പെരുമ്പാവൂര്‍: അധികാരദുര്‍വിനിയോഗം നടത്തി ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കെതിരെ പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത വിജിലന്‍സ് അ ന്വേഷണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അട്ടിമറിച്ചെന്ന് എന്‍.സി.പി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും മെമ്പര്‍ സി.എം അഷറഫിനുമെതിരെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറും വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും രസീതുവഴിയും വ്യക്തികളില്‍ നിന്ന് കൗണ്ടര്‍ ഫോയിലോ സീരിയല്‍ നമ്പറൊ ഇല്ലാത്ത കൂപ്പണുകള്‍ ഉപയോഗിച്ചും ലക്ഷങ്ങളാണ് പിരിച്ചെടുത്തത്. പെരുമ്പാവൂര്‍ മേഖലയില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും വലിയ അഴിമതിയാണ് നിര്‍ധന രോഗികളുടെ മറവില്‍ നടന്നത്. ഇത് സംബന്ധിച്ച് 2013 ജൂണിലാണ് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രിക്ക് താന്‍ പരാതി നല്‍കിയതെന്ന് അബ്ദുള്‍ അസീസ് വിശദീകരിച്ചു. അതെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയത്.
എന്നാല്‍ ഡി.സി.സി സെക്രട്ടറിയും പഞ്ചായത്തു പ്രസിഡന്റുമാരുടെ പ്രസിഡന്റുമായ എം.എം അവറാന് എതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും വ്യക്തമാക്കണമെന്നും അതുണ്ടായില്ലെങ്കില്‍ അഴിമതിക്കാരെ കയ്യാമം വയ്ക്കുന്നതുവരെ നിയമപരമായ പോരാട്ടം തുടരുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി സി.കെ അസീം, ബ്ലോക്ക് പ്രസിഡന്റ് എം.വി സെബാസ്റ്റ്യന്‍, വെങ്ങോല മണ്ഡലം പ്രസിഡന്റ് ഒ.ഇ സുരേന്ദ്രന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മംഗളം 22.08.2014