പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, July 23, 2012

അനന്യ മടങ്ങി വന്നാല്‍ സ്വീകരിയ്ക്കും: അച്ഛന്‍

സുരേഷ്‌ കീഴില്ലം 
പെരുമ്പാവൂര്‍: വിവാഹതീരുമാനത്തിലൂടെ വീട്ടുകാരുമായി അകന്ന ചലചിത്രതാരം അനന്യ, മടങ്ങി വന്നാല്‍ സ്വീകരിയ്ക്കുമെന്ന്‌ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍. 
മക്കളുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക്‌ മറിച്ച്‌ ചിന്തിയ്ക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം മംഗളത്തോടു പറഞ്ഞു. 1995-ല്‍ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മ്മിച്ച പൈ ബ്രദേഴ്സ്‌ എന്ന ചിത്രത്തില്‍ ബാലതാരമായി കടന്നു വന്ന ആയില്യ ജി. നായര്‍ പിന്നീട്‌ അനന്യ എന്ന പേരില്‍ ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. 2008-ല്‍ പോസിറ്റീവ്‌ എന്ന സിനിമയിലും തൊട്ടടുത്ത വര്‍ഷം തമിഴില്‍ നാടോടികള്‍ എന്ന സിനിമയിലും പ്രധാന വേഷങ്ങള്‍ ചെയ്ത അനന്യ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
 ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുന്‍നിര നായികമാരുടെ ഇടയില്‍ ഇടംതേടിയ അനന്യ നാളുകള്‍ക്ക്‌ മുമ്പാണ്‌ വീട്ടുകാരെ പിരിഞ്ഞത്‌. തൃശൂറ്‍ സ്വദേശിയായ ബിസിനസുകാരന്‍ ആഞ്ജനേയനുമായുള്ള വിവാഹ നിശ്ചയത്തെ തുടര്‍ന്നാണ്‌ അനന്യയുടെ ജീവിതം സിനിമാകഥ പോലെ വഴിമാറിയത്‌. 
പ്രതിശ്രുത വരനെതിരെ അനന്യയുടെ പിതാവ്‌ പോലീസില്‍ പരാതി നല്‍കിയതായിരുന്നു താരവും വീട്ടുകാരും തമ്മില്‍ തെറ്റാനുള്ള കാരണം. ആഞ്ജനേയന്‍ വിവാഹിതനാണെന്നും, ഈ വിവരം തങ്ങളോടു മറച്ചുവയ്ക്കുകയായിരുന്നുവെന്നും കാണിച്ചായിരുന്നു പരാതി. 
എന്നാല്‍, പ്രതിശ്രുത വരന്‍ മുമ്പ്‌ വിവാഹം ചെയ്ത ആളാണെന്ന്‌ തനിയ്ക്കറിയാമായിരുന്നുവെന്ന്‌ അനന്യ വ്യക്തമാക്കി. തീരുമാനിച്ച വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാന്‍ അനന്യ തയ്യാറായതുമില്ല. അതേതുടര്‍ന്ന്‌, അനന്യ എറണാകുളത്തെ ഒരു ഫ്ളാറ്റിലേയ്ക്ക്‌ താമസവും മാറ്റി. എന്നാല്‍, അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ വിവാഹിതയാകാനുള്ള കാത്തിരിപ്പിലാണ്‌ താനെന്ന്‌ അനന്യ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 
അതേസമയം, ഇതു സംബന്ധിച്ച്‌ പ്രതികരിയ്ക്കാന്‍ തയ്യാറില്ലെന്ന നിലപാടാണ്‌ അനന്യയുടെ അച്ഛനമ്മമാര്‍ കൈക്കൊണ്ടത്‌. എങ്കിലും, മകള്‍ തിരിച്ചുവന്നാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തോടാണ്‌ ഗോപാലകൃഷ്ണന്‍ നായര്‍ അനുകൂലമായി പ്രതികരിച്ചത്‌. 
മംഗളം 23.07.2012

1 comment:

ഇട്ടി തൊമ്മൻ said...

അച്ഛനും മകളും തമ്മിലുള്ള വാർത്ത വിനിമയം എന്തിനു മാധ്യമം വഴി? കഷ്ടം !!