പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, May 17, 2014

മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ കബളിപ്പിക്കുന്നു: നോവിലിസ്റ്റ് നാരായന്‍

പെരുമ്പാവൂര്‍: മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ നിരന്തരം കബളിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ആദിവാസി നോവലിസ്റ്റുമായ നാരായന്‍. ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൊച്ചേരേത്തി എന്ന തന്റെ നോവലിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകനുമായി താന്‍ നിയമ യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രായമംഗലം ജയകൃഷ്ണന്റെ എന്റെ തീപ്പെട്ടി പടങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആദ്യ പ്രതി ഏറ്റുവാങ്ങി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബി രഘുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക മുരളി, സുരേഷ് കീഴില്ലം, ബി മണി, അഡ്വ. സതീഷ്, ബാബു ഇരുമല, അഡ്വ. ഗോകുലം മുരളി, രായമംഗലം ജയകൃഷ്ണന്‍, കെ.ജി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 17.05.2014

പെരുമ്പാവൂരില്‍ ഇന്നസെന്റ് നന്ദി പറയാനെത്തി; ഇടതുമുന്നണി പ്രവര്‍ത്തകരില്‍ ആഹ്ലാദം അണപൊട്ടി

പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഇന്നലെ പട്ടണത്തിലെത്തി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ താരപ്പകിട്ടോടെ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയതോടെ ഇടതു മുന്നണി പ്രവര്‍ത്തകരുടെ ആഹ്ലാദം അണപൊട്ടി.
സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ വരവേറ്റു.
തുടര്‍ന്നു നടന്ന ആഹ്ലാദ പ്രകടനത്തില്‍ സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, കെ.ഇ നൗഷാദ്, വി.പി ഖാദര്‍, എം.ഐ ബീരാസ്, എം.വി സെബാസ്റ്റ്യന്‍, സി.പി.ഐ നേതാക്കളായ കെ.കെ അഷറഫ്, കെ.പി റെജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

മംഗളം 17.05.2014

ദേശീയതലത്തിലെ ഉജ്ജ്വല വിജയം; ബി.ജെ.പി പെരുമ്പാവൂരില്‍ ആഹ്ലാദ പ്രകടനം നടത്തി

പെരുമ്പാവൂര്‍: ദേശീയതലത്തില്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയതിനെ തുടര്‍ന്ന് ടൗണില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിന് അഭിലാഷ് എന്‍.എം, പ്രകാശ് പി റാം, പി.ആര്‍ സജീവ്, അഡ്വ.സതീഷ് കുമാര്‍, അഡ്വ.കെ.സി മുരളീധരന്‍, രേണുക സുരേഷ്, ഓമന സുബ്രഹ്മണ്യന്‍, പ്രജിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗളം 17.05.2014

Friday, May 16, 2014

സി.പി.എം പിന്തുണയോടെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.പി അധികാരത്തിലേക്ക്; ഷിജി ഷാജി പ്രസിഡന്റ്

പെരുമ്പാവൂര്‍: സി.പി.എം പിന്തുണയോടെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.പിയുടെ ഷിജി ഷാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ യു.ഡി.എഫില്‍ നിന്നും വിട്ടുപോന്ന സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗക്കാരിയാണ് ഷിജി ഷാജി. 
ഒട്ടേറെ തകിടംമറിച്ചിലുകള്‍ക്കുശേഷം പഞ്ചായത്തിലെ ഈ ടേമിലെ മൂന്നാമത്തെ പ്രസിഡന്റായാണ് ഒന്നാം വാര്‍ഡ് മെമ്പറായ ഷിജി നേതൃത്വത്തിലെത്തിയത്. യു.ഡി.എഫ് ഭരണ സമിതിയില്‍ നിന്ന് ഷിജി ഷാജിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.എന്‍ രാജനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനേ തുടര്‍ന്നാണ് ഇവിടെ ഭരണ മാറ്റത്തിന് കളമൊരുങ്ങിയത്.
പതിന്നാല് അംഗ ഭരണ സമിതിയില്‍ ഇരു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ തുല്യ നിലയായിരുന്നു. നറുക്കെടുപ്പിലൂടെ സി.പി.എമ്മിന്റെ കെ.എസ് സൗദാബീവിയും സുജു ജോണിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തി. എന്നാല്‍ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. കെ.എസ് സൗദാബീവി വോട്ടവകാശമില്ലാത്ത പഞ്ചായത്ത് അംഗമായി മാറി. 
ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന് ഇവിടെ അവസരം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഡെയ്‌സി തോമസ് പ്രസിഡന്റായും സി.എം.പിയുടെ വി.എന്‍ രാജന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സംസ്ഥാന തലത്തില്‍ യു.ഡി.എഫിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പഞ്ചായത്തുതലത്തില്‍ സി.എം.പി അംഗങ്ങള്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി സെക്രട്ടറി എന്‍.എന്‍ കുഞ്ഞ് അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് നല്‍കി. അവിശ്വാസം പ്രമേയം ചര്‍ച്ച ചെയ്യാനിരുന്നതിന്റെ തലേ ദിവസം ഡെയ്‌സി തോമസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബിന്ദു നാരായണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചത്. ഷിജി ഷാജി എട്ട് വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അഞ്ച് വോട്ടുകളാണ് ലഭിച്ചത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി.ഡയറക്ടര്‍ എ.കെ ബാവയായിരുന്നു വരണാധികാരി. വരണാധികാരിയ്ക്ക് മുന്നില്‍ സത്യപ്രതിജ്ഞയെടുത്ത് പുതിയ പ്രസിഡന്റ് ഇന്നലെ തന്നെ ചുമതലയേറ്റെടുത്തു.

മംഗളം 15.05.2014

മുമ്പേ പറന്നത് എയ്ഞ്ചല്‍; സഹോദരിയെ റോള്‍ മോഡലാക്കി ബേസില്‍ നേടിയത് ഉജ്ജ്വല വിജയം

പെരുമ്പാവൂര്‍: ഏകസഹോദരി എയ്ഞ്ചലാണ് ബേസിലിന്റെ റോള്‍ മോഡല്‍. ഒരു മാലാഖയെ പോലെ അവള്‍ തെളിച്ച വഴിയില്‍ മുന്നേറിയ ബേസില്‍ കരസ്ഥമാക്കിയത് ഉജ്ജ്വല വിജയം.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍  ആദ്യ ശ്രമത്തില്‍ തന്നെ 2011 ല്‍ എയ്ഞ്ചല്‍ സാറ സജീവ് നേടിയ 32-ാം റാങ്കാണ് സഹോദരന്‍ ബേസിലിന് പ്രചോദനമായത്. മുമ്പേ പറന്ന സഹോദരിയ്ക്ക് അഭിമാനമായി ബേസില്‍ ആദ്യശ്രമത്തില്‍ തന്നെ പ്രവേശന പരീക്ഷയില്‍ ഒന്നാമനായി. 
കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ അശമന്നൂര്‍ ഓടക്കാലി കരിമ്പുംകാലായില്‍ സജീവ് കോശിയുടേയും കുട്ടമ്പുഴ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഷീല സജീവിന്റേയും മകന്‍ ബേസിലിന്  കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അതിനായി ടി.വി കാണല്‍ പൂര്‍ണ്ണമായി നിര്‍ത്തി. ഹരമായിരുന്ന സൈക്ലിങ്ങും സ്റ്റാമ്പ് കളക്ഷനും ഒഴിവാക്കി.
പാല മുത്തോലിയിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വാഴക്കുളത്തുള്ള കാര്‍മ്മല്‍ പബ്ലിക് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലായിരുന്നു പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ സഹോദരി എയ്ഞ്ചലിന് പുറമെ ബ്രില്യന്റ് സെന്ററിലെ  അദ്ധ്യപകന്‍ കെ.എസ് ഷാജുവും ബേസിലിന് മാതൃകയായി. 
എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ കോതമംഗലം വിമലഗിരി പബ്ലിക് പഠിച്ച ബേസില്‍, കഠിനാദ്ധ്വാനവും പ്രാര്‍ത്ഥനയുമാണ് തന്റെ വിജയരഹസ്യമെന്ന് മംഗളത്തോട് പറഞ്ഞു. 

മംഗളം 16.05.2014