Monday, January 27, 2014

സര്‍വ്വകലാശാലകള്‍ കേവലം പരീക്ഷാ കേന്ദ്രങ്ങള്‍ മാത്രം: ഡോ.എം.ജി.എസ് നാരായണന്‍

പുരാതനമായ വാള്‍ സെന്റര്‍ ഡയറക്ടര്‍ ഇസ്മായില്‍ 
പള്ളിപ്രത്തിന് കൈമാറി പെരുമ്പാവൂര്‍ ലോക്കല്‍ 
ഹിസ്റ്ററി റിസേര്‍ച്ച് സെന്റര്‍ ഓഫീസ് 
പ്രശസ്ത ചരിത്ര പണ്ഡിതന്‍
 ഡോ.എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
പെരുമ്പാവൂര്‍: കേരളത്തിലെ സര്‍വ്വകലാശാലകള്‍ കേവലം പരീക്ഷനടത്തിപ്പുകേന്ദ്രങ്ങള്‍ മാത്രമാണെന്ന് പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.എം.ജി.എസ് നാരായണന്‍. അതുകൊണ്ടുതന്നെ സാക്ഷരതയില്‍ ഒന്നാമത് എന്ന് അഭിമാനിക്കുമ്പോഴും വിദ്യാഭ്യാസത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ഏറ്റവും പിന്‍ നിരയിലാണെന്നും എം.ജി.എസ് പറഞ്ഞു. ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം സംബന്ധിച്ച് നാം പഠിച്ചതും പഠിപ്പിക്കുന്നതും കെട്ടുകഥകള്‍ മാത്രമാണെന്നും എം.ജി.എസ് പറഞ്ഞു. അടിയന്തിരമായി നമ്മുടെ തനത്  പൈതൃകങ്ങള്‍ കണ്ടെത്തി സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു. 
ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് ഡോ. വി സനല്‍കുമാര്‍, ഡോക്ടറേറ്റ് നേടിയ കുഞ്ഞുമുഹമ്മദ് പുലവത്ത്, കേരളത്തില്‍ ആദ്യമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് രൂപരേഖ നല്‍കിയ പി.എം സുമു, ചെറുകഥാകൃത്ത് സുരേഷ് കീഴില്ലം, ജില്ലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിനോയ് കെ ജോസഫ്, 70 വര്‍ഷം തുടര്‍ച്ചയായി വ്യാപാരിയായിരുന്ന മൂത്തേടന്‍ പത്രോസ്, പുരാവസ്തു വകുപ്പിന്റെ പാരിതോഷികം നേടിയ അണ്ടോത്ത് അലി എന്നിവരെ അനുമോദിച്ചു.
ഡോ.ഫിലിപ്പ് ചെറിയാന്‍, നഗരസഭ പ്രതിപക്ഷനേതാവ് ജി സുനില്‍കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ അബ്ദുള്ള, ഫാസ് പ്രസിഡന്റ് ടി.എന്‍ അശോക് കുമാര്‍, കൗണ്‍സിലര്‍ അഡ്വ. എം.എന്‍ കനകലത, പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മയില്‍ പള്ളിപ്രം, എല്‍.എച്ച്.ആര്‍.സി ട്രഷറര്‍ സണ്ണി വറുഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 21.12.2013

Friday, January 10, 2014

ഒക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍ നൂറിന്റെ നിറവില്‍

പെരുമ്പാവൂര്‍: ഒക്കല്‍ ഗവ. എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷം നാളെ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ബാബു അദ്ധ്യക്ഷത വഹിക്കും. 
സാജുപോള്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ പ്രതിഭകളെ ആദരിക്കും. 
രാവിലെ 10 ന് നടക്കുന്ന പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം, രക്ഷാകര്‍ത്തൃസംഗമം എന്നിവ കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് അദ്ധ്യക്ഷത വഹിക്കും. 
കൊച്ചി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ വൈസ്ചാന്‍സിലര്‍ പ്രൊഫ. വി.ജെ ബാബു മുഖ്യ പ്രഭാഷണം നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ ടി.ടി കൃഷ്ണകുമാര്‍ പൂര്‍വ്വ അദ്ധ്യാപകരേയും ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. വി.വി ജോഷി 75 തികഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിക്കും.
വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര, ട്രാക്ക് ഗാനമേള തുടങ്ങിയവ നടക്കും. 

മംഗളം 10.1.2013


Thursday, January 9, 2014

നിരവധി വാഹനമോഷണ കേസുകളില്‍ പ്രതികളായ നാലു യുവാക്കള്‍ പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: നിരവധി വാഹനമോഷണ കേസുകളില്‍ പ്രതികളായ നാലു യുവാക്കള്‍ പോലീസ് പിടിയിലായി.
ചേലാമറ്റം വല്ലം കുന്നയ്ക്കാട്ടുമല പുളിയ്ക്കക്കുടി വീട്ടില്‍ സെയ്തു മുഹമ്മദിന്റെ മകന്‍ ഫൈസല്‍ (24), വെങ്ങോല തണ്ടേക്കാട് തൈക്കാവ് ഭാഗത്ത് കുന്നുംപുറം വീട്ടില്‍ അബൂബക്കറിന്റെ മകന് ഫറൂഖ് (27), വളയന്‍ചിറങ്ങര കെ.എന്‍ സദനം സുരേഷ് ബാബുവിന്റെ മകന്‍ നിഖിലേഷ് (23), പോഞ്ഞാശ്ശേരി എം.എച്ച് കവല ഭാഗത്ത് മങ്ങാടന്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സാലു (33) എന്നിവരാണ് പിടിയിലായത്.
പിക്‌നിക് ബാറിന്റെ പാര്‍ക്കിങ്ങ് ഏരിയായില്‍ നിന്ന് മോഷ്ടിച്ച ഓടടോറിക്ഷയുമായി പോകുമ്പോഴാണ് വാഹനപരിശോധന നടത്തിയിരുന്ന പോലീസ് സംഘം ഫാറൂഖിനേയും ഫൈസലിനേയും പിടികൂടുന്നത്. കഴിഞ്ഞ മാസം 20 ന് പുളിനാട്ട് ലെയിനിലുള്ള പ്രദീപിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് സാലുവും നിഖിലേഷും ചേര്‍ന്നാണെന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
നിരവധി വാഹനങ്ങളും മൊബൈല്‍ ഫോണുകളും ഇവര്‍ മോഷ്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പിടികൂടിയവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോ എന്ന കാര്യം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
റൂറല്‍ എസ്.പി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി ഹരികൃഷ്ണന്റേയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയുടേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാലുപേരേയും കോടതി റിമാന്റ് ചെയ്തു.

മംഗളം 9.1.2014

Tuesday, January 7, 2014

പാചകവാതകത്തിന് തീവില; പ്രതിഷേധം പുകയുന്നു

പെരുമ്പാവൂര്‍: പാചകവാതക വിലവര്‍ദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പന്തംകൊളുത്തി പ്രകടനവും നടത്തി. സമാപന സമ്മേളനം ഏരിയ പ്രസിഡന്റ് പി.പി ഡേവീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
പാചകവാതക വില കുറയ്ക്കണമെന്നും വാണിജ്യത്തിനാവശ്യമായ 19 കെ.ജി ഗ്യാസിന് സബ്‌സിഡി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.എം അഫ്‌സല്‍, കുര്യന്‍ പോള്‍, കെ.കെ എല്‍ദോസ്, നാസര്‍ ബാബാസ്, എം.വി സാജു, സരിത്ത്.എസ് രാജ്, വി മുരളി, പി.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
സി.പി.ഐ കൂവപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ദ്ധനക്കെതിരെ റോഡില്‍ അടുപ്പുകൂട്ടി തീക്കനലില്‍ കപ്പ ചുട്ട് വികരണം ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം രായമംഗലം ലോക്കല്‍ സെക്രട്ടറി പി.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.പി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.കെ രാഘവന്‍, കെ.എന്‍ ജോഷി, കൂവപ്പടി ലോക്കല്‍ സെക്രട്ടറി വി.എം ഷാജി, അസി. സെക്രട്ടറി സാജന്‍ വറുഗീസ്, ഐ.ആര്‍ ഗബ്രിയേല്‍, എം.ഒ ജോര്‍ജ്, സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ധന വില അടിയ്ക്കടി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എറണാകുളം ജില്ലാ റസിഡന്റ് അസോസിയേഷന്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു മേഖല പ്രസിഡന്റ് കെ.വി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. 
സി.സി ജോസഫ്, ജില്ലാ സെക്രട്ടറി ടി.പി ജോണ്‍, വറുഗീസ് കൊറാട്ടുകുഴി, ജേക്കബ് ജോണ്‍, ഇര്‍ഫാന്‍ പുലവത്ത്, ദേവദാസന്‍, പി.എസ് മധുസൂദനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
 പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച -ബി.ജെ.പി പ്രവര്‍ത്തകര്‍ കോടനാട് പോലീസ് സ്റ്റേഷനു മുന്നിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. 
കെ.പി അനില്‍, എം.എം അനീഷ്, ജി.പി സുരേഷ്, അക്ഷയ് എസ്, ഗിരീഷ് ജി എന്നിവര്‍ പ്രസംഗിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷിബുരാജ്, അജേഷ് കോടനാട് എന്നിവര്‍ നേതൃത്വം നല്‍കി. 

മംഗളം 7.1.2014

Sunday, January 5, 2014

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: രണ്ടു വര്‍ഷം മുമ്പ് പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍.
കൂവപ്പടി അയ്മുറി പടിക്കലപ്പാറ മോളത്ത് വീട്ടില്‍ കുഞ്ഞപ്പന്‍ (64) ആണ് പിടിയിലായത്. അടുത്ത വീട്ടിലെ പന്ത്രണ്ടുകാരിയെ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചതായാണ് കേസ്. അന്ന് പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം അദ്ധ്യാപകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോടനാട് പോലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

മംഗളം 5.1.2013


Saturday, January 4, 2014

വെങ്ങോലയില്‍ ഒമ്പതാമത്തെ സെക്രട്ടറിയും മാറ്റം വാങ്ങിപ്പോയി; അന്വേഷണം വേണമെന്ന് ആവശ്യം

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒമ്പതാമത്തെ സെക്രട്ടറിയും സ്ഥലം മാറ്റം വാങ്ങി പോയി. ഇവിടെ അടിക്കടി സെക്രട്ടറിമാരെ മാറ്റുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.
നിലവിലുള്ള സെക്രട്ടറി  സ്ഥലം മാറി പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പകരം സെക്രട്ടറിയെ നിയമിച്ചിട്ടില്ല. ഇതുമൂലം പദ്ധതി നിര്‍വ്വഹണത്തിനും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനും കാലതാമസം നേരിടുന്നു. ഇതുകൊണ്ട് തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടുന്നു. 
പഞ്ചായത്തില്‍ പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ്  മുന്ന് വര്‍ഷത്തിനുള്ളില്‍ ഒമ്പതാമത്തെ സെക്രട്ടറിയും  സ്ഥലം മാറ്റം വാങ്ങിപോയിട്ടുള്ളതെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ പറയുന്നു. എത്രയും വേഗം പഞ്ചായത്തില്‍ പുതിയ സെക്രട്ടറിയെ നിയമിക്കണമെന്നും നിവേദനത്തിലുണ്ട്.

മംഗളം 4.1.2014

വെങ്ങോലയിലെ മണ്ണെടുക്കല്‍; കളക്ടര്‍ ഇടപെടണണമെന്ന് പഞ്ചായത്തു കമ്മിറ്റി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നിന്നും മണ്ണെടുക്കുന്നതിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണെടുക്കുന്നതും പാടം നികത്തുന്നതും നിരോധിച്ച വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തീരുമാനത്തെ അട്ടിമറിച്ച് പതിനെട്ടാം വാര്‍ഡിലെ ഓണംവേലി, കരണായി മലകളില്‍ 15 ഏക്കര്‍ പ്രദേശത്തുനിന്നും മണ്ണെടുക്കുന്നതിനാണ് നീക്കം. മൈനിംഗ് ആന്റ് ജിയോളജി വകുപ്പും ജില്ലാ ഭരണ കൂടവും മണ്ണെടുപ്പിന് അനുമതി നല്‍കുമെന്നാണ് സൂചന. ഇതിനെതിരെ  ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. 
പഞ്ചായത്ത് പ്രദേശത്ത് അവശേഷിക്കുന്ന മലകളില്‍ ചിലതാണ് ഓണംവേലി, കരണായി, പൂമല എന്നിവ.  ഈ മലകളില്‍ നിന്നു കൂടി മണ്ണെടുത്തുമാറ്റിയാല്‍ പതിനെട്ടാം വാര്‍ഡ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുവാനും പരിസ്ഥിതി നാശത്തിനും ഇടയാവുമെന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നു. 
പഞ്ചായത്ത് കമ്മിറ്റിയുടെ മണ്ണെടുപ്പ് നിരോധനം ലംഘിച്ച് വ്യവസായികാടിസ്ഥാനത്തില്‍ മണ്ണെടുക്കാനുള്ള നീക്കം പ്രശ്‌നം വാര്‍ഡ് മെമ്പര്‍ സുജമോള്‍ വിജയനാണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്തു കമ്മിറ്റി ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
മണ്ണെടുപ്പ് പ്രശ്‌നത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ തഹസീര്‍ദാരെ തടഞ്ഞുവയ്ക്കുകയും ജില്ലാ കളക്ടര്‍ക്കു മുന്നില്‍ കൂട്ട ധര്‍ണ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിഷേധത്തെ അധികൃതര്‍ അവഗണിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വാര്‍ഡ് മെമ്പര്‍ സുജമോള്‍ വിജയന്‍ പറയുന്നു.

മംഗളം 4.1.2014

Friday, January 3, 2014

പ്രകൃതി സ്‌നേഹത്തിന്റെ സന്ദേശവുമായി ഇലകളും പൂക്കളും

 പെരുമ്പാവൂര്‍: പുഴയോരത്തെ മുത്തശ്ശന്‍ മാവിനെ സംരക്ഷിക്കാനുള്ള പിഞ്ചുകുട്ടികളുടെ പരിശ്രമത്തിന്റെ കഥ. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പതിനേഴ് കുട്ടികളെ അഭിനേതാക്കളാക്കി നെല്ലിമോളം കളിക്കൂട്ടം തയ്യാറാക്കിയ ഇലകളും പൂക്കളും ശ്രദ്ധേയമാവുന്നു.
വീഡിയോ ദൃശ്യങ്ങള്‍ ഇഴചേര്‍ത്ത് ഒരുക്കിയ നാടകം മൂന്നുമാസത്തെ പരീശീലനത്തിനുശേഷമാണ് അരങ്ങേറിയത്. കീഴില്ലം പണിക്കരമ്പലം ശിവക്ഷേത്രത്തിലായിരുന്നു 50 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ ആദ്യാവതരണം.
റോഡു വികസനത്തിനായി പഞ്ചായത്ത് മരം വെട്ടിനീക്കുന്നതില്‍ പ്രതിഷേധിച്ച് എത്തുന്ന കുട്ടികളാണ് നാടകത്തിന്റെ ആകര്‍ഷണം. കുരുന്നുകളുടെ പ്രതിഷേധം അവഗണിച്ച് പഞ്ചായത്ത് മരം മുറിച്ച് നീക്കുന്നു. എന്നാല്‍ അതിന് പകരമായി കുട്ടികള്‍ നാടാകെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്. 
അഭിമന്യു, അദിത്ത്, ഹരിഹരന്‍, ഹരിത, പാര്‍വ്വതി, ശിവപ്രിയ, അഭിജിത്ത്, അനന്തു, അതുല്‍, ഹരിഗോവിന്ദ്, വിഷ്ണുദേവ്, ആര്യ, ദേവിക, മാളവിക, മീനാക്ഷി, നിധിന്‍ എന്നിവരാണ് കഥാപാത്രങ്ങളായത്. പത്രപ്രവര്‍ത്തകനായ വി.ടി കൃഷ്ണകുമാറാണ് പകൃതി സ്‌നേഹത്തിന്റെ സന്ദേശം നാടകമായി അരങ്ങിലെത്തിച്ചത്. 

മംഗളം 3.1.2013

പാചകവാതക വിലവര്‍ദ്ധന; നാടെങ്ങും പ്രതിഷേധം

പെരുമ്പാവൂര്‍: പാചകവാതക വില വര്‍ദ്ധനക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ബി.ജെ.പി അശമന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടയ്ക്കാലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് വി.എന്‍ രാജന്‍, സെക്രട്ടറി പി.ടി ഷാജി, യുവമോര്‍ച്ച പ്രസിഡന്റ് ടി.കെ സുഭാഷ്, അനീഷ് സി.എ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന യോഗത്തില്‍ സി.പി രാധാകൃഷ്ണന്‍, ഒ.സി അശോകന്‍, എം.കെ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇളമ്പകപ്പിള്ളിയില്‍ ഡി.വൈ.എഫ് ഐയുടേയും മഹിളാ അസോസിയേഷന്റേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി പി.ബി സന്തോഷ്‌കുമാര്‍, മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ഉണ്ണി, ബിന്ദു ബിജു, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എന്‍ വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒക്കല്‍ പൗരസമിതി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, മനുഷ്യാവകാശ സമിതി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. 
വൈക്കം വിശ്വംഭരന്‍, അഡ്വ. ശ്രീപ്രകാശ്, എം.എ ഷാജി, വി.പി സുരേഷ്, വി.ജെ പൊന്നപ്പന്‍, ഒക്കല്‍ വറുഗീസ്, വി.കെ ജോസഫ്, ടി. രവികൃഷ്ണന്‍, ടി.കെ ഗോപിനാഥന്‍ കര്‍ത്താ, കെ മാധവന്‍ നായര്‍, ടി.കെ അജയഘോഷ്, കെ.എ പൊന്നപ്പന്‍, സിജിത ബാബു, സ്മിത ലാലു, ജയന്തി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സാധാരണ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന പാചക വാതക വില വര്‍ദ്ധനയില്‍ കുന്നത്തുനാട് താലൂക്ക് ഗ്യാസ് കണ്‍സ്യൂമേഴ്‌സ് ഫോറം പ്രതിഷേധിച്ചു.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് ശാസ്ത്രീയമായ കാലയളവ് നിശ്ചയിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിയ്ക്കാനാണ് യോഗത്തിന്റെ തീരുമാനം.
എം.എ ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. വി.വി ദീനില്‍, ഷഫീക്ക് കാഞ്ഞിരക്കാട്, മാര്‍ട്ടിന്‍ ജോസഫ് മണിയഞ്ചേരി, ഷെമീര്‍ ചായമ്മാടി, നവാസ് പാറയ്ക്കല്‍, അഡ്വ.ഷംസുദ്ദീന്‍, നൈസാം പെരുമ്പാവൂര്‍, കെ.എം ഖാദര്‍, കെ.എ ബാവ, സുധീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 3.1.2013

Thursday, January 2, 2014

കൂവപ്പടിയിലെ കൈതക്കോട് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൈതക്കോട് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. 
ഇരുപതാം വാര്‍ഡില്‍പ്പെട്ട മദ്രാസ് കവലയില്‍ നിന്ന് കൂടാലപ്പാട് ചര്‍ച്ച് റോഡില്‍ 300 മീറ്റര്‍ മാറിയുള്ള പാടശേഖരമാണ് നികത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെ അവധിദിനങ്ങളിലാണ് നികത്തല്‍. ഇതിനോടകം 2 സെന്റ് പാടം നികത്തികഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 14 ന് മാത്രം ഏകദേശം 8 ലോഡ് മണ്ണാണ് ഇവിടെ തട്ടിയത്. നികത്തുന്ന വിവരം അറിയിച്ചിട്ടും കൂവപ്പടി വില്ലേജ് ഓഫീസ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. 
കൈതക്കോട് പാടശേഖരം നികത്തുന്നതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളമില്ലാതാവുമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷക്കാലത്ത് പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. മൂന്ന് പൂവ് കൃഷി ചെയ്യുന്ന പാടത്തെ ജലവിതരണ സംവിധാനങ്ങള്‍ താറുമാറാകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാകും.
വയല്‍ നികത്തലിനെതിരെ ഗ്രാമപഞ്ചായത്തും റവന്യു അധികൃതരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് നാട്ടുകാര്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിട്ടുമുണ്ട്. 

മംഗളം 2.1.2014

പെരുമ്പാവൂര്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീപ് സൊസൈറ്റി ഇന്ന് പ്രവര്‍ത്തനം തുടങ്ങും

പെരുമ്പാവൂര്‍: മേഖല മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇന്ന് പെരുമ്പാവൂരില്‍ തുറക്കും. ക്ലാസിക് അവന്യൂവിലുള്ള സംഘം ഓഫീസ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ നിക്ഷേപം സാജുപോള്‍ എം.എല്‍.എ സ്വീകരിക്കും. ആദ്യ മെമ്പര്‍ഷിപ്പ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം  നിര്‍വ്വഹിക്കും. പ്രസിഡന്റ് എം.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. 
ലതികദേവി, ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, കെ ഹരി, സി.കെ അബ്ദുള്ള, ജോണ്‍ സക്കറിയ, പി.എം  പൗലോസ്, എം.യു ഹമീദ്, ഇ.സി മധു, സന്തോഷ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

മംഗളം 2.1.2014

രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ പ്രഹസനമാക്കി മാറ്റുന്നതായി റസിഡന്റ്‌സ് അസോസിയേഷനുകള്‍

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ പ്രഹസനമാക്കി മാറ്റുന്നതായി റസിഡന്റ്‌സ് അസോസിയേഷന്‍സ് അപ്പെക്‌സ് കൗണ്‍സില്‍.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും വേണ്ടത്ര അറിയിപ്പുകള്‍ നല്‍കാതെയുമാണ് ഇവിടെ ഗ്രാമസഭകള്‍ ചേരുന്നതെന്ന് കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. ഗ്രാമസഭകളില്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളൊ, ജോലിക്കാരോ പലപ്പോഴും ഉണ്ടാവാറില്ല. പല യോഗങ്ങള്‍ക്കും. കോറം തികയുകയും ഉണ്ടായില്ല. 
നിയമവിരുദ്ധമായി ചേര്‍ന്ന ഇത്തരം ഗ്രാമസഭകള്‍ റദ്ദാക്കി വിണ്ടും ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണമെന്നാണ് അപ്പെക്‌സ് കൗണ്‍സിലിന്റെ ആവശ്യം. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അപ്പെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അഡ്വ. അജന്തകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍ മുരുകേശന്‍, കെ.ആര്‍ നാരായണപിള്ള, അഡ്വ. കെസി മുരളീധരന്‍, കെ.കെ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 2.1.2014

സേവ് അശമന്നൂര്‍-മുട്ടത്തുമുകള്‍ പ്രക്ഷോഭം തുടങ്ങി

പെരുമ്പാവൂര്‍: അനധികൃത പ്ലൈവുഡ് കമ്പനികള്‍ക്കും മലിനീകരണത്തിനുമെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി അശമന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി. 
സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും പ്ലൈവുഡ് മാഫിയകളുടെ ദല്ലാളുമാരായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ജനങ്ങളോടുള്ള ഉത്വരവാദിത്വം നിറവേറ്റണമെന്നും കമ്പനി ഉടമകളുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. 
ജനവാസമേഖലകളില്‍ നിന്നും പ്ലൈവുഡ് കമ്പനികള്‍ മാറ്റി സ്ഥാപിക്കുക, രാത്രികാല പ്രവര്‍ത്തനം പൂര്‍ണമായി നിരോധിക്കുക, മുട്ടത്തുമുകളില്‍ ഹരിജന്‍ കോളനി കയ്യേറിയും വയല്‍ നികത്തിയും നിര്‍മ്മിച്ച പ്ലൈവുഡ് കമ്പനികള്‍ക്ക് മൂവാറ്റുപുഴ ആര്‍.ഡി.ഒ നല്‍കിയ പൊളിച്ചുമാറ്റല്‍ ഉത്തരവ് റദ്ദാക്കിയ ജില്ലാ കളക്ടറുടെ തീരുമാനം പുനപ്പരിശോധിക്കുക എന്നി ആവശ്യങ്ങളും കര്‍മ്മസമിതി ഉന്നയിച്ചു.
സമര പ്രഖ്യാപന സമ്മേളനം ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മുട്ടത്തുമുകള്‍ കര്‍മ്മസമിതി പ്രസിഡന്റ് കെ.വി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. 
പരിസ്ഥതി സംരക്ഷണ കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി മുഖ്യ പ്രഭാഷണം നടത്തി. കര്‍മ്മ സമിതി നേതാക്കളായ എം.കെ ശശിധരന്‍പിള്ള, കെ.ജി സദാനന്ദന്‍, പി. മത്തായി, എല്‍ദോ എം ജോര്‍ജ്, പി രാമചന്ദ്രന്‍, കെ.കെ വര്‍ക്കി, പി ശശി, എ.ആര്‍ ജീവരാജന്‍, വി മനോജ്, കെ.ആര്‍ നാരായണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 1.1.2014