പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, March 15, 2011

പെരുമ്പാവൂറ്‍: ഗോവിന്ദപിള്ള മുതല്‍ സാജുപോള്‍ വരെ

മാതൃഭൂമി 15.03.2011
കൊച്ചി: കേരളപ്പിറവിയ്ക്ക്‌ മുന്‍പ്‌ 1951 മുതല്‍ നിലവിലുള്ള പെരുമ്പാവൂറ്‍ നിയമസഭാമണ്ഡലം ഒരു പക്ഷത്തോടും പ്രത്യേക ചായ്‌വ്‌ പ്രകടിപ്പിയ്ക്കാതെയാണ്‌ പ്രതികരിച്ചുവരുന്നത്‌. 51 മുതല്‍ 2006 വരെ 15 തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം രേഖപ്പെടുത്തിയ പെരുമ്പാവൂര്‍കാര്‍ ഏഴുതവണ വീതം ഇരുപക്ഷത്തേയും വിജയിപ്പിച്ചു.
2001 ലും 2006 ലും ഇടതിപക്ഷത്തിനൊപ്പമായിരുന്നു മണ്ഡലം. മുക്കോണ, ചതുഷ്ക്കോണ മത്സരങ്ങളാണ്‌ പലപ്പോഴും മണ്ഡലത്തില്‍ ചിത്രം വ്യക്തമാക്കിയിട്ടുള്ളത്‌. കേരളം രൂപമെടുക്കും മുമ്പ്‌ 1951 ലും 54 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും മാറി മാറി വരിയ്ക്കുകയായിരുന്നു മണ്ഡലം. 51 ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന ലേബലില്ലാതെ മത്സരിച്ച പി ഗോവിന്ദപിള്ളയാണ്‌ പെരുമ്പാവൂരില്‍ നിന്ന്‌ തിരു-കൊച്ചി സഭയിലെത്തിയത്‌. 54 ല്‍ കോണ്‍ഗ്രസിലെ കെ പി ഉറുമീസ്‌ തരകന്‍ പെരുമ്പാവൂരിണ്റ്റെ പ്രതിനിധിയായി.
1957 ല്‍ ആദ്യ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പി ഗോവിന്ദപിള്ളയെ നേരിട്ടത്‌ കോണ്‍ഗ്രസിലെ കെ ഐ ദാമോദര മോനോനായിരുന്നു. 889 വോട്ടിന്‌ ഗോവിന്ദപിള്ള ജയിച്ചു. 60 ല്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായി. കോണ്‍ഗ്രസിലെ കെ എം ചാക്കോ 5800 വോട്ടിനാണ്‌ അക്കുറി ഗോവിന്ദപിള്ളയെ തോല്‍പ്പിച്ചത്‌. സി പി എം, കോണ്‍ഗ്രസ്‌, കേരള കോണ്‍ഗ്രസുകള്‍ 65 ലെ തെരഞ്ഞെടുപ്പില്‍ മുക്കോണ മത്സരത്തിലൂടെ ഗോവിന്ദപിള്ള ജയിച്ചു. ത്രികക്ഷി പോരാട്ടം കണ്ട 67 ലും പി ജി തന്നെയാണ്‌ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത്‌. 70 ല്‍ നേരിട്ടുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്‌ മണ്ഡലത്തില്‍ ജയംകണ്ടു. കോണ്‍ഗ്രസിലെ പി ഐ പൌലോസ്‌, സി പി എമ്മിലെ പി കെ ഗോപാലന്‍ നായരെയാണ്‌ പരാജയപ്പെടുത്തിയത്‌. 77ലും 80 ലും സി പി എമ്മിലെ പി ആര്‍ ശിവന്‍ മണ്ഡലത്തിണ്റ്റെ പ്രതിനിധിയായി. 77 ല്‍ സിറ്റിംഗ്‌ എം എല്‍ എ എ പി ഐ പൌലോസിനെയും 80 ല്‍ എ എ കൊച്ചുണ്ണി മാസ്റ്ററേയുമാണ്‌ ശിവന്‍ തോല്‍പ്പിച്ചത്‌.
പിന്നീട്‌ തെരഞ്ഞെടുപ്പു നടന്ന 82, 87, 91, 96 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ പി പി തങ്കച്ചന്‍ വിജയിച്ചു. ശക്തമായ മുക്കോണ, ചതുഷ്കോണ മത്സരങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്‌. 82 ല്‍ സിറ്റിങ്ങ്‌ എം എല്‍ എ ശിവനെ പരാജയപ്പെടുത്തിയ തങ്കച്ചന്‍ 87 ല്‍ ജനതയിലെ രാമന്‍ 91 ല്‍ ജനതാദളിലെ ആലുങ്കല്‍ ദേവസിയേയും 96 ല്‍ വീണ്ടും രാമന്‍ കര്‍ത്തായേയുമാണ്‌ തോല്‍പ്പിച്ചത്‌. എന്നാല്‍ 2001 ല്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായി. സി പി എമ്മിലെ സാജുപോള്‍ 1188 വോട്ടിന്‌ സിറ്റിങ്ങ്‌ എം എല്‍ എയായ തങ്കച്ചനെ പരാജയപ്പെടുത്തി. 2006 ല്‍ സാജുപോള്‍ വീണ്ടും മണ്ഡലത്തിണ്റ്റെ പ്രതിനിധിയായപ്പോള്‍ ഭൂരിപക്ഷം 12461 വോട്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍.
മണ്ഡല പുന ക്രമീകരണത്തിന്‌ ശേഷം ഈ മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ ജനവിധി നടന്നത്‌ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്‌. ആകെയുള്ള 151189 ല്‍ 113522 വോട്ടാണ്‌ അന്ന്‌ പോള്‍ ചെയ്തത്‌. 12329 വോട്ടിണ്റ്റെ ഭൂരിപക്ഷമാണ്‌ മണ്ഡലത്തില്‍ യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ പി ധനപാലന്‌ ലഭിച്ചത്‌. 75.06 ശതമാനമായിരുന്നു അന്ന്‌ പോളിങ്ങ്‌.

No comments: