Friday, October 25, 2013

പ്ലൈവുഡ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ രായമംഗലം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഉപരോധവും നാളെ

സേവ് രായമംഗലം

പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പ്ലൈവുഡ്/പ്ലാസ്റ്റിക് മലിനീകരണങ്ങള്‍ക്കെതിരെ നാളെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കും. 
രാവിലെ 10 ന് മുടത്തോട് ജംഗ്ഷനില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി.സി സിറിയക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടായിരത്തോളം പഞ്ചായത്ത് നിവാസികള്‍ ചേര്‍ന്ന് ഓഫീസ് ഉപരോധിക്കും. 
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കളക്ടറേറ്റുപടിക്കല്‍ നടത്തിയ സമരത്തെ തുടര്‍ന്നുണ്ടായ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സേവ് രായമംഗലം പ്രക്ഷോഭ പരിപാടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം പരിസ്ഥിതി പ്രവര്‍ത്തകര്‍ കാല്‍ നടപ്രചരണ ജാഥ നടത്തിയിരുന്നു. നാളെ നടക്കുന്ന ഉപരോധത്തെ തുടര്‍ന്ന് ഈ മാസം 31 മുതല്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, ഭാരവാഹികളായ ജിസ് എം കോരത്, പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
രണ്ടായിരത്തിലധികം പ്ലൈവുഡ് പ്ലാസ്റ്റിക് കമ്പനികളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവയില്‍ പകുതിയോളം അനധികൃതമായി പാടം നികത്തിയും പൊതുവഴികള്‍ കയ്യേറിയുമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും 150 ലേറെ കമ്പനികള്‍ മലിനീകരണ നിയന്ത്രണ ദൂര പരിധി മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മംഗളം 25.10.2013

1 comment:

Unknown said...

നമ്മുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ എത്ര ആളുകള ആണ് കാൻസർ പോലുള്ള അസുഖങ്ങൾ വന്നിരിക്കുന്നത്? ഒരു നല്ല ഏജൻസിയെ കൊണ്ട് മലിനീകരണം അളന്നു നടപടികൾ എടുക്കണം. നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. എന്നാലേ നമ്മുടെ ഭാവി തലമുറയ്ക്ക് ശുദ്ധ വായുവും ജലവും ലഭിക്കുകയുള്ളൂ