Thursday, October 9, 2014

പ്ലൈവുഡ് കമ്പനികള്‍ നിലനില്‍പ്പ് ഭീഷണിയില്‍; പുതിയ സ്ഥാപനങ്ങള്‍ക്ക് വിലക്ക്

പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായത്തിന്റെ പറുദീസയായിരുന്ന പെരുമ്പാവൂരില്‍ സ്ഥാപന ഉടമകള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ തന്നെ വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു.
1990 കളിലാണ് പെരുമ്പാവൂരില്‍ പ്ലൈവുഡ് വ്യവസായ യൂണിറ്റുകളുടെ ആരംഭം. നാട്ടിലെ ചെറുകിട സോമില്ലുകള്‍ വിനീര്‍ യൂണിറ്റുകളായും കൂറ്റന്‍ പ്ലൈവുഡ് കമ്പനികളായും മാറിയത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ്. അതിന് പുറമെ ചങ്കൂറ്റമുള്ള സകലരും ഈ മേഖലയിലേക്ക് എടുത്തുചാടി. കൂണുകള്‍ പോലെ പ്ലൈവുഡ് കമ്പനികള്‍ പെരുകി. 
ട്രാവന്‍കൂര്‍ റയോണ്‍സിന്റെ തകര്‍ച്ചയോടെ പ്രതിസന്ധിയിലായിപ്പോയ പെരുമ്പാവൂര്‍ പട്ടണം വ്യാവസായികോന്മേഷത്തിലേക്ക് വരുന്നത് പ്ലൈവുഡ് പച്ചപിടിച്ചതോടെയാണ്. പച്ചനോട്ടുകള്‍ അനസ്യൂതം ഒഴുകി. അന്യദേശ തൊഴിലാളികളെക്കൊണ്ട് പട്ടണം നിറഞ്ഞു. മറ്റ് കച്ചവടസ്ഥാപനങ്ങളിലും വ്യാപാരം കൊഴുത്തു. ലോക വിപണിയില്‍ ഇറങ്ങുന്ന ആഡംബര വാഹനങ്ങള്‍ പോലും പെരുമ്പാവൂരിന്റെ ഇടുങ്ങിയ റോഡുകളില്‍ സര്‍വ്വസാധാരണമായി. 
എന്നാല്‍ ഇപ്പോള്‍ ഈ വ്യവസായ മേഖലയുടെ വളര്‍ച്ച ഗതിമാറി താഴോട്ടായി. പണവും കയ്യൂക്കും വേണ്ടത്ര ഉണ്ടായിട്ടും വന്‍ വ്യവസായികള്‍പോലും എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായി. 
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി നിബന്ധനകളും കര്‍ശന നടപടികളുമാണ് ആദ്യമുണ്ടായ പ്രതിസന്ധി. 
രേഖകളില്ലാതെ വന്‍തോതില്‍ നടന്ന ഇടപാടുകള്‍ പലതും പിടിക്കപ്പെട്ടു. അന്യദേശത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികള്‍ സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പും നടപടികള്‍ തുടങ്ങി. തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ചിരുന്ന ലേബര്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടന്നു. 
കമ്പനികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെട്ടതായിരുന്നു മറ്റൊരു പ്രതിസന്ധി. കമ്പനികളില്‍ ഉപയോഗിക്കുന്ന പശ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യൂറിയ ഫോര്‍മാല്‍ഡി ഹൈഡ് എന്ന രാസവസ്തു മാരക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിദഗ്ധരുടെ കണ്ടെത്തലുകള്‍ ജനങ്ങളിലേക്ക് എത്തി. അതോടെ ഓരോ കമ്പനിക്കെതിരേയും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. രാവും  പകലും ഭേദമില്ലാതെ നടന്ന പ്രവര്‍ത്തനം പല സ്ഥാപനങ്ങള്‍ക്കും അവസാനിപ്പിക്കേണ്ടി വന്നു. 
ഏറ്റവും ഒടുവില്‍ സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള തടി മാര്‍ക്കറ്റില്‍ മരം വില്‍ക്കാന്‍ കച്ചവടക്കാര്‍ തയ്യാറാവാതെ വന്നതോടെ വ്യവസായം വീണ്ടും പ്രതിസന്ധിയിലായി. 
പ്ലൈവുഡ് തടിവ്യാപാരികള്‍ ചേര്‍ന്ന് രൂപീകരിച്ച സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം വ്യവസായികള്‍ ചേരി മാറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി.
നിലവില്‍ പുതിയ കമ്പനികളൊന്നും തുടങ്ങാന്‍ അസോസിയേഷന്‍ അനുവദിക്കുന്നില്ല. തുടങ്ങിയ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് മരവ്യവസായികള്‍.

മംഗളം 9.10.2014

1 comment:

Cv Thankappan said...

എല്ലായിടത്തും ഓരോരോ പ്രശ്നങ്ങളാണ്......
ആശംസകള്‍