്‍പ്പ് സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ പ്രദേശത്തെ പ്ലൈവുഡ് കമ്പനി താത്കാലികമായി അടച്ചുപൂട്ടി.
രണ്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനിയ്‌ക്കെതിരെയായിരുന്നു സമരം. കമ്പനിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ടാണ് കമ്പനി അടച്ചുപൂട്ടിയത്.
കമ്പനിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം കോളനിയിലേയ്‌ക്കൊഴുക്കിയതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. ഒന്നര മാസം മുമ്പും ഇവിടേയ്ക്ക് കക്കൂസ് മാലിന്യം തുറന്നുവിട്ട സംഭവം ഉണ്ടായി. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. വീണ്ടും മാലിന്യം ഒഴുക്കിയതോടെയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്.
കുടിപ്പാര്‍പ്പ് സമരം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കുളത്തുങ്ങമാലി കര്‍മ്മസമിതി പ്രസിഡന്റ് ബിനു കുളത്തുങ്ങമാലി അദ്ധ്യക്ഷത വഹിച്ചു.
സമിതി കേന്ദ്രകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ പ്രസന്നന്‍, പ്രാദേശിക സമിതി സെക്രട്ടറി വി.എസ് ഷൈബു, കെ.കെ സുധീഷ്, ബൈജു കെ.കെ, വി.പി സുരേഷ്, ബാബു മുട്ടത്താന്‍, കെ.എ സന്ദീപ്, കെ.കെ ഹരിഹരന്‍, ദീപ, അജിത ചന്ദ്രന്‍, ലീല അശോകന്‍, മിനി രവി, ദര്‍ശന, വീണ ബിനേഷ്, ശ്രീജ ബൈജു, രാജി ബിജു, ലളിത നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മംഗളം 30.07.2013

Monday, July 29, 2013

പ്ലൈവുഡ് കമ്പനി പുല്ലുവഴിയില്‍ കുടിവെളളം മുട്ടിയ്ക്കും

പഞ്ചായത്ത് ഓഫീസിലേയ്ക്ക് ജനകീയ മാര്‍ച്ച് ഇന്ന്

പെരുമ്പാവൂര്‍: പുല്ലുവഴിയിലെ ശുദ്ധജല വിതരണം താറുമാറാക്കാന്‍ സാദ്ധ്യതയുള്ള പ്ലൈവുഡ് കന്വനി നിര്‍മ്മാണത്തിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ഇന്ന് ജനകീയ മാര്‍ച്ച്.
പതിനാറാം വാര്‍ഡില്‍ പുല്ലുവഴി ചങ്ങന്‍ചിറയ്ക്ക് സമീപമാണ് പുതിയ കമ്പനിയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. പെരിയാര്‍വാലി കനാലിനോട് ചേര്‍ന്നാണ് കമ്പനി നിര്‍മ്മാണം. കനാലിലേയും ചങ്ങന്‍ചിറയിലേയും വെള്ളം മലിനമായാല്‍ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടും. ഈ ചിറയില്‍ നിന്നാണ് പ്രധാന ശുദ്ധജല വിതരണം.
ഇതിനു പുറമെ കമ്പനിയുടെ മുന്നൂറു മീറ്റര്‍ പരിധിയിലുള്ള അമ്പതോളം കുടുംബങ്ങളും കമ്പനിയുടെ വരവോടെ ബുദ്ധിമുട്ടിലാകും. ഗവ.എല്‍.പി സ്‌കൂള്‍, നന്‌സറി, സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലങ്ങളും നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് അധികം ദൂരത്തല്ല.
ഗ്രാമസഭയുമായി കൂടിയാലോചിയ്ക്കാതെയാണ് കമ്പനി സ്ഥാപിയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി കൊടുത്തതെന്ന് കമ്പനിയെക്കെതിരെ രൂപം നല്‍കിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. വി.ഒ ജോയി, വറുഗീസ് എന്നിവര്‍ കുറ്റപ്പെടുത്തുന്നു.
കമ്പനി സ്ഥാപിയ്ക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30-ന് മാര്‍ച്ച് തുടങ്ങുമെന്നും തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം മുഴുവന്‍ നാട്ടുകാരും പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മംഗളം 29.07.2013

Sunday, July 28, 2013

സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് നാളെ 75 വയസ്സ്‌

പെരുമ്പാവൂര്‍: ഐക്യജനാധിപത്യമുന്നണി സംഭവബഹുലമായ സമ്മര്‍ദ്ദങ്ങളെ നേരിടുന്ന ഘട്ടത്തില്‍ മുന്നണിയുടെ അമരക്കാരന്‍  പി.പി തങ്കച്ചന് നാളെ 75 വയസ്സു തികയും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരു കേക്ക് മുറിയ്ക്കലില്‍ ആഘോഷങ്ങള്‍ ഒതുങ്ങും.
ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാനെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും നിയമസഭ സ്പീക്കര്‍ എന്ന നിലയിലും പിന്നിട്ടു പോന്നത് സുവര്‍ണ വഴിത്താരകള്‍. 
1967 ല്‍ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റെടുത്ത തങ്കച്ചന്‍ ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നി നിലക്ക് സംഘടനാ നേതൃരംഗത്തും അമരത്തെത്തി.
1968 മുതല്‍ പന്ത്രണ്ട് വര്‍ഷക്കാലമാണ് പെരുമ്പാവൂര്‍ നഗരസഭാ പിതാവായി സേവനം അനുഷ്ഠിച്ചത്. 82 മുതല്‍ രണ്ട് ദശാബ്ദക്കാലം  കേരള നിയമസഭയില്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചു. നാലുവര്‍ഷക്കാലമാണ് സ്പീക്കറായി നിയമസഭയെ നിയന്ത്രിച്ചത്. പിന്നീട് കൃഷിവകുപ്പ് മന്ത്രിയുമായി. 
ഇക്കാലത്താണ് കൃഷിക്കാര്‍ക്ക് സൗജന്യമായി വൈദ്യുതി ഏര്‍പ്പെടുത്തിയത്. കൃഷിയുടെ ധനാഭ്യാര്‍ത്ഥന ഐക്യകണ്‌ഠേന സഭ പാസാക്കിയിത് ഈ കാലഘട്ടത്തില്‍ തന്നെ. വോട്ടിംഗ് കൂടാതെ ഒരു ധനാഭ്യര്‍ത്ഥന നിയമസഭ പാസാക്കിയത് കേരള നിയമസഭയുടെ ചരിത്രത്തില്‍ അത് ആദ്യം.
പെരുമ്പാവൂര്‍ നഗരസഭയില്‍ ശുദ്ധ ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കിയതും മാര്‍ത്തോമ്മ കോളജ്, ഫയര്‍ സ്റ്റേഷന്‍, കെ.എസ്.ഇ.ബി ഡിവിഷന്‍-സര്‍ക്കിള്‍ ഓഫീസുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഡിവൈ.എസ്.പി ഓഫീസ്,  പെരുമ്പാവൂര്‍-കുറുപ്പംപടി സര്‍ക്കിള്‍ ഓഫീസുകള്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പെരുമ്പാവൂരിലെത്തുന്നത് ഇക്കാലത്താണ്. എം.എ.സി.ടി കോടതി, ഒക്കല്‍ പഞ്ചായത്ത്, വെങ്ങോല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കൂവപ്പടി പോളിടെക്‌നിക് എന്നിങ്ങനെ ഈ പട്ടിക നീളും. കൂടാതെ പാത്തിപ്പാലം, തോട്ടുവ പാലം, റോഡുകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ വേറേയും.
പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാതെ സൂക്ഷിച്ചിട്ടുള്ള തങ്കച്ചന്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സഹായിക്കാനും മനസ്സുകാട്ടാറുണ്ട്. യു.ഡി.എഫിലെ എല്ലാ കക്ഷികളേയും ഭിന്നിച്ചുപോകാതെ നയിക്കാന്‍ തങ്കച്ചന്റെ പക്വതയുള്ള സമീപനം ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങേയറ്റം പ്രക്ഷുബ്ദ്ധമായ നീണ്ട ഏഴുവര്‍ഷക്കാലം യു.ഡി.എഫിന്റെ അമരക്കാരനായിരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്. 

മംഗളം 28.7.2013

ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക വൈസ് പ്രസിഡന്റിന് അസഭ്യവര്‍ഷം

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്  വൈസ് പ്രസിഡന്റ് മിനി ഷാജുവിന് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞെന്ന് പരാതി. മുഖത്തേയ്ക്ക് കാല്‍ക്കുലേറ്റര്‍ വലിച്ചെറിയുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് അകത്തെ ആഭ്യന്തര ചേരിപ്പോരാണ് കാരണം. റൂറല്‍ എസ്.പിയ്ക്ക് മിനി പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മിനി ഷാജുവിനെ പ്രസിഡന്റ് തന്റെ റൂമിലേയ്ക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു ഇത്. സാരിയുരിഞ്ഞ് വരാന്തയിലിട്ട്  അടിയ്ക്കുമെന്നും ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ ജേഷ്ഠനേയും അപായപ്പെടുത്തുമെന്നും പ്രസിഡന്റ് ഭീഷണി മുഴക്കിയതായി വൈസ് പ്രസിഡന്റ് പരാതിയില്‍ പറയുന്നു. ഇതിനു മുമ്പ് ഫോണിലൂടെ തന്നെ അസഭ്യം വിളിച്ചുവെന്നും ഇവര്‍ പറയുന്നു.
പഞ്ചായത്തിലെ ഭരണപക്ഷത്തിനകത്തെ ഭിന്നതയാണ് കയ്യാങ്കളിയിലേയക്ക് എത്തിയിരിയ്ക്കുന്നത്. പതിനാറംഗ ഭരണസമിതിയില്‍ ഇവിടെ യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ഏഴുപേരും പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിന് എതിരാണ്. നേതൃമാറ്റത്തിന് വേണ്ടി ഇവിടെ ആവശ്യമുയര്‍ന്നുവെങ്കിലും അന്‍വറിന് പാര്‍ട്ടി മേല്‍ഘടകങ്ങളിലുള്ള സ്വാധീനം മൂലം അത് പരിഗണിയ്ക്കപ്പെട്ടിരുന്നില്ല.
ഇതിനു പുറമെ, ഇവിടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുകൂട്ടാറുമില്ല. യോഗം വിളിയ്ക്കണമെന്ന് ആവശ്യപ്പെട്ട്  പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മിനി ഷാജു കത്തു നല്‍കിയപ്പോള്‍ അന്‍വര്‍ അത് വലിച്ചുകീറി മുഖത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് മിനി ഷാജു മുന്‍ക്‌യ്യെടുത്ത് കഴിഞ്ഞമാസം യോഗം വിളിച്ചുകൂട്ടി. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന അന്‍വറിനെ മാറ്റുകയും ചെയ്തു.
ഇതു കൂടാതെ, പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഭരണസമിതി യോഗത്തില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തുന്നതും പതിവായിരുന്നു. പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകള്‍ വച്ചുപൊറിപ്പിയ്ക്കില്ലെന്ന നിലപാടാണ് മിനി ഷാജു അടക്കമുള്ള മറ്റു മെമ്പര്‍മാര്‍ കൈക്കൊള്ളുന്നത്.
ഇതില്‍, പ്രകോപിതനായാണ് വൈസ്പ്രസിഡന്റിനെതിരെ അന്‍വര്‍ മുണ്ടേത്ത് പ്രതികരിച്ചതെന്നു കരുതുന്നു. 
സ്തീയായ തനിയ്‌ക്കെതിരെയുണ്ടായ അസഭ്യവര്‍ഷത്തിനും മാനസിക പീഡനത്തിനുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മിനി ഷാജുവിന്റെ തീരുമാനം.

മംഗളം 28.7.2013

ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ 98 ലക്ഷത്തിന്റെ ടൂറിസം പദ്ധതി

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നാഗഞ്ചേരി മനയോടനുബന്ധിച്ച് 98 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതിയായി.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ താത്പര്യ പ്രകാരം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസം മന്ത്രി എ.പി അനില്‍ കുമാറാണ് അറിയച്ചത്.
പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, ഷട്ടില്‍-വോളിബോള്‍ കോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം പറഞ്ഞു. ആറുമാസം കൊണ്ട് പണി പൂര്‍ത്തികരിയ്ക്കാനാണ് ഉദ്ദേശ്ശിയ്ക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഇരിങ്ങോള്‍ നാഗഞ്ചേരി മനയും പരിസരവും മുമ്പ് നഗരസഭ കേരള ലളിത കലാ അക്കാദമിയ്ക്ക് വിട്ടുകൊടുത്തിരുന്നു. അക്കാദമി ഇവിടെ കലാഗ്രാമം സ്ഥാപിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
കലാകാരന്‍മാര്‍ക്ക് വനത്തിന്റെ അന്തരീക്ഷത്തില്‍ സൃഷ്ടി നടത്താനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ഇതിന് വേണ്ടി ദേശീയ അന്തര്‍ദേശീയ ചിത്രകാരന്‍മാരേയും ശില്‍പികളേയും പങ്കെടുപ്പിച്ച് ഇവിടെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രശസ്തരായ കലാകാരന്‍മാര്‍ ഇവിടെ താമസിച്ച് നിര്‍മ്മിച്ച ശില്പങ്ങളും മറ്റു കലാരൂപങ്ങളും പിന്നീട് കാടുകയറി നശിച്ചു.
ഇതേതുടര്‍ന്നാണ് നാഗഞ്ചേരി മന വീണ്ടും നഗരസഭ തിരിച്ചുപിടിയ്ക്കുന്നത്. സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുടങ്ങിയ പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇരിങ്ങോളില്‍  വികസനം പ്രതീക്ഷിച്ചെങ്കിലും അതും വേണ്ട മട്ടില്‍ സഫലമായില്ല. 
ഈ സാഹചര്യത്തിലാണ് നാഗഞ്ചേരി മന വികസനത്തിന് വീണ്ടും തുക അനുവദിച്ചിരിയ്ക്കുന്നത്. പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയില്‍ വലിയ പ്രാധാന്യമുള്ള ഇടങ്ങളാണ് ഇരിങ്ങോള്‍ കാവും നാഗഞ്ചേരി മനയും.
മംഗളം 28.7.2013

Saturday, July 27, 2013

പെരുമ്പാവൂരില്‍ നടുറോഡിലും സ്‌കൂള്‍ വളപ്പുകളിലും കന്നുകാലികള്‍ അലഞ്ഞുതിരിയുന്നു

പെരുമ്പാവൂര്‍: നഗരസഭയിലെ നടുറോഡിലും സ്‌കൂള്‍ വളപ്പുകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഭീഷണിയാവുന്നു.
ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പാണ് കന്നുകാലികളുടെ പ്രധാന താവളം. ഇവിടെ സ്‌കൂള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കന്നുകാലികള്‍ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. ഇതിനു പുറമെ വാഹന ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവിലൂടെയാണ് കന്നുകാലികളുടെ സൈ്വര്യവിഹാരം. ഇതുമൂലം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിയ്ക്കുന്നവര്‍ പലപ്പോഴും അപകടത്തില്‍ പെടുന്നത് പതിവാണെന്ന് റോയല്‍ ബുള്ളറ്റ് ക്ലബ് ഭാരവാഹിയായ ബിജു കാക്കൂരാന്‍ പറയുന്നു.
ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന കന്നുകാലികളെ കഴിഞ്ഞ ദിവസം നഗരസഭ അധികൃതര്‍ പിടിച്ചുകെട്ടിയിരുന്നു. 
പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കിയ ഏഴ് കന്നുകാലികളെയാണ് അധികൃതര്‍ പിടികൂടി പൗണ്ടിലടച്ചത്. അന്വേഷിച്ചെത്തിയ ഉടമസ്ഥരോട് കന്നുകാലികളെ മേലില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷമാണ് വിട്ടുകൊടുത്തത്. ഓരോരുത്തരില്‍ നിന്നും നിയമാനുസൃതമുള്ള പിഴ ഈടാക്കുകയും ചെയ്തു. 
പിഴ അടച്ചു വിട്ടുകൊടുത്ത ഉരുക്കളെ വീണ്ടും അലഞ്ഞുതിരിയാന്‍ വിട്ടാല്‍ ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് സെക്രട്ടറി അറിയിച്ചിരുന്നു. ഉരുക്കളെ ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.
എങ്കിലും റോഡില്‍ നിന്ന് കന്നുകാലികള്‍ ഒഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മംഗളം 27.07.2013

വ്യാജ ലൈസന്‍സ്: രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍

അനു 

 ബിജു
പെരുമ്പാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായി.
ഓട്ടോ കണ്‍സള്‍ട്ടന്റ്മാരായ കാലടി എടിയാട്ടുകുടി അനു (28), വെങ്ങോല കൊല്ലമ്മാവുകുടി ബിജു (38) എന്നിവവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ കാരാട്ടുപള്ളിക്കര വാരിക്കാടന്‍ വീട്ടില്‍ ഷെമീര്‍ (38), കാലടി കൊറ്റമം ഓട്ടോക്കാരന്‍ വീട്ടില്‍ വറുഗീസ് (47) എന്നിവര്‍ വ്യാഴാഴ്ച പിടിയിലായിരുന്നു.
ഡ്രൈവിങ്ങ് ടെസ്റ്റുകളൊന്നും നടത്താതെ തമിഴ്‌നാട്ടിലുണ്ടാക്കുന്ന വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ പതിവ്. ഏഴായിരം രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കിയാല്‍ തമിഴ് നാട് സര്‍ക്കാരിന്റെ ലൈസന്‍സ് സംഘടിപ്പിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. 
തമിഴ്‌നാട്ടില്‍ വ്യാജമായി നിര്‍മ്മിയ്ക്കുന്ന ലൈസന്‍സ് കേരളത്തിലെ ആര്‍.ടി ഓഫീസുകളില്‍ വിലാസം മാറ്റാന്‍ നല്‍കി ഒറിജിനലാക്കി മാറ്റുകയാണ് പതിവ്. ഇതിനു വേണ്ടി അപേക്ഷകര്‍ തമിഴ്‌നാട്ടിലെ കമ്പനിജീവനക്കാരായിരുന്നുവെന്നും കേരളത്തിലേയ്ക്ക് സ്ഥലം മാറിയെന്നും കൃത്രിമമായി രേഖയുണ്ടാക്കും. ഏഴാം ക്ലാസ് പാസാകത്തവര്‍ക്ക് പോലും ലൈസന്‍സ് ഇവര്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ലൈസന്‍സുകള്‍ വിലാസം മാറ്റാനായി തുടര്‍ച്ചയായി ലഭിച്ചതിനെ തുടര്‍ന്ന് ആര്‍.ടി ഓഫീസ് ജീവനക്കാര്‍ക്ക് ഉണ്ടായ സംശയമാണ് പ്രതികളെ കുടുക്കിയത്. ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ഇതു സംബന്ധിച്ച സൂചനകള്‍ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

മംഗളം 27.07.2013

പി.കെ.വി- മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്: സുധാകര റെഡ്ഡി

പുല്ലുവഴിയില്‍ പി.കെ.വി സ്മാരക മന്ദിരം തുറന്നു

പെരുമ്പാവൂര്‍: മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പി.കെ.വാസുദേവന്‍ നായരെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി. പുല്ലുവഴിയില്‍ പണിതീര്‍ത്ത പി.കെ.വി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. അമര്‍ത്യാ സെന്നിന് നല്‍കിയ ഭാരത രത്‌ന തിരിച്ചേല്‍പ്പിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പിയുടെ നിലപാട് ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. ഇത്തരം ഘട്ടങ്ങളിലാണ് പി.കെ.വിയെപ്പോലുള്ള പാര്‍ലമെന്റേറിയന്‍മാരുടെ അഭാവം രാജ്യം തിരിച്ചറിയുന്നതെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പി.കെ.വി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എസ് ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനം ഒഴിയാന്‍ മടി കാണിയ്ക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനം സസന്തോഷം ഒഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലേയ്ക്ക് മടങ്ങിയ പി.കെ.വിയെപ്പോലുള്ളവര്‍ ഒരു വിസ്മയമാണെന്ന്
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പി.കെ.വിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എന്‍ ചന്ദ്രന്‍, കെ.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി രാജേന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗം കമല സദാനന്ദന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.രാജു, സാജുപോള്‍ എം.എല്‍.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലില്‍, സി.പി.ഐ നേതാക്കളായ കെ.എം ദിനകരന്‍, ഇ.കെ ശിവന്‍, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, മുന്‍ എം.എല്‍.എ ബാബുപോള്‍, സി.വി ശശി, കെ.കെ അഷ്‌റഫ്, കെ.പി റെജി മോന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 27.07.2013

Friday, July 26, 2013

വ്യാജ ലൈസന്‍സ്: രണ്ടുപേര്‍ പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കിയ രണ്ടുപേര്‍ പോലീസ് പിടിയിലായി.
ഓട്ടോ കണ്‍സള്‍ട്ടന്റ്മാരായ കാരാട്ടുപള്ളിക്കര വാരിക്കാടന്‍ വീട്ടില്‍ ഷെമീര്‍ (38), കാലടി കൊറ്റമം ഓട്ടോക്കാരന്‍ വീട്ടില്‍ വറുഗീസ് (47) എന്നിവരാണ് പിടിയിലായത്.
വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടാക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ കേരളത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്ടിലുണ്ടാക്കുന്ന ലൈസന്‍സ് കേരളത്തിലെ ആര്‍.ടി ഓഫീസുകളില്‍ വിലാസം മാറ്റാന്‍ നല്‍കി ഒറിജിനലാക്കി മാറ്റുകയാണ് പതിവ്. ഏഴാം ക്ലാസ് പാസാകത്തവര്‍ക്ക് പോലും ലൈസന്‍സ് ഇവര്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നു.
അഞ്ചു ലൈസന്‍സുകള്‍ വിലാസം മാറ്റാനായി ഒരുമിച്ച് നല്‍കിയതിനെ തുടര്‍ന്ന് ആര്‍.ടി ഓഫീസ് ജീവനക്കാര്‍ക്ക് ഉണ്ടായ സംശയമാണ് പ്രതികളെ കുടുക്കിയത്. ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ഇതു സംബന്ധിച്ച സൂചനകള്‍ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ പേരെ ഈ കേസുമായി ബന്ധപ്പെട്ട് കണ്ടെത്താനുണ്ട്.

മംഗളം 26.07.2013



കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചു

വിസ തട്ടിപ്പ്

പെരുമ്പാവൂര്‍: കോടതി  കേസെടുക്കാന്‍  ഉത്തരവിട്ടിട്ടും വിസ തട്ടിപ്പുമായി ബന്ധപ്പെട്ട യുവതിയെ പിടികൂടിയ ശേഷം പോലീസ് നിരുപാധികം വിട്ടയച്ചു. യുവതി കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂര്‍ എണ്ണക്കാട് തുണ്ടിത്തറയില്‍ വീട്ടില്‍ സൂരജ് സോമന്റെ ഭാര്യ ധന്യ സുരജി (25) നേയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചത്. 
കൂവപ്പടി  ചേരാനല്ലൂര്‍ തേയ്ക്കാനത്ത് വീട്ടില്‍ ജോസഫ് സെബാസ്റ്റ്യന് സിങ്കപ്പൂരിലേയ്ക്കുള്ള വിസ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല. ഇതേതുടര്‍ന്ന് ജോസഫ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ.ബേസില്‍ ജോയി മുഖാന്തിരം സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് ബോദ്ധ്യപ്പെട്ട കോടതി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ ഉത്തരവായി.
ഇതേ തുടര്‍ന്നാണ് മൂന്നാഴ്ച മുമ്പ് ടൗണിലെ വാടക വീട്ടില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാം പ്രതിയായ ധന്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം അന്നു രാത്രി തന്നെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. കോടതി നിര്‍ദ്ദേശം അനുസരിച്ച് പിടികൂടിയ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ പോലും തയ്യാറാകാതെയാണ് ധന്യയെ  വിട്ടയച്ചത്. യുവതി ഇപ്പോള്‍ ഒളിവിലാണ്. 
സംഭവം അറിഞ്ഞ പരാതിക്കാരന്‍ അന്വേഷണ പുരോഗതി അറിയണമെന്നാവശ്യപ്പെട്ട് കോടതിയ്ക്ക് അപേക്ഷ നല്‍കി. അതനുസരിച്ച് പോലീസ് കോടതിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞതിനാല്‍ അവരെ വിട്ടയച്ചുവെന്ന് വ്യക്തമാക്കിയത്.
2012 ഡിസംബര്‍ മൂന്നാം തീയതി എഴുതി തയ്യാറാക്കിയ കരാര്‍ അനുസരിച്ചാണ് ജോസഫ് ധന്യയ്ക്ക് പണം കൈമാറിയത്. ഹാപ്പി കോപ്പിറ്റം എന്ന ഹോട്ടലില്‍ പ്രതിമാസം 65000 രൂപ ശമ്പളത്തില്‍ ഷെഫിന്റെ ജോലി നല്‍കാം എന്നായിരുന്നു കരാര്‍. ഇതനുസരിച്ച് പതിന്നാലിന് നെടുമ്പാശ്ശേരിയില്‍ നിന്ന് സിങ്കപ്പൂരിന് പോയെങ്കിലും സൂരജ് അയച്ചുകൊടുത്ത വിസ വ്യാജമായിരുന്നതിനാല്‍ ജോസഫിനെ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ അവിടെ തടഞ്ഞുവയ്ക്കുകയായിരുന്നു. മടങ്ങിയെത്തിയ ജോസഫിന് ശരിയായ വിസ ഉടനെ ലഭിയ്ക്കുമെന്ന് ധന്യ  വിശ്വസിപ്പിച്ചു. 
രണ്ടു മാസം പിന്നിട്ടിട്ടും വിസയോ കൊടുത്ത പണമോ ലഭിയ്ക്കാതെ വന്നപ്പോഴാണ് താന്‍ വഞ്ചിയ്ക്കപ്പെട്ടുവെന്ന് ജോസഫിന് മനസ്സിലായത്. എഴുതി തയ്യാറാക്കിയ കരാറും സൂരജുമായി ജോസഫ് നടത്തിയ ഇ മെയില്‍ സന്ദേശങ്ങളും സംഭവത്തിന് തെളിവായുണ്ട്. ഇതൊന്നും പരിശോധിയ്ക്കാതെയാണ് യുവതിയെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത്  പോലീസ് അവരെ വിട്ടയച്ചത്.
ഇതിനു പുറമെ, വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷനിലും കാലടി പോലിസ് സ്റ്റേഷനിലും സൂരജിനെതിരെ കേസുകളുണ്ട്. ഇതും പെരുമ്പാവൂര്‍ പോലീസ് കണ്ടില്ലെന്ന് നടിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമല്ലാത്ത പോലീസ് അന്വേഷണത്തിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് സെബാസ്റ്റ്യന്‍ വീണ്ടും കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.

മംഗളം 26.07.2013



കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് കോടനാട്ടെ ആനകളെ മാറ്റാന്‍ നീക്കം

കോടനാട് റേഞ്ച് ഓഫീസില്‍ കുത്തിയിരുപ്പ് സമരം


പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയിലെ ആനകളെ കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം. ഇതിനു പുറമെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിട്ടുമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിലാണ് കോടനാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരുപ്പ് സമരം നടന്നത്. പതിനേഴു വയസ്സുള്ള നീലകണ്ഠന്‍, ഒമ്പതുവയസുകാരി ആശ എന്നി ആനകളെയാണ് കോട്ടൂരിലേയ്ക്ക് മാറ്റുന്നത്. 125 വര്‍ഷം പഴക്കമുള്ള കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നതാണ് വനം വകുപ്പിന്റെ ന്യായീകരണം.
അഞ്ചു കിലോമീറ്റര്‍ ദൂരം പെരിയാര്‍ തീരവും 250 ഏക്കര്‍ സര്‍ക്കാര്‍ വനവും ഉള്ള കോടനാട് അഭയാരണ്യം പദ്ധതി അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ആനകളെ കോട്ടൂര്‍ക്ക് മാറ്റുന്നതെന്ന് ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം എം.പി പ്രകാശ് മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു. ആനകളുടെ പ്രജനനത്തിന് കേരളത്തില്‍ കോട്ടൂരു മാത്രമേ സൗകര്യമുള്ളുവെന്ന വനം വകുപ്പിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ കോടനാട് നിരവധി ആനക്കുട്ടികള്‍ക്കും മാനുകള്‍ ഉള്‍പ്പടെയുള്ള മറ്റു മൃഗങ്ങള്‍ക്കും ജീവഹാനിയുണ്ടായിട്ടും ഇവിടേയ്ക്ക് സ്ഥിരം ഡോക്ടറെ നിയമിയ്ക്കാനും വനം വകുപ്പ് തയ്യാറായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി പരിഗണിയ്ക്കപ്പെടാന്‍ ഇടയുള്ള അഭയാരണ്യത്തിന്റെ സാദ്ധ്യതകള്‍ക്ക് നേരെ വനം വകുപ്പ് അവഗണന പുലര്‍ത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പരാതിയിലുണ്ട്.
റേഞ്ച് ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരുപ്പ് സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മനോജ് മൂത്തേടന്‍, ബേബി തോപ്പിലാന്‍, ആന്റു ഉതുപ്പാന്‍, ജോഷി സി പോള്‍, ദേവച്ചന്‍ പടയാട്ടില്‍, സി.ജെ റാഫേല്‍, സുന്ദരന്‍ ചെട്ടിയാര്‍, എല്‍ദോസ് നടയ്ക്കല്‍ എന്നിവരും പങ്കെടുത്തിരുന്നു.

മംഗളം 26.07.2013



ടി.എസ് ബാലന്‍ നിര്യാതനായി

പെരുമ്പാവൂര്‍: ക്രൈസ്തവ ചിന്തകനും എഴുത്തുകാരനുമായിരുന്ന വളയന്‍ചിറങ്ങര തുരുത്തിപ്ലി ആനന്ദഭവന്‍ ടി.എസ് ബാലന്‍ (ബാലകൃഷ്ണന്‍ നായര്‍-57) നിര്യാതനായി. മൃതദേഹം മലമുറി സാംസണ്‍ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വച്ചശേഷം പെരുമ്പാവൂര്‍ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് സെമിത്തേരിയില്‍ ഉച്ചയ്ക്ക് 12.30 ന് സംസ്‌കരിക്കും.
പതിനെട്ടാം വയസില്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് വഴി മാറിയ ബാലന്‍ പത്ത് വര്‍ഷത്തോളം നാഗാലാന്റില്‍ സ്വന്തമായി സ്‌കൂള്‍ നടത്തിയിരുന്നു. പിന്നീട് പെരുമ്പാവൂരില്‍ നിന്നും ദി ഡിഫെന്റര്‍ എന്ന ക്രിസ്ത്യന്‍ ദൈ്വവാരിക തുടങ്ങി.  പെരുമ്പാവൂര്‍ ന്യൂസ് എന്ന  പേരില്‍ ഒരു പ്രാദേശിക പത്രവും ഇദ്ദേഹം നടത്തിയിരുന്നു. ക്രൈസ്തവ സഭകളിലെ അനീതികള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ബാലനും പ്രസിദ്ധീകരണവും പലപ്പോഴും നിയമക്കുരുക്കുകളില്‍പ്പെട്ടു.
അടിസ്ഥാന വേദോപദേശങ്ങള്‍, മരിച്ചവരെവിടെ തുടങ്ങിയ പത്തോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഭാര്യ: അനന്ദവല്ലി. മക്കള്‍: പരേതനായ അഭീഷ്, അനീഷ്, അനിത, അജിത, അക്‌സ.

മംഗളം 26.07.2013



പാറമട ദുരന്തം വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: നാലുപേരുടെ ജീവന്‍ അപഹരിച്ച പാറമട ദുരന്തം വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന്  നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നുപോലും ഇവിടെ പാലിച്ചിരുന്നില്ല.
പഞ്ചായത്ത് ഓഫീസിന്റെ തൊട്ടുപിന്നില്‍ പാറമട അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു.  ലൈസന്‍സില്ലാതെയും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിയ്ക്കാതെയും അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ക്കെതിരെ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നറിയിപ്പിന് വെങ്ങോലയില്‍ കല്‍പ്പിച്ചത് പുല്ലുവില.
കരിങ്കല്‍ ഖനനം നടത്തിയ ശേഷം ഉപേക്ഷിയ്ക്കുന്ന കുഴികള്‍ മണ്ണിട്ടു മൂടണമെന്നും പാറമടകള്‍ക്ക് ചുറ്റും കമ്പിവേലി കെട്ടിത്തിരിയ്ക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വെങ്ങോലയില്‍ അതൊന്നും ഉണ്ടായില്ല. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ആഴങ്ങളിലേയ്ക്ക് പാറമട കുഴിച്ചതും ഭീതി ഉളവാക്കുന്ന അഗാധത സൃഷ്ടിച്ചതും അധികൃതര്‍ കണ്ടില്ല. 
ഇതിനു പുറമെ നിയമം ലംഘിച്ച് പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  കഴിഞ്ഞ മെയ് മാസത്തില്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. ഉടമകളുടെ സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്വാറികളിലെ നിയമ ലംഘനത്തിന് ഒത്താശ ചെയ്യുകയാണെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
2008-ല്‍ മനുഷ്യാവകാശ കമ്മീഷനായിരുന്ന ജസ്റ്റീസ് എന്‍ ദിനകര്‍ പാറമടകള്‍ സംബന്ധിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന 13 നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിരുന്നില്ല. സംസ്ഥാന മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 6686 പാറമടകളാണ് ഉള്ളത്. ഇതില്‍ 1789 പാറമടകളും മലപ്പുറം ജില്ലയിലാണ്. എന്നാല്‍ ഔദ്യോഗികമായ ഈ കണക്കുകളിലും വളരെ ഏറെയാണ് അനധികൃത പാറമടകളുടെ എണ്ണം എന്നതാണ് വസ്തുത.
വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണം തന്നെ ക്വാറി-ക്രഷര്‍-പ്ലൈവുഡ് മാഫിയകളാണെന്നാണ് ആക്ഷേപമുള്ളത്.

മംഗളം 26.07.2013



Thursday, July 25, 2013

രാവും പകലും അവര്‍ തെരഞ്ഞു...ജീവന്റെ ഒരു തുടിപ്പിനായി

തെരച്ചില്‍ നീണ്ടത് 35 മണിക്കൂര്‍ 

പെരുമ്പാവൂര്‍: രാവും പകലും കടന്നു പോയത് അവര്‍ അറിഞ്ഞില്ല. ഇടയില്‍ മാനമിരുണ്ടതും മഴപെയ്തതും ആരും ശ്രദ്ധിച്ചില്ല.
ഒരൊറ്റ ലക്ഷ്യം.
നേര്‍ത്ത ഒരു ചലനം. ജീവന്റെ ഒരു തുടിപ്പ്.
അതുണ്ടാവില്ലെന്ന് പതുക്കെപ്പതുക്കെ തിരിച്ചറിയുമ്പോഴും അവര്‍ തളര്‍ന്നില്ല. ഒരു നിമിഷം വിശ്രമിച്ചുമില്ല.
ഫയര്‍ ഫോഴ്‌സും പോലീസും നിസ്സഹായരായി നോക്കി നില്‍ക്കെ നാട്ടുകാരും പാറമട ത്തൊഴിലാളികളുമാണ്, മുകളില്‍ നിന്ന് അടര്‍ന്നു പോന്ന കൂറ്റന്‍ പാറക്കല്ലിനോട് മല്ലിട്ടത്. പാറയില്‍ കുഴിയടിച്ച് വെടിവച്ചു പൊട്ടിച്ചു. മൂന്നു ജെ.സി.ബികള്‍ ഉപയോഗിച്ച്, പൊട്ടിച്ച പാറക്കല്ലുകള്‍ നിരന്തരം നീക്കി. 
ശക്തമായ സ്‌ഫോടനം സാദ്ധ്യമല്ല. അത് ഒരു പക്ഷെ വീണ്ടും മട ഇടിയാന്‍ കാരണമാകും. അതീവ ശ്രദ്ധയോടെയാണ് ഒരോ പ്രവര്‍ത്തനങ്ങളും.
അങ്ങനെ കടന്നു പോയത് മുപ്പത്തിയഞ്ചു മണിക്കൂറുകളാണ്.
മണ്ണിനടിയില്‍പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ ശ്രുതി ബിജു, കാടായത്ത് മുരളി, കറുകപ്പിള്ളി ഷാജി എന്നിവരാണ് തെരച്ചിലിന് നേതൃത്വം കൊടുത്തത്. ജെ.സി.ബി ഓപ്പറേറ്റര്‍മാരായ എല്‍ദോസും മോഹനനും അവരുടെ രണ്ടു സഹായികളും ഒരു നിമിഷം പോലും വിശ്രമിച്ചില്ല.
രാത്രിയായതോടെ ഉയര്‍ന്ന വെളിച്ചമുള്ള ഫ്‌ളൂറസെന്റ് വിളക്കുകള്‍ സ്ഥാപിച്ചു.  തെരച്ചില്‍ നടത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും വെള്ളവും എത്തിയ്ക്കാനും നാട്ടുകാര്‍ ശ്രദ്ധവച്ചു.
അതേസമയം സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ പലപ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി. തള്ളിക്കയറുന്ന ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസ് നോക്കുകുത്തികളായി.
ഒടുവില്‍, യന്ത്രക്കൈയില്‍ തകര്‍ന്ന ഒരു മൃതദേഹം. ഉടന്‍ ജെ.സി.ബി പ്രവര്‍ത്തനം നിര്‍ത്തി. കൈകൊണ്ട് മണ്ണു മാറ്റലായി പിന്നെ. കിട്ടിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഒഡീഷക്കാരന്‍ റമാ കാന്താണ് എന്ന് ഒരു വിഭാഗം. വിജയനാണെന്ന് മറ്റൊരു വിഭാഗം. തര്‍ക്കം തുടരുന്നതിന്നിടയില്‍ മൃതദേഹം ആംബുലന്‍സിലേയ്ക്ക് മാറ്റുന്നതിന്റെ തിരക്ക്.
പിന്നെ കണ്ടത് രണ്ടു കാലുകളാണ്. പൂര്‍ണ്ണശരീരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മെല്ലെ മണ്ണ് മാറ്റാന്‍ തുടങ്ങി. ഇതിനിടെ മാറ്റൊരു ഭാഗത്തു നിന്ന് അരയ്ക്ക് മുകളിലേയ്ക്കുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചു.. അപ്പോഴാണ് ആദ്യം കണ്ടത് വിച്ഛേദിയ്ക്കപ്പെട്ട കാലുകള്‍ മാത്രമാണെന്ന് വ്യക്തമായത്.. ആ നേരവും മുഖം വ്യക്തമായിട്ടില്ല. കഴുത്തില്‍ കിടന്ന അഞ്ചു പവന്റെ മാലയാണ് അടയാളമായത്. സന്തോഷിന്റെ ആകെയുള്ള സമ്പാദ്യമായ മാലയെ പറ്റി ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
പിന്നെ ഇരുപത് മിനിറ്റുകള്‍ക്ക

മംഗളം 25.07.2013

വെങ്ങോലയിലെ പാറമടയില്‍ നിന്ന് നാലു മൃതദേഹങ്ങളും കണ്ടെടുത്തു

പെരുമ്പാവൂര്‍: മുപ്പത്തിയഞ്ച് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ വെങ്ങോലയിലെ പാറമടയില്‍ കൂറ്റന്‍ പാറക്കല്ലിനിടയില്‍ പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
വളയന്‍ചിറങ്ങര ഈരേത്ത് വീട്ടില്‍ സന്തോഷ് (46), വളയന്‍ചിറങ്ങര ചെറുകരക്കുടി വീട്ടില്‍ വിജയന്‍ (48), വീട്ടൂര്‍ കല്ലറക്കല്‍ മോഹനന്‍ (45), ഒഡീഷ സ്വദേശി റമാ കാന്ത് (റോമ-25) എന്നിവരുടെ തകര്‍ന്ന ശരീരഭാഗങ്ങളാണ് ഇന്നലെ രാത്രി ഏഴരയോടെ കണ്ടെടുത്തത്. വെങ്ങോല ഇലവുംകുടി വീട്ടില്‍ ഇ.വി രാജന്റെ ഉടമസ്ഥതയിലുള്ള രാജാ ഗ്രാനൈറ്റ്‌സില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ദുരന്തം. മുകളിലുണ്ടായിരുന്ന കൂറ്റന്‍ പാറക്കല്ല് ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 
വൈകിട്ട് ആറരയ്ക്ക് വിജയന്റെ മൃതദേഹമാണ് ആദ്യം കണ്ടുകിട്ടിയത്. കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതോടൊപ്പം രണ്ടു കാലുകള്‍ മാത്രം കണ്ടെടുത്തുവെങ്കിലും അതിന് മുകളിലേയ്ക്കുള്ള ഭാഗം ഇല്ലാതിരുന്നതിനാല്‍ അതാരുടേതെന്ന് വ്യക്തമായിരുന്നില്ല. ഏഴരയോടെ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗം ലഭിച്ചു. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയുടെ അടിസ്ഥാനത്തില്‍ അത് കരാറുകാരനായ സന്തോഷാണ് എന്ന് വ്യക്തമായി.
പിന്നെ അരമണിക്കൂറിനുള്ളില്‍  മോഹനന്റെയും റമാ കാന്തിന്റേയും മൃതദേഹങ്ങളും കണ്ടുകിട്ടി.
ഓരോ മൃതദേഹവും കണ്ടു കിട്ടുന്ന മുറയ്ക്ക് തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സുകളില്‍ കുന്നത്തുനാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
മരിച്ച മോഹനന്റേയും വിജയന്റേയും ബന്ധുവും സന്തോഷിന്റെ അടുത്ത സുഹൃത്തുമായ ശ്രുതി ബിജു, കാടായത്ത് മുരളി, കറുകപ്പിള്ളി ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
സംഭവം നടന്നതു മുതല്‍ രാവും പകലും ഭേദമില്ലാതെ ആയിരങ്ങളാണ് വെങ്ങോലയില്‍ തടിച്ചുകൂടിയത്. മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, എം.പി മാരായ കെ.പി ധനപാലന്‍, പി.രാജീവ്, എം.എല്‍.എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഷെയ്ക് പരീത്, ഡെപ്യൂട്ടി കളക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്, ഡി.എം.ഒ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം അവറാന്‍, ജോയി പൂണേലി തുടങ്ങി നിരവധി പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

മംഗളം 25.07.2013

പുല്ലുവഴിയില്‍ പി.കെ.വി സ്മാരക മന്ദിരം നാളെ തുറക്കും

പെരുമ്പാവൂര്‍: മുന്‍ മുഖ്യ മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായരുടെ ഓര്‍മ്മയ്ക്കായി പുല്ലുവഴിയില്‍ നിര്‍മ്മിച്ച മന്ദിരം നാളെ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ പി.കെ.വി ട്രസ്റ്റ് ചെയര്‍മാന്‍ എസ് ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിയ്ക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പി.കെ.വിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എം.എല്‍.എ, കെ.ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എന്‍ ചന്ദ്രന്‍, കെ.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സത്യന്‍ മൊകേരി, കെ.പി രാജേന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗം കമല സദാനന്ദന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.രാജു, സാജുപോള്‍ എം.എല്‍.എ, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലില്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, സി.പി.ഐ നേതാക്കളായ കെ.എം ദിനകരന്‍, ഇ.കെ ശിവന്‍, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, മുന്‍ എം.എല്‍.എ ബാബുപോള്‍, സി.വി ശശി തുടങ്ങിയവര്‍ പ്രസംഗിയ്ക്കുമെന്ന് പി.കെ.വി ട്രസ്റ്റ് സെക്രട്ടറി രാജപ്പന്‍ എസ് തെയ്യാരത്ത് അറിയിച്ചു.

മംഗളം 25.07.2013

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്ത് ഭിന്നത

പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഭിന്നതയും വാക്‌പോരും. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഭരണ സമിതിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് പ്രതിപക്ഷം.
ആറാം വാര്‍ഡിലെ പുതിയ പ്ലൈവുഡ് യൂണിറ്റിന് യന്ത്രസാമിഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള 
അപേക്ഷയെ ചൊല്ലിയാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസും ഘടക കക്ഷിയായ സി.എം.പിയും തമ്മില്‍ ഇടഞ്ഞത്. അപേക്ഷ അംഗീകരിക്കണമെന്ന് സി.എം.പി അംഗങ്ങളും പറ്റില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളും നിലപാട് എടുക്കുകയായിരുന്നു.
കഴിഞ്ഞ ഭരണ സമിതി യോഗത്തിലും പ്ലൈവുഡ് സ്ഥാപനങ്ങളുടെ യന്ത്രസാമിഗ്രികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരുന്നു. മെഷിനറി സ്ഥാപിക്കാനുള്ള അപേക്ഷ കഴിഞ്ഞ ഭരണ സമിതിയില്‍ സി.എം.പി അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ തള്ളുകയായിരുന്നു.
ഇത്തവണയും സി.എം.പി അംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ രാജനും മെമ്പര്‍ ഷിജി ഷാജിയും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍.എം സലിമും വി.എന്‍ രാജനും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായി.
ഈ സാഹചര്യത്തില്‍ ഭരണ കക്ഷിക്കാര്‍ തമ്മിലുള്ള അധികാര തര്‍ക്കം പഞ്ചായത്ത് ഭരണം സ്തംഭിപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് സുജു ജോണിയുടേയും സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍.എന്‍ കുഞ്ഞിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷം ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ചു. ഒപ്പം വൈസ് പ്രസിഡന്റ് വി.എന്‍ രാജനും സി.എം.പി അംഗവുമായ ഷിജി ഷാജിയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

മംഗളം 25.07.2013

Wednesday, July 24, 2013

മുന്‍ധാരണ: വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വയ്ക്കും

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിം സ്ഥാനം രാജി വയ്ക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജി. മുന്‍ധാരണ പ്രകാരം ആദ്യ രണ്ടു വര്‍ഷമായിരുന്നു 
പഞ്ചായത്ത് കമ്മിറ്റി യോഗം ലീഗ് ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്‍ ജലാല്‍, എം.എം അഷറഫ്, ഇ.എസ് സൈനുദ്ദീന്‍, ഇ.പി ഷെമീര്‍, ഷിബു മീരാന്‍, കെ.ഇ റഷീദ്, വി.എച്ച് മുഹമ്മദ്, കെ.എച്ച് ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 24.07.2013

പാറമട ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു

പെരുമ്പാവൂര്‍: വെങ്ങോലയില്‍ അപകടമുണ്ടായ പാറമടയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
രാജ ഗ്രാനൈറ്റ്‌സ് ഉടമ വെങ്ങോല ഇലവുംകുടി ഇ.വി രാജനെതിരെയാണ് കേസെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാറമടയില്‍ അപകടമുണ്ടായ ഭാഗം രാജന്റെ ജേഷ്ഠന്‍ രാമകൃഷ്ണന്റെ പേരിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇത് രാജന്റെ പേരില്‍ ആധാരം ചെയ്തത്. അതിനു ശേഷം പാറമടയുടെ നിയമാനുസൃതമുള്ള രേഖകള്‍ നേടിയെടുക്കാനുള്ള സാവകാശം ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ഇവിടെ വന്‍ദുരന്തമുണ്ടായത്.

മംഗളം 24.07.2013

ഇതേ പാറമടയില്‍ മുമ്പും അപകടം

പെരുമ്പാവൂര്‍: ദുരന്തം നടന്ന വെങ്ങോല പാറമടയില്‍ മുമ്പും അപകടമുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ സംഭവം. അന്നും പാറമട ഇടിയുകയായിരുന്നു. പതിനഞ്ചോളം തൊഴിലാളികളാണ് അന്ന് മടയിലുണ്ടായിരുന്നത്. മണ്ണും പാറക്കല്ലും വീണ് എല്ലാവര്‍ക്കും പരുക്കേറ്റു.
പാറമടയ്ക്ക് ഇപ്പോഴുള്ളതുപോലെ താഴ്ച്ചയില്ലാത്തതിനാല്‍ അപകടം സാരമായില്ല. അന്ന് രാജന്റെ പിതാവ് വേലായുധന്റെ ഉടമസ്ഥതയിലായിരുന്നു പാറമട.
ഏഴു വര്‍ഷം മുമ്പാണ് മറ്റൊരു അപകടം. ഇതില്‍ ഒരാള്‍ മരിച്ചു. വെങ്ങോല ലക്ഷംവീട് കോളനിയിലെ താമസക്കാരനായ ശിവനാണ് മരിച്ചത്. മടയില്‍ വടംകെട്ടി ഇറങ്ങുമ്പോഴായിരുന്നു അപകടം.

മംഗളം 24.07.2013

ഇരുന്നൂറോളം അടി താഴ്ത്തി പാറപൊട്ടിച്ചത് വെങ്ങോല വില്ലേജ് ഓഫീസിന്റെ മൂക്കിന് താഴെ

ദുരന്ത സ്ഥലം സന്ദര്‍ശിയ്ക്കാനെത്തിയവര്‍
വെങ്ങോല വില്ലേജ് ഓഫീസിന്റെ മുന്നില്‍ 
പെരുമ്പാവൂര്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇരുന്നൂറോളം അടി താഴ്ചയില്‍ പാറ പൊട്ടിച്ചത് വെങ്ങോല വില്ലേജ് ഓഫീസിന്റെ മുക്കിന് താഴെ. 
ദുരന്തമുണ്ടായ രാജാ ഗ്രാനൈറ്റ്‌സും വെങ്ങോല വില്ലേജ് ഓഫീസും തമ്മില്‍ അടികളുടെ മാത്രം ദൂരം. ഇതിനു പുറമെ, വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുപിന്നിലാണ് അപകടകരമായി പാറപൊട്ടിച്ചിരുന്നത്. പക്ഷെ ബന്ധപ്പട്ടവരാരും വന്‍ദുരന്തം മുന്നില്‍ കണ്ടില്ല. നിയമലംഘനത്തിനു നേരെ അനായാസം കണ്ണടച്ചപ്പോള്‍ പൊലിഞ്ഞുപോയത് നാലു മനുഷ്യ ജീവന്‍.
20 അടി താഴ്ചയില്‍ മാത്രം പാറ പൊട്ടിക്കാമെന്നാണ് നിയമം. ഇടയ്ക്ക് ബഞ്ചുകള്‍ ഇട്ട് കൂടുതല്‍ താഴ്ച്ചയാകാമെന്ന് നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍ വെങ്ങേലയിലാകട്ടെ ഈ നിയമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇരുന്നൂറോളം അടി താഴ്ചയില്‍ ഇവിടെ പാറ പൊട്ടിച്ച് താഴ്ത്തിയിരിക്കുകയാണ്. 
കുത്തനെയുള്ള പാറമട നോക്കുമ്പോള്‍ തന്നെ ഭീതി ജനിപ്പിക്കും.

മംഗളം 24.07.2013

വെങ്ങോലയിലെ പാറമടയുടെ ലൈസന്‍സ് റദ്ദാക്കി

പെരുമ്പാവൂര്‍: ദുരന്തമുണ്ടായ വെങ്ങോലയിലെ പാറമടയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് അറിയിച്ചു. ജില്ലയിലെ അനധികൃത പാറമടകളെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ വ്യക്തമാക്കി. 
പാറമടകള്‍ക്ക് 20 അടി താഴ്ത്തി പാറപൊട്ടിക്കാനാണ് അനുമതിയുള്ളത്. വെങ്ങോലയില്‍ അതിലും ഏറെ താഴ്ചയിലാണ് പാറ പൊട്ടിച്ചിരിക്കുന്നത്. എന്നാല്‍ ബഞ്ചുകള്‍ ആയി തിരിച്ച് പൊട്ടിക്കുമ്പോള്‍ കൂടുതല്‍ താഴ്ച്ചയാകാമെന്ന് ചട്ടമുണ്ട്. ഇവിടെ ആ നിലക്കാണോ പാറമട പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയാലെ വ്യക്തമാവുകയൊള്ളുവെന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്  അറിയിച്ചു
നിരോധനത്തിനപ്പുറം പാറമട ഉടമക്കെതിരെ നടപടി എടുക്കുന്ന കാര്യം ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വരുന്ന മുറക്ക് തീരുമാനിക്കുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കി.

മംഗളം 24.07.2013

പാറമട ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇന്ന് ചേരുന്ന ക്യാബിനറ്റില്‍ തീരുമാനം ഉണ്ടാകുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
ദുരന്ത സ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് കണ്‍വീനര്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നറിയിച്ചു. 
മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.പി ധനപാലന്‍ എം.പി, വി.പി സജീന്ദ്രന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എ എം യൂസഫ്, എം.പി വറുഗീസ്, കെ.പി.സി.സി സെക്രട്ടറി സക്കീര്‍ ഹുസൈന്‍, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി ജില്ലാ കളക്ടര്‍, എ.ഡി.എം, ഡി.എം.ഒ  തുടങ്ങിയവരും ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.

മംഗളം 24.07.2013

സജ്ജീകരണങ്ങളെല്ലാം തയ്യാര്‍; എങ്കിലും ഫയര്‍ ഫോഴ്‌സ് കാണികള്‍ മാത്രമായി

പെരുമ്പാവൂര്‍: ആംബുലന്‍സും ഓക്‌സിജന്‍ സിലണ്ടറുകളും സ്ട്രക്ചറുകളും എല്ലാമായാണ് ഫയര്‍ ഫോഴ്‌സ് എത്തിയത്.
എറണാകുളം ഗാന്ധിനഗര്‍, പെരുമ്പാവൂര്‍, ആലുവ, കോതമംഗലം, പിറവം, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നായി ആറ് യൂണിറ്റ് അഗ്നി ശമന സേനാ വാഹനങ്ങളാണ് സംഭവം അറിഞ്ഞ ഉടനെ വെങ്ങോലയില്‍ കുതിച്ചെത്തിയത്. ജില്ലാ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ കെ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെ വന്‍പട തന്നെ എന്തിനും തയ്യാറായി നിന്നു. 
എന്നാല്‍ ഏവരേയും വെല്ലുവിളിച്ച് നാലു തൊഴിലാളികള്‍ക്ക് മേല്‍ വീണുകിടന്ന കൂറ്റന്‍ പാറക്കല്ലിന് മുകളില്‍ അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 
ചെറിയ സ്‌ഫോടങ്ങള്‍ നടത്തി പാറക്കല്ല് തകര്‍ത്ത് ഹിറ്റാച്ചികള്‍ കൊണ്ട് അവ മാറ്റി വരുമ്പോള്‍ ജീവന്റെ ഒരു തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ഉറ്റുനോക്കിയായിരുന്നു ജീവന്‍ രക്ഷാ ഉദ്യോഗസ്ഥരുടെ കാത്തു നില്‍പ്പ്. 
അങ്ങനെ ഒരു  സൂചന ലഭിച്ചാല്‍ പിന്നെ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമായി വരും. പിന്നെ യന്ത്രങ്ങള്‍കൊണ്ടുള്ള മണ്ണുമാറ്റല്‍ പറ്റില്ല. കൈകള്‍കൊണ്ടുതന്നെ മെല്ലെ മാറ്റണം. ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നിലനിര്‍ത്താന്‍ ഓക്‌സിജന്‍ നല്‍കണം. 

മംഗളം 24.07.2013

ദുരന്തം കണ്‍മുന്നില്‍; അമ്പരപ്പോടെ സജി

പെരുമ്പാവൂര്‍: വലിയൊരു ശബ്ദം കേട്ടാണ് സജി തിരിഞ്ഞു നോക്കിയത്.
 സജി
ഒരു നിമിഷം.
സജിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഭീമാകാരമായ ഒരു പാറ മുകളില്‍ നിന്ന് താഴേക്ക് വരുന്നു. ഉയര്‍ന്നു പൊങ്ങിയ പൊടിപടലങ്ങള്‍ 
പാറമടക്ക് താഴെ മണ്ണെടുത്തുമാറ്റിക്കൊണ്ടിരുന്ന ഹിറ്റാച്ചി പാറക്കല്ല് തട്ടി ദൂരേക്ക് മറഞ്ഞു. അതിന്റെ ഡ്രൈവറും ക്ലീനറും വാഹനത്തിനടിയില്‍. മടക്ക് താഴെ കുഴി അടിച്ചുകൊണ്ടിരുന്നവര്‍.... 
നിമിഷങ്ങളോളം സ്തംഭിച്ചു പോയി ആ യുവാവ്. പിന്നെ വലിയ നിലവിളിയോടെ അയാള്‍ റോഡിലേക്ക് ഓടി. രാജാ ഗ്രാനൈറ്റ്‌സിന്റെ തൊട്ടടുത്ത ഓഫീസിലുള്ളവരോടാണ് സജി ആദ്യം വിവരമറിയിച്ചത്. പിന്നെ കണ്ട പലരോടും വിവരം പറഞ്ഞു. സമയം കളയാതെ തിരിച്ച് ഓടിയെത്തി ഹിറ്റാച്ചിക്കടിയില്‍ നിന്ന് രാജുവിനേയും ഷിബുവിനേയും പുറത്തെടുക്കാന്‍ നേതൃത്വം കൊടുത്തതും സജി തന്നെ
വെങ്ങോല കൂര്‍ക്കപ്പറമ്പില്‍ സജി (35) അങ്ങനെ ആ വന്‍ദുരന്തത്തിന്റെ ഏക ദൃക്‌സാക്ഷിയായി. പന്ത്രണ്ടു വര്‍ഷമായി സജി ടിപ്പര്‍ ഓടിക്കുന്നു. പല പാറമടകളിലും അയാള്‍ വാഹനവുമായി പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെയോരു ദുരന്തത്തിന്റെ നേര്‍ക്കാഴ്ച. അത് ആ ചെറുപ്പക്കാരന് കനത്ത ആഘാതമായി. 
അലറി വിളിച്ച് ദുരന്തത്തെക്കുറിച്ച് അയാള്‍ ആരോടൊക്കെ പറഞ്ഞെന്നറിയില്ല. എന്തായലും നിമിഷങ്ങള്‍ക്കകം പാറമടയും പരിസരവും ജനസമുദ്രമായി. പോലീസും ഫയര്‍ ഫോഴ്‌സും വന്നു. അപ്പോഴും പാറക്കല്ലിനടിയില്‍പ്പെട്ട തൊഴിലാളികളെ എങ്ങനെ പുറത്തെടുക്കാം എന്ന ആധിയോടെ അയാള്‍ ഓടി നടക്കുകയായിരുന്നു. 

മംഗളം 24.07.2013

വെങ്ങോലയില്‍ പാറമട ഇടിഞ്ഞ് നാല് പേരെ കാണാതായി

പെരുമ്പാവൂര്‍: വെങ്ങോലയില്‍ പാറമട ഇടിഞ്ഞ് നാല് തൊഴിലാളികള്‍ മണ്ണിനടിയിലായി. രണ്ടുപേര്‍ക്ക് പരുക്ക്.
സന്തോഷ്

വളയന്‍ചിറങ്ങര ഈരേത്ത് വീട്ടില്‍ സന്തോഷ് (46), വളയന്‍ചിറങ്ങര ചെറുകരക്കുടി വീട്ടില്‍ വിജയന്‍ (48), വീട്ടൂര്‍ കല്ലറക്കല്‍ മോഹനന്‍ (45), ഒഡീഷ സ്വദേശി റമാ കാന്ത് (റോമ-25) എന്നിവരാണ് പാറക്കല്ലുകള്‍ക്കും മണ്ണിനും അടിയില്‍പ്പെട്ടത്. ഹിറ്റാച്ചി ഡ്രൈവര്‍ പിറവം കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രാജു (32), ഒഡീഷ സ്വദേശി ഷിബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലുകള്‍ക്ക് ഒടിവേറ്റ രാജുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്
റമാ കാന്ത് 
ആശുപത്രിയിലും ഷിബുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെങ്ങോല ഇലവുംകുടി വീട്ടില്‍ ഇ.വി രാജന്റെ ഉടമസ്ഥതയിലുള്ള രാജാ ഗ്രാനൈറ്റ്‌സിലായിരുന്നു അപകടം. രാവിലെ 8 മണിക്കെത്തിയ തൊഴിലാളികള്‍ പാറപൊട്ടിക്കാന്‍ കുഴിയെടുത്തുകൊണ്ടിരിക്കെ എട്ടരയോടെയായിരുന്നു ദുരന്തം. മുകളിലുണ്ടായിരുന്ന ഭീമാകാരമായ പാറക്കല്ല് ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 
പാറക്കല്ലിന്റെ അരിക് തട്ടി മണ്ണെടുത്തുകൊണ്ടിരുന്ന ഹിറ്റാച്ചി മറിഞ്ഞു. ഡ്രൈവര്‍ രാജുവും ഷിബുവും വാഹനത്തിന് അടിയിലായി. മണ്ണ് ലോഡ് ചെയ്തുകൊണ്ടിരുന്ന ടിപ്പറും ഭാഗികമായി മണ്ണിനടിയിലായി. പാറമടയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മറ്റ് നാലു പേരും പാറക്കല്ലിന് അടിയിലും. പാറമടക്ക് മുകളില്‍ നില്‍ക്കുകയായിരുന്ന ടിപ്പര്‍ ഡ്രൈവര്‍ സജി അറിയിച്ചതനുസരിച്ച് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ഹിറ്റാച്ചിക്ക് അടിയില്‍ നിന്ന് രാജുവിനേയും ഷിബുവിനേയും അതിവേഗം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. എന്നാല്‍ പാറക്കടിയില്‍പ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. 
 വിജയന്‍ 
സംഭവം അറിഞ്ഞ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും ആറ് കേന്ദ്രങ്ങളില്‍ നിന്നുള്ള  ഫയര്‍ ആന്റ് റസ്‌ക്യു യൂണിറ്റുകളും സ്ഥലത്ത് എത്തിയെങ്കിലും പാറക്കല്ലും മണ്ണും മാറ്റാനായില്ല. തൊഴിലാളികളുടെ സഹായത്തോടെ പാറക്കല്ലുകള്‍ വെടിവച്ച് തകര്‍ത്താണ് മാറ്റിയത്. കൂറ്റന്‍ പാറക്കല്ല് വലിയ സ്‌ഫോടത്തില്‍ തകര്‍ത്താല്‍ വീണ്ടും മട ഇടിയാനുള്ള സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കുകയായിരുന്നു. രാത്രിയായതോടെ വെളിച്ചത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
പാറമടയിലെ കരാറുകാരനാണ് കാണാതായ സന്തോഷ്. ഭാര്യ: ഷിജി. മക്കള്‍: അനന്തു സന്തോഷ് (പ്ലസ് ടു ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുല്ലുവഴി), അനഘ സന്തോഷ് (വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍)
വിജയന്റെ ഭാര്യ ബീന. മക്കള്‍: വിനയ്, വിവേക്. രമണിയാണ് മോഹനന്റെ ഭാര്യ. ഏകമകള്‍ മേഘ.

മംഗളം 24.07.2013

Tuesday, July 23, 2013

ചെളിവാരിയേറു വീണ്ടും: ട്രാവന്‍കൂര്‍ റയോണ്‍സ് ഇരുമുന്നണികളും പരസ്പരം പഴിചാരുന്നു

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് പുനരുദ്ധാരണം സംബന്ധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരല്‍ തുടങ്ങി. റയോണ്‍സ് പുനരുദ്ധാരണം അട്ടിമറിച്ചത് യു.ഡി.എഫ് ആണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സി.പി.എമ്മിന്റെ ഒറ്റപ്പെട്ട സമരപരിപാടികള്‍ രാഷ്ട്രീയ മുതലെടുപ്പിനെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് പി കുരുവിള.
റയോണ്‍സ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രശ്‌ന പരിഹാരം നീളാനുള്ള കാരണമെന്ന് എളമരം കരീം കുറ്റപ്പെടുത്തുന്നു. റയോണ്‍സ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കമ്പനി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് കേന്ദ്ര അംഗീകാരം നേടിയെടുക്കാനോ അതിനായി നിയമസഭയില്‍ ബില്‍ പാസാക്കാനോ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. യു.ഡി.എഫിന്റെ വ്യവസായ നയത്തിന്റെ ബാക്കിപത്രമാണ് ട്രാവന്‍കൂര്‍ റയോണ്‍സ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 
സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, കെ.ഡി ഷാജി, പി.എം സലിം, ആര്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
റയോണ്‍സ് പുനരുദ്ധാരണത്തിന് വേണ്ടി രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ ശ്രമങ്ങളാണ് നടന്നുപോന്നിട്ടുള്ളതെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ചൂണ്ടിക്കാട്ടുന്നു. സാജുപോള്‍ എം.എല്‍.എ യും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇതിന് മുന്‍കൈ എടുത്തിട്ടുണ്ട്. എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ റയോണ്‍സ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. 
അതൊക്കെ മറച്ചുവച്ച് സി.പി.എം ഇപ്പോള്‍ സംഘടിപ്പിച്ചിട്ടുള്ള സമര പരിപാടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും തോമസ് പി കുരുവിള കുറ്റപ്പെടുത്തി.         

മംഗളം 23.07.2013

വല്ലത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ 21 ലക്ഷത്തിന്റെ പദ്ധതി

പെരുമ്പാവൂര്‍: വല്ലം ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ ജലഅതോറിട്ടി 21 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 
ഈ പദ്ധതിക്കുവേണ്ടി പൈപ്പുലൈന്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനകം വല്ലം മേഖലയിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിലേക്ക് സൗത്ത് വല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ എം.വി ഹംസ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വല്ലം റയോണ്‍പുരം ഭാഗങ്ങളിലേക്ക് ഇപ്പോള്‍ ജലവിതരണം നടത്തുന്നത് 12 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കില്‍ നിന്നാണ്. രാവിലേയും വൈകിട്ടും ഇതില്‍ ശുദ്ധജലം നിറച്ച് വല്ലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വിതരണം നടത്തുന്നുണ്ട്. എന്നാല്‍ സൗത്ത് വല്ലം, റയോണ്‍പുരം ഭാഗം പൈപ്പ് ലൈനിന്റെ അവസാന ഭാഗമായതിനാല്‍ ഇവിടെ ജലലഭ്യത കുറവായിരുന്നു. 
ഇതിനുപുറമെ വല്ലം പമ്പ് ഹൗസിന് സമീപം സ്ഥാപിച്ച പ്രഷര്‍ ഫില്‍റ്റര്‍ ബ്ലോക്കായതിനാല്‍ അതിലൂടെയുള്ള ജല വിതരണം ഇടക്ക് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. പിന്നീട് വരള്‍ച്ച ദുതിതാശ്വസ പദ്ധതിയില്‍പ്പെടുത്തി 1.2 ലക്ഷം രൂപ ചെലവഴിച്ച് ഫില്‍റ്റര്‍ മീഡിയ മാറ്റി പ്രവര്‍ത്തന ക്ഷമമാക്കാനുള്ള ജോലികള്‍ ചെയ്തതായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. 
കൂടാതെ കാഞ്ഞിരക്കാട് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ഫീഡര്‍ ലൈന്‍ സ്ഥാപിച്ച് നേരിട്ട് വല്ലത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രൊപ്പോസല്‍  സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ തുക അനുവദിച്ചത്.

മംഗളം 23.07.2013

Monday, July 22, 2013

ജില്ലാപഞ്ചായത്ത് രായമംഗലം ഡിവിഷനില്‍ 3.50 കോടി രൂപയുടെ വികസന പദ്ധതികള്‍

പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്തില്‍ നിന്നും രായമംഗലം ഡിവിഷനിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ക്കായി 3.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ചിന്നമ്മ വറുഗീസ് അറിയിച്ചു.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ 2.57 കോടി രൂപയുടേയും 2012-13 കാലയളവില്‍ 2.54 കോടി രൂപയുടേയും വികസന പദ്ധതികളാണ് ഇവിടെ നടപ്പാക്കിയിരുന്നത്. 
രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 2.17 കോടി രൂപ ചെലവഴിച്ചുവെന്നും ഈ വര്‍ഷം 75 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചിന്നമ്മ വറുഗീസ് അറിയിച്ചു. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ 1.72 കോടി രൂപയാണ് ചെലവഴിച്ചച്ചത്. ഈ വര്‍ഷം 77 ലക്ഷത്തിന്റെ പദ്ധതികള്‍ ഉണ്ട്. അശമന്നൂരില്‍ 96.50 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍  മുടക്കുഴയില്‍ 25.50 ലക്ഷമാണ് ചെലവഴിച്ചത്. നടപ്പു വര്‍ഷം അശമന്നൂരില്‍ 1.71  കോടിയും മുടക്കുഴയില്‍ 27 ലക്ഷവും ചെലവഴിക്കും. 
കുടിവെള്ള പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍, വനിത വ്യവസായ വിപണന കേന്ദ്ര നിര്‍മ്മാണം, എസ്.സി, എസ്.ടി കോളനികളുടെ വികസനം, പെണ്‍കുട്ടികള്‍ക്കായുള്ള കൗണ്‍സിലിംഗ് സെന്റര്‍, ചിറ സംരക്ഷണം, ജില്ലാ പഞ്ചായത്ത് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍, സാംസ്‌കാരിക നിലയം, ജില്ലാ പഞ്ചായത്ത് എറ്റെടുത്തിട്ടുള്ള റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും തുടങ്ങിയ മേഖലകളിലാണ് തുക വിനിയോഗിക്കുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്തില്‍ നടപ്പു വര്‍ഷം വായ്ക്കര ലിഫ്റ്റ് ഇരിഗേഷന്‍ (16 ലക്ഷം), മൂരുകാവ് കുന്നത്തുപടി റോഡ് (15 ലക്ഷം), പുലിമല പട്ടികജാതി കോളനിയിലെ  സാംസ്‌കാരിക നിലയം (15 ലക്ഷം), പറമ്പിപ്പീടിക-മരോട്ടിക്കടവ് റോഡ് (12 ലക്ഷം) എന്നിങ്ങനെ  തുക ചെലവഴിക്കും.
വേങ്ങൂരില്‍ പൊങ്ങന്‍ചുവട് ആദിവാസിക്കോളനി വികസനത്തിന് മാത്രം 33 ലക്ഷം രൂപയുണ്ട്. മൂഴിക്കല്‍ കടവ് നിര്‍മ്മാണത്തിന് 15 ലക്ഷവും നെടുങ്ങപ്ര, വേങ്ങൂര്‍ പള്ളിത്താഴം, വക്കുവള്ളി കനാല്‍പ്പാലം റോഡുകള്‍ക്ക് 8 ലക്ഷം രൂപ വീതവും ചെലവഴിക്കും. 
അശമന്നൂരില്‍ മുട്ടത്തുമുകള്‍, പുലിമല, ഹരിജന്‍ കോളനികളിലെ പൈപ്പുലൈനുകള്‍ക്ക് 15 ലക്ഷമുണ്ട്. കല്ലില്‍ ഹയര്‍സെക്കന്ററി കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷവും പൂമല തലപ്പുഞ്ച റോഡിന് 35 ലക്ഷവും ഉണ്ട്. മുടക്കുഴ വനിത വ്യവസായ വിപണന കേന്ദ്രത്തിന് 15 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. 
ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നിര്‍ദ്ദേശങ്ങളും നല്‍കിയത് യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചു.

മംഗളം 21.07.2013

Saturday, July 20, 2013

ജനലഴി തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ മയക്കിക്കിടത്തിയശേഷം പണവും മൊബൈലും കവര്‍ന്നു

പെരുമ്പാവൂര്‍: ജനലഴി അറുത്തുമാറ്റി അകത്തുകടന്ന് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നു.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം തോമ്പ്ര മേരി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന കൊല്ലപ്പറമ്പില്‍ ബിജു രാജപ്പന്റെ 27820 രൂപയും പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. വീട്ടുകാരെ ഗാഢമായി ഉറക്കാന്‍ മോഷണത്തിനെത്തിയവര്‍ എന്തോ സ്‌പ്രേ ഉപയോഗിച്ചുവെന്നാണ് നിഗമനം.
അയ്മുറിയില്‍ പ്രവര്‍ത്തിയ്ക്കുന്ന കേരള സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ബിജു വ്യാഴാഴ്ച വൈകിയായിരുന്നു വീട്ടിലെത്തിയത്. ബിജു അഴിച്ചിട്ടിരുന്ന പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈലുമാണ് നഷ്ടപ്പെട്ടത്.
ചിമ്മിനിയ്ക്ക് സമീപമുള്ള ചെറിയ ജനലിന്റെ രണ്ട് ഇരുമ്പഴികള്‍ അറുത്ത് മാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ പിന്നിലെ വാതില്‍ തുറന്നിട്ടിരുന്നു. രാവിലെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ബിജുവും ഭാര്യയും മൂന്നു കുട്ടികളും ഭാര്യയുടെ മുത്തശ്ശനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരുടേയും ശരീരത്ത് തടിപ്പുകളും ചൊറിച്ചിലും അനുഭവപ്പെട്ടതോടെയാണ് മോഷ്ടാക്കള്‍ വീട്ടുകാരെ മയക്കാന്‍  സ്‌പ്രേ ഉപയോഗിച്ചുവെന്നു വ്യക്തമായത്. എല്ലാവര്‍ക്കും തലകറക്കവുമുണ്ട്. ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

മംഗളം 20.07.2013

കാരുണ്യ ഹൃദയതാളം പദ്ധതി: അപാകതകള്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

വെങ്ങോല ഗ്രാമപഞ്ചായത്ത്

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിനെ മറയാക്കി  നിര്‍ദ്ധന രോഗികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ജില്ലാ കളക്ടറുടെ അന്വേഷണം തുടങ്ങി. 
പരാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ മൊഴി വ്യാഴാഴ്ച വൈകിട്ട് രേഖപ്പെടുത്തിയ പോലീസ് ഇന്നലെ പഞ്ചായത്തിലെത്തി പ്രാഥമിക അന്വേഷണം തുടങ്ങി. പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തിയത്. 
ഭാഗ്യക്കുറി ഓഫീസറുടെ പേര് ആളുകളെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന ലോട്ടറി വകുപ്പില്‍ നിന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പദ്ധതികളുടെ പേരില്‍ നടന്ന വന്‍  വെട്ടിപ്പിനെതിരെ വിജിലന്‍സിന് പരാതി കൊടുക്കാനും നീക്കമുണ്ട്.
നിര്‍ദ്ധന രോഗികളെ മറയാക്കി പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചുവെന്നാണ് ആരോപണം. പാറമട, പ്ലൈവുഡ് ഉടമകളില്‍ നിന്നും മറ്റും നിര്‍ബന്ധപൂര്‍വ്വം വന്‍ തുകയാണ് പിരിച്ചെടുത്തത്. ഇതിനെതിരെ ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഒരേ നമ്പറിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചും മറ്റുമായിരുന്നു പിരിവ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആദ്യം രംഗത്തുവന്നത്.
പിന്നീട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. സി.പി.എം നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചില്‍ പങ്കെടുത്തവരെ പഞ്ചായത്ത് കള്ളക്കേസില്‍ കുടുക്കിയാണ് പഞ്ചായത്ത് ഭരണ സമിതി പ്രതിഷേധത്തെ നേരിട്ടത്. അതോടെ രണ്ട് പ്രതിപക്ഷ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു.
ഇതിനിടെയാണ് കാരുണ്യ ഹൃദയതാളം പദ്ധതിയുമായി പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്.
അതോടെ പ്രതിപക്ഷം പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി. തുടര്‍ച്ചയായ രണ്ട് ഭരണ സമിതി യോഗങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. പഞ്ചായത്തില്‍ ഭരണ സ്തംഭനമായി.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ ഭരണപക്ഷത്തുനിന്നു തന്നെ എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു. പദ്ധതി നടത്തിപ്പിനു വേണ്ടി ഭരണ സമിതി അംഗങ്ങളെ മാത്രം ഉള്‍കൊള്ളിച്ച് രൂപീകരിച്ച കാരുണ്യ സൊസൈറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മെര്‍ലി റോയി രാജിവച്ചാണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് അംഗങ്ങള്‍ സൊസൈറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജി വച്ചു. ഇതില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിമും ഉള്‍പ്പെടും. ഇതിനുപുറമെ കോണ്‍ഗ്രസ് അംഗമായ മെമ്പര്‍ കുഞ്ഞുമുഹമ്മദും സൊസൈറ്റി വിട്ടു.
കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടതോടെ പ്രസിഡന്റ് പ്രതിപക്ഷവുമായി ധാരണയുണ്ടാക്കി. പെരുമ്പാവൂരിലെ ഒരു പ്രമുഖ ഹോട്ടലില്‍  അതീവ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ  ഭരണസമിതി യോഗം ശാന്തമായി നടന്നു. 
പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകാതിരിക്കാനാണ് ഭരണസമിതി യോഗത്തില്‍ ശാന്തത പാലിച്ചതെന്നും കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച പ്രതിഷേധ പരിപാടികളില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോകില്ലെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറിമാരും പ്രതിപക്ഷനേതാവും പത്ര പ്രസ്താവന നടത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അണികള്‍ ആശയക്കുഴപ്പത്തിലായി. പദ്ധതി നടത്തിപ്പിലെ അപാകതകള്‍ സംബന്ധിച്ച് പ്രതിപക്ഷം പൂര്‍ണ നിശബ്ദത പാലിക്കുമ്പോഴാണ് ഇന്നലെ ജില്ലാ കളക്ടറുടെ അന്വേഷണം തുടങ്ങിയിരിക്കുന്നത്. അതോടെ, കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

മംഗളം 20.07.2013

ശാലുമേനോന്റെ റിമാന്റ് കാലാവധി ആഗസ്റ്റ് ഒന്നു വരെ നീട്ടി

പെരുമ്പാവൂര്‍: സൗരോര്‍ജ്ജ തട്ടിപ്പു കേസിലെ കൂട്ടു പ്രതി ചലചിത്രതാരം ശാലുമേനോന്റെ റിമാന്റ് കാലാവധി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടി.
അടുത്ത മാസം ഒന്നുവരേയ്ക്കാണ് മജിസ്‌ട്രേറ്റ് ജി രാജേഷ് റിമാന്റ് കാലാവധി നീട്ടിയത്. ശാലുമേനോന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇന്നലെ മൂന്നു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശാലുമേനോനെ കോടതിയില്‍ ഹാജരാക്കിയത്. വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശാലുമേനോനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍, രണ്ടാം പ്രതി സരിത എസ്.നായര്‍ എന്നിവരേയും ശാലുവിനൊപ്പം ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ സോളാര്‍ തട്ടിപ്പുമായി ശാലുവിനുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. ബിജു രാധാകൃഷ്ണനില്‍ നിന്ന് ശാലു വന്‍തുക കൈപ്പറ്റിയെന്നും സമ്മതിച്ചതായി അറിയുന്നു.
അതുകൊണ്ടാവണം, വ്യാഴാഴ്ച പ്രസന്നഭാവത്തില്‍ കോടതിയിലെത്തിയ സരിത ഇന്നലെ കരച്ചിലിന്റെ വക്കിലായിരുന്നു. 
അതിനിടെ സോളാര്‍ തട്ടിപ്പിനെതിരെ പരാതി നല്‍കിയ മുടിക്കല്‍ സ്വദേശി സജാദ് ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി പ്രതികളായ ബിജു രാധാകൃഷ്ണനേയും സരിത എസ് നായരേയും  തിരിച്ചറിഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പ്രതികള്‍ എല്ലാവരേയും വിവിധ ജയിലുകളിലേയ്ക്ക് മടക്കി അയച്ചു.

മംഗളം 20.07.2013

Friday, July 19, 2013

അശമന്നൂരില്‍ 40 പ്ലൈവുഡ് കമ്പനികള്‍കൂടി സ്ഥാപിക്കാന്‍ രഹസ്യ നീക്കമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 പ്ലൈവുഡ് കമ്പനികള്‍ കൂടി സ്ഥാപിക്കാന്‍ രഹസ്യ നീക്കമെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി. 
നാല് കമ്പനികളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഭരണ സമിതി കൈക്കൊണ്ട തീരുമാനം കമ്പനി ഉടമകളും പഞ്ചായത്ത് അധികൃതരും കൂടി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് കര്‍മ്മസമിതി ആരോപിക്കുന്നു. വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട അനുമതി പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും സാവകാശം നല്‍കിയശേഷം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നാടകമെന്ന് കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പറയുന്നു.
പ്രശ്‌നം കോടതിയില്‍ എത്തിച്ച് കമ്പനി ഉടമകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടാക്കുന്നതിനുള്ള രഹസ്യ അജണ്ടയാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. നീണ്ട രണ്ടു വര്‍ഷമായി പ്ലൈവുഡ് വ്യവസായത്തിനെതിരെ നടന്നു വരുന്ന ജനകീയ സമരത്തിന് അനുകൂലമായ സമീപനം കൈക്കൊള്ളാത്ത ഭരണ സമിതി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതിന്റെ ഉദ്ദേശം ശുദ്ധമാണെന്ന് കരുതാനാവില്ല.
മൂന്ന് വര്‍ഷം മുമ്പ് പതിമൂന്ന് പ്ലൈവുഡ് കമ്പനികള്‍ മാത്രമുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ അമ്പതോളം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതിനും ആവശ്യമായ രേഖകളില്ല. ഇനിയും നാല്‍പ്പതോളം കമ്പനികള്‍കൂടി ഇവിടെ സ്ഥാപിക്കാനാണ് അണിയറ നീക്കങ്ങള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി ഭരണ സമിതിയിലെ പ്ലൈവുഡ് ലോബിയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതെന്ന് വറുഗീസ് പുല്ലുവഴി കുറ്റപ്പെടുത്തി.
കേന്ദ്ര സമിതി യോഗത്തില്‍ എം.കെ ശശിധരന്‍ പിള്ള, സി.കെ പ്രസന്നന്‍, അഡ്വ. ബേസില്‍ കുര്യാക്കോസ്, ടി.എ വറുഗീസ്, എ.ജി സദാന്ദന്‍, എ.ഡി റാഫേല്‍, ഡി പൗലോസ്, ബേബിനാശ്, ജി മനോജ്, ടി.കെ പൗലോസ്, ജി.ആര്‍ നായര്‍, സാജു തര്യന്‍, പി മത്തായി, പി രാമചന്ദ്രന്‍ മായര്‍, എം.പി എല്‍ദോ, പി.കെ ശിവന്‍, കെ.ആര്‍ നാരായണ പിള്ള, വി.എസ് ഷൈബു, വിനു കുളത്തുങ്ങമാലി, പി.കെ ശശി എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 19.07.2013

ശാലുവും എത്തി: സോളാര്‍ തട്ടിപ്പുതാരങ്ങളെ അന്വേഷണ സംഘത്തലവന്‍ പെരുമ്പാവൂരില്‍ ചോദ്യം ചെയ്തു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പു താരങ്ങളായ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, നടി ശാലു മേനോന്‍ എന്നിവരെ അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ ഇന്നലെ പെരുമ്പാവൂരില്‍ ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശാലു മേനോനെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ചയാണ് സരിതയേയും ബിജുവിനേയും പെരുമ്പാവൂരില്‍ എത്തിച്ചത്. ഇവര്‍ ഇന്ന് വൈകിട്ട് അഞ്ചു വരെ ഇവിടേയുണ്ടാകും.
മൂന്നു പേരേയും എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍, ഇവരുടെ വെളിപ്പെടുത്തലുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ മൂന്നിന് സരിതയെ അറസ്റ്റ് ചെയ്തതോടെയാണ് സോളാര്‍ കേസിന്റെ തുടക്കം. മുടിക്കല്‍ കുറ്റപ്പാലില്‍ സജാതിന്റെ നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. സരിതയുടെ പങ്കാളിയും മുഖ്യ സൂത്രധാരനുമായ ബിജു പിന്നീട് പിടിയിലായി. ബിജു താനുമായി പിണങ്ങിയിരുന്നുവെന്നും പണം മുഴുവന്‍ ഒരു ചലചിത്രനടിയ്ക്കാണ് നല്‍കിയിരുന്നതെന്നും മൊഴി നല്‍കിയതോടെ ശാലു മേനോനും കുടുങ്ങി.
ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ ശാലുമേനോനെ പെരുമ്പാവൂര്‍ കോടതിയില്‍ കൊണ്ടു വന്നത്. ശാലുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴും പോലീസിന് കൈമാറിയപ്പോഴും മറ്റൊരു കാറിലെത്തിയ ശാലുവിന്റെ അമ്മ കോടതി വളപ്പിലുണ്ടായിരുന്നു. 

19.07.2013

സോളാര്‍ തട്ടിപ്പ്: വ്യാജരേഖകള്‍ ചമച്ച ടെക്‌നിക്കല്‍ മാനേജരും പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ വ്യാജരേഖകള്‍ ചമച്ച് പ്രതികളെ സഹായിച്ച ടെക്‌നിക്കല്‍ മാനേജരും പിടിയിലായി.
കൊടുങ്ങല്ലൂര്‍ പൂഴിമറ്റമാല്‍ മുണ്ടങ്ങത്ത് വീട്ടില്‍ ബാഹുലേയന്റെ മകന്‍ മണിമോനെ (36) യാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജു രാധാകൃഷ്ണനും സരിത എസ് നായരും ചേര്‍ന്ന് നടത്തിയിരുന്ന ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു ഇയാള്‍. 
ബിജുവും സരിതയും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ക്ക് ആവശ്യമായ വ്യാജരേഖകള്‍ ചമച്ചത് മണിമോനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ ഇയാള്‍ക്ക് പ്രത്യേക വൈദഗദ്ധ്യം ഉണ്ടായിരുന്നത്രേ. 
സരിത ഉപയോഗിച്ചിരുന്ന ഡ്രൈവിങ്ങ് ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതാണ് മണിമോന്റെ അറസ്റ്റിലേയ്ക്ക് വഴിതെളിച്ചത്. അത് കൃത്രിമമായി ഉണ്ടാക്കിക്കൊടുത്തത് ഇയാളായിരുന്നു.
പ്രത്യേക അന്വേഷണ സംഘ അംഗമായ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിമോനെ കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മംഗളം 19.07.2013

Thursday, July 18, 2013

ഇ.എം.എസ് സ്മാരക വായനശാല കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുകളെന്ന് ആക്ഷേപം; ഇല്ലെന്ന് ഭരണ സമിതി

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് ഇ.എം.എസ് സ്മാരക വായനശാല കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഉള്‍പ്പെടെ പരാതി. അതേ സമയം അക്ഷരവൈരികളായ സാമൂഹ്യവിരുദ്ധരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വായനശാല ഭരണസമിതി.
റോഡ് വികസനത്തിനുള്ള പുറംമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ജോസ് കൊള്ളന്നൂര്‍ പ്രത സമ്മേളനത്തില്‍ ആരോപിച്ചത്. അംഗന്‍വാടിക്കുവേണ്ടി ഒരു നില കെട്ടിടം നിര്‍മ്മിക്കാന്‍ നഗരസഭയില്‍ നിന്ന് നേടിയ അനുമതിയുടെ മറവില്‍ ഇവിടെ പണിതുയര്‍ത്തിയത് ബഹുനിലകെട്ടിടമാണ്. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളായിരുന്നു ഇതിനു പിന്നില്‍. സ്ഥലം എം.എല്‍.എ സാജുപോളിന്റേയും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്റേയും പിന്തുണയോടെ മുന്‍ നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. പി.കെ ബൈജു, എസ് ഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനധികൃത നിര്‍മ്മാണ  പ്രവര്‍ത്തനങ്ങളെന്ന് ജോസ് പറയുന്നു. 
കേവലം രണ്ടുലക്ഷം രൂപ ചെലവു വരുന്ന അംഗന്‍വാടി കെട്ടിടത്തിനായി മുടക്കിയത് 5.25 ലക്ഷം രൂപയാണ്. ഭാവിയില്‍ ഇതിനുമുകളില്‍ ബഹുനിലകള്‍ പണിതുയര്‍ത്തണമെന്നത് മുന്നില്‍കണ്ട് അടിത്തറ ശക്തിപ്പെടുത്താനാണ് കൂടുതല്‍ പണം മുടക്കിയത്. പിന്നീട് ഇവിടെ മുറികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുകള്‍ മുന്‍കൂര്‍ വാങ്ങി. ചട്ടവിരുദ്ധമായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.
കാഞ്ഞിരക്കാട് സി.ഐ.ടി.യു. തൊഴിലാളികളുടെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യം ഈ സ്ഥലം വാങ്ങുന്നതെന്നും ജോസ് കൊള്ളന്നൂര്‍  പറയുന്നു. സി.ഐ.ടി.യു ഓഫീസിന് വായനശാല കെട്ടിടത്തില്‍ മുറി നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതുണ്ടാവാതെ വന്നപ്പോള്‍ തൊഴിലാളികള്‍ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. പിന്നീട് ഈ സ്ഥലം പലവട്ടം വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്തു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറായ അഡ്വ. പി.കെ ബൈജു ഇതിന്റെ മറവില്‍ അന്യായമായ സ്വത്തുസമ്പാദനം നടത്തിയെന്നാണ് കൊള്ളന്നൂരിന്റെ ആക്ഷേപം. ഇതിനെതിരെ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രഥമ ദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.
കാഞ്ഞിരക്കാട് പ്രദേശത്തെ പുരോഗമന ചിന്താഗതിക്കാരായ ആളുകളുടെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു ഒരു ലൈബ്രറി എന്നും അത് യാഥാര്‍ത്ഥ്യമാകുന്നതിനെതിരെയാണ് ചിലര്‍ രംഗത്ത് വന്നിട്ടുള്ളതെന്നും വായനശാല പ്രസിഡന്റ് പി.വി ജയന്‍ പറയുന്നു. സംഘാടകര്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയും കടം വാങ്ങിയുമാണ് 2006 ല്‍  വായനശാലക്കായി സ്ഥലം വാങ്ങിയത്. വായനശാല കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പബ്ലിക് ലൈബ്രറി കെട്ടിടം മറിച്ചു  വിര്‍ക്കാന്‍ കഴിയുമെന്ന് സാമാന്യബോധമുള്ള ആരും കരുതുകയില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
2009 ജനുവരി 17 ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വായനശാലയും അംഗന്‍വാടിയും തമ്മില്‍ കരാറുണ്ടാവുന്നത്. മുനിസിപ്പല്‍ സെക്രട്ടറിയും വായനശാല ഭാരവാഹികളും അന്നത്തെ കൗണ്‍സിലര്‍മാരായ അഡ്വ. പി.കെ ബൈജു, എസ് ഷറഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ മുകള്‍ നിലകള്‍ പണിയാന്‍ നഗരസഭ വായനശാലക്ക് അനുവാദം നല്‍കിയിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു.

മംഗളം 18.07.2013