പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, May 21, 2013

മലയാളി നഴ്‌സുമാര്‍ ഇന്ത്യയുടെ ബ്രാന്റ് അമ്പാസിഡര്‍മാര്‍: സാജുപോള്‍ എം.എല്‍.എ


പെരുമ്പാവൂര്‍: ആന്റമാന്‍ തൊട്ട് അമേരിക്ക വരെയുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്റ് അമ്പാസിഡര്‍മാര്‍ മലയാളി നഴ്‌സുമാരാണെന്ന് സാജുപോള്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. 
എവിടേയും അവര്‍ക്ക് അദ്ധ്യാപകര്‍ക്ക് കിട്ടാറുള്ളതുപോലുള്ള സ്‌നേഹബഹുമാനങ്ങളും പരിഗണനയുമുള്ളതായി തനിയ്ക്ക് വിവിധ ദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ലോണ്‍ കിട്ടാതെയും കിട്ടിയാല്‍ത്തന്നെ കടക്കെണിയില്‍ പെടുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് കുമുദ, മംഗളം ദിനപ്പത്രവുമായി ചേര്‍ന്ന് മാതൃകാപരമായ വിദ്യാഭ്യാസ സഹായപദ്ധതിയ്ക്ക് രൂപംനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ വലിയ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ആവശ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊപ്പം മംഗളം ചുരുങ്ങിയ നാളുകള്‍കൊണ്ട് വലിയൊരു പ്രസ്ഥാനമായി മാറിയെന്നും ചെയര്‍മാന്‍ നിരീക്ഷിച്ചു.
മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍ പോള്‍ മാത്യു ആമുഖ പ്രഭാഷണവും ഡോ.കെ.എ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണവും നടത്തി. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും അരുണ്‍രാജ് എന്‍ ബി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ശില്‍പശാല കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ ഡി ശിവലിംഗപ്പ, എ നരസിംഹപ്പ, ആലീസ് സോഫിയ എന്നിവര്‍ ചേര്‍ന്ന് നയിച്ചു.

മംഗളം 20.05.2013

No comments: