പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നിന്നും മണ്ണെടുക്കുന്നതിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണെടുക്കുന്നതും പാടം നികത്തുന്നതും നിരോധിച്ച വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തീരുമാനത്തെ അട്ടിമറിച്ച് പതിനെട്ടാം വാര്‍ഡിലെ ഓണംവേലി, കരണായി മലകളില്‍ 15 ഏക്കര്‍ പ്രദേശത്തുനിന്നും മണ്ണെടുക്കുന്നതിനാണ് നീക്കം. മൈനിംഗ് ആന്റ് ജിയോളജി വകുപ്പും ജില്ലാ ഭരണ കൂടവും മണ്ണെടുപ്പിന് അനുമതി നല്‍കുമെന്നാണ് സൂചന. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.
പഞ്ചായത്ത് പ്രദേശത്ത് അവശേഷിക്കുന്ന മലകളില്‍ ചിലതാണ് ഓണംവേലി, കരണായി, പൂമല എന്നിവ. ഈ മലകളില്‍ നിന്നു കൂടി മണ്ണെടുത്തുമാറ്റിയാല്‍ പതിനെട്ടാം വാര്‍ഡ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുവാനും പരിസ്ഥിതി നാശത്തിനും ഇടയാവുമെന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നു.
പഞ്ചായത്ത് കമ്മിറ്റിയുടെ മണ്ണെടുപ്പ് നിരോധനം ലംഘിച്ച് വ്യവസായികാടിസ്ഥാനത്തില്‍ മണ്ണെടുക്കാനുള്ള നീക്കം പ്രശ്‌നം വാര്‍ഡ് മെമ്പര്‍ സുജമോള്‍ വിജയനാണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്തു കമ്മിറ്റി ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
മണ്ണെടുപ്പ് പ്രശ്‌നത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ തഹസീര്‍ദാരെ തടഞ്ഞുവയ്ക്കുകയും ജില്ലാ കളക്ടര്‍ക്കു മുന്നില്‍ കൂട്ട ധര്‍ണ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിഷേധത്തെ അധികൃതര്‍ അവഗണിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വാര്‍ഡ് മെമ്പര്‍ സുജമോള്‍ വിജയന്‍ പറയുന്നു.
മംഗളം 4.1.2014
No comments:
Post a Comment