Saturday, September 17, 2011

പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം- റയോണ്‍പുരത്ത്‌ പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

 പെരുമ്പാവൂറ്‍: പരിസരമലിനീകരണമുണ്ടാക്കുന്ന റയോണ്‍പുരത്തെ പ്ളൈവുഡ്‌ കമ്പനിയില്‍ പരിശോധനയ്ക്കെത്തിയ നഗരസഭയിലെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പരിശോധന പ്രഹസനമാണെന്നു ആരോപിച്ചായിരുന്നു ഇത്‌.
പരാതിപ്പെടുമ്പോഴൊക്കെ പരിശോധന നടത്തുകയും എന്നാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാതിരിയ്ക്കുകയും ചെയ്യുന്നതിനെതിരെയാണ്‌ ഇന്നലെ നാട്ടുകാര്‍ പ്രതികരിച്ചത്‌. കമ്പനിയ്ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ ഉദ്യോഗസ്ഥരെ മടങ്ങാന്‍ അനുവദിച്ചത്‌.
രാവും പകലും ഭേദമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള ശബ്ദവും പുകയും നാട്ടുകാരെ വലയ്ക്കുന്നതായി പരാതിയുണ്ട്‌. തൊട്ടടുത്ത മദ്രസയില്‍ പഠിയ്ക്കുന്ന കുട്ടികളുടെ കേഴ്‌വിശക്തിയ്ക്ക്‌ സാരമായ തകരാറുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. പൊടിപടലങ്ങളും പുകയും മൂലം പരിസരവാസികള്‍ക്ക്‌ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചിട്ടുമുണ്ട്‌.
ഇതിനു പുറമെ കമ്പനി വളപ്പില്‍ ഇരുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിയ്ക്കുന്നതു വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. ഇവിടെ നിന്നുള്ള കക്കൂസ്‌ മാലിന്യങ്ങളും ആഹാര അവശിഷ്ടങ്ങളും തൊട്ടുചേര്‍ന്നുള്ള കനാലിലേയ്ക്കാണ്‌ തുറന്നുവിടുന്നത്‌. ഇത്‌ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്‌.
ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നേരില്‍ക്കണ്ട്‌ ബോഗദ്ധ്യപ്പെട്ടുവെങ്കിലും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഇന്നലെ പരിസരവാസികള്‍ പരിശോധനയ്ക്കെത്തിയവരെ തടഞ്ഞത്‌. കമ്പനിയുടെ ലൈസന്‍സ്‌ റദ്ദു ചെയ്യണമെനന്‌ ആവശ്യപ്പെട്ട്‌ വ്യവസായ മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്‌. 
മംഗളം 17.09.2011

No comments: