Wednesday, March 30, 2011

മരവ്യവസായ ഭൂമികയില്‍ യുവത്വം കൊമ്പുകോര്‍ക്കുന്നു





പോര്‍ത്തട്ട്‌/സുരേഷ്‌ കീഴില്ലം

മംഗളം/ 28.3.2011

പെരുമ്പാവൂറ്‍: കേരളത്തിലെ പ്രമുഖ മരവ്യവസായകേന്ദ്രമായ പെരുമ്പാവൂരിണ്റ്റെ രാഷ്ട്രീയ താത്പര്യം ഇക്കുറി എന്തായിരിയ്ക്കുമെന്ന്‌ പ്രവചിയ്ക്കുക ദുഷ്കരം. കാരണം, ഇവിടെ ഊര്‍ജ്ജസ്വലതയോടെ കൊമ്പുകോര്‍ക്കുന്നത്‌ യുവത്വങ്ങള്‍ തമ്മില്‍.

കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനനേട്ടങ്ങളുടെ പെരുമയുമായാണ്‌ സിറ്റിങ്ങ്‌ എം എല്‍ എ സാജുപോള്‍ ജനവിധി തേടുന്നത്‌. രണ്ടുവട്ടത്തിലധികം അവസരം ആര്‍ക്കും നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാടുപോലും സാജുപോളിണ്റ്റെ കാര്യത്തില്‍ ഇളകി. മണ്ഡലത്തില്‍ സുപരിചിതനായ ഇദ്ദേഹത്തെ മാറ്റി, വേറൊരാളെ പരീക്ഷിയ്ക്കുന്നത്‌ ബുദ്ധിയല്ലെന്ന്‌ നേതൃത്വം കാലതാമസമെടുക്കാതെ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, മറ്റുകക്ഷികള്‍ സ്ഥാനാര്‍ത്ഥിയെപറ്റി ആലോചനകള്‍ തുടങ്ങും മുമ്പ്‌ സാജുപോളിണ്റ്റെ പ്രചാരണം ഒന്നാം ഘട്ടം പിന്നിട്ടിരുന്നു.

നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച്‌ രണ്ടായിരത്തൊന്ന്‌ അംഗ പ്രചാരണകമ്മിറ്റിയും രൂപീകരിച്ച ഇടതു മുന്നണി ചുവരെഴുത്തുകളും പോസ്റ്റര്‍ ഒട്ടിയ്ക്കലുമൊക്കെയായി മുന്നേറുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും മുഖ്യ വിഷയമായ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ്‌ സാജുപോളിണ്റ്റെ പ്രധാന ഭരണനേട്ടം. കോടനാട്‌ അഭയാരണ്യം പദ്ധതി നടപ്പാക്കിയതും ടൌണില്‍ സിവില്‍ സ്റ്റേഷന്‍ സ്ഥാപിച്ചതും ആര്‍ക്കും കണ്ടില്ലെന്നു നടിയ്ക്കാനാവില്ല. നിരവധി പാലങ്ങള്‍, കുടിവെള്ള പദ്ധതികള്‍, റോഡുകള്‍ എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടികതന്നെ സാജുപോളിന്‌ അവതരിപ്പിയ്ക്കാനുണ്ട്‌. പെരുമ്പാവൂറ്‍ നിവാസികള്‍ക്ക്്‌ ഇത്രമേല്‍ പരിചയമുള്ള ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക്‌ ബദല്‍ ആരെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ യു ഡി എഫ്‌ ക്യാമ്പിന്‌ ഏറെ ചിന്തിയ്ക്കേണ്ടിവന്നു. സംസ്ഥാന യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചണ്റ്റേതുള്‍പ്പടെ പല പ്രമുഖരുടേയും പേരുകള്‍ പരിഗണിയ്ക്കപ്പെട്ടു. ഒടുവില്‍ സാജുപോളിണ്റ്റെ യുവത്വത്തെ നേരിടാന്‍ യു ഡി എഫ്‌ കണ്ടെത്തിയത്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന്‌ കെ പി സി സി സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ന്ന അഡ്വ.ജെയ്സണ്‍ ജോസഫിനെയാണ്‌.

കെ എസ്‌ യു സംസ്ഥാന പ്രസിഡണ്റ്റ്‌, എന്‍ എസ്‌ യു വര്‍ക്കിങ്ങ്‌ കമ്മിറ്റി അംഗം തുടങ്ങിയ നിലയില്‍ കഴിവു തെളിയിച്ച കൂത്താട്ടുകുളം സ്വദേശിയായ ജെയിസണ്‍ ഏറെ വൈകിയാണ്‌ പ്രചാരണം തുടങ്ങിയതെങ്കിലും ചുരുങ്ങിയനാള്‍ കൊണ്ടുതന്നെ മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായി. മണ്ഡലം കണ്‍വെന്‍ഷനുകളില്‍ മാത്രമല്ല, മരണവീടുകളിലും സാമുദായിക സംഘടനകളുടെ ഓഫീസുകളിലും ആരാധവനാലയങ്ങളിലും ഒക്കെ ഓടിയെത്തിയ ഈ യുവനേതാവ്‌ ഏവര്‍ക്കും സുപരിചിതനായി കഴിഞ്ഞു.

ബി ജെ പി, പെരുമ്പാവൂറ്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ സി അശോകനെയാണ്‌ രംഗത്തിറക്കിയിരിയ്ക്കുന്നത്‌. കേബിള്‍ ടി വി ഓപ്പറേറ്ററായ അശോകനും മത്സരരംഗത്ത്‌ പുതുമുഖമാണ്‌. മുന്‍വര്‍ഷം കേവലം മൂവായിരത്തോളം വോട്ടുകളില്‍ തൃപ്തിപ്പെടേണ്ടിവന്ന ബി ജെ പി ഇക്കുറി പ്രതീക്ഷിയ്ക്കുന്നത്‌ പതിനായിരത്തിലേറെ വോട്ടുകളാണ്‌.

2001-ലെ തെരഞ്ഞെടുപ്പില്‍ പി പി തങ്കച്ചനെ 1188വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ അന്ന്‌ പുതുമുഖമായ സാജുപോള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. അടുത്ത തെരഞ്ഞെടുപ്പില്‍ തണ്റ്റെ സ്വാധീനം പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ച്‌ 12461 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ സാജുപോളിനായി. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്താല്‍ യു ഡി എഫിന്‌ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്‌ എന്ന്‌ കാണാം. പെരുമ്പാവൂറ്‍ നഗരസഭയ്ക്ക്‌ പുറമെ രായമംഗലം, വേങ്ങൂറ്‍, മുടക്കുഴ, അശമന്നൂറ്‍, കൂവപ്പടി, വെങ്ങോല ഗ്രാമപഞ്ചായത്തുകളാണ്‌ നിയോജകമണ്ഡലം പരിധിയിലുള്ളത്‌. ഇതില്‍ അശമന്നൂരില്‍ മാത്രമായിരുന്നു ഇടതുമുന്നണിയ്ക്ക്‌ അധികാരം ലഭിച്ചത്‌. അതാകട്ടെ, നറുക്കെടുപ്പിലൂടെയും. നിയോജകമണ്ഡലത്തിലുള്ള കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തിലും ഐക്യമുന്നണിയ്ക്ക്‌ തന്നെയായിരുന്നു വിജയം.

നിയോജകണ്ഡലത്തില്‍ ഏറ്റവും സ്വാധീനമുള്ള സമുദായം ക്രിസ്ത്യന്‍ യാക്കോബായ വിഭാഗമാണ്‌. ഇതില്‍തന്നെ, പാത്രിയാര്‍ക്കീസ്‌ പക്ഷത്തിനാണ്‌ മേല്‍ക്കൈ. ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ ഇതേവിഭാഗക്കാരാണ്‌ എന്നതാണ്‍്‌ വിജയപ്രവചനം വീണ്ടും സങ്കീര്‍ണ്ണമാക്കുന്ന ഘടകം. അതേസമയം, ജെയ്സണ്‍ ജോസഫ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗക്കാരനാണെന്നും തങ്ങള്‍ അനുകൂലിയ്ക്കില്ലെന്നുമുള്ള പ്രസ്താവനയുമായി ജേക്കബൈറ്റ്‌ യൂത്ത്‌ മൂവ്മെണ്റ്റ്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ കാതോലിക്ക ബാവയും മറ്റ്‌ സഭയിലെ പ്രമുഖ മെത്രാപ്പോലീത്തമാരുമായുള്ള തനിയ്ക്കുള്ള വ്യക്തിബന്ധം വെളിപ്പെടുത്തി ജെയ്സണ്‍ ആരോപണങ്ങളുടെ മുനയൊടിയ്ക്കുകയും ചെയ്തു.

പെരുമ്പാവൂറ്‍ തിരികെ പിടിയ്ക്കാന്‍ ജയിസണ്‍ ജോസഫ്‌



മംഗളം/സാരഥികളിലൂടെ

26.3.2011

പെരുമ്പാവൂറ്‍: ഒരു ദശാബ്ദം മുന്‍പ്‌ കൈവിട്ടുപോയ നിയോജകമണ്ഡലം തിരിച്ചുപിടിയ്ക്കാനുള്ള ദൌത്യമാണ്‌ യു ഡി എഫ്‌ അഡ്വ. ജയിസണ്‍ ജോസഫിനെ ഏല്‍പ്പിച്ചിരിയ്ക്കുന്നത്‌.

മണ്ഡലത്തില്‍ സുപരിചിതനും കരുത്തനുമായ എതിരാളിയെ വീഴ്ത്തുക എന്നതിലുപരി വിഘടിച്ചു നില്‍ക്കുന്നവരെ ഒപ്പം കൂട്ടുക എന്ന വെല്ലുവിളികൂടി പെരുമ്പാവൂരിലെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയ്ക്ക്‌ മുന്നിലുണ്ട്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന്‌ കരുത്ത്‌ തെളിയിച്ച ജയിസണ്‍ ജോസഫിന്‌ അതിനാവുമെന്നാണ്‌ ഐക്യമുന്നണി നേത്യത്വത്തിണ്റ്റെ ഉത്തമ ബോദ്ധ്യംവടകര സെണ്റ്റ്‌ ജോണ്‍ സിറിയന്‍ സ്കൂളിലെ ഡെപ്യൂട്ടി സ്കൂള്‍ ലീഡറായി 1978-ല്‍ നേത്യത്വരംഗത്തേയ്ക്ക്‌ വന്ന ജയിസണ്‍ തൊട്ടടുത്ത വര്‍ഷം സ്കൂളിലെ കെ എസ്‌ യു യൂണിറ്റിണ്റ്റെ പ്രസിഡണ്റ്റായി. മണിമലക്കുന്ന്‌ ഗവ. കോളജിലും കെ എസ്‌ യു വിണ്റ്റെ നേത്യത്വം വഹിച്ച ഇദ്ദേഹം പിന്നീട്‌ വിദ്യാര്‍ത്ഥി യൂണിയണ്റ്റെ ഉന്നത നേത്യത്വ പദവികള്‍ ഒന്നൊന്നായി പിടിച്ചെടുക്കുകയായിരുന്നു.

1983-ല്‍ മൂവാറ്റുപുഴ താലൂക്ക്‌ പ്രസിഡണ്റ്റ്‌, 85-ല്‍ ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌, തൊട്ടടുത്ത വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, ൮൯-ല്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന്‌ 94 ല്‍ സംസ്ഥാന പ്രസിഡണ്റ്റായി മാറി. സംസ്ഥാന നേത്യത്വത്തില്‍ നിന്ന്‌ രണ്ടു വര്‍ഷത്തിനകം ദേശീയ വിദ്യാര്‍ത്ഥി യൂണിയണ്റ്റെ വര്‍ക്കിങ്ങ്‌ കമ്മിറ്റിയിലുമെത്തി. എന്‍ എസ്‌ യു ഐ ഭരണഘടന പരിശോധന കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിയ്ക്കപ്പെട്ട ജയിസനെയാണ്‌ 2009-ല്‍ തമിഴ്നാട്ടിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇലക്ഷണ്റ്റെ സഹവരണാധികാരിയായി ദേശീയ നേത്യത്വം 2001ല്‍ കെ പി സി സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഈ ചെറുപ്പക്കാരന്‍ കൂത്താട്ടുകുളം ഓലിയപ്പുറം ചാലാട്ടു കുടുംബാംഗമാണ്‌. ധനതത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത ഈ നാല്‍പ്പത്തിയാറുകാരന്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്‌. 1979ല്‍ രാഷ്ട്രപതിയില്‍ നിന്ന്‌ സ്കൌട്ട്സ്‌ അവാര്‍ഡ്‌ നേടിയത്‌ ഇതര നേട്ടം.

വടകര സെണ്റ്റ്‌ ജോണ്‍സ്‌ സ്കൂള്‍ അദ്ധ്യാപികയായ ജയയാണ്‌ ഭാര്യ. അശ്വതി, അതുല്‍ എന്നിവര്‍ മക്കള്‍.

Tuesday, March 22, 2011

മൂന്നാം അങ്കത്തിന്‌ സാജുപോള്‍


സാരഥികളിലൂടെ / മംഗളം 20.03.2011


പെരുമ്പാവൂറ്‍: മൂന്നാം വട്ടം മത്സരിയ്ക്കാന്‍ ആര്‍ക്കും അവസരം നല്‍കേണ്ടെന്ന പാര്‍ട്ടി തീരുമാനത്തിന്‌ ഇളവു വരുത്തിയാണ്‌ പെരുമ്പാവൂരില്‍ സാജുപോള്‍ തന്നെയെന്ന്‌ സി പി എം തീരുമാനിച്ചത്‌.

മുന്‍ എം എല്‍ എ പി ഐ പൌലോസിണ്റ്റെ മകന്‍ എന്ന ലേബലിനപ്പുറം സ്വന്തം കാര്യപ്രാപ്തിയിലൂടെ ജനങ്ങളുടേയും പാര്‍ട്ടിയുടേയും അംഗീകാരം നേടിയ ഈ നാല്‍പത്തിയഞ്ചുകാരന്‍ വേങ്ങൂരിലെ പബ്ളിക്‌ ലൈബ്രറിയിലൂടെയും ആര്‍ട്ട്സ്‌ സൊസൈറ്റിയിലൂടെയുമാണ്‌ പൊതുരംഗത്തേയ്ക്ക്‌ വരുന്നത്‌. ദേശീയ സാക്ഷരതാ മിഷണ്റ്റെ ഭാഗമായി മദ്ധ്യപ്രദേശിലേയ്ക്ക്‌ പോയ കലാജാഥാ സംഘത്തിന്‌ നേതൃത്വം കൊടുത്ത സാജുപോള്‍ ശാസ്ത്രസാഹിത്യപരിഷത്തിണ്റ്റേയും സജീവ അംഗമായിരുന്നു.

1990-ല്‍ പാര്‍ട്ടി അംഗത്വം നേടിയ ശേഷം വേങ്ങൂറ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഡി വൈ എഫ്‌ ഐ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌, ക്രാരിയേലി സഹകരണ ബാങ്ക്‌ ഭരണ സമിതി അംഗം, കുന്നത്തുനാട്‌ താലൂക്ക്‌ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

2000-ല്‍ വേങ്ങൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗമായി. സി ഐ ടി യു, കേരള കര്‍ഷക സംഘം, താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഭാരവാഹിയായും സേവനമനുഷ്ടിച്ചു. വിദ്യാഭ്യാസ മേഖലയിലും സാജുപോള്‍ സജീവസാന്നിദ്ധ്യമായി. കൊച്ചി സര്‍വ്വകലാശാല സെനറ്റ്‌ അംഗം, കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൌണ്‍സില്‍ അംഗം, കോതമംഗലം മാര്‍ അത്താനേഷ്യസ്‌ കോളജ്‌ അസോസിയേഷന്‍ ഗവേണിങ്ങ്‌ ബോര്‍ഡ്‌ അംഗം തുടങ്ങിയ നിലകളിലും തിളങ്ങി.

2001-ല്‍ 1188വോട്ടിണ്റ്റേയും 2006-ല്‍ 12461 വോട്ടിണ്റ്റേയും ഭൂരിപക്ഷത്തില്‍ കേരള നിയമ സഭയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പി പി തങ്കച്ചനേയും ഷാനിമോള്‍ ഉസ്മാനേയുമാണ്‌ പരാജയപ്പെടുത്തിയത്‌. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ കമ്മിറ്റി ചെയര്‍മാനായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെ യാത്രയ്ക്കൊടുവില്‍, കൊച്ചുണ്ണിയുടെ സ്വപ്നം എന്നി ടെലിഫിലിമുകളില്‍ അഭിനയിച്ചും ജനശ്രദ്ധനേടി. കുറുപ്പംപടി പൊയ്ക്കാട്ടില്‍ കുടുംബാംഗം ഷൈനിയാണ്‌ ഭാര്യ. മക്കള്‍: സാറ (പ്ളസ്‌ വണ്‍),സൂസന്‍ (ആറാം ക്ളാസ്‌), സോന (നാലാം ക്ളാസ്‌).

Tuesday, March 15, 2011

പെരുമ്പാവൂറ്‍: ഗോവിന്ദപിള്ള മുതല്‍ സാജുപോള്‍ വരെ

മാതൃഭൂമി 15.03.2011
കൊച്ചി: കേരളപ്പിറവിയ്ക്ക്‌ മുന്‍പ്‌ 1951 മുതല്‍ നിലവിലുള്ള പെരുമ്പാവൂറ്‍ നിയമസഭാമണ്ഡലം ഒരു പക്ഷത്തോടും പ്രത്യേക ചായ്‌വ്‌ പ്രകടിപ്പിയ്ക്കാതെയാണ്‌ പ്രതികരിച്ചുവരുന്നത്‌. 51 മുതല്‍ 2006 വരെ 15 തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം രേഖപ്പെടുത്തിയ പെരുമ്പാവൂര്‍കാര്‍ ഏഴുതവണ വീതം ഇരുപക്ഷത്തേയും വിജയിപ്പിച്ചു.
2001 ലും 2006 ലും ഇടതിപക്ഷത്തിനൊപ്പമായിരുന്നു മണ്ഡലം. മുക്കോണ, ചതുഷ്ക്കോണ മത്സരങ്ങളാണ്‌ പലപ്പോഴും മണ്ഡലത്തില്‍ ചിത്രം വ്യക്തമാക്കിയിട്ടുള്ളത്‌. കേരളം രൂപമെടുക്കും മുമ്പ്‌ 1951 ലും 54 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും മാറി മാറി വരിയ്ക്കുകയായിരുന്നു മണ്ഡലം. 51 ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന ലേബലില്ലാതെ മത്സരിച്ച പി ഗോവിന്ദപിള്ളയാണ്‌ പെരുമ്പാവൂരില്‍ നിന്ന്‌ തിരു-കൊച്ചി സഭയിലെത്തിയത്‌. 54 ല്‍ കോണ്‍ഗ്രസിലെ കെ പി ഉറുമീസ്‌ തരകന്‍ പെരുമ്പാവൂരിണ്റ്റെ പ്രതിനിധിയായി.
1957 ല്‍ ആദ്യ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പി ഗോവിന്ദപിള്ളയെ നേരിട്ടത്‌ കോണ്‍ഗ്രസിലെ കെ ഐ ദാമോദര മോനോനായിരുന്നു. 889 വോട്ടിന്‌ ഗോവിന്ദപിള്ള ജയിച്ചു. 60 ല്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായി. കോണ്‍ഗ്രസിലെ കെ എം ചാക്കോ 5800 വോട്ടിനാണ്‌ അക്കുറി ഗോവിന്ദപിള്ളയെ തോല്‍പ്പിച്ചത്‌. സി പി എം, കോണ്‍ഗ്രസ്‌, കേരള കോണ്‍ഗ്രസുകള്‍ 65 ലെ തെരഞ്ഞെടുപ്പില്‍ മുക്കോണ മത്സരത്തിലൂടെ ഗോവിന്ദപിള്ള ജയിച്ചു. ത്രികക്ഷി പോരാട്ടം കണ്ട 67 ലും പി ജി തന്നെയാണ്‌ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത്‌. 70 ല്‍ നേരിട്ടുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്‌ മണ്ഡലത്തില്‍ ജയംകണ്ടു. കോണ്‍ഗ്രസിലെ പി ഐ പൌലോസ്‌, സി പി എമ്മിലെ പി കെ ഗോപാലന്‍ നായരെയാണ്‌ പരാജയപ്പെടുത്തിയത്‌. 77ലും 80 ലും സി പി എമ്മിലെ പി ആര്‍ ശിവന്‍ മണ്ഡലത്തിണ്റ്റെ പ്രതിനിധിയായി. 77 ല്‍ സിറ്റിംഗ്‌ എം എല്‍ എ എ പി ഐ പൌലോസിനെയും 80 ല്‍ എ എ കൊച്ചുണ്ണി മാസ്റ്ററേയുമാണ്‌ ശിവന്‍ തോല്‍പ്പിച്ചത്‌.
പിന്നീട്‌ തെരഞ്ഞെടുപ്പു നടന്ന 82, 87, 91, 96 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ പി പി തങ്കച്ചന്‍ വിജയിച്ചു. ശക്തമായ മുക്കോണ, ചതുഷ്കോണ മത്സരങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്‌. 82 ല്‍ സിറ്റിങ്ങ്‌ എം എല്‍ എ ശിവനെ പരാജയപ്പെടുത്തിയ തങ്കച്ചന്‍ 87 ല്‍ ജനതയിലെ രാമന്‍ 91 ല്‍ ജനതാദളിലെ ആലുങ്കല്‍ ദേവസിയേയും 96 ല്‍ വീണ്ടും രാമന്‍ കര്‍ത്തായേയുമാണ്‌ തോല്‍പ്പിച്ചത്‌. എന്നാല്‍ 2001 ല്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായി. സി പി എമ്മിലെ സാജുപോള്‍ 1188 വോട്ടിന്‌ സിറ്റിങ്ങ്‌ എം എല്‍ എയായ തങ്കച്ചനെ പരാജയപ്പെടുത്തി. 2006 ല്‍ സാജുപോള്‍ വീണ്ടും മണ്ഡലത്തിണ്റ്റെ പ്രതിനിധിയായപ്പോള്‍ ഭൂരിപക്ഷം 12461 വോട്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍.
മണ്ഡല പുന ക്രമീകരണത്തിന്‌ ശേഷം ഈ മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ ജനവിധി നടന്നത്‌ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്‌. ആകെയുള്ള 151189 ല്‍ 113522 വോട്ടാണ്‌ അന്ന്‌ പോള്‍ ചെയ്തത്‌. 12329 വോട്ടിണ്റ്റെ ഭൂരിപക്ഷമാണ്‌ മണ്ഡലത്തില്‍ യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ പി ധനപാലന്‌ ലഭിച്ചത്‌. 75.06 ശതമാനമായിരുന്നു അന്ന്‌ പോളിങ്ങ്‌.

Friday, March 11, 2011

പെരുമ്പാവൂറ്‍ എല്‍ ഡി എഫിന്‌ ആത്മവിശ്വാസം; യു ഡി എഫിന്‌ ശുഭ പ്രതീക്ഷ

മംഗളം 6.3.2011

പെരുമ്പാവൂറ്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ്‌ നിലനിര്‍ത്തിയ ആത്മവിശ്വാസത്തില്‍ എല്‍ ഡി എഫും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശുഭപ്രതീക്ഷകള്‍ അര്‍പ്പിച്ച്‌ യു ഡി എഫും പെരുമ്പാവൂരില്‍ അങ്കത്തിനൊരുങ്ങുകയാണ്‌.
മണ്ഡല പുനക്രമീകരണത്തില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിയ്ക്കാത്തതിനാല്‍ ഇരുകക്ഷികളുടേയും കൂട്ടല്‍ കിഴിയ്ക്കലുകള്‍ക്ക്‌ പുത്തന്‍ മാനദണ്ഡങ്ങളുടെ ആവശ്യമില്ല. പക്ഷെ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിണ്റ്റേയും അടുത്ത്‌ നടന്ന തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിണ്റ്റേയും ഫലങ്ങള്‍ ഇരുധ്രുവങ്ങളിലായതിനാല്‍ ഇവിടെ രാഷ്ട്രീയ പ്രവചനങ്ങള്‍ ആയാസകരമാകുന്നു.
പത്തുവര്‍ഷം മുമ്പ്‌ കന്നിയംഗത്തിനിറങ്ങിയ സാജുപോള്‍ യു ഡി എഫിണ്റ്റെ പി പി തങ്കച്ചനില്‍ നിന്ന്‌ പെരുമ്പാവൂറ്‍ നിയോജകമണ്ഡലം പിടിച്ചെടുത്തത്‌ വന്‍ഭൂരിപക്ഷത്തോടെയായിരുന്നില്ല. നിയമസഭ സ്പീക്കറും കൃഷിമന്ത്രിയുമൊക്കെയായി സംസ്ഥാനതല നേതാവായി മാറിയ തങ്കച്ചന്‍ കേവലം 1080 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌. അഞ്ചുവര്‍ഷം കൊണ്ട്‌ തണ്റ്റെ സ്വാധീനം പത്തിരട്ടിയായി പെരുപ്പിച്ച സാജുപോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിണ്റ്റെ ഷാനിമോള്‍ ഉസ്മാനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ്‌ തറപറ്റിച്ചത്‌.
എന്നാല്‍, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തിയാല്‍ യു ഡി എഫിന്‌ മാന്യമായ തിരിച്ചുവരവിന്‌ കളമൊരുങ്ങിയതായി കാണാം. നഗരസഭയിലും ആറുപഞ്ചായത്തുകളിലും ഐക്യമുന്നണി നേടിയത്‌ ഉജ്ജ്വല വിജയമാണ്‌. ഒരേയൊരു പഞ്ചായത്തിലാണ്‌ എല്‍ ഡി എഫിന്‌ ഭരണം കിട്ടിയത്‌. ഇതാകട്ടെ, നറുക്കെടുപ്പിലൂടെയും. പെരുമ്പാവൂറ്‍ നഗരസഭയും രായമംഗലം, മുടക്കുഴ, വേങ്ങൂറ്‍, അശമന്നൂറ്‍, കൂവപ്പടി, ഒക്കല്‍, വെങ്ങോല എന്നി ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ്‌ ഈ നിയോജകമണ്ഡലം. ഇതില്‍ അശമന്നൂരില്‍ മാത്രമായിരുന്നു ഇടതുമുന്നണി വിജയം നേടിയത്‌.
സംസ്ഥാനത്ത്‌ പൊതുവെയും പ്രാദേശികമായും നിലനില്‍ക്കുന്ന തരംഗം മുതലെടുത്ത്‌ ഒരു വന്‍തിരിച്ചു വരവിനാണ്‌ യു ഡി എഫ്‌ കണ്‍വീനര്‍ കൂടിയായ പി പി തങ്കച്ചണ്റ്റെ ശ്രമം. ഐക്യമുന്നണി ഇക്കുറി അനായാസം അധികാരത്തിലെത്തുമെന്നും അപ്പോള്‍ പെരുമ്പാവൂരിന്‌ തങ്കച്ചന്‍ വഴി ഒരു മന്ത്രി സ്ഥാനം ഉറപ്പാണെന്നുമുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഘടകകക്ഷികള്‍ക്കൊന്നും ഈ സീറ്റില്‍ കണ്ണില്ലെന്നതും തങ്കച്ചന്‌ ആശ്വാസകരമാകുന്നു. യാക്കോബായ വിഭാഗത്തിന്‌ സ്വാധീനമുള്ള മണ്ഡലത്തില്‍, സഭ കമാണ്ടര്‍ സ്ഥാനം നല്‍കി ആദരിച്ചിട്ടുള്ള തങ്കച്ചന്‌ കൂടുതല്‍ അനുകൂല കാലവസ്ഥയാണെന്നു കാണാം.
എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളിലെ ചേരിപ്പോര്‌ തങ്കച്ചന്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്‌. എ ഗ്രൂപ്പിണ്റ്റെ പ്രബലനായ നേതാവ്‌ ബെന്നി ബഹന്നാണ്റ്റെ കൂടി തട്ടകമാണ്‌ പെരുമ്പാവൂറ്‍ എന്നത്‌ വെല്ലുവിളി ശക്തമാക്കുന്നു. കഴിഞ്ഞവട്ടം, പ്രചാരണം തുടങ്ങിയ ബെന്നി ബഹന്നാന്‌ സീറ്റു നിഷേധിച്ചതാണ്‌ ഷാനിമോള്‍ ഉസ്മാണ്റ്റെ ദയനീയപരാജയത്തിന്‌ കാരണമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തങ്കച്ചന്‍ മത്സരിയ്ക്കാതിരിയ്ക്കാനും മത്സരിച്ചാല്‍ തന്നെ വിജയിയ്ക്കാതിരിയ്ക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെയാണ്‌ തുടങ്ങിയിട്ടുള്ളത്‌. അതിനാല്‍ത്തന്നെ, പി പി തങ്കച്ചന്‍ കോതമംഗലത്തേയ്ക്ക്‌ കളം മാറ്റി ചവിട്ടുമെന്നും സൂചനയുണ്ട്‌.
സിറ്റിങ്ങ്‌ എം എല്‍ എ സാജുപോള്‍, സി പി എം പെരുമ്പാവൂറ്‍ ഏരിയാ സെക്രട്ടറി അഡ്വ എന്‍ സി മോഹനന്‍, കുന്നത്തുനാട്‌ എം എല്‍ എ എം എം മോനായി എന്നിവരെയാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി പരിഗണിയ്ക്കുന്നത്‌. മൂന്നാം വട്ടവും ഒരാളെ മത്സരിപ്പിയ്ക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തിന്‌ അയവു വന്നതോടെ സാജുപോളിന്‌ ഒരു വട്ടംകൂടി പയറ്റാന്‍ അവസരം ലഭിച്ചേക്കും.
അതേസമയം, യാക്കോബായ സഭയുടെ ഇടപെടല്‍ ഇവിടേയും നിര്‍ണ്ണായകമാകും. കാരണം, പി പി തങ്കച്ചനും സാജുപോളും സഭയ്ക്ക്‌ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികളാണ്‌ എന്നതാണ്‌. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ്‌ ശ്രമം നടക്കുന്നത്‌. സാജുപോളിനെ കോതമംഗലത്ത്‌ മത്സരിപ്പിയ്ക്കാനും നീക്കമുണ്ട്‌.
തെരഞ്ഞെടുപ്പില്‍ ഇത്തവണയും പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂറ്‍ റയോണ്‍സ്‌ തന്നെയായിരിയ്ക്കും ഇരുമുന്നണികളുടേയും തുരുപ്പ്‌ ചീട്ട്‌. റയോണ്‍സ്‌ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നത്‌ എല്‍ ഡി എഫും ഏറ്റെടുക്കല്‍ കേവലം പ്രഖ്യാപനം മാത്രമാണെന്നത്്‌ യു ഡി എഫും ആയുധമാക്കും.