Thursday, September 29, 2011

സൃഷ്ടികള്‍ ക്ഷണിയ്ക്കുന്നു

ഇ-ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിയ്ക്കുന്ന വെബ്പോര്‍ട്ടലിലേയ്ക്ക്‌ സര്‍ഗ്ഗ രചനകള്‍ ക്ഷണിയ്ക്കുന്നു.   കഥ, കവിത എന്നിവയ്ക്കു പുറമെ സിനിമ, സംഗീതം തുടങ്ങി എന്തു വിഷങ്ങളെ പറ്റിയും എഴുതാം.  സൃഷ്ടികള്‍ തപാലിലും ഇമെയിലിലും അയയ്ക്കാം. രചനകള്‍ക്ക്‌ ഒപ്പം രചയിതാവിനെ പറ്റിയുള്ള ലഘുവിവരണം, പൂര്‍ണ്ണമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടാതെ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും വേണം. 

വിലാസം

എഡിറ്റര്‍, 
ഇലോകം ഓണ്‍ലൈന്‍. കോം,
പി. ബി നമ്പര്‍-48,
പി.എം. സി XV11/484-A-2, 
ഔഷധി ജംങ്ങ്ഷന്‍, 
കോര്‍ട്ട്‌ റോഡ്‌, 
പെരുമ്പാവൂറ്‍ -683542
ഫോണ്‍: 0484-2591051, 9020413887, 9961258068, 
email: mail@elokamonline.com,
www.elokamonline.com





Wednesday, September 28, 2011

സൌഹൃദ വടംവലി മത്സരം: നഗരപിതാവിനു മുന്നില്‍ എം.എല്‍. എയ്ക്ക്‌ അടിപതറി

പെരുമ്പാവൂറ്‍: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ സൌഹൃദ വടംവലി മത്സരത്തില്‍ നഗരപിതാവിണ്റ്റെ ടീമിനു മുന്നില്‍ എം.എല്‍.എയുടെ ടീമിനു അടി പതറി. 
തെറ്റിക്കോട്ടു ലെയ്ന്‍ റെസിഡന്‍സ്്‌ അസോസിയേഷനാണ്‌ ഓണാഘോഷ സമാപനപരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചത്‌. മത്സരത്തിനു ശേഷം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം മൂന്നാംവട്ടവും തെരഞ്ഞെടുപ്പ്‌ ഗോദായില്‍ വിജയം നേടിയ സാജുപോള്‍ എം.എല്‍.ഐ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രസിഡണ്റ്റ്‌ സി.കെ രാജേന്ദ്രപ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. കൌണ്‍സിലര്‍ എന്‍.എ ലുക്മാന്‍, ഒ മുഹമ്മദ്‌ കുഞ്ഞ്‌, കെ.ബി സിറാജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
തടര്‍ന്ന്‌ വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും നടന്നു. മുഹമ്മദ്‌ യാര്‍ഷിന്‍, കെ.പി മക്കാര്‍, വി.ആര്‍ മുരളി, എന്‍.വിജയകുമാര്‍, ഡോ. എന്‍.മുനീര്‍ അഹമ്മദ്‌, പി.വി മോഹന പണിയ്ക്കര്‍, സി.എം നൌഷാദ്‌, ടി.ഐ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 
മംഗളം 28.09.2011

Tuesday, September 27, 2011

അംഗന്‍വാടിയ്ക്കടുത്തു നിന്ന്‌ പെരുമ്പാമ്പിനെ പിടി കൂടി

പെരുമ്പാവൂറ്‍: കീഴില്ലം പെരുംചിറ അംഗന്‍വാടിയ്ക്കടുത്തു നിന്ന്‌ പെരുമ്പാമ്പിനെ പിടികൂടി. 
ഇവിടെനിന്ന്‌ കോഴികളേയും മറ്റും കാണാതാവുന്നത്‌ പതിവായിരുന്നു. കടപൂട്ടി മടങ്ങുമ്പോള്‍ മല്ലൂ ഹോട്ടല്‍ ഉടമ ശ്രീജിയാണ്‌ വഴിയില്‍ കുറുകെ കിടന്ന പാമ്പിനെ കണ്ടത്‌. അതേ തുടര്‍ന്നാണ്‌ പ്രദേശവാസികളായ ചന്ദ്രന്‍, ശ്രീജ, മനോജ്‌, ഗോപി, രവി തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ പാമ്പിനെപിടിച്ചത്‌. 
ഏകദേശം പന്ത്രണ്ട്‌ അടിയിലേറെ നീളവും ഇരുപത്തിയഞ്ച്‌ കിലോയോളം തൂക്കവുമുള്ള ഇതിനെ കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി എ.കെ രാജന്‍ രാത്രി മുഴുവന്‍ ഡ്രമ്മില്‍ സൂക്ഷിച്ചശേഷം വനം വകുപ്പ്‌ അധിക്യതര്‍ക്ക്‌ കൈമാറുകയായിരുന്നു. 

മംഗളം 27.09.2011

Sunday, September 25, 2011

മുപ്പത്തിമൂന്ന്‌ പേര്‍ക്ക്‌ മഞ്ഞപ്പിത്തം; ജയഭാരത്‌ കോളജ്‌ അടയ്ക്കാന്‍ നിര്‍ദ്ദേശം

 പെരുമ്പാവൂറ്‍: മുപ്പത്തിമൂന്നു പേര്‍ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന്‌ അറയ്ക്കപ്പടി ജയ്ഭാരത്‌ കോളജ്‌ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം.
വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബാബു സെയ്താലിയാണ്‌ കോളജ്‌ അധികൃതര്‍ക്ക്‌ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌. കോളജ്‌ ഹോസ്റ്റലിലും പുറത്ത്‌ വീടെടുത്തും താമസിയ്ക്കുന്ന പതിനൊന്ന്‌ കുട്ടികള്‍ക്ക്‌ കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇന്നലെ അത്‌ മുപ്പത്തി മൂന്നായി ഉയര്‍ന്നു. അതോടെയാണ്‌ കോളജ്‌ അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്‌. കോളജ്‌ അടച്ചുപൂട്ടുന്നതിനു മുമ്പുതന്നെ നിരവധി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടുപോയിരുന്നു. 
അതേസമയം ഏഴു പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു. മറ്റുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക്‌ അയച്ചിരിയ്ക്കുകയാണ്‌.
പല വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക്‌ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. രോഗം ബാധിച്ച്‌ പെരുമ്പാവൂറ്‍ മേഖലയില്‍ ഇതിനോടകം രണ്ടുപേരാണ്‌ മരിച്ചത്‌.
മംഗളം 25.9.2011

Tuesday, September 20, 2011

ഓഫീസ്‌ പെരുമ്പാവൂരില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇലോകം ഓണ്‍ലൈന്‍.കോം ഓഫീസ്‌ ഈ ആഴ്ച പെരുമ്പാവൂരില്‍ പ്രവര്‍ത്തനം തുടങ്ങും.
ഓഫീസ്‌ ലാണ്റ്റ്‌ മാര്‍ക്ക്‌, പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ അടക്കമുള്ള ഓഫീസ്‌ വിലാസം, ഇ-മെയില്‍ വിലാസം തുടങ്ങിയവ എല്ലാം  http://perumbavoornews.blogspot.com  ബ്ളോഗിലൂടെ അറിയിയ്ക്കും.
സര്‍ഗ്ഗാത്മകതയുടെ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം

Sunday, September 18, 2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ ഒരുക്കങ്ങളായി

ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു
 പെരുമ്പാവൂറ്‍: ജില്ലയിലെ പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണത്തിനെതിരെ പ്രതികരിയ്ക്കാന്‍ കര്‍മ്മസമിതിയായി. അടുത്ത മാസം മുതല്‍ അനധികൃത പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ തുടര്‍ച്ചയായ സമരപരിപാടികള്‍ ആരംഭിയ്ക്കുമെന്ന്‌ ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
2002-ല്‍ സുപ്രീം കോടതി മരാധിഷ്ഠിത വ്യവസായങ്ങള്‍ അനുവദിയ്ക്കുന്നതിന്‌ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ അവഗണിയ്ക്കുകയാണെന്ന്‌ കര്‍മ്മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവില്‍ മായം ചേര്‍ത്താണ്‌ വനം വകുപ്പ്‌ ഇപ്പോള്‍ ഇത്തരം വ്യവസായങ്ങള്‍ക്ക്‌ എന്‍.ഒ.സി കൊടുക്കുന്നത്‌. പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട്‌ ഇവയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ രണ്ടംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറിയിരിയ്ക്കുകയാണ്‌ ഇപ്പോള്‍. പാര്‍പ്പിട മേഖലകളില്‍ പ്ളൈവുഡ്‌ കമ്പനികള്‍ അനുവദിയ്ക്കരുതെന്നും മതിയായ പരിസര മലിനീകരണ നിയന്ത്രണ-സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയുണ്ടാവുന്ന സാമൂഹ്യപ്രശ്നങ്ങല്‍ പരിഹരിയയ്ക്കാന്‍ നിയമങ്ങള്‍ പാലിയ്ക്കപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, റിപ്പോര്‍ട്ട്‌ അട്ടിമറിയ്ക്കാനുള്ള നീക്കങ്ങളിലാണ്‌ പ്ളൈവുഡ്‌ ലോബി. ഇവരുടെ സമ്മര്‍ദ്ദത്തിന്‌ സര്‍ക്കാര്‍ വഴങ്ങരുതെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 
കുന്നത്തുനാട്‌, ആലുവ, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പരിസ്ഥിതി സംഘനകളും റസിഡന്‍സ്‌ അസോസിയേഷനുകളും ചേര്‍ന്നാണ്‌ കര്‍മ്മസമിതി രൂപീകരിച്ചിരിയക്കുന്നത്‌. വറുഗീസ്‌ പുല്ലുവഴി (ചെയര്‍മാന്‍), കെ.എ ജയന്‍ (കണ്‍വീനര്‍), സി.കെ അബ്ദുള്ള, എന്‍.ആര്‍ ശ്രീധരന്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), ശിവന്‍ കദളി, പി.രാമചന്ദ്രന്‍ നായര്‍, എം.കെ ശശിധരന്‍ പിള്ള (ജോയിണ്റ്റ്‌ കണ്‍വീനര്‍മാര്‍), കെ.ആര്‍ നാരായണ പിള്ള (ട്രഷറര്‍) എന്നിവരാണ്‌ കര്‍മ്മസമിതിയുടെ ഭാരവാഹികള്‍. 
ഒക്ടോബര്‍ ആദ്യവാരം പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണത്തിനെതിരെ ജനകീയറാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ സമരപരിപാടികളുടെ തുടക്കം. ഇത്തരം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ ശ്വാശത പരിഹാരം ഉണ്ടാവുന്നതു വരെ സമരം തുടരുമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി, കണ്‍വീനര്‍ കെ.എ ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 
മംഗളം 18.09.2011

ഘോഷയാത്രകള്‍ കൊഴുക്കുമ്പോള്‍ യാത്രക്കാര്‍ വലയുന്നു; പെരുമ്പാവൂരില്‍ ഗതാഗത സ്തംഭനം പതിവായി

പെരുമ്പാവൂറ്‍: രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ ശക്തി തെളിയിയ്ക്കാന്‍ ഘോഷയാത്രകള്‍ക്ക്‌ കൊഴുപ്പു കൂട്ടുമ്പോള്‍ വലയുന്നത്‌ യാത്രക്കാര്‍. വിശ്വകര്‍മ്മ ദിനാഘോഷത്തോടനുബന്ധിച്ച്‌ ഇന്നലെ സംഘടിപ്പിച്ച പടുകൂറ്റന്‍ റാലി സംഘടനയ്ക്ക്‌ അഭിമാനമായപ്പോള്‍ ടൌണില്‍ ഒരു മണിക്കൂറിലേറെ ഗതാഗതസ്തംഭനം.
ബോയ്സ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ നിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി സമ്മേളന കേന്ദ്രമായ എന്‍.എസ്‌.എസ്‌ ഹാളിനു താഴെയാണ്‌ സമാപിച്ചത്‌. ഇതോടെ, പ്രധാന പാതകളായ ആലുവ-മൂന്നാര്‍ റോഡിലും എം.സി റോഡിലും വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. റാലിയ്ക്കിടയിലൂടെ വാഹനങ്ങളെ കടത്തിവിടാനോ, അതല്ലെങ്കില്‍ ഗതാഗതം വഴിതിരിച്ചു വിടാനോ ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പോലീസിന്‌ വീഴ്ച പറ്റി.
ഇതിനിടെ ഔഷധി കവലയില്‍ റാലിയ്ക്കിടയിലൂടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പോലീസ്‌ ശ്രമം നടത്തി. എന്നാല്‍ റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ റോഡിനു കുറുകെ നിന്ന്‌ മുദ്രാവാക്യം വിളികളോടെയാണ്‌ ഇതിനെതിരെ പ്രതികരിച്ചത്‌. അതോടെ ഘോഷയാത്ര യാത്രക്കാരെ വലയ്ക്കുന്ന റോഡ്‌ ഉപരോധം തന്നെയായി മാറി.
മംഗളം 18.09.2011

Saturday, September 17, 2011

സര്‍ഗവേദിയുടെ ഓണോഘോഷവും സാഹിത്യ സംഗമവും

 പെരുമ്പാവൂറ്‍: കോടനാട്‌ സര്‍ഗ്ഗവേദിയുടെ ഓണാഘോഷവും സാഹിത്യസംഗമവും നാളെ (18 ന്‌ )നടക്കും.
ഇതിണ്റ്റെ ഭാഗമായി മാര്‍ ഔഗേന്‍ ഹൈസ്കൂളില്‍ രാവിലെ 9 മുതല്‍ സുധാംശു അടിമാലി, ഹരിക്യഷ്ണന്‍ എന്നിവരുടെ നേത്യത്വത്തില്‍ സംഗീത സദസ്‌ നടക്കും. പത്തിന്‌ നടക്കുന്ന കഥയരങ്ങില്‍ ബാബു ഇരുമല, വിജയകുമാര്‍ കളരിയ്ക്കല്‍, സുരേഷ്‌ കീഴില്ലം എന്നിവര്‍ പങ്കെടുക്കും. 
ഉച്ചകഴിഞ്ഞ്‌ 1.30 ന്‌ ബാബു മാനിക്കാടിണ്റ്റെ പ്രഭാഷണം. തുടര്‍ന്ന്‌ ശശിധരന്‍ മൂവാറ്റുപുഴയുടെ പുല്ലാങ്കുഴല്‍ വാദനം എന്നിവയുണ്ടാകും. മൂന്നിന്‌ ഒ.എം യുസഫ്‌, കെ.എം രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കവിയരങ്ങും ശ്രീപ്രിയ ഷാജിയുടെ ചിത്രപ്രദര്‍ശനവും നടക്കും. 
ചടങ്ങില്‍ കെ.എ ബാലക്യഷ്ണന്‍ കുറിച്ചിലക്കോട്‌ (ചെണ്ട), എന്‍.ഡി.എന്‍ മേനോന്‍ (ബാലെ), ഹരിക്യഷ്ണന്‍ (സംഗീതം) എന്നിവരെ ആദരിയ്ക്കും.

പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം- റയോണ്‍പുരത്ത്‌ പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

 പെരുമ്പാവൂറ്‍: പരിസരമലിനീകരണമുണ്ടാക്കുന്ന റയോണ്‍പുരത്തെ പ്ളൈവുഡ്‌ കമ്പനിയില്‍ പരിശോധനയ്ക്കെത്തിയ നഗരസഭയിലെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പരിശോധന പ്രഹസനമാണെന്നു ആരോപിച്ചായിരുന്നു ഇത്‌.
പരാതിപ്പെടുമ്പോഴൊക്കെ പരിശോധന നടത്തുകയും എന്നാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാതിരിയ്ക്കുകയും ചെയ്യുന്നതിനെതിരെയാണ്‌ ഇന്നലെ നാട്ടുകാര്‍ പ്രതികരിച്ചത്‌. കമ്പനിയ്ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ ഉദ്യോഗസ്ഥരെ മടങ്ങാന്‍ അനുവദിച്ചത്‌.
രാവും പകലും ഭേദമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള ശബ്ദവും പുകയും നാട്ടുകാരെ വലയ്ക്കുന്നതായി പരാതിയുണ്ട്‌. തൊട്ടടുത്ത മദ്രസയില്‍ പഠിയ്ക്കുന്ന കുട്ടികളുടെ കേഴ്‌വിശക്തിയ്ക്ക്‌ സാരമായ തകരാറുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. പൊടിപടലങ്ങളും പുകയും മൂലം പരിസരവാസികള്‍ക്ക്‌ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചിട്ടുമുണ്ട്‌.
ഇതിനു പുറമെ കമ്പനി വളപ്പില്‍ ഇരുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിയ്ക്കുന്നതു വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. ഇവിടെ നിന്നുള്ള കക്കൂസ്‌ മാലിന്യങ്ങളും ആഹാര അവശിഷ്ടങ്ങളും തൊട്ടുചേര്‍ന്നുള്ള കനാലിലേയ്ക്കാണ്‌ തുറന്നുവിടുന്നത്‌. ഇത്‌ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്‌.
ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നേരില്‍ക്കണ്ട്‌ ബോഗദ്ധ്യപ്പെട്ടുവെങ്കിലും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഇന്നലെ പരിസരവാസികള്‍ പരിശോധനയ്ക്കെത്തിയവരെ തടഞ്ഞത്‌. കമ്പനിയുടെ ലൈസന്‍സ്‌ റദ്ദു ചെയ്യണമെനന്‌ ആവശ്യപ്പെട്ട്‌ വ്യവസായ മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്‌. 
മംഗളം 17.09.2011

Thursday, September 15, 2011

ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.
സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..  

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍  http://perumbavoornews.blogspot.com  ല്‍   നിന്ന്‌ ലഭിയ്ക്കും.

Wednesday, September 7, 2011

നെല്ലിക്കുഴിയിലേയ്ക്കൊരു ഓണപ്പാച്ചില്‍; വീടു നിറയെ ഗൃഹോപകരണങ്ങള്‍

സുരേഷ്‌ കീഴില്ലം

പെരുമ്പാവൂറ്‍: ഓണപ്പാച്ചില്‍ പച്ചക്കറി വാങ്ങാനും ഓണക്കോടി വാങ്ങാനും മാത്രമല്ല. പണിതുയര്‍ത്തുന്ന സ്വപ്നവീടുകളില്‍ ആഡംബര ഫര്‍ണീച്ചറുകള്‍ കൊണ്ട്‌ നിറയ്ക്കാന്‍ കൂടിയാണ്‌.
വീട്ടിലേയ്ക്കു കയറുമ്പോള്‍ പിടികിട്ടുന്ന വീട്ടുകാരുടെ പ്രൌഢിയുടെ മാറ്റു കൂട്ടാന്‍ ഒന്നാന്തരം ഫര്‍ണീച്ചര്‍ കൂടിയെ കഴിയൂ. അതുകൊണ്ടു തന്നെ പോക്കറ്റിണങ്ങുന്ന പുത്തന്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാനത്തിണ്റ്റെ മഹാനഗരങ്ങളില്‍ നിന്നു പോലും ആളുകള്‍ ഓടിയെത്തുന്ന ഒരിടമുണ്ട്‌.
നെല്ലിക്കുഴി.
ഹൈറേഞ്ചിണ്റ്റെ കവാടമായ കോതമംഗലത്തോടു ചേര്‍ന്ന ഈ പ്രദേശം പലയിനം ഫര്‍ണീച്ചറുകളുടെ പ്രദര്‍ശന ശാല കൂടിയാണ്‌. ഇരുന്നൂറ്റിയമ്പതോളം ഫര്‍ണീച്ചര്‍ സ്ഥാപനങ്ങളാണ്‌ നെല്ലിക്കുഴിയിലുള്ളത്‌. പ്രധാന റോഡിന്‌ അഭിമുഖമായി കമനീയമായി അലങ്കരിച്ചവ തൊട്ട്‌ വീടുകളോട്‌ ചേര്‍ന്ന ഷെഡുകളില്‍ വരെ ഫര്‍ണീച്ചര്‍ വില്‍പന തകൃതി. രാവിലെ എട്ടു മണിയോടെ ആരംഭിയ്ക്കുന്ന ഫര്‍ണീച്ചര്‍ വ്യാപാരം രാത്രി പത്തുമണിയോടെ അവസാനിയ്ക്കുന്നത്‌ മനസ്സില്ലാമനസ്സോടെ.
ഏതു സാമ്പത്തിക ശേഷിയുള്ളവര്‍ക്കും നെല്ലിക്കുഴിയില്‍ വന്ന്‌ ഫര്‍ണീച്ചര്‍ വാങ്ങാനാകുമെന്നതാണ്‌ പ്രത്യേകത. കുറഞ്ഞ വിലയുള്ള തടിയുത്പന്നങ്ങല്‍ വേണ്ടവര്‍ക്ക്‌ അത്തരത്തിലൊന്ന്‌ തെരഞ്ഞെടുക്കാം. മഹാഗണി, മാഞ്ചിയം, അക്കേഷ്യ എന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളും എത്ര വേണമെങ്കിലും ഇവിടെ കിട്ടും. അതല്ല, ഈട്ടിയും തേക്കുമൊക്കെ തന്നെ വേണ്ടവര്‍ക്ക്‌ അതും കിട്ടും.
പ്രധാനമായും രണ്ടിനം തേക്ക്‌ ഇവിടെ ഉപയോഗിയ്ക്കുന്നു. നാടന്‍ തേക്കും ഡിപ്പോ തേക്കും. പുരയിടങ്ങളില്‍ നിന്ന്‌ വെട്ടിയെടുക്കുന്ന തേക്കും കാടിണ്റ്റെ ഊറ്റമുള്ള തേക്കും. ഡിപ്പോ തേക്കു കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ വേണമെങ്കില്‍ അതനുസരിച്ചുള്ള വില കൊടുക്കേണ്ടി വരും.
ഗൃഹോപകരണങ്ങളില്‍ ജനപ്രിയ ഇനം സെറ്റികള്‍ തന്നെ. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആഡംബര സെറ്റികള്‍ ഇവിടെ സുലഭം. പഴശ്ശിരാജ, തുര്‍ക്കി മോഡലുകള്‍ക്കാണ്‌ സാധാരണക്കാര്‍ക്കിടയില്‍ ഡിമാണ്റ്റ്‌. പോക്കറ്റിനു കനമുണ്ടെങ്കില്‍ ഉത്തര്‍ പ്രദേശ്‌ മോഡല്‍ നോക്കാം. എറണാകുളം പോലുള്ള സിറ്റികളില്‍ ഒരു ലക്ഷത്തിലേറെ വിലയുള്ള ഈ മോഡല്‍ നെല്ലിക്കുഴിയില്‍ ചീപ്പായിവാങ്ങാം. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയുള്ള വിലയെ വരൂ.
സെറ്റി മാത്രമല്ല, കട്ടില്‍, ഡൈനിങ്ങ്‌ ടേബിള്‍, ദിവാന്‍ കോട്ട്‌, ടിപ്പോയ്‌, ടി.വി സ്റ്റാണ്റ്റ്‌ എന്നിങ്ങനെ ഏതു ഗൃഹോപകരണവും നെല്ലിക്കുഴിയില്‍ കിട്ടും. ദിവാന്‍ കോട്ടുകളിലും യു.പി മോഡലിനാണ്‌ ഇപ്പോള്‍ ആധിപത്യം.
ഉത്തര്‍പ്രദേശുകാരാണ്‌ പണിക്കാരില്‍ ഏറെയും. യു.പിയില്‍ നിന്ന്‌ കൊണ്ടുവന്ന കട്ടിങ്ങ്‌ മെഷ്യന്‍ പ്രചാരത്തിലായതോടെ നിര്‍മ്മാണം അനായാസമായി. തടിയുത്പന്നങ്ങളുടെ വിലയും കുറഞ്ഞു.
എന്നാല്‍, തടിയില്‍ തീര്‍ത്ത ഗൃഹോപകരണങ്ങള്‍ മാത്രമേ നെല്ലിക്കുഴിയില്‍ കിട്ടു എന്നു വിചാരിച്ചാല്‍ തെറ്റി. ഏറ്റവും പുതിയകാലത്തെ ട്രെണ്റ്റായ ഫുള്‍ കവര്‍ അപ്പോള്‍സ്റ്ററി ചെയ്ത സെറ്റികളും, മറ്റ്‌ ഇറക്കുമതി ഫര്‍ണീച്ചറുകളും ഇവിടെ കിട്ടും. ഇത്തരം പുത്തന്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോറൂമുകളും ദിനം പ്രതി ഏറി വരികയാണ്‌. സിറ്റികളിലെ ഷോറൂമിനേക്കാള്‍ വില കുറവു തന്നെ പ്രധാന വില്‍പന തന്ത്രം.
വിലക്കുറവിലൂടെ വിപണി പിടിയ്ക്കുന്ന ചൈനീസ്‌ ഐറ്റങ്ങളും ഈ ഗൃഹോപകരണ ലോകത്തുണ്ട്‌. സ്റ്റീലിലും പ്ളൈവുഡിലും തീര്‍ത്തവയാണ്‌ പ്രധാനമായും ചൈനീസ്‌ ഫര്‍ണീച്ചറുകള്‍. ഇതില്‍ കുട്ടികളുടെ പഠനമേശകള്‍ക്കും കുട്ടിക്കസേരകള്‍ക്കുമാണ്‌ ഏറെ പ്രിയം. ഇവയ്ക്കു പുറമെ ഡൈനിങ്ങ്‌ ടേബിള്‍, ഓഫീസ്‌ ചെയറുകള്‍, അലമാരകള്‍ എന്നിവയിലും ചീനാ തരംഗമുണ്ട്‌.

മംഗളം 7.9.2011

Saturday, September 3, 2011

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നു.
കാത്തിരിയ്ക്കുക