പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, March 30, 2011

മരവ്യവസായ ഭൂമികയില്‍ യുവത്വം കൊമ്പുകോര്‍ക്കുന്നു

പോര്‍ത്തട്ട്‌/സുരേഷ്‌ കീഴില്ലം

മംഗളം/ 28.3.2011

പെരുമ്പാവൂറ്‍: കേരളത്തിലെ പ്രമുഖ മരവ്യവസായകേന്ദ്രമായ പെരുമ്പാവൂരിണ്റ്റെ രാഷ്ട്രീയ താത്പര്യം ഇക്കുറി എന്തായിരിയ്ക്കുമെന്ന്‌ പ്രവചിയ്ക്കുക ദുഷ്കരം. കാരണം, ഇവിടെ ഊര്‍ജ്ജസ്വലതയോടെ കൊമ്പുകോര്‍ക്കുന്നത്‌ യുവത്വങ്ങള്‍ തമ്മില്‍.

കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനനേട്ടങ്ങളുടെ പെരുമയുമായാണ്‌ സിറ്റിങ്ങ്‌ എം എല്‍ എ സാജുപോള്‍ ജനവിധി തേടുന്നത്‌. രണ്ടുവട്ടത്തിലധികം അവസരം ആര്‍ക്കും നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാടുപോലും സാജുപോളിണ്റ്റെ കാര്യത്തില്‍ ഇളകി. മണ്ഡലത്തില്‍ സുപരിചിതനായ ഇദ്ദേഹത്തെ മാറ്റി, വേറൊരാളെ പരീക്ഷിയ്ക്കുന്നത്‌ ബുദ്ധിയല്ലെന്ന്‌ നേതൃത്വം കാലതാമസമെടുക്കാതെ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, മറ്റുകക്ഷികള്‍ സ്ഥാനാര്‍ത്ഥിയെപറ്റി ആലോചനകള്‍ തുടങ്ങും മുമ്പ്‌ സാജുപോളിണ്റ്റെ പ്രചാരണം ഒന്നാം ഘട്ടം പിന്നിട്ടിരുന്നു.

നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച്‌ രണ്ടായിരത്തൊന്ന്‌ അംഗ പ്രചാരണകമ്മിറ്റിയും രൂപീകരിച്ച ഇടതു മുന്നണി ചുവരെഴുത്തുകളും പോസ്റ്റര്‍ ഒട്ടിയ്ക്കലുമൊക്കെയായി മുന്നേറുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും മുഖ്യ വിഷയമായ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ്‌ സാജുപോളിണ്റ്റെ പ്രധാന ഭരണനേട്ടം. കോടനാട്‌ അഭയാരണ്യം പദ്ധതി നടപ്പാക്കിയതും ടൌണില്‍ സിവില്‍ സ്റ്റേഷന്‍ സ്ഥാപിച്ചതും ആര്‍ക്കും കണ്ടില്ലെന്നു നടിയ്ക്കാനാവില്ല. നിരവധി പാലങ്ങള്‍, കുടിവെള്ള പദ്ധതികള്‍, റോഡുകള്‍ എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടികതന്നെ സാജുപോളിന്‌ അവതരിപ്പിയ്ക്കാനുണ്ട്‌. പെരുമ്പാവൂറ്‍ നിവാസികള്‍ക്ക്്‌ ഇത്രമേല്‍ പരിചയമുള്ള ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക്‌ ബദല്‍ ആരെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ യു ഡി എഫ്‌ ക്യാമ്പിന്‌ ഏറെ ചിന്തിയ്ക്കേണ്ടിവന്നു. സംസ്ഥാന യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചണ്റ്റേതുള്‍പ്പടെ പല പ്രമുഖരുടേയും പേരുകള്‍ പരിഗണിയ്ക്കപ്പെട്ടു. ഒടുവില്‍ സാജുപോളിണ്റ്റെ യുവത്വത്തെ നേരിടാന്‍ യു ഡി എഫ്‌ കണ്ടെത്തിയത്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന്‌ കെ പി സി സി സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ന്ന അഡ്വ.ജെയ്സണ്‍ ജോസഫിനെയാണ്‌.

കെ എസ്‌ യു സംസ്ഥാന പ്രസിഡണ്റ്റ്‌, എന്‍ എസ്‌ യു വര്‍ക്കിങ്ങ്‌ കമ്മിറ്റി അംഗം തുടങ്ങിയ നിലയില്‍ കഴിവു തെളിയിച്ച കൂത്താട്ടുകുളം സ്വദേശിയായ ജെയിസണ്‍ ഏറെ വൈകിയാണ്‌ പ്രചാരണം തുടങ്ങിയതെങ്കിലും ചുരുങ്ങിയനാള്‍ കൊണ്ടുതന്നെ മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായി. മണ്ഡലം കണ്‍വെന്‍ഷനുകളില്‍ മാത്രമല്ല, മരണവീടുകളിലും സാമുദായിക സംഘടനകളുടെ ഓഫീസുകളിലും ആരാധവനാലയങ്ങളിലും ഒക്കെ ഓടിയെത്തിയ ഈ യുവനേതാവ്‌ ഏവര്‍ക്കും സുപരിചിതനായി കഴിഞ്ഞു.

ബി ജെ പി, പെരുമ്പാവൂറ്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ സി അശോകനെയാണ്‌ രംഗത്തിറക്കിയിരിയ്ക്കുന്നത്‌. കേബിള്‍ ടി വി ഓപ്പറേറ്ററായ അശോകനും മത്സരരംഗത്ത്‌ പുതുമുഖമാണ്‌. മുന്‍വര്‍ഷം കേവലം മൂവായിരത്തോളം വോട്ടുകളില്‍ തൃപ്തിപ്പെടേണ്ടിവന്ന ബി ജെ പി ഇക്കുറി പ്രതീക്ഷിയ്ക്കുന്നത്‌ പതിനായിരത്തിലേറെ വോട്ടുകളാണ്‌.

2001-ലെ തെരഞ്ഞെടുപ്പില്‍ പി പി തങ്കച്ചനെ 1188വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ അന്ന്‌ പുതുമുഖമായ സാജുപോള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. അടുത്ത തെരഞ്ഞെടുപ്പില്‍ തണ്റ്റെ സ്വാധീനം പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ച്‌ 12461 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ സാജുപോളിനായി. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്താല്‍ യു ഡി എഫിന്‌ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്‌ എന്ന്‌ കാണാം. പെരുമ്പാവൂറ്‍ നഗരസഭയ്ക്ക്‌ പുറമെ രായമംഗലം, വേങ്ങൂറ്‍, മുടക്കുഴ, അശമന്നൂറ്‍, കൂവപ്പടി, വെങ്ങോല ഗ്രാമപഞ്ചായത്തുകളാണ്‌ നിയോജകമണ്ഡലം പരിധിയിലുള്ളത്‌. ഇതില്‍ അശമന്നൂരില്‍ മാത്രമായിരുന്നു ഇടതുമുന്നണിയ്ക്ക്‌ അധികാരം ലഭിച്ചത്‌. അതാകട്ടെ, നറുക്കെടുപ്പിലൂടെയും. നിയോജകമണ്ഡലത്തിലുള്ള കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തിലും ഐക്യമുന്നണിയ്ക്ക്‌ തന്നെയായിരുന്നു വിജയം.

നിയോജകണ്ഡലത്തില്‍ ഏറ്റവും സ്വാധീനമുള്ള സമുദായം ക്രിസ്ത്യന്‍ യാക്കോബായ വിഭാഗമാണ്‌. ഇതില്‍തന്നെ, പാത്രിയാര്‍ക്കീസ്‌ പക്ഷത്തിനാണ്‌ മേല്‍ക്കൈ. ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ ഇതേവിഭാഗക്കാരാണ്‌ എന്നതാണ്‍്‌ വിജയപ്രവചനം വീണ്ടും സങ്കീര്‍ണ്ണമാക്കുന്ന ഘടകം. അതേസമയം, ജെയ്സണ്‍ ജോസഫ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗക്കാരനാണെന്നും തങ്ങള്‍ അനുകൂലിയ്ക്കില്ലെന്നുമുള്ള പ്രസ്താവനയുമായി ജേക്കബൈറ്റ്‌ യൂത്ത്‌ മൂവ്മെണ്റ്റ്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ കാതോലിക്ക ബാവയും മറ്റ്‌ സഭയിലെ പ്രമുഖ മെത്രാപ്പോലീത്തമാരുമായുള്ള തനിയ്ക്കുള്ള വ്യക്തിബന്ധം വെളിപ്പെടുത്തി ജെയ്സണ്‍ ആരോപണങ്ങളുടെ മുനയൊടിയ്ക്കുകയും ചെയ്തു.

1 comment:

RASHAD.V.P.KOORAD said...

puthiya karyagal pratheekshikkunnu.