പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, September 17, 2012

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മലയാറ്റൂര്‍ വനം ഡിവിഷനില്‍


പെരുമ്പാവൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ വനം ഡിവിഷനില്‍ കണ്ടെത്തി. 
തുണ്ടത്തില്‍ റേഞ്ച് റേപ്പാറ ഭാഗത്ത് ഒറ്റക്കല്ലന്‍ മേഖലയിലാണ് 765 സെ.മി വണ്ണമുള്ള കൂറ്റന്‍ തേക്ക് കണ്ടെത്തിയത്. ഇതിന്റെ ഉയരം സ്ഥിരീകരിച്ചിട്ടില്ല. നാല്‍പതു മീറ്ററിന് മുകളില്‍ ഉയരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഭൂകണ്ഡത്തിലെ ഏറ്റവും വലിയ തേക്ക് പറമ്പിക്കുളം വനമേഖലയിലാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇവിടെയുള്ള കന്നിമാറ തേക്കിന് 648 സെ.മി വണ്ണമാണ് ഉള്ളത്. നാല്‍പ്പത്തിയെട്ടു മീറ്ററോളം ഉയരമുണ്ട്. എന്നാല്‍ കുട്ടമ്പുഴ റേഞ്ചില്‍ പെട്ട ഇടമലയാര്‍ റേഞ്ചിന് കീഴിലുള്ള കപ്പായം മേഖലയില്‍ 730 സെ.മി വണ്ണമുള്ള തേക്ക് കണ്ടെത്തിയിരുന്നു. മുപ്പത്തിയെട്ടു മീറ്ററാണ് ഉയരം. അതിലും ഏറെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള തേക്ക്.
പറമ്പിക്കുളത്തെ തേക്ക് കാണാന്‍ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. എന്നാല്‍ മലയാറ്റൂര്‍ ഡിവിഷനിലെ വനാന്തരത്തില്‍ നില്‍ക്കുന്ന തേക്കുകള്‍ കാണാന്‍ എളുപ്പമല്ല. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെ ഇടമലയാര്‍ തടാകത്തിലൂടെ ബോട്ടില്‍ പതിനഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമാണ് കപ്പായത്തുള്ള തേക്കിന് അടുത്ത് എത്താനാകൂ. റേപ്പാറയില്‍ എത്തണമെങ്കില്‍ ഇടമലയാര്‍ ഡാമില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം ബോട്ടില്‍ പോയതിന് ശേഷം അരമണിക്കൂറിലേറെ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും.
ഈറ്റ തൊഴിലളിയായ എ.ജെ ആന്റണി ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ ബി.എന്‍ നാഗരാജ്, റേഞ്ച് ഓഫീസര്‍ ജോസ് പണിയ്ക്കര്‍, ഫോറസ്റ്റര്‍ ആര്‍ മധുസൂദനന്‍, ഗാര്‍ഡ് കെ.കെ മനോജ്, ഡ്രൈവര്‍ പി.ഡി ബിജു, വാച്ചര്‍ കെ.ജെ അബ്രഹാം തുടങ്ങിയവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് തേക്കിന്റെ വലിപ്പം സ്ഥിരീകരിച്ചത്.

മംഗളം 17.09.2012 

No comments: