Thursday, February 2, 2012

മുല്ലപ്പെരിയാര്‍ ഭീതി: ജില്ലയില്‍ നിര്‍മ്മാണമേഖല നിശ്ചലമാകുന്നു

വര്‍ഗ്ഗീസ്‌ തെറ്റയില്‍
പെരുമ്പാവൂര്‍‍: മുല്ലപ്പെരിയാര്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ട്‌ പോകുന്നത്‌ മൂലം എറണാകുളം ജില്ലയിലെ നിര്‍മ്മാണ മേഖല ഏതാണ്ട്‌ സ്തംഭിച്ച മട്ടിലായി.
അണക്കെട്ട്‌ പൊട്ടുമെന്ന ഭീതിയാണ്‌ അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം ദേശത്തേയ്ക്കും മറ്റ്‌ സംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. മുല്ലപ്പെരിയാര്‍ പ്രശ്നം മലയാള മാധ്യമങ്ങള്‍ക്ക്‌ പുറമേ മറ്റ്‌ ഭാഷാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഏറ്റ്‌ പിടിച്ചതോടെയാണ്‌ സ്ഥിതി ഗുരുതരമായത്‌. ഒറീസ്സ, ആസ്സാം, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്‌ കൂടുതലായും സ്വദേശത്തേയ്ക്ക്‌ മടങ്ങിപ്പോയിട്ടുള്ളത്‌. 
എറണാകുളം ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുത്തിരുന്ന ൬൦ ശതമാനം തൊഴിലാളികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം ദേശീയ ചാനലുകളിലും ഉത്തരേന്ത്യന്‍ പത്രങ്ങളിലും വന്നു തുടങ്ങിയതോടെ അണക്കെട്ട്‌ ഏത്‌ സമയത്തും പൊട്ടുമെന്ന ഭീതി മറ്റ്‌ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയിലും നിറയാന്‍ തുടങ്ങി. ഇതൊടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളോട്‌ അവരുടെ ബന്ധുക്കള്‍ ഉടന്‍ മടങ്ങി വരാന്‍ ആവശ്യപ്പെടുകയാണ്‌. 
അണക്കെട്ട്‌ പൊട്ടിയാല്‍ സ്വന്തം നാട്ടുകാരെ സംരക്ഷിക്കാനായിരിക്കും സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ടവരും ശ്രമിക്കുക. അന്യസംസ്ഥാനക്കാരുടെ കാര്യത്തില്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാകില്ലെന്ന അവബോധം ഇപ്പോള്‍ തന്നെ അവര്‍ക്കിടയില്‍ രൂഢമൂലമായിട്ടുണ്ട്‌. പൊതുവേ അന്യസംസ്ഥാന തൊഴിലാളികളോട്‌ ക്രൂരമായും അവഗണനാ മനോഭാവത്തോടുമാണ്‌ ഉദ്യോഗസ്ഥരുടെയും തൊഴിലുടമകളുടെയും സമീപനം. ഈ അവസ്ഥയില്‍ ഒരു വന്‍ദുരന്തം ഉണ്ടായാല്‍ നാട്ടുകാര്‍ മുഴുവനും രക്ഷപ്പെട്ടാലും ഭാഷവശമില്ലാത്ത അന്യനാട്ടുകാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ദുരന്തത്തിന്‌ കീഴടങ്ങേണ്ടിവരുമെന്ന്‌ അവരുടെ ബന്ധുക്കള്‍ക്ക്‌ നന്നായറിയാം.

അതിനാലാണ്‌ ദുരന്ത ബാധിതമാകാന്‍ പോകുന്ന മേഖലകളിലുള്ള തങ്ങളുടെ ബന്ധുക്കളെയും മിത്രങ്ങളെയും ഉടനെ ഈ മേഖലയില്‍ നിന്നും തിരിച്ച്‌ വിളിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്‌. 
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയാണ്‌ എറണാകുളം. മെട്രോ സിറ്റിയില്‍ തന്നെ വലുതും ചെറുതുമായ പത്തിലധികം ഫ്ളാറ്റുകള്‍ നിര്‍മ്മാണത്തിണ്റ്റെ പാതി വഴിയിലാണ്‌. ഇതിനു പുറമെ സ്മാര്‍ട്ട്‌ സിറ്റി മെട്രോ റെയില്‍, നോര്‍ത്ത്‌ മേല്‍പ്പാലം ഉള്‍പ്പെടെ വരാന്‍ പോകുന്ന വന്‍ഫ്ളൈ ഓവറുകള്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, മറ്റ്‌ പാലങ്ങള്‍, റോഡ്‌ നിര്‍മ്മാണം, ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അരി-മര വ്യവസായങ്ങള്‍, ശബരി റെയില്‍പാത തുടങ്ങിയ മേഖലകളിലെയും തൊഴിലാളി ക്ഷാമം രൂക്ഷമാവുകയാണ്‌. 
ജില്ലയില്‍ പണിയെടുത്തിരുന്ന ഒരു ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ല വിട്ട്‌ മറ്റ്‌ സുരക്ഷിത ജില്ലകളിലേക്കും, മറ്റ്‌ സംസ്ഥാനങ്ങളിലേയും സ്വദേശത്തേയ്ക്കും പാലായനം ചെയ്തതോടെ നിര്‍മ്മാണ മേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാവുകയാണ്‌. ജില്ലാ ഭരണകൂടവും തൊഴിലാളി ക്ഷേമവകുപ്പും അടിയന്തിരമായി ഇടപെട്ട്‌ ശരിയായ ബോധവല്‍ക്കരണം വഴി അന്യസംസ്ഥാന തൊഴിലാളികളെ നിലനിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ എല്ലാം സ്വപ്നങ്ങളായി തന്നെ ഏറെക്കാലം നിലനില്‍ക്കും. 
ജയ്ഹിന്ദ് 25.01.2012

കണ്ണന്‍കുളം ഇറിഗേഷന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധം

നിര്‍മ്മാണം പൂര്‍ത്തിയായിട്ട് 12 വര്‍ഷങ്ങള്‍
പെരുമ്പാവൂര്‍‍: നിര്‍മ്മാണം പൂര്‍ത്തിയായി 12 വര്‍ഷത്തോളമായിട്ടും കണ്ണന്‍കുളം ഇറിഗേഷന്‍ പദ്ധതി കമ്മിഷന്‍ ചെയ്യാത്തതില്‍ കേരള കര്‍ഷക സംഘം അറയ്ക്കപ്പടി വില്ലേജ്‌ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
1998-ല്‍ തുടങ്ങിയ പദ്ധതി രണ്ടായിരത്തിലാണ്‌ പൂര്‍ത്തിയായത്‌. വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ കണ്ണന്‍കുളത്തില്‍നിന്നും വെള്ളം പമ്പു ചെയ്ത്‌ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ എത്തിയ്ക്കാനായിരുന്നു പദ്ധതി. ഇതിനുവേണ്ടി മോട്ടോര്‍പുര നിര്‍മ്മിച്ച്‌ മോട്ടോറുകള്‍ സ്ഥാപിച്ചു. വിതരണപൈപ്പ്‌ ലൈനും സ്ഥാപിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത പദ്ധതി ഇതേവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. 
പദ്ധതിയുടെ പരിശോധനഘട്ടത്തില്‍തന്നെ ചോര്‍ച്ച കണ്ടെത്തിയതോടെയാണ്‌ കമ്മീഷന്‍ ചെയ്യുന്നത്‌ മാറ്റിവച്ചത്‌. പിന്നെ പദ്ധതി നടപ്പാകാതെ പോവുകയായിരുന്നു. ഇനിയെങ്കിലും ഈ പദ്ധതി പുനരുജ്ജീവിപ്പിയ്ക്കാനായാല്‍ 25 ഹെക്ടറോളം സ്ഥലത്തെ ക്യഷിക്ക്‌ പദ്ധതി പ്രയോജനപ്പെടുമെന്ന്‌ കണ്‍വെന്‍ഷന്‍ വിലയിരുത്തി. 
കര്‍ഷക സംഘം അറയ്ക്കപ്പടി വില്ലേജ്‌ കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതിയംഗം പി.കെ സോമന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്റ്റ്‌ കെ.ആര്‍ അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല പഞ്ചായത്ത്‌ സി.ഡി.എസ്‌ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണും വൈസ്‌ ചെയര്‍പേഴ്സണുമായി തെരഞ്ഞെടുത്ത കര്‍ഷകസംഘം വില്ലേജ്‌ കമ്മിറ്റി മെമ്പര്‍മരായ അല്ലി രജുവിനും അനു ജോയിയ്ക്കും കണ്‍വെന്‍ഷനില്‍ ഉപഹാരം നല്‍കി. ആര്‍ കുമാരന്‍, കെ.കെ ആചാരി, എന്‍.ആര്‍ വിജയന്‍, കെ.വി വാസുദേവന്‍, അന്നമ്മ ജോര്‍ജ്‌, സുജവിജയന്‍ എന്നിവര്‍ സംസാരിച്ചു. 
മംഗളം 02.02.12

Wednesday, February 1, 2012

അകനാട്‌ പാചകവാതകമില്ല; ആലാട്ടുചിറയില്‍ കുടിവെള്ളവും

രണ്ടാഴ്ചയായി ജനം ദുരിതത്തില്‍
പെരുമ്പാവൂറ്‍: ആലാട്ടുചിറ മേഖലയില്‍ കുടിവെള്ളമില്ലാതെയും അകനാട്‌ മേഖലയില്‍ പാചകവാതകമില്ലാതെയും ജനം ദുരിതത്തില്‍. 
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വടക്കമ്പിള്ളി, പനങ്കുരുത്തോട്ടം, ആലാട്ടുചിറ, മുണ്ടന്‍തുരുത്ത്‌ പ്രദേശങ്ങളിലാണ്‌ രണ്ടാഴ്ചയായി കുടിവെള്ളം ലഭിയ്ക്കാത്തത്‌. ചേരാനല്ലൂരിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമാണ്‌ ഇവിടെ വെള്ളമെത്തിയ്ക്കുന്നത്‌. പൈപ്പ്‌ ലൈനുകളിലെ തകരാറുകള്‍ പരിഹരിയ്ക്കാത്തതാണ്‌ കുടിവെള്ളം മുടങ്ങാന്‍ കാരണമെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. പല ഭാഗങ്ങളിലും പൈപ്പ്‌ ലൈന്‍ പൊട്ടി കുടിവെള്ളം പാഴാവുകയാണ്‌. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും തകരാറുകള്‍ പരിഹരിയ്ക്കാന്‍ നടപടിയില്ലെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അകനാട്‌ മേഖലയിലാണ്‌ പാചകവാതകം ലഭിയ്ക്കാത്തത്‌. ഇവിടെ രണ്ടാഴ്ചയിലേറെയായി പാചകവാതക വിതരണം നടന്നിട്ട്‌. കൂവപ്പടി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്യാസ്‌ ഏജന്‍സിയ്ക്കെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ നാട്ടുകാര്‍. 
മംഗളം 1.2.2012

പടിയ്ക്കലപ്പാറ പ്ളൈവുഡ്‌ കമ്പനിയ്ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കരുതെന്ന്‌ ഗ്രാമസഭ

പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പടിയ്ക്കലപ്പാറയില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനിയ്ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കരുതെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം 16-ാം വാര്‍ഡ്‌ ഗ്രാമസഭ ഐകകണ്ഠേന പാസ്സാക്കി.
പട്ടികജാതി കോളനിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയ്ക്ക്‌ ദൂരപരിധി നിയമം പാലിക്കാതെയാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കിയിട്ടുള്ളതെന്നും, കമ്പനിയിലെ ഖര ദ്രവ്യമാലിന്യങ്ങള്‍ മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളും ജനലസ്രോതസുകളും രാങ്ങ്യേത്ത്‌ ചിറയും മലിനപ്പെട്ടതായും പ്രമേയത്തില്‍ പറയുന്നു. കമ്പനിയ്ക്ക്‌ സമീപ പ്രദേശത്ത്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ചെവി, തൊണ്ട, മൂക്ക്‌ എന്നിവയ്ക്ക്‌ അസ്വസ്ഥതയും പെരുകി വരുന്നതായും ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 
ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക്‌ ഭീഷണി ഉയര്‍ത്തുന്നതുകൊണ്ടാണ്‌ കമ്പനിയുടെ ലൈസന്‍സ്‌ പുതുക്കി നല്‍കരുതെന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ ബാബു വറുഗീസ്‌ അറിയിച്ചു. രണ്ടര മാസം മുമ്പ്‌ നൂറിലേറെ വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അര്‍ദ്ധരാത്രിയില്‍ നാട്ടുകാര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന്‌ ഏറെക്കാലം പടിയ്ക്കലപ്പാറ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. 
മംഗളം 1.2.2012

എസ്റ്റേറ്റു സൂപ്പര്‍വൈസറുടെ കൊലപാതകം: അന്വേഷണം തുടങ്ങിയിടത്തുതന്നെ

പെരുമ്പാവൂറ്‍: വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങരയിലെ മാമന്‍ എസ്റ്റേറ്റിനു നടുവിലുള്ള ഹില്‍വ്യൂ ബംഗ്ളാവിനോടു ചേര്‍ന്ന ഔട്ട്‌ ഹൌസിണ്റ്റെ മുന്നില്‍ സൂപ്പര്‍വൈസറുടെ കൊലപാതകം നടന്നിട്ട്‌ ഒരാഴ്ച പിന്നിട്ടു. തെളിവുകളൊന്നും അവശേഷിപ്പിയ്ക്കാതെ വിദഗ്ധമായി നടത്തിയ അരുംകൊല സംബന്ധിച്ച്‌ പോലീസിന്‌ മൌനം. 
കഴിഞ്ഞ മാസം 22-നാണ്‌ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ ഇടുക്കി സ്വദേശി ടിനു തോമസിനെ വെട്ടിക്കൊന്നത്‌. ഞായറാഴ്ച രാവിലെ പാഴ്മരങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവാണ്‌ ടിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 
അറുപതേക്കര്‍ റബര്‍ തോട്ടത്തിനു നടുവില്‍ നടന്ന ക്രൂരമായ കൊലപാതകം പുറംലോകത്ത്‌ ഒരാളും അറിഞ്ഞില്ല. അഞ്ചോളം വെട്ടേറ്റായിരുന്നു ടിനുവിണ്റ്റെ മരണം. കഴുത്ത്‌ അറ്റുപോകാറായ അവസ്ഥയിലായിരുന്നു.
കൊലപാതകത്തിന്‌ മുമ്പ്‌ മല്‍പ്പിടുത്തം നടന്നുവെന്നത്‌ വ്യക്തമാണ്‌. ഭിത്തിയിലും പരിസരങ്ങളിലും രക്തക്കറയുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സിണ്റ്റെ ചവിട്ടുപടിയില്‍ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ ലുങ്കിയും തോര്‍ത്തും അല്‍പം മാറിയാണ്‌ കിടന്നിരുന്നത്‌. സംഭവമറിഞ്ഞ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും എത്തി. ആര്‍ക്കും ഒരു സൂചനയും കണ്ടെത്താനായില്ല. കെട്ടിടത്തിനു ചുറ്റും മണം പിടിച്ച്‌ നടന്ന പോലീസ്‌ നായയും സൂചനകള്‍ നല്‍കാതെ മടങ്ങി. 
മൂര്‍ച്ഛയുള്ള വടിവാളുകൊണ്ടോ മറ്റോ വെട്ടിയാലുണ്ടാകുന്നതു പോലെയാണ്‌ ടിനുവിണ്റ്റെ ശരീരത്തിലെ മുറിവുകള്‍. അതില്‍ നിന്ന്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമായിരിയ്ക്കണമെന്ന നിഗമനത്തിലാണ്‌ പോലീസ്‌ മടങ്ങിയത്‌. പൂര്‍വ്വവൈരാഗ്യമാണ്‌ കൊലപാതകത്തിനു പിന്നിലെന്നും പോലീസ്‌ കണക്കുകൂട്ടി. ടിനുവിണ്റ്റെ മൊബൈല്‍ ഫോണിലേയ്ക്ക്‌ വന്നതും പോയതുമായ വിളികളില്‍ നിന്ന്‌ കൂടുതല്‍ സൂചനകള്‍ കിട്ടുമെന്നും കരുതി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ടിനുവിണ്റ്റെ സ്വന്തം സ്ഥലമായ ഇടുക്കി ജില്ലയിലെ പന്ന്യാര്‍കുട്ടിയിലും ഇയാള്‍ മുമ്പ്‌ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പോലീസ്‌ എത്തി വിവരശേഖരണം നടത്തി. റൂറല്‍ എസ്‌.പിയുടെ നേതൃത്തില്‍ ടിനുവിണ്റ്റെ കൊലപാതകം സംബന്ധിച്ച്‌ അന്വേഷണത്തിന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിയ്ക്കുകയും ചെയ്തു. പക്ഷെ, അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. ഇതേതുടര്‍ന്ന്‌, ഐ.ജി പത്മകുമാര്‍ ഉന്നതല യോഗത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ കേസ്‌ അന്വേഷിയ്ക്കുന്ന സംഘത്തോട്‌ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്‌. 
മംഗളം 1.2.12

പാല്‍വണ്ടി മുട്ടി വൃദ്ധന്‍ മരിച്ചു

പെരുമ്പാവൂറ്‍: പാല്‍വണ്ടി മുട്ടി വൃദ്ധന്‍ മരിച്ചു. 
നെല്ലിമോളം തൊഴുത്തിങ്കല്‍ പറമ്പില്‍ കുര്യാക്കോസ്‌ (90) ആണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയ്ക്കാണ്‌ സംഭവം. പി.ഡി.ഡി.പി സൊസൈറ്റിയില്‍ പാല്‍ എടുക്കാന്‍ വന്ന വാഹനം പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: പൌലോസ്‌, അന്നമ്മ, പരേതരായ പൌലോസ്‌, പത്രോസ്‌. മരുമക്കള്‍: അന്നമ്മ, മറിയാമ്മ, അന്നമ്മ, ജോസ്‌. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക്‌ 12-ന്‌ നെല്ലിമോളം യാക്കോബായ സുറിയാനി പള്ളിയില്‍. 
മംഗളം 1.2.2012

കിണറ്റില്‍ വീണ്‌ മരിച്ചനിലയില്‍

പെരുമ്പാവൂറ്‍: മദ്ധ്യവയസ്കനെ കിണറ്റില്‍ വീണ്‌ മരിച്ചനിലയില്‍ കണ്ടെത്തി. 
മേതല നിരവത്തുമോളത്ത്‌ രാമകൃഷ്ണന്‍ (55) ആണ്‌ മരിച്ചത്‌. തിങ്കളാഴ്ച രാത്രിയോടെ രാമകൃഷ്ണനെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഇന്നലെ രാവിലെയാണ്‌ കിണറ്റില്‍ മൃതദേഹം കണ്ടത്‌. 
ഭാര്യ: സുമാംഗി. മക്കള്‍: രാജേഷ്‌, സുധീഷ്‌. മരുമകള്‍: അനൂപ.
മംഗളം 1.2.12