Tuesday, June 30, 2009

മദ്ധ്യസ്ഥതയ്ക്ക്‌ എത്തിയ ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

02.03.09
പെരുമ്പാവൂറ്‍: ബാലികകയ്ക്ക്‌ ചികിത്സ മുടങ്ങിയ സംഭവത്തില്‍ മദ്ധ്യസ്ഥതയ്ക്ക്‌ എത്തിയ ജനപ്രതി നിധിയ്ക്കെതിരെ കയ്യേറ്റ ശ്രമം.
വാഴക്കുളം ഗ്രാമപഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.പി സന്തോഷിനു നേരെയാണ്‌ കയ്യേറ്റശ്രമം നടന്നത്‌. ഏറെ സാദ്ധ്യതകളുള്ള ആശുപത്രി അനുദിനം പരാധീനതകളിലേയ്ക്ക്‌ പോകുമ്പോഴും ഇടപെടാത്ത ജനപ്രതിനിധികള്‍ ആശുപത്രി അധികൃതരെ ന്യായീകരിയ്ക്കാന്‍ ശ്രമിച്ചതാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. ആശുപത്രി സ്ഥിതി ചെയ്യുന്ന വെങ്ങോല പഞ്ചായത്ത്‌ ഭരിയ്ക്കുന്നത്‌ എല്‍.ഡി.എഫാണ്‌. ഇടതുമന്ത്രി സഭ അംഗമായ ശ്രീമതി ടീച്ചര്‍ നടത്തിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിണ്റ്റെ പേരില്‍ നടത്തിയ പാഴ്പ്രഖ്യാപനങ്ങളും ജനത്തെ ചൊടിപ്പിച്ചു.

സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിയ ബാലികയ്ക്ക്‌ ചികിത്സ മുടങ്ങി

ജീവനക്കാര്‍ ആരുമുണ്ടായില്ല ; ആശുപത്രി അടച്ചുപൂട്ടണമെന്ന്‌ നാട്ടുകാര്‍
02.03.2009
പെരുമ്പാവൂറ്‍:രണ്ടുവര്‍ഷം മുമ്പ്‌ ആരോഗ്യ വകുപ്പുമന്ത്രി മാതൃക ആശുപത്രിയായി പ്രഖ്യാപിച്ച വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബാലികയ്ക്ക്‌ ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. പ്രകോപിതരായി തടിച്ചുകൂടിയ നാട്ടുകാര്‍ ആശുപത്രി അടച്ചുപൂട്ടാനൊരുങ്ങി.
ഇന്നലെ വൈകിട്ട്‌ ഏഴിനാണ്‌ സംഭവം. ഓണംകുളം പിങ്കിമലയില്‍ അനിലിണ്റ്റെ മകള്‍ അമ്മു (8) വിനാണ്‌ ചികിത്സ ലഭിയ്ക്കാത്തത്‌. പനിയും ശ്വാസം മുട്ടലുമുള്ള അമ്മുവിനെ ഈ ആശുപത്രിയിലെ ഡോ.രാധാകൃഷ്ണനാണ്‌ ചികിത്സിച്ചിരുന്നത്‌. താലൂക്ക്‌ ആശുപത്രിയില്‍ കൂടി ചുമതലയുള്ള ഡോക്ടറെ അമ്മുവിണ്റ്റെ രക്ഷിതാക്കള്‍ പെരുമ്പാവൂരിലുള്ള വീട്ടില്‍ കൊണ്ടുചെന്നാണ്‌ കാണിച്ചത്‌. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ ആവികൊള്ളിയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച്‌ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഒരു വാച്ചര്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്‌. തൊട്ടടുത്ത്‌ താമസിയ്ക്കുന്ന നഴ്സിനെ വീട്ടില്‍ ചെന്ന്‌ വിളിച്ചെങ്കിലും ഡ്യൂട്ടികഴിഞ്ഞതിനാല്‍ എത്താനാവില്ലെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടിയത്‌. ആശുപത്രി ബലമായി മറ്റൊരു താഴുപയോഗിച്ച്‌ പൂട്ടാന്‍ തീരുമാനിച്ചെങ്കിലും അകത്ത്‌ രോഗികള്‍ ഉള്ളതിനാല്‍ അത്‌ ചെയ്തില്ല. മെഡിയ്ക്കല്‍ ഓഫീസര്‍ ഡോ.സുഹിത എത്തി കുട്ടിയക്ക്‌ ചികിത്സ നല്‍കിയ ശേഷമാണ്‌ നാട്ടുകാര്‍ പിരിഞ്ഞത്‌. പെരുമ്പാവൂറ്‍ പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.
ആറു ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആതുരാലയത്തില്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും നാലു നഴ്സുമാരുമാണുള്ളത്‌. അതില്‍ ഒരു നഴ്സ്‌ ട്രെയിനിങ്ങിന്‌ പോയതും മറ്റൊരാള്‍ സ്ഥലം മാറിപ്പോയതുമാണ്‌ പ്രശ്നമായതെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ്‌ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഈ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേയ്ക്ക്‌ ഉയര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എന്‍.എച്ച്‌.ആര്‍.എം ഫണ്ടില്‍ നിന്ന്‌ ഇവിടേയ്ക്ക്‌ ഒരു കോടി രൂപ ധനസഹായമായി അനുവദിച്ചു. ഇതില്‍ ഇരുപതു ലക്ഷം ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത്‌ കാര്യക്ഷമമായല്ല ഉപയോഗിച്ചതെന്ന്‌ മുന്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ശിവന്‍ കദളി ചൂണ്ടിക്കാട്ടി.
നിരവധി രോഗികളെ കിടത്തി ചികിത്സിയ്ക്കാന്‍ സൌകര്യമുള്ള ആശുപത്രിയിലാണ്‌ ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയത്‌. സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതിനാല്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മുമ്പ്‌ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത്‌ പനി മരണം സംഭവിച്ചത്‌ വാര്‍ത്തയായിരുന്നു. ആശുപത്രിയുടെ ദയനീയാവസ്ഥയെ പറ്റി നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ മുമ്പ്‌ അമൃത ആശുപത്രിയില്‍ നിന്നും മറ്റും താത്കാലികമായി രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ്‌ ആഴ്ചകളായി ആലുവ താലൂക്ക്‌ ആശുപത്രിയിലേയക്ക്‌ മാറ്റിയതും വിവാദമായിരുന്നു.

പെരുമ്പാവൂറ്‍ നഗരസഭ വൈസ്ചെയര്‍മാനെതിരെ അവിശ്വാസം

28.02.2009
പെരുമ്പാവൂറ്‍: നഗരസഭ വൈസ്‌ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഈ മാസം 12-ന്‌ നടക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച്‌ യു.ഡി.എഫിനോട്‌ വിലപേശി വൈസ്‌ ചെയര്‍മാന്‍ സ്ഥാനം നേടിയ ഇ.എസ്‌ സുഗുണനെതിരെയാണ്‌ അവിശ്വാസ പ്രമേയം വരുന്നത്‌. ജനാധിപത്യ മര്യാദകള്‍ മറന്ന്‌ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിയ്ക്കുന്നുവെന്നതാണ്‌ സുഗുണനെതിരെയുള്ള പ്രധാന ആരോപണം.
മുനിസിപ്പല്‍ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക്‌ ഉപയോഗപ്പെടും മട്ടില്‍ പതിനൊന്നാം വാര്‍ഡിലെ അംഗന്‍വാടിയ്ക്ക്‌ ചുറ്റുമതില്‍ കെട്ടിക്കൊടുത്ത സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇത്‌ തടഞ്ഞ കൌണ്‍സിലര്‍ മഞ്ജുകൃഷ്ണനോട്‌ വൈസ്ചെയര്‍മാന്‍ തട്ടിക്കയറിയതും വിവാദമായി. യു.ഡി.എഫ്‌ അംഗങ്ങളായ എസ്‌.ഷറഫ്‌, പി.ഇ നസീര്‍, അബ്ദുള്‍ഖാദര്‍ എന്നിവര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ്‌ എല്‍.ഡി.എഫിണ്റ്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സുഗുണനോട്‌ എല്‍.ഡി.എഫിന്‌ മധുരമായി പ്രതികാരം വീട്ടാം. എസ്‌.ഷറഫും പി.ഇ നസീറും സുഗുണനെതിരെ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനെ സമീപിച്ചതായും സൂചനകളുണ്ട്‌. നാലുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാമെന്നാണ്‌ തങ്കച്ചന്‍ നല്‍കിയ ഉറപ്പ്‌ എന്നറിയുന്നു.
നിലവില്‍ സ്‌ററാണ്റ്റിംങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഇവരില്‍ ഷറഫ്‌ വൈസ്ചെയര്‍മാന്‍ പദം ആഗ്രഹിയ്ക്കുന്നുണ്ടെന്നും അറിയുന്നു. ഈ ആബ്രഹത്തിന്‌ വളംവയ്ക്കാനാണ്‌ എള്‍.ഡി.എഫിണ്റ്റെ തീരുമാനംം. അതുവഴി സുഗുണനെ പുറത്താക്കുക എന്ന അജണ്ട നടപ്പാകും

ജനജീവിതം ദുസ്സഹമാക്കിയ പകലോമറ്റത്തെ ക്രഷറുകള്‍ക്ക്‌ നിരോധനം




28.02.2009

പെരുമ്പാവൂറ്‍: ജനജീവിതം ദുസ്സഹമാക്കി കീഴ്മാട്‌ ഗ്രാമപഞ്ചായത്തിലെ പകലോമറ്റത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന മെറ്റല്‍ ക്രഷറുകള്‍ക്ക്‌ നിരോധനം.

ആലുവ-പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി റോഡില്‍ നിന്ന്‌ പൊന്നാട്ട്‌ കവലയിലേയ്ക്കുള്ള വീതി കുറഞ്ഞ എസ്റ്റേറ്റ്‌ റോഡിനിരുവശത്തുമായി പ്രവര്‍ത്തിയക്കുന്ന രണ്ടു മെറ്റല്‍ ക്രഷറുകളുടെ പ്രവര്‍ത്തനമാണ്‌ ജില്ലാകളക്ടര്‍ തടഞ്ഞത്‌. കെ.എം പക്കുവിണ്റ്റെ ഉടമസ്ഥതയിലുള്ള കടവില്‍ എണ്റ്റര്‍പ്രൈസസ്‌, ടി.കെ അഹമ്മദ്‌ ഷെറിഫിണ്റ്റെ ഉടമസ്ഥതയിലുള്ള പുത്തന്‍പുര ഗ്രാനൈറ്റ്‌ എന്നി സ്ഥാപനങ്ങളാണ്‌ ഇവ. രണ്ടുസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ വേണ്ടി ഡപ്യൂട്ടി കളക്ടര്‍ എസ്‌.ഷാനവാസാണ്‌ കീഴ്മാട്‌ ഗ്രാമപഞ്ചായത്തിനോട്‌ രേഖാ മൂലം ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌.

മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ നിബന്ധനകള്‍ കാറ്റില്‍പറത്തി പാറപൊട്ടിയ്ക്കുന്ന ക്രഷറും സിമണ്റ്റ്‌ ഹോളോബ്രിക്സ്‌ യൂണിറ്റും രാപ്പകല്‍ പ്രവര്‍ത്തിയ്ക്കുന്നതു മൂലം പൊടിശല്യവും ശബ്ദമലിനീകരണവും ഇവിടെ രൂക്ഷമായിരുന്നു. മുന്നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മോസ്കോ കോളനിയില്‍ ക്രഷറില്‍ നിന്നുള്ള പാറപ്പൊടി കൊണ്ടുവന്ന്‌ തള്ളുന്നതും പതിവായിരുന്നു. പരിസരവാസികള്‍ക്ക്‌ അലര്‍ജി, ആസ്ത്മ, ചെവി അടയ്ക്കല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. ശബ്ദശല്യം മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിയ്ക്കാനോ, പരിസരവാസികള്‍ക്ക്‌ രാത്രി സ്വസ്ഥമായി കിടന്ന്‌ ഉറങ്ങാനോ കഴിയുമായിരുന്നില്ല. ചെറിയ മോട്ടോറില്‍ പ്രവര്‍ത്തിയ്ക്കുന്നതായി അധികാരികളെ തെറ്റിദ്ധരിപ്പിച്ച്‌ വന്‍കുതിരശക്തിയുള്ള മോട്ടോറുകളാണ്‌ ഇവിടെ പ്രവര്‍ത്തിപ്പിയ്ക്കുന്നതെന്നും പരാതിയുണ്ടായിരുന്നു.

ചാലയ്ക്കല്‍ തെക്കും ഭാഗം നിവാസികള്‍ പകലോമറ്റം ബസ്സ്്റ്റോപ്പിലേയ്ക്കും പെരിയാറില്‍ ഗ്രാമപഞ്ചായത്ത്‌ നിര്‍മ്മിച്ച കുളിക്കടവുകളിലേയ്ക്കും പോകുന്ന എസ്റ്റേറ്റ്‌ റോഡിലൂടെ വ്യവസായങ്ങള്‍ക്കുള്ള വലിയ വണ്ടികള്‍ ഓടിയതും പ്രശ്നമായി. രാവും പകലുമുള്ള ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടം മൂലം പരിസരവാസികള്‍ക്ക്‌ മാത്രം ഉപയോഗിയ്ക്കാനായി നിര്‍മ്മിച്ച ഈ റോഡ്‌ പൂര്‍ണമായി തകര്‍ന്നു. ഈ വഴിയ്ക്ക്‌ ഓട്ടോകള്‍ പോലും വരാത്ത സ്ഥിതിയായി. മൂന്നു മീറ്ററില്‍ താഴെ മാത്രം വീതിയുള്ള ഈ റോഡിലൂടെ ടിപ്പറുകള്‍ മരണപാച്ചില്‍ നടത്തുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്കരമായി. ഇതിനു പുറമെ ടിപ്പര്‍ കയറിയിറങ്ങി കോലോത്തുചിറയുടെ സംരക്ഷണ ഭിത്തിയും കലുങ്കും മാത്രമല്ല, വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്‌ ലൈനുകളും പൊട്ടിപ്പോകുന്നതും പതിവായി.

ഇക്കാര്യങ്ങള്‍ മംഗളം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിയക്കുന്ന ക്രഷറുകളുടെ പ്രവര്‍ത്തനം നിരോധിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ നല്‍കിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

ചെയര്‍പേഴ്സണ്‍ മിനിട്സ്‌ തിരുത്തി പെരുമ്പാവൂറ്‍ നഗരസഭ കൌണ്‍സില്‍യോഗം പ്രതിപക്ഷം മുടക്കി

27.2.2009
പെരുമ്പാവൂറ്‍: ചെയര്‍പേഴ്സണ്‍ മുനിസിപ്പല്‍ മുന്‍ കൌണ്‍സില്‍ യോഗത്തിണ്റ്റെ മിനിട്സ്‌ തിരുത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം മുടക്കി. നഗരസഭയുടെ അമ്പത്തിയാറുവര്‍ഷത്തെ ചരിത്രത്തിലാദ്യമാണ്‌ ഇത്തമൊരു സംഭവമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അഡ്വ.എന്‍.സി മോഹന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഡയസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയാണ്‌ പ്രതിപക്ഷം കൌണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയത്‌. പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴും അജണ്ട അവതരിപ്പിയ്ക്കാന്‍ ചെയര്‍പേഴ്സണ്‍ ശ്രമിച്ചെങ്കിലും കൌണ്‍സില്‍ യോഗം തുടരാനായില്ല.
കഴിഞ്ഞ 18-ന്‌ ചേര്‍ന്ന കൌണ്‍സിലില്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചുമതലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയുടെ ജില്ലാ പ്രസിഡണ്റ്റായിരുന്ന എം വസന്തന്‍ എന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന അഴിമതികളെ പറ്റി പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ്‌ കൌണ്‍സിലിണ്റ്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. കെട്ടിട നിര്‍മ്മാണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ കൈമടക്ക്‌ ആവശ്യപ്പെടുന്നുവെന്നായിരുന്നു ആരോപണം. ഇതിനോട്‌ ഭരണകക്ഷി അംഗങ്ങളും സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുമായ എസ്‌. ഷറഫ്‌, പി.ഇ നസീര്‍ എന്നിവരും യോജിച്ചതോടെ ഇദ്ദേഹത്തെ ചുമലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.
എന്നാല്‍ വസന്തനു പുറമെ നാലുപേരെ കൂടി പിറ്റേ ദിവസം ചുമതലയില്‍ നിന്ന്‌ മാറ്റി. നഗരസഭ രേഖകളില്‍ നിന്ന്‌ കൌണ്‍സില്‍ തീരുമാനം വെട്ടിമാറ്റുക കൂടി ചെയ്തതോടെ ഓഫീസിലെ കേവലം ഉദ്യോഗസ്ഥ പുനസംഘടന മാത്രമായി വസന്തനെതിരെയുള്ള നടപടി മാറി. ഇങ്ങനെ തന്ത്രപൂര്‍വ്വം അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. ഇന്നലെ നിശ്ചയിച്ചിരുന്ന അജണ്ടയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തപ്പോള്‍ സെക്രട്ടറി തയ്യാറാക്കിയ മിനിട്ടസ്‌ ചെയര്‍പേഴ്സണ്‍ വെട്ടിമാറ്റിയതും വ്യക്തമായി.
ഇതേ തുടര്‍ന്നാണ്‌ പ്രതിപക്ഷ അംഗങ്ങളായ എന്‍.സി മോഹന്‍, ടി.വി പത്മനാഭന്‍, പി.കെ ബൈജു, എം.പി സദാന്ദന്‍, സാറാമ്മ സണ്ണി, രാജശ്രീ പ്രേംകുമാര്‍, മഞ്ജുകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗം നടത്താന്‍ അനുവദിയ്ക്കാത്തത്‌.

ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു

25.02.2009
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 10.30-നാണ്‌ സംഭവം. പുളിയാമ്പിള്ളിയ്ക്കടുത്ത്‌ പഞ്ചായത്ത്‌ ശ്മശാനത്തിനു സമീപമാണ്‌ ഇന്നലെ മണ്ണെടുക്കാനുള്ള ശ്രമം നടന്നത്‌. ഇതിനു മുമ്പ്‌ രണ്ടുപ്രാവശ്യം ഇവിടെ മണ്ണെടുക്കാന്‍ ശ്രമം നടന്നെങ്കിലും അത്‌ നാട്ടുകാര്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു. ഇന്നലെ വീണ്ടും ഇവിടെ എത്തിയ മണ്ണെടുപ്പ്‌ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവം അറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ വെങ്ങോല വില്ലേജ്‌ ഓഫീസര്‍ സൈനബ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിയ പോലീസ്‌ മണ്ണെടുപ്പിന്‌ കൊണ്ടുവന്ന ജെ.സി.ബിയും ടിപ്പറും കസ്റ്റഡിയിലെടുത്തു.
മണ്ണെടുപ്പ്‌ നിരോധിച്ച ഗ്രാമപഞ്ചായത്താണ്‌ വെങ്ങോല. എന്നാല്‍ ഇവിടെ ഇപ്പോഴും മണ്ണുമാഫിയ സജീവമാണ്‌. വല്ലാര്‍പ്പാടത്തേയ്ക്ക്‌ മണ്ണു കൊണ്ടുപോകാനുള്ള പ്രത്യേക അനുമതിയുടെ മറവിലാണ്‌ ഇവിടെ മണ്ണുമാഫിയ അഴിഞ്ഞാടുന്നത്‌. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പലതും മണ്ണുമാഫിയ വില കൊടുത്ത്‌ വാങ്ങിയിട്ടിരിയ്ക്കുകയാണ്‌. ഇവിടെ നിര്‍ബാധം അനധികൃത മണ്ണെടുപ്പ്‌ നടക്കുകയും ചെയ്യുന്നു.

വനപാലക സംഘത്തെ നായാട്ടുസംഘം ആക്രമിച്ചു പരുക്കേല്‍പിച്ചു

24.02.2009
പെരുമ്പാവൂറ്‍: വനത്തില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ വനപാലക സംഘത്തെ നായാട്ടുസംഘം ആക്രമിച്ചു പരുക്കേല്‍പിച്ചു.
കോടനാട്‌ റേഞ്ച്‌ ഓഫീസര്‍ ബിജു, ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനായ ശിവ കുമാര്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ്‌ സംഭവം. പത്തുമണിയോടെ പാണ്ഡുപാറ വനത്തില്‍ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങ്‌ നടത്തുന്നതിന്നിടയില്‍ തോക്കുകളേന്തിയ നാലംഗ നായാട്ടുസംഘത്തെ കണ്ടെത്തുകയായിരുന്നു. വനപാലകസംഘത്തെ കണ്ടതോടെ ഇവര്‍ തോക്കുകള്‍ ഉപേക്ഷിച്ച്‌ ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ മഞ്ഞപ്ര ചന്ദ്രപ്പുര ചീയാടി വീട്ടില്‍ അശോക(50) നെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പാണ്ഡുപാറ മേപ്പിള്ളില്‍ വീട്ടില്‍ ജയിസണും മക്കളുമാണ്‌ മറ്റുമൂന്നുപേര്‍ എന്ന്‌ വ്യക്തമായി. ഇതേ തുടര്‍ന്ന്‌ റേഞ്ച്‌ ഓഫീസറും സംഘവും ഒരു സ്വകാര്യ വാഹനത്തില്‍ പാണ്ഡുപാറയിലെത്തി. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ജയിസണും മറ്റുചിലരും ചേര്‍ന്ന്‌ നീളമുള്ള ടോര്‍ച്ച്‌ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരുടെ തലയ്ക്ക്‌ അടിയ്ക്കുകയായിരുന്നു. ഇവരുടെ കാറും അക്രമികള്‍ തകര്‍ത്തു. അതിനു ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ലാവ്ലിന്‍ അഴിമതിയ്ക്കെതിരെ സന്ധിയില്ലാതെ പോരാടും: രമേശ്‌ ചെന്നിത്തല

22.02.2009
പെരുമ്പാവൂറ്‍: ലാവ്ലിന്‍ അഴിമതിയ്ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുമെന്ന്‌ കെ.പി.സി.സി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നിത്തല. കേരള രക്ഷാമാര്‍ച്ചിന്‌ ടൌണിലെ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കോംപ്ളക്സിനു മുന്നിലെ വേദിയില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം
ഇടതു ദുര്‍ഭരണം മൂലം കേരളത്തിലെ ജനങ്ങള്‍ തീഷ്ണമായ ജീവിത പ്രശ്നങ്ങളെയാണ്‌ അഭിമുഖീകരിയ്ക്കുന്നതെന്ന്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. നാടെങ്ങും അക്രമങ്ങളാണ്‌. ഇവ നിയന്ത്രിയ്ക്കേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചിരിയ്ക്കുന്നു. ഇതില്‍ നിന്നൊക്കെ ജനത്തെ രക്ഷിയ്ക്കുകയാണ്‌ കേരള രക്ഷാ മാര്‍ച്ചിണ്റ്റെ ലക്ഷ്യമെന്നും കെ.പി.സി സി പ്രസിഡണ്റ്റ്‌ വ്യക്തമാക്കി.
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഐ.എന്‍.ടി.യു.സി ദേശീയ വൈസ്‌ പ്രസിഡണ്റ്റ്‌ രാമചന്ദ്ര എം.പി, കെ.സുധാകരന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുരേന്ദ്രന്‍, മാന്നാര്‍ ലത്തീഫ്‌, ഹൈബി ഈഡന്‍, വി.എം സുധീരന്‍, ടി.എച്ച്‌ മുസ്തഫ, ടി.പി ഹസന്‍, ബെന്നി ബഹന്നാന്‍, വി.കെ ഐഷാബീവി ടീച്ചര്‍, സി.കെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട്‌ നാലുമണിയ്ക്ക്‌ എത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും എട്ടുമണിയോടെയാണ്‌ മാര്‍ച്ച്‌ ടൌണിലെത്തിയത്‌. അതുകൊണ്ടുതന്നെ സ്വീകരണ പരിപാടിയിലെ ജനപങ്കാളിത്തം നന്നേകുറയുകയും ചെയ്തു.

മണല്‍ കടവുകളില്‍ വ്യാപക റെയ്ഡ്‌

ഇരുപതു ലോഡ്‌ മണല്‍ പിടിച്ചു
20.2.2009
പെരുമ്പാവൂറ്‍: ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി ഇന്നലെ മണല്‍കടവുകളില്‍ വ്യാപക റെയ്ഡ്‌ നടന്നു. പരിശോധനയില്‍ ഇരുപതുലോഡ്‌ മണലും മണല്‍ കയറ്റാന്‍ ഉപയോഗിച്ച പത്തു വള്ളങ്ങളും കസ്റ്റഡിയിലെടുത്തു.
വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മുടിക്കല്‍ ഭാഗത്തെ എണ്ണാടി, പുത്തന്‍പുര, പുത്തന്‍വീട്‌, ചന്ദ്രിക എന്നി നാലു കടവുകളിലായിരുന്നു റെയ്ഡ്‌. ജില്ലാ റൂറല്‍ എസ്‌.പി പി വിജയണ്റ്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ പുലര്‍ച്ചെ നാലിന്‌ 45 പോലീസുകാര്‍ ഉള്‍പ്പട്ട സംഘമാണ്‌ റെയ്ഡ്‌ നടത്തിയത്‌. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മണല്‍ റവന്യു വകുപ്പിന്‌ കൈമാറി. ഇന്ന്‌ ലേലം നടക്കും.

കോന്നംകുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

19.2.2009
പെരുമ്പാവൂറ്‍: നഗരസഭ പതിനൊന്ന്‌, പന്ത്രണ്ട്‌ വാര്‍ഡുകളില്‍പെട്ട കോന്നന്‍കുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.
പൂര്‍ണ്ണമായി തകര്‍ന്ന റോഡ്‌ ഭാഗികമായി ടാര്‍ ചെയ്യാനുള്ള നീക്കമാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിണ്റ്റെ 200 മീറ്റര്‍ മാത്രം ടാര്‍ ചെയ്യാനുള്ള ഫണ്ടാണ്‌ അനുവദിച്ചിരുന്നത്‌. രണ്ടുവാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ക്കുകൂടി രണ്ടുലക്ഷം രൂപയായിരുന്നു ഇത്‌. ഈ തുക അപര്യാപ്തമാണെന്നും റോഡു പൂര്‍ണ്ണമായി ടാര്‍ ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. സംഭവം അറിഞ്ഞ്‌ പതിനൊന്നാം വാര്‍ഡ്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ സ്ഥലത്ത്‌ എത്തി. എന്നാല്‍ പന്ത്രണ്ടാം വാര്‍ഡ്‌ കൌണ്‍സിലര്‍ മഞ്ജു കൃഷ്ണന്‍ എത്താതിരുന്നത്‌ നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി.ഒടുവില്‍ കൌണ്‍സിലര്‍ എത്തിയെങ്കിലും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടി നല്‍കാനും കഴിഞ്ഞില്ല. വാര്‍ഡിലെ പ്രധാന റോഡായ കോന്നന്‍കുടി റോഡ്‌ വീതി കൂട്ടി പുനര്‍നിര്‍മ്മിയ്ക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. എന്നാല്‍ കാലങ്ങളായി നഗരസഭ ഇത്‌ അവഗണിയ്ക്കുകയായിരുന്നു. എത്രയും വേഗം റോഡ്‌ പൂര്‍ണമായി ഗതാഗതയോഗ്യമാക്കാമെന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്റ്റെ ഉറപ്പിന്‍മേലാണ്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചത്‌.