പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, March 11, 2011

പെരുമ്പാവൂറ്‍ എല്‍ ഡി എഫിന്‌ ആത്മവിശ്വാസം; യു ഡി എഫിന്‌ ശുഭ പ്രതീക്ഷ

മംഗളം 6.3.2011

പെരുമ്പാവൂറ്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ്‌ നിലനിര്‍ത്തിയ ആത്മവിശ്വാസത്തില്‍ എല്‍ ഡി എഫും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശുഭപ്രതീക്ഷകള്‍ അര്‍പ്പിച്ച്‌ യു ഡി എഫും പെരുമ്പാവൂരില്‍ അങ്കത്തിനൊരുങ്ങുകയാണ്‌.
മണ്ഡല പുനക്രമീകരണത്തില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിയ്ക്കാത്തതിനാല്‍ ഇരുകക്ഷികളുടേയും കൂട്ടല്‍ കിഴിയ്ക്കലുകള്‍ക്ക്‌ പുത്തന്‍ മാനദണ്ഡങ്ങളുടെ ആവശ്യമില്ല. പക്ഷെ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിണ്റ്റേയും അടുത്ത്‌ നടന്ന തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിണ്റ്റേയും ഫലങ്ങള്‍ ഇരുധ്രുവങ്ങളിലായതിനാല്‍ ഇവിടെ രാഷ്ട്രീയ പ്രവചനങ്ങള്‍ ആയാസകരമാകുന്നു.
പത്തുവര്‍ഷം മുമ്പ്‌ കന്നിയംഗത്തിനിറങ്ങിയ സാജുപോള്‍ യു ഡി എഫിണ്റ്റെ പി പി തങ്കച്ചനില്‍ നിന്ന്‌ പെരുമ്പാവൂറ്‍ നിയോജകമണ്ഡലം പിടിച്ചെടുത്തത്‌ വന്‍ഭൂരിപക്ഷത്തോടെയായിരുന്നില്ല. നിയമസഭ സ്പീക്കറും കൃഷിമന്ത്രിയുമൊക്കെയായി സംസ്ഥാനതല നേതാവായി മാറിയ തങ്കച്ചന്‍ കേവലം 1080 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌. അഞ്ചുവര്‍ഷം കൊണ്ട്‌ തണ്റ്റെ സ്വാധീനം പത്തിരട്ടിയായി പെരുപ്പിച്ച സാജുപോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിണ്റ്റെ ഷാനിമോള്‍ ഉസ്മാനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ്‌ തറപറ്റിച്ചത്‌.
എന്നാല്‍, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തിയാല്‍ യു ഡി എഫിന്‌ മാന്യമായ തിരിച്ചുവരവിന്‌ കളമൊരുങ്ങിയതായി കാണാം. നഗരസഭയിലും ആറുപഞ്ചായത്തുകളിലും ഐക്യമുന്നണി നേടിയത്‌ ഉജ്ജ്വല വിജയമാണ്‌. ഒരേയൊരു പഞ്ചായത്തിലാണ്‌ എല്‍ ഡി എഫിന്‌ ഭരണം കിട്ടിയത്‌. ഇതാകട്ടെ, നറുക്കെടുപ്പിലൂടെയും. പെരുമ്പാവൂറ്‍ നഗരസഭയും രായമംഗലം, മുടക്കുഴ, വേങ്ങൂറ്‍, അശമന്നൂറ്‍, കൂവപ്പടി, ഒക്കല്‍, വെങ്ങോല എന്നി ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ്‌ ഈ നിയോജകമണ്ഡലം. ഇതില്‍ അശമന്നൂരില്‍ മാത്രമായിരുന്നു ഇടതുമുന്നണി വിജയം നേടിയത്‌.
സംസ്ഥാനത്ത്‌ പൊതുവെയും പ്രാദേശികമായും നിലനില്‍ക്കുന്ന തരംഗം മുതലെടുത്ത്‌ ഒരു വന്‍തിരിച്ചു വരവിനാണ്‌ യു ഡി എഫ്‌ കണ്‍വീനര്‍ കൂടിയായ പി പി തങ്കച്ചണ്റ്റെ ശ്രമം. ഐക്യമുന്നണി ഇക്കുറി അനായാസം അധികാരത്തിലെത്തുമെന്നും അപ്പോള്‍ പെരുമ്പാവൂരിന്‌ തങ്കച്ചന്‍ വഴി ഒരു മന്ത്രി സ്ഥാനം ഉറപ്പാണെന്നുമുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഘടകകക്ഷികള്‍ക്കൊന്നും ഈ സീറ്റില്‍ കണ്ണില്ലെന്നതും തങ്കച്ചന്‌ ആശ്വാസകരമാകുന്നു. യാക്കോബായ വിഭാഗത്തിന്‌ സ്വാധീനമുള്ള മണ്ഡലത്തില്‍, സഭ കമാണ്ടര്‍ സ്ഥാനം നല്‍കി ആദരിച്ചിട്ടുള്ള തങ്കച്ചന്‌ കൂടുതല്‍ അനുകൂല കാലവസ്ഥയാണെന്നു കാണാം.
എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളിലെ ചേരിപ്പോര്‌ തങ്കച്ചന്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്‌. എ ഗ്രൂപ്പിണ്റ്റെ പ്രബലനായ നേതാവ്‌ ബെന്നി ബഹന്നാണ്റ്റെ കൂടി തട്ടകമാണ്‌ പെരുമ്പാവൂറ്‍ എന്നത്‌ വെല്ലുവിളി ശക്തമാക്കുന്നു. കഴിഞ്ഞവട്ടം, പ്രചാരണം തുടങ്ങിയ ബെന്നി ബഹന്നാന്‌ സീറ്റു നിഷേധിച്ചതാണ്‌ ഷാനിമോള്‍ ഉസ്മാണ്റ്റെ ദയനീയപരാജയത്തിന്‌ കാരണമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തങ്കച്ചന്‍ മത്സരിയ്ക്കാതിരിയ്ക്കാനും മത്സരിച്ചാല്‍ തന്നെ വിജയിയ്ക്കാതിരിയ്ക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെയാണ്‌ തുടങ്ങിയിട്ടുള്ളത്‌. അതിനാല്‍ത്തന്നെ, പി പി തങ്കച്ചന്‍ കോതമംഗലത്തേയ്ക്ക്‌ കളം മാറ്റി ചവിട്ടുമെന്നും സൂചനയുണ്ട്‌.
സിറ്റിങ്ങ്‌ എം എല്‍ എ സാജുപോള്‍, സി പി എം പെരുമ്പാവൂറ്‍ ഏരിയാ സെക്രട്ടറി അഡ്വ എന്‍ സി മോഹനന്‍, കുന്നത്തുനാട്‌ എം എല്‍ എ എം എം മോനായി എന്നിവരെയാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി പരിഗണിയ്ക്കുന്നത്‌. മൂന്നാം വട്ടവും ഒരാളെ മത്സരിപ്പിയ്ക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തിന്‌ അയവു വന്നതോടെ സാജുപോളിന്‌ ഒരു വട്ടംകൂടി പയറ്റാന്‍ അവസരം ലഭിച്ചേക്കും.
അതേസമയം, യാക്കോബായ സഭയുടെ ഇടപെടല്‍ ഇവിടേയും നിര്‍ണ്ണായകമാകും. കാരണം, പി പി തങ്കച്ചനും സാജുപോളും സഭയ്ക്ക്‌ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികളാണ്‌ എന്നതാണ്‌. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ്‌ ശ്രമം നടക്കുന്നത്‌. സാജുപോളിനെ കോതമംഗലത്ത്‌ മത്സരിപ്പിയ്ക്കാനും നീക്കമുണ്ട്‌.
തെരഞ്ഞെടുപ്പില്‍ ഇത്തവണയും പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂറ്‍ റയോണ്‍സ്‌ തന്നെയായിരിയ്ക്കും ഇരുമുന്നണികളുടേയും തുരുപ്പ്‌ ചീട്ട്‌. റയോണ്‍സ്‌ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നത്‌ എല്‍ ഡി എഫും ഏറ്റെടുക്കല്‍ കേവലം പ്രഖ്യാപനം മാത്രമാണെന്നത്്‌ യു ഡി എഫും ആയുധമാക്കും.

No comments: