Tuesday, October 29, 2013

പാണിയേലി കള്ളുഷാപ്പിലെ കൊലപാതകം: കോട്ടപ്പാറ വനമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: തിരുവനന്തപുരം സ്വദേശിയായ തൊഴിലാളി യുവാവിനെ ഷാപ്പിനോട്‌ ചേര്‍ന്ന മുറിയിലിട്ട്‌ വെട്ടി കൊലപ്പെടുത്തിയ പ്രതി പോലീസ്‌ പിടിയിലായി. കോട്ടപ്പാറ വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കൊമ്പനാട്‌ പാണിയേലി പെരുമ്പിള്ളി വീട്ടില്‍ പത്രോസ്‌ (58) ആണ്‌ അറസ്റ്റിലായത്‌. തിരുവനന്തപുരം മടത്തറ പുറമ്പോക്ക്‌ വീട്ടില്‍ രാജപ്പന്റെ മകന്‍ ബിനു (41) വിനെ കൊലപ്പെടുത്തിയ കേസിലാണ്‌ കുറുപ്പംപടി സി.ഐ ക്രിസ്‌പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 15 ന്‌ രാത്രി പാണിയേലി ഷാപ്പിനോട്‌ ചേര്‍ന്ന വാടകമുറിക്ക്‌ മുന്നിലായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടയില്‍ പത്രോസിന്റെ ഭാര്യയെ കുറിച്ച്‌ ബിനു മോശമായി സംസാരിച്ചതാണ്‌ പ്രകോപനത്തിന്‌ കാരണം. കയ്യില്‍ സാധാരണ കൊണ്ടു നടക്കാറുള്ള വാക്കത്തി ഉപയോഗിച്ച്‌ ബിനുവിന്റെ മുഖത്തും ചുമലിലും വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടി മുറിയില്‍ കയറിയ ബിനു രക്തം വാര്‍ന്ന്‌ മരിച്ചു.
ഇതറിഞ്ഞ്‌ പത്രോസ്‌ വനത്തിലേക്ക്‌ കടന്ന്‌ ഒളിവില്‍ കഴിയുകയായിരുന്നു. കുറച്ചുദിവസം മുരിങ്ങൂര്‌ ധ്യാന കേന്ദ്രത്തില്‍ കഴിഞ്ഞു. ഈ വിവരം പോലീസ്‌ അറിഞ്ഞുവെന്ന്‌ സൂചന കിട്ടിയതോടെ ഇയാള്‍ വീണ്ടും വനത്തിനുള്ളിലേക്ക്‌ തന്നെ മടങ്ങി. ഇവിടെ നിന്ന്‌ ഇന്നലെ വൈകിട്ടാണ്‌ ഇയാളെ പോലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്‌.
പ്ലാന്റേഷനില്‍ ജോലി തേടി മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ബിനു പാണിയേലിയില്‍ എത്തുന്നത്‌. പിന്നീട്‌ ഇയാള്‍ അവിടെ കൂലിപ്പണിക്കാരനായി കഴിയുകയായിരുന്നു.

 27.10.2013

Monday, October 28, 2013

സ്ഥാനം തെറ്റിയുള്ള കുത്തിവെയ്പ്പ്: കൈ തളര്‍ന്നുപോയെന്ന് പരാതി

പെരുമ്പാവൂര്‍: തെറ്റായ സ്ഥാനത്ത് കുത്തിവെയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈ തളര്‍ന്നുപോയെന്ന് കാണിച്ച് കുന്നത്തുനാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി. 
ആലാട്ടുചിറ ചീനിക്കല്‍ വീട്ടില്‍ ലീലാ ശിവരാജനാണ് മകന്റെ ചികിത്സിയിലുണ്ടായ വീഴ്ചക്കെതിരെ വകുപ്പുമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്ഥലം എം.എല്‍.എ, കുന്നത്തുനാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. 
കഴിഞ്ഞ 21 നാണ് സംഭവം. ബൈക്ക് ആക്‌സിഡന്റ് ഉണ്ടായതിനെ തുടര്‍ന്നാണ് ലീലാ ശിവരാജന്‍ മകന്‍ ശരത്തിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഷ്വാലിറ്റിയില്‍ അന്നുണ്ടായിരുന്ന നഴ്‌സാണ് ഇഞ്ചക്ഷന്‍ എടുത്തത്. കുുത്തിവച്ച ഉടനെ കയ്യിന് അസഹ്യമായ വേദനയും തലകറക്കവും അനുഭവപ്പെട്ടു. ഈ സമയം പരിഹാരത്തിന് ശ്രമിക്കാതെ നഴ്‌സ് ഇവരോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്. 
അഞ്ചുമണിയോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വന്നെങ്കിലും വേദനയും അസ്വസ്ഥതകളും മാറിയില്ല. തുടര്‍ച്ചയായ നാലു ദിവസം ഭക്ഷണം കഴിക്കാനൊ ഉറങ്ങാനൊ കഴിയാത്ത സ്ഥിതി തുടര്‍ന്നതോടെ ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. അപ്പോഴാണ് ഇഞ്ചക്ഷന്റെ സ്ഥാനം മാറിയതാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമായത്. 
ഇപ്പോള്‍ ശരത്തിന് വലതുകൈ ചലിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അശ്രദ്ധയോടെ ജോലി ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് അമ്മയുടെ പരാതി.

മംഗളം 27.10.2013

സേവ് രായമംഗലം: മാര്‍ച്ചും ഉപരോധവും നടത്തി

പെരുമ്പാവൂര്‍: പ്ലൈവുഡ്, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്  ബഹുജനമാര്‍ച്ചും തുടര്‍ന്ന് ഉപരോധവും സംഘടിപ്പിച്ചു.
ആന്റ് കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി.സി സിറിയക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, അഡ്വ. ജോണ്‍ ജോസഫ്, സദാനന്ദ ഭട്ട്, ജിസ് എം കോരത്, പി രാമചന്ദ്രന്‍ നായര്‍, എം.കെ ശശിധരന്‍പിള്ള, സി.കെ പ്രസന്നന്‍, ടി.എ വറുഗീസ്, കെ.ജി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
മുടത്തോട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കെ.കെ വര്‍ക്കി, അഡ്വ. ആര്‍ അജന്തകുമാര്‍, ഡി പൗലോസ്, കെ.ടി അനീഷ്‌കുമാര്‍, അഡ്വ. ജോയി വെള്ളാനി, ജി മനോജ്, എം.വി ജോണി, കെ.ബി രാജേഷ് കുമാര്‍, ബെന്നി വറുഗീസ്, എം.പി ജോയി, സാജു തര്യന്‍, പി.ഇ പൗലോസ്, എ.ആര്‍ ജീവരാജന്‍, പി.കെ മാത്യു, കെ.ആര്‍ നാരായണപിള്ള, പി.കെ ശശി ജി ആര്‍ നായര്‍, പി.ആര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
കളക്ടറേറ്റ് പടിക്കല്‍ നടന്ന നിരാഹാര സമരത്തെ തുടര്‍ന്നുണ്ടായ ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിച്ച് പുതിയ കമ്പനികള്‍ക്ക് അനുവാദം നല്‍കിയും നിരോധിക്കപ്പെട്ടിട്ടുള്ള രാത്രികാല പ്രവര്‍ത്തനം തുടരാന്‍ കമ്പനി ഉടമകളെ അനുവദിച്ചും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്ത് അധികൃര്‍ക്കെതിരെ 31 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ചും ഉപരോധവും. പ്ലൈവുഡ് മലിനീകരണത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണമെന്ന് പ്രഖ്യാപനം ചെയ്ത് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പഞ്ചായത്ത് നിവാസികള്‍ പങ്കെടുത്തു.

മംഗളം 27.10.2013

Friday, October 25, 2013

പ്ലൈവുഡ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ രായമംഗലം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഉപരോധവും നാളെ

സേവ് രായമംഗലം

പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പ്ലൈവുഡ്/പ്ലാസ്റ്റിക് മലിനീകരണങ്ങള്‍ക്കെതിരെ നാളെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കും. 
രാവിലെ 10 ന് മുടത്തോട് ജംഗ്ഷനില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി.സി സിറിയക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടായിരത്തോളം പഞ്ചായത്ത് നിവാസികള്‍ ചേര്‍ന്ന് ഓഫീസ് ഉപരോധിക്കും. 
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കളക്ടറേറ്റുപടിക്കല്‍ നടത്തിയ സമരത്തെ തുടര്‍ന്നുണ്ടായ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സേവ് രായമംഗലം പ്രക്ഷോഭ പരിപാടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം പരിസ്ഥിതി പ്രവര്‍ത്തകര്‍ കാല്‍ നടപ്രചരണ ജാഥ നടത്തിയിരുന്നു. നാളെ നടക്കുന്ന ഉപരോധത്തെ തുടര്‍ന്ന് ഈ മാസം 31 മുതല്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, ഭാരവാഹികളായ ജിസ് എം കോരത്, പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
രണ്ടായിരത്തിലധികം പ്ലൈവുഡ് പ്ലാസ്റ്റിക് കമ്പനികളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവയില്‍ പകുതിയോളം അനധികൃതമായി പാടം നികത്തിയും പൊതുവഴികള്‍ കയ്യേറിയുമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും 150 ലേറെ കമ്പനികള്‍ മലിനീകരണ നിയന്ത്രണ ദൂര പരിധി മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മംഗളം 25.10.2013

Thursday, October 24, 2013

പുല്ലുവഴിക്കവല-നെല്ലിമോളം റോഡിലെ കുഴികള്‍ അടക്കാന്‍ എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു

വീണ്ടും പൊതുമരാമത്ത് വകുപ്പിന്റ സൂത്രപ്പണി 

പൊതുമരാമത്ത് വകുപ്പിന്റ സൂത്രപ്പണി പുല്ലുവഴിക്കവല-
നെല്ലിമോളം റോഡില്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍.
പെരുമ്പാവൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ സൂത്രപ്പണി പുല്ലുവഴി കവല-നെല്ലിമോളം റോഡിലും നാട്ടുകാര്‍ തടഞ്ഞു. നാളുകള്‍ക്ക് മുമ്പ് ടൗണില്‍ ഔഷധി കവലയില്‍ സൂത്രപ്പണിക്കെത്തിയ കരാറുകാരേയും പി.ഡബ്ല്യു.ഡി സൂപ്രണ്ടിനേയും ഓട്ടോ തൊഴിലാളികളും
വ്യാപാരികളും ചേര്‍ന്ന് മണിക്കൂറുകളോളം തടഞ്ഞുവച്ചതിന്റെ പിന്നാലെയാണ് ഇത്. 
ഇന്നലെ വൈകുന്നേരത്തോടെയാണ് പി.ഡബ്ല്യു. ഡി ഉദ്യോഗസ്ഥര്‍ ഈ റോഡിലെ കുഴികള്‍ അടക്കാന്‍ എത്തിയത്. റോഡ് പുനര്‍നിര്‍മ്മിക്കാതെ മക്ക് തട്ടി കുഴികള്‍ താത്കാലികമായി അടക്കലായിരുന്നു ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന്റെ ജനവഞ്ചന ശ്രദ്ധയില്‍ പെട്ടതോടെ ജയകേരളം നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ച ജനങ്ങള്‍ സൂത്രപ്പണി തടയുകയായിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത്-വില്ലേജ്  ഓഫീസ് ലിങ്ക് റോഡുകൂടിയായ ഈ വഴി സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. റോഡിലെ മഴക്കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. കാല്‍നട യാത്ര പോലും ഈ വഴിക്ക് ദുഷ്‌കരമായി മാറിയിരുന്നു.
കിടത്തി ചികിത്സയുള്ള ഒരു ആയുര്‍വേദ ആശുപത്രിയും മൂന്നു പ്രമുഖ വിദ്യാലയങ്ങളും ഈ റോഡിലുണ്ട്. കുട്ടികളും സ്ത്രീകളും വയോധികരും അടക്കം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡാണ് ഇത്. 
ജയകേരളം നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍, ടി.എന്‍ മുരുകേശന്‍, കൃഷ്ണന്‍ കാപ്പിള്ളില്‍, എസ് മധു എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ സംഘടിച്ചത്. 
പെരുമ്പാവൂരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രംഗത്ത് വരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പൊതുമരാമത്ത് ഓഫീസിലേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുങ്ങിയതിനെ തുടര്‍ന്ന് കരാറുകാര്‍ കുഴിയടക്കാന്‍ കൊണ്ടു വന്ന മെറ്റലും ടാറും കലര്‍ന്ന മിശ്രിതം ഓഫീസിനു മുന്നില്‍ തട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ജനരോക്ഷം ശക്തി പെട്ടതിനെ തുടര്‍ന്ന് ടൗണിലെ റോഡുകള്‍ രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

മംഗളം 24.10.2013


Tuesday, October 22, 2013

നിയുക്ത ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം

നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരിയെ 
കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ പൂര്‍ണ്ണകുംഭം
 നല്‍കി മുണ്ടോര്‍ക്കര മന രാമന്‍ നമ്പൂതിരി സ്വീകരിക്കുന്നു
പെരുമ്പാവൂര്‍: നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരിക്ക് കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ക്ഷേത്രം തന്ത്രി ചേന്നാസ് മനയ്ക്കല്‍ ഗിരീഷ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് ആര്‍.ടി.വി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശക സമിതിയുടെ ഉപഹാരം പ്രസിഡന്റ് ഇ.എന്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ചു. 
മുണ്ടോര്‍ക്കര രാമന്‍ നമ്പൂതിരി നിയുക്ത മേല്‍ശാന്തിയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രോപദേശക സമിതി രക്ഷാധികാരി എന്‍.ആര്‍ നായര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ ഗോവിന്ദന്‍ നമ്പൂതിരി, എ.ബി ശശിധരന്‍ നായര്‍, കെ.എസ് മദനകുമാര്‍, വി.എന്‍ നാരായണന്‍ നമ്പൂതിരി, ഒ.എസ് മോഹന്‍ദാസ്, നീലകണ്ഠ വാര്യര്‍, അഡ്വ. ഗോകുലം മുരളി, അജിത്കുമാര്‍, കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നിയുക്ത മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.
നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരിക്ക്  മാതൃകുടുംബ ക്ഷേത്രമായ നൂലേലി ശിവനാരായണ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രം മേല്‍ശാന്തി പരമേശ്വന്‍ ഭട്ടതിരിയും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് ശരണഘോഷങ്ങളോടെയായിരുന്നു സ്വീകരണം. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് പി.സി അശോകന്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.വി രമേശ് ഉപഹാരം സമര്‍പ്പിച്ചു. 
വിവിധ സാംസ്‌കാരിക, സാമുദായിക സംഘടനാ പ്രതിനിധികളും, സമീപ പ്രദേശങ്ങളിലെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്ന് പി.എന്‍ നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

മംഗളം 22.10.2010

വെങ്ങോലയില്‍ വില്ലേജ് ഓഫീസര്‍ ഇല്ല; പ്രക്ഷോഭവുമായി വിവിധ സംഘടനകള്‍

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തതിനെതുടര്‍ന്ന് പകരം നിയമനം നടക്കാത്തതിനാല്‍ ജനം വലയുന്നു. അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്ത്. 
മുസ്ലിം ലീഗ് പഞ്ചായത്തു കമ്മിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുമാണ് ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്. മുസ്ലിം ലീഗ് വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രമേയം പാസാക്കുകയും ചെയ്തു.
വില്ലേജില്‍ നിന്നു കിട്ടേണ്ട വരുമാന, ബാധ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളൊന്നും നാളുകളായി ഇവിടെ നിന്നു ലഭിക്കുന്നില്ല. റീ സര്‍വെ സംബന്ധിച്ച പരാതികളിലും തീര്‍പ്പില്ല. സ്ഥല നിര്‍ണയത്തിന്റെ അപാകതമൂലം പലര്‍ക്കും വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സാമ്പത്തികമായ ആവശ്യം ഉള്ളവര്‍ക്ക് വസ്തു വില്‍പ്പന നടത്താന്‍ പോലും കഴിയുന്നില്ല. വ്യവസായ വാണിജ്യ സ്ഥാപന ഉടമകളും വില്ലേജ് ഓഫീസറുടെ സേവനം ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലായി.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പിരപാടിയിലേക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്ന് പ്രസിഡന്റ് കെ.പി അബ്ദുള്‍ ജലാല്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ് എന്നിവര്‍ അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് തോമസ് കെ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. വി.എം അഷറഫാണ് പ്രമേയം അവതരിപ്പിച്ചത്. ചമയം മുഹമ്മദുകുഞ്ഞ്, ടി.എ സജു, എം.ഐ അഷറഫ്, പി.എ സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 22.10.2010