Tuesday, June 30, 2009

ചെയര്‍പേഴ്സണ്‍ മിനിട്സ്‌ തിരുത്തി പെരുമ്പാവൂറ്‍ നഗരസഭ കൌണ്‍സില്‍യോഗം പ്രതിപക്ഷം മുടക്കി

27.2.2009
പെരുമ്പാവൂറ്‍: ചെയര്‍പേഴ്സണ്‍ മുനിസിപ്പല്‍ മുന്‍ കൌണ്‍സില്‍ യോഗത്തിണ്റ്റെ മിനിട്സ്‌ തിരുത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം മുടക്കി. നഗരസഭയുടെ അമ്പത്തിയാറുവര്‍ഷത്തെ ചരിത്രത്തിലാദ്യമാണ്‌ ഇത്തമൊരു സംഭവമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അഡ്വ.എന്‍.സി മോഹന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഡയസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയാണ്‌ പ്രതിപക്ഷം കൌണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയത്‌. പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴും അജണ്ട അവതരിപ്പിയ്ക്കാന്‍ ചെയര്‍പേഴ്സണ്‍ ശ്രമിച്ചെങ്കിലും കൌണ്‍സില്‍ യോഗം തുടരാനായില്ല.
കഴിഞ്ഞ 18-ന്‌ ചേര്‍ന്ന കൌണ്‍സിലില്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചുമതലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയുടെ ജില്ലാ പ്രസിഡണ്റ്റായിരുന്ന എം വസന്തന്‍ എന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന അഴിമതികളെ പറ്റി പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ്‌ കൌണ്‍സിലിണ്റ്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. കെട്ടിട നിര്‍മ്മാണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ കൈമടക്ക്‌ ആവശ്യപ്പെടുന്നുവെന്നായിരുന്നു ആരോപണം. ഇതിനോട്‌ ഭരണകക്ഷി അംഗങ്ങളും സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുമായ എസ്‌. ഷറഫ്‌, പി.ഇ നസീര്‍ എന്നിവരും യോജിച്ചതോടെ ഇദ്ദേഹത്തെ ചുമലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.
എന്നാല്‍ വസന്തനു പുറമെ നാലുപേരെ കൂടി പിറ്റേ ദിവസം ചുമതലയില്‍ നിന്ന്‌ മാറ്റി. നഗരസഭ രേഖകളില്‍ നിന്ന്‌ കൌണ്‍സില്‍ തീരുമാനം വെട്ടിമാറ്റുക കൂടി ചെയ്തതോടെ ഓഫീസിലെ കേവലം ഉദ്യോഗസ്ഥ പുനസംഘടന മാത്രമായി വസന്തനെതിരെയുള്ള നടപടി മാറി. ഇങ്ങനെ തന്ത്രപൂര്‍വ്വം അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. ഇന്നലെ നിശ്ചയിച്ചിരുന്ന അജണ്ടയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തപ്പോള്‍ സെക്രട്ടറി തയ്യാറാക്കിയ മിനിട്ടസ്‌ ചെയര്‍പേഴ്സണ്‍ വെട്ടിമാറ്റിയതും വ്യക്തമായി.
ഇതേ തുടര്‍ന്നാണ്‌ പ്രതിപക്ഷ അംഗങ്ങളായ എന്‍.സി മോഹന്‍, ടി.വി പത്മനാഭന്‍, പി.കെ ബൈജു, എം.പി സദാന്ദന്‍, സാറാമ്മ സണ്ണി, രാജശ്രീ പ്രേംകുമാര്‍, മഞ്ജുകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗം നടത്താന്‍ അനുവദിയ്ക്കാത്തത്‌.

No comments: