Friday, August 10, 2012

കൂവപ്പടി പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ തീരുമാനം; ഇന്ന്‌ നോട്ടീസ്‌ നല്‍കും

 പെരുമ്പാവൂര്‍: പരിസ്ഥിതി മലിനീകരണത്തിണ്റ്റെ പേരില്‍ കൂവപ്പടി പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഇന്ന്‌ നോട്ടീസ്‌ നല്‍കും.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അണുക്കോലിത്തുറയില്‍ കഴിഞ്ഞ ദിവസം നൂറുകിലോയോളം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്‌ നടപടി. റൈസ്‌ മില്ലില്‍ നിന്നുള്ള, രാസമാലിന്യം കലര്‍ന്ന വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ കഴിഞ്ഞ ദിവസം വാന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. 
പവിഴം റൈസ്‌ മില്ലില്‍ നിന്ന്‌ മലിനജലം ഒഴുകി പരിസരങ്ങളിലെ കിണറുകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന പരാതി വര്‍ഷങ്ങളായുള്ളതാണ്‌. നിരന്തരമായ പരാതി വന്‍ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ വഴിമാറിയത്‌ അടുത്തകാലത്താണ്‌. ഇതേതുടര്‍ന്ന്‌, മലിനീകരണ പ്രശ്നത്തിന്‌ നിശ്ചിത ദിവസപരിധിയ്ക്കുള്ളില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ റൈസ്‌ മില്‍ ഉടമയ്ക്ക്‌ അന്ത്യശാസനം നല്‍കി. അതനുസരിച്ച്‌ 1.80 കോടി രൂപ മുടക്കി റൈസ്‌ മില്‍ മാനേജ്മെണ്റ്റ്‌ കമ്പനി വളപ്പില്‍ മലിനജല സംസ്കരണ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചു. ഇതിണ്റ്റെ പ്രവര്‍ത്തനം സമരസമിതി നേതാക്കളും പഞ്ചായത്ത്‌ അധികൃതരും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെടുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കമ്പനിയ്ക്ക്‌ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുകയും ചെയ്തു. 
ഇതിണ്റ്റെ തൊട്ടടുത്ത ദിവസമാണ്‌ അണുക്കോലിത്തുറയിലും അനുബന്ധ തോടുകളിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്‌. മലിനജല സംസ്കരണ പ്ളാണ്റ്റില്‍ നിന്നുള്ള വെള്ളത്തില്‍, കമ്പനി വളപ്പില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക്‌ ഒന്നും സംഭവിയ്ക്കാത്ത സാഹചര്യത്തില്‍ രണ്ടര കിലോമീറ്റര്‍ ദൂരെ പെട്ടെന്ന്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന്‌ കമ്പനി മാനേജ്മെണ്റ്റ്‌ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
എന്തായാലും, കമ്പനിയുടെ ലൈസന്‍സ്‌ റദ്ദുചെയ്യാന്‍ പഞ്ചായത്ത്‌ ഭരണസമിതി ഇന്നലെ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. 
മംഗളം 10.08.2012

No comments: