പെരുമ്പാവൂര്‍: സി.പി.എം പിന്തുണയോടെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.പിയുടെ ഷിജി ഷാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ യു.ഡി.എഫില്‍ നിന്നും വിട്ടുപോന്ന സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗക്കാരിയാണ് ഷിജി ഷാജി.
ഒട്ടേറെ തകിടംമറിച്ചിലുകള്‍ക്കുശേഷം പഞ്ചായത്തിലെ ഈ ടേമിലെ മൂന്നാമത്തെ പ്രസിഡന്റായാണ് ഒന്നാം വാര്‍ഡ് മെമ്പറായ ഷിജി നേതൃത്വത്തിലെത്തിയത്. യു.ഡി.എഫ് ഭരണ സമിതിയില്‍ നിന്ന് ഷിജി ഷാജിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.എന്‍ രാജനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനേ തുടര്‍ന്നാണ് ഇവിടെ ഭരണ മാറ്റത്തിന് കളമൊരുങ്ങിയത്.
പതിന്നാല് അംഗ ഭരണ സമിതിയില്‍ ഇരു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ തുല്യ നിലയായിരുന്നു. നറുക്കെടുപ്പിലൂടെ സി.പി.എമ്മിന്റെ കെ.എസ് സൗദാബീവിയും സുജു ജോണിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തി. എന്നാല്‍ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. കെ.എസ് സൗദാബീവി വോട്ടവകാശമില്ലാത്ത പഞ്ചായത്ത് അംഗമായി മാറി.
ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന് ഇവിടെ അവസരം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഡെയ്‌സി തോമസ് പ്രസിഡന്റായും സി.എം.പിയുടെ വി.എന്‍ രാജന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സംസ്ഥാന തലത്തില്‍ യു.ഡി.എഫിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പഞ്ചായത്തുതലത്തില്‍ സി.എം.പി അംഗങ്ങള്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി സെക്രട്ടറി എന്‍.എന്‍ കുഞ്ഞ് അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് നല്‍കി. അവിശ്വാസം പ്രമേയം ചര്‍ച്ച ചെയ്യാനിരുന്നതിന്റെ തലേ ദിവസം ഡെയ്‌സി തോമസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബിന്ദു നാരായണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചത്. ഷിജി ഷാജി എട്ട് വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അഞ്ച് വോട്ടുകളാണ് ലഭിച്ചത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി.ഡയറക്ടര്‍ എ.കെ ബാവയായിരുന്നു വരണാധികാരി. വരണാധികാരിയ്ക്ക് മുന്നില്‍ സത്യപ്രതിജ്ഞയെടുത്ത് പുതിയ പ്രസിഡന്റ് ഇന്നലെ തന്നെ ചുമതലയേറ്റെടുത്തു.
മംഗളം 15.05.2014
No comments:
Post a Comment