പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, September 18, 2011

ഘോഷയാത്രകള്‍ കൊഴുക്കുമ്പോള്‍ യാത്രക്കാര്‍ വലയുന്നു; പെരുമ്പാവൂരില്‍ ഗതാഗത സ്തംഭനം പതിവായി

പെരുമ്പാവൂറ്‍: രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ ശക്തി തെളിയിയ്ക്കാന്‍ ഘോഷയാത്രകള്‍ക്ക്‌ കൊഴുപ്പു കൂട്ടുമ്പോള്‍ വലയുന്നത്‌ യാത്രക്കാര്‍. വിശ്വകര്‍മ്മ ദിനാഘോഷത്തോടനുബന്ധിച്ച്‌ ഇന്നലെ സംഘടിപ്പിച്ച പടുകൂറ്റന്‍ റാലി സംഘടനയ്ക്ക്‌ അഭിമാനമായപ്പോള്‍ ടൌണില്‍ ഒരു മണിക്കൂറിലേറെ ഗതാഗതസ്തംഭനം.
ബോയ്സ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ നിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി സമ്മേളന കേന്ദ്രമായ എന്‍.എസ്‌.എസ്‌ ഹാളിനു താഴെയാണ്‌ സമാപിച്ചത്‌. ഇതോടെ, പ്രധാന പാതകളായ ആലുവ-മൂന്നാര്‍ റോഡിലും എം.സി റോഡിലും വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. റാലിയ്ക്കിടയിലൂടെ വാഹനങ്ങളെ കടത്തിവിടാനോ, അതല്ലെങ്കില്‍ ഗതാഗതം വഴിതിരിച്ചു വിടാനോ ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പോലീസിന്‌ വീഴ്ച പറ്റി.
ഇതിനിടെ ഔഷധി കവലയില്‍ റാലിയ്ക്കിടയിലൂടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പോലീസ്‌ ശ്രമം നടത്തി. എന്നാല്‍ റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ റോഡിനു കുറുകെ നിന്ന്‌ മുദ്രാവാക്യം വിളികളോടെയാണ്‌ ഇതിനെതിരെ പ്രതികരിച്ചത്‌. അതോടെ ഘോഷയാത്ര യാത്രക്കാരെ വലയ്ക്കുന്ന റോഡ്‌ ഉപരോധം തന്നെയായി മാറി.
മംഗളം 18.09.2011

No comments: