വീണ്ടും പൊതുമരാമത്ത് വകുപ്പിന്റ സൂത്രപ്പണി
പൊതുമരാമത്ത് വകുപ്പിന്റ സൂത്രപ്പണി പുല്ലുവഴിക്കവല- നെല്ലിമോളം റോഡില്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍. |
പെരുമ്പാവൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ സൂത്രപ്പണി പുല്ലുവഴി കവല-നെല്ലിമോളം റോഡിലും നാട്ടുകാര്‍ തടഞ്ഞു. നാളുകള്‍ക്ക് മുമ്പ് ടൗണില്‍ ഔഷധി കവലയില്‍ സൂത്രപ്പണിക്കെത്തിയ കരാറുകാരേയും പി.ഡബ്ല്യു.ഡി സൂപ്രണ്ടിനേയും ഓട്ടോ തൊഴിലാളികളും
വ്യാപാരികളും ചേര്‍ന്ന് മണിക്കൂറുകളോളം തടഞ്ഞുവച്ചതിന്റെ പിന്നാലെയാണ് ഇത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പി.ഡബ്ല്യു. ഡി ഉദ്യോഗസ്ഥര്‍ ഈ റോഡിലെ കുഴികള്‍ അടക്കാന്‍ എത്തിയത്. റോഡ് പുനര്‍നിര്‍മ്മിക്കാതെ മക്ക് തട്ടി കുഴികള്‍ താത്കാലികമായി അടക്കലായിരുന്നു ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന്റെ ജനവഞ്ചന ശ്രദ്ധയില്‍ പെട്ടതോടെ ജയകേരളം നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ച ജനങ്ങള്‍ സൂത്രപ്പണി തടയുകയായിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫീസ് ലിങ്ക് റോഡുകൂടിയായ ഈ വഴി സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. റോഡിലെ മഴക്കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. കാല്‍നട യാത്ര പോലും ഈ വഴിക്ക് ദുഷ്‌കരമായി മാറിയിരുന്നു.
കിടത്തി ചികിത്സയുള്ള ഒരു ആയുര്‍വേദ ആശുപത്രിയും മൂന്നു പ്രമുഖ വിദ്യാലയങ്ങളും ഈ റോഡിലുണ്ട്. കുട്ടികളും സ്ത്രീകളും വയോധികരും അടക്കം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡാണ് ഇത്.
ജയകേരളം നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍, ടി.എന്‍ മുരുകേശന്‍, കൃഷ്ണന്‍ കാപ്പിള്ളില്‍, എസ് മധു എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ സംഘടിച്ചത്.
പെരുമ്പാവൂരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രംഗത്ത് വരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പൊതുമരാമത്ത് ഓഫീസിലേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുങ്ങിയതിനെ തുടര്‍ന്ന് കരാറുകാര്‍ കുഴിയടക്കാന്‍ കൊണ്ടു വന്ന മെറ്റലും ടാറും കലര്‍ന്ന മിശ്രിതം ഓഫീസിനു മുന്നില്‍ തട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ജനരോക്ഷം ശക്തി പെട്ടതിനെ തുടര്‍ന്ന് ടൗണിലെ റോഡുകള്‍ രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
മംഗളം 24.10.2013
No comments:
Post a Comment