Sunday, May 17, 2015

പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന് നാളെ ശിലയിടും

പെരുമ്പാവൂര്‍: നിവാസികളുടെ ചിരകാല ആവശ്യങ്ങളിലൊന്നായ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് നാളെ ശിലയിടുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരുങ്കുളം പുഞ്ചയില്‍ രാവിലെ 10 ന് മന്ത്രി മഞ്ഞളാംകുഴി അലി ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യും. 
നാലു കോടി രൂപ മുടക്കി 18000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം 35 ലക്ഷം രൂപ മുടക്കി 250 പേര്‍ക്ക് ഇരിക്കാവുന്ന ഏ.സി കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.75 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം.
വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങുന്ന വയോമിത്രം പദ്ധതിയില്‍ 65 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരും ഉപഭോക്താക്കളായിരിക്കും. വൈദ്യ സഹായം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഒരു ഡോക്ടറും സ്റ്റാഫ് നഴ്‌സും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, ഡോ. കെ.എ  ഭാസ്‌ക്കരന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, ഷാജി സലിം, ആബിദ പരീത്, ഷൈല ഷറഫ്, ഡോ.ടി.പി അഷറഫ്, വി.പി ഖാദര്‍, രഘു പി.എസ്, സെക്രട്ടറി ടി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

17.05.2015-മംഗളം

No comments: