പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, May 31, 2013

പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ

പെരുമ്പാവൂര്‍: പീച്ചനാംമുകളില്‍ പുതിയ പ്ലൈവുഡ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് നടക്കുന്ന ധര്‍ണ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്യും. 
പീച്ചനാംമുകള്‍-വട്ടയ്ക്കാട്ടുപടി ഭാഗത്ത് അമ്പതോളം പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണം മാരകമായി തുടരുമ്പോഴാണ് ഇവിടെ വീണ്ടും പുതിയ കമ്പനിക്ക് അനുമതി നല്‍കുന്നത്. പുതിയ പ്ലൈവുഡ് കമ്പനികള്‍ക്ക് വേണ്ടി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്പ്പിക്കണമെന്നാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആവശ്യം. ഇതിനുപുറമെ അനധികൃത പ്ലൈവുഡ് കമ്പനികള്‍ അടച്ച് പൂട്ടണമെന്നും പ്ലൈവുഡ് കമ്പനികള്‍ മൂലമുണ്ടാകുന്ന അസഹ്യമായ മലിനീകരണത്തിന് അറുതി വരുത്തണമെന്നും കര്‍മ്മ സമിതി ഭാരവാഹികളായ ജിസ് എം കോരത്, എ.വി വറുഗീസ് അയ്യായത്തില്‍, പി.എ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.

മംഗളം 31.05.2013

Thursday, May 30, 2013

കരിങ്കല്‍ ലോറികളുടെ മരണപാച്ചില്‍; കൂവപ്പടിയില്‍ കളപ്പാറ കോളനി നിവാസികള്‍ വഴി തടഞ്ഞു

പെരുമ്പാവൂര്‍: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണം ഉയര്‍ത്തിയുള്ള കരിങ്കല്‍ ലോറികളുടെ മരണപാച്ചിലില്‍ പ്രതിഷേധിച്ച് കളപ്പാറ ഹരിജന്‍ കോളനി നിവാസികള്‍ വഴി തടഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരാണ് ലോറി ഗതാഗതം തടഞ്ഞത്.
വഴിതടഞ്ഞ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വഴിതടഞ്ഞ മുഴുവന്‍ പേരേയും ആകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
മുടക്കുഴ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ചൂരമുടി കുന്നിലുള്ള അഞ്ച് പാറമടകളില്‍ നിന്നാണ് ലോറികള്‍ എത്തുന്നത്. കളപ്പാറ ഹരിജന്‍ കോളനിയുടെ ഹൃദയഭാഗത്തുള്ള വലിയപാറ-കൊമ്പനാട് റോഡിലൂടെയാണ് ഇവയുടെ മരണപ്പാച്ചില്‍
നിരന്തരമായ ലോറി ഗതാഗതത്തെ തുടര്‍ന്ന് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. കളപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നു. ഇതിനുപുറമെ ലോറികളില്‍ നിന്ന് തെറിച്ചുവീഴുന്ന കല്ലുകള്‍ വീണും അമിത വേഗതമൂലവും അപകടങ്ങളും പതിവായി. ഇതേ തുടര്‍ന്നാണ് കൂവപ്പടി ഏഴാം വാര്‍ഡ് മെമ്പര്‍ അജിത ദിവാകരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വഴി തഞ്ഞത്.
ഈ വഴിയ്ക്കുള്ള ലോറി ഗതാഗതം നിയന്ത്രിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരസമിതി കണ്‍വീനര്‍ മുരളി എടപ്പാടന്‍ അറിയിച്ചു.

മംഗളം 30.05.2013

കാരുണ്യ ഹൃദയതാളം പദ്ധതി: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് സി.പി.എം മാര്‍ച്ച് നടത്തി

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം എന്ന പേരില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് നടത്തുന്ന തട്ടിപ്പ് പദ്ധതി പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെങ്ങോല, അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വെങ്ങോല ലോക്കല്‍ സെക്രട്ടറി പി.എം സലിം അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് ഉമ്മര്‍, ഷീല റെജി, അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറി എന്‍.ആര്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിന്റേതെന്ന് ഭരണ കക്ഷിയും പഞ്ചായത്തിന് പങ്കില്ലെന്നും സെക്രട്ടറിയും പറയുന്ന ഹൃദയതാളം  ജീവകാരുണ്യത്തിന്റെ മറവില്‍ നടക്കുന്ന വന്‍വെട്ടിപ്പാണെന്നും സമരക്കാര്‍ ആരോപിച്ചു.

മംഗളം 30.05.2013

Wednesday, May 29, 2013

നഴ്‌സിങ്ങ് ഏറ്റവും ശ്രേഷ്ടമായ പ്രൊഫഷനെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍

മംഗളം ദിനപ്പത്രം കുമുദ ഗ്രൂപ്പ് ഓഫ് നഴ്‌സിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട്‌സുമായി ചേര്‍ന്ന് ചങ്ങനാശ്ശേരി മെട്രോപോളിറ്റന്‍ പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍, മംഗളം പെരുമ്പാവൂര്‍ ലേഖകന്‍ സുരേഷ് കീഴില്ലം, പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ഷൈമോന്‍, സി.എഫ് തോമസ് എം.എല്‍.എ, മംഗളം സീനിയര്‍ എഡിറ്റര്‍ ഹക്കിം നട്ടാശ്ശേരി, മംഗളം ചങ്ങനാശ്ശേരി ലേഖകന്‍ അബ്ദുള്‍ സലാം, കുമുദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പാള്‍മാരായ തമിഴ്ജ്ഞാനസുന്ദരി, ആലീസ് സോഫിയ എന്നിവരേയും കാണാം.

ചങ്ങനാശ്ശേരി:  നഴ്‌സിങ്ങ് ഏറ്റവും ശ്രേഷ്ടമായ തൊഴിലുകളില്‍ ഒന്നാണെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് അഭിപ്രായപ്പെട്ടു. മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന് സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആദരിയ്ക്കപ്പെടുന്ന അദ്ധ്യാപകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് നഴ്‌സുമാരുടേയും സ്ഥാനമെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യത്വമുള്ള മികച്ച നഴ്‌സുമാരെ വാര്‍ത്തെടുക്കാന്‍ മംഗളം നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന പ്രസിദ്ധീകരണമാണ് മംഗളമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സി.എഫ് തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ഥാപക പത്രാധിപര്‍ എം.സി വറുഗീസ് പുലര്‍ത്തിയ സാമൂഹ്യപ്രതിബദ്ധത ഇന്നും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി മംഗളം കുമുദയുമായി ചേര്‍ന്നൊരുക്കിയ നഴ്‌സിങ്ങ് പഠന സഹായ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ അവരുടെ സമര്‍പ്പണ മനോഭാവം കൊണ്ടാണ് ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നതെന്ന് മംഗളം സീനിയര്‍ എഡിറ്റര്‍ ഹക്കീം നട്ടാശ്ശേരി ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ നഴ്‌സിങ്ങ് പഠിച്ചിറങ്ങുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും മികച്ച അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, മംഗളം ചങ്ങനാശ്ശേരി ലേഖകന്‍ അബ്ദുള്‍ സലാം, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ ആലീസ് സോഫിയ, തമിഴ് ജ്ഞാനസുന്ദരി എന്നിവര്‍ പ്രസംഗിച്ചു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി. പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. ജോലി നേടിക്കൊടുക്കുന്നതിനും കോളജ് സഹായിയ്ക്കും.
ഇതിനു പുറമെ മംഗളം ദിനപ്പത്രം തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 29.05.2013Tuesday, May 28, 2013

വരള്‍ച്ച ദുരിതാശ്വാസം: പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന് 67 ലക്ഷം


പെരുമ്പാവൂര്‍: വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന് 6774720 രൂപ അനുവദിച്ചതായി സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുന്നക്കാട്ടുമലയില്‍ പഴയ ജി.ഐ പൈപ്പുകള്‍ മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ കുന്നക്കാട്ടുമല, റയോണ്‍പുരം ക്വാര്‍ട്ടേസ് റോഡിലെ  പൈപ്പുകള്‍ മാറ്റുന്നതിന് രണ്ടര ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിലെ ഇന്റര്‍ കണക്ഷന്‍ ജോലികള്‍ക്ക് നാലര ലക്ഷം രൂപയും കൊച്ചാങ്ങല്‍ പ്രദേശത്ത് പൈപ്പുലൈന്‍ വിപൂലീകരണത്തിന് മൂന്ന് ലക്ഷം രൂപയും ഉണ്ട്. 
വെങ്ങോല ഗ്രാമപഞ്ചായത്തിലെ നെടുംതോട്-കുറ്റിപ്പാടം റോഡിലെ പൈപ്പുലൈന്‍ വിപുലീകരണത്തിന് 159720 രൂപയും ഓട്ടത്താണി കനാല്‍ റോഡിലെ ജലവിതരണ പൈപ്പുകളുടെ വിപുലീകരണത്തിന് പത്തുലക്ഷം രൂപയും ഓട്ടത്താണി പമ്പുഹൗസില്‍ പമ്പു സെറ്റ് സ്ഥാപിക്കുന്നതിന് മൂന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ പട്ടിപ്പാറ മഠത്തിപ്പടി റോഡിലും നെടുമല ടാങ്ക് റോഡിലും പഴയ പൈപ്പുലൈനുകള്‍ മാറ്റുന്നതിന് പത്തുലക്ഷം രൂപയും വെങ്ങോല ഇരുപതാം വാര്‍ഡില്‍ പൈപ്പുലൈന്‍ വിപുലീകരണത്തിന് 315000 അറയ്ക്കപ്പടിയിലേക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ഇനത്തില്‍ രണ്ട് ലക്ഷം രൂപ.യും വെസ്റ്റ് വെങ്ങോല സബ് ബ്രാഞ്ച് കനാല്‍ ജോലികള്‍ക്ക് രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പെരുമ്പാവൂരിലെ പെരിയാര്‍വാലി കനാലുകളുടെ ശുചീകരണത്തിന് ഒരു ലക്ഷം രൂപയും പെരുമ്പാവൂര്‍ ബ്രാഞ്ച് കനാലിലെ ലീക്ക് പരിഹരിക്കുന്നതിന് 175000 രൂപയും ഉണ്ട്. കൂടാതെ രായമംഗലത്തേയ്ക്ക് 75000 രൂപയും ലഭിക്കും. 

മംഗളം 28.05.2013

Sunday, May 26, 2013

സ്വതന്ത്ര്യസമര സേനാനികളുടെ കുടുംബസംഗമവും തോമസ് മാസ്റ്ററുടെ നവതി ആഘോഷവും


പെരുമ്പാവൂര്‍: സ്വാതന്ത്ര്യ സമരസേനാനി പനയ്ക്കല്‍ തോമസ് മാസ്റ്ററുടെ  നവതി ആഘോഷവും സ്വാതന്ത്ര്യ സമരസേനാനി കുടുംബസംഗമവും ഇന്ന് ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വൈകിട്ട് 5 ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിയ്ക്കും.
സാജുപോള്‍ എം.എല്‍.എ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഉപഹാരങ്ങള്‍  സമര്‍പ്പിക്കും. തോമസ് മാസ്റ്റര്‍ക്ക് മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നവതി ഉപഹാരം സമര്‍പ്പിക്കും. ഡോ. ഡി ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തും. 
മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, അഡ്വ. എന്‍.സി മോഹനന്‍, ഡോ. കെ.എ ഭാസ്‌കരന്‍, ഐഷ ടീച്ചര്‍, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രന്‍, മുന്‍സിപ്പല്‍  പ്രതിപക്ഷനേതാവ് ജി സുനില്‍കുമാര്‍, വി.പി ഖാദര്‍, പി.എസ് രഘു, എം.പി അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, അഡ്വ. രാജഗോപാല്‍, കെ.പി റെജിമോന്‍, വി.റോയ്, റോയി കല്ലുങ്കല്‍, ജി ജയപാല്‍, സി.കെ അബ്ദുള്ള, ഇ.കെ ഇക്ബാല്‍, എസ് ഷറഫ്, ഡോ.കെ.എം മാത്യു, ഗോപാലകൃഷ്ണന്‍ നായര്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, ബി മണി, സാവിത്രി നമ്പ്യാര്‍, കെ.ഇ നൗഷാദ്, രാജു തോമസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എയ്ഞ്ചല്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

മംഗളം 26.05.2013

Saturday, May 25, 2013

വെങ്ങോല ഓണംവേലിയില്‍ മഞ്ഞപ്പിത്തം പടരുന്നു


പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങള്‍  പടരുന്നതായി പരാതി. 
വെങ്ങോല ഗ്രാമപഞ്ചായത്തിനേയും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന മുക്കാറ തോട് മലിനമായതാണ് ഇതിനുകാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഈ തോട്ടിലാണ് കൊണ്ടുവന്ന് തള്ളുന്നത്. കൂടാതെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജയഭാരത് കോളജില്‍ നിന്നും തള്ളി വിടുന്ന മാലിന്യങ്ങളും  മുക്കാറ തോട്ടിലൂടെ ഒഴുകി ഓണംവേലിയിലുള്ള കുളത്തില്‍ വന്നുചേരുന്നു. ഈ കുളത്തിലെ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്. 
അടിയന്തിരമായി ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധ ഉണ്ടാവണമെന്നും മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ദളിത് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ ഗോപി ആവശ്യപ്പെട്ടു. 

മംഗളം 25.05.2013

മംഗളം-കുമുദ നഴ്‌സിങ്ങ് പഠന സഹായപദ്ധതിയ്ക്ക് കട്ടപ്പനയില്‍ തുടക്കം


കട്ടപ്പന:  മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന്  ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കുന്ന മംഗളം-കുമുദ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് തോമസ് രാജന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി കുളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. 
മംഗളം പ്രതിനിധി സുരേഷ് കീഴില്ലം പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റും മംഗളം ലേഖകനുമായ കെ.എം മത്തായി, സര്‍ക്കുലേഷന്‍ മാനേജര്‍ കെ.കെ തോമസ്, കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ  എ നരസിംഹപ്പ, തമിഴ് ജ്ഞാനസുന്ദരി എന്നിവര്‍ പ്രസംഗിച്ചു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും നീതു നന്ദിയും പറഞ്ഞു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി. പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. ജോലി നേടിക്കൊടുക്കുന്നതിനും കോളജ് സഹായിയ്ക്കും.
ഇതിനു പുറമെ മംഗളം ദിനപ്പത്രം തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്. മംഗളവും കുമുദയുമായി ചേര്‍ന്നുള്ള അടുത്ത ശില്‍പശാല 28-ന് നടക്കും. ചങ്ങനാശ്ശേരി മെട്രോപോളിറ്റന്‍ വലിയ പള്ളി പാരിഷ് ഹാളില്‍ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എം.എല്‍.എ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 25.05.2013

കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ കമ്പനി പൊതുകുളം കയ്യേറി


പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് കയ്യുത്തിയാല്‍ പ്രദേശത്ത് തവിടെണ്ണ നിര്‍മ്മാണ കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. 
ഒന്നര ഏക്കറോളം വരുന്ന പഞ്ചായത്ത് പൊതുകുളം (വലിയകുളം) കയ്യേറി കൃഷി ഭൂമിയിലാണ് സ്വകാര്യ വ്യക്തി കമ്പനിയ്ക്കായി കെട്ടിടം നിര്‍മ്മിയ്ക്കുന്നത്. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതിന് പിന്നില്‍ വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും ഒത്തുകളിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വലിയകുളം കയ്യേറി കമ്പനി ഉടമ നടത്തി വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ കമ്പനി സ്ഥാപിച്ചാല്‍ വലിയകുളം മലിനമാവുകയും കുളത്തില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന വലിയകുളം പാടം, അരിയപ്പാടം പുഞ്ച തുടങ്ങി പടശേഖരങ്ങളും പഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസുകളും മലിനമാകാന്‍ അധികനാള്‍ വേണ്ടി വരില്ലെന്ന് കര്‍മ്മ സമിതി മുന്നറിയിപ്പു നല്‍കി. 
വലിയകുളത്തില്‍ നിന്നാംരംഭിച്ച് പഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ ഒഴുകി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പൂപ്പാനി തോട്ടില്‍ എത്തുന്ന ശുദ്ധജലത്തില്‍ കമ്പനിയില്‍ നിന്നുള്ള മാലിന്യം കലരുന്നത് വന്‍ പരിസ്ഥിതി നാശത്തിനും ശുദ്ധജല ക്ഷാമത്തിനും കാരണമാകും.
നൂറുകണക്കിന് കുടുംബാംഗങ്ങളെ ബാധിക്കുന്ന വിധം ശബ്ദ, വായു, ജല മലിനീകരണം സൃഷ്ടിക്കുന്നതും റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതുമായ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടത്ര പഠനം നടത്താതെ അനുമതി നല്‍കിയ നടപടി കൂവപ്പടി പഞ്ചായത്ത് തുടര്‍ന്ന് വരുന്ന ജനവിരുദ്ധ നയങ്ങളുടെയും അഴിമതിയുടെയും ഉദാഹരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതിയുമായി സഹകരിച്ച് പഞ്ചായത്ത് മാര്‍ച്ചും ഉപരോധവും ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമീപവാസികളായ പി.പി വറുഗീസ്, മനോജ് നമ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 മംഗളം 25.05.2013

Friday, May 24, 2013

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് കൊടുക്കരുതെന്ന് ടി.എച്ച് മുസ്തഫ


പെരുമ്പാവൂര്‍: യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ അവഹേളിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്ന രമേശ് ചെന്നിത്തലയെ ഒരു കാരണവശാലും ആഭ്യന്തര മന്ത്രിയാക്കാന്‍ പാടില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ.
മന്ത്രിസ്ഥാനം  സംബന്ധിച്ച് രമേശ് ഉണ്ടാക്കിയ വിവാദം ബാലിശമായിപ്പോയി. മുന്നണി സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നു പോലും മാറി നിന്നത് ഒരു നേതാവിന് യോജിച്ച പണിയായില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ ചെന്നിത്തലയുടെ പ്രകടനം വെറും കുട്ടിക്കളിയായിപ്പോയെന്നും അതുവഴി അദ്ദേഹം സ്വയം അവഹേളിതനായെന്നും മുസ്തഫ പറഞ്ഞു. 
കേരള യാത്ര കഴിയുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും മന്ത്രിയാകുമെന്നും ഒക്കെ പറഞ്ഞത് രമേശ് തന്നെയാണ്. രമേശിനെ ആരും മന്ത്രിസഭയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും മുസ്തഫ ചൂണ്ടിക്കാട്ടി.

മംഗളം 24.05.2013

പെരിയാര്‍വാലി കനാല്‍ പുറമ്പോക്ക് കയ്യേറി വാഴകൃഷി; ഡി.വൈ.എഫ്.ഐയ്ക്ക് പ്രതിഷേധംപെരുമ്പാവൂര്‍: പെരിയാര്‍വാലി വാളകം ബ്രാഞ്ച് കനാലിന്റെ പുറമ്പോക്ക് കയ്യേറി സ്വകാര്യ വ്യക്തി വാഴകൃഷി തുടങ്ങിയതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത്.
കീഴില്ലം പുതുക്കുളങ്ങര കാവിന് സമീപമാണ് പുറംമ്പോക്ക് കയ്യേറിയിരിക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ച് മുള്ളുവേലി കെട്ടി അതിര്‍ത്തി തിരിച്ചാണ് കൃഷി. 
ഇതുകൂടാതെ മറ്റൊരാള്‍ കനാലില്‍ നിന്ന് ചോര്‍ത്തി മത്സ്യകൃഷി നടത്തുന്നുമുണ്ട് ഷട്ടര്‍ഭാഗത്ത് കനാലില്‍ നിന്ന് നാല് ഇഞ്ചിന്റെ ഹോസ് ഉപയോഗിച്ചാണ് വെള്ളം ചോര്‍ത്തുന്നത്. 
ഈ രണ്ടു പരാതികളും അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കീഴില്ലം മോസ്‌കോ യൂണിറ്റാണ് പരാതി നല്‍കിയിട്ടുള്ളത്..

മംഗളം 24.05.2013

വല്ലം സെന്റ് തെരേസാസ് പള്ളി പാരീഷ് ഹാള്‍ നാളെ തുറക്കും


പെരുമ്പാവൂര്‍: വല്ലം സെന്റ് തെരേസാസ് ഫൊറോന ദേവാലത്തിന്റെ പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നാളെ നടക്കും.
ജസ്റ്റീസ് കുര്യന്‍ ജോസഫ് വൈകിട്ട് 6.30 ന് പാരീഷ് ഹാള്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിയ്ക്കുകയും ശിലാഫലകത്തിന്റെ അനാഛാദനം നിര്‍വ്വഹിയ്ക്കുകയും ചെയ്യുമെന്ന് ഫൊറോന വികാരി ഡോ. സക്കറിയാസ് പറനിലം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, സഹവികാരി ഫാ. ഡേവിഡ് പടന്നയ്ക്കല്‍, സിസ്റ്റര്‍ താര തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരുകോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ടാണ് 82000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാളിന്റെ പണി തീര്‍ത്തതെന്ന് കണ്‍വീനര്‍ ഇ.ഒ സെബാസ്റ്റ്യന്‍, ജോ. കണ്‍വീനര്‍ സി.എ തങ്കച്ചന്‍, കൈക്കാരന്‍മാരായ എന്‍.വി റോക്കി,  പൗലോസ്, നിര്‍മ്മാണകമ്മിറ്റി ഭാരവാഹി ലിജോ പാറയ്ക്കല്‍,  പള്ളി സെക്രട്ടറി പൗലോസ് കല്ലാങ്കല്‍, ജയ്‌മോന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു.

മംഗളം 24.05.2013

കാരുണ്യ ഹൃദയതാളം പദ്ധതി : പ്രതിപക്ഷം പൊതു പരിപാടികളുമായി സഹകരിക്കില്ല; മുസ്ലിം ലീഗ് മെമ്പര്‍മാര്‍ സൊസൈറ്റി അംഗത്വം രാജി വയ്ക്കാന്‍ നീക്കം


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി - വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് രാജി വച്ചതോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദത്തിലേക്ക്.
പദ്ധതി നടത്തിപ്പിലെ അപാകതകളുടേയും ഇതു ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കിയതിന്റെയും പേരില്‍ പഞ്ചായത്തിലെ പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ തീരുമാനം. യു.ഡി.എഫ് ഭരണ സമിതിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് തങ്ങളുടെ മെമ്പര്‍മാരോട് ചാരിറ്റബിള്‍ സൊസൈറ്റി അംഗത്വം കയ്യൊഴിയാന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചന.
കൗണ്ടര്‍ഫോയിലൊ, കൃത്യമായ ക്രമ നമ്പറൊ ഇല്ലാതെ കൂപ്പണുകള്‍ അടിച്ച് പാവപ്പെട്ടവരുടെ പേരില്‍ പഞ്ചായത്തില്‍ നടന്ന വ്യാപക പണപ്പിരിവ് ഇവിടെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുത്ത രണ്ട് പഞ്ചായത്ത് മെമ്പര്‍മാരെയാണ് യു.ഡി.എഫ് ഭരണ സമിതി കള്ളക്കേസില്‍ കുടുക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പഞ്ചായത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ജേതാവായ എം.ആര്‍ ശ്രീരാജിന് ഇന്നലെ പഞ്ചായത്ത് തലത്തില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രാവിലെ 10 നായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ മെമ്പര്‍മാരായ കെ.വി വാസുദേവന്‍, അന്‍വര്‍ അലി, കെ.വി ഗോപാലകൃഷ്ണന്‍, ഷൈലജ ഷാജി, സുജ വിജയന്‍, അജിത ഷാജി, അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ രാവിലെ എട്ടരയ്ക്ക് തന്നെ ശ്രീരാജിനെ സ്വവസതിയില്‍ ചെന്ന് അനുമോദിയ്ക്കുകയായിരുന്നു. പഞ്ചായത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഇവര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. 
അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മുസ്ലിം ലീഗും ഇടയുകയാണ്. കാരുണ്യ ഹൃദയതാളം പദ്ധതി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നതെങ്കില്‍ പദ്ധതിയുമായി സഹകരിക്കാതിരിക്കാനാണ് ലീഗിന്റെ തീരുമാനമെന്നറിയുന്നു. അടുത്ത ആഴ്ച ആദ്യം നടക്കുന്ന ലീഗ് യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാവുക.
സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗുമായി യാതൊരു കൂടിയാലോചനകളും നടന്നിരുന്നില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യ ഭരണമാണ് പഞ്ചായത്തില്‍ നടക്കുന്നത്. ജീവകാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതെന്നായിരുന്നു തലപ്പത്തുള്ളവരുടെ വിശദീകരണം. എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ സൊസൈറ്റി നിയമക്കുരുക്കില്‍പെടുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മെര്‍ലി റോയി സൊസൈറ്റി അംഗത്വം രാജിവച്ചൊഴിഞ്ഞത്. ലീഗ് മെമ്പര്‍മാര്‍ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതിരിക്കണമെങ്കില്‍ സൊസൈറ്റിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിയ്ക്കുന്നത്.

മംഗളം 24.05.2013

Wednesday, May 22, 2013

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചുവെങ്ങോല ഗ്രാമപഞ്ചായത്ത്

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നിര്‍ധന രോഗികളെ സഹായിയ്ക്കാന്‍ ആവിഷ്‌കരിച്ച കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിന് വേണ്ടി രൂപീകരിച്ച സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചു.
പഞ്ചായത്തിലെ എട്ടാം (തോട്ടപ്പാടന്‍) വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയിയായണ് രാജിവച്ചത്. പദ്ധതി ക്രമക്കേടുകളുടെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ, നിയമപ്രശ്‌നങ്ങളില്‍ പെടാതിരിയ്ക്കാന്‍ കുടുംബാംഗങ്ങള്‍ ഉപദേശിച്ചതനുസരിച്ചാണ്  രാജി എന്നറിയുന്നു. അതേസമയം, രണ്ടര വര്‍ഷം കഴിയുമ്പോള്‍ നല്‍കാമെന്ന് ഏറ്റിരുന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ഭരണപക്ഷത്തുള്ള ചിലരും പറയുന്നു. 
എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മെമ്പറുടെ വിശദീകരണം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇവര്‍ ഫോണ്‍ കട്ടുചെയ്യുകയും ചെയ്തു.
കാരുണ്യ ഹൃദയതാളം പദ്ധതിയോട് ഭരണപക്ഷത്തുണ്ടായിരുന്ന എതിര്‍പ്പാണ് മെര്‍ളി റോയിയുടെ രാജിയോടെ മറനീക്കിയത്. ഇരുപത്തി മൂന്ന് അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പതിനാറ് അംഗങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷത്തിനും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യമാണ് പഞ്ചായത്തിലെന്ന് ഭരണപക്ഷ അംഗങ്ങള്‍ക്ക് തന്നെ അഭിപ്രായമുണ്ട്.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വ്യാപകമായ അനധികൃത പിരിവാണ് പഞ്ചായത്തില്‍ നടന്നത്. കൗണ്ടര്‍ഫോയില്‍ ഇല്ലാതെ, ഒരേ നമ്പറിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചായിരുന്നു പിരിവ്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ പദ്ധതിയുടെ ഫോറത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേരു വരെ ഉപയോഗിച്ചു. ഇതിനിടെ പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തിന് ബന്ധമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. ക്രമക്കേടുകള്‍ അന്വേഷിയ്ക്കാന്‍ എ.ഡി.എം ഉത്തരവിടുകയും ചെയ്തു.
എല്ലാം അപവാദ പ്രചരണങ്ങളാണെന്നും അവയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പിന്നീട് ക്രമക്കേടുകള്‍ക്ക് എതിരെ പ്രകടനം നടത്തിയ പ്രതിപക്ഷ അംഗങ്ങളെ ജാമ്യം കിട്ടാത്ത കേസില്‍ പെടുത്തുകയും ചെയ്തു. അതോടെ പ്രതിഷേധവും ശക്തിപ്പെട്ടു. പിന്നീട് നടന്ന  പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിടേണ്ടി ന്നു.
പദ്ധതി നടത്തിപ്പിലെ ഉത്തരവാദിത്വത്തില്‍ നിന്ന് സെക്രട്ടറി പിന്‍മാറിയതോടെ പഞ്ചായത്തിന്റെ മറവില്‍ യു.ഡി.എഫിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പദ്ധതി നടത്തുന്നതെന്ന് വ്യക്തമായി. പ്രസിഡന്റ് എം.എം അവറാന്‍ സൊസൈറ്റി പ്രസിഡന്റും സി.എം അഷറഫ് സെക്രട്ടറിയുമാണ്. ക്രമക്കേടുകള്‍ പുറത്തുവന്നതോടെ സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ നിയമക്കുരുക്കിലാവുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ അതീവരഹസ്യമായി മെര്‍ളി റോയി സൊസൈറ്റി ഭരണത്തില്‍ നിന്ന് തലയൂരുകയായിരുന്നു എന്നുവേണം  കരുതാന്‍. എന്തായാലും ഇവരുടെ രാജിയോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദങ്ങളിലേയക്ക് നീങ്ങുകയാണ്.

മംഗളം 22.05.2013


കാളച്ചന്ത റോഡില്‍ വെളിച്ചമില്ല; മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും അഴിഞ്ഞാടുന്നു


പെരുമ്പാവൂര്‍: എം.സി റോഡില്‍ നിന്നും പി.പി റോഡിലേക്കു ബന്ധിപ്പിക്കുന്ന കാളച്ചന്ത റോഡില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. ഇരുളിന്റെ മറവില്‍ മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും ഇവിടെ അഴിഞ്ഞാടുകയാണെന്നും ആക്ഷേപമുണ്ട്.
എം.സി റോഡിലെ കേളി, ജയരാജ് എന്നി ബാറുകളില്‍ നിന്നും പി.പി റോഡിലെ വിങ്ങ്‌സ്പാര്‍ക്ക് എന്ന ബാറില്‍ നിന്നും തൊട്ടുചേര്‍ന്നുള്ള ബിവവേറജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യപിച്ച ശേഷം ഈ വഴിയില്‍ സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. കൂടാതെ ഈ റോഡില്‍ ഒരു കള്ളുഷാപ്പും ഉണ്ട്. 
ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള മദ്യപാനികളാണ് കാളച്ചന്ത റോഡ് അടക്കി വാഴുന്നത്. പിടിച്ചുപറിയും സ്ത്രീകളെ ശല്യപ്പെടുത്തലും ഇവിടെ പതിവാണ്. രാത്രികാലങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നതും ഇവിടെത്തന്നെ.
കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റില്‍ നിന്നും സ്വകാര്യ ബസ്സ്റ്റാന്റിലേക്ക് പോകാന്‍  സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയാണിത്. ഇതിനുപുറമെ റോഡരികില്‍ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.
വഴിവിളക്കുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് ഈ വഴിയിലെ ഇരുട്ട് അകറ്റാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിത്ര റസിഡന്റ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

മംഗളം 22.05.2013

അസ്ഥിയില്‍ അര്‍ബുദം; തടിമില്‍ തൊഴിലാളി ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: അസ്ഥിയില്‍ ഉണ്ടായ അര്‍ബുദബാധയെ തുടര്‍ന്ന്  തടിമില്‍ തൊഴിലാളി ചികിത്സാ സഹായം തേടുന്നു. 
രായമംഗലം പീച്ചനാംമുകള്‍ സിജോ (32) ആണ് സഹായം തേടുന്നത്. മൂന്ന് മാസം മുമ്പാണ് രോഗം സ്ഥിതീകരിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് പെണ്‍കുഞ്ഞുങ്ങളും അടങ്ങുന്ന സിജുവിന്റെ കുടുംബം അതോടെ പ്രതിസന്ധിയിലായി. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ യുവാവ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍ കണ്‍വീനറും ശിവന്‍ മുല്ലശേരി ചെയര്‍മാനുമായി സിജോയെ സഹായിക്കാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സമിതി ബാങ്ക് ഓഫ് ഇന്ത്യയുടെ കുറുപ്പംപടി ശാഖയില്‍ തുടങ്ങിയ 857310110005949 എന്ന നമ്പറിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547292071 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 22.05.2013

സ്വന്തം റെക്കോഡുകള്‍ പുതുക്കി ലോക മാസ്റ്റേഴ്‌സ് മീറ്റിലേക്ക്


പെരുമ്പാവൂര്‍: നാഷണല്‍ മീറ്റുകളില്‍ സ്വന്തം റെക്കോഡുകള്‍ പുതുക്കി പി.ഇ സുകുമാരന്‍ ഒക്‌ടോബറില്‍ ആസ്‌ട്രേലിയായില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് മീറ്റിലേക്ക്.
ജനുവരിയില്‍ കടലൂരില്‍ നടന്ന ഓപ്പണ്‍ മീറ്റില്‍ 200 മീറ്ററില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച കോടനാട് പെരുമറ്റത്തില്‍ സുകുമാരന്‍ തിരുവനന്തപുരത്ത് നടന്ന നാഷണല്‍ മീറ്റില്‍ നാലിനങ്ങളിലാണ് സ്വര്‍ണം നേടിയത്. 65-ന് മേല്‍ പ്രായമുള്ളവരുടേതായിരുന്നു മത്സരം. ഇതില്‍ നൂറുമീറ്ററിലും നൂറുമീറ്റര്‍ ഹഡില്‍സിലും പുതിയ റെക്കോഡ് ഇട്ടു. ഇതാകട്ടെ മുന്‍പ് ഉണ്ടായിരുന്ന സ്വന്തം റെക്കോഡ് പുതുക്കിക്കൊണ്ടായിരുന്നു.
1992 ലെ സിങ്കപ്പൂര്‍ ഏഷ്യന്‍ മീറ്റിലും 2010 ലെ മലേഷ്യന്‍ ഏഷ്യന്‍ മീറ്റിലും പങ്കെടുത്ത  സുകുമാരന്‍ ഇക്കുറി ആദ്യമായാണ് ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
കാലടി ശ്രീശങ്കര കോളജ് അത്‌ലറ്റിക് ടീമില്‍ സുകുമാരന്‍ ക്യാപ്റ്റനായിരിക്കെ അന്തരിച്ച മുന്‍ മന്ത്രി പി.കെ വേലായുധന്‍ അംഗമായിരുന്നു. അങ്കമാലി ആരോസ് ക്ലബ്ബിനുവേണ്ടി ഇപ്പോഴത്തെ മന്ത്രി കെ ബാബുവുമൊത്ത് ഫുട്‌ബോള്‍ കളിച്ചതും സുകുമാരന്റെ നല്ല ഓര്‍മ്മകള്‍. 
1964 ല്‍ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇദ്ദേഹം പിന്നീട് പെരുമ്പാവൂര്‍ റയോണ്‍സ് ജീവനക്കാരനായി. അതിനിടയില്‍ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, ശ്രീമൂലനഗരം അകവൂര്‍ സ്‌കൂള്‍, ഒക്കല്‍ എസ്.എന്‍ സ്‌കൂള്‍, കാലടി ബ്രഹ്മാനന്ദോദയം എന്നി സ്‌കൂളുകളിലും അരുണാചല്‍ പ്രദേശിലും ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളിലും കായിക പരിശീലകനായി. 
സി.പി.ഐ കോടനാട് ലോക്കല്‍ കമ്മിറ്റിയംഗമായ സുകുമാരന്‍ കോടനാട് സഹകരണ ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍, ഇ.പി.എഫ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിയ്ക്കുന്നു. സാഹിത്യ സംഘടനയായ ആശാന്‍ സ്മാരക സാഹിത്യവേദിയിലും അംഗമാണ്. ഭാര്യ: സോയ, മക്കള്‍: സുജിത്, സ്വപ്ന 

മംഗളം 22.05.2013

Tuesday, May 21, 2013

മലയാളി നഴ്‌സുമാര്‍ ഇന്ത്യയുടെ ബ്രാന്റ് അമ്പാസിഡര്‍മാര്‍: സാജുപോള്‍ എം.എല്‍.എ


പെരുമ്പാവൂര്‍: ആന്റമാന്‍ തൊട്ട് അമേരിക്ക വരെയുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്റ് അമ്പാസിഡര്‍മാര്‍ മലയാളി നഴ്‌സുമാരാണെന്ന് സാജുപോള്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. 
എവിടേയും അവര്‍ക്ക് അദ്ധ്യാപകര്‍ക്ക് കിട്ടാറുള്ളതുപോലുള്ള സ്‌നേഹബഹുമാനങ്ങളും പരിഗണനയുമുള്ളതായി തനിയ്ക്ക് വിവിധ ദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ലോണ്‍ കിട്ടാതെയും കിട്ടിയാല്‍ത്തന്നെ കടക്കെണിയില്‍ പെടുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് കുമുദ, മംഗളം ദിനപ്പത്രവുമായി ചേര്‍ന്ന് മാതൃകാപരമായ വിദ്യാഭ്യാസ സഹായപദ്ധതിയ്ക്ക് രൂപംനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ വലിയ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ആവശ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊപ്പം മംഗളം ചുരുങ്ങിയ നാളുകള്‍കൊണ്ട് വലിയൊരു പ്രസ്ഥാനമായി മാറിയെന്നും ചെയര്‍മാന്‍ നിരീക്ഷിച്ചു.
മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍ പോള്‍ മാത്യു ആമുഖ പ്രഭാഷണവും ഡോ.കെ.എ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണവും നടത്തി. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും അരുണ്‍രാജ് എന്‍ ബി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ശില്‍പശാല കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ ഡി ശിവലിംഗപ്പ, എ നരസിംഹപ്പ, ആലീസ് സോഫിയ എന്നിവര്‍ ചേര്‍ന്ന് നയിച്ചു.

മംഗളം 20.05.2013

വാഹനാപകടത്തില്‍ മരിച്ചു


പെരുമ്പാവൂര്‍: അജ്ഞാത വാഹനം ഇടിച്ച് വൃദ്ധന്‍ മരിച്ചു.
മലമുറി പറമ്പിക്കുടി വീട്ടില്‍ കൃഷ്ണന്‍കുട്ടി (65) ആണ് മരിച്ചത്. ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. 
ഞായറാഴ്ച രാത്രി 8 ന്  ഇരിങ്ങോള്‍ സൗത്ത് ഭാഗത്ത് ഒ.എം റോഡിലാണ് അപകടം. മാരുതി എസ്റ്റീം കാറാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പില്‍. ഭാര്യ: വനജ. മക്കള്‍: അനീഷ് (ആന്റമാന്‍), അഭിലാഷ് (ബംഗളുരു). മരുമക്കള്‍: സുനിത, ഹേമ.

മംഗളം 21.05.2013

കീഴില്ലത്ത് പെരിയാര്‍വാലി കനാലിന് കുറുകെയുള്ള പാലം തകര്‍ന്നു


പെരുമ്പാവൂര്‍: കീഴില്ലത്ത് പെരിയാര്‍വാലി കനാലിന് കുറുകെയുള്ള പാലം തകര്‍ന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലുള്ള വാളകം ബ്രാഞ്ച് കനാലിന് കുറുകെയുണ്ടായിരുന്ന പാലമാണ് ഇന്നലെ രാവിലെ പത്തുമണിയോടെ തകര്‍ന്നത്. ഹൈ ലെവല്‍ കനാലിന്റെ തുടക്കത്തിലുള്ള ഏറെ പഴക്കമുള്ള പാലമായിരുന്നു ഇത്. നിരവധി ആളുകള്‍ കാല്‍നടയായും ഇരുചക്രവാഹനങ്ങളിലുമായി മറുകര കടക്കാന്‍ ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ പാലം ഉപകാരമായിരുന്നു. പാലം തകര്‍ന്നതോടെ പരിസരത്തുള്ള നാല്‍പ്പതോളം വീട്ടുകാര്‍ക്ക് എം.സി റോഡിലയ്ക്ക് എത്താന്‍ കിലോമീറ്ററുകള്‍ താണ്ടണ്ടി വരും.
1965-ലാണ് ഈ പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ മദ്ധ്യഭാഗത്തുളള കോണ്‍ക്രീറ്റ് കാല്‍ അപകടനിലയിലായിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരുന്നു. പഴക്കം മൂലം അപകടാവസ്ഥയിലായ പാലം പുതുക്കി നിര്‍മ്മിയ്ക്കണമെന്ന് നാട്ടുകാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പെരിയാര്‍വാലി അധികൃതര്‍ അവഗണിയ്ക്കുകയായിരുന്നു. രണ്ടു ഗ്രാമസഭകളില്‍ ഈ ആവശ്യം പ്രമേയം വഴി ഉന്നയിച്ചിരുന്നു. ഇതിനു പുറമെ പെരിയാര്‍വാലിയ്ക്ക് നേരിട്ട് നിവേദനം നല്‍കുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ അവഗണിയ്ക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ ആരോപിച്ചു.

മംഗളം 20.05.2013

Monday, May 20, 2013

മുടക്കുഴയില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്‌മെമ്മൊ നല്‍കിയ പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ നീക്കം


പെരുമ്പാവൂര്‍: പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മൊ നല്‍കിയ അനധികൃത പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പ്രത്യേക താല്‍പര്യം. ഇതേതുടര്‍ന്ന് പഞ്ചായത്തില്‍ നടന്ന ഹിയറിംഗ് പൂര്‍ത്തിയാക്കാതെ നാട്ടുകാര്‍ മടങ്ങി.
മുടക്കുഴ ഗ്രാമപഞ്ചായത്ത് 3, 10, 11 വാര്‍ഡുകളിലെ ആറോളം പാറമടകള്‍ക്കാണ് വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവ് നല്‍കിയത്. ചുണ്ടക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമുള്ള പറമടകളാണ് അനുവദനീയമായതിലുമധികം ആഴത്തില്‍ പാറപൊട്ടിച്ച് നീക്കിയിട്ടുള്ളതിനാല്‍ നിര്‍ത്തി വയ്പ്പിച്ചത്. 
ഈ പാറമടകളില്‍ പാറ പൊട്ടിക്കാനായി തുടര്‍ച്ചയായി സ്‌ഫോടനം നടത്തുന്നതിനാല്‍ ഇവിടെ ജനജീവിതം ദുസ്സഹമായിരുന്നു. വീടുകളുടെ മേല്‍ക്കൂരയില്‍ പാറക്കല്ലുകള്‍ തെറിച്ചുവീഴുന്നതും വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതും പതിവായി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് റവന്യു വകുപ്പ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ നിന്നും പാറ ഖനനം ചെയ്യുന്നതും വില്ലേജ് അധികൃതര്‍ കണ്ടെത്തി ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേ സമയം പഞ്ചായത്ത് സെക്രട്ടറിയും ചില പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഒത്തുചേര്‍ന്ന് അനധികൃത പാറമടകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടത്തുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. പറമടകള്‍ സംബന്ധിച്ച പരാതി കേള്‍ക്കുന്നതിനുവേണ്ടി നാട്ടുകാരെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു വരുത്തിയെങ്കിലും അധികൃതര്‍ പാറമട ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നത് സ്വാഭാവികമാണെന്നും എത്ര എതിര്‍പ്പുണ്ടെങ്കിലും  പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ പരാതിക്കാരായെത്തിയ നാട്ടുകാര്‍ ഹിയറിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. 
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികാരികള്‍ പാറമട ലോബിയുടെ സ്വാധീനത്തില്‍ വഴങ്ങിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

മംഗളം 19.05.2013


റയോണ്‍സിന്റെ ബാദ്ധ്യതകള്‍: ഉന്നതതല ചര്‍ച്ച 28 ന്


പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച് 28 ന് ഉന്നതതല ചര്‍ച്ച നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ധനകാര്യ മന്ത്രി കെ.എം മാണി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ധനകാര്യ  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ധനകാര്യ സ്ഥാപനങ്ങളുടെ മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
റയോണ്‍സിന് ഗവണ്‍മെന്റ് ഗ്യാരണ്ടിയുള്ള നിരവധി വായ്പകളും ബാധ്യതകളും ഉണ്ട്. 1992 ന് ശേഷം റിട്ടയര്‍ ചെയ്ത തൊഴിലാളികള്‍ ഉള്‍പ്പെടെ രണ്ടായിരം പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമുണ്ട്. ബാധ്യതകളെല്ലാം പൂര്‍ണമായും അവസാനിപ്പിച്ചാല്‍ മാത്രമെ ഹൈക്കോടതിയുടെ അനുമതിയോടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ കഴിയുകയൊള്ളുവെന്നും റയോണ്‍സ് സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ എം.എല്‍.എ പറയുന്നു. റയോണ്‍സ് വളപ്പില്‍ പരമാവധി തൊഴില്‍ അവസരങ്ങളുള്ള മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത വൈജ്ഞാനിക വ്യാവസായിക കേന്ദ്രം സ്ഥാപിക്കാനാണ് ധാരണ.

 മംഗളം 19.05.2013


മേപ്രത്തുപ്പടിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത് ആര്‍.ഡി.ഒ തടഞ്ഞു
പെരുമ്പാവൂര്‍: മേപ്രത്തുപ്പടിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത് ആര്‍.ഡി.ഒ തടഞ്ഞു. 
കോതമംഗലം പൊതുമരാമത്ത് ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ മേപ്രത്തുപടി നീലാങ്കല്‍ എന്‍.കെ രാജുവിന്റെ നേതൃത്വത്തില്‍ അറയ്ക്കപ്പടിയ്ക്കടുത്ത് മേപ്രത്തുപടിയിലെ നൂറു ഹെക്ടറോളം വരുന്ന  പാടശേഖരമാണ് കയ്യേറിയത്.  ഭുമി കയ്യേറുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊയ്ത്ത് മെതി യന്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനും നിര്‍ദ്ദേശം നല്‍കി. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആര്‍.ഡി.ഒ പറഞ്ഞു. താലൂക്ക് സര്‍വ്വെയര്‍ അളന്ന് തിരിക്കുന്ന മുറയ്ക്ക് കയ്യേറ്റം ഒഴിപ്പിയ്ക്കും. 
പാടത്തിന് സമീപമുള്ള ചാത്തന്‍കുളം കയ്യേറി നികത്തിയെന്ന് നാട്ടുകാര്‍ വെങ്ങോല പഞ്ചായത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുളം അളന്ന് തിട്ടപ്പെടുത്തി ഭൂമി തിരിച്ചെടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ ഒരിക്കലും വറ്റാത്ത കുടിവെള്ള സ്രോതസായിരുന്നു ചാത്തന്‍കുളം.
പാടശേഖരത്തിനും പി.പി റോഡിന് സമീപവുമുള്ള പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മ്മിച്ചതായി പരാതിയിലുണ്ട്. പാടത്തേക്കുള്ള വഴി അടച്ചുകെട്ടുകയും ചെയ്തിരുന്നു.  
രണ്ടാഴ്ച മുമ്പ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അനധികൃതമായി വഴി അടച്ചു കെട്ടിയത് പൊളിച്ചുമാറ്റുമെന്ന് ധാരണയായെങ്കിലും നടപ്പാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്.

മംഗളം 19.05.2013
Saturday, May 18, 2013

അന്താരാഷ്ട്ര വിദ്യാഭ്യാസ ശില്‍പശാല


പെരുമ്പവൂര്‍: മാര്‍ത്തോമ്മ കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ 21 ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ശില്‍പശാല നടക്കും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എ.വി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 
വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകത ഉണര്‍ത്തുന്ന ആധുനിക അദ്ധ്യയന തന്ത്രങ്ങള്‍ എന്ന വിഷയത്തെ മുന്‍ നിര്‍ത്തി അമേരിക്കയിലെ ബെല്ലാര്‍ മൈന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. ഡേവിഡ് പേയ്ജ് , ഡോ. സൈമണ്‍ ജോര്‍ജ്, ആര്‍ ബാലചന്ദ്രന്‍, ഡോ. ജോണ്‍ എം. ചാക്കോ തുടങ്ങിയവര്‍ ശില്‍പശാല നയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. രാജന്‍ വറുഗീസ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995302006 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

മംഗളം 18.05.2013

Thursday, May 16, 2013

പെരുമ്പാവൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍

കെ രവികുമാര്‍


 യു.യു മുഹമ്മദ് കുഞ്ഞ്
പെരുമ്പാവൂര്‍: പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളായി   പ്രസിഡന്റ് കെ രവികുമാര്‍(കേരള കൗമുദി), ജനറല്‍ സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ് (കലാകൗമുദി ബിഗ് ന്യൂസ്), വൈസ് പ്രസിഡന്റ് നൗഷാദ് അബ്ദുള്‍ റഹ്മാന്‍ (ചന്ദ്രിക), ജോ. സെക്രട്ടറി പി.എസ് ഗോപകുമാര്‍  (ഡി.എന്‍.എന്‍ ടി.വി),  ട്രഷറര്‍ ജോര്‍ജ്ജ് മൂത്തേടന്‍ (ജനയുഗം) എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍ വി.ടി കൃഷ്ണകുമാര്‍ (മലയാള മനോരമ), സുരേഷ് കീഴില്ലം (മംഗളം), ഷിജു തോപ്പിലാന്‍ (ദീപിക), ബേബി തോപ്പിലാന്‍ (വീക്ഷണം), ടി.എന്‍ സന്തോഷ് (ജന്മഭൂമി), ഷാജി റാഫേല്‍ (മെട്രോ ചാനല്‍)  എന്നിവരെ തെരഞ്ഞെടുത്തു.

മംഗളം 16.05.2013

തുടര്‍ച്ചയായ ഭാരവണ്ടി ഗതാഗതം തടഞ്ഞ ഗ്രാമപഞ്ചായത്ത് അംഗവും സ്ത്രീകളും ഉള്‍പ്പടെ 27 പേര്‍ അറസ്റ്റില്‍


പെരുമ്പാവൂര്‍: ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറാക്കിയ തുടര്‍ച്ചയായ ഭാരവണ്ടി ഗതാഗതം തടഞ്ഞ ഗ്രാമപഞ്ചായത്ത് അംഗവും പത്തു സ്ത്രീകളും അടക്കം 27 പേര്‍ അറസ്റ്റില്‍.
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, പതിനൊന്ന് വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന ചുണ്ടക്കുഴി-കടുവള്ളച്ചാല്‍-അകനാട് റോഡിലൂടെയുള്ള അനിയന്ത്രിതമായ വാഹനഗതാഗതം തടഞ്ഞതിനാണ് ഗ്രാമപഞ്ചായത്ത്  അംഗം സാബു ടി.കെ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു മട്ടിമണല്‍ യൂണിറ്റില്‍ നിന്നും അഞ്ചോളം പാറമടകളില്‍ നിന്നുമാണ് ഇതു വഴി ലോറികള്‍ വരുന്നത്. ടോറസ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളാണ് കേവലം മൂന്നടി മാത്രമുള്ള റോഡിലൂടെ നിരന്തരം പോകുന്നത്. എല്ലാ വാഹനങ്ങളിലും അനുവദനീയമായതിലും ഏറെ അളവിലാണ് ലോഡ് എന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ റോഡ് ആകെ പൊട്ടിത്തകര്‍ന്നു. കാല്‍നട യാത്രക്കാര്‍ പോലും ഇതുവഴി സഞ്ചരിയ്ക്കുന്നത് പ്രാണഭയത്തോടെയായി.
ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വഴി തടഞ്ഞത്. സംഭവമറിഞ്ഞ് എത്തിയ കോടനാട് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ അമിതഭാരവുമായി ഈ വഴിയ്ക്കുള്ള വാഹനഗതാഗതം സ്വയം നിയന്ത്രിയ്ക്കാമെന്ന് പാറമട ഉടമകള്‍ നാട്ടുകാരോട് സമ്മതിച്ചു. എന്നാല്‍, പിറ്റേദിവസവും ഗതാഗതത്തില്‍ യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ ടി.കെ സാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും ഭാരവണ്ടികള്‍ തടഞ്ഞത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് വഴിതടഞ്ഞ 27 പേരെ അറസ്റ്റ് ചെയ്തുമാറ്റുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു. 
ഇടുങ്ങിയ റോഡിലൂടെയുള്ള തുടര്‍ച്ചയായ ഭാരവണ്ടികളുടെ ഗതാഗതത്തിന് എതിരെയും അനധികൃത മട്ടിമണല്‍ യൂണിറ്റിനെതിരെയും നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ജില്ലാകളക്ടര്‍ക്കും പരാതി നല്‍കുമെന്നും എന്നിട്ടും ഫലമുണ്ടാവുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും പരിസരവാസികള്‍ പറയുന്നു.


മംഗളം 16.05.2013

പെരുമ്പാവൂരില്‍ വീണ്ടും അഗ്നിബാധരണ്ട് വ്യാപാര സ്ഥാപനങ്ങള്‍  കത്തി നശിച്ചു;
ഒന്നരകോടിയുടെ നാശ നഷ്ടങ്ങള്‍

പെരുമ്പാവൂര്‍: പട്ടണത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ച് ഒന്നരകോടി രൂപയുടെ നാശനഷ്ടങ്ങള്‍. 
ആലുവ മൂന്നാര്‍ റോഡില്‍ സാന്‍ജോ ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള പെരുമ്പാവൂര്‍ പെയിന്റ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് ആന്റ് സാനിട്ടറീസ് എന്നി സ്ഥാപനങ്ങളിലാണ് അഗ്നിബാധ ഉണ്ടായത്. ഒരുകോടി രൂപയോളം നഷ്ടമുണ്ടായതായി പെരുമ്പാവൂര്‍ പെയ്ന്റ്‌സ് ഉടമകളും  45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി  ജനറല്‍ ഇലക്ട്രിക്കല്‍സ് ഉടമകളും പറയുന്നു. വല്ലം അമ്പാടന്‍ അബ്ദുള്‍ സലാം, സുബൈര്‍, മാറമ്പിള്ളി പാറപ്പുറം കണേലി വീട്ടില്‍ സിയാദ്, കാഞ്ഞിരക്കാട് അമ്പാടന്‍ വീട്ടില്‍ ദിലീപ് എന്നിവരാണ് പെരുമ്പാവൂര്‍ പെയിന്റ്‌സിന്റെ ഉടമസ്ഥര്‍. വല്ലം അമ്പാടന്‍ വീട്ടില്‍ മുഹമ്മദ്, കോട്ടയില്‍ ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ജനറല്‍ ഇലക്ട്രിയ്ക്കല്‍സ്.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. കടയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടുടമസ്ഥന്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് തീയും പുകയും കണ്ടത്. ഉടന്‍ കട ഉടമസ്ഥരെ ഫോണില്‍ വിവരം അറിയിയ്ക്കുകയായിരുന്നു. 
ആദ്യം പെയിന്റ്കടയില്‍ ഉണ്ടായ അഗ്നിബാധ പിന്നീട് തൊട്ടുചേര്‍ന്ന ഇലക്ട്രിയ്ക്കല്‍ സാധനങ്ങളുടെ കടയിലേയ്ക്ക് കൂടി പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആലുവ, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ നാലുമണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്. 
ടൗണില്‍ 2011 ആഗസ്റ്റില്‍ എ.എം റോഡിലെ കൈതാരന്‍ ഗ്ലാസ് ആന്റ് പ്ലൈവുഡ്‌സ് എന്ന സ്ഥാപനവും ഈ വര്‍ഷം മാര്‍ച്ചില്‍ മൂലന്‍സ് ഫാമിലി മാര്‍ട്ടും കത്തിനശിച്ചിരുന്നു. അതുസംബന്ധിച്ച ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ഇന്നലെ വീണ്ടും അഗ്നിബാധയുണ്ടായത്.

മംഗളം 16.05.2013

Wednesday, May 15, 2013

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി 15 വയസുകാരന്‍ മരിച്ചു


പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇടയിലേയ്ക്ക് ഇടിച്ചുകയറി 15 വയസുകാരന്‍ മരിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്ക്.
തൃശൂര്‍ മുതുവറ ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ എബിന്‍ ആണ് മരിച്ചത്. എബിന്റെ പിതാവ് സുരേഷ് (42), അമ്മ മഞ്ജു (40), വേങ്ങൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണു (36) എന്നിവരെ എറണാകുളം മെഡിയ്ക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും കോട്ടപ്പടി മംഗലത്ത് വീട്ടില്‍ വിറ്റോ (30)യെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കുറുപ്പംപടി പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. കുറുപ്പംപടി അജന്താ സ്റ്റുഡിയോ ഉടമ റെജിയുടെ കാറാണ് നിയന്ത്രണം വിട്ടത്.
മരിച്ച എബിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് തൃശൂരില്‍ നിന്ന് എത്തി വേങ്ങൂരില്‍ താമസമാക്കിയത്. എബിന്റെ മാതാപിതാക്കളുടേയും നില ഗുരുതരമാണ്. കുറുപ്പംപടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

മംഗളം 15.05.2013

പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി; വെങ്ങോലയില്‍ ഭരണസമിതിയോഗം മുടങ്ങി


പെരുമ്പാവൂര്‍: പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വെങ്ങോലയില്‍ ഭരണ സമിതിയോഗം മുടങ്ങി.
പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എഴുന്നേറ്റതോടെ അജണ്ടയിലേയ്ക്ക് കടക്കാതെ പ്രസിഡന്റ് എം.എം അവറാന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ കെ.എം അന്‍വര്‍ അലി, മെമ്പര്‍ കെ.വി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് ജാമ്യമില്ലാ കേസില്‍ പ്രതിയാക്കിയിരിയ്ക്കുന്നത്. പഞ്ചായത്ത് നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. മാര്‍ച്ചിനിടയില്‍ ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ആരോപണം.
അന്‍വര്‍ അലി ആയിരുന്നു മാര്‍ച്ചിന്റെ ഉദ്ഘാടനം. മാര്‍ച്ചിനിടയില്‍ ഓഫീസിലേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍, ഉന്തിലും തള്ളിലും പെട്ട് ഒരു പ്ലാസ്റ്റിക് കസേരയ്ക്ക് പൊട്ടല്‍ വീണു. ഇതിന്റെ പേരില്‍, പ്രവര്‍ത്തകരെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്ക് എതിരെ ജാമ്യം കിട്ടാത്ത വിധമുള്ള കേസ് അടിച്ചേല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
പഞ്ചായത്ത് ഭരണ സമിതിയില്‍ അജിത ഷാജി, സുജ വിജയന്‍, അന്നമ്മ ജോര്‍ജ്, ഷൈലജ ഷാജി, കെ.വി വാസുദേവന്‍ എന്നി പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധിച്ചത്. 

മംഗളം 15.05.2013

ഗോഡൗണിനു പുറത്ത് രണ്ടുലോഡ് പാചകവാതക സിലിണ്ടറുകള്‍; പരിസരവാസികള്‍ ആശങ്കയില്‍


പെരുമ്പാവൂര്‍: ജനവാസ കേന്ദ്രത്തില്‍ യാതൊരു  സുരക്ഷാ ക്രമീകരണവുമില്ലാതെ  പാചകവാതക സിലണ്ടറുകള്‍ കയറ്റിയ രണ്ടു വാഹനങ്ങള്‍ ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസം. പരിസരവാസികള്‍ക്ക് അങ്കലാപ്പ്. 
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 72 വീട്ടുകാര്‍ തിങ്ങി പാര്‍ക്കുന്ന  മരയ്ക്കാര്‍ റോഡരികിലാണ് വാഹനങ്ങള്‍. 13 ന് വൈകിട്ടാണ് ഇവിടെയുള്ള ബാബു ഗ്യാസ് ഏജന്‍സിയിലേയ്ക്ക് രണ്ട് ഫുള്‍ ലോഡ് വാഹനങ്ങള്‍ എത്തിയത്. ഇവിടെ ചുമട്ടു തൊഴിലാളികള്‍ വേതന വര്‍ദ്ധനയുടെ പേരില്‍  സമരത്തിനായതിനാല്‍ ലോഡ് ഇറക്കി ഗോഡൗണിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍ വാഹനങ്ങള്‍ മടങ്ങിപ്പോകാതെ ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. ഗോഡൗണിന് പുറത്ത് അപകടമുണ്ടാക്കാവുന്ന രീതിയില്‍ നിറ സിലണ്ടറുകളുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാല്‍ ഉറങ്ങാന്‍ പോലും കഴിയാത്തത്ര ഭീതിയിലാണ് നാട്ടുകാര്‍.
ഏജന്‍സിയില്‍ ലോഡ് ഇറക്കുന്ന ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ ശനിയാഴ്ച മുതല്‍ പണിമുടക്കിലാണ്. മുന്‍കൂട്ടി അറിയിച്ചായിരുന്നു തൊഴിലാളികളുടെ സമരം. എന്നിട്ടും പാചകവാതക സിലണ്ടുറുകള്‍ കൊണ്ടുവന്ന ഏജന്‍സി ഉടമയ്‌ക്കെതിരെ ജനരോഷം ശക്തമാണ്. സിലണ്ടറുകള്‍ യഥാസമയം എത്തിയ്ക്കുന്നുണ്ടെന്നും തൊഴിലാളികള്‍ സഹകരിക്കാത്തതിനാലാണ് അവ വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏജന്‍സി ഉടമയുടെ നാടകമാണ് ഇതെന്ന് പരിസരവാസികള്‍ പറയുന്നു
സിലണ്ടുകള്‍ നിറച്ച വാഹനങ്ങള്‍ അടിയന്തിരമായി ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മരയ്ക്കാര്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അസോ. പ്രസിഡന്റ് മാര്‍ട്ടിന്‍ സി മാത്യുവും സെക്രട്ടറി അഡ്വ. ടി.എസ് സദാനന്ദനും പോലീസിലും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

മംഗളം 15.05.2013

Tuesday, May 14, 2013

പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിക്കെതിരെ കര്‍മ്മസമിതി; നേതൃത്വം നല്‍കിയ ആളുടെ വീടുകയറി ആക്രണം


പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിക്കെതിരെ കര്‍മ്മസമിതി രൂപീകരിയ്ക്കാന്‍ നേതൃത്വം നല്‍കിയ ആളുടെ വീടുകയറി ആക്രമിച്ചതായി പരാതി.
രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകള്‍ പടിയ്ക്കക്കുടി  പി.കെ മാത്യുവിന്റെ വീടാണ് ആക്രമിച്ചത്. കര്‍മ്മ സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി 10 ന്  ഒരു സംഘം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒച്ചവച്ചതിനാല്‍ മുന്‍വശത്തെ വാതിലുകള്‍ ചവിട്ടിപൊളിച്ച് അകത്തുകടക്കാനുള്ള ശ്രമം വിജയിച്ചില്ല. വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തല്ലിതകര്‍ത്ത നിലയിലാണ്.
മാത്യുവിന്റെ വീട്ടില്‍ വച്ചാണ് കര്‍മ്മസമിതി രൂപീകരണയോഗം നടന്നത്. ഈ യോഗത്തില്‍ കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയോട് കയര്‍ത്ത് സംസാരിക്കാനും യോഗം അലങ്കോലപ്പെടുത്താനും പ്ലൈവുഡ് കമ്പനി ഉടമയുടെ സഹായികളായ ചിലര്‍ ശ്രമിച്ചിരുന്നതായി കര്‍മ്മ സമിതി ഭാരവാഹികള്‍ പറഞ്ഞു. യോഗം കഴിഞ്ഞതിനുശേഷം ഇവരുടെ നേതൃത്തിലാണ് അക്രമണം നടന്നത്.
കമ്പനിയുടമയുടെ പിന്‍ബലത്തില്‍ അക്രമം നടത്തിയ സംഭവത്തിനെതിരെ ഉടന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനി ഉടമ അടക്കമുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
ലൈസന്‍സോ ആവശ്യമായ മറ്റ് അനുമതി പത്രങ്ങളോ ഇല്ലാതെ അനധികൃതമായി നടത്തുന്ന പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂട്ടു നില്‍ക്കുകയാണെന്ന് കര്‍മ്മസമിതി ആരോപിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രസന്നന്‍, പി രാമചന്ദ്രന്‍, ടി.കെ പൗലോസ്, എന്‍.എ കുഞ്ഞപ്പന്‍, ഡി പൗലോസ്, എം.കെ ശശിധരന്‍പിള്ള, വി.എസ് ഷൈബു എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 14.05.2013

ആതുര സേവനരംഗത്ത് അനന്ത സാദ്ധ്യതകള്‍ സാധാരണക്കാരിലെത്തിക്കാന്‍ മംഗളം-കുമുദ നഴ്‌സിങ്ങ് പഠന സഹായ പദ്ധതി


പെരുമ്പാവൂര്‍: ആതുര സേവന രംഗത്തെ അനന്തസാദ്ധ്യതകള്‍ സാധാരണക്കാരിലേയ്ക്ക് എത്തിയ്ക്കാന്‍ മംഗളം ദിനപ്പത്രവും ബംഗ്‌ളരുവിലെ പ്രമുഖ നഴ്‌സിങ്ങ് സ്ഥാപനമായ കുമുദ ഗ്രൂപ്പ് ഓഫ് നഴ്‌സിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട്‌സും സംയുക്തമായി നഴ്‌സിങ്ങ് സഹായ പഠന പദ്ധതി ഒരുക്കുന്നു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് കോഴ്‌സുകള്‍ പഠിയ്ക്കാനും പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തിരിച്ചടയ്ക്കാനും സൗകര്യമൊരുക്കുന്ന ഈ പദ്ധതി, ഇത് തുടര്‍ച്ചയായ നാലാം തവണയാണ്. പദ്ധതിയനുസരിച്ച് മംഗളവും കുമുദയും ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്ന  മൂന്നു കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്. പഠനത്തില്‍ സമര്‍ത്ഥരായ, അതേ സമയം സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കാണ് ഈ അവസരം. ഇവരെ തെരഞ്ഞെടുക്കുന്നത് മംഗളം ദിനപ്പത്രമാണ്.
പദ്ധതിയെ പറ്റിയും അനുദിനം തൊഴില്‍ സാദ്ധ്യതകള്‍ ഏറുന്ന നഴ്‌സിങ്ങ് മേഖലയെ പറ്റിയും വിശദീകരിയ്ക്കുന്ന സെമിനാറുകള്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ഇടുക്കി ജില്ലയിലെ കട്ടപ്പന, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നടക്കും.
പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍  20 ന് രാവിലെ പത്തിന് സാജുപോള്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ഡോ.കെ.എ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കട്ടപ്പന ടൗണ്‍ ഹാളില്‍ 24-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്‍ രാവിലെ പത്തിന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി കുളംപിള്ളി പങ്കെടുക്കും.
ചങ്ങനാശ്ശേരി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ രാവിലെ പത്തിന് കേരള കലാമണ്ഡലം വൈസ്ചാന്‍സിലര്‍ പി.എന്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള കോളജുകളില്‍ കേവലം 36000 രൂപ വാര്‍ഷിക ഫീസില്‍ നഴ്‌സിങ്ങ് പഠിയ്ക്കാനുള്ള അവസരം ശില്‍പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഭിയ്ക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും ജോലി ലഭിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും ശില്‍പശാലയില്‍ നിന്ന് ലഭിയ്ക്കുമെന്ന് കുമുദ പ്രിന്‍സിപ്പാള്‍ കെ.ഷൈമോന്‍, റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 14.05.2013

സ്വകാര്യവ്യക്തിയുടെ വിറകുപുരയില്‍ നിന്ന് 92 കിലോ ചന്ദനമുട്ടികള്‍ പിടിച്ചു


പെരുമ്പാവൂര്‍: സ്വകാര്യ വ്യക്തി അനധികൃത വില്‍പനയ്ക്കായി വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന 92 കിലോ ചന്ദനമുട്ടികള്‍ വനം വകുപ്പ് പിടിച്ചെടുത്തു.
പുന്നയം മൂഴിമല മത്തായി (65) യുടെ വീട്ടില്‍ നിന്നാണ് വിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ചന്ദനമുട്ടികള്‍ കണ്ടെടുത്തത്. എറണാകുളം സ്വദേശികളായ ചിലര്‍ അങ്കമാലി പാലിശ്ശേരി, മൂക്കന്നൂര്‍ ഭാഗങ്ങളില്‍ വാങ്ങിയിട്ടിരിയ്ക്കുന്ന സ്ഥലങ്ങളില്‍ നിന്ന ചന്ദനമരങ്ങളാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം സംരക്ഷിയ്ക്കാന്‍ ചുമതലപ്പെടുത്തിയവരെ സ്വാധീനിച്ച് വാങ്ങുന്ന ചന്ദനത്തടികള്‍ ചെത്തിമിനുക്കി ക്ഷേത്രങ്ങളിലും മറ്റും വില്‍പന നടത്തുകയായിരുന്നു മത്തായിയുടെ പതിവ്.
പെരുമ്പാവൂര്‍ റെയ്ഞ്ച് ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഓഫീസര്‍ നോബര്‍ട്ട് ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്. പ്രതിയേയും ചന്ദന മുട്ടികളും കോടനാട് ഡി.എഫ്.ഓയ്ക്ക് കൈമാറി.

മംഗളം 14.05.2013

Sunday, May 12, 2013

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് കേരള കോണ്‍ഗ്രസിനും അവകാശവാദം


പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നേതൃമാറ്റം വിവാദമായതോടെ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും രംഗത്ത്.
ഒക്കല്‍ ഡിവിഷന്‍ മെമ്പറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ കേരള കോണ്‍ഗ്രസി (എം) ന്റെ പോള്‍ വറുഗീസാണ് സ്ഥാനമാവശ്യപ്പെട്ട് എത്തിയിരിയ്ക്കുന്നത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ തനിയ്ക്കും ഒരു ടേം പ്രസിഡന്റ് പദവി നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കളില്‍ നിന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. 
കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ പോള്‍ ഉതുപ്പ് മുന്‍ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാത്തതാണ് ബ്ലോക്കില്‍ വിവാദമായത്. ആദ്യ രണ്ടര വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ റെജി ഇട്ടൂപ്പിന് നല്‍കുമെന്നായിരുന്നു എഴുതപ്പെട്ട കരാര്‍. 2010 നവംബര്‍ 5 ന് കൂടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗ തീരുമാന പ്രകാരമായിരുന്നു ഇത്. 
ഇതേ യോഗതീരുമാന പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷത്തേയ്ക്ക് എ ഗ്രൂപ്പിന്റെ മേരി ഗീത പൗലോസിനായിരുന്നു. പിന്നീട് ഐ ഗ്രൂപ്പിന്റെ വനജ ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞ് കൊടുക്കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച്  മേരി ഗീത പൗലോസ് സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിയിരുന്നു.
അതേസമയം, ഐ-എ ഗ്രൂപ്പ് ചേരിപ്പോര് ശക്തമായ സാഹചര്യത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച് തനിയ്ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന നിലപാടാണ് പോള്‍ ഉതുപ്പിന്. പാര്‍ലമെന്ററി പാര്‍ട്ടിയ്ക്ക് അകത്ത് തനിയ്ക്കാണ് ഇപ്പോള്‍ ഭൂരിപക്ഷമെന്നും കേരള കോണ്‍ഗ്രസിന്റെ പോള്‍ വറുഗീസും  തനിയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പോള്‍ ഉതുപ്പ് കഴിഞ്ഞ ദിവസം മംഗളത്തോട് പറഞ്ഞിരുന്നു.
എന്നാല്‍, പോള്‍ വറുഗീസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്തു വന്നിരിയ്ക്കുകയാണ്. നേതൃമാറ്റത്തിന്റെ കാര്യത്തില്‍ തനിയ്ക്ക് ഇരുപക്ഷത്തോടും പ്രത്യേക താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ഇദ്ദേഹം, യു.ഡി.എഫ് നേതാക്കള്‍ തനിയ്ക്ക് ഒരു ടേം പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തിയിരിയ്ക്കുകയാണ്. അതോടെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ നേതൃമാറ്റം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ഇതിനിടെ, കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് യു.ഡി.എഫ് ഭരണത്തെ ഒരു തരത്തിലും ബാധിയ്ക്കരുതെന്നും അടിയന്തിരമായി ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നും പോള്‍ വറുഗീസ് ആവശ്യപ്പെടുന്നുണ്ട്.

മംഗളം 12.05.2013


Saturday, May 11, 2013

മെഹബൂബ് അനുസ്മരണം 24 ന്; ഗസല്‍ ഗായകന്‍ ഉമ്പായി ആദ്യമായി പെരുമ്പാവൂരില്‍


പെരുമ്പാവൂര്‍: പിന്നണി ഗായകന്‍ മെഹബൂബിന്റെ മുപ്പത്തിരണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലസാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പെരുമ്പാവൂര്‍ പെരുമയുടെ ആഭിമുഖ്യത്തില്‍ മെഹബൂബ് ഗാനസ്മൃതി സന്ധ്യയും കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കലും നടത്തും.
24 ന് വൈകിട്ട് 6 ന് ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയ്ക്ക് നേതൃത്വം നല്‍കാന്‍ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി ആദ്യമായി പെരുമ്പാവൂരിലെത്തും.
ഇതോടനുബന്ധിച്ച് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാജുപോള്‍ എം.എല്‍.എ, പി.പി തങ്കച്ചന്‍, കെ.എം.കെ സലാം, ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, വി.പി ഖാദര്‍, ജി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാല്‍നൂറ്റാണ്ടുകാലമായി പെരുമ്പാവൂരിലെ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന മോഹനന്‍. കെ, ബി മണി, ഷാജി സരിഗ തുടങ്ങിയവരെ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും ഇതൊടൊപ്പം നടത്തുമെന്ന് സംഘടനാ ചെയര്‍മാന്‍ എന്‍.എ ലുക്ക്മാന്‍ അറിയിച്ചു.

മംഗളം 11.05.2012കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്: മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ് രാജിയ്ക്ക് തയ്യാര്‍; പാര്‍ട്ടി നേതൃത്വം പറയണമെന്ന് പ്രസിഡന്റ്


പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍  മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാര്‍. എന്നാല്‍, പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വയ്ക്കൂ എന്ന് പ്രസിഡന്റ്.
2010 നവംബര്‍ 5 ന് കൂടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗ തീരുമാന പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം ഐ, എ ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ ധാരണയായിരുന്നു. അതനുസരിച്ച് ആദ്യപകുതി ഐ ഗ്രൂപ്പിന്റെ പോള്‍ ഉതുപ്പിന് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന്റെ മേരി ഗീത പൗലോസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. തുടര്‍ന്നുള്ള രണ്ടര വര്‍ഷം എ ഗ്രൂപ്പിന്റെ റെജി ഇട്ടൂപ്പിന് പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന്റെ വനജ ബാലകൃഷ്ണന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കണമെന്നായിരുന്നു കരാര്‍. 
ഇക്കഴിഞ്ഞ ഏഴിന് ആദ്യ സ്ഥാനക്കാരുടെ കാലവാധി പൂര്‍ത്തിയായി. ഇതനുസരിച്ച് മേരി ഗീത പൗലോസ് രാജി സന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിക്കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഔദ്യോഗിക രാജിക്കത്ത് നല്‍കാന്‍ അനുവദിയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജി വയ്ക്കൂ എന്നാണ് പ്രസിഡന്റ് പോള്‍ ഉതുപ്പിന്റെ നിലപാട്.
2010-ല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേയ്ക്ക് പോള്‍ ഉതുപ്പും റെജി ഇട്ടൂപ്പും തമ്മില്‍ മത്സരം നടന്നിരുന്നു. ഇരു കൂട്ടര്‍ക്കും നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പോള്‍ ഉതുപ്പിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രണ്ടര വര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ് റെജി ഇട്ടൂപ്പിന് അവസരം നല്‍കണമെന്ന ധാരണ എഴുതി കരാറാക്കുകയും ചെയ്തു. ഇതില്‍ കോണ്‍ഗ്രസിന്റെ മറ്റ് ബ്ലോക്ക് മെമ്പര്‍മാരും ബ്ലോക്ക് പ്രസിഡന്റ് ഡാനിയേല്‍ മാസ്റ്ററും ടി.പി ഹസനും ഒപ്പിട്ടുണ്ട്.
അതേസമയം, രാജിക്കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിയ്‌ക്കേണ്ടതല്ലെന്നും മേഖലയില്‍ എ, ഐ ഗ്രൂപ്പ് ചേരിപ്പോര് ശക്തിപ്പെട്ട സാഹചര്യത്തില്‍ മറ്റുപല ഘടകങ്ങളും പരിഗണിയ്‌ക്കേണ്ടിവരുമെന്നും പോള്‍ ഉതുപ്പ് മംഗളത്തോട് പറഞ്ഞു. ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഐ ഗ്രൂപ്പിന്റെ അന്‍വര്‍ മുണ്ടേത്തിന് അഞ്ചു വര്‍ഷവും പ്രസിഡന്റായിരിയ്ക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ അവിടെ ഇപ്പോള്‍ എ ഗ്രൂപ്പുകാര്‍ അന്‍വറിനെ ഭരിയ്ക്കാന്‍ അനുവദിയ്ക്കുന്നില്ല. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഐ-എ ഗ്രൂപ്പ് പോരുണ്ട്. ഇങ്ങനെ പല പഞ്ചായത്തിലും എ ഗ്രൂപ്പ് മുന്‍ധാരണകള്‍ ലംഘിയ്ക്കുകയാണ്. 
ഇതിനു പുറമെ, കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വത്തെ അറിയിയ്ക്കാതെ അറയ്ക്കപ്പടിയിലും അശമന്നൂരിലും എ ഗ്രൂപ്പുകാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൊണ്ടുവന്നിരുന്നു. അങ്ങനെ ഗ്രൂപ്പ് പോര് അനുദിനം ശക്തിപ്പെടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടറിയാതെ നേതൃമാറ്റം പോലുള്ള കാര്യങ്ങളില്‍ തനിയ്ക്ക് മാത്രം ഒരു തീരുമാനമെടുക്കാനാവില്ലെന്നും പോള്‍ ഉതുപ്പ് പറയുന്നു.
ഇതിനു പുറമെ പാര്‍ലമെന്ററി പാര്‍ട്ടിയ്ക്കകത്തെ അംഗബലത്തിന്റെ കാര്യത്തിലും ഇപ്പോള്‍ വിത്യാസമുണ്ട്. 2010-ല്‍ റെജി ഇട്ടൂപ്പിന് അനുകൂലമായ നിലപാട് കൈക്കൊണ്ട അമ്പിളി ജോഷി ഇപ്പോള്‍ ഐ ഗ്രൂപ്പിനോടാണ് അനുഭാവം പുലര്‍ത്തുന്നതെന്ന് പോള്‍ ഉതുപ്പ് അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ പോള്‍ വറുഗീസും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. അങ്ങനെ വരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയ്ക്കകത്ത് ഇനിയൊരു ഹിത പരിശോധന നടന്നാലും അത് തനിയ്ക്ക് അനുകൂലമാകുമെന്നും നിലവിലുള്ള പ്രസിഡന്റ് കരുതുന്നു.

മംഗളം 11.05.2012Friday, May 10, 2013

പുല്ലുവഴി പബ്ലിക് ലൈബ്രറിയില്‍ പി.ജി സ്‌കൂള്‍ ഓഫ് തോട്ട്‌സ് ഉദ്ഘാടനം 12 ന്


പെരുമ്പാവൂര്‍: പുല്ലുവഴി പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച് 12 ന് പി.ജി സ്‌കൂള്‍ ഓഫ് തോട്ട്‌സിന് തുടക്കമാവും. വൈകിട്ട് 4.30 ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും കെട്ടിട ശിലാസ്ഥാപനവും  സാജുപോള്‍ എം.എല്‍.എ നിര്‍വ്വഹിയ്ക്കും. ലൈബ്രറി പ്രസിഡന്റ് ആര്‍.എം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മാധ്യമ പ്രവര്‍ത്തക ആര്‍ പാര്‍വ്വതീദേവി, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠനകേന്ദ്രം സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, എസ് മനോജ്, സതീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. തുടര്‍ന്ന് 6.30-ന് തീയേറ്റര്‍ ഇനിഷ്യേറ്റീവ് കേരള അവതരിപ്പിയ്ക്കുന്ന ശുദ്ധമദ്ദളം എന്ന നാടകവും ഉണ്ടാകും.
സമാപന പരിപാടികളുടെ ഭാഗമായി ഇന്ന് കുട്ടികള്‍ക്കുള്ള ഏകദിന പഠനക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി സജീവ് ഉദ്ഘാടനം ചെയ്യും. വി.കെ കൃഷ്ണകുമാര്‍ ക്യാമ്പ് നയിക്കും. നാളെ വൈകിട്ട് 3.30 ന് സായന്തനം എന്ന പേരില്‍ നടക്കുന്ന മുതിര്‍ന്നവരുടെ വിശാലവേദി സൗഹൃദ സദസ് എസ് ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും. ജി രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിയ്ക്കും. ബിന്ദു രാമകൃഷ്ണന്‍, കെ.എം മത്തായി കാവാട്ട്, എം.വി മത്തായി എന്നിവര്‍ പ്രസംഗിയ്ക്കും. 
12 ന് രാവിലെ സൗജന്യ രോഗനിര്‍ണയ ചികിത്സാ ക്യാമ്പ് ഡോ.വിജയന്‍ നങ്ങേലില്‍ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ദിവാകരന്‍ അദ്ധ്യക്ഷത വഹിയ്ക്കും. 


മംഗളം 10.05.2013

കിടപ്പാടം പോയ ആദിലിനെ ഭാഗ്യം തുണച്ചു; കടം പറഞ്ഞ് വാങ്ങിയ ലോട്ടറിയ്ക്ക് 75 ലക്ഷം


പെരുമ്പാവൂര്‍: പുറമ്പോക്കില്‍ നിന്ന് കുടിയൊഴിപ്പിയ്ക്കപ്പെട്ടതിന് പിന്നാലെ വില്‍പനക്കാരന്‍ കടമായി അടിച്ചേല്‍പ്പിച്ച ലോട്ടറിയ്ക്ക് 75 ലക്ഷം.
മുപ്പതു വര്‍ഷമായി കേരളത്തില്‍ താമസിയ്ക്കുന്ന അസം സ്വദേശിയായ ആദിലി (38) നെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തുകയായ 75 ലക്ഷം രൂപയാണ് ആദിലിന് ലഭിയ്ക്കുന്നത്. ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ വെങ്ങോല ശാഖയില്‍ ഏല്‍പിച്ചിട്ടുണ്ട്.
പുളിയാമ്പിള്ളി ഭാഗത്ത് ആദിലിന് നാട്ടുകാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചു നല്‍കിയ കുടില്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പൊളിച്ച് മാറ്റിയത്. ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ ആദിലിന്റെ കുടുംബത്തിന് ചേലക്കുളം സ്വദേശി രണ്ടര സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായി. ഇവിടെ വീടു നിര്‍മ്മിയ്ക്കാന്‍ പണമില്ലാതിരിയ്ക്കുമ്പോഴാണ് ലോട്ടറിക്കച്ചവടക്കാരനായ സി.എം ഉമ്മര്‍, പണം പിന്നെ തന്നാല്‍ മതിയെന്ന ധാരണയില്‍ ഇയാള്‍ക്ക് ലോട്ടറി ടിക്കറ്റ് നല്‍കുന്നത്.
എട്ടാം വയസ്സില്‍ കേരളത്തിലെത്തിയ ആദിലിന് ഹിന്ദിയും ഇംഗ്ലീഷും അടക്കം 14 ഭാഷകള്‍ സംസാരിയ്ക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ചു വര്‍ഷമായി വെങ്ങോല ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ ജലാലിന്റെ പലചരക്കുകടയിലെ തൊഴിലാളിയാണ് ആദില്‍. ആലപ്പുഴ സ്വദേശിനി ഷീജയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

മംഗളം 10.05.2013

Thursday, May 9, 2013

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്റ്റീല്‍ ഫര്‍ണീച്ചര്‍ യൂണിറ്റ്; ആയത്തുപടി നിവാസികള്‍ പ്രക്ഷോഭത്തിലേയ്ക്ക്


പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ സ്റ്റീല്‍ഫര്‍ണീച്ചര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ആയത്തുപടി നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. 
പത്തൊമ്പൊതാം വാര്‍ഡില്‍ മൂത്തേടം ജോര്‍ജ്ജിന്റെ പതിനഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനകത്താണ് ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങുന്നത്. ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത്തരം ഒരു യൂണിറ്റ് വരുന്നതോടെ അന്തരീക്ഷ-ശബ്ദ-വായു മലിനീകരണത്തിലൂടെ ജനജീവിതം ദുസഹമാക്കുമെന്നാണ് പരിസരവാസികളുടെ ആശങ്ക. 
മുന്‍പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കളിക്കാനെത്തുന്നവരുടെ ശല്യമായിരുന്നു ആളുകള്‍ക്ക്. കളിയുടെ മറവില്‍ പാതിരാത്രിയോളം ഇവിടം സാമൂഹ്യ വരുദ്ധര്‍ താവളമാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് ഇതോടുചേര്‍ന്ന് സ്ഥലം ഉടമ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. കാറ്ററിംഗ് കഴിഞ്ഞുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഒക്കെ ഇവിടെ കൊണ്ടുവന്ന് കത്തിയ്ക്കാന്‍ തുടങ്ങി. അതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. 
ഏറ്റവും ഒടുവിലാണ് ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കം. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ് ഫര്‍ണിച്ചര്‍ യൂണിറ്റിന് അനുമതി നല്‍കുന്നതിനായി ചരടു വലിയ്ക്കുന്നതായും ആരോപണമുണ്ട്.
ഫര്‍ണിച്ചര്‍ യൂണിറ്റിന് അനുമതി നല്‍കരുതെന്നും ഇതിനോടകം നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരിസരവാസികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിവേദനം നല്‍കിയിട്ടുണ്ട്
ജനവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട് നിര്‍മ്മാണ യൂണിറ്റിന് അനുമതി നല്‍കിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിയ്ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 9.05.2013Wednesday, May 8, 2013

വില്‍ക്കഥാമേള വീണ്ടും അരങ്ങില്‍; കാഴ്ചക്കാര്‍ക്ക് കൗതുകം


പെരുമ്പാവൂര്‍: മുന്‍കാലഘട്ടങ്ങളില്‍ ഉത്സവപ്പറമ്പുകളിലെ മുഖ്യ ഇനമായിരുന്ന വില്‍കഥാമേള വീണ്ടും അരങ്ങില്‍. 
കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച നാടന്‍ കലാ സാംസ്‌കാരികോത്സവ വേദിയിലാണ് വില്‍കഥാമേളയ്ക്ക് അരങ്ങൊരുങ്ങിയത്. പട്ടാല്‍ മിത്രകലാ ലൈബ്രറിയായിരുന്നു അവതാരകര്‍. 
തിരുനല്ലൂര്‍ കരുണാകരന്റെ റാണിയെന്ന ഖണ്ഡകാവ്യമാണ് വില്‍ക്കഥയായി അരങ്ങിലെത്തിച്ചത്. പറവൂര്‍ തത്തപ്പിള്ളി ഭാഗത്തെ ആദ്യകാല വില്‍ക്കഥാ കലാകാരനായ രമണന്‍ ചെങ്ങമനാടാണ് റാണിയെ അണിയിച്ചൊരുക്കിയത്. പ്രശസ്ത നാടക പ്രവര്‍ത്തകനും ഹര്‍മോണിസ്റ്റുമായ ആന്റണി ചേലാമറ്റം പാട്ടുകള്‍ ചിട്ടപ്പെടുത്തി. സിംജിഷ് കുമാര്‍ (വയലിന്‍), അശോക് കുമര്‍ (തബല) എന്നിവര്‍ പക്കമേളക്കാരായി. എന്‍ ഹരിശ്ചന്ദ്രന്‍, ആശിഷ് വീണമാലി, ഗോപകുമാര്‍, യു ഗോപി, ജോസഫ് ആശാന്‍, രഞ്ജിത് കെ ആര്‍. ബാബു കെ ഡാനയേല്‍, എം.എ സുലൈമാന്‍, ബേസില്‍, രാജു ഇടപ്പൊട്ടയ്ക്കല്‍ എന്നിവര്‍ അരങ്ങിലെത്തി. 
അമ്വച്ചര്‍ നാടക രംഗത്ത് ശ്രദ്ധിയ്ക്കുന്ന മിത്രകലാ ലൈബ്രറി പ്രവര്‍ത്തകര്‍ അന്യം നിന്നുപോയ കലാരൂപങ്ങളെക്കൂടി പുനരാവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വില്‍ക്കഥാ മേള സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് എം.എ സുലൈമാന്‍, സെക്രട്ടറി കെ.ആര്‍ രാജേഷ് എന്നിവര്‍ അറിയിച്ചു.

മംഗളം 8.05.2013

തൊഴിലുറപ്പ് പദ്ധതി: കൂവപ്പടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത് എത്തി


പെരുമ്പാവൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍  കൂവപ്പടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 
ഡി.ഡി.പി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ ഡി.ഡി.പി എസ് ലതയില്‍ നിന്ന് മഹാത്മ പുരസ്‌കാരം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ് ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോര്‍ജ്, എ.ഡി.പി എ.എം മൂസാന്‍, ജെ.എസ് രാജന്‍ മേനോന്‍, കൂവപ്പടി പഞ്ചായത്ത് സെക്രട്ടറി എം.എ രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

മംഗളം 8.05.2013

Tuesday, May 7, 2013

വെങ്ങോല പള്ളിയില്‍ സംഘര്‍ഷം: എട്ടുപേര്‍ ആശുപത്രിയില്‍


പെരുമ്പാവൂര്‍: വെങ്ങോല മാര്‍ ബഹനാം സഹദാ പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരുക്ക്. എട്ടുപേര്‍ക്ക് എതിരെ കേസ്. പരുക്കേറ്റവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുങ്ങാട് പുത്തന്‍പുരയില്‍ ജോജു, അരുണ്‍, നീലാങ്ങല്‍ ജ്യോതിസ്, പാനായില്‍ ബേസില്‍ ജേക്കബ്, അജിന്‍ ബാബു എന്നിവര്‍ക്കെതിരെയും പട്ട്‌ളാട്ട് ഐബി പോള്‍, പാറക്കാടന്‍ അജി, കാച്ചാപ്പറമ്പില്‍ ജോബി എന്നിവര്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
നിലവിലുള്ള ഭരണ സമിതിയ്‌ക്കെതിരെ മുന്‍ ഭരണ സമിതി അംഗങ്ങള്‍ പള്ളിയ്ക്ക് മുമ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണം. സംഘര്‍ഷം മുന്നില്‍ കണ്ട് കുര്‍ബാന കഴിഞ്ഞ് വിശ്വസികള്‍ പുറത്തിറങ്ങും മുമ്പ് ബോര്‍ഡ് പോലീസ് എടുത്തുമാറ്റിയെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

മംഗളം 07.05.2013

Monday, May 6, 2013

ഓണംവേലി-വട്ടത്തറ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് കടത്ത്; കരാറുകാരനില്‍ നിന്നും പണം ഈടാക്കാന്‍ ഉത്തരവ്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ ഓണംവേലി- വട്ടത്തറ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് കടത്തി വില്‍പന നടത്തിയ കരാറുകാരനില്‍ നിന്നും വില ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉത്തരവിട്ടു.
റോഡ് നിര്‍മ്മാണത്തിലെ അപാകതയ്‌ക്കെതിരെ സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാരനായ വെങ്ങോല കൊപ്പറമ്പില്‍ കെ.എസ് പരീതില്‍ നിന്നും പണം തിരിച്ചുപിടിയ്ക്കാന്‍ ഉത്തരവുണ്ടായത്. 159 ലോഡ് മണ്ണ് കടത്തിയതിന്റെ വിലയായി 68569 രൂപ ഈടാക്കാനാണ് നിര്‍ദ്ദേശം.
മണ്ണെടുപ്പ് നിരോധിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് അധികൃതരുടെ ഒത്താശയോടെ മണ്ണ് വില്‍പന നടന്നത്. അറുന്നൂറു മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും കുന്ന് നിരപ്പാക്കിയായിരുന്നു റോഡ് നിര്‍മ്മാണം. ഇതിനായി കുന്ന് താഴ്ത്തിയപ്പോള്‍ ലഭിച്ച മണ്ണ് ഇതേ വാര്‍ഡിലെ മറ്റൊരു റോഡിന് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പന നടത്തിയത്. എന്നാല്‍, ഇവിടെ നിന്നുള്ള രണ്ട് ലോഡ് മണ്ണ് നാട്ടുകാര്‍ പോഞ്ഞാശ്ശേരിയില്‍ വച്ച് തടഞ്ഞതോടെ മണ്ണ് വില്‍പന പുറത്തായി. ഏഴു ലോഡ് മണ്ണ് കടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ പിന്നീട് സമ്മതിയ്ക്കുകയും റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. 
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു ഇവിടെ റോഡ് നിര്‍മ്മാണം.

മംഗളം 6.05.2013

ഹൃദയ വാല്‍വിന് തകരാര്‍; ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചയാള്‍ ചികിത്സാ സഹായം തേടുന്നു.
അല്ലപ്ര കണ്ടന്തറ വയലില്‍ വീട്ടില്‍ പ്രസാദ് (50) ആണ് ഉദാരമതികളുടെ കാരുണ്യം പ്രതീക്ഷിയ്ക്കുന്നത്.
ഏഴു വര്‍ഷം മുമ്പ് പ്രസാദിന്റെ ഭാര്യ ഉഷ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. വിദ്യാര്‍ത്ഥിനികളായ മക്കള്‍ പ്രവിഷയ്ക്കും പ്രവീണയ്ക്കും തുണയായി കൂലിപ്പണി ചെയ്ത് ജീവിക്കുന്നതിനിടയിലാണ് പ്രസാദ് രോഗബാധിതനാവുന്നത്. ഒന്നരലക്ഷം രൂപയോളം ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ രോഗം സുഖപ്പെടുത്താനാവുമെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം എന്നാല്‍ മൂന്ന് സെന്റ് ഭൂമിയില്‍ ചെറിയ വീടു മാത്രം ആസ്തിയായുള്ള ഈ കുടുംബത്തിന് ഇത്ര വലിയ തുക കണ്ടെത്താന്‍ സാധിക്കില്ല. 
വെങ്ങോല ഗ്രാമപഞ്ചായത്തംഗം ഗീതാ രവി പ്രസിഡന്റും പി.എ സജീര്‍ സെക്രട്ടറിയുമായി പ്രസാദ് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂര്‍ ബ്രാഞ്ചില്‍ 32966350041 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544494641, 9961480010 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം


മംഗളം 5.05.2013

വെങ്ങോല ബത്‌സാദാ പബ്ലിക് സ്‌കൂളിന് ബ്രിട്ടീഷ് കൗണ്‍സില്‍ അവാര്‍ഡ്പെരുമ്പാവൂര്‍: വെങ്ങോല ബത്‌സാദാ സി.ബി.എസ്.സി പബ്ലിക് സ്‌കൂളിന് ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ് ലിസ്റ്റില്‍ അംഗത്വം ലഭിച്ചതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.വി പൗലോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ വിദഗ്ധരുടെ സംഘം രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചത്. കുട്ടികളുമായി സംവദിയ്ക്കാനുള്ള അദ്ധ്യാപക സംഘത്തിന്റെ ശേഷി, ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അദ്ധ്യയനം, ശുചിത്വം, പ്രകൃതി പരിപാലനം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളിലായിരുന്നു നിരീക്ഷണം. 
വിദേശരാജ്യങ്ങളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇടപെടാന്‍ ഈ അവാര്‍ഡു വഴി ഇടവരുമെന്ന് സ്‌കൂള്‍ മനേജര്‍ ഫാ.യേശുദാസ് വിശദീകരിച്ചു.
ഡോ.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രസിഡന്റും ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത വൈസ് പ്രസിഡന്റുമായ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 900 കുട്ടികള്‍ പഠിയ്ക്കുന്നുണ്ട്.

മംഗളം 5.05.2013

Saturday, May 4, 2013

അരക്കോടിയോളം കുഴല്‍പ്പണവുമായി പെരുമ്പാവൂരില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍

അല്‍ അമീന്‍


കുഞ്ഞുമുഹമ്മദ് 
പെരുമ്പാവൂര്‍: അരക്കോടിയോളം കുഴല്‍പ്പണവുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.
പെരുമ്പാവൂര്‍ കണ്ടന്തറ കാരോത്തുകുടി കുഞ്ഞുമുഹമ്മദ് (40), കോയമ്പത്തൂര്‍ സെല്‍വ ഗ്രാമം സ്വദേശി സിക്കന്തറിന്റെ മകന്‍ അല്‍ അമീന്‍ (30) എന്നിവരെയാണ് റവന്യു ഇന്റലിജന്‍സ്, റൂറല്‍ എസ്.പി യുടെ സ്‌ക്വാഡ് എന്നിവരുടെ സഹകരണത്തോടെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് 4409200 രൂപയും പിടിച്ചെടുത്തു.
ടൗണിലെ ചില ചില പ്ലൈവുഡ് വ്യവസായികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് തുക. കോയമ്പത്തൂരില്‍ നിന്ന് അല്‍ അമീന്‍ ചെറിയ ബാഗില്‍ കൊണ്ടുവന്ന പണം കുഞ്ഞുമുഹമ്മദിന് കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പണം വ്യവസായികള്‍ക്ക് കൈമാറുന്ന ഏജന്റുമാരാണ് ഇരുവരും. ഇത്തരക്കാര്‍ക്ക് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലമായി ലഭിയ്ക്കും. 
ഏജന്റുമാര്‍ വഴി കോടിക്കണക്കിന് രൂപ പെരുമ്പാവൂര്‍ക്ക് ഒഴുകുന്നതായി റവന്യു ഇന്റലിജന്റ്‌സിന് മുന്‍പ് തന്നെ സൂചന ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ബസ് സ്റ്റാന്റില്‍ മിന്നല്‍ പരിശോധന നടന്നത്. പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത തുക റവന്യു ഇന്റലിജന്റ്‌സിന് കൈമാറി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്ലൈവുഡ് വ്യവസായികളെ മുന്‍ നിര്‍ത്തി കുഴല്‍പ്പണം ഇടപാടുകള്‍ സംബന്ധിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു.


മംഗളം 4.05.2013


വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; ഓഫീസ് ഉപകരണങ്ങള്‍ തല്ലിതകര്‍ത്തെന്ന് പ്രസിഡന്റ്കാരുണ്യ ഹൃദയതാളം പദ്ധതി 


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ച് അക്രമാസക്തമായെന്നും ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തെന്നും പ്രസിഡന്റ്.
പഞ്ചായത്ത് സെക്രട്ടറിയുടെ പോലും അറിവോ സമ്മതമോ കൂടാതെ രസീതുകളും കൂപ്പണുകളും അച്ചടിച്ച് പഞ്ചായത്തില്‍ വ്യാപകമായ രീതിയില്‍ അനധികൃത പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ മെമ്പര്‍മാരുടെയും ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറിയെന്നും പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്നും ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തെന്നും പ്രസിഡന്റ് എം.എം അവറാന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.
അതേ സമയം സമരക്കാര്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഇരച്ച് കയറിയെങ്കിലും യാതൊരു അക്രമപ്രവര്‍ത്തങ്ങളും നടത്തിയിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറയുന്നു. കള്ളകേസുണ്ടാക്കി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ജനങ്ങളില്‍ നിന്ന് മറയ്ക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.എം അജീഷ് അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ഐ ബീരാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.എസ് സുബിന്‍, സി.എം നസീര്‍, ഗ്രാമപഞ്ചായത്തംഗം കെ.വി ഗോപാലകൃഷ്ണന്‍, എ.എച്ച് ഷിഹാബ്, അഡ്വ. ബേസില്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പോലീസ് നോക്കി നില്‍ക്കെ പഞ്ചായത്ത് വളപ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം കാണിച്ചതിനെതിരെ ഇന്ന് വൈകിട്ട് വെങ്ങോല കവലയില്‍ പ്രതിഷേധയോഗം ചേരുന്നുണ്ട്

മംഗളം 4.05.2013


കുട്ടിക്കാലത്തേയ്ക്ക് ഒരു തിരിച്ചുവരവ്; നാട്ടുസ്വരങ്ങള്‍ക്ക് കാതോര്‍ക്കാന്‍

ബോംബേ ജയശ്രീയ്ക്ക് ഒപ്പം രഞ്ജിത്
പെരുമ്പാവൂര്‍: ബോളിവുഡ് ശബ്ദലേഖന രംഗത്തെ മലയാളി സാന്നിദ്ധ്യമായ രഞ്ജിത് ബി കര്‍ത്താ മടങ്ങിയെത്തിയത് കുട്ടിക്കാലത്തേയ്ക്കാണ്. നീണ്ട പത്തൊമ്പത് ആണ്ടുകള്‍ക്ക് ശേഷമാണ് മുംബൈ മലയാളിയായ ഈ യുവാവ് സ്വന്തം നാടിന്റെ സ്വരങ്ങള്‍ക്ക് കാതോര്‍ക്കുന്നത്. 
സോനു നിഗം, മോഹിത് ചൗഹാന്‍, ശ്രേയ ഘോഷാല്‍, ഉഷാ ഉതുപ്പ്, ബോംബെ ജയശ്രി തുടങ്ങിയ പ്രശസ്ത പിന്നണി ഗായകരുടെ ഗാനലേഖനം നിര്‍വ്വഹിച്ചിട്ടുള്ള ഈ 27 കാരന്‍ മുംബെയിലെ ഗോരെഗോണ്‍ വെസ്റ്റിലാണ് താമസം. 
2009 ല്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ രഞ്ജിത് ഇപ്പോള്‍ അന്ധേരി വെസ്റ്റിലെ സ്‌പെക്‌റല്‍ ഹാര്‍മ്മണി സ്റ്റുഡിയോയില്‍ സൗണ്ട് എഞ്ചിനീയറാണ്.
പതിനെട്ടാം വയസില്‍ ഡിസ്‌കോ ജോക്കിയായി രംഗപ്രവേശം ചെയ്ത രഞ്ജിത് നഗരത്തിലെ പ്രശസ്ത റോക്ക്, പോപ്പ് മ്യൂസിക് ഷോകളിലെ സൗണ്ട് എഞ്ചിനീയറായും പ്രവര്‍ത്തിച്ചുപോന്നു. ഇന്ത്യയിലെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ ഗ്യാരി ലോയര്‍, ജാസ് പിയാനോയിസ്റ്റ് ലൂയീസ് ബാങ്ക്‌സ്, വെസ്റ്റേണ്‍ മ്യൂസിക് കമ്പോസറും ഡ്രമ്മറുമായ രഞ്ജിത് ബാരോട്ട് തുടങ്ങിയവരുടെ ലൈവ് ബാന്റ് ഷോകളുടെ ശബ്ദ മിശ്രണം നിര്‍വ്വഹിയ്ക്കാനുള്ള ഭാഗ്യവും ഈ യുവാവിനുണ്ടായി.
2010 മുതല്‍ക്കാണ് ഹിന്ദി സിനിമകളിലേയ്ക്കുള്ള രംഗപ്രവേശം. യേ സാലി സിന്തകി, തനു വെഡ്‌സ് മനു, 1920 ഇവിള്‍ റിട്ടേണ്‍സ്, ജോളി എല്‍.എല്‍.ബി തുടങ്ങിയ ചലചിത്രങ്ങള്‍ക്കുവേണ്ടി സുനീതി ചൗഹാന്‍, ശില്‍പാ റാവു, കീര്‍ത്തി സഗാട്ടിയ, കമല്‍ഖാന്‍ തുടങ്ങിയ പിന്നണി ഗായകരുടെ ശബ്ദം ആലേഖനം ചെയ്തത് രഞ്ജിത്താണ്.
രാജ്യാന്തര നിലവാരത്തിലുള്ള ചില മെഗാ സ്റ്റേജ് ഷോകളുടെ സൗണ്ട് എഞ്ചിനീയറിങ്ങ് നിര്‍വ്വഹിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്. ഏഴിന് നാട്ടിലെ നല്ല ഓര്‍മ്മകളുമായി ഇദ്ദേഹം മുംബൈയിലേയ്ക്ക് മടങ്ങും.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ച കൂടാലപ്പാട് മഠത്തേത്ത് പുത്തന്‍ മഠത്തില്‍ ഭാസ്‌ക്കരന്‍ കര്‍ത്തയുടേയും മുബൈയിലെ വിവേക് വിദ്യാലയത്തില്‍ നിന്നും അദ്ധ്യാപികയായി വിരമിച്ച സുധ ബി കര്‍ത്തയുടേയും മകനാണ് രഞ്ജിത്. എക സഹോദരി സീമ ബി കര്‍ത്ത.


മംഗളം 4.05.2013


പെരുമ്പാവൂരില്‍ ബിവറേജസ് ഷോപ്പ് തുരന്ന് 87750 രൂപയുടെ മദ്യക്കുപ്പികള്‍ കവര്‍ന്നുഇത് രണ്ടാം വട്ടം

പെരുമ്പാവൂര്‍: ബിവറേജസ് ഷോപ്പിന്റെ ഭിത്തി തുരന്ന് 87750 രൂപയുടെ മദ്യക്കുപ്പികള്‍ കടത്തി. മോഷ്ടാക്കള്‍ കടത്തിയ 238 ബോട്ടിലുകളില്‍ ഏറിയ പങ്കും ഹൈ ബ്രാന്റ്. ഇതേ ഷോപ്പില്‍ ഇതേ മട്ടിലുള്ള മോഷണം ഇത് രണ്ടാം വട്ടമാണ്. 
ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഷോപ്പിലേയ്ക്കുള്ള സ്റ്റെയര്‍ കെയ്‌സിനോട് ചേര്‍ന്ന ഭിത്തി തുരന്നായിരുന്നു ഇത്. ഈ ഭാഗത്തെ ലൈറ്റിന്റെ വയര്‍ വലിച്ചുപൊട്ടിച്ച് ഇരുട്ടാക്കിയ ശേഷമായിരുന്നു കവര്‍ച്ച. റോഡില്‍ നിന്ന് വാഹനങ്ങളുടെ വെളിച്ചവും ഈ ഭാഗത്തേയ്ക്ക് വരില്ലെന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യമായി.
കഴിഞ്ഞ ജനുവരി ഒമ്പതിനും ഇവിടെ മോഷണം നടന്നിരുന്നു. ഫ്യൂസ് ഊരി മാറ്റി ഇരുട്ടാക്കിയ ശേഷം ഇതേ ഭാഗത്ത് ഭിത്തി തുരന്നായിരുന്നു മോഷണം. അന്ന് 21160 രൂപയുടെ മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടിരുന്നു. അതും ഹൈബ്രാന്റ് മദ്യം തന്നെ.
ഇരു മോഷണങ്ങളും ഒരേ സംഘം ചെയ്തതാകുമെന്നണ് കവര്‍ച്ചയുടെ സ്വഭാവം പരിഗണിയ്ക്കുമ്പോഴുള്ള പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പോലീസ് കേസെടുത്തിട്ടുണ്ട്. 

മംഗളം 3.05.2013