പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, August 22, 2014

കാരുണ്യ ഹൃദയതാളം പദ്ധതി: വിജിലന്‍സ് അന്വേഷണം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിച്ചെന്ന് എന്‍.സി.പി

പെരുമ്പാവൂര്‍: അധികാരദുര്‍വിനിയോഗം നടത്തി ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കെതിരെ പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത വിജിലന്‍സ് അ ന്വേഷണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അട്ടിമറിച്ചെന്ന് എന്‍.സി.പി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും മെമ്പര്‍ സി.എം അഷറഫിനുമെതിരെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറും വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും രസീതുവഴിയും വ്യക്തികളില്‍ നിന്ന് കൗണ്ടര്‍ ഫോയിലോ സീരിയല്‍ നമ്പറൊ ഇല്ലാത്ത കൂപ്പണുകള്‍ ഉപയോഗിച്ചും ലക്ഷങ്ങളാണ് പിരിച്ചെടുത്തത്. പെരുമ്പാവൂര്‍ മേഖലയില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും വലിയ അഴിമതിയാണ് നിര്‍ധന രോഗികളുടെ മറവില്‍ നടന്നത്. ഇത് സംബന്ധിച്ച് 2013 ജൂണിലാണ് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രിക്ക് താന്‍ പരാതി നല്‍കിയതെന്ന് അബ്ദുള്‍ അസീസ് വിശദീകരിച്ചു. അതെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയത്.
എന്നാല്‍ ഡി.സി.സി സെക്രട്ടറിയും പഞ്ചായത്തു പ്രസിഡന്റുമാരുടെ പ്രസിഡന്റുമായ എം.എം അവറാന് എതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും വ്യക്തമാക്കണമെന്നും അതുണ്ടായില്ലെങ്കില്‍ അഴിമതിക്കാരെ കയ്യാമം വയ്ക്കുന്നതുവരെ നിയമപരമായ പോരാട്ടം തുടരുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി സി.കെ അസീം, ബ്ലോക്ക് പ്രസിഡന്റ് എം.വി സെബാസ്റ്റ്യന്‍, വെങ്ങോല മണ്ഡലം പ്രസിഡന്റ് ഒ.ഇ സുരേന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

മംഗളം 22.08.2014

ക്വോറമില്ലാതെ തെരഞ്ഞെടുപ്പ്: ഒക്കലില്‍ വിജി ജോര്‍ജ് വൈസ് പസിഡന്റ്

പെരുമ്പാവൂര്‍: പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന്ക്വോറമില്ലാതെ മാറ്റി വച്ച ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിജി ജോര്‍ജ് വൈസ് പ്രസിഡന്റ്. 
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ തെരഞ്ഞെടുപ്പ് സമയം പിന്‍മാറിയതിനെ തുടര്‍ന്ന് തലേദിവസം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സ്ണായി നിശചയിച്ച വിജി ജോര്‍ജിനെ വൈസ് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിച്ച് കോണ്‍ഗ്രസ് തലയൂരുകയായിരുന്നു എന്ന പ്രത്യേകതയും ഇവിടുണ്ട്. 
പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തുമായി പൊരുത്തപ്പെടാന്‍ കഴിയാത്തിന്റെ പേരില്‍  വൈസ് പ്രസിഡന്റായിരുന്ന മിനി ഷാജു രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പതിനാറ് അംഗകമ്മിറ്റിയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസിന്റെ ഒരു അംഗവും മാത്രമാണ് എത്തിയത്. കോറം തികയാത്തതിനാല്‍ 20 ന് നടത്താന്‍ നിശ്ചയിച്ച വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി. ബുധനാഴ്ച സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്തു.
കോറം തികയാതെ മാറ്റി വച്ചാല്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ചട്ടം. ഇതിന് കോറം വേണ്ട. അങ്ങനെയാണ് ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ പിന്‍മാറുകയായിരുന്നു. അങ്ങനെയാണ് വിജിയ്ക്ക് നറുക്ക് വീണത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പോലും ചേരാതെ, പ്രസിഡന്റ് തന്നിഷ്ട പ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് വിമത വിഭാഗം പറയുന്നു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുകയും ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് രാജി വച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ തണലില്‍ അന്‍വര്‍ മുണ്ടേത്ത് സംരക്ഷിക്കപ്പെടുന്നതിനാല്‍ ഇവിടെ ഭരണമാറ്റം നടക്കുന്നില്ല. ഫലത്തില്‍ ഒക്കല്‍ പഞ്ചായത്തില്‍ പൂര്‍ണ്ണ ഭരണസ്തംഭനമായിട്ട് നാളുകളായി.

മംഗളം 22.08.2014

Thursday, August 21, 2014

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഏറുന്നു

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ അസാധാരണമാം വിധം ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
സമീപകാലത്തുണ്ടായ മരണങ്ങളില്‍ പലതും മാരകമായ ക്യാന്‍സര്‍ രോഗബാധ കൊണ്ടാണെന്നും ഈ വിഷയത്തെപ്പറ്റി വിശദമായി പഠിക്കേണ്ടതുണ്ടെന്നും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോഗം വിലയിരുത്തി. രോഗബാധയുടെ കാര്യകാരണങ്ങള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ് സര്‍വ്വെ നടത്തണമെന്ന് വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കാനും കമ്മിറ്റി തീരുമാനമുണ്ട്.
നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വെങ്ങോല. ഇവിടെ മാത്രം ഇരുന്നൂറോളം പ്ലൈവുഡ് കമ്പനികള്‍ ഉണ്ട്. തൊട്ട് ചേര്‍ന്നുള്ള രായമംഗലം പഞ്ചായത്തിലും ഇത്രത്തോളം തന്നെ പ്ലൈവുഡ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇരു പഞ്ചയത്തുകളിലേയും കമ്പനികളില്‍ വിനീര്‍ ഒട്ടിച്ചുചേര്‍ക്കാന്‍ പശയായി പ്രതിദിനം 120 ടണ്‍ യൂറിയ  ഫോര്‍മാല്‍ ഡിഹൈഡ് ഉപയോഗിക്കുന്നു.
യൂറിയ ഫോര്‍മാല്‍ ഡിഹൈഡ് വന്‍തോതില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ക്യാന്‍സര്‍, ആസ്ത്മ പോലുള്ള രോഗങ്ങള്‍ പെരുകാനുള്ള കാരണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇക്കാര്യം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അധികൃതര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന് സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വറുഗീസ് പുല്ലുവഴി ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം 31 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ബാധയെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച നടന്നത്. രോഗബാധയുടെ കാരണങ്ങള്‍ ഗവേഷണാത്മകമായി ആരായേണ്ടതുണ്ടെന്നും ആരോഗ്യ സര്‍വ്വെ അടക്കമുള്ള നിരീക്ഷണ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും ഭരണസമിതി യോഗം വിലയിരുത്തി. 
പ്ലൈവുഡ് കമ്പനികളടെ പരിസര മലിനീകരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ 2013 ഫെബ്രുവരി 15 ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍കൂടിയ യോഗത്തിലും രോഗബാധ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മലിനീകരണ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
2013 ല്‍ സുപ്രീംകോടതി നിയമിച്ച കേന്ദ്ര വിദഗ്ധ സമിതി വെങ്ങോല പഞ്ചായത്തിലെ പ്ലൈവുഡ് വ്യവസായം ജനവാസമേഖലയില്‍ കേന്ദ്രീകരിക്കുക വഴി ക്യാന്‍സര്‍, ആസ്ത്മ തുടങ്ങിയ രോഗബാധക്ക് ഇടവരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പുതിയ കമ്പനികള്‍ അനുവദിക്കുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു.
ഇതെല്ലാം വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണ സമിതി അവഗണിച്ചു. രോഗബാധ നിസാരമാക്കി മാറ്റിവയ്ക്കുകയായിരുന്നു. കുറ്റകരമായ അനാസ്ഥയാണ് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പഞ്ചായത്തിലെ ആരോഗ്യ സര്‍വ്വെകളുടെ കണ്ടെത്തലുകള്‍ പഞ്ചായത്ത് മെമ്പര്‍മാരായ കമ്പനി ഉടമകളും ഉന്നത രാഷ്ട്രീയ നേതാക്കളടങ്ങുന്ന പ്ലൈവുഡ് ലോബിയും അട്ടിമറിക്കുമെന്നും വറുഗീസ് പുല്ലുവഴി പറയുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും വറുഗീസ് പുല്ലുവഴി ആവശ്യപ്പെട്ടു.

മംഗളം 21.08.2014