Tuesday, June 30, 2009

ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു

25.02.2009
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 10.30-നാണ്‌ സംഭവം. പുളിയാമ്പിള്ളിയ്ക്കടുത്ത്‌ പഞ്ചായത്ത്‌ ശ്മശാനത്തിനു സമീപമാണ്‌ ഇന്നലെ മണ്ണെടുക്കാനുള്ള ശ്രമം നടന്നത്‌. ഇതിനു മുമ്പ്‌ രണ്ടുപ്രാവശ്യം ഇവിടെ മണ്ണെടുക്കാന്‍ ശ്രമം നടന്നെങ്കിലും അത്‌ നാട്ടുകാര്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു. ഇന്നലെ വീണ്ടും ഇവിടെ എത്തിയ മണ്ണെടുപ്പ്‌ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവം അറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ വെങ്ങോല വില്ലേജ്‌ ഓഫീസര്‍ സൈനബ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിയ പോലീസ്‌ മണ്ണെടുപ്പിന്‌ കൊണ്ടുവന്ന ജെ.സി.ബിയും ടിപ്പറും കസ്റ്റഡിയിലെടുത്തു.
മണ്ണെടുപ്പ്‌ നിരോധിച്ച ഗ്രാമപഞ്ചായത്താണ്‌ വെങ്ങോല. എന്നാല്‍ ഇവിടെ ഇപ്പോഴും മണ്ണുമാഫിയ സജീവമാണ്‌. വല്ലാര്‍പ്പാടത്തേയ്ക്ക്‌ മണ്ണു കൊണ്ടുപോകാനുള്ള പ്രത്യേക അനുമതിയുടെ മറവിലാണ്‌ ഇവിടെ മണ്ണുമാഫിയ അഴിഞ്ഞാടുന്നത്‌. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പലതും മണ്ണുമാഫിയ വില കൊടുത്ത്‌ വാങ്ങിയിട്ടിരിയ്ക്കുകയാണ്‌. ഇവിടെ നിര്‍ബാധം അനധികൃത മണ്ണെടുപ്പ്‌ നടക്കുകയും ചെയ്യുന്നു.

No comments: