Saturday, November 17, 2012

മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ തകര്‍ന്നു


പെരുമ്പാവൂര്‍: മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി. 
വളയന്‍ചിറങ്ങര മുതല്‍ പോഞ്ഞാശേരി വരെയുള്ള ഭാഗത്ത്‌ വലിയ കുഴികളാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. ഇതുമൂലം യാത്രാ തടസം മാത്രമല്ല അപകടഭീഷണിയും ഉണ്ട്‌. 
നിരവധി സ്വകാര്യ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്ന പ്രധാന റോഡാണ്‌ ഇത്‌. കൂഴുര്‍ ക്രൈസ്റ്റ്‌ നോളഡ്‌ജ്‌ സിറ്റി, ഐരാപുരം ശ്രീശങ്കരവിദ്യാപീഠം കോളജ്‌, വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍, മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്‌കൂള്‍, സെന്റ്‌ ജോര്‍ജ്‌ പബ്ലിക്‌ സ്‌കൂള്‍, കീഴീല്ലം, പൂനൂര്‍ ഗവ. യു.പി സ്‌കൂളുകള്‍, വെങ്ങോല ബത്‌ സാദാ സ്‌കൂള്‍ തുടങ്ങിയ നിരവധി വിദ്യാലയങ്ങളിലേയ്‌ക്കുള്ള വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന റോഡാണിത്‌. ഐരാപുരം റബര്‍ പാര്‍ക്ക്‌ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതുവഴിയാണ്‌ സഞ്ചരിയ്‌ക്കുന്നത്‌. നിരവധി പ്ലൈവുഡ്‌ കമ്പനികളും ക്രഷര്‍ യൂണിറ്റുകളും ചെറുകിട വ്യവസായ യൂണിറ്റുകളും ഇ റോഡ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌.
റോഡിലെ ഗര്‍ത്തങ്ങളില്‍ വീണ്‌ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്‌ പതിവായി. വെങ്ങോല കവലയ്‌ക്കു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി നൂറുമീറ്ററോളം തകര്‍ന്നതും അപകടഭീഷണിയായി.
മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ അടിയന്തിരമായി പുനര്‍ നിര്‍മ്മിയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വകുപ്പു മന്ത്രിയ്‌ക്കും പൊതുമരാമത്ത്‌ അധികൃതര്‍ക്കും മുസ്ലിം ലീഗ്‌ വെങ്ങോല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി അബ്‌ദുല്‍ ജലാല്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ്‌ എന്നിവര്‍ നിവേദനം നല്‍കിയിട്ടുണ്ട്‌.

എ.എന്‍.ടി.യു.സി ഔദ്യോഗികപക്ഷം കരുത്തുകാട്ടും; റാലിയും സമ്മേളനവും ഇന്ന്‌


പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ നടക്കുന്ന പൊതു സമ്മേളനവും റാലിയും ഔദ്യോഗിക പക്ഷത്തിന്റെ കരുത്ത്‌ തെളിയിക്കലാവും. 
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട്‌ 6 ന്‌ യൂണിയന്‍ അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. ജി സജീവറെഡി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരന്‌ സമ്മേളനത്തില്‍ സ്വീകരണം നല്‍കും. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ്‌ ടി.പി ഹസന്‍, കെ.പി ധനപാലന്‍ എം.പി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, വി.ഡി സതീശന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട്‌ 4 ന്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിന്‌ മുന്നില്‍ നിന്ന്‌ ആരംഭിയ്‌ക്കുന്ന വര്‍ണ ശബളമായ റാലി പട്ടണം ചുറ്റി സമ്മേളന നഗരിയില്‍ അവസാനിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ ഉതുപ്പ്‌ ക്യാപ്‌റ്റനായുള്ള കൊടിമര ജാഥയും മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ക്യാപ്‌റ്റനായുള്ള പതാക ജാഥയും ഇന്നലെ വൈകിട്ട്‌ 6 ന്‌ പട്ടണത്തില്‍ എത്തി. കൊടിമര ജാഥ പാണിയേലിയില്‍ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ ഒ. ദേവസിയും പതാകജാഥ അറയ്‌ക്കപ്പടിയില്‍ ഡി.സി.സി സെക്രട്ടറി എന്‍.പി വറുഗീസും ഉദ്‌ഘാടനം ചെയ്‌തു. 
ഇരുജാഥകളും ഒത്തു ചേര്‍ന്ന്‌ വിളംബര ജാഥയായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്ന്‌ കൊടിമരം സ്ഥാപിച്ചു. ചടങ്ങില്‍ ടി.പി ഹസ്സന്‍, ടി.ബി ഹസൈനാര്‍, എം.എം അവറാന്‍, വി.എം ഹംസ, പി.വൈ പൗലോസ്‌, അന്‍വര്‍ മുണ്ടേത്ത്‌, അല്‍ഫോന്‍സ്‌ മാസ്റ്റര്‍, കെ.പി വറുഗീസ്‌, ടി.എം സദാശിവന്‍, മഹേഷ്‌കുമാര്‍, ഡേവിഡ്‌ തോപ്പിലാന്‍, ഷാജി കുന്നത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ വേണമെന്ന്‌


പെരുമ്പാവൂര്‍: ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കി. 
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ മൂത്തേടന്‍ കേന്ദ്ര തൊഴില്‍ വകുപ്പ്‌ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനാണ്‌ നിവേദനം നല്‍കിയത്‌. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ എ.എസ്‌.ഐ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ കിടത്തി ചികിത്സ ആരംഭിയ്‌ക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്‌. നാലു ഡോക്‌ടര്‍മാരുള്‍പ്പെടെ ഇരുപതോളം ജീവനക്കാരുള്ള ഈ ഡിസ്‌പെന്‍സറിയുടെ പരിധിയില്‍ ഇപ്പോള്‍ 21000 ല്‍പ്പരം തൊഴിലാളികളും അവരുടെ അമ്പതിനായിരത്തോളം ആശ്രിതരുമാണ്‌ ഉള്ളത്‌. കിറ്റെക്‌സ്‌, അന്ന അലുമിനിയം, എടത്തല എ.വി.ടി, കോതമംഗലം ഈസ്റ്റേണ്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെയും ആയിരത്തോളം പ്ലൈവുഡ്‌ കമ്പനികളിലേയും നൂറില്‍പ്പരം റൈസ്‌ മില്ലുകളിലേയും തൊഴിലാളികള്‍ പൂര്‍ണ്ണമായുംം ആശ്രയിക്കുന്നത്‌ ഈ ഡിസ്‌പെന്‍സറിയേയാണ്‌. പെരുമ്പാവൂരും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക്‌ വിദഗ്‌ദ്ധ ചികിത്സ വേണ്ടിവന്നാല്‍ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പാതാളം ഇ.എസ്‌.ഐ ആശുപത്രിയില്‍ പോകേണ്ട സ്ഥിതിയാണുള്ളത്‌. ദിനം പ്രതി ആയിരക്കണക്കിന്‌ രോഗികള്‍ അഡ്‌മിറ്റാകുന്ന പാതാളം ആശുപത്രിയില്‍ രോഗികളുടെ ബാഹുല്യം മൂലം മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന രോഗികളെ അഡ്‌മിറ്റ്‌ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്‌. നാല്‌ ഏക്കര്‍ സ്ഥലം സ്വന്തമായുള്ള പെരുമ്പാവൂര്‍ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കിയതായി മനോജ്‌ മൂത്തേടന്‍ അറിയിച്ചു. 


മംഗളം 16.11.2012

Thursday, November 15, 2012

പമ്പയിലേയ്ക്ക് ബസ് സര്‍വ്വീസ് തുടങ്ങും


പെരുമ്പാവൂര്‍: മണ്ഡലക്കാലത്തോടനുബന്ധിച്ച് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പമ്പയിലേയ്ക്ക്  കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങും. 
പതിനേഴു മുതല്‍ എല്ലാ ദിവസവും രാത്രി 7.30-ന് ബസ് പുറപ്പെടും. നൂറ്റി നാല്‍പ്പത്തിമൂന്നു രൂപയാണ് നിരക്ക്. 
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഹരി എന്നിവരുടെ ശ്രമഫലമായാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്.

മംഗളം 15.11.12

Wednesday, November 14, 2012

ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

ശരത്

പെരുമ്പാവൂര്‍: ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി.
തൃശൂര്‍ വെറ്റിലപ്പാറ നെടുംപറമ്പില്‍ വീട്ടില്‍ സത്യന്റെ മകന്‍ ശരത് (23) ആണ് പിടിയിലായത്. ഡിവൈ.എസ്.പി ഹരികൃഷ്ണനുകിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് ഓണംകുളത്തുള്ള വാടകവീട്ടില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഔഷധി ജംഗ്ഷനില്‍ വി.ഐ.പി കോളനി റോഡില്‍ താമസിക്കുന്ന ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ശങ്കരമംഗലം അനില്‍ ജോണ്‍ ജോസഫിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, വൈറ്റ് ഗോള്‍ഡിന്റെ മാല, 24000 രൂപ എന്നിവ കവര്‍ന്നത് ഇയാളാണ്. ജി.കെ പിള്ള റോഡില്‍ അമ്പലമുകള്‍ എച്ച്.ഒ.സി കമ്പനി മുന്‍ ജനറല്‍ മാനേജര്‍ സുരാഗ് വീട്ടില്‍ ഗോപാലന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതും അറയ്ക്കപ്പടി വാത്തിമറ്റം വീട്ടില്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്നും 2500 രൂപയും 15 കിലോ ജാതിക്കയും മോഷ്ടിച്ചതും ഇയാളാണ്.
അറയ്ക്കപ്പടി സെന്റ് ബേസില്‍ ക്ലിനിക്കിലെ നേഴ്‌സുമാരായ അനിത, ജിനി എന്നിവരുടെ ഹാന്റ് ബാഗില്‍ നിന്നും 4500 രൂപയും എ.ടി.എം കാര്‍ഡും ഇയാള്‍ കവര്‍ന്നിരുന്നു. ഈ കാര്‍ഡുപയോഗിച്ച് അറയ്ക്കപ്പടി യൂണിയന്‍ ബാങ്ക് എ.ടി.എം കൗണ്ടറില്‍ നിന്ന് 17000 രൂപ മോഷ്ടിച്ചതും ശരത്താണെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് ഡോറുകള്‍ ഫിറ്റുചെയ്യുന്ന ശരത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം ഡോര്‍ ഫിറ്റിങ്ങിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ചു കിട്ടിയ രൂപ മദ്യപിച്ചും സുഖവാസകേന്ദ്രങ്ങളില്‍ താമസിച്ചും ചെലവാക്കുന്നതാണ് രീതി. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന ഓണംകുളം മനയത്ത് രാജശേഖരന്റെ വീട്ടില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൊടകര, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ മാരായ രവി, റെജി വറുഗീസ്, സീനിയര്‍ സിവില്‍  പോലീസ് ഓഫീസര്‍മാരായ പ്രസാദ്, ഹമീദ്, ഡ്രൈവര്‍ എ.എസ്.ഐ രാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ റിമാന്റ് ചെയ്തു.

Tuesday, November 13, 2012

പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരം മുറുകുന്നു; ഗ്രൂപ്പിനുള്ളിലും ഭിന്നത


രണ്ടുപേര്‍ ആശുപത്രിയില്‍


പെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത മുറുകി കയ്യാങ്കളിയിലേയ്ക്ക്. അതിനിടെ എ ഗ്രൂപ്പ് യോഗത്തിനുള്ളിലും ഭിന്നത.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും തമ്മിലുള്ള മത്സരം മുറുകുന്നു. ഐ ഗ്രൂപ്പ് നേതൃത്വം നടത്തുന്ന ഐ.എന്‍.ടി.യു.സി സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിലും തടയാന്‍ ചെന്നവര്‍ക്ക് കത്തിക്കുത്തേറ്റതിലും വരെ മത്സരം ചെന്നെത്തി.
ഈ മാസം 17-ന് നടക്കുന്ന യൂണിയന്‍ സമ്മേളനത്തിന്റെ മുന്നോടിയായി പ്രളയക്കാട് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ്  ഞായറാഴ്ച രാത്രി നശിപ്പിച്ചത്. കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം പ്രസിഡന്റ് ടി.കെ സാബുവിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്ന് ഐ ഗ്രൂപ്പ് ആരോപിയ്ക്കുന്നു. തടയാന്‍ ചെന്ന മുടക്കുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ പൗലോസിനും പ്രവര്‍ത്തകനായ ആന്‍സണ്‍ ഐപ്പിനുമാണ് പരുക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ബോര്‍ഡുകള്‍ നശിപ്പിചച്ചതിനും രണ്ടുപേരെ ആക്രമിച്ചതിനും എതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിട്ടുണ്ട്. അതിനു പുറമെ സാബുവിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് മുടക്കുഴയിലെ ഐ ഗ്രൂപ്പ് രംഗത്തുവന്നിട്ടുമുണ്ട്.
പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ.എന്‍.ടി.യു.സി സമ്മേളത്തിന് ബദലായാണ് 17-ന് നടക്കുന്ന സമ്മേളനം. ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മേളനത്തിലും ജനപങ്കാളിത്തം മോശമായില്ലെങ്കിലും മന്ത്രിമാരോ എം.എല്‍.എ മാര്‍ അടക്കമുള്ള പ്രമുഖരോ പങ്കെടുത്തിരുന്നില്ല. അതേസമയം, മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന പ്രവേശനമായി ആ സമ്മേളനം മാറി.
എന്നാല്‍, മുസ്തഫയുടെ വരവ് എ ഗ്രൂപ്പിനുള്ളില്‍ ഭിന്നതയുണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുസ്തഫയോട് താത്പര്യമുള്ളവരെ  ഒഴിവാക്കി ബെന്നി ബഹന്നാന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, മുസ്തഫയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുന്നത് കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാത്രം മതിയെന്നായിരുന്നു അന്തിമതീരുമാനം. 
ആ യോഗത്തിന്റെ തുടര്‍ച്ചയായി ഇന്നലെ പെരുമ്പാവൂര്‍ സഫ ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന യോഗത്തിലും മുസ്തഫ പക്ഷക്കാര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍, മുമ്പ് തന്നെ എ ഗ്രൂപ്പില്‍ സജീവമായ മുസ്തഫയുടെ മകന്‍ സക്കീര്‍ഹുസൈന്‍ യോഗത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നത് മുസ്തഫയുടെ എതിരാളികളെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദാനിയേല്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍ ഷാജി സലിം, ഷെയ്ക്ക് ഹബീബ് തുടങ്ങിയവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വെങ്ങോലയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനാണ് യോഗത്തില്‍ നിന്ന് പോയതെന്ന് ദാനിയേല്‍ മാസ്റ്റര്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും മുസ്തഫയോടുള്ള വിയോജിപ്പായിരുന്നു അതിനു കാരണമെന്ന് വ്യക്തമാണ്. എ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി റാലിയില്‍ ഷാജി സലിം അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ ദല്ലാള്‍ രാഷ്ട്രീയക്കാരെന്ന് വിളിച്ച് മുസ്തഫ ആക്ഷേപിച്ചിരുന്നു.
എന്നാല്‍ മുസ്തഫയെ പോലെ ജനകീയനായ ഒരു നേതാവ് എ ഗ്രൂപ്പിന് ആവശ്യമാണെന്ന് കരുതുന്നവരും ഗ്രൂപ്പിനുള്ളിലുണ്ട്. പെരുമ്പാവൂര്‍ രാഷ്ട്രീയത്തില്‍ മുസ്തഫ കാണിയ്ക്കുന്ന അമിത താത്പര്യം പലര്‍ക്കും അതേസമയം തലവേദന സൃഷ്ടിയ്ക്കുന്നു. ഇത് മകന്‍ സക്കീര്‍ ഹുസൈന്റെ രാഷ്ട്രീയ ഭാവിയ്ക്കും പ്രതിബന്ധമാകുന്നുവെന്ന് കരുതുന്നവരുണ്ട്.
എന്തായാലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മത്സരവും ഗ്രൂപ്പുകള്‍ക്കുള്ളിലെ മത്സരവും അനുദിനം കൊഴുക്കുകയാണ് എന്നതാണ് വസ്തുത. 

മംഗളം 13.11.2012

Monday, November 12, 2012

പെരുമ്പാവൂരില്‍ ഇന്നു മുതല്‍ ഗതാഗത പരിഷ്‌കാരം; പ്രതിഷേധം വ്യാപകം


പെരുമ്പാവൂര്‍: വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ അശാസ്ത്രീയമായി പട്ടണത്തില്‍ ഇന്ന് മുതല്‍ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം.
കര്‍ശനമായ വണ്‍വേ സമ്പ്രദായങ്ങളും പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുളള ഗതാഗത പരിഷ്‌കാരങ്ങള്‍ക്കെതിരെ ആദ്യം രംഗത്ത് വന്നത് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹനനാണ്. പലവട്ടം ഏര്‍പ്പെടുത്തി പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ എന്‍.സി പറയുന്നു.
തോട്ടുങ്ങല്‍ റോഡിലൂടെ വണ്‍വേ നടപ്പാക്കുന്നതിലുള്ള പ്രതിഷേധവുമായി സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മേഖലയിലേയ്ക്ക് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എത്തണമെങ്കില്‍ പട്ടണം മുഴുവന്‍ ചുറ്റേണ്ടി വരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ല റസിഡന്റ്‌സ് അസോസിയേഷന്‍സ് എപ്പക്‌സ് കൗണ്‍സില്‍ പെരുമ്പാവൂര്‍ മേഖലാകമ്മിറ്റിയും ഗതാഗത പരിഷ്‌കാരത്തിന് എതിരെ രംഗത്തുവന്നു. വണ്‍വേ സമ്പ്രദായം നടപ്പാക്കുമ്പോള്‍ യൂണിയന്‍ ബാങ്ക് റോഡിലും തോട്ടുങ്ങല്‍ റോഡിലും ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുവാദം നല്‍കണമെന്നാതായിരുന്നു പ്രധാന ആവശ്യം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ടൗണില്‍ ചരക്കുലോറികളുടെ ഗതാഗതം നിരോധിയ്ക്കണമെന്നും മേഖലാ കൗണ്‍സില്‍ പ്രസിഡന്റ് കെ.വി സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഫുട്ട്പാത്തുകള്‍ നവീകരിയ്ക്കുകയോ റോഡുകള്‍ക്ക് വീതികൂട്ടുകയോ ചെയ്യാതെ വര്‍ഷാവര്‍ഷം നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്ന് പൊതുപ്രവര്‍ത്തകനായ എം.ബി ഹംസ പറയുന്നു. റോഡ് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയാനോ ഫുട്ട്പാത്ത് കയ്യേറിയുള്ള വഴിവാണിഭം ഒഴിപ്പിയ്ക്കാനോ അധികൃതര്‍ക്കാവുന്നില്ല. സ്ഥിരം പാര്‍ക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. 
ബൈ പാസ് റോഡ് അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കിയും വണ്‍വേ റോഡുകള്‍ വികസിപ്പിച്ചുമല്ലാതെയുള്ള ടൗണിലെ ഏതൊരു ട്രാഫിക് പരിഷ്‌കാരവും നടപ്പാകാന്‍ ബുദ്ധിമുട്ടാണെന്ന് ഹംസ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. 

മംഗളം 12.11.2012

പെരുമ്പാവൂര്‍ ഉപജില്ലാ കലോത്സവം: വളയന്‍ചിറങ്ങര ജേതാക്കളായി


പെരുമ്പാവൂര്‍: ഉപജില്ലാ കലോത്സവത്തില്‍ 671 പോയിന്റുകളോടെ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത്. അഞ്ഞൂറ്റി രണ്ട് പോയിന്‍ന്റുകളോടെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും അഞ്ഞൂറു പോയിന്റുകളോടെ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. 
സമാപന സമ്മേളനം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.ജി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. 
വേങ്ങൂര്‍ പള്ളി വികാരി ഷാജന്‍ എബ്രഹാം, സഹവികാരി സെല്‍സണ്‍ ജോയി, എ.ഇ.ഒ അഹമ്മദ് കുട്ടി,  ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഇട്ടൂപ്പ്, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുള്‍ മുത്തലിബ്, എച്ച്.എം ഫോറം സെക്രട്ടറി കെ.ഇ തങ്കച്ചന്‍, പള്ളികമ്മിറ്റി അംഗം ഇ.എം ജോയി, പി.ടി.എ പ്രസിഡന്റ് പി.പി ജോയി, ഹെഡ്മിസ്ട്രസ് എം.എസ് ഷൈനി എന്നിവര്‍ പ്രസംഗിച്ചു 

മംഗളം 12.11.2012

Sunday, November 11, 2012

പെരുമാനി സെന്റ് ജോര്‍ജ് പള്ളിയില്‍ നവതി ആഘോഷങ്ങള്‍


പെരുമ്പാവൂര്‍: പെരുമാനി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ 90-ാമത് വാര്‍ഷിക പെരുന്നാളും നവതി ആഘോഷവും സുവിശേഷ മഹായോഗവും ഇന്ന് തുടങ്ങും.
രാവിലെ 10 ന് കൊടിയേറ്റ്, 10.30 ന് വറുഗീസ് പോള്‍ ചാലക്കുടിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം, 12.15 ന് നവതി ആഘോഷം എന്നിവ നടക്കും. മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത 80 വയസിനുമുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആദരിയ്ക്കും. 
വിവിധ ദിവസങ്ങളില്‍ വൈകിട്ട് 7.15 ന് ബൈജു ചാണ്ടി കോതമംഗലം, ഫാ. റെജിപോള്‍ കോലഞ്ചേരി, സാബു വാര്യപുരം, നന്ദുജോണ്‍ ചാലക്കുടി,  ഫാ. പുന്നൂസ് കുന്നേല്‍ തിരുവല്ല, സാബു കോഴിക്കോട്ട് പാല, സ്റ്റീഫന്‍ എബ്രഹാം കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. എല്ലാദിവസവും രാവിലെ 8 ന് വി. കുര്‍ബാന നടക്കും.
18 ന് രാവിലെ 8.30 ന് ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തിലാണ് വി. കുര്‍ബാന, തുടര്‍ന്ന് പ്രദിക്ഷണം, സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച തുടങ്ങിയവ ഉണ്ടാകും.
അവസാന ദിവസമായ 19 ന് രാവിലെ 9 ന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന നടക്കും. കുര്‍ബാന മദ്ധ്യേ ചാത്തുരുത്തിയില്‍ മോര്‍ ഗ്രിഗോറിയോസ് (പരുമല) തിരുമേനിയുടെ തിരുശേഷിപ്പ് പുറത്തെടുക്കും.
ധൂപ പ്രാര്‍ത്ഥന സ്ലീബാ എഴുന്നള്ളിപ്പ്, നേര്‍ച്ച സദ്യ തുടങ്ങിയവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30 ന് കൊടിയിറക്ക് നടക്കുമെന്ന് വികാരി ഫാ. എല്‍ദോസ് മൊളേക്കുടിയില്‍, ട്രസ്റ്റിമാരായ പി.വി മത്തായി, പി.ഐ എബ്രഹാം എന്നിവര്‍ അറിയിച്ചു. 

മംഗളം  11.11.12

വ്യാജമണല്‍ നിര്‍മ്മാണം: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് മാര്‍ച്ച് നടത്തി


പെരുമ്പാവൂര്‍: പനിച്ചയം പാറപ്പടി പ്രദേശത്തെ വ്യാജമണല്‍ നിര്‍മ്മാണത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ സുജു ജോണി, വല്‍സല വിജയന്‍, ലളിതകുമാരി, വിവിധ സംഘടനാ നേതാക്കളായ കെ.കെ രാജു (കെ.പി.എം.എസ്), കെ.കെ ശശീന്ദ്രന്‍ മാസ്റ്റര്‍ (എസ്.എന്‍.ഡി.പി), സി.എന്‍ രഞ്ജിത് (എന്‍.എസ്.എസ്), എന്‍.എന്‍ കുഞ്ഞ് (സി.പി.എം ലോക്കല്‍ സെക്രട്ടറി), ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എന്‍ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ എം.ബി വേണു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡുമെമ്പര്‍ സൗദാ ബീവി അദ്ധ്യക്ഷത വഹിച്ചു.
വ്യാജ മണല്‍ നിര്‍മ്മാണം നിരോധിയ്ക്കുക, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് പിന്‍വലിയ്ക്കുക, പ്രദേശവാസികളുടെ ജീവന്‍ രക്ഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. 

മംഗളം 11.12.2012







പ്ലൈവുഡ് സമരത്തിനെതിരായ ഭീഷണി പൊതു സമൂഹം ഏറ്റെടുക്കുമെന്ന് പ്രൊഫ. സീതാരാമന്‍


പെരുമ്പാവൂര്‍: പ്ലൈവുഡ് മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന പരിസ്ഥിതി കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയ്‌ക്കെതിരെയുള്ള ഭീഷണി പൊതു സമൂഹം ഏറ്റെടുക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ് സീതാരാമന്‍. 
കലര്‍പ്പില്ലാത്ത വായുവും ജലവും മനുഷ്യന്റെ ജന്മാവകാശമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കായികമായി നേരിടുമെന്ന ഭീഷണി അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍  നടത്തിയ പത്രസമ്മേളനത്തിലാണ്  വറുഗീസ് പുല്ലുവഴിയ്ക്ക് ഒരു പണികൊടുക്കുമെന്ന് പ്ലൈവുഡ് കമ്പനി ഉടമകള്‍ പരസ്യഭീഷണി മുഴക്കിയത്. ഭീഷണിയ്ക്ക് എതിരെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രാലയത്തിലും പരാതി നല്‍കാനും സമ്മേളനം തീരുമാനിച്ചു. 
കര്‍മ്മസമിതി വൈസ് ചെയര്‍മാന്‍ ബേസില്‍ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി റാഫേല്‍, ശിവന്‍ കദളി, കെ.ആര്‍ നാരായണ പിള്ള, പ്രൊഫ. എം.ആര്‍ മാലതി, ഖാദര്‍ വെങ്ങോല, ടി.കെ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 11.11.2012

പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടിയുടെ കള്ളപ്പണം


പെരുമ്പാവൂര്‍: ജില്ലയില്‍ പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടി രൂപയുടെ കള്ളപ്പണം ഒഴുകുന്നതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന പ്ലൈവുഡ് ഉല്‍പന്നങ്ങളുടെ യഥാര്‍ത്ഥ വിലയുടെ രണ്ടിരട്ടിയോളം കുഴല്‍പ്പണമായി കൊച്ചിയിലെ ചില നിഗൂഢകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുണ്ടെന്ന് കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പത്രസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ കോഡ് കൈമാറിയാണ് ഇവിടെ നിന്നും പണം കൈപ്പറ്റുന്നത്. ഇപ്രകാരം പണം കൈപ്പറ്റി മടങ്ങുമ്പോഴാണ് പുല്ലുവഴിയിലെ ഒരു  പ്ലൈവുഡ് ഉടമയുടെ സഹായിയെ ആക്രമിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തത്. പോലീസ് കേസെടുത്തെങ്കിലും കള്ളപ്പണമായതിനാല്‍ അത് ഒതുക്കി തീര്‍ക്കുകയായിരുന്നു.
പൊതുവഴി കയ്യേറിയും അനധികൃതമായാണ് പല കമ്പനികളുടേയും നിര്‍മ്മാണമെന്നും ഇത്തരം കമ്പനികള്‍ക്കെതിരേയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേയും കോടതിയെ സമീപിയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചട്ടപ്രകാരമുള്ള കെട്ടിടനികുതിയോ, തൊഴില്‍കരമോ ഈടാക്കാതെ പ്ലൈവുഡ് കമ്പനികളുമായി ഒത്തുകളിക്കുന്ന പഞ്ചായത്ത്/മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കാനും തീരുമാനമുണ്ട്. ആകെയുള്ള 800 കമ്പനികളില്‍ പകുതിപോലും ലൈസന്‍സ് ഇല്ലാത്തവയാണെന്നും ഇതുവഴി വന്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു. നികുതിവെട്ടിപ്പിന് സൗകര്യം ചെയ്ത് കിട്ടാനായി ഭരണകര്‍ത്താക്കളേയും രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥ പ്രമുഖരേയും സ്വാധീനിയ്ക്കാന്‍ ഓരോ കമ്പനിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം, 80 കോടി രൂപ പിരിച്ചെടുത്തതായും വറുഗീസ് പുല്ലുവഴി ആരോപിച്ചു. 
പ്ലൈവുഡ് മലിനീകരണത്തിനെതിരെ കാക്കനാട് കളക്‌ട്രേറ്റ് പടിയ്ക്കല്‍ നടന്നുവരുന്ന സമരം കമ്പനികളുടെ മുന്നിലേയ്ക്കും വ്യാപിപ്പിയ്ക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. പാര്‍പ്പിട മേഖലയില്‍ നിന്ന് പ്ലൈവുഡ് കമ്പനികള്‍ മാറ്റി സ്ഥാപിയ്ക്കുക, കമ്പനികളിലെ രാത്രികാല പ്രവര്‍ത്തനം നിരോധിയ്ക്കുക, അനധികൃത കമ്പനികള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞമാസം 31 ന് തുടങ്ങിയ അനിശ്ചിതകാല സമരം 9 ദിവസം പിന്നിട്ടിട്ടും കളക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക്‌പോലും തയ്യാറായിട്ടില്ലെന്ന്  ഭാരവാഹികള്‍ പറയുന്നു. പത്രസമ്മേളനത്തില്‍ ബേസില്‍ കുര്യാക്കോസ്, എം.കെ ശശിധരന്‍പിള്ള, ബി പൗലോസ്, പി.എ വറുഗീസ്, ബാബു വറുഗീസ്, സി.കെ പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മംഗളം 11.11.2012

Saturday, November 10, 2012

ചേലാമറ്റത്ത് പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ്; നാട്ടുകാര്‍ക്ക് പ്രതിഷേധം


പെരുമ്പാവൂര്‍: ചേലാമറ്റം ക്ഷേത്രത്തിന് സമീപം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം. 
ഒക്കല്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃത ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സ് എന്ന സ്ഥാപനമാണ് അമൃത പ്രൊഡക്ട്‌സ് എന്ന പേരില്‍ വന്‍കിട പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റായി മാറുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ 25 സെന്റ് സ്ഥലത്താണ് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. തൊട്ടയല്‍വാസികളുടെ പോലും സമ്മതപത്രമില്ലാതെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. മിനിമം ദൂരപരിധിയൊ, ശബ്ദമലിനീകരണ സംവിധാനങ്ങളൊ ഇല്ലാതെയാണ് കമ്പനിയുടെ നടത്തിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കമ്പനി ജനജീവിതം ദുസഹമാക്കുന്നു. യൂണിറ്റിലേയ്ക്കുള്ള യന്ത്രസാമിഗ്രികള്‍ കൊണ്ടുവന്നപ്പോഴാണ് പ്ലാസ്റ്റിക് യൂണിറ്റു  വരുന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയ്ക്ക് സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ അന്നുതന്നെ യൂണിറ്റ് ഉടമയോടുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നിയമങ്ങളെല്ലാം അവഗണിച്ച് സ്ഥാപിച്ചിട്ടുള്ള കമ്പനി സ്ഥലത്ത് വായു-ജല മലിനീകരണം ഉണ്ടാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. ഇതുവഴി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കും. 
ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

മംഗളം 10.11.2012

രക്താര്‍ബുദം: ഗുരുതരാവസ്ഥയിലായ വീട്ടമ്മ സഹായം തേടുന്നു


പെരുമ്പാവൂര്‍: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെട്ട പാണിയേലി മുത്തലങ്ങവീട്ടില്‍ അജിയുടെ ഭാര്യ അഞ്ജു (22) ആണ് സഹായം തേടുന്നത്. തുരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ അഞ്ജു ഒന്നര വര്‍ഷമായി ചികിത്സയിലാണ്.
രക്തം നിര്‍മ്മിയ്ക്കുന്ന സെല്ലുകളെ രോഗാണുക്കള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മറ്റൊരാളുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന  സെല്ലുകളെ കടത്തിവിട്ടുവേണം ഇനി അഞ്ജുവിന്റെ ശരീരത്തില്‍ രക്തം നിര്‍മ്മിയ്ക്കാന്‍. എട്ട് ലക്ഷം രൂപയോളം ചിലവുവരുന്ന ചികിത്സയാണിത്. നാലുമാസത്തെ കീമോ തെറാപ്പിയ്ക്കുശേഷം വേണം ഇത് ചെയ്യാന്‍.
കൂലിപ്പണിക്കാരനായ അജിയ്ക്ക് ഇത്രവലിയ തുക സമാഹരിയ്ക്കാന്‍ കഴിയില്ല. മാത്രവുമല്ല അജിയുടെ പിതാവ് ശശി തലയില്‍ ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് 10  വര്‍ഷമായി ചികിത്സയിലാണ്. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനേത്തുടര്‍ന്ന് അജിയുടെ സഹോദരന്‍ മനോജ് തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷക്കാലം കിടപ്പിലായിരുന്നു ആറുവര്‍ഷം മുമ്പാണ് മരിച്ചത്. അതുവഴിയുണ്ടായ  സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഈ കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തമുണ്ടാകുന്നത്. അജിയ്ക്കും അഞ്ജുവിനും രണ്ടര വയസു പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്.
ധനസഹായം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ കൊമ്പനാട് ശാഖയില്‍ തുടങ്ങിയ 12920100064869 എന്ന നമ്പറിലുള്ള അജിയുടെ അക്കൗണ്ടിലേയ്ക്ക് സഹായം നിക്ഷേപിയ്ക്കാവുന്നതാണ്.

മംഗളം 10.11.2012

Friday, November 9, 2012

മഴ: മേതലയില്‍ കനാല്‍ ബണ്ട് തകര്‍ന്നു; വീട് ഒലിച്ചു പോയി


പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്ത മഴയില്‍ പെരിയാര്‍വാലി കനാല്‍ ബണ്ട് തകര്‍ന്നു. ബണ്ടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന വീട് ഒലിച്ചുപോയി.
മേതല ടണല്‍ ജങ്ങ്ഷനില്‍ ഏന്ത്രാത്തുംകുടിയില്‍ ഷിനോജിന്റെ വീടാണ് ഒലിച്ചുപോയത്. തണ്ണിക്കോട് പൗലോസിന്റെ കിണര്‍ ഭാഗികമായി ഇടിഞ്ഞു. പന്ത്രണ്ട്-പതിനഞ്ച് മീറ്ററോളം നീളത്തില്‍, ടാര്‍ ചെയ്ത കനാല്‍ ബണ്ടും സമീപത്തുണ്ടായിരുന്ന തെങ്ങുകള്‍ ഉള്‍പ്പടെയുള്ള വന്‍വൃക്ഷങ്ങളടക്കമുള്ള കൃഷി ദേഹണ്ഡങ്ങളും ഒഴുക്കില്‍ പെട്ടു.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഷിനോജ് ഐരാപുരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാത്രിതന്നെ സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ടണല്‍ ജങ്ങ്ഷനില്‍ നിന്ന് ഇരമലപ്പടിയിലേയ്ക്കുള്ള ടാര്‍ ചെയ്ത കനാല്‍ ബണ്ടാണ് കുത്തിയൊലിച്ചുപോയത്. ഉറവ കൂടുതലുള്ള പ്രദേശമായതിനാല്‍ തുടര്‍ച്ചയായി മഴ  പെയ്തതോടെ അടിമണ്ണ് ഇളകിപ്പോയതാകാം സംഭവത്തിന് കാരണമെന്നു കരുതുന്നു. 
ഈ ബണ്ടിലൂടെഭാരവാഹനങ്ങള്‍ നിരോധിയ്ക്കണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനുവേണ്ടി പ്രദേശവാസികള്‍ കോടതിയെ സമീപിയ്ക്കുകയും ചെയ്തിരുന്നു. ബണ്ടിന്റെ ബലപരിശോധന നടത്താനും ഉറപ്പുണ്ടെങ്കില്‍ മാത്രം വാഹനഗതാഗതം അനുവദിയ്ക്ക്കാനുമാണ് കോടതി പെരിയാര്‍വാലി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കനത്ത അവഗണനയാണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇന്നലെ സ്ഥലത്ത് എത്തിയ പെരിയര്‍വാലി അസിസ്റ്റന്റ് എഞ്ചിനീയറെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.
മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, പെരിയാര്‍വാലി അധികൃതര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധിയാളുകള്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. കനാല്‍ ബണ്ട് പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

മംഗളം 09.11.2012

Thursday, November 8, 2012

പെരുമ്പാവൂരില്‍ അണ്ണാ ഹസാരെ വേണ്ട


പെരുമ്പാവൂര്‍: മരവ്യവസായ മേഖലയ്‌ക്കെതിരെ നിരന്തരം സമരം ചെയ്യുന്ന അഭിനവ അണ്ണാഹസാരയെ പെരുമ്പാവൂരിന് വേണ്ടെന്ന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.
ഉത്തരേന്ത്യന്‍ ലോബിയില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി സമരം ചെയ്യുന്നതെന്ന്  ഭാരവാഹികള്‍ ആരോപിച്ചു. അണ്ണാഹസാരെയാകാനാണ് വറുഗീസിന്റെ ശ്രമം. അത് ഇവിടെ നടപ്പാവില്ലെന്നും വേണ്ടി വന്നാല്‍ ഒരു പണികൊടുക്കാന്‍ തങ്ങള്‍ക്കറിയാമെന്നും പത്രസമ്മേളനത്തില്‍ ഭീഷണി ഉയര്‍ന്നു.
പണി എന്നതുകൊണ്ട് അനാവശ്യ സമരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ എന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്തിയ ഭാരവാഹികള്‍ പരിസ്ഥിതി സംഘടനകള്‍ എവിടെനിന്നെങ്കിലും പണം കൈപ്പറ്റുന്നതിന് തങ്ങള്‍ക്ക് തെളിവുകളൊന്നും നല്‍കാനില്ലെന്നും വ്യക്തമാക്കി.


മരവ്യവസായം സംരക്ഷിയ്ക്കാന്‍ ബഹുജന കണ്‍വെന്‍ഷന്‍


പെരുമ്പാവൂര്‍: മരവ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിയ്ക്കുമെന്ന് സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരങ്ങള്‍ക്ക് നേരിട്ട് തൊഴിലും പതിന്‍മടങ്ങ് അനുബന്ധ തൊഴില്‍ അവസരങ്ങളും നല്‍കുന്ന മരവ്യവസായത്തെ തകര്‍ക്കാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ അജണ്ട നടപ്പാക്കുന്ന ഉപകരണങ്ങളാണ് ഇവിടുത്തെ പരിസ്ഥിതിവാദികളെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് കോടികളുടെ വരുമാനമുള്ള ഈ വ്യവസായത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.എം മുജ്ജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ആകെയുള്ള 1500 മരവ്യവസായ യൂണിറ്റുകളില്‍ 300 യൂണിറ്റുകളാണ് പ്ലൈവുഡ് നിര്‍മ്മിയ്ക്കുന്നത്. ഇവയൊക്കെ എല്ലാ നിയമങ്ങളും പാലിയ്ക്കുന്നവയാണ്. യാതൊരു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ യൂണിറ്റുകള്‍ വഴി ഉണ്ടാവുന്നില്ല. ഒറ്റപ്പെട്ട ചില കോടതി പരാമര്‍ശത്തിന്റെ പേരില്‍ മലിനീകരണത്തിന്റേയും പകര്‍ച്ചവ്യാധികളുടേയും മുഴുവന്‍ ഉത്തരവാദിത്വവും തങ്ങള്‍ക്കുമേല്‍ കെട്ടിവച്ച് ഈ വ്യവസായത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായവും മരവ്യവസായത്തെ നിലനിര്‍ത്തികൊണ്ടുള്ള പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താന്‍ സംഘടിപ്പിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ എം.എല്‍.എ മാരടക്കമുള്ള രാഷ്ട്രീയ സാമൂഹിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ കരീം, ട്രഷറര്‍ സി. കെ അബ്ദുള്‍ മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

മരവ്യവസായികള്‍ ആശുപത്രി തുടങ്ങും


പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂരില്‍ ആശുപത്രി തുടങ്ങും. 
അസോസിയേഷനുകീഴില്‍ രൂപീകരിച്ച സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രി.  വിവിധ പ്ലൈവുഡ് കമ്പനി തൊഴിലാളികള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഇതേ സേവനം ലഭിയ്ക്കും. ആശുപത്രി നടത്തിപ്പില്‍ നിന്ന് ലാഭം പ്രതീക്ഷിയ്ക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് കൃത്യവും കര്‍ശനവും ആയ ആരോഗ്യ പ രിശോധന നടത്താനും ആശുപത്രി സ്ഥാപിക്കുന്നതിലൂടെ കഴിയും. അസോസിയേഷനു കീഴിലുള്ള വട്ടയ്ക്കാട്ടുപടി, അല്ലപ്ര, മുടിയ്ക്കല്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഓരോ ലോഡ് തടി വില്‍പ്പന സമയത്തും പത്ത് രൂപ വീതം അധികം ഈടാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു തുക സമാഹരിയ്ക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.



പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിന് ഭരണാനുമതിയായി


പെരുമ്പാവൂര്‍: കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നാലു നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 13.75 കോടി രൂപ മുടക്കിയാണ് നിര്‍മ്മിയ്ക്കുന്നത്. 
താലൂക്ക് ഓഫീസും മറ്റും മിനി സിവില്‍സ്റ്റേഷനിലേയ്ക്ക് മാറ്റിയതിനെതുടര്‍ന്ന് 1.56 ഏക്കര്‍ സ്ഥലത്താണ് കോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിയ്ക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി, വാഹനാപകട നഷ്ടപരിഹാര കോടതി, സബ്‌കോടതി എന്നിവ അടങ്ങുന്നതാണ്  കോടതി സമുച്ചയം. ഇതിനുപുറമെ ന്യായാധിപര്‍, അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍, കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിനും  സൗകര്യമുണ്ടാകും. 
ദീര്‍ഘകാലത്തെ പരിശ്രമഫലമായാണ് കോടതി സമുച്ചയത്തിന് അനുമതി ലഭിച്ചതെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു. യൂ.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍, നഗരസഭ തുടങ്ങിയവര്‍ കോടതി സമുച്ചയത്തിനു വേണ്ടി ശ്രമിച്ചവരാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്റര്‍ നടപടികള്‍  ഉടന്‍ ആരംഭിയ്ക്കുമെന്നും എം.എല്‍.എ അറിയിച്ചിച്ചു. 
കോടതി സമുച്ചയ നിര്‍മ്മാണത്തിന് അനുമതി നേടിക്കൊടുത്ത സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം തുടങ്ങിയവരെ ബാര്‍ അസോസിയേഷന്‍ അനുമോദിച്ചു. ഭരണാനുമതിയുടെ കോപ്പി എം.എല്‍.എ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി രഘുകുമാറിന് കൈമാറി. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡോ. കെ.എ ഭാസ്‌കരന്‍, അഡ്വ. എന്‍.സി മോഹനന്‍, അഡ്വ. കെ.എന്‍ അനില്‍കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി വി.ജി സജീവ് പണിയ്ക്കര്‍, അഡ്വ. രമേഷ് ചന്ദ്, അഡ്വ. സജീവ് പി മേനോന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Wednesday, November 7, 2012

കലാമണ്ഡലം വിനയ ദിവാകരന് നാട്യശ്രീ പുരസ്‌കാരം


പെരുമ്പാവൂര്‍: കേരള ഗണക സമുദായ സഭയുടെ നാട്യശ്രീ പുരസ്‌കാരം കലാമണ്ഡലം വിനയ ദിവാകരന് മന്ത്രി കെ ബാബു സമ്മാനിച്ചു. ചടങ്ങില്‍ കെ.ജി.എസ്.എസ് സംസ്ഥാന സെക്രട്ടറി ഒ.എന്‍ മോഹനന്‍, സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
എട്ടു വര്‍ഷം കേരള കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ച വിനയ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിരുന്നു. 
റിട്ട.സപ്ലൈകോ ജീവനക്കാരന്‍ കീഴില്ലം മഠത്തേടത്ത് എം.ആര്‍ ദിവാകരന്റേയും കുമാരിയുടേയും മകളാണ്. 

മംഗളം 7.11.2012

Tuesday, November 6, 2012

വി.എന്‍ രാജന്‍ സി.എം.പി ജില്ലാ സെക്രട്ടറി




പെരുമ്പാവൂര്‍: സി.എം.പി ജില്ലാ സെക്രട്ടറിയായി വി.എന്‍ രാജനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന ഡോ. ജി പുരുഷന്‍ അന്തരിച്ചതിനേതുടര്‍ന്നാണിത്.
നിലവില്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവുമായ രാജന്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയാണ്. വി.സി രവി, എം.വി രാജേഷ് എന്നിവരാണ് ജോ. സെക്രട്ടറിമാര്‍. സംസ്ഥാന സെക്രട്ടറിമാരായ സി.പി ജോണ്‍, കെ അരവിന്ദാക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 

മംഗളം 06.11.2012


ടാക്‌സി ഡ്രൈവറുടെ കൊലപാതകം: നാലാം പ്രതിയും പോലീസ് പിടിയില്‍

 ശിവ

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ ദാരുണമായി കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയും പിടിയിലായി. ഇറോഡ് പെരിയാര്‍ സ്ട്രീറ്റില്‍ മുരുകന്റെ മകന്‍ സെല്‍വന്‍ എന്ന് വിളിക്കുന്ന ശിവ (25) യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പ് നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 
കഴിഞ്ഞ സ്വാതന്ത്ര്യദിന പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വാഴക്കുളം പള്ളിക്കവല മൗലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യെയാണ് പുല്ലുവഴിയ്ക്കടുത്തുള്ള ഇടറോഡില്‍ വച്ച് കൊലപ്പെടുത്തിയത്. കമ്പി വടിയ്ക്ക് തലയ്ക്കടിച്ച്  വീഴ്ത്തിയ  ശേഷം പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു. 
കൊലനടത്തിയ പള്ളിവാസല്‍ പോതമേട് സി.എസ്.ഐ പള്ളിയ്ക്ക് സമീപം താമസിയ്ക്കുന്ന രമേശിന്റെ മകന്‍ ശെല്‍വന്‍ എന്ന മണി (25), തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശി വിളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ ആരോഗ്യ സ്വാമിയുടെ മകന്‍ സെബ്സ്റ്റ്യന്‍ (45), ലാല്‍ഗുഡി താലൂക്കില്‍ അന്‍പഴകന്റെ മകന്‍ ചിന്നരാജ് (20) എന്നിവരെ കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘം കേവലം ഒരാഴ്ചയ്ക്കുള്ളിലായിരുന്നു വലയിലാക്കിയത്.
കൊലയാളികള്‍ക്ക് കാറിന്റെ നമ്പര്‍ മാറ്റി ഒട്ടിച്ച് നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍ 30/451 നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) യേയും കഴിഞ്ഞ സെപ്തംബറില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


ഐ.എന്‍.ടി.യു.സി പൊതുസമ്മേളനവും പ്രകടനവും 17-ന്



ഔദ്യോഗിക വിഭാഗം കരുത്ത് തെളിയിയ്ക്കും

പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രസിഡന്റിന് സ്വീകരണവും വര്‍ണ്ണപകിട്ടാര്‍ന്ന പ്രകടനവും 17 ന് നടക്കുമെന്ന് ജില്ലാ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ ടി.പി ഹസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ ഐ.എന്‍.ടി.യു.സി യുടെ പേരില്‍ പട്ടണത്തില്‍ നടന്ന പ്രകടനത്തിനും പൊതുസമ്മേളനത്തിനും യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്നും ടി.പി ഹസന്‍ പറഞ്ഞു. അതിന് നേതൃത്വം നല്‍കിയ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ ഇപ്പോള്‍ കോണ്‍ഗ്രസിന്റേയോ ഐ.എന്‍.ടി.യു.സിയുടേയോ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഉള്ള ആളല്ല.
കോണ്‍ഗ്രസിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവ് എന്ന നിലയില്‍ തങ്ങള്‍ക്ക് ടി.എച്ചിനോട് വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ പ്രായാധിക്യം കൊണ്ടാവണം, അദ്ദേഹത്തിന് ഓര്‍മ്മക്കുറവ് ബാധിച്ചിരിയ്ക്കുകയാണെന്നും ടി.പി ഹസന്‍ അഭിപ്രായപ്പെട്ടു. അല്ലെങ്കില്‍ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ പോലും ചെയ്യാത്ത മര്യാദകേട് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലായിരുന്നുവെന്നും ടി.പി കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന സമ്മേളനം ഐ.എന്‍.ടി.യു.സി അഖിലേന്ത്യ പ്രസിഡന്റ് ഡോ.ജി സജീവറെഡ്ഡി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരും ചടങ്ങിനുണ്ടാവും. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന് സ്വീകരണം നല്‍കും.
തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വനിതകള്‍ ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രകടനം സമ്മേളനത്തിനു മുമ്പ് നടക്കും.
പരിപാടിയുടെ വിജയത്തിനായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കാലടി കവലയിലുള്ള സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് മൂന്നിന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ ഒ ദേവസി, എം.എം അവറാന്‍, കെ.എം.എ സലാം, തോമസ് പി കുരുവിള, പി.കെ സദാശിവന്‍, എം.പി വറുഗീസ്, ടി.ബി ഹസൈനാര്‍, പോള്‍ ഉതുപ്പ്, ഡേവിഡ് തോപ്പിലാന്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം 06.11.2012

Monday, November 5, 2012

സി.കെ കൃഷ്ണന്‍ നിര്യാതനായി


പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂണിയന്‍ വൈസ്പ്രസിഡന്റ് കൃഷ്ണമന്ദിരത്തില്‍ സി.കെ കൃഷ്ണന്‍ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. 
പെരുമ്പാവൂര്‍ ഫാസ്, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സുശീല കുമാരി തൃശൂര്‍ ചോലയില്‍ കുടുംബാംഗം. മക്കള്‍: രമ (വൈസ് പ്രിന്‍സിപ്പാള്‍, ഗുരുകുലം കോളജ് വേങ്ങശ്ശേരി തൃശൂര്‍), ഹേമ, സീമ (അസി.പ്രൊഫസര്‍, സെന്റ് സേവ്യേഴ്‌സ് ആലുവ). മരുമക്കള്‍: അഡ്വ.സുനില്‍കുമാര്‍ (തൃശൂര്‍), സി.കെ ബൈജു (മുന്‍സീഫ് ചാലക്കുടി), ജോഷി (എന്‍ജിനീയര്‍, എ.സി.എം.ഇ കണ്‍ഷ്ട്രക്ഷന്‍സ് എറണാകുളം) 

മംഗളം 05.11.12

കള്ളുകുടിച്ചവര്‍ക്ക് അസ്വസ്ഥത; പുഴുക്കാട് ഷാപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി


പെരുമ്പാവൂര്‍: കള്ളുകുടിച്ചതിനെ തുടര്‍ന്ന് നാലുപേര്‍ക്ക് അസ്വസ്ഥതയുണ്ടായെന്നറിഞ്ഞ് ഇന്നലെ തുരുത്തി പുഴുക്കാട് ഷാപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഇവിടെ നിന്ന് മദ്യപിച്ച തുരുത്തി പാമ്പ്രക്കാരന്‍ കുര്യാക്കോസ് (50), കല്ലുവെട്ടിക്കുടി ശിവന്‍ (54) എന്നിവര്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായത്. ഇവര്‍ വേങ്ങൂരിലെ സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉച്ചയോടെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
സംഭവമറിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ഷാപ്പുടമയുടെ കീഴിലുള്ള മറ്റ് ആറ് ഷാപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഷാപ്പുടമയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ നാടകമാണ് ഇതെന്നും ആരോപണമുണ്ട്. ഒരേ കന്നാസില്‍ നിന്ന് പകര്‍ന്നുകൊടുത്ത കള്ളു കുടിച്ച നാലുപേര്‍ക്ക് മാത്രം അസ്വസ്ഥതയുണ്ടായെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതുമില്ല. 

മംഗളം 05.11.2012

Sunday, November 4, 2012

പെരുമ്പാവൂര്‍ നഗരസഭയിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍


പെരുമ്പാവൂര്‍: നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിയ്ക്കും. ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ജനനമരണ വിവാഹ രജിസ്‌ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രിജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് നിര്‍വ്വഹിയ്ക്കുന്നത്. വെബ്‌സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്, ബാര്‍ക്കോഡ്, യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 
2005 ന് ശേഷമുള്ള ജനനമരണ രജിസ്‌ട്രേഷനുകളും 2011 നവംബര്‍ മുതലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Saturday, November 3, 2012

പെരുമ്പാവൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി


പെരുമ്പാവൂര്‍: വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം വേങ്ങൂര്‍ മാര്‍കൗമാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു
കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണവും മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉപഹാര സമര്‍പ്പണവും നടത്തി.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  പോള്‍ ഉതുപ്പ്, കെ കുഞ്ഞുമുഹമ്മദ്, സ്‌കൂള്‍ മാനേജര്‍ ടി.ജി പൗലോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ചിന്നമ്മ വറുഗീസ് എം.പി രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്നകുമാരി വാസു, പി.വൈ പൗലോസ്, ജോയി പൂണേലി, ഡെയ്‌സി തോമസ്, ടി.എ സുനുമോള്‍, ബ്ലോക്ക് മെമ്പര്‍ റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാന്‍മാരായ റോയി വറുഗീസ്, ജെസി പൗലോസ്, ഫെമി എല്‍ദോസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  പി.വി നാരായണന്‍, ഒ.എം സെബന്നീസ ബീവി, പി.പി ജോയി, പോള്‍ സി ചെറിയാന്‍, എന്‍.എ ഫിലിപ്പ്, അഭിജിത് ശശി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. ഫാ. ഷാജന്‍ എബ്രഹാം അനുഗ്രഹ സന്ദേശം നല്‍കും.
ഉദ്ഘാടനസമ്മേളനത്തിനു മുമ്പ് കീഴില്ലം ഉണ്ണികൃഷ്ണന്‍ നയിയ്ക്കുന്ന പഞ്ചവാദ്യവും സമ്മേളാനന്തരം കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിയ്ക്കുന്ന വയലാര്‍-ദേവരാജന്‍ സ്മൃതി സന്ധ്യയും ഉണ്ട്.
പത്തിന് കലോത്സവം സമാപിയ്ക്കും. സമാപന സമ്മേളനം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സമ്മാന വിതരണം നടത്തും. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എ അബ്ദുള്‍ മുത്തലിബ്, ധനൂജ ദേവരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം അവറാന്‍, അന്‍വര്‍ മുണ്ടേത്ത്, ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍, കെ.കെ സോമന്‍, ബ്ലോക്ക് മെമ്പര്‍ വി.ജി മനോജ്, കെ.ഇ തങ്കച്ചന്‍, സിസ്റ്റര്‍ മറിയാമ്മ, ഇ.എം ജോയ്, എം.എസ് ഷൈനി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. 

മംഗളം 03.11.2012

നെടുങ്ങപ്ര പള്ളി സില്‍വര്‍ ജൂബിലിയുടെ നിറവില്‍


നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സില്‍വര്‍ ജൂബിലിയും കുടുംബയൂണിറ്റുകളുടെ സംയുക്തവാര്‍ഷികവും 4 ന് നടക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്ക ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിയ്ക്കും. മാത്യൂസ് മാര്‍ അഫ്രേം അദ്ധ്യക്ഷത വഹിയ്ക്കും. 
വൈകിട്ട് 4.15 ന് നടക്കുന്ന പൊതുസമ്മേളനം കേരള ഭക്ഷ്യവകുപ്പു മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. മുതിര്‍ന്ന ദമ്പതികളേയും വ്യക്തികളേയും സാജുപോള്‍ എം.എല്‍.എ ആദരിയ്ക്കും. ചികിത്സാ സഹായഫണ്ട് വിതരണം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിയ്ക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്നകുമാരി വാസു, ഡെയ്‌സി തോമസ്, ഇടവക രൂപീകരണ വികാരി ഫാ. മത്തായി ആലക്കര, നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ജോര്‍ജ് നിരപ്പത്ത്, നെടുങ്ങപ്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോഷി പുതുപറമ്പില്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വത്സാജോസ്, റോയി വറുഗീസ്, കുടുംബയൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ദോ പി ജോണ്‍, എം.ജെ.എസ്.എസ്.എ കേന്ദ്രകമ്മിറ്റിയംഗം എം.പി മാണി, ട്രസ്റ്റി ടി.പി ജോസഫ് തോക്കനാല്‍, സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എം ജോണി, ജന. കണ്‍വീനര്‍ ഷിബു വി ജോര്‍ജ് വെള്ളരിങ്ങല്‍, ട്രസ്റ്റി കെ.കെ ബേബി എന്നിവര്‍ സംസാരിയ്ക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിയ്ക്കുമെന്ന് വികാരി ഫാ. മാത്യൂസ് കണ്ടോത്രയ്ക്കല്‍ അറിയിച്ചു. 

മംഗളം 02.11.12

പെരുമ്പാവൂരിലെ ട്രാഫിക് പരിഷ്‌കാരം: പ്രതിഷേധം വ്യാപകം



പെരുമ്പാവൂര്‍: ടൗണില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
തോട്ടുങ്ങല്‍ റോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എല്‍.എയ്ക്ക് പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. എഴുപത്തി രണ്ടോളം  വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ ബഹുഭൂരിപക്ഷവും സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരാണ്. പുതിയ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും കേവലം 250 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള സ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി റോഡ്, വെജിറ്റബിള്‍ മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലൂടെ ഒന്നരകിലോമീറ്ററോളം കറങ്ങിവേണം വീടുകളിലെത്താന്‍. 
നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന മേഖലയാണിത്. കുട്ടികളുമായി ഇവിടേയ്‌ക്കെത്തുന്ന ആളുകള്‍ക്കും പരിഷ്‌ക്കാരം ബുദ്ധിമുട്ടുണ്ടാക്കും. മാത്രവുമല്ല ലക്ഷ്മി ഹോസ്പിറ്റല്‍ പരിസരവും, കെ.എസ്.ആര്‍.ടി.സി പരിസരവും ഗതാഗതകുരുക്ക് സൃഷ്ടിയ്ക്കാന്‍ നിര്‍ദ്ദിഷ്ട വണ്‍വെ സമ്പ്രദായം കാരണമാകുമെന്നും പരാതിയിലുണ്ട്. ഇതുവഴി റോഡപകടസാധ്യത വര്‍ദ്ധിയ്ക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.ഒ വറുഗീസ് പറയുന്നു. 

മംഗളം 01.11.2012

കുറുപ്പംപടി ഡയറ്റ് സ്‌കൂളില്‍ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത്


പെരുമ്പാവൂര്‍: കുറുപ്പംപടി ഡയറ്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ മരങ്ങള്‍ വെട്ടികടത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്.
മരങ്ങള്‍ കടത്തിയ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി വില്ലേജ് സമ്മേളനം പ്രമേയം പാസാക്കി. ഡയറ്റ് സ്‌കൂള്‍ ഹോസ്റ്റലിലെ ക്രമക്കേടുകള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.പുലിമലയിലെ അനധികൃത മണ്ണെടുപ്പ് തടയുക, പ്ലൈവുഡ് കമ്പനികള്‍ക്ക് നിയമം വിട്ട് ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക, എ.എം റോഡിലെ മുടിക്കരായി, പുന്നയം റോഡ് എന്നി ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിയ്ക്കുക, കുറുപ്പംപടി രജിസ്റ്റര്‍ ഓഫീസില്‍ ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
വില്ലേജ് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി രജീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.വി ഹാരീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.എസ് സുബിന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം ആര്‍.എം.രാമചന്ദ്രന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ് മോഹനന്‍, ഡി.വൈ.എഫ്.ഐ  വില്ലേജ് ജോ. സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അരുണ്‍ പ്രശോഭ് (സെക്രട്ടറി), സി.വി ഹരീഷ്‌കുമാര്‍ (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. 

മംഗളം 1.11.2012